ഡോക്ടർമാരെ അക്രമിച്ചാൽ പരിഹാരമാകുമോ?

ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. നമ്മുടെ ആരോഗ്യരംഗത്തെ പുരോഗതിയും കുതിച്ചുചാട്ടവും ചർച്ച ചെയ്യുമ്പോൾ അതിൽ ഡോക്ടർമാരുടെ സേവനവും വിസ്മരിച്ചു കൂടാ. ആരോഗ്യസൂചികകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ കേരളം മുന്നേറി എന്ന് അഭിമാനിക്കുമ്പോൾ തന്നെ ഡോക്ടർമാർ, മറ്റാരോഗ്യപ്രവർത്തകർ എന്നിവർക്കുള്ള പിന്തുണയുടെ കാര്യത്തിൽ നാം പിറകിലാണ്. രോഗിയുടെ ആരോഗ്യസ്ഥിതി വഷളായാലോ ജീവഹാനി സംഭവിച്ചാലോ ഡോക്ടർമാരെ ആക്രമിക്കുന്ന പ്രവണത പൊതുസമൂഹത്തിൽ വർധിച്ചു വരുന്നുണ്ട്. രോഗനിർണയ സംവിധാനങ്ങൾ കൂടുതൽ ഉപയോഗിച്ച് ചികിത്സ കുറ്റമറ്റതാക്കി മാറ്റാൻ ശ്രമിക്കുമ്പോൾപോലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മാനുഷിക വിഭവശേഷിയുടെ കുറവ്, നൈപുണ്യ വികസനത്തിനു വേണ്ട പരിശീലനത്തിന്റെ അപര്യാപ്തത എന്നിവയെല്ലാം പലപ്പോഴും ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം വഷളാക്കുന്നുണ്ട്.

ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഏറ്റവും സങ്കീർണ്ണമായതാണ് ഗൈനക്കോളജിസ്റ്റുകൾക്ക് നേരെയുള്ളത്. മാതൃ-ശിശു മരണങ്ങൾ സംഭവിക്കുമ്പോൾ ബന്ധുക്കളിൽ നിന്നുള്ള വൈകാരികമായ പ്രതികരണത്തിന്റെ ഫലമാണ് ഗൈനക്കോളജി ഡോക്ടർമാർക്ക് നേരെയുള്ള ഫിസിക്കൽ അറ്റാക്കിംഗ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരുടെ രോഗ നിർണയവും ചികിത്സയുമാണ് ഡോക്ടർമാർക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഡോക്ടർമാരും മനുഷ്യരാണെന്നും മറ്റേതു തൊഴിൽ മേഖലകളിലുള്ളവരെ പോലെ അവർക്കും പരിമിതികൾ ഉണ്ടെന്നും നാം പരിഗണിക്കേണ്ടതുണ്ട്. മെഡിക്കൽ രംഗത്തുള്ളവർക്കും മറ്റു തൊഴിൽ മേഖലയിലുള്ളവരെ പോലെ നിർഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം സമൂഹത്തിന് ഡോക്ടർമാരിലുള്ള വിശ്വാസം നഷ്ടപ്പെടാനും പാടില്ല.

ആശുപത്രി സംരക്ഷണ നിയമത്തെ കുറിച്ച് പൊതുജനങ്ങൾക്ക് വേണ്ടത്ര അറിവില്ലാത്തതാണ് പലപ്പോഴും ഇത്തരം ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നത്. ആശുപത്രികൾക്കും ആശുപത്രി ജീവനക്കാർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ കുറ്റകൃത്യമാണെന്നും അതിന് ശിക്ഷയുണ്ടെന്നും പൊതുസമൂഹത്തിന് അവബോധമുണ്ടെങ്കിൽ ഒരു പരിധിവരെ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് കുറയും. അതോടൊപ്പം ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥകൾ എങ്ങനെ നിയമപരമായി നേരിടാമെന്നും അക്രമം അല്ല പരിഹാരം എന്നും പൊതുസമൂഹം ബോധവാന്മാരാകേണ്ടതുണ്ട്.

Comments