Photo: Pixabay

കോവിഡ്​: ഉണ്ടാകില്ല, കേരളത്തിൽ ‘യൂറോപ്പ്​ ഇഫക്​റ്റ്​’

കോവിഡിന് 2021 നവംബറിൽ രണ്ടുവർഷം പൂർത്തിയാകുമ്പോൾ, യൂറോപ്പ് മഹാമാരിയുടെ സംഹാരഭൂമിയായി മാറുകയാണ്. യൂറോപ്പിലെ സാഹചര്യം കേരളത്തിലും ആവർത്തിച്ചേക്കുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുകയാണ് മെഡിക്കൽ രംഗത്തെ വിദഗ്​ധർ

കോവിഡ്- 19 രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ, യൂറോപ്പ് വീണ്ടും ഈ മഹാമാരിയുടെ സംഹാരഭൂമിയായി മാറുകയാണ്. ആശങ്കാജനകമായ വേഗത്തിലാണ് യൂറോപ്പിലെ 53 രാജ്യങ്ങളിൽ കോവിഡ് വ്യാപിക്കുന്നത്. കോവിഡ് കേസുകൾ സ്ഥിരമായി ഉയർന്നുകൊണ്ടിരിക്കുന്ന ലോകത്തെ ഏക മേഖലയായി യൂറോപ്പ് മാറിയതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) കഴിഞ്ഞ ആഴ്​ച പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മരണങ്ങളിൽ പത്തുശതമാനത്തിന്റെ വർധന. 31 ലക്ഷം പുതിയ കേസുകളാണ് ഇപ്പോൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്- മുൻ ആഴ്ചകളിൽനിന്ന് വെറും ഒരു ശതമാനത്തിന്റെ മാത്രം വർധന. എന്നാൽ, ഇതിൽ മൂന്നിൽ രണ്ടും- 19 ലക്ഷം- യൂറോപ്പിലാണ്, വർധന ഏഴുശതമാനം. ഈ സ്ഥിതി തുടരുകയാണെങ്കിൽ 2022 ഫെബ്രുവരി ഒന്നോടെ യൂറോപ്പിലും മധ്യേഷ്യയിലും അഞ്ച് ലക്ഷത്തോളം കോവിഡ് മരണങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടന്നാണ് ലോകാരോഗ്യസംഘടന പ്രവചിക്കുന്നത്. ""ഇന്ന് യൂറോപ്പിലെയും മധ്യേഷ്യയിലെയും ഓരോ രാജ്യവും വ്യാപനശേഷി കൂടുതലുള്ള കോവിഡ്- 19 പുതിയ വകഭേദത്തിന്റെ ഭീഷണിയിലാണ്. വൈറസിനെതിരെ പോരാടി കൊണ്ടിരിക്കുന്നുണ്ടെങ്കിലും 53 രാജ്യങ്ങളിൽ ആശങ്കാജനമായ വേഗതയിലാണ് കോവിഡ് വ്യാപിക്കുന്നത്.''- ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്യൻ റീജീയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലുഗ്ലെ നൽകിയ മുന്നറിയിപ്പാണിത്.

ഡെൽറ്റ എന്ന, ജനിതകമാറ്റം വന്ന പുതിയ വൈറസിന്റെ വ്യാപനവും മന്ദഗതിയിലുള്ള വാക്‌സിനേഷൻ കാമ്പയിനുകളും വൈറസ് എളുപ്പം പടരാൻ സാധ്യതയുള്ള ശൈത്യകാലവസ്ഥയുമെല്ലാം അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടി.

18 ലക്ഷം പുതിയ കേസുകളും 24,000 മരണങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിൽ മാത്രം യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ നാലാഴ്ചകളിലായി ഡബ്ല്യു.എച്ച്.ഒ. നടത്തിയ പഠനത്തിൽ, കേസുകളിൽ 55 ശതമാനത്തിന്റെ വർധനയാണ് കണ്ടെത്തിയത്. ആഗോളതലത്തിൽ തന്നെ 59 ശതമാനം പുതിയ കേസും 48 ശതാനം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് യൂറോപ്പിലും മധ്യേഷ്യയിലുമാണ്. എല്ലാ വിഭാഗക്കാരിലും കോവിഡ് വ്യാപനം സ്ഥീരികരിക്കുന്നുണ്ടെങ്കിലും 75 ശതമാനം മാരകമായ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് 65 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ്.

എന്തുകൊണ്ട് യൂറോപ്പ്?

വാക്‌സിനേഷൻ നിരക്കിന്റെ കുറവും പൊതുജനാരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തതകളുമാണ് യൂറോപ്പിലെ കോവിഡ് കേസുകളുടെ വർധനവിന് കാരണമായി ഹാൻസ് ക്ലൂഗ് പറയുന്നത്. ഇതുവരെ 100 കോടി വാക്‌സിൻ ഡോസ് മധ്യേഷ്യയിലും യൂറോപ്പിലുമായി നൽകിയിട്ടുണ്ട്. പക്ഷേ ജനസംഖ്യയുടെ ശരാശരി 47 ശതമാനം പേർ മാത്രമാണ് വാക്‌സിൻ പൂർണമായി സ്വീകരിച്ചത്. യൂറോപ്പിലെ എട്ട് രാജ്യങ്ങളിൽ 70 ശതമാനം വാക്‌സിനേഷൻ കവറേജ് നടന്നിട്ടുണ്ടെങ്കിലും രണ്ട് രാജ്യങ്ങളിൽ ഇപ്പോഴും 10 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഡെൽറ്റ എന്ന, ജനിതകമാറ്റം വന്ന പുതിയ വൈറസിന്റെ വ്യാപനവും മന്ദഗതിയിലുള്ള വാക്‌സിനേഷൻ കാമ്പയിനുകളും വൈറസ് എളുപ്പം പടരാൻ സാധ്യതയുള്ള ശൈത്യകാലവസ്ഥയുമെല്ലാം അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടി.

കോവിഡ് 19 വാക്‌സിനേഷൻ ഗ്രാഫ് (2021 ഒക്ടോബർ 11 വരെയുള്ളത്) / Photo: Wikimedia Commons

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, യൂറോപ്പിൽ കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ബ്രിട്ടനിലാണ്. 2,94,934 പുതിയ കേസുകൾ ബ്രിട്ടനിലും 2,64,241 കേസുകൾ റഷ്യയിലും 1,53,289 കേസുകൾ യുക്രെയ്നിലും റിപ്പോർട്ട് ചെയ്തതായി വാർത്താ ഏജൻസിയായ സിൻഹുവ പറയുന്നു. നാലാം തരംഗ വൈറസ് ബാധ സംശയിക്കുന്ന ജർമനിയിൽ 1,21,840 പുതിയ കേസുകളാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇവിടെ 66 ശതമാനം ആളുകൾ മാത്രമേ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളൂ. മരണനിരക്കും രോഗവ്യാപനശേഷിയും കുറയ്ക്കാൻ വാക്‌സിന് സാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. വാക്‌സിൻ നൽകുന്നതിലും സ്വീകരിക്കുന്നതിലുമുള്ള അസന്തുലിതവസ്ഥയാണ് ആശങ്കാജനകമായ നിരക്കിലേക്കെത്തിക്കുന്നത്. രോഗവ്യാപനം കുറയ്ക്കാൻ തന്ത്രങ്ങൾ മാറ്റേണ്ടതുണ്ടെന്നും കോവിഡ് പരിശോധന വർധിപ്പിക്കുകയും മാസ്‌ക്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രൊട്ടോകോൾ തുടരണമെന്നും ക്ലൂഗെ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആളുകൾക്ക് കോവിഡുമായി ബന്ധപ്പെട്ട ആശങ്കകൾ കുറയുകയും കോവിഡിനെ സാമാന്യവത്കരിക്കുകയും ചെയ്യുന്ന പ്രവണത കൂടിയതാണ് ഇത്രയും വലിയ കണക്കുകളിലേക്ക് യൂറോപ്പിനെ എത്തിക്കുന്നത്.

യൂറോപ്പിൽ ശൈത്യകാലത്ത് ആളുകൾ അധികവും വീടുകളിലാണ് ഒത്തുചേരുന്നത്. ഈ സമ്പർക്കത്തിലൂടെ വൈറസുകൾ പകരുകയും കേസുകൾ ക്രമാതീതമായി വർധിക്കാൻ കാരണമാകുകയും ചെയ്യുന്നു. ശൈത്യകാലമായതോടെ ഭൂഖണ്ഡത്തിലെ കോവിഡ് കേസുകൾ, ആശുപത്രി പ്രവേശനങ്ങൾ, മരണനിരക്ക് എന്നിവ ആശങ്കാജനകമായി ഉയരുന്നതായി യൂറോപ്യൻ മെഡിസിൻസ് ഏജൻസിയിലെ ക്ലിനിക്കൽ പഠന വിഭാഗം മേധാവി ഫെർഗസ് സ്വീനി പറയുന്നു. എല്ലാ യൂറോപ്യന്മാരോടും വാക്‌സിൻ സ്വീകരിക്കാനും വാക്‌സിനേഷൻ കോഴ്‌സ് പൂർത്തിയാക്കാനും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. കിഴക്കൻ യൂറോപ്പിൽനിന്ന് പാൻഡെമിക് തരംഗം പടിഞ്ഞാറൻ യൂറോപ്പിലേക്ക് പടരുകയാണെന്നും ഇത് ഭയപ്പെടുത്തുന്ന നിരക്കിൽ മരണത്തിനിടയാക്കുന്നുവെന്നുമാണ് ജനീവ യൂണിവേഴ്‌സിറ്റി അധികൃതർ പറയുന്നത്. നെതർലൻഡ്‌സ്, ആസ്ട്രിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിൽ മരണനിരക്കും ആശുപത്രി പ്രവേശന നിരക്കും താരതമ്യേന കുറവാണ്.

റോയിട്ടേഴ്‌സിന്റെ നവംബർ 11-ലെ കണക്കനുസരിച്ച്, 6,69,42,000 കേസും 1,591,000 മരണങ്ങളുമാണ് യൂറോപ്പിൽ മാത്രമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകൾ ഇങ്ങനെയാണ്: റഷ്യ (39,724), യു.കെ. (33,477), ജർമനി (27,452), യുക്രെയ്ൻ (21,669), പോളണ്ട് (14,089). മരണനിരക്ക്: റഷ്യ (1,199), ഉക്രൈൻ (680), റൊമാനിയ (396), യു.കെ (165), പോളണ്ട് (158). കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആളുകൾക്ക് കോവിഡുമായി ബന്ധപ്പെട്ട ആശങ്കകൾ കുറയുകയും കോവിഡിനെ സാമാന്യവത്കരിക്കുകയും ചെയ്യുന്ന പ്രവണത കൂടിയതാണ് ഇത്രയും വലിയ കണക്കുകളിലേക്ക് യൂറോപ്പിനെ എത്തിക്കുന്നത്.

യൂറോപ്പ്​ കേരളത്തിൽ ആവർത്തിക്കില്ല

കേരളത്തിൽ വാക്‌സിനേഷൻ നിരക്ക് നാലുകോടി കഴിഞ്ഞതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം അറിയിച്ചത്. ജനസംഖ്യയുടെ 95.4 ശതമാനം പേർ (2,54,45,792) ആദ്യ ഡോസ് വാക്‌സിനും 59.11 ശതമാനം പേർ (1,50,56,481) രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. വാക്‌സിനേഷൻ കൃത്യമായി നടക്കുന്നതുകൊണ്ടുതന്നെ യൂറോപ്പിലെ ഭീതിദമായ സാഹചര്യങ്ങൾ കേരളത്തിലുണ്ടാകില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

വീണാ ജോർജ്‌

""യൂറോപ്പിനെ സംബന്ധിച്ച് അവർ ആദ്യമാണ് ഡെൽറ്റ വകഭേദത്തെ നേരിടുന്നത്. നമ്മൾ സെക്കൻറ്​ വേവിൽ ഡെൽറ്റയെ അതിജീവിച്ചവരാണ്. കേരളത്തിൽനിന്ന് തീർത്തും ഭിന്ന സാഹചര്യമാണ് യൂറോപ്പിലുണ്ടായിരുന്നത്. മാസ്‌കിടാതെയും സാമൂഹിക അകലം പാലിക്കാതെയും കോവിഡിനെ പൂർണമായി അവഗണിച്ച് നടന്നിരുന്ന വിഭാഗമാണ് യൂറോപ്യർ. യു.കെ., സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ രണ്ടാമത് കോവിഡ് നടപടികൾ കർശനമാക്കുകയാണ്. കേരളത്തിലിപ്പോഴും കോവിഡ് പ്രൊട്ടോകോൾ പൂർണമായി ഉപേക്ഷിക്കാത്തതുകൊണ്ടുതന്നെ യൂറോപ്പിന് സമാനമായ സാഹചര്യം കേരളത്തിലുണ്ടാകാൻ സാധ്യതയില്ല. AY.4.2 പോലുള്ള പുതിയ കോവിഡ് വകഭേദങ്ങൾ വന്നെങ്കിലും അത് അപകടകാരിയല്ലെന്ന് കണ്ടെത്തി. ഇതുപോലെ ഏതുസമയത്തും പുതിയ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടകാരിയായ വൈറസുകൾ എത്തുന്നതുവരെ നമ്മൾ സുരക്ഷിതരാണ്.''- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വൈസ് പ്രസിഡൻറ്​ ഡോ. എം. മുരളീധരൻ ട്രൂകോപ്പി വെബ്‌സീനിനോട് പറഞ്ഞു.

യൂറോപ്പിലെ കാലാവസ്ഥ, ജീവിതരീതികൾ എന്നിവയിൽനിന്ന് കേരളം വ്യത്യസ്തമായതുകൊണ്ടുതന്നെ, യൂറോപ്പിലേതിനുസമാനമായ സാഹചര്യം കേരളത്തിലുണ്ടാകാൻ സാധ്യത കുറവാണ്.

യൂറോപ്പിലേതിനുതുല്യമായ സാഹചര്യം കേരളത്തിലില്ലാത്തതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ടി. ജയകൃഷ്ണൻ പറഞ്ഞു: ""യൂറോപ്പിൽ മനുഷ്യവകാശ ആക്ടിവിസത്തിന് സ്വാധീനമുള്ളതുകൊണ്ടുതന്നെ അവിടെ ആരെയും നിർബന്ധിച്ച് വാക്‌സിനെടുപ്പിക്കാൻ പറ്റില്ല. അതുകൊണ്ട് ജനസംഖ്യയുടെ 30- 40 ശതമാനം പേർ ഇപ്പോഴും വാക്‌സിൻ എടുക്കാത്തവരാണ്. അവർ മാസ്‌കുകൾ ബഹിഷ്‌കരിക്കുകയും കൂട്ടംകൂടി നടക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ കാലാവസ്ഥ, ജീവിതരീതികൾ എന്നിവയിൽനിന്ന് കേരളം വ്യത്യസ്തമായതുകൊണ്ടുതന്നെ, യൂറോപ്പിലേതിനുസമാനമായ സാഹചര്യം കേരളത്തിലുണ്ടാകാൻ സാധ്യത കുറവാണ്. കേരളത്തിൽ സെപ്റ്റംബറിൽ ഇമ്യൂണിറ്റി അറിയാൻ നടത്തിയ ടെസ്റ്റിൽ ശരാശരി 82 ശതമാനം ഇമ്യൂണിറ്റിയുണ്ടെന്നാണ് കണ്ടെത്തിയത്. അതിൽ 70 ശതമാനം ക്ലിനിക്കലോ സബ് ക്ലിനിക്കലോ ആയി രോഗം കിട്ടിയിട്ടുള്ളവരാണ്. വാക്‌സിനെടുത്തവരിൽ 85 ശതമാനത്തോളം ഇമ്യൂണിറ്റിയുണ്ട്. ഇത്ര ഇമ്യൂണിറ്റി നിരക്കുള്ളതുകൊണ്ട് വീണ്ടും രോഗവ്യാപനസാധ്യത കുറവാണ്.''

വാക്‌സിൻ എടുത്തവർക്കും രോഗം ഉണ്ടാകുന്നുണ്ട്, പക്ഷേ മറ്റു രോഗാവസ്ഥകൾ ഇല്ലാത്തവർക്ക് ഗുരുതരമാകുന്നില്ല / Photo: Wikimedia Commons

എന്നാൽ, കേരളത്തിൽ കോവിഡ് കേസും മരണനിരക്കും നിയന്ത്രണങ്ങളും കുറയുന്നുണ്ടെങ്കിലും, യൂറോപ്പിൽ കോവിഡ് വർധനയുണ്ടാകുന്ന സാഹചര്യത്തിൽ കേരളവും ജാഗ്രത കാണിക്കണമെന്ന് യു.എൻ. ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു: ""ഈ തരംഗം പ്രധാനമായും ഗുരുതരമായി ബാധിക്കുന്നത് വാക്‌സിൻ എടുക്കാത്തവരെയാണ്. വാക്‌സിൻ എടുത്തവർക്കും രോഗം ഉണ്ടാകുന്നുണ്ട്, പക്ഷേ മറ്റു രോഗാവസ്ഥകൾ ഇല്ലാത്തവർക്ക് ഗുരുതരമാകുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റവും വേഗത്തിൽ വാക്‌സിൻ കൂട്ടുക എന്നതു തന്നെയാണ് മരണം ഒഴിവാക്കാനുള്ള വഴി. യൂറോപ്പിൽ കാണുന്ന വൈറസിന്റെ വരവും പോക്കും എല്ലാം ഒരു രണ്ടോ മൂന്നോ മാസത്തെ ഇടവേള കഴിയുമ്പോൾ ഇന്ത്യയിലും എത്തുന്നതാണ് രീതി. അതുകൊണ്ടുതന്നെ നമ്മളും വാക്‌സിൻ പരമാവധി ആളുകളിൽ എത്തിക്കുക, സർക്കാർ നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവരുമ്പോഴും ഹാൻഡ് വാഷും മാസ്‌കും സാമൂഹിക അകലവും പോലുള്ള ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക, മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ വാക്‌സിൻ ലഭിച്ചതിനാൽ അലംഭാവം കാട്ടാതിരിക്കുക എന്നിവയിൽ ശ്രദ്ധിക്കണം. കൊറോണ ഇവിടെ ഒക്കെത്തന്നെയുണ്ടെന്നാണ് യൂറോപ്പിലെ തരംഗങ്ങൾ കാണിക്കുന്നത്.''
വാക്‌സിനേഷനും കോവിഡ് പ്രോട്ടോക്കോളും തുടരുന്നതിനാൽ നിലവിൽ യൂറോപ്പിലേതുപോലെ കോവിഡ് കേസുകളിലെ വർധന കേരളത്തിലുണ്ടാക്കാൻ സാധ്യതയില്ലെന്നാണ് വിദഗധർ അനുമാനിക്കുന്നത്. എങ്കിലും പൂർണമായും കോവിഡിനെ അവഗണിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുമുണ്ടായിട്ടില്ല.

വാക്‌സിനേഷനിൽ സ്ത്രീകൾ മുന്നിൽ

ദേശീയതലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 79.25 ശതമാനവും രണ്ടാം ഡോസ് 37.31 ശതമാനവുമാകുമ്പോഴാണ് കേരളം നാലുകോടി വാക്‌സിനേഷൻ പൂർത്തിയാക്കിയത്. കേരളത്തിൽ, സ്ത്രീകളാണ് പുരുഷൻമാരെക്കാൾ കൂടുതൽ വാക്‌സിനെടുത്തിട്ടുള്ളത്. ആദ്യ ഡോസ് വാക്‌സിൻ എടുത്തത് സ്ത്രീകളിൽ 2,08,57,954 പേരും പുരുഷൻമാരിൽ 1,93,42,772 പേരുമാണ്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ 100 ശതമാനവും ആദ്യ ഡോസ് വാക്‌സിനെടുത്തു. എന്നിട്ടും, ചെറിയൊരു വിഭാഗം ഇപ്പോഴും കേരളത്തിൽ വാക്‌സിനോട് വിമുഖത കാണിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്‌സിനേഷൻ എടുക്കാതിരിക്കുന്നതിന് പലരും പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
""കോവിഡ് കേസുകളും മരണങ്ങളും കുറയുമ്പോൾ സ്വാഭാവികമായും ആളുകൾക്ക് കോവിഡിനോടുള്ള ഭയം കുറയും. വാക്‌സിനേഷന് ഏറ്റവും കൂടുതൽ ഡിമാന്റുണ്ടായിരുന്നത് ഇന്ത്യയിൽ കോവിഡ് മരണം കൂടിയ സമയത്തായിരുന്നു. ഭീതി കുറയുന്നതോടെ വാക്‌സിൻ എടുക്കാനുള്ള പ്രവണതയും കുറയും. വാക്‌സിനേഷൻ എടുക്കുന്നവരിലും കോവിഡ് വരുന്നത് വാക്‌സിൻ എടുക്കാതിരിക്കാനുള്ള മറ്റൊരു കാരണമാണ്. എന്നാൽ വാക്‌സിനെടുക്കുന്നതിലൂടെ ഗുരുതര പ്രത്യാഘാതങ്ങളും മരണസാധ്യതയും കുറയുകയാണ് ചെയ്യുന്നതെന്ന് ഇവർ മനസ്സിലാക്കുന്നില്ല''- മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ. നവ്യ വെബ്‌സീനിനോട് പറഞ്ഞു.
""അധ്യാപകർക്കിടയിൽ പോലും വാക്‌സിൻ സ്വീകരിക്കാത്തവരുണ്ടെന്ന വസ്തുത നാണക്കേടുളവാക്കുന്നതാണ്. അവരുടെ കണക്കെടുത്ത് ശമ്പളം കൊടുക്കാതിരിക്കുകയോ സ്‌കൂളിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തുകയോ ചെയ്യണം. വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വാക്‌സിനെതിരെ സംസാരിക്കുന്നതിൽ അർത്ഥമില്ല, അതിനെ അംഗീകരിക്കാനും പാടില്ല''-ഡോ.മുരളീധരൻ പറയുന്നു.

രണ്ടാംതരംഗം രൂക്ഷമായ ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നുവരെ 9,195 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 90 ശതമാനം പേരും വാക്‌സിനെടുക്കാത്തവരാണെന്ന് ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി.

മരിച്ചവരിൽ ഏറെയും വാക്‌സിൻ എടുക്കാത്തവർ

രണ്ടാംതരംഗം രൂക്ഷമായ ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നുവരെ 9,195 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 90 ശതമാനം പേരും വാക്‌സിനെടുക്കാത്തവരാണെന്ന് ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. മരിച്ചവരിൽ 700 പേർ ഒന്നാം ഡോസ് വാക്‌സിൻ മാത്രമെടുത്തവരാണ്. സംസ്ഥാനത്ത് കോവിഡ് മരണങ്ങളിലധികവും 60 വയസ്സിന് മുകളിലുള്ളവരാണ്, അവർ വാക്‌സിനെടുക്കാത്തവരുമാണ്. പ്രായമായവരും ഗുരുതര രോഗമുള്ളവരും വാക്‌സിനെടുത്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനം തെളിയിക്കുന്നത്.
""ആദ്യഡോസ് വാക്‌സിനെടുത്ത് 84 ദിവസത്തിനുശേഷമേ രണ്ടാം ഡോസ് എടുക്കാൻ കഴിയൂ എന്നതാണ് ആദ്യ ഡോസ് പൂർത്തീകരിച്ച വലിയൊരു ശതമാനം രണ്ടാം ഡോസെടുക്കാൻ എത്താത്തതിന്റെ കാരണം. രണ്ടാം ഡോസെടുത്ത് ആറേഴുമാസം കഴിഞ്ഞശേഷം ഇമ്യൂണിറ്റി കുറയുമോയെന്ന് പ്രവചിക്കാൻ കഴിയില്ല. എങ്കിലും വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ട സാഹചര്യം നിലവിൽ കേരളത്തിലില്ല''- ഡോ. നവ്യ പറയുന്നു.

രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ

കോവിഡ് ലോകത്തെ കീഴടക്കിയിട്ട് രണ്ടുവർഷം കഴിഞ്ഞു. 2019 നവംബറിലാണ് ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. 2021 നവംബർ ഏഴുവരെ 25 കോടിയിലേറെ പേരെ രോഗം ബാധിച്ചു, 50 ലക്ഷത്തിലേറെ പേർ മരിച്ചു. 708 കോടിയിലേറെ വാക്‌സിൻ ഡോസുകളാണ് എടുത്തിട്ടുള്ളത്.
കൊറോണ വൈറസ് ആർ.എൻ.എ. വൈറസായതുകൊണ്ട് നിരന്തരം ജനിതകമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് രോഗനിയന്ത്രണത്തിന്റെ പ്രധാന കടമ്പ. രോഗപ്പകർച്ച, രോഗത്തിന്റെ കാഠിന്യം, ഇപ്പോൾ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ഫലപ്രാപ്തി തുടങ്ങിയ കാര്യങ്ങളെ പുതിയ വകഭേദങ്ങൾ പരീക്ഷണത്തിന് വിധേയമാക്കും.

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിന്​ കേന്ദ്ര സർക്കാറിനു കീഴിൽ ‘ഹർ ഘർ ദസ്തക് ' എന്ന മെഗാ വാക്സിനേഷൻ ക്യാമ്പയിനും നവംബർ രണ്ടിന്​ ആരംഭിച്ചിട്ടുണ്ട് / Photo: Wikimedia Commons

2020 ഒക്ടോബറിൽ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട ബി 1. 617 എന്ന വകഭേദമായ ഡൽറ്റാ വൈറസിന് പകർച്ചാനിരക്ക് കൂടുതലാണ്. വാക്‌സിനുകളെ അതിജീവിക്കാനുള്ള പരിമിതമായ കഴിവുമുണ്ട്. ഇതുകൊണ്ടാണ് രണ്ടാം തരംഗകാലത്ത് രോഗവ്യാപനം വർധിച്ചതും വാക്‌സിനെടുത്തവരെയും രോഗം ബാധിച്ചതും. 2021 ജൂണിൽ പ്രത്യക്ഷമായ പുതിയ വൈറസ് വകഭേദമാണ് ഡെൽറ്റാ പ്ലസ് (Delta Plus). ഡെൽറ്റ പ്ലസിന്റെ AY.4.2 എന്ന ഉപവിഭാഗത്തിന്റെ പകർച്ചാ നിരക്കിൽ നേരിയ വർധന മാത്രമാണുള്ളത്. ഇന്ത്യയിൽ 17 AY.4.2 വകഭേദം കണ്ടെന്നും ഇതിൽ നാലെണ്ണം കേരളത്തിൽ നിന്നാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഡൽഹിയിലെ Institute of Genomics and Integrated Biology യിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ പ്രതിദിന വാക്സിനേഷന്റെ ശരാശരി നവംബർ ഒന്നിനും പത്തിനും ഇടയിൽ കുറഞ്ഞതായാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ജനസംഖ്യയുടെ 79 ശതമാനം പേർക്ക് വാക്സിൻ ആദ്യ ഡോസും 38 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. ഇന്ത്യയിൽ വാക്സിനുകൾക്ക് കുറവില്ലെന്നും എല്ലാ പൗരൻന്മാർക്കും വാക്സിൻ ഉറപ്പാക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിന്​ കേന്ദ്ര സർക്കാറിനു കീഴിൽ ‘ഹർ ഘർ ദസ്തക് ' എന്ന മെഗാ വാക്സിനേഷൻ ക്യാമ്പയിനും നവംബർ രണ്ടിന്​ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പ്രതിദിന വാക്സിനേഷന്റെ ശരാശരി മുൻപത്തെ പത്തു ദിവസവുമായി താരത്മ്യം ചെയ്യുമ്പോൾ നവംബർ ഒന്നിനും പത്തിനും ഇടയിൽ കുറഞ്ഞതായാണ് റിപ്പോർട്ട്. ഒക്ടോബർ 21 മുതൽ 31 വരെ 5.9 മില്ല്യൺ ഡോസാണ് നൽകിയതെങ്കിലും നവംബറിലെ ആദ്യ പത്ത് ദിവസങ്ങളിൽ ഇത് നാല് മില്ല്യണായി കുറഞ്ഞു.

ഇന്ത്യയിൽ പത്ത് കോടിയിലധികം ആളുകൾ രണ്ടാം ഡോസ് വാക്സിനെടുക്കാനുണ്ട്. യൂറോപ്പിലടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വാക്സിനേഷൻ യജ്ഞം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ​▮

റഫറൻസ്

COVID-19: Europe and Central Asia, epicentre of new rise, UN newsWorld Insights: Europe faces COVID-19 Resurgence as winter approaches , Xinhua netEurope Struggles with Sharp Rise in Covid-19 Infections Despite Vaccines. News18Rising COVID infections in Europe spark fears of new wave, Financial TimesEurope: The latest Coronavirus counts, Charts and Maps, Reuters


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments