തകര ഷെഡിലെ
ജീവൻ സംഹാര
മരുന്നു പ്ലാന്റുകൾ

‘Coldrif’ എന്ന ‘ചുമ സംഹാരി’ ഇന്ത്യൻ ഔഷധമേഖലയുടെ പലതരം രോഗലക്ഷണങ്ങളെയാണ് പുറത്തുകൊണ്ടുവരുന്നത്. ഗുണമേന്മാ പരിശോധനയ്ക്ക് ഡ്രഗ്ഗ് ഇൻസ്​പെക്ടർമാരില്ലാത്തതു മുതൽ മരുന്നുവ്യവസായത്തിലെ അനഭിലഷണീയമായ വിപണിവൽക്കരണം വരെയുള്ള ഗുരുതര വിഷയങ്ങൾ അടിയന്തര ചികിത്സയർഹിക്കുന്നു- കെ. കണ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.

ന്ത്യൻ ഔഷധമേഖലയോടുള്ള കേന്ദ്ര സർക്കാറിന്റെ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന ഒരു ഡാറ്റ രണ്ടു വർഷം മുമ്പ് കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം ലോക്‌സഭയിൽ അവതരിപ്പിച്ചു: രാജ്യത്ത് ഡ്രഗ്ഗ് ഇൻസ്‌പെക്ടർമാരുടെ 60 ശതമാനം പോസ്റ്റും ഒഴിഞ്ഞുകിടക്കുകയാണ്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (CDSCO) 60 ശതമാനം പോസ്റ്റുകളാണ്, 303 എണ്ണം, ഒഴിഞ്ഞുകിടക്കുന്നത്. ഇന്ത്യൻ ഔഷധമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടത്തിനും നിയന്ത്രണത്തിനും അധികാരമുള്ള ഏജൻസിയാണ് CDSCO എന്നോർക്കുക.

സംസ്ഥാനങ്ങളിൽ സ്ഥിതി ഇതിലും ദയനീയമാണ്. രാജ്യത്തെ 50 ശതമാനത്തിലേറെ മരുന്നുൽപ്പാദന യൂണിറ്റുകളും സ്ഥിതി ചെയ്യുന്ന ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രഗ്ഗ് ഇൻസ്‌പെക്ടർമാരുടെ കൂടുതലും ഒഴിവ്.

ഡ്രഗ്ഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ 'ഷെഡ്യൂൾ എം' (Schedule M- Good Manufacturing Practices -GMP) മാനദണ്ഡങ്ങൾ പുതുക്കാൻ തീരുമാനിച്ച ഈ സന്ദർഭത്തിൽ തന്നെയാണ്, ചുമ മരുന്നു മരണങ്ങളുണ്ടായത് എന്നത് ഒരു വൈരുദ്ധ്യം കൂടിയാണ്. നിലവിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍, ഗുണനിലവാരം, വിപണനം, ആഗോള മത്സരക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ ഒരു ‘പാരഡൈം ഷിഫ്റ്റ്’ എന്നാണ് ഷെഡ്യൂള്‍ എമ്മില്‍ കൊണ്ടുവന്ന മാറ്റങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ഔഷധമേഖലയില്‍ ഘടനാപരവും വൈജ്ഞാനികവുമായ ശാസ്ത്രീയ മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം.

മരുന്നുൽപ്പാദനത്തിൽ ആഗോള നിലവാരത്തിലുള്ള ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കിയും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയുമാണ് 'ഷെഡ്യൂൾ എം' മാനദണ്ഡങ്ങൾ പുതുക്കുന്നത്.

-ഗുണനിലവാര മാനേജുമെന്റ് സംവിധാനം ഉറപ്പാക്കുക.
- ഉൽപ്പാദന യൂണിറ്റുകളിൽ ശരിയായ വായു സഞ്ചാരം, വെളിച്ചം, ശുചീകരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക.
-പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കുക.
-പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുക.
-ഡിജിറ്റൽ സംവിധാനവും ട്രാക്കിങ് സിസ്റ്റവും സജ്ജീകരിക്കുക.
-അസംസ്‌കൃത വസ്തുക്കളുടെ കൃത്യമായ ശാസ്ത്രീയ പരിശോധന ഉറപ്പാക്കുക തുടങ്ങിയവയാണ് പുതിയ മാനദണ്ഡങ്ങളിലുള്ളത്.

വൈദ്യശാസ്ത്രം അനാവശ്യമരുന്നുകളുടെ ഗണത്തിൽ പെടുത്തിയിട്ടുള്ള ചുമ സംഹാരികളുടെ ഇന്ത്യൻ വിപണി സംഹാരശക്തിയോടെ കുതിക്കുകയുമാണ്. 2024-ൽ 262 മില്യൻ ഡോളറിന്റെ ഇന്ത്യൻ ചുമമരുന്ന് വിപണി 2035 ആകുമ്പോൾ 743 മില്യൻ ഡോളറിന്റേതായി ഉയരും.

250 കോടി രൂപയിലേറെ ടേണോവറുള്ള സ്ഥാപനങ്ങളും പുതിയ പ്ലാന്റുകളും പുതിയ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം. അതുവഴി, ഇന്ത്യൻ മരുന്നുകമ്പനികൾക്ക് ഗുണമേന്മയുടെ കാര്യത്തിൽ ആഗോള കമ്പനികളുമായി മത്സരിക്കാനാകുമെന്നാണ് പ്രതീക്ഷ.

കർശനമായ ഗുണമേന്മാ പരിശോധന അനിവാര്യമാക്കുന്നതാണ് 'Schedule M'-ൽ വരുത്തുന്ന മാറ്റങ്ങൾ. എന്നാൽ, മാനദണ്ഡങ്ങൾ പുതുക്കിയാൽ മാത്രം മതിയോ? അവ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പരിശോധനാ സംവിധാനം എവിടെയാണ്? ഡ്രഗ്ഗ് ഇൻസ്​പെക്ടർമാരുടെ ‘അഭാവം’ അടക്കമുള്ള പ്രശ്നങ്ങൾ മരുന്നുകളുടെ ഗുണനിലവാര പരിശോധനയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നത് ഇപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ്. 20 കുട്ടികളുടെ മരണങ്ങളോളം വലിയ ദുരന്തം തന്നെയാണിത്.

ഇന്ത്യയിൽ 10,500- ഓളം മരുന്നു നിർമാണ യൂണിറ്റുകളുണ്ടെന്നാണ് കണക്ക്. ഇവയിൽ ഏറെയും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളാണ്. 2022 മുതൽ രാജ്യത്ത് 905 മരുന്നുനിർമാണ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പേരിൽ 694 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തെന്നും കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. വൻകിട കമ്പനികളടക്കം ഭൂരിപക്ഷം സ്ഥാപനങ്ങളും ഗുണനിലവാര പരിശോധനകൾക്കു പുറത്താണ് എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള, Coldrif- ന്റെ നിർമാണ പ്ലാന്റ് 'Schedule M'-ന്റെ ടെസ്റ്റ് ഡോസായി മാറുകയാണ്. 20-ഓളം കുട്ടികളുടെ ജീവനെടുത്ത ‘ജീവൻ സംഹാരി’യുടെ ഉൽപ്പാദകരായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ പ്ലാന്റ് കാഞ്ചീപുരത്തെ വ്യവസായ മേഖലയിലാണ്. തകര ഷീറ്റു കൊണ്ട് മേഞ്ഞ് ‘ഭദ്ര’മാക്കിയ, മാലിന്യം നിറഞ്ഞ ഷെഡിലായിരുന്നു ഈ സംഹാര മരുന്നിന്റെ ഉൽപ്പാദനം. 1990 മുതൽ പ്രവർത്തിക്കുന്ന മരുന്നുകമ്പനിയാണ് ശ്രേസൻ ഫാർമ. ഈ പ്ലാന്റ് പരിശോധനകളിലൊന്നും പെടാതെ എങ്ങനെ ‘സുരക്ഷിതമായി’ മരുന്നുൽപ്പാദിപ്പിച്ചുകൊണ്ടിരുന്നു എന്നത് ഇന്ത്യൻ മരുന്നുൽപ്പാദനമേഖലയുടെ പുഴുക്കുത്തുകളെ തുറന്നുകാട്ടുന്നു.

തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള, Coldrif- ന്റെ നിർമാണ പ്ലാന്റ്. തകര ഷീറ്റു കൊണ്ട് മേഞ്ഞ, മാലിന്യം നിറഞ്ഞ ഈ പ്ലാന്റ് പരിശോധനകളിലൊന്നും പെടാതെ എങ്ങനെ ‘സുരക്ഷിതമായി’ മരുന്നുൽപ്പാദിപ്പിച്ചുകൊണ്ടിരുന്നു എന്നത് ഇന്ത്യൻ മരുന്നുൽപ്പാദനമേഖലയുടെ പുഴുക്കുത്തുകളെ തുറന്നുകാട്ടുന്നു.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള, Coldrif- ന്റെ നിർമാണ പ്ലാന്റ്. തകര ഷീറ്റു കൊണ്ട് മേഞ്ഞ, മാലിന്യം നിറഞ്ഞ ഈ പ്ലാന്റ് പരിശോധനകളിലൊന്നും പെടാതെ എങ്ങനെ ‘സുരക്ഷിതമായി’ മരുന്നുൽപ്പാദിപ്പിച്ചുകൊണ്ടിരുന്നു എന്നത് ഇന്ത്യൻ മരുന്നുൽപ്പാദനമേഖലയുടെ പുഴുക്കുത്തുകളെ തുറന്നുകാട്ടുന്നു.

2022-ലും 2023-ലും ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്ത ചുമ സംഹാരികൾ കഴിച്ച് ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിൽ നൂറിലേറെ കുട്ടികൾ മരിച്ചിരുന്നു. 2019 ഡിസംബറിനും 2020 ജനുവരിയ്ക്കും ഇടയ്ക്ക് ജമ്മുവിൽ അഞ്ചു വയസ്സിനുതാഴെയുള്ള 12 കുട്ടികൾചുമ മരുന്ന് കഴിച്ച് മരിച്ചു. ഇപ്പോൾ 20 കുട്ടികളുടെ മരണത്തിനിടയാക്കിയ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (Diethylene Glycol) തന്നെയായിരുന്നു മുമ്പുണ്ടായ മരണങ്ങൾക്കും കാരണമായത്.

ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമിക്കുന്ന ചുമ മരുന്നാണ് വിദേശങ്ങളിൽ കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന പരാതിയെതുടർന്ന് കമ്പനിക്കെതിരെ ഹരിയാന ഡ്രഗ്ഗ് കൺട്രോളർ നടപടിയെടുത്തിരുന്നു. ഇത്രയും മരണങ്ങളുണ്ടായിട്ടും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുണ്ടായിട്ടും, ഇന്ത്യയിൽ നിർമിക്കുന്ന ചുമ സംഹാരികളുടെ ഗുണനിലവാരത്തെക്കുറിച്ചോ അവയിലെ കോമ്പിനേഷനുകളെക്കുറിച്ചോ ദേശീയതലത്തിലുള്ള പരിശോധനയുണ്ടായില്ല എന്നാണ് ഇപ്പോൾ ആവർത്തിച്ച മരണങ്ങൾ കാണിക്കുന്നത്.

മാത്രമല്ല, വൈദ്യശാസ്ത്രം അനാവശ്യമരുന്നുകളുടെ ഗണത്തിൽ പെടുത്തിയിട്ടുള്ള ചുമ സംഹാരികളുടെ ഇന്ത്യൻ വിപണി സംഹാരശക്തിയോടെ കുതിക്കുകയുമാണ്. 2024-ൽ 262 മില്യൻ ഡോളറിന്റെ ഇന്ത്യൻ ചുമമരുന്ന് വിപണി 2035 ആകുമ്പോൾ 743 മില്യൻ ഡോളറിന്റേതായി ഉയരുമെന്നാണ് മാർക്കറ്റ് റിസർച്ച് ഫ്യൂച്ചറിന്റെ കണക്ക്.

ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും പ്രാഥമിക കർത്തവ്യം രോഗികളെ ചികിത്സിക്കുകയാണ്, മരുന്നുവിൽപ്പനയല്ല. ഇപ്പോൾ, കോർപറേറ്റ് ആശുപത്രികളടക്കമുള്ളവയുടെ പ്രധാന പരിപാടി മരുന്ന് വിൽപ്പനയാണ്.

ഡ്രഗ്ഗ് ഇൻസ്​പെക്ടർമാരില്ലാത്ത കേരളം

കേരളത്തിൽ മരുന്നുകളുടെ ഗുണനിലവാര പരിശോധനയുടെ അവസ്ഥ എന്താണ്?

മരുന്നുപരിശോധനയ്ക്ക് സംസ്ഥാനത്ത് നാല് ടെസ്റ്റിങ് ലബോറട്ടറികളുണ്ട്. മുമ്പ് തിരുവനന്തപുരത്ത് ഒരു ലാബായിരുന്നു ഉണ്ടായിരുന്നത്, പുതുതായി എറണാകുളം, തൃശ്ശൂർ, കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളിൽ മൂന്ന് ലബോറട്ടറികൾ കൂടി നിലവിൽവന്നിട്ടുണ്ട്. ഒരു ലാബുണ്ടായിരുന്നപ്പോഴുള്ള ഡ്രഗ്ഗ് ഇൻസ്‌പെക്ടർമാർ മാത്രമേ ഇപ്പോഴുമുള്ളൂ. 150 ഡ്രഗ്ഗ് ഇൻസ്​പെക്ടർമാർ വേണ്ടിടത്ത് വെറും 47 പേർ. ഇവർ വിപണിയിലുള്ള എല്ലാ മരുന്നും പരിശോധിക്കുക എന്നത് അപ്രായോഗികമാണ്. ലാബുകളുണ്ടാക്കി, ലക്ഷങ്ങൾ മുടങ്ങി മെഷീനുകൾ വാങ്ങിയിട്ട്, ഇവിടേക്ക് സാമ്പിൾ എത്തിക്കാനാകുന്നില്ല. കാൽ നൂറ്റാണ്ടായിട്ടും ഒരു മാറ്റവുമില്ലാതെ തുടരുന്ന സ്റ്റാഫ് പാറ്റേണിന്റെ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനമാണ് കേരളത്തിലെ മരുന്നു ഗുണനിലവാരം ‘ഉറപ്പു’വരുത്തുന്നത്.

The Drugs and Cosmetics Act എന്ന ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് ഗുണനിലവാരപരിശോധനാ സംവിധാനം പ്രവർത്തിക്കുന്നത്. ഡ്രഗ്ഗ് ഇൻസ്‌പെക്ടമാർക്ക് കോസ്‌മെറ്റിക്‌സിന്റെ കൂടി പരിശോധന നടത്തേണ്ടതുണ്ട്. ഒരു മാസം 15 സാമ്പിൾ എടുക്കുകയാണെങ്കിൽ അതിൽ നിശ്ചിത ശതമാനം കോസ്‌മെറ്റിക്‌സും ഉണ്ടാകും. അപ്പോൾ ഡ്രഗ്ഗ് സാമ്പിളുകളുടെ അളവ് കുറയും.

2003-ൽ, വ്യാജമരുന്നുകളെയും ഗുണനിലവാരം കുറഞ്ഞ മരുന്നുകളെയും കുറിച്ച് പഠിക്കാൻ നിയോഗിച്ച ഡോ. ആർ. എ. മഷേൽക്കർ കമ്മിറ്റി, 200 മെഡിക്കൽ ഷോപ്പിന് ഒരു ഡ്രഗ്ഗ് ഇൻസ്‌പെക്ടർ വേണമെന്ന് ശുപാർശ ചെയ്തിരുന്നു. അത് നടപ്പായില്ല. കേരളത്തിൽ 20,000- ലേറെ മെഡിക്കൽ ഷോപ്പുകളുണ്ട്, നിരവധി ആശുപത്രികളും ക്ലിനിക്കുകളും ഇ.എസ്.ഐകളും ജൻ ഔഷധി കേന്ദ്രങ്ങളുമുണ്ട്. 47-ഓളം ഡ്രഗ്ഗ് ഇൻസ്​പെക്ടർമാർക്ക് ഇവിടങ്ങളിലെല്ലാം പരിശോധന നടത്തി കാര്യക്ഷമമായി സാമ്പിൾ എടുക്കുക എന്നത് ശ്രമകരമാണ്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഒരു ഡ്രഗ്ഗ് ഇൻസ്‌പെക്ടറാണുള്ളത്. ഈ ജില്ലകളുടെ വ്യാപ്തി നോക്കിയാലറിയാം, ഒരാൾക്ക് ജില്ലയിൽ എല്ലായിടത്തും എത്താനാകില്ല. പല ജില്ലകളിലും ഡ്രഗ്ഗ് ഇൻസ്‌പെക്ടർമാർക്ക് വാഹനസൗകര്യം പോലുമില്ല. വർഷത്തിൽ മിനിമം രണ്ടു തവണയെങ്കിലും ഒരു മെഡിക്കൽ ഷോപ്പിൽ പരിശോധന നടത്തേണ്ട അവസ്ഥയിലാണ് ഈ സ്ഥിതിയെന്നുകൂടി ഓർക്കണം.

ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമിക്കുന്ന ചുമ മരുന്നാണ് വിദേശങ്ങളിൽ കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന പരാതിയെതുടർന്ന് കമ്പനിക്കെതിരെ ഹരിയാന ഡ്രഗ്ഗ് കൺട്രോളർ നടപടിയെടുത്തിരുന്നു.
ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമിക്കുന്ന ചുമ മരുന്നാണ് വിദേശങ്ങളിൽ കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന പരാതിയെതുടർന്ന് കമ്പനിക്കെതിരെ ഹരിയാന ഡ്രഗ്ഗ് കൺട്രോളർ നടപടിയെടുത്തിരുന്നു.

ആശുപത്രികളുടെ
മരുന്നുകൊള്ള

മുമ്പ് ഹോസ്പിറ്റലുകളിൽ മരുന്ന് സ്‌റ്റോക്ക് ചെയ്യാറില്ല. ഇപ്പോൾ എല്ലാ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളുണ്ട്, അവിടെ മരുന്ന് സ്‌റ്റോക്ക് ചെയ്യുകയാണ്. ഭൂരിഭാഗം ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും മരുന്ന് വിൽക്കാനുള്ള ലൈസൻസ് പോലുമില്ലെന്നാണ് വിവരം. ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും പ്രാഥമിക കർത്തവ്യം രോഗികളെ ചികിത്സിക്കുകയാണ്, മരുന്നുവിൽപ്പനയല്ല. ഇപ്പോൾ, കോർപറേറ്റ് ആശുപത്രികളടക്കമുള്ളവയുടെ പ്രധാന പരിപാടി മരുന്ന് വിൽപ്പനയാണ്. അതിലൂടെയുണ്ടാക്കുന്ന ലാഭമാണ് പ്രധാന വരുമാനങ്ങളിൽ ഒന്ന്. ചില കോർപറേറ്റ് ആശുപത്രികളിൽ മരുന്നുവിൽപ്പനയുടെ കോസ്റ്റ് വർക്കൗട്ട് ചെയ്യാൻ, കമ്പനികളെപ്പോലെ ഏജന്റുകളെ വച്ചിരിക്കുകയാണ്. പല ആശുപത്രികളിലും മരുന്ന് വിൽപ്പന എന്ന ബിസിനസ് പൊടിപൊടിക്കുകയാണ്. ഓരോ ഫ്ലോറിലും ഫാർമസി സ്ഥാപിച്ച്, ഒരു പ്രിസ്‌ക്രിപ്ഷൻ പോലും പുറത്തുപോകരുത് എന്നുറപ്പിക്കുന്നു. 'ഞങ്ങൾ എല്ലാ സൗകര്യവും ഒരു റൂഫിനടിയിൽ കൊടുക്കുകയാണ്' എന്നെല്ലാം പറയുമെങ്കിലും ലാഭം മാത്രമാണ് ലക്ഷ്യം. ഈ ലാഭത്തെക്കുറിച്ചാണ് പല ആശുപത്രി മാനേജുമെന്റുകളുടെയും ഗവേഷണം.

നേരിട്ട് ഇടപാട് നടത്തുമ്പോൾ 'ഹോസ്പിറ്റൽ റേറ്റി'ലാണ് കമ്പനികൾ മരുന്ന് നൽകുക. ഒരു മരുന്നിനുതന്നെ ആശുപത്രിയ്ക്ക് ഒരു വില, പുറത്തേക്ക് മറ്റൊരു വില. എന്നാൽ, ഈ മരുന്ന് രോഗികൾക്ക് വിൽക്കുമ്പോൾ വിലയിൽ ഒരു വ്യത്യാസവുമില്ല.

ജി.എസ്.ടി സംവിധാനം വന്നതിനുശേഷം ഹോസ്പിറ്റലുകളിലെ ക്ലിനിക്കിലേക്ക് ഏത് സംസ്ഥാനത്തുനിന്നും മരുന്ന് എത്തിക്കാനാകും. അതിന് നിയന്ത്രണമില്ല. ഉദാഹരണത്തിന്, ദൽഹിയിലുള്ള ഒരു കമ്പനിയ്ക്ക് ആശുപത്രി ക്ലിനിക്കുകളിലേക്ക് നേരിട്ട് മരുന്ന് എത്തിക്കാം. ആ കമ്പനി വ്യാജനാണോ അല്ലയോ എന്ന പരിശോധന നടക്കുന്നില്ല. ബിസിനസ് ആംഗിൾ മാത്രമാണ് പരിഗണന.
നേരിട്ട് ഇടപാട് നടത്തുമ്പോൾ 'ഹോസ്പിറ്റൽ റേറ്റി'ലാണ് കമ്പനികൾ മരുന്ന് നൽകുക. ഒരു മരുന്നിനുതന്നെ ആശുപത്രിയ്ക്ക് ഒരു വില, പുറത്തേക്ക് മറ്റൊരു വില. എന്നാൽ, ഈ മരുന്ന് രോഗികൾക്ക് വിൽക്കുമ്പോൾ വിലയിൽ ഒരു വ്യത്യാസവുമില്ല. MRP 100 രൂപയുള്ള മരുന്ന് ആശുപത്രിയിൽനിന്ന് അതേ വിലയ്ക്കായിരിക്കും രോഗിക്ക് നൽകുക. ചില മെഡിക്കൽ ഷോപ്പുകളാണ്, അവരുടെ ലാഭത്തിൽനിന്ന് അൽപമെങ്കിലും വില കുറച്ച് കൊടുക്കുക.

Kerala State Drugs & Pharmaceuticals Ltd എന്ന കമ്പനിയ്ക്ക് കേരളത്തിനാവശ്യമായ എല്ലാ മരുന്നും ഉൽപ്പാദിപ്പിക്കാനാകില്ല. ഇനി, ഉൽപ്പാദിപ്പിക്കുകയാണെന്നുതന്നെ വെക്കുക, ഡോക്ടർമാർ ഈ മരുന്നുകൾ എഴുതണമെന്നുമില്ല. ജനറിക് നെയിമിൽ മരുന്ന് എഴുതണമെന്ന നിർദേശം ഭൂരിപക്ഷം ഡോക്ടർമാരും പാലിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന മിക്കവാറും ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകളേ എഴുതാറുമുള്ളൂ.

സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുന്നത് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എന്ന സംവിധാനം മുഖേനയാണ്. മുമ്പുണ്ടായിരുന്ന സെൻട്രൽ പർച്ചേസ് കമ്മിറ്റി എന്ന സംവിധാനത്തിൽ അഴിമതിയെ തുടർന്നാണ് പുതിയ സംവിധാനത്തിലേക്കു വന്നത്. ഇവിടെ ടെണ്ടർ രീതിയിലാണ് മരുന്ന് വാങ്ങുന്നത്. അതുകൊണ്ട് ഒരു മരുന്നിന് ഇത്ര രൂപ എന്ന ബെഞ്ച്മാർക്ക് നിശ്ചയിക്കാനാകില്ല. ഒരു കമ്പനി അഞ്ചു രൂപയ്ക്ക് നൽകുന്ന മരുന്ന് നാലു രൂപയ്ക്ക് തരാം എന്ന് മറ്റൊരു കമ്പനി പറഞ്ഞാൽ, വില കുറവിന് ആ മരുന്ന് വാങ്ങേണ്ടിവരും. അല്ലെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ, കൂടിയ വിലയ്ക്ക് മരുന്നു വാങ്ങി എന്ന ക്രമക്കേട് ആരോപിക്കപ്പെടാമെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

Kerala State Drugs & Pharmaceuticals Ltd എന്ന കമ്പനിയ്ക്ക് കേരളത്തിനാവശ്യമായ എല്ലാ മരുന്നും ഉൽപ്പാദിപ്പിക്കാനാകില്ല.
Kerala State Drugs & Pharmaceuticals Ltd എന്ന കമ്പനിയ്ക്ക് കേരളത്തിനാവശ്യമായ എല്ലാ മരുന്നും ഉൽപ്പാദിപ്പിക്കാനാകില്ല.

കോമ്പിനേഷൻ മരുന്നുകളും
ചില പ്രതിസന്ധികളും

മരുന്നുകളുടെ ഗുണനിലവാരപരിശോധനയിൽ കേ​ന്ദ്ര- സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രധാന പ്രശ്നമാണ്. സംസ്ഥാനങ്ങൾ തമ്മിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പം രൂക്ഷമാണ്.

മുൻ സ്റ്റേറ്റ് ഡ്രഗ്ഗ് കൺട്രോളർ ഡോ. രവി എസ്. മേനോൻ ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്: ‘‘ഓരോ സംസ്ഥാനത്തുമുള്ള കൺട്രോളർമാർ കുറെ മരുന്നുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഡ്രഗ്ഗ് കൺട്രോളർ അനുമതി നൽകിയ കോമ്പിനേഷൻ മരുന്നിന് കേരളത്തിൽ അനുമതി നിഷേധിച്ചാൽ, അത് ഇവിടുത്തെ വ്യവസായത്തെ തകർക്കുകയാണ് എന്ന ആരോപണമുണ്ടാകും. അതുകൊണ്ട് ഒരു ഡ്രഗ്ഗ് കൺട്രോളർ അനുമതി നൽകിയ മരുന്നിന് മറ്റൊരു ഡ്രഗ്ഗ് കൺട്രോളർക്ക് അനുമതി നൽകേണ്ട സ്ഥിതിയാണ്’’- ഡോ. രവി എസ്. ​മേനോൻ പറയുന്നു.

മരുന്നുകളുടെ എണ്ണവും കോമ്പിനേഷനുകളും ഏറെ വർധിച്ചതിനാൽ ഓരോ ബാച്ചിലെയും ഓരോ മരുന്നും പരിശോധിക്കുക ശ്രമകരമാണെന്ന് ഡോ. രവി എസ്. മേനോൻ ട്രൂകോപ്പി വെബ്സീനിനോട് പറഞ്ഞു: ‘‘യഥാർത്ഥത്തിൽ ഇത്ര കോമ്പിനേഷനുകളുടെ ആവശ്യമില്ല. ഇവ ഡിമാന്റ് ചെയ്യുന്നത് മാർക്കറ്റാണ് എന്നതാണ് പ്രശ്‌നം. നേരത്തെ തന്നെ നിരവധി കോമ്പിനേഷൻ മരുന്നുകൾ ഇന്ത്യൻ വിപണിയിലുണ്ട്. കോമ്പിനേഷൻ മരുന്നുകൾക്ക് അനുമതി നൽകുന്നതിൽ കേന്ദ്രീകൃത സംവിധാനമുണ്ടായിരുന്നില്ല.
മുപ്പതും നാൽപ്പതും വർഷം ഉപയോഗിച്ചുവരുന്ന ഒരു കോമ്പിനേഷൻ മരുന്നിനെതിരെ ഇന്ന് ഡ്രഗ്ഗ് കൺട്രോളർക്ക് നടപടിയെടുക്കാനാകില്ല, കമ്പനികൾ കോടതിയിൽ പോകും’’.

‘‘തമിഴ്‌നാട്ടിലെ ഡ്രഗ്ഗ് കൺട്രോളർ അനുമതി നൽകിയ കോമ്പിനേഷൻ മരുന്നിന് കേരളത്തിൽ അനുമതി നിഷേധിച്ചാൽ, അത് ഇവിടുത്തെ വ്യവസായത്തെ തകർക്കുകയാണ് എന്ന ആരോപണമുണ്ടാകും. അതുകൊണ്ട് ഒരു ഡ്രഗ്ഗ് കൺട്രോളർ അനുമതി നൽകിയ മരുന്നിന് മറ്റൊരു ഡ്രഗ്ഗ് കൺട്രോളർക്ക് അനുമതി നൽകേണ്ട സ്ഥിതിയാണ്’’.

കോമ്പിനേഷൻ മരുന്നുകളുടെ ആധിക്യം പരിശോധനാ സംവിധാനത്തെ സങ്കീർണമാക്കുന്നതിൽ ഒരു ഘടകമാണ്. അത്തരം മരുന്നുകൾക്ക് പ്രത്യേകമായ ടെസ്റ്റിങ് മെത്തേഡ് ഉണ്ടെങ്കിൽ അത് കമ്പനി തന്നെയാണ് തരേണ്ടത് എന്ന് ഡോ. രവി എസ്. മേനോൻ പറയുന്നു: ‘‘മരുന്നുകളുടെ ഗുണനിലവാര പരിശോധനയെക്കുറിച്ച് The Indian Pharmacopoeia (IP) എന്ന പുസ്തകം കൃത്യമായ മാർഗനിർദ്ദേശം നൽകുന്നുണ്ട്. ഉദാഹരണത്തിന്, പാരസെറ്റമോൾ ടാബ്‌ലറ്റിന് ഇന്നയിന്ന കാര്യങ്ങൾ വേണം എന്ന് Indian Pharmacopoeia- യിലുണ്ട്. എന്നാൽ, പാരസെറ്റമോളിനോടൊപ്പം മറ്റു മരുന്നുകൾ ചേർത്തുണ്ടാക്കുന്ന കോമ്പിനേഷനുകൾ Indian Pharmacopoeia-ൽ ഉണ്ടാകില്ല. അപ്പോൾ ഇത്തരം മരുന്നുകളുടെ പരിശോധനയുടെ മെത്തേഡിനുവേണ്ടി അനലിസ്റ്റുകൾ കമ്പനിയ്ക്ക് എഴുതേണ്ടിവരും. കമ്പനി കൃത്യമായി മറുപടി നൽകിയില്ലെങ്കിൽ, പരിശോധന വൈകും. കേരളത്തിൽ വിൽക്കുന്നവയിൽ 99 ശതമാനം മരുന്നും പുറത്തുനിന്നാണ് വരുന്നത്. ഹിമാചൽ പ്രദേശിലോ ആസാമിലോ ഉള്ള കമ്പനിയിലേക്ക് പരിശോധനാ മെത്തേഡിനെക്കുറിച്ച് അറിയാൻ എഴുതുന്നു, അവർ മറുപടി നൽകുന്നില്ല. നമ്മുടെ കൈവശമുള്ള ഏതെങ്കിലും മെത്തേഡ് ഉപയോഗിച്ച് പരിശോധിച്ചാൽ കമ്പനികൾക്ക് കോടതിയിൽ പോകാൻ പറ്റും’’- ഡോ. രവി എസ്. ​മേനോൻ പറയുന്നു.

മുൻ സ്റ്റേറ്റ് ഡ്രഗ്ഗ് കൺട്രോളർ ഡോ. രവി എസ്. മേനോൻ
മുൻ സ്റ്റേറ്റ് ഡ്രഗ്ഗ് കൺട്രോളർ ഡോ. രവി എസ്. മേനോൻ

coldrif എന്ന കോൾഡ് സിറപ്പിൽ ചുമ കുറയ്ക്കാനുള്ള ഒരു ഇൻഗ്രീഡിയന്റുമില്ല. പനിയ്ക്കും മൂക്കൊലിപ്പിനും അലർജിക്കുമുള്ള Chlorpheniramine Maleate, Paracetamol, Phenylephrine എന്നീ ഘടകങ്ങളാണുള്ളത്. ഇത് ചുമ മരുന്നായാണ് വിൽക്കുന്നത്. അപകടകരമായ Diethylene Glycol എന്ന രാസവസ്തു 48 ശതമാനത്തോളമായിരുന്നു ഈ മരുന്നിലുണ്ടായിരുന്നത്. എന്തിനാണ് ഇത്ര ഉയർന്ന അളവിൽ Diethylene Glycol ചേർത്തത് എന്ന് കമ്പനിയ്ക്ക് ഇതുവരെ വിശദീകരിക്കാനായിട്ടില്ല.

‘PROUD’, അഭിമാന പദ്ധതി

മരുന്നുകളുടെ ഗുണനിലവാര പരിശോധനയെപ്പോലെ പ്രധാനമാണ്, ഉപയോഗശൂന്യമായ മരുന്നുകളുടെ സംസ്കരണവും. ഉപയോഗശൂന്യമായ മരുന്നുകൾ അലസമായി കൈകാര്യം ​ചെയ്യുന്നതുമൂലം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം കൂടി ഇതോടൊപ്പം പരിശോധിക്കേണ്ടതാണ്.

കാലാവധി കഴിഞ്ഞതും ഉപയോഗിച്ചു ബാക്കിവന്നതുമായ മരുന്നുകൾ എന്തുചെയ്യണമെന്ന് അധികം പേർക്കും അറിയില്ല. വലിച്ചെറിയുകയോ മറ്റു സാധനങ്ങൾക്കൊപ്പം കത്തിക്കുകയോ ആണ് പതിവ്. ഇത് പരിസ്ഥിതിയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.

2017-ൽ, ‘PROUD’ (Programme on Removal of Unused Drugs) എന്നൊരു പദ്ധതി ആവിഷ്കരിച്ചിരുന്നു. അന്ന് ഡോ. രവി എസ്. മേനോനായിരുന്നു സ്റ്റേറ്റ് ഡ്രഗ്ഗ് കൺട്രോളർ. ബയോ മെഡിക്കൽ വേസ്റ്റ് മാനേജുമെന്റ് എന്ന സിസ്റ്റത്തിലൂടെ മരുന്നുകൾ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചതാണ് ‘PROUD’. തിരുവനന്തപുരം ജില്ലയിലെ 200-ഓളം തെരഞ്ഞെടുത്ത മെഡിക്കൽ ഷോപ്പുകൾക്കു മുന്നിൽ ഒരു ബോക്‌സ് വച്ചു. ഇതിൽ ആർക്കുവേണമെങ്കിലും ഉപയോഗിക്കാത്ത മരുന്ന് നിക്ഷേപിക്കാം. ഇവ ശേഖരിച്ച് ബയോ മെഡിക്കൽ വേസ്റ്റ് മാനേജുമെന്റ് സംവിധാനത്തിലൂടെ നശിപ്പിക്കുകയാണ് ചെയ്തത്. ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ ഫണ്ട് നൽകിയിരുന്നു. നാഷനൽ ഹെൽത്ത് മിഷന്റെയും അംഗീകാരമുണ്ടായിരുന്നു. ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ പദ്ധതി തുടങ്ങിയിരുന്നു. കേരളത്തിൽ പിന്നീട് ഈ പദ്ധതിയ്ക്ക് തുടർച്ചയുണ്ടായില്ല. ഇപ്പോൾ വീണ്ടും തുടങ്ങാനുള്ള ആലോചനയുണ്ട്.

കാലാവധി കഴിഞ്ഞതും ഉപയോഗിച്ചു ബാക്കിവന്നതുമായ മരുന്നുകൾ സംസ്കരിക്കാൻ  2017-ൽ, ‘PROUD’ (Programme on Removal of Unused Drugs) എന്നൊരു പദ്ധതി ആവിഷ്കരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ 200-ഓളം തെരഞ്ഞെടുത്ത മെഡിക്കൽ ഷോപ്പുകൾക്കു മുന്നിൽ ഒരു ബോക്‌സ് വച്ചു. ഇതിൽ ആർക്കുവേണമെങ്കിലും ഉപയോഗിക്കാത്ത മരുന്ന് നിക്ഷേപിക്കാം.
കാലാവധി കഴിഞ്ഞതും ഉപയോഗിച്ചു ബാക്കിവന്നതുമായ മരുന്നുകൾ സംസ്കരിക്കാൻ 2017-ൽ, ‘PROUD’ (Programme on Removal of Unused Drugs) എന്നൊരു പദ്ധതി ആവിഷ്കരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ 200-ഓളം തെരഞ്ഞെടുത്ത മെഡിക്കൽ ഷോപ്പുകൾക്കു മുന്നിൽ ഒരു ബോക്‌സ് വച്ചു. ഇതിൽ ആർക്കുവേണമെങ്കിലും ഉപയോഗിക്കാത്ത മരുന്ന് നിക്ഷേപിക്കാം.

മരുന്നുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതും ഗുണനിലവാര പരിശോധനയും ‘സിസ്റ്റ’ത്തിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1980- കൾ മുതൽ ദേശീയതലത്തിൽ ജനകീയ ആരോഗ്യപ്രവർത്തകരുടെ മുൻകൈയിൽ ജനകീയ ഔഷധനയത്തിനുവേണ്ടിയുള്ള കാമ്പയിൻ നടക്കുന്നുണ്ട്. ഇത്, ഇന്ത്യൻ ഔഷധമേഖലയിൽ ഏറെ ഗുണഫലങ്ങളുമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ സർക്കാറിന്റെ കോർപറേറ്റ് ചങ്ങാത്തനയങ്ങൾ ഔഷധമേഖലയിലെ എല്ലാ ചെറുത്തുനിൽപ്പുകളെയും റദ്ദാക്കുംവിധം ഭീകരമായി വളരുകയാണ്. കേന്ദ്ര സർക്കാറിന്റെ നയപരമായ വീഴ്ചകളുടെ ഇരകളായി മാറുകയാണ്, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ.


Summary: Serious issues ranging from the lack of drug inspectors for quality testing to undesirable marketization in the pharmaceutical industry deserve urgent attention. K Kannan writes


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments