കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭാഗികമായി വാക്‌സിനുകളെ അതിജീവിക്കുമെന്ന് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്ധ സമിതിയുടെ അധ്യക്ഷൻ ഡോ. ബി. ഇക്ബാൽ. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും നാല്പത് കഴിഞ്ഞവരിൽ പലർക്കും വാക്സിൻ നൽകിയിട്ട് ഒരു വർഷമാകുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് നൽകേണ്ടത് അനിവാര്യമാണെന്നും ട്രൂകോപ്പി വെബ്സീനിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം പാക്കറ്റ് 55 ൽ വായിക്കാം.
ആദ്യഘട്ടത്തിൽ വാക്‌സിൻ എടുത്തവരുടെ പ്രതിരോധം കുറഞ്ഞ് (Immune Decay) കാണും. അതുകൊണ്ടാണ് ബൂസ്റ്റർ നൽകുന്നത്. പ്രതിരോധം കുറഞ്ഞാൽ ഏത് വൈറസ് വകഭേദവും ബാധിക്കാം. ഇപ്പോൾ ലഭ്യമായ വാക്സിനുകളിൽ മിക്കവയും ബൂസ്റ്ററായി നൽകാമെന്ന് തെളിഞ്ഞിട്ടുണ്ട്. കോവാക്സിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഡൽറ്റയുടെ കാര്യത്തിലെന്ന പോലെ ഭാഗികമായ വാക്സിൻ അതിജീവനശേഷി മാത്രമാണ് ഒമിക്രോണിനുമുള്ളത്. ഇപ്പോഴുള്ള വൈറസ് വകഭേദങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന പുതിയ വാക്സിനുകൾ താമസിയാതെ കണ്ടെത്താനാവും. ഫ്ളൂ വൈറസിന്റെ കാര്യത്തിലെന്നപോലെ വർഷം തോറും വാക്സിനെടുക്കേണ്ടി വന്നേക്കാം. വാക്സിനിലൂടെ എത്രനാൾ പ്രതിരോധം നിലനിർത്താൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇക്കാര്യം നിശ്ചയിക്കേണ്ടത്.
സങ്കുചിതമായ വാക്സിൻ ദേശീയതയുടെ സ്ഥാനത്ത് ലോകരാജ്യങ്ങളുടെ സഹകരണത്തോടെ വളർത്തിയെടുക്കേണ്ട വാക്സിൻ സാർവദേശീയത (Vaccine Internationalism) വളർന്നുവരുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ 'കോവാക്സ്' അത്തരം ഒരു സംരംഭമാണ്. ഇതിനുപുറമേ സന്നദ്ധസംഘടനകളും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളും വിവിധ രാജ്യങ്ങളിൽ വാക്സിൻ അസമത്വത്തിനെതിരെ സാർവദേശീയ ഐക്യദാർഢ്യത്തിനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പുരോഗമന പ്രസ്ഥാനങ്ങളുടെ ആഗോള കൂട്ടായ്മയായ പ്രോഗസ്സീവ് ഇന്റർനാഷണൽ (Progressive International) ആരോഗ്യമേഖലയിലെ വൻകിട മരുന്ന് നിർമാണകമ്പനികളുടെ സ്വാധീനം നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ നിർമിക്കാനാവണമെന്നും വാക്സിൻ അസമത്വം ഒഴിവാക്കി വാക്സിൻ എല്ലാവരും ആവശ്യക്കാർക്ക് പങ്കിടണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ബ്രിട്ടൻ, കാനഡ, ന്യൂസിലൻഡ്,എന്നീ വികസിതരാജ്യങ്ങളിൽ നിന്നും ക്യൂബ, ബൊളിവിയ, അർജന്റീന, മെക്സിക്കോ, കെനിയ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള സഖ്യസംഘടനകൾ പ്രോഗ്രസ്സീവ് ഇന്റർനാഷണലിന്റെ ‘എല്ലാവർക്കും വാക്സിൻ' എന്ന സംരംഭത്തിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാക്സിനുമേലുള്ള പേറ്റന്റ് നിബന്ധനയും കുത്തക വിപണനാധികാരവും നീക്കം ചെയ്ത് വാക്സിൻ ഉല്പാദിപ്പിക്കാൻ മറ്റുള്ളവർക്ക് അധികാരം നൽകേണ്ടത് വാക്സിൻ സാർവദേശീയത വളർത്തിയെടുക്കാൻ ആവശ്യമാണ്- ഡോ. ബി. ഇക്ബാൽ പ റഞ്ഞു.
പുതിയ വൈറസ് വകഭേദങ്ങൾക്ക് വാക്‌സിൻ അസമത്വവും കാരണമാണ്
ഡോ. ബി. ഇക്ബാൽ / കെ. കണ്ണൻ
ട്രൂകോപ്പി വെബ്‌സീനിൽ വായിക്കാം