ആക്രമിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർ: ചില ഓസ്​ട്രേലിയൻ പാഠങ്ങൾ

ആക്രമണസാദ്ധ്യത കൂടതലുള്ള ഒരു തൊഴില്‍ മേഖലയായാണ് ആരോഗ്യരംഗത്തെ ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തിട്ടുള്ളത്. WHO-യുടെ കണക്കനുസരിച്ച് 8- 38 ശതമാനത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ കരിയറിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഫിസിക്കല്‍ വയലന്‍സിന് ഇരയാകുന്നു.

സ്ട്രേലിയയിലെ സംസ്ഥാനങ്ങളില്‍ നിലവിലുള്ളഒരു നിയമമാണ് Gayle's Law.

Gayle Woodford ഒരു ഓണ്‍-കാള്‍ നേഴ്​സായി ജോലി ചെയ്യുകയായിരുന്നു. ഡ്യൂട്ടിയുടെ ഭാഗമായി 2016- ല്‍ രോഗിയെ കാണാന്‍ ഒരു ഉള്‍പ്രദേശത്തേക്ക് ഹോം വിസിറ്റിന് പോയതാണ് ഗെയില്‍. പിറ്റേന്ന് അവരെ മരിച്ചനിലയില്‍ അടുത്തുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഗെയിലിനെ റേപ്പ് ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പിന്നീട് 32 വര്‍ഷത്തെ കഠിനതടവിന് കോടതി ശിക്ഷിച്ചു.

റിമോട്ട് സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമായും എസ്‌കോര്‍ട്ട് നല്‍കിയിരിക്കണമെന്ന നിയമം ഗെയിലിന്റെ പേരില്‍ ഗവണ്‍മെന്റുകള്‍ നടപ്പിലാക്കി.

2006- ല്‍ ഒരു ലേഡി ഡോക്ടര്‍ മെല്‍ബണിനടുത്തുള്ള തന്റെ ക്ലിനിക്കില്‍ വെച്ച് ഒരു രോഗിയുടെ കുത്തേറ്റ് മരിച്ചു. വേദനസംഹാരികള്‍ക്ക് അഡിക്ടഡ് ആയിരുന്നു അയാള്‍.

ഗെയില്‍ വുഡ്‌ഫോര്‍ഡ്‌

2014- ല്‍ ഒരു ന്യൂറോസര്‍ജന് കുത്തേറ്റത് മെല്‍ബണിലെ ഹോസ്പിറ്റലിന് അകത്ത് വെച്ചായിരുന്നു. മുമ്പ് ചികില്‍സിച്ചിരുന്ന ഒരു രോഗിയാണ് പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നുമില്ലാതെ പിന്നിലൂടെ വന്ന് ആക്രമിച്ചത്. 14 ആഴമേറിയ മുറിവുകള്‍, സര്‍ജന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

2017- ല്‍ മെല്‍ബണിലെ തന്നെയുള്ള ഒരു ഹോസ്പിറ്റലില്‍ വെച്ചാണ് മറ്റൊരു സര്‍ജന്‍ തലക്കടിയേറ്റ് മരണപ്പെടുന്നത്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങള്‍ കര്‍ശനമായ നിയമങ്ങളാണ് കൊണ്ടുവന്നത്. പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ഫയര്‍ ഫൈറ്റേഴ്സ്, പാരാമെഡിക്സ്, പ്രിസണ്‍ ഓഫിസേഴ്‌സ് എന്നീ എമര്‍ജന്‍സി വിഭാഗത്തില്‍ പെടുന്ന വര്‍ക്കേഴ്സിനെതീരെ ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തുന്നവര്‍ക്ക് 5 മുതല്‍ 14 വര്‍ഷം വരെ ശിക്ഷ ഉറപ്പാക്കുന്നതായിരുന്നു ഈ നിയമങ്ങള്‍.

ശിക്ഷ കൊണ്ടുമാത്രം ഇത്തരം വയലന്‍സ് ഇല്ലാതാകില്ല എന്നാണ് ഇതേ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍, ഉണ്ടായിരിക്കേണ്ട നടപടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശിക്ഷയെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.

Photo: Screengrab / Inside the 'world's most dangerous' hospital

ആക്രമണസാദ്ധ്യത കൂടതലുള്ള ഒരു തൊഴില്‍ മേഖലയായാണ് ആരോഗ്യരംഗത്തെ ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തിട്ടുള്ളത്. WHO-യുടെ കണക്കനുസരിച്ച് 8- 38 ശതമാനത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ കരിയറിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഫിസിക്കല്‍ വയലന്‍സിന് ഇരയാകുന്നു. ആരോഗ്യമേഖലയിലെ അക്രമങ്ങള്‍ തൊഴിലിടങ്ങളിലെല്ലാം കൂടിയുള്ള അക്രമങ്ങളുടെ നാലിലൊന്ന് വരും എന്നാണ് കണക്കാക്കപ്പെടുന്നത്.

ആരോഗ്യമേഖലയില്‍ തന്നെ കാഷ്വാലിറ്റി, സൈക്യാട്രി വാര്‍ഡ്, രോഗികളും, സന്ദര്‍ശകരും കാത്തിരിക്കുന്ന ഇടം (waiting area), മറവിരോഗം / തലച്ചോറിനുള്ള ക്ഷതം (brain injury) വന്ന രോഗികളെ ചികിത്സിക്കുന്ന യൂണിറ്റുകള്‍ എന്നീ വിഭാഗങ്ങളിലാണ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്.

ഓസ്ട്രേലിയന്‍ എമര്‍ജന്‍സി മെഡിസിന്‍ ഫാക്കല്‍റ്റിയുടെ 2021 ലെ കണക്ക് പ്രകാരം 10,000 രോഗികള്‍ അത്യാഹിതവിഭാഗത്തില്‍ വരുമ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ ശാരീരികമായ അക്രമണങ്ങളുടെ എണ്ണം 36 ആണ്. അതില്‍ ഏതാണ്ട് പകുതിയും മദ്യത്തിനോ, മയക്കുമരുന്നിനോ അടിമപ്പെട്ടുപോയവരാണ് അക്രമകാരികള്‍.

WHO

അക്രമസാദ്ധ്യത കുറയ്ക്കാന്‍ ഫലപ്രദമായിട്ടുള്ള നടപടികള്‍ ഫാക്കല്‍റ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ:

1. ബിഹേവിയര്‍ അസ്സെസ്സ്‌മെൻറ്​ റൂം: ആക്രമണസ്വഭാവം കാണിക്കുന്ന രോഗികളെ പരിശോധിക്കാനും, നിരീക്ഷിക്കാനുമുള്ള സംവിധാനം ഇവിടെയുണ്ടാകും. ഇത്തരം രോഗികളുമായി ഇടപെടുന്നതില്‍ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഹെല്‍ത്ത് വര്‍ക്കേഴ്സിനെയും , സെക്ച്യുരിറ്റി സ്റ്റാഫിനെയും മാത്രമേ ഈ ഏരിയയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.

2. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെൻറ്​ ഡിസൈന്‍ (Crime prevention through environmental design -CPETED): ക്ഷോഭിച്ചവരും, അസ്വസ്ഥചിത്തരവുമായ രോഗികളുടെ കാര്യത്തില്‍ വേണ്ടത് പ്രകോപനങ്ങള്‍ഏറ്റവും കുറഞ്ഞ അന്തരീക്ഷമാണ് (low stimulus enviornment). ചികിത്സയുമായി ബന്ധമില്ലാത്ത ആളുകള്‍ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുന്ന അവസ്ഥയുണ്ടാകരുത്. (minimisation of human traffic).

ആക്രമണത്തിന്റെ സൂചനകള്‍ കണ്ടാല്‍ ഉടന്‍ സഹായം അഭ്യര്‍ത്ഥിക്കാനുള്ള സെക്യൂരിറ്റി അലാം, സ്വരക്ഷക്കുവേണ്ടി സ്റ്റാഫിന് പെട്ടെന്ന് പോകാനുള്ള മാര്‍ഗം (exit), സുരക്ഷാ ജീവനക്കാര്‍ക്ക് എളുപ്പം കടന്നുവരാനുള്ള സൗകര്യം, കാത്തിരിക്കുന്ന രോഗിയുടെ ബന്ധുക്കള്‍ക്ക് വിവരം ലഭ്യമാക്കാനുള്ള സംവിധാനം എന്നിവ ഒരു എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ് നിര്‍മ്മിക്കുമ്പോള്‍ ആവശ്യം ഉണ്ടായിരിക്കേണ്ടതാണ്. ഒപ്പം രോഗികളുടെ സ്വകാര്യതയും, സുരക്ഷയും അവിടെ ഉറപ്പാക്കുകയും വേണം.

3. കോഡ് സംവിധാനം: ഓസ്ട്രേലിയന്‍ ആശുപത്രികളില്‍ സ്റ്റാഫിനെ അധിക്ഷേപിക്കാനോ അസഭ്യം പറയാനോ ശ്രമിച്ചാല്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ പ്രത്യേകം ഫോണുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതെടുത്ത് കോഡ് ഗ്രേ എന്ന് പറഞ്ഞാല്‍ ഉടനെ അവിടെ എത്തിച്ചേരാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ടീം ഉണ്ട്. സീനിയര്‍ ക്ലിനിക്കല്‍ ആന്‍ഡ് സെക്യൂരിറ്റി സ്റ്റാഫാണ് അതിലുണ്ടാകുക. കോഡ് ബ്ലാക്ക് എന്നാല്‍ ആയുധം കൊണ്ടുള്ള ആക്രമണസാധ്യതയാണ് സൂചിപ്പിക്കുന്നത്. സഹായത്തിനെത്തുവര്‍ക്ക് അതിനുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് വ്യത്യസ്ത കോഡുകള്‍ ഉപയോഗിക്കുന്നത്.

4. സ്റ്റാഫ് പരിശീലനം: അപായസാധ്യത (risk) തിരിച്ചറിയാനും, ഈ വിഭാഗത്തില്‍ പെടുന്ന രോഗികളോട് ഇടപഴകേണ്ടിവരുമ്പോള്‍ മുന്‍കരുതല്‍ എടുക്കേണ്ടതെങ്ങനെയെന്നും, അത്തരം ഘട്ടങ്ങളില്‍ ലഭ്യമായ സഹായസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുമുള്ള ട്രെയിനിങ് വളരെ പ്രധാനപ്പെട്ടതാണ്.

5. ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന നയം (Zero tolernace policy).

പലപ്പോഴും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ‘ഇതൊക്കെ തൊഴിലിന്റെ ഭാഗമാണ്’ എന്നൊരു തെറ്റായ ധാരണ പുലര്‍ത്തേണ്ടിവരുന്നത് കൊണ്ടാണെന്ന് WHO പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അനുഭവിക്കേണ്ടിവരുന്ന ഏത് വയലന്‍സും റിപ്പോര്‍ട്ട് ചെയ്യാന്‍ സ്റ്റാഫിന് സാധിക്കണം, ആവശ്യമായ പിന്തുണയും, സഹായവും, സുരക്ഷയും അവര്‍ക്ക് ഉറപ്പ് വരുത്തണം; അതാണ് സീറോ ടോളറന്‍സ് പോളിസിയുടെ ലക്ഷ്യം. ഓസ്ട്രേലിയയിലെ എല്ലാ ആശുപത്രികളും ഈ നയം നടപ്പാക്കിയിട്ടുണ്ട്. ഇതാണ് നയമെന്നും, അത് ലംഘിക്കുകയാണെങ്കില്‍അന്തരഫലമെന്തായിരിക്കുമെന്നുള്ള വിവരങ്ങള്‍ എഴുതിട്ടുള്ള ബോര്‍ഡുകള്‍ ഹോസ്പിറ്റല്‍ പരിസരത്ത് കാണാം.

6. പരിശീലനം സിദ്ധിച്ച സ്റ്റാഫിന്റെ ദൗര്‍ലഭ്യം, ചികിത്സ കിട്ടുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ്, ആശയവിനിമയത്തിന്റെ കുറവ് (lack of communication), ഇന്റര്‍നെറ്റ് പോലുള്ള സാങ്കേതിക വിദ്യകള്‍ വന്നതിനുശേഷം ഉയര്‍ന്നുവരുന്ന ചികിത്സയെ കുറിച്ചുള്ള പ്രതീക്ഷകള്‍ (expectations), കുറഞ്ഞുവരുന്ന ഹോസ്പിറ്റല്‍ ബജറ്റ്, വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗവും, റോഡപകടങ്ങളുമെല്ലാം ആശുപത്രികളില്‍ സംഘര്‍ഷത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. ഇതൊക്കെ പരിഹരിക്കാനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളും നയങ്ങളും ഉണ്ടാകേണ്ടതുണ്ട്.

ഹെല്‍ത്ത് കെയര്‍ പ്രൊഫെഷണല്‍സിനെതിരെയുള്ള വയലന്‍സ് ഒരു ആഗോളപ്രശ്നമാണ്. ഇതിനെതിരെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ആരോഗ്യരംഗത്തെ പല സംഘടനകളെയും ചേര്‍ത്ത് ഒരു ജോയിന്റ് പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്.

കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസിനെ ആക്രമിച്ച്​ കൊലപ്പെടുത്തിയ പ്രതി സന്ദീപ്​, ഡോ. വന്ദന ദാസ്​

‘Violence against healthcare workers is a political problem and a public health issue- call to cation’ എന്ന പേരില്‍ ഒരു വിശദമായ പഠനം യൂറോപ്പ്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് 2022 ഡിസംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള വയലന്‍സ് എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന വിവരങ്ങള്‍ ആശങ്കയും, നിരാശയും ഉണ്ടാക്കുന്നതാണ്. എങ്കിലും കൂടി വരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അടുത്ത കാലത്ത് എടുത്തിട്ടുള്ള നടപടികള്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

വന്ദന ദാസ് എന്ന ഡോക്ടറുടെ മരണം പോലുള്ള ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ത്ഥവും, ഫലപ്രദവുമായ നടപടികള്‍ കേരളസമൂഹവും, സര്‍ക്കാരും കൈകൊള്ളട്ടെ എന്നാഗ്രഹിക്കുന്നു.

Comments