കെ. കണ്ണൻ: ‘കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്ക് പരമാവധി ചെയ്യുന്നുണ്ട്, എത്ര കിട്ടിയാലും മതിയാകില്ല ചിലർക്ക്’ എന്ന്, എൻഡോസൾഫാൻ ബാധിതരും അവരുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരുമായ സകല മനുഷ്യരെയും ആക്ഷേപിച്ച് ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. കേരളീയ പൊതുസമൂഹത്തിനുമുന്നിലുള്ള ഗൗരവകരമായ ഒരു പ്രശ്‌നത്തെയും അതിന്റെ പരിഹാരത്തിനുവേണ്ടിയുള്ള നടപടികളെയും ഭരണകൂടത്തിന്റെ ഒരു പ്രതിനിധി ഔദാര്യമായാണ് കാണുന്നത്. എൻഡോസൾഫാൻ ബാധിതനായ പത്തുവയസ്സുകാരന്റെ അമ്മ എന്ന നിലയ്ക്ക് എം.എൽ.എയുടെ ഈ പരാമർശം എന്തുവികാരമാണുണ്ടാക്കിയത്?
അരുണി ചന്ദ്രൻ കാടകം: എം.എൽ.എ പറഞ്ഞത് തെറ്റാണ്, അത് ഞങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. എത്രയോ കഠിനമായ അനുഭവങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പത്തു വയസ്സുള്ള എന്റെ മകന്റെ ചികിത്സക്ക് ഞങ്ങൾ പോയിരുന്നത് മംഗലാപുരത്തേക്കായിരുന്നു. ഞാൻ ഒറ്റക്ക് മകനെയും കൊണ്ട് പോയിട്ടുണ്ട്, നിസ്സഹായത കൊണ്ട്. കാരണം, ഭർത്താവ് കൂലിപ്പണിയെടുക്കുന്നയാളാണ്, അതുകൊണ്ട് ഒറ്റക്ക് പോകേണ്ടിവരും. ഒരു പരിധി വരെയേ എല്ലാവർക്കും സഹായിക്കാൻ പറ്റുകയുള്ളൂ. മംഗലാപുരത്തെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു തുടക്കത്തിൽ പോയത്. അവിടെ നല്ല സൗകര്യങ്ങളുണ്ടായിരുന്നു. പിന്നീട് ബില്ല് ഒരു പ്രശ്‌നമായി വന്നപ്പോൾ, ഫാദർ മുള്ളർ ആശുപത്രിയിലേക്കു മാറി. അവിടെ കാർഡുണ്ടായിരുന്നു. അതുകൊണ്ടാണ്, ആദ്യ സർജറി കഴിഞ്ഞത്. അന്ന് മകൻ ലിസ്റ്റിലുൾപ്പെട്ടിരുന്നില്ല. 2015ഓടെയാണ് ലിസ്റ്റിൽ വരുന്നത്. സൗജന്യ ചികിത്സ വരുന്നതും മംഗലാപുരം കെ.എം.സിയിലേക്കാണ്. പിന്നീടുള്ള സർജറിയൊക്കെ അവിടെയാണ് നടന്നത്.
പൊതുസമൂഹത്തിൽനിന്നും ഞങ്ങൾ ഇത്തരം ആക്ഷേപങ്ങൾ കേൾക്കാറുണ്ട്. എന്നോടുതന്നെ ചിലർ പറഞ്ഞിട്ടുണ്ട്, നാടൻ ഭാഷയിൽ. അടുപ്പിൽ ചേര ഉറങ്ങിയാലും പത്രാസിനൊന്നും കുറവില്ല എന്ന്. പക്ഷെ, അങ്ങനെയല്ല ഞങ്ങൾ ജീവിക്കുന്നത്.
നിരന്തരമുള്ള മംഗലാപുരം യാത്രകൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. ചില കുട്ടികൾക്ക് വീൽചെയറിലിരിക്കാൻ പറ്റില്ല. ആംബലുൻസായിരിക്കും യാത്രക്ക്വിട്ടുതരിക. കുഞ്ഞുങ്ങളെയും കൊണ്ട് ആംബുലൻസിൽ മംഗലാപുരത്തേക്കും മണിപ്പാലിലേക്കും പോകാൻ വളരെ ബുദ്ധിമുട്ടാണ്. മുളിയാർ പഞ്ചായത്തിലുള്ള എന്റെ വീട്ടിൽനിന്ന് രണ്ടു മണിക്കൂറാണ് യാത്ര. ഞാൻ ഒരു തവണ മാത്രമേ ആംബുലൻസിൽ പോയിട്ടുള്ളൂ. പിന്നീട് ട്രെയിനിലാണ് പോയിരുന്നത്. പിന്നെ, മംഗലാപുരത്തേക്ക് പോകുന്നത് കുറച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചെറിയ അസുഖങ്ങൾക്ക് പോകുന്നത്. ഇവിടെ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക വിഭാഗമുണ്ട്. ഈ വിഭാഗം രണ്ടാം നിലയിലാണ്. കയറാൻ ലിഫ്റ്റില്ല. പത്തുപതിനൊന്ന് കിലോയുള്ള മകനെയും കൊണ്ട് എനിക്ക് കയറാൻ പറ്റുന്നില്ല. ആ സ്ഥാനത്താണ്, 35 കിലോയുള്ള കുഞ്ഞുങ്ങളെയും കൊണ്ടുവരെ അമ്മമാർക്ക് കയറേണ്ടിവരുന്നതെന്നോർക്കണം. ഇവിടെ, ഡയപർ മാറ്റാനുള്ള സൗകര്യമൊന്നുമില്ല. ഇത്തരം കാര്യങ്ങളെല്ലാം എന്നെപ്പോലുള്ള അമ്മമാർ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഒരു ജനപ്രതിനിധി ഇങ്ങനെ പറയുന്നത്.
ഞാൻ രാഷ്ട്രീയമായി ഒന്നിലും ഇടപെടുന്നയാളല്ല. എന്റെ രാഷ്ട്രീയം എന്നത് എന്റെ മകൻ ജീവിച്ചിരിക്കുന്നിടത്തോളം നന്നായി നോക്കുക എന്നതുമാത്രമാണ്. അവന് മറ്റു കുട്ടികളെപ്പോലെ, ഒരുതരത്തിലുമുള്ള സന്തോഷങ്ങളില്ല. സ്‌കൂളിൽ പോകാനാകില്ല, കൂട്ടുകാരില്ല. അവരുടെ ലോകം ഞങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. അതുകൊണ്ട്, അവന് ഞങ്ങൾ ഒരു മുറി പണിതുകൊടുത്തു, അവിടെ എല്ലാ സൗകര്യവുമൊരുക്കിക്കൊടുത്തു. കടം വാങ്ങിയും വിറ്റും തുലച്ചുമൊക്കെയാണ് ഇത് ചെയ്തത്. ഇനിയും മതിയാകില്ല, ഞങ്ങളുടെ മകന് ഈ ലോകം തന്നെ എഴുതിത്തന്നാലും മതിയാകില്ല.
ഡോക്ടർമാർ ഞങ്ങളോടു പറയും, നിങ്ങൾ ഒരുപാട് ടെൻഷനടിക്കരുത്, ഒരു ദുരന്തം മുന്നിൽ കണ്ടുതന്നെ ജീവിക്കണം എന്ന്. അതുകൊണ്ട്, ഈ കുഞ്ഞുങ്ങളെ നന്നായി നോക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമല്ലേ?. പൊതുസമൂഹത്തിൽനിന്നും ഞങ്ങൾ ഇത്തരം ആക്ഷേപങ്ങൾ കേൾക്കാറുണ്ട്. എന്നോടുതന്നെ ചിലർ പറഞ്ഞിട്ടുണ്ട്, നാടൻ ഭാഷയിൽ. അടുപ്പിൽ ചേര ഉറങ്ങിയാലും പത്രാസിനൊന്നും കുറവില്ല എന്ന്. പക്ഷെ, അങ്ങനെയല്ല ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾ മുട്ടാത്ത വാതിലുകളില്ല. കോവിഡിന്റെ സമയത്ത്, ന്യൂറോളജിസ്റ്റിന്റെ പ്രശ്‌നം വന്നപ്പോൾ, മകന് ദിവസം നാലഞ്ചു തവണയൊക്കെ അപസ്മാരം വന്നപ്പോൾ ഞങ്ങൾ കോഴിക്കോടുവരെ പോയി. അതിർത്തി അടച്ചതിനാൽ മംഗലാപുരത്തേക്ക് പോകാനായില്ല. കാസർകോട്ടുകാർക്കുവേണ്ട പൊതുആവശ്യമാണ് ഞങ്ങൾ ചോദിക്കുന്നത്. അതിൽ ആരാണ് ഈ ‘ചിലർ' എന്ന് എം.എൽ.എ തുറന്നുപറയണം.
മുമ്പ് സമരം ചെയ്യുമ്പോൾ, ഉന്നയിക്കുന്ന പത്ത് ആവശ്യങ്ങളിൽ അഞ്ചെണ്ണമെങ്കിലും നടത്തിത്തരാറുണ്ട്. അതുകൊണ്ട്, ഇപ്പോൾ പറയുന്ന കാര്യങ്ങളിൽ പകുതിയെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷയുണ്ട്.
ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചയിൽ, 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി മന്ത്രിമാരായ വീണ ജോർജും ആർ. ബിന്ദുവും നൽകിയ ഉറപ്പുകളിൽ, രേഖാമൂലമായപ്പോൾ വെള്ളം ചേർത്തു. ഒരു വർഷത്തിനകം കാസർകോട്ട് ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യമൊരുക്കുമെന്ന് ദയാബായിക്ക് നൽകിയ ഉറപ്പിൽ, ‘ഏതെങ്കിലും ആശുപത്രിയിൽ സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക്’ എന്നു കൂടി കൂട്ടിച്ചേർത്തു. ഉറപ്പുകളിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ദയാബായി ആശുപത്രിയിലും സമരം തുടരുകയാണ്. മുമ്പും, സർക്കാറുകൾ നൽകിയ പല ഉറപ്പുകളും സമാനരീതിയിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. 2013നാണ് കാസർകോട് മെഡിക്കൽ കോളേജിന് കല്ലിട്ടത്. കെട്ടിടം പോലും പൂർത്തിയായിട്ടില്ല. കോവിഡ് കാലത്ത് തുടങ്ങിയ ഒ.പി. സേവനമാണ് ഇപ്പോഴുമുള്ളത്. നിങ്ങളുടെ ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ ഉറപ്പുകളെക്കുറിച്ചുള്ള പ്രതീക്ഷ എന്താണ്? പ്രത്യേകിച്ച്, ഭരണപക്ഷത്തുതന്നെയുള്ള ജനപ്രതിനിധികൾ, ഇത്തരം ക്രൂരമായ നിലപാട് എടുക്കുന്ന സാഹചര്യത്തിൽ.
മുമ്പ് സമരം ചെയ്യുമ്പോൾ, ഉന്നയിക്കുന്ന പത്ത് ആവശ്യങ്ങളിൽ അഞ്ചെണ്ണമെങ്കിലും നടത്തിത്തരാറുണ്ട്. അതുകൊണ്ട്, ഇപ്പോൾ പറയുന്ന കാര്യങ്ങളിൽ പകുതിയെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷയുണ്ട്. ഞങ്ങൾക്ക് ചെയ്തുതന്ന കാര്യങ്ങളുടെ കണക്ക് പറയുന്നത് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എല്ലാ ജനപ്രതിനിധികളുടെയും ഞങ്ങളോടുള്ള മനോഭാവം, ഉദുമ എം.എൽ.എയുടേതുപോലെയാണ് എന്നു പറയാനാകില്ല.
മുളിയാർ പഞ്ചായത്തിൽ പുനരധിവാസ പദ്ധതിക്ക് ഓൺലൈനായി തറക്കല്ലിട്ട്, ശൈലജ ടീച്ചർ പറഞ്ഞത്, ഇവർ അനുഭവിക്കുന്ന ദുരിതത്തിന് നമ്മൾ എന്ത് നൽകിയാലും മതിയാകില്ല, പക്ഷെ, നമ്മളെക്കൊണ്ടാവുന്നതൊക്കെ ഞങ്ങൾ ചെയ്യുന്നു എന്നാണ്. അതാണ്, ശരി. ഞങ്ങളെ മനസ്സിലാക്കുന്നവരുമുണ്ട്, ജനപ്രതിനിധികളിൽ.
മുമ്പ് ഒരു സമരത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചക്ക് ഞാനും കൂടി പോയിരുന്നു. അതിൽ, 511 പേരെ ലിസ്റ്റ് ചെയ്തിട്ട്, അവർക്ക് സഹായം കൊടുത്തു. ഇതുപോലുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
നേരത്തെ, ആരോഗ്യമന്ത്രി വീണ ജോർജ് ഇവിടെ വന്നപ്പോൾ ഞാൻ കാണാൻ പോയിരുന്നു. ജില്ലയിൽ തന്നെ ചികിത്സാസൗകര്യം തരണം എന്ന് കരഞ്ഞുപറഞ്ഞു. എന്തിനാ കുഞ്ഞിനെയും കൊണ്ട് വന്നത് എന്ന് പുറത്തിരുന്ന ചിലർ ചോദിച്ചു. അവനെ വീട്ടിലിരുത്തി പോകാൻ എനിക്കു കഴിയില്ല. ഇതേ കുഞ്ഞിനെയും കൊണ്ടാണല്ലോ ഞാൻ ആശുപത്രിയിൽ പോകുന്നത്. എന്റെ മകനെ എല്ലാ മാസവും ഡോക്ടർ വീട്ടിൽ വന്ന് നോക്കും. നീതി മെഡിക്കലിൽനിന്ന് മരുന്നും മറ്റു സാധനങ്ങളും വീട്ടുമുറത്ത് വണ്ടിയിൽ കൊണ്ടുവന്നുതരും. ഇതൊക്കെ വലിയ സഹായമാണ്. ഞങ്ങളുടെ ജീവിതം പോയതിന് ഇതൊക്കെ മതിയാകുമോ? ഇതൊന്നും തന്നിട്ടില്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല.
ലിസ്റ്റിലുള്ള 6000 പേർക്കുവേണ്ടി മാത്രമല്ല ഈ ചികിത്സാസൗകര്യം വേണ്ടത്, എല്ലാവർക്കും വേണം. അത് കാസർകോട്ടെ മനുഷ്യരും കൂടി മനസ്സിലാക്കണം. ▮