യു.കെയിൽ വൈദ്യസഹായത്തോടെ മരണത്തിന് അംഗീകാരം; ഇനി ലോകത്തിൻെറ നിയമമാവുമോ?

രോഗം കാരണം മരണം ഉറപ്പായിട്ടുള്ള വ്യക്തികൾക്ക് വൈദ്യസഹായത്തോടെ ജീവിതം അവസാനിപ്പിക്കുന്നതിന് അനുമതി നൽകുന്ന ബില്ലിന് യു.കെ പാർലമെൻറിൻെറ അംഗീകാരം. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദപ്രതിവാദങ്ങളാണ് നടന്നത്. സ്റ്റേറ്റ് സ്പോൺസേർഡ് ആത്മഹത്യയായി ഇത് മാറുമെന്നാണ് പ്രധാന വിമർശനം. എന്നാൽ മാരകരോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകരുന്ന തീരുമാനമെന്ന് മറുവാദം.

News Desk

ഇക്കഴിഞ്ഞ നവംബർ 30-ന് പുറത്തിറങ്ങിയ ഇംഗ്ലണ്ടിലെ പ്രധാന പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് രാജ്യത്തെ സംബന്ധിക്കുന്ന ഒരു സുപ്രധാന തീരുമാനവുമായി ബന്ധപ്പെട്ടായിരുന്നു. രോഗം കാരണം യാതന അനുഭവിക്കുന്നവർക്ക് വൈദ്യസഹായത്തോടെയുള്ള മരണത്തിന് അനുമതി നൽകുന്ന ബില്ലിന് യു.കെ പാർലമൻറ് അംഗീകാരം നൽകിയെന്ന വാർത്തയാണ് വലിയ പ്രധാന്യത്തോടെ പത്രങ്ങൾ ചർച്ച ചെയ്തത്. ദി ഗാർഡിയൻ, ഡെയ്ലി മിറർ, ദി ഇൻഡിപെൻഡൻറ് തുടങ്ങിയ പത്രങ്ങൾ ചരിത്രപരമായ വോട്ടിങ്ങെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ദി ഡെയ്ലി ടെലഗ്രാഫ് പോലുള്ള പത്രങ്ങൾ വിമർശനാത്മകമായാണ് പാർലമെൻറിലെ വോട്ടിങ്ങിനെ സമീപിച്ചത്. “നമ്മുടെ രാജ്യത്തിൻെറ ധാർമിക അടിത്തറ തകർന്നിരിക്കുന്നു. ഭരണകൂടത്തിന് ഇനി വേണമെങ്കിൽ ഒരു ജീവനെടുക്കാം,” ഇങ്ങനെയാണ് ടെലഗ്രാഫ് ഒന്നാം പേജിൽ വാർത്ത നൽകിയിരിക്കുന്നത്. “സഹായത്തോടെയുള്ള മരണത്തിന് വഴിതെളിച്ച് ചരിത്ര വോട്ടിങ്” - എന്നായിരുന്നു ദി ഗാർഡിയൻ നൽകിയ തലക്കെട്ട്. “ഇംഗ്ലണ്ടിലും വെയിൽസിലും സഹായത്തോടെയുള്ള മരണത്തിന് നിയമസാധുത നൽകുന്നതിനായുള്ള ചരിത്രതീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുകയാണ് എംപിമാർ. മരണം ഉറപ്പായ വ്യക്തികൾക്ക് സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനുള്ള അവകാശമാണ് ഇത് ഉറപ്പാക്കുന്നത്,” ഗാർഡിയൻ പത്രം വാർത്തയുടെ ലീഡിൽ തന്നെ വ്യക്തമാക്കുന്നു.

“നമ്മൾ അനുഭവിച്ച വലിയ അഗ്നിപരീക്ഷകളിൽ നിന്ന് ഇനി വരും തലമുറകൾ രക്ഷപ്പെടും” - മൂന്ന് വർഷം നടത്തിയ ക്യാമ്പെയിൻ വിജയം കണ്ടുവെന്ന് അവകാശപ്പെട്ടു കൊണ്ട് ഡെയ്ലി എക്സ്പ്രസ് വാർത്ത ഒന്നാം പേജിൽ നൽകിയിരിക്കുന്നു. ആനന്ദക്കണ്ണീരോടെയും സന്തോഷത്തോടെയും പാർലമെൻറ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരുടെ ചിത്രങ്ങളുമായി വലിയ ആഘോഷമാക്കിയാണ് ഡെയ്ലി മിററും വാർത്ത നൽകിയിരിക്കുന്നത്. “ചരിത്രപരമായ വോട്ട്; സഹായത്തോടെയുള്ള മരണത്തിനെ പിന്തുണച്ച് എംപിമാർ, സമ്മിശ്ര വികാരപ്രകടനങ്ങളുമായി ആദ്യ കടമ്പ കടന്ന് വിവാദബിൽ” എന്നാണ് ഡെയ്ലി മിറർ തലക്കെട്ട് നൽകിയിരിക്കുന്നത്. 275-നെതിരെ 330 വോട്ടുകളാണ് അനുകൂലമായി ലഭിച്ചത്. അതിനാൽ തന്നെ 55 വോട്ടുകളുടെ വളരെ ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നതെന്ന് ഡെയ്ലി മിറർ വ്യക്തമാക്കുന്നുണ്ട്. നിയമപരമായി പഴുതുകളില്ലാതെ ഇത് നടപ്പിലാക്കണമെന്നും മെഡിക്കൽ രംഗത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കണമെന്നും അവർ പറയുന്നു.

വോട്ടിങ് ചരിത്രപരമാണെങ്കിലും ആശങ്കകൾ ബാക്കിയാണെന്ന് വിശദീകരിച്ച് കൊണ്ടാണ് ദി ഇൻഡിപെൻഡൻറിൻെറ ഒന്നാം പേജ് വാർത്ത. പ്രധാനമന്ത്രിയടക്കം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെങ്കിലും ഭരണകൂടം “ആത്മഹത്യ സേവനം” നടത്താൻ തയ്യാറെടുക്കുന്നുവെന്ന വിമർശനമാണ് എതിർത്തവർക്കുള്ളതെന്നും അവരുടെ വാർത്തയിൽ പറയുന്നുണ്ട്. ബില്ലിനെതിരെ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നവരുടെ ചിത്രമാണ് പത്രം ഒന്നാം പേജ് വാർത്തയോടൊപ്പം നൽകിയിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ യു.കെയിൽ ബിൽ നിയമമായി നടപ്പാവുമെന്ന് ‘ഐ’ വാർത്തയിൽ പറയുന്നു. കോമൺസിൽ നടന്ന വൈകാരികമായ “വാദപ്രതിവാദങ്ങൾക്കൊടുവിൽ സഹായത്തോടെയുള്ള മരണം നിയമമാക്കുന്നതിനുള്ള ബില്ലിനെ പിന്തുണച്ച് ഭൂരിപക്ഷം എംപിമാർ” - ദി ഫിനാൻഷ്യൽ ടൈംസിൻെറ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്. ദി ടെലഗ്രാഫ് പത്രം ബില്ലിനെ പ്രതികൂലിച്ചവർക്ക് ഒപ്പം നിൽക്കുകയാണ് ചെയ്യുന്നത്.

ആദ്യം യു.കെയിൽ…

മാരകരോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് വൈദ്യസഹായത്തോടെയുള്ള മരണം സ്വയം തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന ബില്ലിനാണ് ബ്രിട്ടീഷ് പാർലമെൻറിൻെറ അധോസഭ അംഗീകാരം നൽകിയിരിക്കുന്നത്. 55 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിൽ പാസായിരിക്കുന്നത്. ഏറെക്കാലമായുള്ള ജനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ പറയുമ്പോൾ സർക്കാർ തന്നെ ആത്മഹത്യയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് എതിർക്കുന്നവരുടെ വിമർശനം. നിയമം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതകളും തള്ളിക്കളയാവുന്നതല്ല. ഇനിയും വിശദമായ ചർച്ചകളോടെ മാത്രമേ ബില്ലിന് നിയമപരമായ അംഗീകാരം ലഭിക്കുകയുള്ളൂ. ലേബർ പാർട്ടി ഭരിക്കുന്ന ബ്രിട്ടണിൽ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിൻെറ നേതൃത്വത്തിലുള്ള സർക്കാരാണ് പുത്തൻ നിയമ പരിഷ്കാരത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്.

14 വർഷത്തിന് ശേഷമാണ് ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വരുന്നത്. 650-ൽ 412 സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പാർട്ടി ഇപ്പോൾ രാജ്യത്തിൻെറയും, ലോകത്തിൻെറയും തന്നെ ചരിത്രത്തിലെ ഒരു നിർണായക നിയമമാണ് നടപ്പിലാക്കാൻ പോവുന്നത്.
14 വർഷത്തിന് ശേഷമാണ് ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വരുന്നത്. 650-ൽ 412 സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പാർട്ടി ഇപ്പോൾ രാജ്യത്തിൻെറയും, ലോകത്തിൻെറയും തന്നെ ചരിത്രത്തിലെ ഒരു നിർണായക നിയമമാണ് നടപ്പിലാക്കാൻ പോവുന്നത്.

14 വർഷത്തിന് ശേഷമാണ് ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വരുന്നത്. 650-ൽ 412 സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പാർട്ടി ഇപ്പോൾ രാജ്യത്തിൻെറയും, ലോകത്തിൻെറയും തന്നെ ചരിത്രത്തിലെ ഒരു നിർണായക നിയമമാണ് നടപ്പിലാക്കാൻ പോവുന്നത്. ബ്രിട്ടൺ നടപ്പാക്കിയ പല നിയമങ്ങളും പിന്നീട് ലോകത്തിലെ മറ്റ് രാജ്യങ്ങൾ പിന്തുടർന്ന ചരിത്രമാണ്. രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ വിഷയം ചർച്ചയാക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.

ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് തന്നെ വൈദ്യസഹായത്തോടെയുള്ള മരണത്തിന് വേണ്ടി ബ്രിട്ടീഷ് പാർലമെൻറിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴാണ് ഇത് നിയമമാക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവരിൽ പോലും ഇപ്പോഴും ആശങ്കകൾ ബാക്കിയാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. മാരകരോഗം കാരണം ദുരിതം അനുഭവിക്കുന്ന രോഗി ആവശ്യപ്പെടാതെ തന്നെ ഡോക്ടർമാർക്ക്, സഹായത്തോടെയുള്ള മരണത്തിന് ശുപാർശ ചെയ്യാമെന്ന വ്യവസ്ഥയാണ് ഒരു വിഷയം. ഗുരുതരമായ രോഗം ബാധിച്ച് ആറ് മാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഉറപ്പുള്ള പ്രായപൂർത്തിയായവർക്കാണ് സഹായത്തോടെയുള്ള മരണത്തിന് അനുമതി നൽകുക. ഡോക്ടർമാർക്ക് തങ്ങളുടെ ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ സഹായ മരണത്തിന് വേണ്ട നിർദ്ദേശം നൽകാൻ തടസ്സമൊന്നുമില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വാദിക്കുന്നു. എന്നാൽ, രോഗികൾ ആവശ്യമുന്നയിച്ചാൽ മാത്രമേ സഹായ മരണത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്ന നിലപാടാണ് ബില്ലിനെ അനുകൂലിച്ച ലേബർ പാർട്ടി എം.പിമാർക്ക് പോലുമുള്ളത്.

മാരകരോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് വൈദ്യസഹായത്തോടെയുള്ള മരണം സ്വയം തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന ബില്ലിനാണ് ബ്രിട്ടീഷ് പാർലമെൻറിൻെറ അധോസഭ അംഗീകാരം നൽകിയിരിക്കുന്നത്.
മാരകരോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് വൈദ്യസഹായത്തോടെയുള്ള മരണം സ്വയം തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന ബില്ലിനാണ് ബ്രിട്ടീഷ് പാർലമെൻറിൻെറ അധോസഭ അംഗീകാരം നൽകിയിരിക്കുന്നത്.

ബില്ലിൽ പറയുന്നത്…

രോഗി ആവശ്യപ്പെട്ടാൽ മാത്രം, രണ്ട് ഡോക്ടർമാരുടെയും ഹൈക്കോടതി ജഡ്ജിയുടെയും കൂടി അനുമതിയോടെയാണ് സഹായത്തോടെയുള്ള മരണം നടപ്പിലാക്കേണ്ടതെന്നാണ് ബില്ലിൽ ശുപാർശ ചെയ്തിരിക്കുന്നത്. ഇത് ദയാവധത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ബാഹ്യപ്രേരണയൊന്നുമില്ലാതെ രോഗി സ്വയം തെരഞ്ഞെടുക്കുന്ന വൈദ്യസഹായത്തോടെയുള്ള മരണമാണിത്. രോഗിയുടെ പൂർണസമ്മതത്തോടെ ഡോക്ടർക്ക് മരണത്തിനുള്ള വൈദ്യസഹായം നൽകാം. രോഗി മരിച്ചുവെന്ന് ഉറപ്പാകുന്നത് വരെ ഡോക്ടർ ഒപ്പമുണ്ടായിരിക്കണം. ഈ പ്രക്രിയയുടെ ഭാഗമാവുന്ന ഡോക്ടർമാർക്ക് പ്രത്യേകിച്ച് ബാധ്യതയൊന്നും തന്നെ ഉണ്ടായിരിക്കില്ല. വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയെന്നും പ്രക്രിയയെ വിശേഷിപ്പിക്കാം. വൈദ്യസഹായത്തോടെയുള്ള മരണത്തിൽ പിന്നീട് നിയമപരമായ കേസുകളോ അന്വേഷണമോ ഒന്നും തന്നെ നടക്കേണ്ടതില്ലെന്ന് ബില്ലിൽ പറയുന്നു. സ്വയം മരണത്തിന് രോഗികളെ നിർബന്ധിക്കുകയോ അതിനായി പ്രേരിപ്പിക്കുകയോ ചെയ്താൽ അത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 14 വർഷം കഠിനതടവ് വരെ ശിക്ഷയായി ലഭിക്കും. ഇനിയും മാസങ്ങളോളം ബില്ലുമായി ബന്ധപ്പെട്ട് പാർലമെൻറിൽ ചർച്ചകൾ നടക്കും. അതിന് ശേഷം ആവശ്യമായ ഭേദഗതികളോടെ മാത്രമേ ബിൽ നിയമമായി മാറുകയുള്ളൂ. ബിൽ നിയമം ആവാതിരിക്കാനുള്ള സാധ്യതകളും ഇനിയുമുണ്ട്.

Comments