ലോകത്ത് ഏറ്റവും മരണകാരണമായ പകർച്ചവ്യാധി ക്ഷയം, പ്രതിരോധിക്കുന്നു ഇന്ത്യയും കേരളവും

ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവനെടുക്കുന്ന, രോഗാണുമൂലമുള്ള പകർച്ചവ്യാധിയായി മാറിയിരിക്കുന്നു ടി.ബി. 2023-ൽ 12.5 ലക്ഷം പേരെയാണ് ടി.ബി കൊന്നൊടുക്കിയത്. രോഗികളുടെ എണ്ണക്കൂടുതലിനിടയ്ക്കും, അതിശക്തമായി പ്രതിരോധിച്ചുനിൽക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ, ഒപ്പം കേരളവും രോഗപ്രതിരോധത്തിൽ ഏറെ മുന്നേറുകയാണ്.

News Desk

‘‘ക്ഷയരോഗം മനുഷ്യരാശിയോളം പഴക്കമുള്ളതാണ്. അത് രാജാക്കന്മാരെയും രാജ്ഞികളെയും കവികളെയും രാഷ്ട്രീയക്കാരെയും വിപ്ലവകാരികളെയും എഴുത്തുകാരെയും ആക്റ്റിവിസ്റ്റുകളെയും അഭിനേതാക്കളെയുമെല്ലാം ഒരേപോലെ ബാധിച്ചിട്ടുണ്ട്. എങ്കിലും അതിന്റെ ഇരകളിലേറെയും ദരിദ്രരോ പാർശ്വവൽക്കരിക്കപ്പെട്ടവരോ പോഷകാഹാരക്കുറവുള്ളവരോ ആയിരിക്കും. ടി.ബി, പലതരം അഭാവങ്ങളുടെ രോഗമാണ്''.
-ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസ്, ഡയറക്ടർ ജനറൽ- ലോകാരോഗ്യസംഘടന, Global tuberculosis report 2024

ക്ഷയരോഗം (tuberculosis) ലോകത്തേക്ക് തിരിച്ചുവരികയാണ്, ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവനെടുക്കുന്ന, രോഗാണുമൂലമുള്ള പകർച്ചവ്യാധിയായി.
2023-ൽ ലോകത്ത് 12.5 ലക്ഷം പേരെയാണ് ടി.ബി കൊന്നൊടുക്കിയത്. അതിനുമുമ്പുള്ള മൂന്നുവർഷം ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ചവ്യാധി കോവിഡ് ആയിരുന്നു. എന്നാൽ, കഴിഞ്ഞവർഷം ടി.ബി ഈ സ്ഥാനത്തെത്തി.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ടി.ബിക്കെതിരെ പ്രതിരോധപ്രവർത്തനം തുടങ്ങിയശേഷം ഏറ്റവും കൂടുതൽ പുതിയ രോഗികളുണ്ടായ വർഷം കൂടിയാണ്, 2023.
82 ലക്ഷം പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. 2022-ൽ 75 ലക്ഷമായിരുന്നു പുതിയ രോഗികളുടെ എണ്ണം.

ഇപ്പോൾ ലോകത്ത് 1.08 കോടി ടി.ബി രോഗികളുണ്ട്. പുരുഷന്മാർ 60 ലക്ഷം, സ്ത്രീകൾ 36 ലക്ഷം, കുട്ടികൾ 13 ലക്ഷം. അതായത്, ആകെ രോഗികളുടെ 55 ശതമാനം പുരുഷന്മാർ, 33 ശതമാനം സ്ത്രീകൾ, 12 ശതമാനം കുട്ടികൾ.

2023-ൽ വിവിധ രാജ്യങ്ങളിലുള്ള ക്ഷയരോഗബാധിതരുടെ എണ്ണം കാണിക്കുന്ന ഭൂപടം (ഒരു ലക്ഷം എന്ന അടിസ്ഥാന അനുപാതക്കണക്കിലുള്ളത്). ആഗോളതലത്തിലുള്ള രോഗികളുടെ മൂന്നിൽ രണ്ടു ഭാഗവും എട്ട് രാജ്യങ്ങളിലാണുള്ളതെന്ന് ഈ ഭൂപടം കാണിക്കുന്നു. അവലംബം: Global Tuberculosis Report - 2024
2023-ൽ വിവിധ രാജ്യങ്ങളിലുള്ള ക്ഷയരോഗബാധിതരുടെ എണ്ണം കാണിക്കുന്ന ഭൂപടം (ഒരു ലക്ഷം എന്ന അടിസ്ഥാന അനുപാതക്കണക്കിലുള്ളത്). ആഗോളതലത്തിലുള്ള രോഗികളുടെ മൂന്നിൽ രണ്ടു ഭാഗവും എട്ട് രാജ്യങ്ങളിലാണുള്ളതെന്ന് ഈ ഭൂപടം കാണിക്കുന്നു. അവലംബം: Global Tuberculosis Report - 2024

ലോകാരോഗ്യസംഘടന (WHO) പ്രസിദ്ധീകരിച്ച 2024-ലെ Global Tuberculosis Report - ലാണ് ആശങ്കയുളവാക്കുന്ന വിവരങ്ങൾ. 2035-ഓടെ ആഗോളതലത്തിൽ ക്ഷയരോഗം നിർമാർജനം ചെയ്യുകയാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യം ഇപ്പോഴും വളരെ അകലെയാണ് എന്നാണ് റിപ്പോർട്ട് കാണിക്കുന്നത്.

2025 എന്ന ലക്ഷ്യം
അസാധ്യമാക്കി ഇന്ത്യ

ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ലോകത്തെ രോഗബാധിതരിൽ പകുതിയിലേറെയും.
ആകെ രോഗികളിൽ 26 ശതമാനവും ഇന്ത്യയിലാണ്. അതായത്, ലോകത്തെ നാല് ടി.ബി രോഗികളിൽ ഒരാൾ ഇന്ത്യയിൽനിന്നാണ്. ആഗോളതലത്തിലെ മരണങ്ങളുടെ 29 ശതമാനം. മരുന്നുകളോട് പ്രതിരോധിക്കുന്ന ക്ഷയരോഗമുള്ളവരുടെ (multi-drug-resistant TB MDR-TB) എണ്ണത്തിലും ഇന്ത്യ മുന്നിലാണ്.

ഇപ്പോൾ ഇന്ത്യയിൽ 28 ലക്ഷം ടി.ബി രോഗികളാണുള്ളത്. ഒരു ലക്ഷം പേരിൽ 195 പേർക്ക് ടി.ബിയുണ്ട്. ഇന്ത്യയിൽ ഒരു വർഷം 3.15 ലക്ഷം പേർ മരിക്കുന്നു.
ഇന്ത്യയിൽ പുതിയ രോഗികളിൽ പ്രമേഹമാണ് പ്രധാന വില്ലൻ. 2023-ൽ പ്രമേഹരോഗികളായ 1,03,000 പേരിലാണ് ടി.ബി റിപ്പോർട്ട് ചെയ്തത്. പുകവലിക്കാരായ 96,000 പേർക്കും എച്ച്.ഐ.വി ബാധയുള്ള 38,000 പേർക്കും ക്ഷയരോഗമുണ്ടായി. പോഷകാഹാരക്കുറവ്, പ്രമേഹം, പുകവലി, മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എച്ച്.ഐ.വി എന്നിവയാണ് ക്ഷയരോഗത്തിന്റെ പ്രധാന കാരണങ്ങൾ. ദാരിദ്ര്യം, പ്രതിശീർഷവരുമാനത്തിലെ കുറവ് എന്നീ സാമൂഹിക കാരണങ്ങളും രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടുന്നു.

ക്ഷയരോഗം മൂലം 2010- 2023 കാലത്ത് മരിച്ചവരുടെ എണ്ണം കാണിക്കുന്ന ഗ്രാഫ്. അവലംബം: Global Tuberculosis Report - 2024
ക്ഷയരോഗം മൂലം 2010- 2023 കാലത്ത് മരിച്ചവരുടെ എണ്ണം കാണിക്കുന്ന ഗ്രാഫ്. അവലംബം: Global Tuberculosis Report - 2024

2025-ഓടെ രാജ്യത്തുനിന്ന് ടി.ബി നിർമാർജനം ചെയ്യാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ​അപ്രാപ്യമാക്കുന്നതാണ് ഈ കണക്കുകൾ. രോഗതീവ്രത കൂടിയ രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് 2025 ലക്ഷ്യമായി നിശ്ചയിച്ചിട്ടുള്ളൂ. കഴിഞ്ഞവർഷം വാരാണാസിയിൽ നടന്ന പൊതുറാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2025-ഓടെ ഇന്ത്യ ക്ഷയരോഗമുക്തമാകുമെന്ന് പ്രഖ്യാപിച്ചത്.

എങ്കിലും പൊരുതുന്നു, ഇന്ത്യ

രോഗികളുടെ എണ്ണക്കൂടുതലിനിടയ്ക്കും, ക്ഷയരോഗത്തെ അതിശക്തമായി പ്രതിരോധിച്ചുനിൽക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. രാജ്യത്തെ രോഗികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് അൽപം കുറവുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും കൂടി. ഇത് രോഗനിർണയവുമായി ബന്ധപ്പെട്ട് അനുകൂല ഘടകമാണ്. മാത്രമല്ല, ടി.ബി രോഗികളുമായി ബന്ധപ്പെടുന്നവർക്കുള്ള പ്രതിരോധ ചികിത്സ ലഭ്യമാകുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർധനവുണ്ട്. 2023-ൽ 12.2 ലക്ഷം പേർക്കാണ് പ്രതിരോധ ചികിത്സ ലഭ്യമാക്കിയത്. 2021-ൽ ഇത് 4.2 ലക്ഷമായിരുന്നു.

2023-ൽ ഇന്ത്യയിലുണ്ടായിരുന്ന 27 ലക്ഷം രോഗികളിൽ 25.1 ലക്ഷം പേരിലും രോഗനിർണയം നടത്താനും ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞു. അതായത്, രോഗനിർണയം, ചികിത്സ എന്നിവയുടെ കാര്യത്തിൽ 2015-ലെ 72 ശതമാനത്തിൽനിന്ന് 2023-ൽ 89 ശതമാനത്തിലേക്കാണ് വളർച്ച. ഇത്, രോഗനിയന്ത്രണത്തിൽ ഏറെ പ്രധാനപ്പെട്ട നേട്ടമാണ്. മരണനിരക്ക് 2015-ൽനിന്ന് 24 ശതമാനമായി കുറയ്ക്കാനുമായി.

ഇന്ത്യയിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗമായി (നോട്ടിഫൈബിൾ) പ്രഖ്യാപിച്ചത് 2012-ലാണ്.

ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണമായ രോഗങ്ങളുടെ 2021-ലെ പട്ടിക. 2023-ൽ പകർച്ചവ്യാധികളിൽ ക്ഷയരോഗം കോവിഡിനെയും കടന്ന് മുന്നിലെത്തി. അവലംബം: Global Tuberculosis Report - 2024.
ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണമായ രോഗങ്ങളുടെ 2021-ലെ പട്ടിക. 2023-ൽ പകർച്ചവ്യാധികളിൽ ക്ഷയരോഗം കോവിഡിനെയും കടന്ന് മുന്നിലെത്തി. അവലംബം: Global Tuberculosis Report - 2024.

പ്രതിരോധിച്ച് കേരളവും

കേരളത്തിൽ 21,941 ടി.ബി രോഗികളുണ്ട്. 2022-ൽ 23,388 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021-ലേതിലേക്കാൾ ഇത് ആറു ശതമാനം കൂടുതലായിരുന്നു 2022-ലെ എണ്ണം. കഴിഞ്ഞവർഷത്തിൽ അൽപം കുറവുണ്ടായി. 2024 ജൂണ്‍ വരെ 10,121 പേര്‍ക്ക് ക്ഷയരോഗം ബാധിച്ചതായാണ് റിപ്പോർട്ട്.
2023-ല്‍ കേരളത്തില്‍ ക്ഷയരോഗം ബാധിച്ച് 1070 പേരുടെ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത മരണങ്ങള്‍ക്കുപുറമേയാണിത്. 2021- ൽ കേരളത്തിൽ 1800 പേരാണ് മരിച്ചത്. 2020-നുമുമ്പ് കേരളത്തില്‍ വര്‍ഷം ശരാശരി 15000- 18000 രോഗികളെയാണ് കണ്ടെത്തിയിരുന്നത്. 2017 വരെ മരണം ശരാശരി 1500 ആയിരുന്നു. എന്നാല്‍, 2021-നുശേഷം രോഗികളുടെ എണ്ണം 20,000 കവിഞ്ഞു, മരണത്തിലും വർധനയുണ്ടായി.
മരുന്നുകളെ പ്രതിരോധിക്കുന്ന ടി.ബി കേരളത്തെ സംബന്ധിച്ച് വലിയ ആശങ്കയായി വളർന്നിട്ടില്ല, ഒരു വർഷം ഏതാണ്ട് 300 കേസുകളേ ഡ്രഗ് റസിസ്റ്റന്റ് ടി.ബിയാകുന്നുള്ളൂ.

ടി.ബി പ്രതിരോധത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കുറവ് ടി.ബി റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. 2015-നെ അപേക്ഷിച്ച് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം കുറവുണ്ടായി. 2022-ൽ ദേശീയ തലത്തിൽ കേരളത്തിന് സിൽവർ മെഡൽ ലഭിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ദേശീയ ടി.ബി സർവേയിൽ, രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഒരു ലക്ഷം പേരിൽ 70 പേർക്കാണ് കേരളത്തിൽ രോഗം ബാധിക്കുന്നത്. എന്നാൽ, ദേശീയ തലത്തിൽ ഇത് 199 പേരും ആഗോളതലത്തിൽ 133 പേരുമാണ്. കേരളത്തിൽ ഒരു ലക്ഷത്തിൽ ഏഴു പേരാണ് മരിക്കുന്നത്. രാജ്യത്ത് 34 പേരും ലോകത്ത് 18 പേരും മരിക്കുന്നു. കേരളത്തിൽ 83 ശതമാനം ഗ്രാമപഞ്ചായത്തുകളിലും ടി.ബി എലിമിനേഷൻ ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഇതേതുടർന്ന് കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിക്കാനായി.
കേരളത്തിൽ, പി.എച്ച്.സി തലം മുതലുള്ള പബ്ലിക് ഹെൽത്ത് സിസ്റ്റവുമായി സംയോജിപ്പിച്ചാണ് ടി.ബി നിയന്ത്രണ പരിപാടികൾ നടപ്പാക്കുന്നത് എന്നതിനാലാണ്, ഇത്ര മുന്നേറ്റമുണ്ടാക്കാനാകുന്നത്.

കേരളത്തിലെ പ്രധാന വെല്ലുവിളികളിൽ ഒന്ന് പ്രമേഹരോഗമാണ്. കേരളത്തിൽ പ്രമേഹനിരക്ക് 23 ശതമാനമാണ്. പ്രമേഹരോഗികളിൽ ക്ഷയരോഗസാധ്യത ഇരട്ടിയാണ്. 2020-ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ഷയരോഗികളിൽ 90 ശതമാനം പേരും പ്രമേഹമുള്ളവരായിരുന്നു. ഇത് കണക്കിലെടുത്ത് പ്രമേഹവുമായി ബന്ധപ്പെട്ട് പ്രൈമറി ഹെൽത്ത് സെന്ററുകളിലെ എൻ.സി.ഡി ക്ലിനിക്കുകളിൽ വരുന്ന എല്ലാവരെയും ടി.ബിയുടെ ലക്ഷണങ്ങൾക്കുവേണ്ടി സ്‌ക്രീൻ ചെയ്യണം എന്ന് നിർദേശമുണ്ടെങ്കിലും ഇത് ഫലപ്രദമായി നടക്കുന്നില്ല.

ടി.ബി പ്രതിരോധത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ, കേരളത്തിൽ ക്ഷയരോഗവ്യാപനം കുറവാണ്.
ടി.ബി പ്രതിരോധത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ, കേരളത്തിൽ ക്ഷയരോഗവ്യാപനം കുറവാണ്.

ചികിത്സ വിജയകരം

ആഗോളതലത്തിൽ, ചികിത്സയുടെ വിജയനിരക്ക് ഇപ്പോഴും ഉയർന്നുനിൽക്കുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഘടകമാണ്. രോഗം ബാധിച്ചവരിൽ 88 ശതമാനം പേർക്കും ചികിത്സ ഫലപ്രദമാണ്. മരുന്നുകളെ പ്രതിരോധിക്കുന്ന രോഗമുള്ളവരിൽ 68 ശതമാനത്തിനും ചികിത്സ ഫലിക്കുന്നുണ്ട്. 2000 മുതലുള്ള പ്രതിരോധ നടപടികളിലൂടെ 7.9 കോടി പേരുടെ ജീവൻ രക്ഷിക്കാനായി.

കോവിഡ് തീവ്രമായിരുന്ന സമയത്ത് ടി.ബി വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, കോവിഡ് നിരക്ക് കുറയുകയും അത് സ്ഥിരമാക്കപ്പെടുകയും ചെയ്തതോടെയാണ് ടി.ബി നിരക്ക് കൂടാൻ തുടങ്ങിയത്. ആഗോള കണക്കെടുത്താൽ, 2022-ൽ 1.04 കോടി രോഗികളിൽനിന്ന് 2023-ൽ 1.07 കോടിയിലേക്ക് ചെറിയ വർധനവേയുണ്ടായിട്ടുള്ളൂ എങ്കിലും, അത് ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു. കാരണം, പുതുതായി രോഗമുണ്ടായവരുടെ എണ്ണത്തിൽ, കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഗണ്യമായ വർധനവാണുള്ളത്.
2023-ൽ 82 ലക്ഷം പേർക്ക് പുതുതായി രോഗമുണ്ടായി. 2022-ൽ 75 ലക്ഷവും 2019-ൽ 71 ലക്ഷവുമായിരുന്നു ഇത്. 2020 (58 ലക്ഷം), 2021 (64 ലക്ഷം) എന്നീ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു വർഷങ്ങളിലെ വർധനവ് ഏറെ ഉയർന്നതാണ്. 2022, 2023 വർഷങ്ങളിലുള്ളവരുടെ എണ്ണം, മുൻവർഷങ്ങളിലുള്ളതുകൂടി ഉൾപ്പെട്ടതാണ്. കോവിഡ് മൂലം മുൻവർഷങ്ങളിൽ ചികിത്സ വൈകിയവരാണിവർ.

2023-ൽ ഒരു ലക്ഷം പേരിൽ 134 പേർക്ക് പുതുതായി രോഗമുണ്ടായി. 2022-നെ അപേക്ഷിച്ച് (129) ഇതും നേരിയ വർധനവാണ്, 0.2 ശതമാനം.

ഓരോ വർഷവും, ടി.ബി ഭീഷണി ഏറ്റവും തീവ്രമായ 30 രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണവും കൂടിവരുന്നത്. അതായത്, ആഗോളതലത്തിൽ 87 ശതമാനം രോഗികളും ഈ രാജ്യങ്ങളിലാണ്. അതിൽ ഇന്ത്യയാണ് 26 ശതമാനം രോഗികളോടെ മുന്നിൽ. ഇന്ത്യാനേഷ്യ- 10%, ചൈന- 6.8%, ഫിലിപ്പീൻസ്- 6.8%, പാക്കിസ്ഥാൻ- 6.3% വീതമാണ് രോഗികളുടെ എണ്ണം.

കോവിഡ് തീവ്രമായിരുന്ന സമയത്ത് ടി.ബി വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, കോവിഡ് നിരക്ക് കുറയുകയും അത് സ്ഥിരമാക്കപ്പെടുകയും ചെയ്തതോടെയാണ് ടി.ബി നിരക്ക് കൂടാൻ തുടങ്ങിയത്.
കോവിഡ് തീവ്രമായിരുന്ന സമയത്ത് ടി.ബി വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, കോവിഡ് നിരക്ക് കുറയുകയും അത് സ്ഥിരമാക്കപ്പെടുകയും ചെയ്തതോടെയാണ് ടി.ബി നിരക്ക് കൂടാൻ തുടങ്ങിയത്.

കൂടുതൽ രോഗികൾ
തെക്ക് കിഴക്ക് ഏഷ്യയിൽ

മേഖലാതലത്തിലുള്ള രോഗികളുടെ ശതമാനം:

തെക്ക് കിഴക്ക് ഏഷ്യ: 45%
ആഫ്രിക്ക: 24%
പടിഞ്ഞാറൻ പസഫിക്ക്: 17%
കിഴക്കൻ മെഡിറ്ററേനിയൻ: 8.6%
അമേരിക്കാസ്: 3.2%
യൂറോപ്പ്: 2.1%.

അമേരിക്ക, പടിഞ്ഞാറൻ പസഫിക് മേഖലകളിലാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതൽ. രണ്ടു വർഷത്തെ വർധനവിനുശേഷം കിഴക്കൻ മെഡിറ്ററേനിയൻ, തെക്ക്- കിഴക്ക് ഏഷ്യ മേഖലകളിൽ ഈ നിരക്ക് കുറഞ്ഞു. മറ്റ് മേഖലകളെ അപേക്ഷിച്ച് ആഫ്രിക്കൻ മേഖലയിൽ ഓരോ വർഷവും പുതിയ രോഗികളുടെ എണ്ണത്തിൽ കുറവാണ് കാണിക്കുന്നത്.

കുറയുന്നു, മരണം

ടി.ബി മരണങ്ങളുടെ എണ്ണം 2023-ൽ കുറഞ്ഞതായി Global Tuberculosis Report- 2024 പറയുന്നു. 2020, 2021 വർഷങ്ങളിൽ കൂടിയ മരണനിരക്കിനുശേഷം, മരണനിരക്ക് കുറയുന്ന വർഷം കൂടിയാണ് 2023. എങ്കിലും ഇത് ആശ്വസിപ്പിക്കുന്ന കണക്കല്ല. കാരണം, ഏറ്റവും കൂടുതൽ പേർ മരിക്കുന്ന പകർച്ചവ്യാധിയായി, കോവിഡിനെ മറികടന്ന് ടി.ബി മാറി.

രോഗവ്യാപനനിരക്കും ആശങ്കയുണ്ടാക്കുന്നതാണ്. 2015-2023 കാലത്ത് വെറും 8.3 ശതമാനത്തിന്റെ കുറവേ രോഗവ്യാപനത്തിൽ വരുത്താനായിട്ടുള്ളൂ. ലോകവ്യാപകമായി അതിശക്തമായ പ്രതിരോധ പ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ ഇത് നേരിയ കുറവാണ്. മാത്രമല്ല, 2025-ൽ 50 ശതമാനം കുറവാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. അത് ഏതാണ്ട് അസാധ്യമായ ലക്ഷ്യമായി തുടരും.

രോഗനിയന്ത്രണം, മരണനിരക്ക് കുറയ്ക്കൽ എന്നിവയിൽ ആഫ്രിക്കൻ, യൂറോപ്യൻ മേഖല നേട്ടമുണ്ടാക്കി. ആഫ്രിക്കൻ- യൂറോപ്യൻ മേഖലയാണ് രോഗനിരക്കിലെ കുറവിൽ നേട്ടമുണ്ടാക്കിയത്- യഥാക്രമം 24, 27 ശതമാനം വീതം. 79 രാജ്യങ്ങളിൽ 20 ശതമാനം കുറവ് വരുത്താനായി.

കേരളത്തിൽ, പി.എച്ച്.സി തലം മുതലുള്ള പബ്ലിക് ഹെൽത്ത് സിസ്റ്റവുമായി സംയോജിപ്പിച്ചാണ് ടി.ബി നിയന്ത്രണ പരിപാടികൾ നടപ്പാക്കുന്നത് എന്നതിനാലാണ്, ഇത്ര മുന്നേറ്റമുണ്ടാക്കാനാകുന്നത്.
കേരളത്തിൽ, പി.എച്ച്.സി തലം മുതലുള്ള പബ്ലിക് ഹെൽത്ത് സിസ്റ്റവുമായി സംയോജിപ്പിച്ചാണ് ടി.ബി നിയന്ത്രണ പരിപാടികൾ നടപ്പാക്കുന്നത് എന്നതിനാലാണ്, ഇത്ര മുന്നേറ്റമുണ്ടാക്കാനാകുന്നത്.

മരുന്നിനെ പ്രതിരോധിക്കുന്ന ടി.ബി,
വലിയ പ്രതിസന്ധി

മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗമാണ് (multidrug-resistant or rifampicin-resistante TB -MDR/RR-TB) ഇപ്പോഴത്തെ പ്രധാന ഭീഷണികളിൽ ഒന്ന്. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗത്തെ മൾട്ടിപ്പിൾ ഡ്രഗ് റസിസ്റ്റന്റ് ട്യൂബർക്കുലോസിസ് (Mulitple Drug Resiastnt TB- MDRTB) എന്നു വിളിക്കുന്നു.
ആദ്യ ഘട്ടത്തിൽ നൽകുന്ന ഏറ്റവും ഫലപ്രദമായ മരുന്നായ റിഫാമ്പിസിനോടുള്ള പ്രതിരോധമാണ് (RR TB) ഇതിൽ ഏറ്റവും ഗുരുതരം. രണ്ടാം ഘട്ടത്തിൽനൽകുന്ന റിഫാമ്പിസിൻ, ഐസോനിയാസിഡ് മരുന്നുകളോടുള്ള പ്രതിരോധവും (multidrug-resistant TB- MDR-TB) വലിയ ഭീഷണിയാണ്. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളിൽ അഞ്ചു ശതമാനത്തോളം പേർക്കും Mulitple Drug Resiastnt TB- MDRTB- ആണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലാണ്. ഇത്തരം രോഗികളിൽ 25 ശതമാനം പേർക്കുമാത്രമാണ് കൃത്യമായ രോഗനിർണയവും ചികിത്സയും ലഭിക്കുന്നുള്ളൂ.
2023-ൽ 1,75,923 പേരിലാണ് ഈ രണ്ട് വിഭാഗങ്ങളിലും രോഗം കണ്ടെത്തിയത്.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ടി.ബിയാണ് മറ്റൊരു പുതിയ ഭീഷണി. മനുഷ്യരിലെ ക്ഷയരോഗത്തിന്റെ പ്രധാന കാരണം മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ്. ഇതോടൊപ്പം മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ മൂലം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന ക്ഷയരോഗം- Bovine TB- മറ്റൊരു ഭീഷണിയാണ്. ആകെ ക്ഷയരോഗികളുടെ 10 ശതമാനം ഇത്തരം രോഗമാണ്. കന്നുകാലികളാണ് പ്രധാന രോഗവാഹകർ. നായ്ക്കൾ, പന്നികൾ തുടങ്ങിയ സസ്തനികളിലും രോഗം കാണാറുണ്ട്. വയനാട്ടിലെ മുത്തങ്ങ കാടുകളിലെ ആനകളിൽ 2019-ൽ ക്ഷയരോഗം കണ്ടെത്തിയിരുന്നു. ചരിഞ്ഞ മൂന്ന് കാട്ടാനകളുടെ പോസ്റ്റുമോർട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ട്യൂബർകുലിൻ സ്‌കിൻ ടെസ്റ്റ്, കൾചർ പരിശോധന എന്നിവയാണ് മൃഗങ്ങളിലെ രോഗം കണ്ടെത്താനുള്ള മാർഗങ്ങൾ.

2022ൽ തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് 64 മൃഗങ്ങൾ മരിച്ചതായി മൃഗസംരക്ഷണവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ 37 എണ്ണം കൃഷ്ണമൃഗങ്ങളാണ്. നിലവിലുള്ള പരിശോധനകൾ മൈക്കോബാക്ടീരിയം ബോവിസ് ആണോ രോഗകാരണമെന്ന് തിരിച്ചറിയാൻ പര്യാപ്തമല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സാധാരണ കഫം പരിശോധനയിലൂടെ ഏതിനം ടി.ബിയാണ് എന്ന് അറിയാനാകില്ല.

പരിശോധനാഫലത്തിന് എട്ടാഴ്ചയെടുക്കുമെന്നതിനാൽ കന്നുകാലികളിൽ പതിവായി പരിശോധന നടത്തുന്നത് പ്രായോഗികമല്ല. അതുകൊണ്ട്, പൊതുജനാരോഗ്യവിദഗ്ധരും മൃഗസംരക്ഷണ വകുപ്പും അനുബന്ധ ആരോഗ്യസംവിധാനങ്ങളും ഒത്തുചേർന്നുള്ള ഏകാരോഗ്യം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പരിപാടി അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.

ടി.ബിയുടെ സാമൂഹികശാസ്ത്രം

ക്ഷയരോഗ നിയന്ത്രണം സാമൂഹികമായും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, പ്രതിശീർഷവരുമാനത്തിലെ കുറവ് തുടങ്ങിയ സാമൂഹിക ഘടകങ്ങൾ രൂക്ഷമാക്കുന്ന സാഹചര്യം ആഗോളതലത്തിൽ വ്യാപകമാകുന്നത്, ക്ഷയരോഗവ്യാപനത്തിനും ഉത്തേജനം നൽകുന്നു.

ടി.ബിയുടെ ചികിത്സക്ക് ഒരു കുടുംബത്തിന് ചെലവഴിക്കേണ്ടിവരുന്ന പണത്തിന്റെ അളവ് ഒരു പ്രധാന ഘടകമാണ്. നിലവിൽ ഒരു കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെ 20 ശതമാനമാണ് ചെലവഴിക്കേണ്ടിവരുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അതുകൊണ്ടുതന്നെ, ദരിദ്ര- മധ്യവർഗ കുടുംബങ്ങൾ രോഗനിർണയം, ചികിത്സ എന്നിവയോട് മുഖംതിരിക്കുന്നു. ഇതാണ് ക്ഷയരോഗം കണ്ടെത്തുന്നത്തിലെ പ്രധാന പ്രതിബന്ധം.

ഇന്ത്യയിൽ ക്ഷയരോഗ ചികിത്സ പൂർണമായും സൗജന്യമാണെങ്കിലും, ടി.ബി രോഗികളുള്ള കുടുംബങ്ങളിൽ 20 ശതമാനവും ചികിത്സയുമായി ബന്ധപ്പെട്ട പലതരം ചെലവുകൾ ഏറ്റെടുക്കേണ്ടിവരുന്നുണ്ട്.  / Photo: ADB
ഇന്ത്യയിൽ ക്ഷയരോഗ ചികിത്സ പൂർണമായും സൗജന്യമാണെങ്കിലും, ടി.ബി രോഗികളുള്ള കുടുംബങ്ങളിൽ 20 ശതമാനവും ചികിത്സയുമായി ബന്ധപ്പെട്ട പലതരം ചെലവുകൾ ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. / Photo: ADB

ക്ഷയരോഗനിർമാർജനത്തിലെ വലിയ പ്രതിബന്ധങ്ങളിൽ ഒന്ന്, രോഗികളെ കണ്ടെത്താനാകുന്നില്ല എന്നതാണ്. ഒന്നുകിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, അല്ലെങ്കിൽ രോഗനിർണയം നടത്താനാകുന്നില്ല. ഇതിന്റെ കാരണം, കുടുംബങ്ങൾ ഏറ്റെടുക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യത തന്നെ.

ഇന്ത്യയിൽ ക്ഷയരോഗ ചികിത്സ പൂർണമായും സൗജന്യമാണെങ്കിലും, ടി.ബി രോഗികളുള്ള കുടുംബങ്ങളിൽ 20 ശതമാനവും ചികിത്സയുമായി ബന്ധപ്പെട്ട പലതരം ചെലവുകൾ ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. ആഗോളതലത്തിൽ ഇത്തരം ചെലവുകൾ ഏറ്റെടുക്കേണ്ടിവരുന്ന കുടുംബങ്ങൾ 49 ശതമാനമാണ്. ഇത്തരം കുടുംബങ്ങളുടെ എണ്ണം 2020-ഓടെ പൂർണമായും ഇല്ലാതാക്കുകയായിരുന്നു ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്തുകയും കൂടുതൽ ഫണ്ട് ലഭ്യമാക്കുകയുമാണ് ഇതിന് പരിഹാരം. ഇപ്പോൾ രോഗ പ്രതിരോധ- നിയന്ത്രണ പദ്ധതികൾക്കായി ലക്ഷ്യമിട്ടതിന്റെ 26 ശതമാനം ഫണ്ട് മാത്രമാണ് സമാഹരിക്കാനായത്.

കുറഞ്ഞുവരുന്ന ഫണ്ടിംഗ്

ടി.ബി നിയന്ത്രണത്തിലെ പ്രധാന ഘടകങ്ങളിലൊന്ന് പ്രതിരോധത്തിനും രോഗനിർണയത്തിനും ചികിത്സക്കും ആവശ്യമായ ഫണ്ടിങ്ങാണ്. 2019-മുതൽ ആവശ്യമുള്ള ഫണ്ടിംഗ് കുറഞ്ഞുവരികയാണ്. ആഗോള ഫണ്ടുകൾക്കുപുറമേ, ആഭ്യന്തര ഫണ്ടും ക്ഷയരോഗവ്യാപനം നിയന്ത്രിക്കാൻ ചെലവഴിക്കപ്പെടുന്നുണ്ട്.

ഓരോ വർഷവും പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ 99 ശതമാനവും താഴ്ന്ന -ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. 2023-ൽ, ഇത്തരം രാജ്യങ്ങൾക്ക് ലഭിച്ചത് 48,000 കോടി രൂപയോളമാണ്. 2019-ൽ ഇത് 57,000 കോടി രൂപയായിരുന്നു. 2023-ൽ ഈ രാജ്യങ്ങൾക്ക് ലഭിച്ച ഫണ്ടിന്റെ 80 ശതമാനവും ആഭ്യന്തരമായി സമഹാരിച്ചതാണ്. ഇന്ത്യ, ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളിൽ ആഭ്യന്തര ഫണ്ട് കുറഞ്ഞുവരികയുമാണ്. അന്താരാഷ്ട്ര ഡോണർ ഫണ്ടിംഗ് ഇത്തരം രാജ്യങ്ങളെ സംബന്ധിച്ച് നിർണായകമാണ്. ഇത്, ആഗോളതലത്തിൽ ആകെ ഫണ്ടിന്റെ പകുതിയോളമേ വരൂ. അതായത്, ആഭ്യന്തരമായി ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിയിലാണ് ഭൂരിപക്ഷം രാജ്യങ്ങളും. ഫണ്ടിംഗിലെ കുറവ് ചികിത്സ- പ്രതിരോധ പ്രവർത്തനങ്ങളെ മാത്രമല്ല, പുതിയ മരുന്നുകളുടെയും വാക്സിനുകളുടെയും ഗവേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നു. പുതിയ ആറ് ടി.ബി വാക്‌സിനുകൾ മൂന്നാം ഘട്ട ട്രയലിലാണ്. അഞ്ചു വർഷത്തിനകം ഇവ ലഭ്യമാക്കുകയാണ് ലക്ഷ്യം.

​WHO ലക്ഷ്യങ്ങൾ

  • എല്ലാ രോഗികൾക്കും സമഗ്ര ആരോഗ്യ സുരക്ഷയാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. പ്രത്യേകിച്ച് അതീവ ദുർബല വിഭാഗക്കാർക്ക്- എച്ച്.ഐ.വി ബാധയുള്ളവർ, അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ, കുടിയേറ്റക്കാർ, അഭയാർഥികൾ, ഗർഭിണികൾ തുടങ്ങിയവർ.

  • മരുന്നുകളെ പ്രതിരോധിക്കുന്ന ടി.ബിയെ നേരിടുക.

  • പൗരസമൂഹങ്ങളും ടി.ബി ബാധിതരായ വിവിധ സാമൂഹിക വിഭാഗങ്ങളും തമ്മിലുള്ള വിനിമയം ശക്തമാക്കുക.

  • ടി.ബിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ശക്തമാക്കുക.

  • ചെലവു കുറഞ്ഞ മരുന്നുകൾ പ്രമോട്ട് ചെയ്യുക.

  • രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ഓരോ വർഷവും കുറഞ്ഞുവരികയാണ്.

ധൈര്യമായി നേരിടാം

ക്ഷയരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. മരുന്ന് കഴിച്ചുതുടങ്ങി രണ്ടാഴ്ച കഴിഞ്ഞാൽ രോഗം പടരില്ല. മരുന്ന് പൂർത്തിയാക്കിയാൽ പൂർണമായും രോഗവിമുക്തിയുണ്ടാകും. വീട്ടിലിരുന്നുതന്നെ മരുന്ന് കഴിക്കാം. സാധാരണ ജീവിതം നയിക്കാം, ജോലിക്കും മറ്റും തടസമില്ല. കഠിനാധ്വാനമുള്ളവർക്കുമാത്രമാണ്, നെഞ്ചിന് പ്രശ്നമുണ്ടെങ്കിൽ അൽപസമയം വിശ്രമമെടുക്കണം എന്നു പറയുന്നത്. ഡോക്ടറുടെ നിർദേശ പ്രകാരം ബാക്കിയുള്ളവർക്ക് മാസ്‌കു ധരിച്ച് ജോലി ചെയ്യാം. ക്ഷയരോഗത്തിന് പ്രതിരോധ ചികിത്സയുമുണ്ട്. രോഗം വന്ന വ്യക്തിയുടെ വീട്ടിലുള്ളവർ, അദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ള വ്യക്തികൾ എന്നിവരിൽ പരിശോധന നടത്തി രോഗമില്ല എന്നുറപ്പുവരുത്തും. ഇവർക്ക് മൂന്നുമാസം കഴിക്കേണ്ട പ്രതിരോധമരുന്നുണ്ട്. അതുകൂടി കഴിഞ്ഞാൽ സുരക്ഷിതത്വം ഉറപ്പുവരുത്താം.


Summary: How India is tackling TB through innovative programs, public awareness, and collaboration with WHO to achieve elimination goals.


Comments