ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ, കണ്ണടയ്ക്കുന്ന പൊതുസമൂഹം

കോവിഡ് ഡ്യൂട്ടിക്കിടയിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിന്, മരിച്ച രോഗിയുടെ മകനായ പൊലീസുകാരന്റെ മർദ്ദനമേറ്റ സംഭവത്തെതുടർന്ന്​, ഡോക്ടർമാർക്കെതിരെ വർധിച്ചുവരുന്ന ആക്രമണം ചർച്ചാവിഷയമായിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനെതുടർന്നാണ് ഡോ. രാഹുൽ മാത്യു മർദ്ദനത്തിനിരയായത്. ഡോക്ടർമാർ സമരം ചെയ്ത് പ്രതിഷേധിച്ചുവെങ്കിലും സർവീസിൽനിന്ന് രാജിവെക്കുന്നുവെന്ന് രാഹുൽ മാത്യു ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനുവിട്ടത്.
കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. ആശുപത്രിയിലെത്തുന്നതിനുമുമ്പ് മരണം സംഭവിച്ചതായി, പരിശോധനക്കുശേഷം സ്ഥിരീകരിച്ചു. ഇക്കാര്യം കൂടെയുള്ളവരെ അറിയിച്ചപ്പോൾ അവർ ഡോ. രാഹുലിനെ ഭീഷണിപ്പെടുത്തി. തുടർന്നാണ്, മരിച്ച സ്ത്രീയുടെ മകൻ അഭിലാഷ് ഡ്യൂട്ടി റൂമിലേക്ക് കയറിവന്ന് ഡോക്ടറെ മർദ്ദിച്ചത്. ഡോക്ടർമാർ ദിവസങ്ങളോളം പ്രതിഷേധിച്ചിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ പ്രതിക്ക് ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ എസ്.എഫ്.ഐ നേതൃത്വനിരയിൽ ഉണ്ടായിരുന്ന ആളാണ് രാഹുൽ മാത്യു. നാലുതവണ യു.യു.സി ആയിരുന്നു. കേരള മെഡിക്കോസ് പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ (KMPGA) സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്.
ഡോക്ടർമാർക്കുനേരെയുള്ള അതിക്രമങ്ങളിൽ പൊതുസമൂഹവും അധികാരികളും പുലർത്തുന്ന നിസ്സംഗതക്കെതിരെ ഡോക്‌ടേഴ്‌സ് ദിനത്തിൽ ഒരു ഓർമപ്പെടുത്തൽ.

ജൂലൈ ഒന്ന് ദേശീയതലത്തിൽ ഡോക്ടർമാരുടെ ദിനമായി ആചരിക്കുകയാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്ഥാപക പ്രസിഡന്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവുമാണ് ജൂലൈ ഒന്ന്. മികച്ച ഡോക്ടർ എന്ന നിലയിൽ മാത്രമല്ല ഡോ. ബിധൻ ചന്ദ്രറോയ് നമ്മുടെ ഹൃദയത്തിലുള്ളത്, മറിച്ച് ബംഗാളിന്റെ മുൻ മുഖ്യമന്ത്രി, സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലകളിലും വഹിച്ച സ്തുത്യർഹമായ സേവനങ്ങൾ ഇന്ത്യയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൊതുസമൂഹത്തിന് ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങളെയും സംഭാവനകളേയും ഓർമിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ഈ ദിനാചരണം.

ഡോ. ബിധൻ ചന്ദ്രറോയ്
ഡോ. ബിധൻ ചന്ദ്രറോയ്

കോവിഡ്- 19 മഹാമാരിയുടെ കെടുതികളിൽ രാജ്യം പകച്ചുനിൽക്കുകയും ആരോഗ്യപ്രവർത്തകർ നീണ്ട 18 മാസത്തെ അക്ഷീണ പരിശ്രമത്തിൽ മുഴുകി നിൽക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിനം ആചരിക്കപ്പെടുന്നത്. അതിലേറെ ആശ്ചര്യജനകവും പ്രതിഷേധാർഹവുമായ കാര്യം ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ വർദ്ധനയും അതിനുനേരെയുള്ള പൊതുസമൂഹത്തിന്റെ കണ്ണടയ്ക്കലുമാണ്.
ഡോക്ടർമാർ ആശുപത്രി ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്ന് ചികിത്സ നടത്തേണ്ടവർ മാത്രമാണെന്ന ധാരണയാണ് പൊതുസമൂഹത്തിൽ കണ്ടുവരുന്നത്. ദൈവത്തിനുശേഷമുള്ള രക്ഷകൻ എന്ന പരിവേഷത്തിൽ നിന്ന് ജോലിസ്ഥലങ്ങളിൽ ആക്രമിക്കപ്പെടുന്നവരെന്ന സ്ഥിതിവിശേഷത്തിലേയ്ക്കുള്ള പരിണാമം ഡോക്ടർ - രോഗി ബന്ധങ്ങളിലും ചികിത്സാരംഗത്തും വളരെ കലുഷിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

രോഗനിർണയം, ചികിത്സ എന്നിവ നിമിഷങ്ങൾ മുതൽ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ചെയ്യുന്ന ഡോക്ടർമാർ ഏർപ്പെട്ടിരിക്കുന്നത് സങ്കീർണമായ ധൈഷണിക - പ്രായോഗിക തലങ്ങളിലുള്ള പ്രക്രിയയിലാണെന്ന് സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ. ഡോക്ടർമാരും മനുഷ്യരാണെന്നും മറ്റേതു തൊഴിൽ മേഖലകളിലുള്ളവരെപ്പോലെ അവർക്കും പരിമിതികളുണ്ടെന്നും, പരിഗണന നൽകേണ്ടതുണ്ടെന്നും അറിയേണ്ടതുണ്ട്.

സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഡോക്ടർമാരുടെ പങ്കിനെക്കുറിച്ചുള്ള നേതൃത്വപരമായ സംഭാവനകളെക്കുറിച്ച് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തെ പുരോഗതിയും കുതിച്ചുചാട്ടവും ചർച്ച ചെയ്യുമ്പോൾ പോലും സാമൂഹ്യ-സാക്ഷരത-അവകാശ ബോധങ്ങൾക്കൊപ്പം മെഡിക്കൽ സമൂഹത്തിന്റെ നിസ്സീമവും നിസ്തുലവുമായ സേവനം വേണ്ടത്ര എടുത്തു കാണിക്കുന്നതിൽ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിമുഖത കാണിക്കുകയാണ്. മൂന്നുവർഷം മുമ്പുണ്ടായ നിപ്പ പകർച്ചപ്പനിയും, രണ്ടു വർഷമായി വെല്ലുവിളിയുയർത്തുന്ന കോവിഡ് മഹാമാരിയും വേണ്ടി വന്നു വൈദ്യസമൂഹത്തിന്റെ സേവനം പൊതുജന ശ്രദ്ധയിൽപ്പെടാൻ. ആശുപത്രികളുടേയും, ക്ലിനിക്കുകളുടേയും ചുമരുകൾക്കുള്ളിൽ ജീവിതം ഹോമിക്കപ്പെടുവാൻ വിധിക്കപ്പെട്ടവരായി മെഡിക്കൽ സമൂഹം മാറ്റപ്പെടുകയും ചെയ്തു.

ഒരുപാട് പരിമിതികളിലൂന്നി പ്രവർത്തിക്കുമ്പോൾപ്പോലും രോഗികളുടെയും, രോഗീബന്ധുക്കളുടെയും ഭീഷണി, കയ്യേറ്റം എന്നിവയ്ക്ക് ഡോക്ടർമാർ വിധേയരാകുന്നത് ഈയടുത്ത കാലത്ത് വളരെ വർദ്ധിച്ചതായി കാണാം. രോഗിയുടെ ആരോഗ്യസ്ഥിതി വഷളായാലോ, ജീവഹാനി സംഭവിച്ചാലോ ഡോക്ടർമാരെ ആക്രമിക്കുന്ന പ്രവണത പൊതുസമൂഹത്തിൽ കൂടി വരുന്നത് ആരോഗ്യ ചികിത്സാ രംഗത്തെ കലുഷിതമാക്കുന്നുണ്ട്. രോഗനിർണയ സംവിധാനങ്ങൾ കൂടുതൽ ഉപയോഗിച്ച് ചികിത്സ കുറ്റമറ്റതാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ പോലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മാനുഷിക വിഭവശേഷിയുടെ കുറവ്, നൈപുണ്യ വികസനത്തിനുവേണ്ട പരിശീലനത്തിന്റെ അപര്യാപ്തത എന്നിവയെല്ലാം പലപ്പോഴും രോഗീ- ഡോക്ടർ ബന്ധം വഷളാക്കുന്നുണ്ട്. എന്നാൽ മെഡിക്കൽരംഗത്തുള്ളവർക്കും മറ്റു തൊഴിൽ മേഖലയിലുള്ളവർക്കു ലഭിക്കുന്നതുപോലെ നിർഭയരായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

പലപ്പോഴും രോഗനിർണയവും ചികിത്സയും പഴുതടച്ചതാക്കുന്നതിനുവേണ്ട സാഹചര്യമൊരുക്കേണ്ട ഭരണകൂടങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം ഡോക്ടർമാരുടെയും മറ്റാരോഗ്യ പ്രവർത്തകരുടെയും തലയിൽ കെട്ടിവെച്ച് നിഷ്‌ക്കളങ്കരായി കൈകെട്ടി നിൽക്കുന്ന കാഴ്ചയാണ് നമ്മുടെ മുൻപിൽ.
ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി മാറ്റുകയും, ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമികൾക്കെതിരെ 24 മണിക്കുറിനുള്ളിൽ കേസെടുത്ത് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. ഇതിന് ക്രമസമാധാനപാലകർ തയ്യാറാകുന്നില്ലെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കണം. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്ത 52 ഓളം കേസുകളിൽ രണ്ടു കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

ചികിത്സകന്റെ കഴുത്തിന് വാളോങ്ങി ആരോഗ്യരംഗം മുന്നോട്ടു കൊണ്ടുപോകാനാകില്ല. സങ്കീർണമായ രോഗങ്ങൾക്കുപോലും നിമിഷങ്ങൾക്കുള്ളിൽ രോഗനിർണയം നടത്തി ചികിത്സാ തീരുമാനത്തിലെത്തുന്ന ഡോക്ടർമാർ ചെയ്യുന്നത് ധൈഷണിക തലത്തിലെ ഉന്നതമായ പ്രവർത്തിയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനില്ലാതെ പോകുന്നത്, പ്രതിരോധതല ചികിത്സ (Defensive Medicine) പ്രാക്ടീസ് ചെയ്യുന്നതിലേയ്ക്ക് വൈദ്യസമൂഹത്തെ കൊണ്ടെത്തിക്കുമെന്നതിൽ സംശയമില്ല. മെഡിക്കൽ രംഗത്തെ പ്രൊഫഷൻ എന്നതിൽ നിന്നുമാറി തൊഴിലായി കണക്കാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതര തൊഴിൽ മേഖലകളിൽ നടപ്പാക്കുന്ന രീതികൾ- ജോലി സമയക്രമം, ജോലി സ്ഥിരത, വിശ്രമം, ലീവ് ആനുകൂല്യങ്ങൾ, അധിക ജോലി വേതനം എന്നിവയ്ക്കു പുറമേ ഖനി, ഫയർഫോഴ്സ് തുടങ്ങിയ അധിക അപകടമേഖലയിലുള്ളവരോടൊപ്പം ഡോക്ടർമാരെയും മറ്റാരോഗ്യ പ്രവർത്തകരേയും ഉൾപ്പെടുത്തി അപകട ജോലി അലവൻസ്, സമ്പൂർണ സൗജന്യ ചികിത്സ, സാമൂഹ്യ സുരക്ഷാ പെൻഷൻ- ഇവിടെയും നടപ്പാക്കേണ്ടതുണ്ട്. ആശുപത്രിയിൽ ജോലി ചെയ്ത് രോഗിയിൽ നിന്ന് ഡോക്ടർക്ക് രോഗം പകർന്നാൽപ്പോലും സ്വന്തം ചെലവിൽ ചികിത്സ നടത്തേണ്ട സ്ഥിതിയാണ് ഡോക്ടർമാർക്കിപ്പോഴുള്ളത്. ഇതിനായി പ്രത്യേക ആരോഗ്യ പ്രവർത്തക ചികിത്സാ പദ്ധതി സർക്കാർ നടപ്പാക്കണം. ഡോക്ടർ ജോലിയിലിരിക്കെ രോഗം മൂലം വൈകല്യമനുഭവിക്കേണ്ടി വന്നാൽ സാമ്പത്തിക സഹായം, പെൻഷൻ എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്.

ആശുപത്രി സംരക്ഷണനിയമം ദേശീയതലത്തിൽ കൊണ്ടുവരികയും ആശുപത്രികൾക്കും, ഡോക്ടർമാർക്കും നേരെയുള്ള അക്രമങ്ങളിൽ 24 മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അമ്പേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളാക്കുകയും ചെയ്യുന്നതിനുവേണ്ട ഭേദഗതി ആശുപത്രി സംരക്ഷണ നിയമത്തിൽ കൊണ്ടുവരണം. മാത്രമല്ല, എപ്പിഡമിക് ഡിസീസ് കൺട്രോൾ ആക്റ്റിലെ വകുപ്പുകൾകൂടി ചേർത്ത് ആശുപത്രി സംരക്ഷണനിയമം ശക്തിപ്പെടുത്തണം.
ആരോഗ്യ സൂചികകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ നാം മുന്നേറിയെന്നഭിമാനിക്കുമ്പോൾത്തന്നെ ഡോക്ടർമാർ, മറ്റാരോഗ്യ പ്രവർത്തകർ എന്നിവർക്കുള്ള പിന്തുണയുടെ കാര്യത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വളരെ പുറകിലാണ്. ജീവിക്കാനും സ്വതന്ത്രവും ഭയരഹിതവുമായി ജോലി ചെയ്യാനുമുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പു നൽകുമ്പോൾത്തന്നെയാണ് രാപ്പകൽ ജീവൻ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കു നേരെ ആക്രമണങ്ങളും മറ്റു നീതി നിഷേധങ്ങളും വർധിക്കുന്നത്.

തുല്യതയ്ക്കുവേണ്ടി ആധുനിക സമൂഹത്തിൽ ഒട്ടനവധി നയങ്ങളും പദ്ധതികളും പരിപാടികളും നടപ്പാക്കപ്പെടുമ്പോഴാണ് തികച്ചും പ്രാകൃതമായ ആക്രമണങ്ങൾ ജനനത്തിന്റേയും മരണത്തിന്റെയും സാക്ഷിയാകുന്ന ആശുപത്രികളിൽ അരങ്ങേറുന്നത്. പൊതുസമൂഹത്തിന്റേയും രാഷട്രീയ പ്രസ്ഥാനങ്ങളുടെയും ഇതിനോടുള്ള അയഞ്ഞ സമീപനം അക്ഷന്തവ്യമായ അപരാധമാണ്. മെഡിക്കൽരംഗത്തെ മറ്റൊരു തൊഴിൽരംഗമായും ഡോക്ടർമാരെ ആരോഗ്യ ചികിത്സാ തൊഴിലാളികളായും കാണാൻ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട്. ഭയരഹിതരായും, നിഷ്പക്ഷമായും, നൈതികമായും ചികിത്സ നൽകാൻ വേണ്ട സാഹചര്യം സമൂഹം ഒരുക്കേണ്ടതുണ്ട്.

ഏതൊരു പൗരനും ഭരണഘടന ഉറപ്പു നൽകുന്ന നിർഭയമായും, പക്ഷപാതപരമായും, നീതിപൂവ്വകമായും ജോലി ചെയ്യുവാനുള്ള അവകാശം ഡോക്ടർമാർക്കും ഉറപ്പു വരുത്തുന്നതിന് സർക്കാർ നിയമ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഡോക്ടർമാർ മാത്രമല്ല എല്ലാ ആരോഗ്യപ്രവർത്തകരും പൊതുസമൂഹം ഒറ്റക്കെട്ടായും ഇതിനായി ശബ്ദമുയർത്തണം. കോവിഡ് മഹാമാരിയിൽ ജീവൻ ത്യജിച്ചും ജോലി ചെയ്യുന്ന മെഡിക്കൽ സമൂഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരവും ഇതു തന്നെയാണ്. അങ്ങനെയാണ് ഈ ഡോക്ടേഴ്സ് ദിനം ആചരിക്കപ്പെടേണ്ടതും.


Comments