ക്രിസ്തുമസും പുതുവർഷവും ആഘോഷകാലമാണ്. വീടുകളിലും സ്ഥാപനങ്ങളിലും കേക്ക് ഇല്ലാതെ ഈ ആഘോഷങ്ങൾ പൂർണമാകുന്നില്ല. അതിനാൽ, വീട്ടിലെ അടുക്കള തൊട്ട് നാട്ടിലെ ബേക്കറികൾ വരെ ഇതിന്റെ വിപണന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ജന്മദിനങ്ങളായാലും വിവാഹാഘോഷങ്ങളായാലും, വിജയാഘോഷങ്ങളായാലും ഇന്ന് കേക്ക് ഒഴിവാക്കാനാവാത്ത വിഭവമായി മാറിയിരിക്കുന്നു. “മധുരമില്ലാതെ ആഘോഷമില്ല” എന്ന മനോഭാവം നമ്മുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാകുമ്പോൾ, അതിന്റെ ദീർഘകാല ആരോഗ്യഫലങ്ങൾ എത്രമാത്രം അപകടകരമാണെന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. എന്നാൽ ഈ ആഘോഷകാലത്ത് കേക്കിന്റെ ഉപയോഗം വർധിക്കുമ്പോൾ, അതോന്നു കൂടി ഓർമ്മിപ്പിക്കുകയാണ്.
കേക്കിന്റെ ചെറുചരിത്രം
പുരാതന ഈജിപ്തുകാർ തേൻ ഉപയോഗിച്ച് അപ്പം പോലെ മധുരമുള്ള വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. ഇവയാണ് ഇന്നത്തെ കേക്കിന്റെ ആദിമ രൂപമെന്ന് കരുതപ്പെടുന്നത്. പിന്നീട് പുരാതന ഗ്രീസിലും റോമിലും കേക്കിനോട് സാമ്യമുള്ള മധുരവിഭവങ്ങൾ പ്രചാരത്തിലുണ്ടായി.
ഇന്നത്തെ കേക്കിന് ഏറ്റവും അടുത്ത രൂപം വികസിച്ചത് യൂറോപ്പിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലും ഫ്രാൻസിലും, മധ്യകാലഘട്ടത്തിലും വ്യവസായ വിപ്ലവാനന്തര കാലത്തുമാണ്. ഓവനുകളുടെ വികസനം, ബേക്കിംഗ് പൗഡറിന്റെ കണ്ടുപിടിത്തം, ശുദ്ധീകരിച്ച പഞ്ചസാരയുടെ ലഭ്യത എന്നിവ കേയ്ക്കിനെ കൂടുതൽ മൃദുവും രുചികരവുമാക്കി.
ഇങ്ങനെ, ഈജിപ്തിൽ ആരംഭിച്ച് യൂറോപ്പിൽ വികസിച്ച കേക്ക്, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു, വിവിധ സംസ്കാരങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായ ആഗോള വിഭവമായി മാറിയിരിക്കുന്നു.

“പോഷകദാരിദ്ര്യമുള്ള മധുരവിഭവം”
കേക്ക് ഊർജസമ്പന്നമായ ഭക്ഷണമാണെങ്കിലും, അതിൽ അടങ്ങിയിരിക്കുന്ന ഊർജത്തിന്റെ ഭൂരിഭാഗവും പഞ്ചസാരയും ശുദ്ധീകരിച്ച മാവും കൊഴുപ്പുമാണ് നൽകുന്നത്. നാരുകളും ആവശ്യമായ വിറ്റാമിനുകളും വളരെ കുറവായതിനാൽ, പോഷകശാസ്ത്രപരമായി ഇത് “പോഷകദാരിദ്ര്യമുള്ള മധുരവിഭവം” എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.
സാധാരണ കേക്ക് ഊർജസമ്പന്നമായ ഒരു ഭക്ഷണമാണ്. പക്ഷേ പോഷകദാരിദ്ര്യവുമാണ്. 100 ഗ്രാം കേക്കിൽ ശരാശരി 350 മുതൽ 450 കിലോ കലോറി വരെ ഊർജം അടങ്ങിയിരിക്കും. എന്നാൽ ഈ ഊർജത്തിന്റെ ഭൂരിഭാഗവും ശുദ്ധീകരിച്ച മാവ്, പഞ്ചസാര, കൊഴുപ്പ് എന്നിവയിൽ നിന്നാണ് ലഭിക്കുന്നത്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അളവ് വളരെ കുറവായതിനാൽ, കേക്കിനെ “പോഷകദാരിദ്ര്യമുള്ള ഊർജഭക്ഷണം” എന്ന നിലയിലാണ് പോഷകശാസ്ത്രം വിലയിരുത്തുന്നത്.
പ്രമേഹത്തിന്റെ നിഴലിലെ മധുരവിഭവങ്ങൾ
കേരളം ഇന്ന് ഇന്ത്യയിൽ തന്നെ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ പകർച്ചേതര രോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ്. ഭക്ഷണരീതികളിലെ മാറ്റവും അമിത കലോറി ഉപയോഗവും ഇതിന് പ്രധാന കാരണങ്ങളാണ്. കേക്ക് പോലുള്ള മധുരവിഭവങ്ങളുടെ അമിത ഉപയോഗം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാനും, കൊളസ്ട്രോൾ വർധിക്കാനും, അമിതവണ്ണത്തിലേക്ക് നയിക്കാനും ദീർഘകാലത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകായും ചെയ്യും. അമിതവണ്ണം രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇന്ന് കേരളത്തിൽ മൂന്നിൽ ഒരാൾക്ക് എങ്കിലും ഹൈപ്പർടെൻഷൻ ഉണ്ടെന്ന കണക്കുകൾ ഈ യാഥാർത്ഥ്യം തുറന്നുകാട്ടുന്നു.
രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർത്തുന്ന കേക്ക് പോലുള്ള മധുരവിഭവങ്ങൾ ദീർഘകാലം പതിവാക്കിയാൽ ഇൻസുലിൻ റെസിസ്റ്റൻസ് വർധിക്കുകയും, പ്രമേഹം ഉണ്ടാകുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യാം. “കേരളം ഇന്ത്യയിലെ പ്രമേഹ തലസ്ഥാനം” എന്ന വിശേഷണം യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ, ഇത്തരം ഭക്ഷണശീലങ്ങൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

കേക്കിൽ അടങ്ങിയ സാച്ചുറേറ്റഡ് കൊഴുപ്പും ചിലപ്പോൾ ട്രാൻസ് കൊഴുപ്പും രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതകൾക്ക് വഴിവെക്കുന്നു. കേരളത്തിൽ ഹൃദ്രോഗങ്ങൾ മരണകാരണങ്ങളിൽ മുൻനിരയിലാണെന്നത് നാം മറക്കരുത്.
ആഘോഷങ്ങളിൽ ചെറിയ അളവിൽ ഉപയോഗിക്കുമ്പോൾ അത് മാനസിക സന്തോഷവും സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്ന ഘടകമാകാം.
പരിഹാരം: മിതത്വവും ബോധവത്കരണവും
ആഘോഷങ്ങളുടെ ഭാഗമായി ചെറിയ അളവിൽ കേക്ക് കഴിക്കുന്നത് മാനസിക സന്തോഷത്തിനും സാമൂഹികബന്ധങ്ങൾക്കും സഹായകരമാകാം. എന്നാൽ ഇത് ദൈനംദിന ശീലമാകരുത്.
കേക്ക് പൂർണമായും നിരോധിക്കേണ്ട ഒരു ഭക്ഷണമല്ല. എന്നാൽ അത് അപൂർവമായി മാത്രം ഉപയോഗിക്കേണ്ട വിഭവമാണെന്ന ബോധം സമൂഹത്തിൽ വളർത്തേണ്ടതുണ്ട്.
മനുഷ്യരുടെ രുചിശീലങ്ങൾ ജന്മസിദ്ധമല്ല, ചെറുപ്പത്തിലെ അനുഭവത്തിലൂടെ രൂപപ്പെട്ട് ഉണ്ടാക്കുന്നതാണ്. അതിനാൽ കുട്ടികൾക്ക് കേക്ക് നൽകി രുചി ശീലപ്പെടുത്തുമ്പോൾ സ്ഥിര ഭക്ഷണ രീതിയാകാതിരിക്കാൻ ജാഗ്രത വേണ്ടതുണ്ട്.
ക്രിസ്തുമസും പുതുവർഷവും ആഘോഷിക്കുമ്പോൾ, കേക്കിന്റെ അളവിൽ മിതത്വം പാലിക്കുകയും, മുഴുവൻ ധാന്യങ്ങൾ ചേർന്നതും (Whole /Multigrain) പഴങ്ങൾ, കായ്കൾ, കുറഞ്ഞ പഞ്ചസാരയുള്ള ചേരുവകൾ തുടങ്ങിയവ അടങ്ങിയ ആരോഗ്യകരമായ വിഭവങ്ങൾക്കും പ്രാധാന്യം നൽകുകയും പ്രചരിപ്പിക്കുകയും വേണം.
അവയൊക്കെ ആഘോഷഭക്ഷണങ്ങളിലേക്കും കൊണ്ടുവരാൻ നമുക്ക് കഴിയണം.
ആഘോഷങ്ങളുടെ മധുരം നിലനിൽക്കട്ടെ; ആരോഗ്യം നഷ്ടപ്പെടാതിരിക്കട്ടെ. കേക്ക് മധുരമുള്ളൊരു വിഭവമായിരിക്കാം. എന്നാൽ, അത് ആരോഗ്യത്തിന് അത്ര മധുരമുള്ളതല്ല. ഉയർന്ന രോഗ സാധ്യതകളുള്ള സമൂഹത്തിൽ, ഭക്ഷണത്തെക്കുറിച്ചുള്ള ഓരോ തീരുമാനവും ആരോഗ്യനിക്ഷേപമാണ്. ആഘോഷങ്ങൾ കുറയരുത്; രോഗങ്ങൾ വർധിക്കാതിരിക്കട്ടെ.
