പാലക്കാട് നഗരത്തിനോടുചേർന്ന് നൂറിലധികം വീടുകൾ നിരയൊപ്പിച്ച് നിൽക്കുന്ന താരേക്കാടാണ് ഞാൻ ജനിച്ചുവളർന്ന അഗ്രഹാരം. ഏതു പാതിരാക്കും എന്തത്യാഹിതമുണ്ടായാലും ഞങ്ങൾക്ക് കയറിച്ചെല്ലാവുന്ന രക്ഷാസ്ഥാനമായിരുന്നു ഡോക്ടർ വെങ്കിടാചലയ്യരുടെ വീട്. അഗ്രഹാരത്തിൽ കാറും സ്‌കൂട്ടറും ടെലിഫോണും ഉള്ള ഏക വീടായിരുന്നു അത്. അറുപതുകളാണ് കാലം. അഗ്രഹാരത്തിനുപുറത്ത് മുസ്ലീങ്ങൾ പാർക്കുന്ന നരിക്കുത്തി, പറക്കുന്നം പിന്നെ ചെറുമത്തറ, കൊപ്പം, അയ്യപ്പുരം എന്നിവിടങ്ങളിലെയും രോഗികളുടെ കൺകണ്ട ദൈവമായിരുന്നു അദ്ദേഹം. മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കിൽ, ഫോളോ അപിന് വരാൻ പറഞ്ഞ ദിവസം തെറ്റിച്ചെങ്കിൽ ഡോക്ടർക്ക് പെട്ടെന്ന് ദ്വേഷ്യം വരും. അതിനാൽ ഈ വിഷയങ്ങളിൽ എല്ലാവരും പരമാവധി കൃത്യത പാലിച്ചു. ചിലരുടെ കയ്യിൽ ഡോക്ടർക്ക് കൊടുക്കാൻ പണമുണ്ടാവില്ല. അവർ തൊടിയിൽ വിളഞ്ഞ ഒരു കുല പഴമോ മറ്റെന്തെങ്കിലും പച്ചക്കറികളോ കൊണ്ടാവും വരിക. ഡോക്ടർക്ക് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല.
പാലക്കാട് ഗവർമ്മെണ്ട് ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. കാലത്ത് എട്ടരക്ക് ഡ്രൈവർ വരും. ആറു മുതൽ എട്ടു വരെ അദ്ദേഹം രോഗികളെ പരിശോധിക്കും. കുളി കഴിഞ്ഞാൽ വിഷ്ണുസഹസ്രനാമജപം മുടക്കാറില്ല. സമയം കിട്ടാത്ത ദിവസങ്ങളിൽ കാറിൽ ആശുപത്രിക്ക് പോകുന്ന സമയത്തായിരിക്കും ജപം. തന്റെ ചികിത്സയിലുള്ളവരുടെ രോഗവിമുക്തിക്കു വേണ്ടിക്കൂടിയാണ് മുറ തെറ്റാത്ത ഈ നാമജപമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരിക്കൽ ഓടിക്കളിക്കുന്നതിനിടെ വീണ് എന്റെ ഇടതു കൺകോണിൽ തൊലി പൊളിഞ്ഞു. രക്തപ്രവാഹം. തുന്നൽ വേണം. ടിഞ്ചർ കൊണ്ട് ഡോക്ടർ മുറിവു തുടച്ചതും വേദന സഹിക്ക വയ്യാതെ ഞാൻ വാവിട്ടു കരയാൻ തുടങ്ങി. ഡോക്ടർ ഒന്നു തുറിച്ചു നോക്കിയപ്പോൾ, പക്ഷേ, കരച്ചിൽ നിന്നു. പിന്നെ മുറിവു തുന്നിക്കെട്ടുമ്പോൾ ഉള്ളിൽ നിന്നും പൊട്ടിപ്പൊട്ടി വന്ന കരച്ചിൽ ഞാനടക്കി നിർത്തി. സ്റ്റിച്ച് അഴിക്കുമ്പോഴും കരയാതിരിക്കാൻ പാടുപെട്ടു.

1966- ലാണ് വീടിനെ മാത്രമല്ല ഗ്രാമത്തെ മുഴുവൻ നടുക്കിയ ആ സംഭവമുണ്ടായത്. എന്റെ അനുജന് ആറുമാസമാണ് അന്ന് പ്രായം. അവനെ കുളിപ്പിക്കാനുള്ള വെള്ളം സ്റ്റൗവ്വിൽ വെച്ച് അമ്മ വേപ്പില പറിക്കാൻ തൊടിയിലേക്ക് പോയി. അടുക്കളയിൽത്തന്നെ വിരിച്ച പായയിലാണ് അവന്റെ കിടത്തം. പെട്ടെന്ന് ഉറക്കമുണർന്നു. എഴുന്നേറ്റ് മുട്ടുകുത്തി നോക്കുമ്പോൾ കാണുന്നത് മഞ്ഞനാളത്തിൽ കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവ്വാണ്. മുട്ടുകുത്തി പതുക്കെ നീങ്ങി സ്റ്റൗവ്വിനടുത്ത് ചെന്ന് വെള്ളം തിളക്കുന്ന പാത്രം പിടിച്ചുവലിച്ചു. ചൂടുവെള്ളം മറിഞ്ഞു വീണത് ആറുമാസം മാത്രം പ്രായമുള്ള അവന്റെ ശരീരത്തിലേക്ക്. അലറി കരച്ചിൽ കേട്ട് തൊടിയിൽ നിന്നും ഓടിയെത്തിയ അമ്മ കാണുന്നത് തിളച്ച വെള്ളത്തിൽ കരഞ്ഞുരുളുന്ന കുഞ്ഞിനെയാണ്. ഉച്ചക്ക് മൂന്നിനും നാലിനുമിടക്കാണ് സംഭവം. ഡോക്ടർ വീട്ടിലുണ്ടായിരുന്നു. വാഴയിലയിൽ മേലാകെ വയലറ്റു മഷി പുരട്ടി കിടത്തിയ ഒരു രൂപം എനിക്കിപ്പോഴും ഓർമ്മയുണ്ട്.
മൂന്നു ദിവസം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. ഗ്രാമം ഉറങ്ങാത്ത മൂന്നു ദിവസങ്ങൾ! ഡോക്ടർ നിത്യവും വന്ന് അവന്റെ പുരോഗതി നിരീക്ഷിച്ച് മടങ്ങി. നാലാം ദിവസം അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു: ''ഗോഡ് സേവ്ഡ് ഹിം...''
അപ്പോൾ അമ്മ തൊഴുകയ്യോടെ ഡോക്ടറെ നോക്കി പറഞ്ഞു: ''നീങ്കൾ താൻ അന്ത കടവുൾ... കടവുൾ അവതാരം...''.

