വി.കെ. അനിൽകുമാർ

മനുഷ്യർ മാത്രമല്ല, ഇവിടെ ദൈവങ്ങളും കരയുന്നുണ്ട്

രോഗകാലത്തിന്റെ ഏറ്റവും വലിയ ദുരന്തന്തങ്ങളിലൊന്നാണ് മണ്ണിൽ നിന്ന് തുടച്ചുമാറ്റപ്പെടുന്ന മണ്ണിന്റെ മണമുള്ള നാട്ടുസംസ്‌കൃതിയുടെ അഭാവം.

തൃക്കരിപ്പൂരിലേക്ക് പോകുകയാണ്.
എത്രയോ കാലമായി എല്ലാ ഓണദിനങ്ങളിലും സ്വന്തം നാട്ടിലേക്കുപോകുന്നു.
24 വർഷക്കാലത്തിനിടയിൽ ഒരിക്കൽപ്പോലും തിരുവോണദിവസം തൃശൂരിൽ ഉണ്ടായിട്ടില്ല. തൃക്കരിപ്പൂരും തിരുവോണവും അത്രമേൽ പരസ്പരബന്ധിതമാകുന്നു.
ചില കാര്യങ്ങൾ അങ്ങനെയാണ്. അതങ്ങനെയായാലേ ശരിയാകൂ.
തൃക്കരിപ്പൂർ ഇന്നും ഒരു ഗ്രാമമാണ്. വലിയ പുരോഗതിയൊന്നുമില്ല. ബ്രിട്ടീഷുകാർ പണിത പഴയ റെയിൽവെ സ്റ്റേഷൻ പുതുക്കിപ്പണിതിട്ടുണ്ട്. അന്നത്തെ വണ്ടികൾ മാത്രമേ ഇന്നും അവിടെ നിർത്തൂ. പയ്യന്നൂരാണ് യാത്രക്കാരുടെ ആശ്രയം. എങ്കിലും തൃക്കരിപ്പൂരിൽ നിർത്തുന്ന മലബാർ എക്സ്പ്രസിലാണ് ഇത്തവണത്തെ യാത്ര. തൃശൂരിൽ നിന്ന് അർദ്ധരാത്രിപുറപ്പെട്ടാൽ രാവിലെ തൃക്കരിപ്പൂരിലെത്താം.

വല്ലാത്ത ആകുലതകളോടെയാണ് ഓണവണ്ടി കയറുന്നത്. നാട്ടിലേക്കുപോകുന്നതിന്റെ വലിയ സന്തോഷമൊന്നുമില്ല. വീട്ടിലിരുന്ന് മടുത്തുമടുത്ത് ഇരുട്ടുകയറിയ ഒമ്പതാം ക്ലാസുകാരനായ മോൻ മാത്രമാണ് ആവേശം കാണിക്കുന്നത്. അച്ഛനും അമ്മയും ജോലിക്കു പോയിക്കഴിഞ്ഞാൽ വീട്ടിലൊറ്റക്കാകുന്ന മകനെക്കുറിച്ചുള്ള വേവലാതികൾ നാൾക്കുനാൾ പെരുകുകയാണ്. ജീവിതം നമുക്ക് പരിഹരിക്കാനാകാത്ത വഴികളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും വൈഫൈയുടെയും വലയിൽ കുരുങ്ങി ചിറകുകൾ മുറിഞ്ഞ് വീട്ടിലൊറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ സങ്കടങ്ങൾക്ക് പകരം മറ്റൊന്നില്ല. കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ രക്ഷിതാക്കൾക്കുപോലും മനസ്സിലാക്കാൻ സാധിക്കാത്തവിധം സങ്കീർണമായിരിക്കുന്നു. പലപല സംഘർഷങ്ങളാൽ വീടുകൾ പുകയുന്നു.

ലോകം മുഴുവൻ ഒരു മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുമ്പോൾ തറവാട്, ഓണം പോലുള്ള വൈകാരികതയ്ക്കൊന്നും വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. ചില വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണല്ലോ ജീവിതത്തിന്റെ അനശ്വരതയിലൂടെയും സൗന്ദര്യത്തിലൂടെയും നമ്മളും കടന്നുപോകുന്നത്.

പോയവർഷം ഇതിലും കഠിനമായിരുന്നു. ജീവിതത്തിൽ ആദ്യമായി വീട്ടിൽ നിന്ന് ഓണത്തിന് മാറി നിൽക്കേണ്ടിവന്നു. ബാംഗ്ളൂരിൽ നിന്ന് പെങ്ങളുടെ മകൻ വീട്ടിലെത്തിയിരുന്നു. പ്രയാമായ അമ്മയും പെങ്ങളുമാണ് തൃക്കരിപ്പൂരിലെ തറവാട്ടിലുള്ളത്. 14 ദിവസത്ത വിട്ടുവീഴ്ചയില്ലാത്ത വീട്ടുതടങ്കലിലാണ് മരുമകൻ. ഭാര്യക്കും മകനുമൊപ്പം കഴിഞ്ഞ ഓണം അവധിക്കാലത്ത് അനിയത്തിയോടോപ്പം താമസിച്ചു. ഒരിക്കൽപ്പോലും ഓണത്തിന് വീട്ടിൽ നിന്ന് വിട്ടുനിനിന്നിട്ടില്ലാത്ത പ്രയാമേറെയായ അമ്മയെയും രോഗാണു വീട്ടിൽ നിന്ന് പുറത്താക്കി. ഉദിനൂരുള്ള ഏട്ടി വന്ന് അമ്മയെ കൂട്ടിക്കൊണ്ടുപോയി.

വല്ലാത്ത ആകുലതകളോടെയാണ് ഓണവണ്ടി കയറുന്നത്. നാട്ടിലേക്കുപോകുന്നതിന്റെ വലിയ സന്തോഷമൊന്നുമില്ല. വീട്ടിലിരുന്ന് മടുത്തുമടുത്ത് ഇരുട്ടുകയറിയ ഒമ്പതാം ക്ലാസുകാരനായ മോൻ മാത്രമാണ് ആവേശം കാണിക്കുന്നത്.

ലോകം മുഴുവൻ ഒരു മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുമ്പോൾ തറവാട്, ഓണം പോലുള്ള വൈകാരികതയ്ക്കൊന്നും വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. ചില വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണല്ലോ ജീവിതത്തിന്റെ അനശ്വരതയിലൂടെയും സൗന്ദര്യത്തിലൂടെയും നമ്മളും കടന്നുപോകുന്നത്.
കാസർകോട്ടുകാർക്ക്, തുളുനാട്ടുകാർക്ക് ഓണം അത്ര വലിയ സംഭവമൊന്നുമല്ല. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലുള്ളതുപോലെ ഓണത്തിന് അത്ര വലിയ മഹത്വമൊന്നും ഞങ്ങൾ കൊടുക്കുന്നില്ല. പറമ്പിൽ പടർന്ന ഏതെങ്കിലും കാട്ടുപൂക്കൾ നുള്ളി മുറ്റത്തിടും. അമ്മ പടിഞ്ഞിറ്റിയിൽ ചിങ്ങവെള്ളം വെക്കും.

വിത്തുകുത്തിയുണ്ട നമ്മൾ ഈ പൂക്കളും പൂമ്പാറ്റകളും ഒരുനാൾ അപ്രത്യക്ഷമാകുമെന്ന് ഭയന്നില്ല. ഇനി അവയൊക്കെപ്പോയാലും അത് നമ്മുടെ ജീവിതത്തെയൊരിക്കലും ബാധിക്കുന്നതല്ലെന്ന് അഹങ്കരിച്ചു.

ഒന്നാം ഓണമോ രണ്ടാം ഓണമോ മൂന്നാം ഓണമോ തൃക്കാക്കരയപ്പനോ ഓണം കൊള്ളലോ ശർക്കരവരട്ടിയോ പുലിക്കളിയോ ഓണക്കളിയോ കസവുവേഷ്ടിയോ തിരുവാതിരയോ ഒന്നും ഞങ്ങൾക്കില്ല. ഇന്ന് ഓണമാണെമന്നറിയാത്തവർ പോലും കാസർകോടുണ്ട്. കാലം മാറിയപ്പോൾ പരിഷ്‌കാരം നാട്ടിലെമ്പാടും വന്നപ്പോൾ ഞങ്ങടെ നാട്ടിലും ഓണവും അമ്പിസാമിയുടെ അടപ്പായസവുമെത്തി. വറുത്തരച്ച കടുപ്പത്തിലുള്ള കോഴിക്കറിയോ ബീഫ്കറിയോ വെച്ച് കടൽമീനോ പുഴമീനോ പൊരിച്ച് പുളിശ്ശേരിക്കറി കൂട്ടിയാണ് ഇന്നും ഞങ്ങളുടെ ഓണം. തൃശൂരിൽ പൂക്കടകൾ ഉയരുന്നതുപോലെയാണ് ഓണത്തിനിവിടെ ഇറച്ചിക്കടകളുയരുന്നത്.
അടുത്ത ഓണമുണ്ണാനാരൊക്കയുണ്ടാകും?

ഈ ഭൂമിക്കുമുകളിലെ ജീവിതം ഇത്രമേൽ പരീക്ഷിക്കപ്പെട്ട കാലമുണ്ടായിട്ടില്ല. ഓരോ ഓണക്കാലവും പൂക്കളെ കുറിച്ചും പൂമ്പാറ്റകളെ കുറിച്ചുമുള്ള പാട്ടും കളികളുമായി കടന്നുപോയി. വിത്തുകുത്തിയുണ്ട നമ്മൾ ഈ പൂക്കളും പൂമ്പാറ്റകളും ഒരുനാൾ അപ്രത്യക്ഷമാകുമെന്ന് ഭയന്നില്ല. ഇനി അവയൊക്കെപ്പോയാലും അത് നമ്മുടെ ജീവിതത്തെയൊരിക്കലും ബാധിക്കുന്നതല്ലെന്ന് അഹങ്കരിച്ചു. നെയ്യിൽ വറുത്തുകോരിയ ശർക്കവരട്ടിക്കൊപ്പം ഓർമകളുടെ ഓണമെന്ന ഗൃഹാതുരത്വം കൂടി സ്വാദോടെ കൊറിച്ചു. അമ്മ പടിഞ്ഞാറ്റകത്ത് കോരിവെച്ച ചിങ്ങവെള്ളത്തിലെ നീരിളക്കങ്ങളെ മറന്നു. ഏറ്റവും ലളിതവും സുതാര്യവുമായി ഓണത്തിന്റെ അർത്ഥങ്ങളെ മുരുടയിലെ ഇത്തിരി ശുദ്ധജലത്താൽ സ്‌കൂളിൽ പഠിച്ചിട്ടില്ലാത്ത അമ്മ വ്യാഖ്യാനിച്ചു.

ചിങ്ങവെള്ളം. ഓണത്തിന്റെ ആർഭാടങ്ങളൊന്നുമില്ലാത്ത കഷ്ടതകളുടെ നാളുകളിൽ അമ്മ സങ്കടം കോരിനിറച്ച് കാത്ത ഓണത്തിന്റെ സത്ത. / Photo: Screengrab from reporter channel

വെള്ളവും മണ്ണും ഭൂമിക്കുമുകളിലെ ജീവിതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ സൗന്ദര്യമാണ് ചിങ്ങവെള്ളം. രാവിലെ എഴുന്നേറ്റ് കിണറിൽ നിന്ന് കോരിയെടുത്ത ശുദ്ധജലം ഓട്ടുമുരുടയിൽ നിറക്കും. താളിന്റെ ചപ്പില പറിച്ച് മരുടയുടെ വായ് മൂടും. ഇലയുടെ ഹരിതതൽപത്തിനു മുകളിൽ കുറച്ച് തുമ്പപ്പൂക്കൾ നുള്ളിയിടും. അങ്ങനെത്തന്നെയെടുത്ത് പടിഞ്ഞാറ്റകത്ത് കൊണ്ടുവക്കും. ഇതാണ് ചിങ്ങവെള്ളം. തൃക്കരിപ്പൂരിന്റെ ഏറ്റവും തെളിമയുള്ള ഓണസന്ദേശമാണിത്. ഓണത്തിന്റെ ആർഭാടങ്ങളൊന്നുമില്ലാത്ത കഷ്ടതകളുടെ നാളുകളിൽ അമ്മ സങ്കടം കോരിനിറച്ച് കാത്ത ഓണത്തിന്റെ സത്ത.

മുരുടയെന്നാൽ ഭൂമിയുടെ ജലഭരമായ ഉദരം തന്നെയാണ്. താളില ഈ ഭൂമിക്കുമുകളിലെ ഹരിതചാരുതയാണ് തുമ്പപ്പൂക്കൾ ഈ മണ്ണഴകിലെ പച്ചപ്പയിൽ സ്ഫുരിക്കുന്ന ജീവിതങ്ങളാണ്.
പുതിയ വീട് പണിതപ്പോൾ പഴയ പടിഞ്ഞാറ്റവം നിലംപൊത്തി. തുമ്പയും താളും പോയി. ചിങ്ങവെള്ളമൊന്നും ആർക്കും വേണ്ടാതായി. എൺപത് വയസ്സോടടുക്കുന്ന അമ്മയ്ക്ക് പക്ഷേ കാലം പഴകുന്നില്ല. ഓണം വന്നപ്പോൾ പഴയ മുരുട തുടച്ച് വൃത്തിയാക്കിവെച്ചു. അമ്മയിപ്പോഴും ജലത്തിൽ ഓണത്തിന്റെ നിറസമൃദ്ധിയെ വരവേൽക്കുന്നു. പക്ഷേ മഹാമാരി എല്ലാ ജീവിത സമ്പ്രദായങ്ങളെയും മാറ്റിമറിച്ചു. ചിങ്ങവെള്ളവും തുമ്പപ്പൂക്കളുമില്ലാതെ രോഗാണു ചിങ്ങപ്പുലരികളെ വീട്ടുതടങ്കലിൽ തളച്ചിട്ടു. ചുറ്റിലും തികഞ്ഞ ശൂന്യതയും ഭീതിയും മാത്രം. കണ്ണുകെട്ടി, വായ്മൂടിക്കെട്ടി കൊലയറയിലേക്കെന്നപോലെ ഓണം നടന്നുപോയത് കഴിഞ്ഞ വർഷമായിരുന്നു, വരുംകൊല്ലം ഇതിന്റെ കുറവൊക്കെ പരിഹിക്കാമെന്ന് വ്യാമോഹിച്ചു.

തൃക്കരിപ്പൂരിലും തൃശൂരിലുമായി എത്രയോ പ്രിയപ്പെട്ടവർ ഇതിനകം മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. മരണത്തിന്റെ തിരുവിളയാട്ടമായിരുന്നു. ചെറുപ്പക്കാരും പ്രായംചെന്നവരുമായി ഉറ്റവർ പടിയിറങ്ങി. അടുത്ത ഊഴം ആരുടേതുമാകും. അടുത്ത ഓണമുണ്ണാനാരൊക്കെയുണ്ടാകും?

പക്ഷേ കഴിഞ്ഞതിനെക്കാൾ ഭീതിതമായ കാലമാണ് മുന്നിലുള്ളത്. സൂക്ഷ്മാണു ജീവിതത്തെ നമുക്ക് ചിന്തിക്കാനാകുന്നതിലും അപ്പുറത്തേക്ക് മാറ്റിമറിച്ചു. കഴിഞ്ഞവർഷത്തെ ഓണമുണ്ടവർ പലരും ഇന്ന് നമ്മോടൊപ്പമില്ല. വളരെയടുത്ത സുഹൃത്തിന്റെയും പരിചയക്കാരുയെയും മരണവാർത്തയുടെ നടുക്കത്തിൽ നിന്നുമാണ് ഈ കുറിപ്പെഴുതുന്നത്. പുലർച്ചയെത്തിയ മരണസന്ദശം ഹൃദയഭേദകമായിരുന്നു. തൃക്കരിപ്പൂരിലും തൃശൂരിലുമായി എത്രയോ പ്രിയപ്പെട്ടവർ ഇതിനകം മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. മരണത്തിന്റെ തിരുവിളയാട്ടമായിരുന്നു. ചെറുപ്പക്കാരും പ്രായംചെന്നവരുമായി ഉറ്റവർ പടിയിറങ്ങി. അടുത്ത ഊഴം ആരുടേതുമാകും. അടുത്ത ഓണമുണ്ണാനാരൊക്കെയുണ്ടാകും?

ജീവിതം ഇത്രമേൽ പരീക്ഷിക്കപ്പെട്ട കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. ഇത്രയും കടുത്ത അനിശ്ചിതത്വം അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. സങ്കടങ്ങൾ പെരുകുമ്പോൾ ജീവിതത്തെ കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരാണ് ചുറ്റിലും. സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിൽ വലിയ സാമ്പത്തിക പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സങ്കടങ്ങളാൽ വലയപ്പെട്ടിരിക്കുമ്പോൾ നമുക്കുമാത്രം എന്ത് സന്തോഷം. രോഗകാലത്തിനു മുമ്പും പിമ്പുമെന്ന് കൃത്യമായി ജീവിതത്തെ രണ്ടാക്കി വിഭജിക്കാൻ ഒരു സൂക്ഷമാണുവിന് സാധിച്ചിരിക്കുന്നു. ജീവിതം അതിന്റെ അടിസ്ഥാനസ്വഭാവത്തിൽ നിന്നുതന്നെ മാറിപ്പോയിരിക്കുന്നു. രോഗാണു വന്നെത്തുന്നതിന് മുമ്പ് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത, സംഭവിക്കുമെന്ന് ആലോചിച്ചിട്ടില്ലാത്ത യാഥാർതഥ്യത്തിലൂടെയാണ് നമ്മൾ കന്നുപോകുന്നത്.
വൈറസ് കുത്തിമറിച്ചിട്ട മണ്ണിലേക്കാണ് ഈ ഓണക്കാലത്ത് വീണ്ടും പോകുന്നത്. എങ്ങും ദുഃഖം മാത്രം. രോഗം വന്നുപോകാത്ത വീടുകൾ അപൂർവം. ചുറ്റിലും മരണം. തൊഴിൽ നഷ്ടപ്പെട്ടവർ, ജീവിതം വഴിമുട്ടിയവർ പുതിയ ജീവിതാവാസവ്യവസ്ഥയിലേക്ക് ചേക്കേറിയവർ. നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ ഓരോന്നോരോന്നായി ഇല്ലാതായവർ. ആളും ആരവവുമൊടുങ്ങിയ മരണത്തിന്റെ ഭൂമി വല്ലാതെ ഭീതി പരത്തുന്നു.

പക്ഷേ കഴിഞ്ഞതിനെക്കാൾ ഭീതിതമായ കാലമാണ് മുന്നിലുള്ളത്. സൂക്ഷ്മാണു ജീവിതത്തെ നമുക്ക് ചിന്തിക്കാനാകുന്നതിലും അപ്പുറത്തേക്ക് മാറ്റിമറിച്ചു.

ഓരോ നാട്ടിൽപ്പോക്കും അത്രയും സന്തോഷപ്രദമായിരുന്നു. പോയ കാലത്തെ ഓണദിനങ്ങളൊക്കെയും കേവലം ഓർമ മാത്രമാകുന്നു. ഒരുപാടംഗങ്ങളുള്ള വീട്ടിൽ എല്ലാവരുമൊത്തുകൂടുമ്പോഴുള്ള സന്തോഷം. വിശേഷപ്പെട്ട അവസരങ്ങളിൽ മാത്രമാണ് എല്ലാവരും ഒത്തുകൂടുന്നത്. പേമാരിപ്പെയ്ത്തിന്റെ കഠിനകാലങ്ങളിൽ കഴിഞ്ഞ രണ്ടുവർഷങ്ങളായി ഒന്നുമില്ല. പേടിച്ചുവിറങ്ങലിച്ചുനില്ക്കുന്ന നാട്ടിൽ എന്തോണം. രോഗത്തിന്റെ ആദ്യഘട്ടത്തിൽ മരണങ്ങൾ കുറവായിരുന്നു. ഈ വർഷത്തെ ഓണമെത്തുമ്പോഴേക്കും പലരും പൊയ്ക്കഴിഞ്ഞു. തൃക്കരിപ്പൂരിൽ ഇത്രയധികം ആൾക്കാർ ഒരുസമയത്ത് മരണപ്പെടുന്നതും ആദ്യമായിട്ടാണ്.

പല ആവശ്യങ്ങളും മുന്നിൽ കണ്ടാണ് നാട്ടിലേക്കുള്ള യാത്രകൾ തയ്യാറാക്കുന്നത്. ഓണം അവധിക്ക് കൂടുതൽ ദിവസങ്ങൾ നാട്ടിലുള്ളതിനാൽ തെയ്യക്കാരുടെ വീട്ടിൽ പോവുക യാത്രയുടെ പ്രധാന ഉദ്ദേശ്യമാണ്. തെയ്യക്കാരുമൊത്തുള്ള സൗഹൃദം അത്രയും പ്രധാനപ്പെട്ടതാണ്. കാസർഗോഡും കണ്ണൂരുമുമുള്ള പല തെയ്യക്കാരെയും കാണാനും ഒരുപാട് നേരം സംസാരിക്കാനുമുണ്ട്. പക്ഷേ ഇപ്പോൾ നാട്ടിൽപ്പോയാൽ എവിടെയും പോകാറില്ല. കഴിഞ്ഞ വർഷം കാണണമെന്നും എഴുതണമെന്നും വിചാരിച്ചതൊന്നും ഇതുവരെ നടന്നില്ല. മൂന്നാലുജില്ലകൾ കടന്നുവരുന്നതിനാൽ രോഗകാലത്ത് മറ്റെവിടെയും പോകുവാനോ പ്രായമായ തെയ്യക്കാരോട് സംസാരിക്കാനോ പറ്റാറില്ല. രോഗവും മരണവും ഏതുവഴിക്കാണ് വരുന്നതെന്ന് പറയാനാകില്ലല്ലോ. ഈ കഠിനകാലത്ത് തെയ്യക്കാർക്ക് ഏറെ പറയാനുണ്ട്. ആരും കേൾക്കാനാളില്ലാത്തവരുടെ സങ്കടങ്ങൾ നമുക്ക് കേൾക്കാം. ഇതുവരെ അവർ നമ്മുടെ സങ്കടങ്ങൾ കേട്ടു പരിഹാരമുണ്ടാക്കി, ഇനി അവർക്ക് പറയാനുള്ളത് കേൾക്കാം.

ദൈവമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വാർപ്പുപണിക്ക് പോയിത്തുടങ്ങി. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. തെയ്യത്തിലൂടെ ആൾക്കാരെ വിസ്മയിപ്പിച്ച ഒരു സാധുമനുഷ്യന്റെ ജീവിതമാണ്. ദൈവമായി ഒരുനാടിന്റെ രക്ഷനകാനാകാൻ അവതരിച്ച മനുഷ്യൻ സങ്കടങ്ങൾ പറയുമ്പോൾ നിസ്സഹായനായി കേട്ടിരിക്കാനേ കഴിഞ്ഞുള്ളു.

കരിന്തിരികത്തിയ പത്താമുദയം

ബിജു കുറ്റൂരാനെയാണ് ആദ്യം വിളിച്ചത്. വാർപ്പ് പണികഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ്. വല്ലാത്ത മേലുവേദനയുണ്ടെന്ന് പറഞ്ഞു. ബിജു കുറ്റൂരാൻ ആരാണെന്നോ? ഉത്തരമലബാറിലെ തെയ്യം ഇതിഹാസമായ തെക്കും കർണ്ണമൂർത്തിയുടെ മകൻ. കാലിക്കടവിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. വാർക്കപ്പണിയെടുത്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. ബിജു കുറ്റൂരാൻ മുഴുവൻസമയ തെയ്യക്കാരനാണ്. അച്ഛന്റെ അകാലത്തിലുള്ള മരണശേഷം പൂർണമായും തെയ്യത്തിലായി. കോലം കെട്ടിക്കിട്ടുന്ന വരുമാനം കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നതാണ്. നല്ല തിരക്കുള്ള തെയ്യക്കാരനായി ബിജു ഇതിനകം മാറിക്കഴിഞ്ഞിരുന്നു. പക്ഷേ രോഗകാലം എല്ലാം തകിടംമറിച്ചു. രണ്ട് കളിയാട്ടക്കാലം നഷ്ടമായി. എല്ലാം കീഴ്മേൽമറിഞ്ഞു. സുഖമില്ലാത്ത ഭാര്യയും സ്‌കൂളിൽ പഠിക്കുന്ന രണ്ട് മക്കളും. നാലാളുള്ള വീട്ടിൽ ഉപയോഗിക്കാനാകുന്ന ഒരൊറ്റ ഫോൺ മാത്രമേയുള്ളു. രണ്ടുകുട്ടികൾക്കും ഒരേസമയം ക്ലാസുണ്ടായാൽ ഒരാൾ മാത്രം കാണും. ജോലിക്കുപോകുമ്പോൾ ഫോൺ കൊണ്ടുപോകാനാകില്ല. ജീവിതത്തിനു മുന്നിൽ പകച്ചുപോവുകയാണ്. ദൈവമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വാർപ്പുപണിക്ക് പോയിത്തുടങ്ങി. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. തെയ്യത്തിലൂടെ ആൾക്കാരെ വിസ്മയിപ്പിച്ച ഒരു സാധുമനുഷ്യന്റെ ജീവിതമാണ്. ദൈവമായി ഒരുനാടിന്റെ രക്ഷനകാനാകാൻ അവതരിച്ച മനുഷ്യൻ സങ്കടങ്ങൾ പറയുമ്പോൾ നിസ്സഹായനായി കേട്ടിരിക്കാനേ കഴിഞ്ഞുള്ളു.

കുരുട്ടിച്ചാൽ ഭഗവതിയായി സന്തോഷ്‌ പെരുവണ്ണാൻ കടന്നപള്ളി / Photo: Priyesh MB

കടന്നപ്പപള്ളി സന്തോഷ് പെരുവണ്ണാനെ വിളിച്ചു. എത്രയോ കാലം കടന്നപ്പള്ളി മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയായി മണങ്ങിയാട്ടമാടിയ ദേവകന്യാവിനോടാണ് സംസാരിക്കുന്നത്. പെരുവണ്ണാനുമായി ഹൃദയംതൊട്ട സൗഹൃദമാണ്. വെറുതെ വിളിച്ചതാണ്. തെയ്യം കെട്ടിയൊന്നും ഇനിയുള്ള കാലം മുന്നോട്ടുപോകാനാകില്ല. രണ്ടു പശുക്കളെ വളർത്തിയാണ് കാര്യങ്ങളൊക്കെ നടക്കുന്നത്. ബുദ്ധിമുട്ടുതന്നെയാണ്. നെടുബാലിയനായും മുച്ചിലോട്ട് ഭഗവതിയായും കാവുകളെ ത്രസിപ്പിച്ച പെരുവണ്ണാന്റെ സങ്കടങ്ങൾ. എത്രയോ തെയ്യങ്ങൾക്ക് സ്വശരീരംതന്നെ പുല്ലും വെള്ളവുമായി സമർപ്പിച്ച കനലാടിയാണ് കാലിക്കുവേണ്ടി പുല്ലരിയുന്നത്.

അള്ളട സ്വരൂപത്തിലെ ഏറ്റവും വിശേഷപ്പെട്ട ആചാരമാണ് നേണിക്കം. സ്വരൂപ കർത്താവായ മടിയൻ ക്ഷേത്രപാലകന്റെയും ഏറ്റവും വലിയ തെയ്യക്കാവായ കമ്മാടത്തുകാവിലെ കമ്മാടത്തമ്മയുടേയും കോലം ധരിക്കേണ്ടുന്ന കച്ചും ചുരികയുമണിഞ്ഞ ആചാരക്കാരനാണ് നേണിക്കം. തൃക്കരിപ്പൂരിൽ ആചാരക്കാരായ രണ്ട് നേണിക്കമുണ്ട്. രാജീവൻ നേണിക്കവും അനിൽ നേണിക്കവും. രാജീവൻ നേണിക്കം ഇതിനോടകം നല്ല തേപ്പുപണിക്കാരനായി മാറിക്കഴിഞ്ഞു. കണ്ണിൽ കത്തുന്ന കനലുമായി നായരെശ്ശമാന്മാരെയും പൊതുവാൾമാരെയും കിടുകിടെവിറപ്പിക്കുന്ന തേജോരൂപമാണ് അള്ളടത്തുനാട്ടിന്നുടയോനായ മടിയൻ ക്ഷേത്രപാലകന്റേത്. രണ്ടു കോലധാരികളും തെയ്യം വിട്ട് മറ്റൊരു ജീവിതം കണ്ടെത്തിയിരിക്കുന്നു.

പാടാർകുളങ്ങര ഭഗവതിയായി അനിൽ നേണിക്കം / Photo: Vyshak

കഠിനാധ്വാനികളായ രണ്ടുമനുഷ്യരും മനസ്സുതുറന്നു. എഴുനൂറ്റിഅമ്പത് രൂപ കൂലികിട്ടുന്നുണ്ട്. ആദ്യമൊക്കെ ശരീരം വഴങ്ങിക്കിട്ടാൻ കുറച്ച് സമയമെടുത്തു. കല്ല് പണിയിലാണ് അനിൽ പ്രാവീണ്യം നേടിയിരിക്കുന്നത്. അതുകൊണ്ട് ജീവിതം വലിയകുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നുണ്ട്. എന്തായാലും വരുന്ന തുലാമസത്തിലൊന്നും തെയ്യമുണ്ടാകില്ല. ദൈവങ്ങളായി നാട്ടുകാരെ രക്ഷിക്കുന്നതിനായി അവതാരമെടുത്ത മനഷ്യരെ ആരു രക്ഷിക്കും.

പയ്യന്നൂരിലെ വേലൻ സമുദായത്തിൽപ്പെട്ട തെയ്യക്കാരനാണ് സാജൻ. രോഗത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പട്ടു വന്നതോയുള്ളു. വയറിങ് പണിക്കാരുടെ കൂടെ ചുമരുകുത്തിയാണ് ജീവിക്കുന്നത്. നീലേശ്വരം കിനാവൂരിലെ നാരണേട്ടൻ തെയ്യത്തിലെ അണിയറയുടെ ആത്മാവാണ്. മുഖത്തെഴുത്തിലും പാളയിലെഴുത്തിലും പകരംവെക്കാനില്ലാത്ത കലാകാരൻ. കഴിഞ്ഞ വർഷം അസുഖം വന്ന് വല്ലാതെ ബുദ്ധിമുട്ടിയതാണ്. ഇപ്പോൾ എവിടയെും പോകാറില്ല. മറ്റ് പണിയെടുക്കന്നതിനുള്ള ആരോഗ്യവുമില്ല. ഭാര്യ തൊഴിലുറപ്പിന് പോകുന്നുണ്ട്. മകൾ പഠിക്കുകയാണ്. ഭാവിയെന്താണെന്ന് ഒരു നിശ്ചയവുമില്ല. വർത്തമാനം തന്നെയില്ലാതാകുന്നവർക്ക് പിന്നെന്തുഭാവി.

കന്നി കഴിഞ്ഞ് തുലാമേഘം കറുക്കുന്നതോടെ നാടുണരുകയായി. പത്താമുദയത്തെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ്. കർക്കടകത്തിലെ നെറയും ചിങ്ങത്തിലെ പുത്തരിയും ഉത്തര മലബാറിലെതന്നെ വ്യത്യസ്തങ്ങളായ കാർഷികോത്സവങ്ങളാണ്.

എന്ത് പണിയെടുത്തും ജീവിക്കാം. എല്ലാ പണിക്കും അതിന്റേതായ മഹത്വവുമുണ്ട്. പക്ഷേ തീരെ വഴക്കമില്ലാത്ത, കഠിനാധ്വാനം ആവശ്യമായ ജോലികൾ ചെയ്യുമ്പോഴുള്ള ശാരീരിക പ്രയാസം അനവധിയാണ്. ഒരു നാടിനെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി ഉത്സവലഹരിയിൽ ആറാടിച്ചവരാണ് നാളെയെന്തന്നറിയാതെ വല്ലാതെ അനിശ്ചിതത്വത്തിലകപ്പെട്ടുപോകുന്നത്. നാളെ എന്ത് എന്ന യാഥാർത്ഥ്യത്തിനുമുന്നിൽ പകച്ചുപോവുകയാണ്. പകർച്ചവ്യാധി എല്ലാ തെഴിൽമേഖലയെയും ബാധിച്ചിട്ടുണ്ട്. എല്ലാ കൂട്ടായ്മകളെയും അത് താൽക്കാലികമായി മണ്ണിൽ നിന്ന് തുടച്ചുനീക്കീട്ടുണ്ട്. പക്ഷെ തെയ്യം ഒരു സാധാരണ തൊഴിലല്ല. കേവലമൊരു കൂലിപ്പണി മാത്രമായി തെയ്യത്തിനെ കാണാനുമാകില്ല. തെയ്യമില്ലാതാകുമ്പോൾ നാട്ടിൽ ഒരു തൊഴിൽ നഷ്ടം മാത്രമല്ല സംഭവിക്കുന്നത്.

രാജീവൻ നേണിക്കം / Photo: Nandu Kanhangad

നാട്ടിലേക്കു വരുന്ന വിശേഷങ്ങൾ പങ്കുവെക്കുന്നതിനുവേണ്ടിയാണ് ഉറ്റവരായ തെയ്യക്കാരെ വിളിച്ചത്. തിരുവോണം കഴിഞ്ഞാൽ കാസർഗോഡുകാർക്ക് ഏറ്റവും പ്രധാനപ്പെട്ടത് പത്താമുദയമാണ്. ഓണമില്ലാത്ത തുളുനാട്ടിൽ കാഞ്ഞങ്ങാടിനപ്പുറം ദീപാവലിയാണ് പ്രധാന ആഘോഷം. നമുക്ക് ഓണം ഒരരൊറ്റ ദിവസം മാത്രമാണ്. കന്നി കഴിഞ്ഞ് തുലാമേഘം കറുക്കുന്നതോടെ നാടുണരുകയായി. പത്താമുദയത്തെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ്. കർക്കടകത്തിലെ നെറയും ചിങ്ങത്തിലെ പുത്തരിയും ഉത്തര മലബാറിലെതന്നെ വ്യത്യസ്തങ്ങളായ കാർഷികോത്സവങ്ങളാണ്.

തെയ്യപ്പുരകളൊക്കെയും ശോകമൂകമാണ്. എത്ര പുതുക്കിയാലും നിറംവെക്കാത്ത ചമയങ്ങൾ പോലയാണ് ജീവിതം. പുതുക്കാൻ ചമയങ്ങളില്ല. പലചമയങ്ങളും കേടുവന്നു. പുതുക്കാത്ത ശരീരവും മനസ്സുമായി തെയ്യക്കാരുടെ ആകുലതകൾക്കവസാനമില്ല.

തുലാപ്പത്തിന്റെ വിശേഷങ്ങൾ മറ്റൊന്നാണ്. ചക്രവാളസീമയിൽ തുലാസൂര്യൻ ചുവന്നുതുടക്കുമ്പോൾ താഴെ മണ്ണിലും ചായില്യം തൊട്ട് മനുഷ്യനും സൂര്യനൊപ്പം ദൈവമായി ഉയിർക്കും. മണ്ണും മനുഷ്യനും തമ്മിലുള്ള കരാറാണ് പത്താമുദയവും തെയ്യവും. കന്നിയിൽ കൊയ്തെടുക്കുന്ന അരി തരക്കിയെടുത്താണ് കാവിലെ തെയ്യത്തിന് കൊടുക്കുന്നത്. നെല്ല് വറുത്ത് മലരാക്കി മുതിർച്ച വെക്കണം. പുലയവീര്യവുമായുറയുന്ന കാലിച്ചാൻ തെയ്യം പത്താമുദയത്തിന്റെ ഭാഗ്യമുദ്രയാണ്. കാലിച്ചേകോൻ തന്റെ അധികാരപരിധിയിൽ വരുന്ന വീടുകൾ കയറിയിറങ്ങും. വീട്ടിൽ വരുമ്പോൾ കാലിച്ചാനൂട്ട് കൊടുക്കണം. തരക്കിയരിയും വെല്ലവും തേങ്ങയും ചേർത്തുണ്ടാക്കിയ ചക്കരച്ചോറ് തെയ്യത്തിനും ആലയിലെ എരുതുകൾക്കും വിളമ്പുന്നു. തുലാസൂര്യൻ ഉദിക്കുന്നതോടെ വേനൽക്കാല നിദ്രയ്ക്കൊടുവിൽ ഇടവക്കോളിൽ മീനുകൾ കണ്ടത്തിലെ ജലപ്പരിപ്പിൽ പുളയുന്നതുപോലെ തുലാവർഷപ്പകർച്ചയിൽ കാവകപ്പച്ചയിൽ ചോപ്പിറ്റുന്ന തെയ്യങ്ങളുമുറയുന്നു.

ചക്രവാളസീമയിൽ തുലാസൂര്യൻ ചുവന്നുതുടക്കുമ്പോൾ താഴെ മണ്ണിലും ചായില്യം തൊട്ട് മനുഷ്യനും സൂര്യനൊപ്പം ദൈവമായി ഉയിർക്കും.

പത്താമുദയസൂര്യനുമാത്രം ചുവക്കാനാകില്ലല്ലോ. ചായില്ല്യമെഴുതി മോത്ത് ദൈവമുദ്ര ചൂടിയ മനുഷ്യരില്ലെങ്കിൽ പിന്നെ പത്താമുദയസൂര്യൻ മാത്രം ചുവന്നിട്ടെന്തുകാര്യം? ചിങ്ങം കഴിഞ്ഞ് കന്നിപിറക്കുന്നതോടെ നമ്മുടെ നാട്ടിലെ തെയ്യപ്പുരകളുണരും. വരുന്ന തെയ്യക്കാലത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ്. തെയ്യക്കാരുടെ ചമയപ്പണികളുംം അണിയലം പുതുക്കുന്നതും കണ്ടിരിക്കാൻ നല്ല രസമാണ്. കഞ്ഞിമുക്കി ബലപ്പെടുത്തിയ വെളിമ്പനും ഒളിമിന്നുന്ന ചമയങ്ങളും ഊട്ടിനിറപ്പിച്ച തകിടുകളൊട്ടിച്ച് നിറപ്പെടുത്തിയ പുത്തൻ തിരമുടികളുമായി തെയ്യങ്ങളുടെ തുടക്കം അത്രയും വർണ്ണാഭമാണ്.

പക്ഷേ തെയ്യപ്പുരകളൊക്കെയും ശോകമൂകമാണ്. എത്ര പുതുക്കിയാലും നിറംവെക്കാത്ത ചമയങ്ങൾ പോലയാണ് ജീവിതം. പുതുക്കാൻ ചമയങ്ങളില്ല. ഉപയോഗിക്കാത്തുകൊണ്ട് പലചമയങ്ങളും കേടുവന്നു. പുതുക്കാത്ത ശരീരവും മനസ്സുമായി തെയ്യക്കാരുടെ ആകുലതകൾക്കവസാനമില്ല. സർക്കസുകാരെപ്പോലെ തെയ്യക്കാരും ശരീരം കൊണ്ട് കവിതകൾ വിരിയിക്കുന്നവരാണ്. ശരീരരമാണ് മാധ്യമം. രണ്ടു കളിയാട്ടക്കാലമായി തെയ്യമൊഴിഞ്ഞ ശരീരം മറ്റൊന്നായി മാറിക്കഴിഞ്ഞു. ശരീരത്തിന്റെ വഴക്കങ്ങൾക്ക് തുടർച്ച നഷ്ടപ്പെടുമ്പോൾ അത് ദൈവത്തിനപരിചിതമാകുന്ന ഭൂപ്രദേശമായി മാറുന്നു. കാടുകയറിയ പൂന്തോട്ടം പോലെ തെയ്യക്കാരന്റെ ശരീരം മാറിപ്പോയിരിക്കുന്നു. ദൈവത്തിന് മനുഷ്യശരീരത്തിലേക്കുള്ള വഴികൾ പിഴയ്ക്കുന്നു. പെട്ടെന്നൊരുദിനം ദൈവമുടിയെടുത്താടാൻ ഈ ശരീരങ്ങൾക്കാകില്ല. തെയ്യമൊഴിഞ്ഞ മനുഷ്യരുടെ സങ്കടങ്ങൾക്കവസാനമില്ല. നാട്ടുദൈവങ്ങൾ പിൻതിരിഞ്ഞുനടക്കുകയാണ്. പത്താമുദയസൂര്യൻ കരിന്തിരികത്തി കെട്ടുപായിരിക്കുന്നു.

ആളും ആരവങ്ങളുമൊടുങ്ങിയ ആലുംവളപ്പ്

രണ്ട് ആലുംവളപ്പുകൾക്ക് നടുവിലാണ് തൃക്കരിപ്പൂരിലെ വീട്. ആലുംവളപ്പെന്നൽ വളരെ ലളിതമാണ്. ആലുകളാൽ വലയം ചെയ്യപ്പെട്ട വലിയ മൈതാനം. തെയ്യങ്ങളുടെയും കുട്ടികളുടെയും തട്ടകം. തുളുനാടൻ കാഴ്ചകളിൽ ഏറെ സവിശേഷതകൾ ആലുംവളപ്പിനുണ്ട്. ഇത് മറ്റെവിടെയും കാണാനാകില്ല. തങ്കയം ആലുംവളപ്പ്, എടാട്ടുമ്മൽ ആലുംവളപ്പ്, കൊയോങ്കര ആലുംവളപ്പ് ഇളമ്പച്ചി ആലുംവളപ്പ് മാണിക്കാനാലിൽകീഴിൽ, കുഞ്ഞാലിൽകീഴിൽ ഇങ്ങനെ പലപേരുകളിൽ തൃക്കരിപ്പൂരിൽ ആൽമരപ്പടർപ്പുകളുലയുന്നു.

എല്ലാ വർഷവും നടക്കുന്ന ആലുംവളിപ്പിലെ ഓണാഘോഷരിപാടിയാണ് നമ്മുടെ നാടിന്റെ ഓണം. ഈ നാട്ടിൽ ഓണമുണ്ടെന്ന് നാട്ടുകാരറിഞ്ഞുതുടങ്ങിയത് കലാസമിതിയുടെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ആലുംവളപ്പിലെത്തുമ്പോഴായിരുന്നു.

ആലുംവളപ്പുകളിൽ കൊല്ലത്തിലൊരിക്കലോ കുറേകൊല്ലങ്ങൾ കൂടുമ്പോഴോ ഒറ്റക്കോലം തെയ്യമുണ്ടാകും. തെയ്യമില്ലാത്ത സമയങ്ങളിൽ ആലുംവളപ്പുകൾ കുട്ടികളുടെ കളിമൈതാനങ്ങളാണ്. അന്തർദ്ദേശീയ ഫുട്ബോൾ താരങ്ങളെ വരെ സംഭാവന ചെയ്ത എടാട്ടുമ്മൽ ആലുംവളപ്പ് ഇതിനോടകം വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യൻ അരങ്ങിലെ വിസ്മയമായ ഖസാക്കിന്റെ ഇതിഹാസസമെന്ന നാടകം രൂപപ്പെപ്പെട്ടതും ഇതേ ആലുംവളപ്പിൽ വെച്ചാണ്. ഉത്തരമലബാറിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയാണ് ആലുംവളപ്പുകൾ. ഒരുഭാഗത്ത് തെയ്യങ്ങളുറങ്ങുന്ന പള്ളിയറയും മറുഭാഗത്ത് കലാസമിതിയുമാണ് ആലുംവളപ്പിന്റെ ഘടന. തെയ്യങ്ങൾക്ക് പുറമെ കലാസമിതികളും വായനശാലാപ്രവർത്തനങ്ങളുമായി ആലുംവളപ്പുകൾ ഒരുനാട്ടിലെ ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.

ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ നിന്ന് / Photo: 2idiots

വീടിനടുത്തുള്ള നവജീവൻ ആലുംവളപ്പുമായി അത്രയധികം വൈകാരികബന്ധമുണ്ട്. ഓർമകൾ വേരിറങ്ങി തിടംവെച്ചുതുടങ്ങുന്നത് ഈ ആലുംവളപ്പിലാണ്. കുട്ടിക്കാലം മദിച്ചുതീർത്ത ആൽമരത്തണൽപ്പടർപ്പുകൾ. കുട്ടിക്കാലത്തിനൊപ്പം ആലുംവളപ്പിൽ ഒരു കലാസമിതിയും അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ആൽമരത്തണിലിലൊത്തുകൂടിയ ഞങ്ങളുടെ ഏട്ടന്മാരുടെ ചിന്തയിലാണ് കലാസമിതിയെന്ന ആശയമുടലെടുത്തത്. നവജീവൻ എന്ന് കലാസമിതിക്ക് പേരിട്ടു. തൃക്കരിപ്പൂരിലെ യുവാക്കളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായി കലാസമിതി പിന്നീട് ഓലപ്പുരിയിലേക്ക് വളർന്നു. പതുക്കെപ്പതുക്കെ പലപലപരിപാടികളുമായി കലാസമിതി ആലുംവളപ്പിൽ പ്രവർത്തിച്ചുതുടങ്ങി. സ്വന്തമായി സ്ഥലംവാങ്ങി. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ്‌കെട്ടിടമുയർന്നു.

എല്ലാ വർഷവും നടക്കുന്ന ആലുംവളിപ്പിലെ ഓണാഘോഷരിപാടിയാണ് നമ്മുടെ നാടിന്റെ ഓണം. ഈ നാട്ടിൽ ഓണമുണ്ടെന്ന് നാട്ടുകാരറിഞ്ഞുതുടങ്ങിയത് കലാസമിതിയുടെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ആലുംവളപ്പിലെത്തുമ്പോഴായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കൗതുകകരമായ പല പരിപാടികളാണ് പകൽസമയത്തുണ്ടാവുക. വൈകുന്നേരമാണ് സാംസ്‌കാരികസമ്മേളനം. പി. പി. കെ. പൊതുവാൾ, കെ. ഭാസ്‌കരൻ മാസ്റ്റർ, കെ. കെ. മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കെ. വി. വിജയൻ ഇവരാണ് സാസ്‌കാരിക സമ്മേളനത്തിലെ സ്ഥിരം പ്രാസംഗികർ. അതിൽ കെ. കെ. മാഷും കുഞ്ഞിരാമൻ മാഷും കെ, ഭാസ്‌കരൻമാഷും ഇന്ന് നമ്മോടൊപ്പമില്ല. ആലുംവളപ്പിലെ ഓണാഘോഷമെന്നാൽ ഒരു നാടിന്റെ ഒത്തുചേരൽ കൂടിയാണ്. ഒണസദ്യയുണ്ടതിന് ശേഷം എല്ലാവരും ആൽമരച്ചോട്ടിൽ കൂടിച്ചേരും. നമ്മളെപ്പോലെ നാടുവിട്ടുപോയ എത്രയോ നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ടുമുട്ടുന്നതിനും സൗഹൃദം പങ്കിടുന്നതിനുമുള്ള അപൂർവ്വാവസരം കൂടിയാണ് ആലുംവളപ്പിലെ ഓണഘോഷപരിപാടികൾ.

വൈകുന്നേരത്തെ സാംസ്‌കാരിക സമ്മേളനത്തിനുശേഷമാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാസമിതിയുടെ സ്വന്തം പരിപാടി. സമിതി പ്രവർത്തകരും കുടുംബാംഗങ്ങളും ഒരുക്കുന്ന നാടകമോ സംഗീതശില്പമോ എല്ലാവർഷവും ഉണ്ടാകും. കെ.വി. കൃഷ്ണൻ മാസ്റ്റർ, വത്സരാജ് തൃക്കരിപ്പൂർ എ.കെ. കുഞ്ഞിരാമൻ ഇവരിൽ ആരെങ്കിലും ആയിരിക്കും സംവിധായകൻ. തൃക്കരിപ്പൂരിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, ഒരുകലാകാരനെങ്കിലും ഇല്ലാത്ത ഒരുവീടുപോലും അവിടെ ഉണ്ടാകില്ല എന്നതാണ്. ഒരു സാധാരണ നാട്ടിൻ പുറത്തെ യുവാക്കളിൽ സാമൂഹിക ബോധ്യമുണർത്തുന്നതിനും അവരെ മികച്ച സാംസ്‌കാരിക പ്രവർത്തകരാക്കി പാകപ്പെടുത്തിയെടുക്കുന്നതിനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. ഒരു വ്യക്തി സമൂഹത്തെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നതിന്റെ പരിശീലനക്കളരികളാണ് കലാസമിതി പ്രവർത്തനങ്ങൾ.

ആലുംവളപ്പ് കേരളത്തിലെ ഒരുനാട് കൈവരിച്ച സാംസ്‌കാരികമായ അഭിവൃദ്ധിയുടെ മുഖമുദ്രയാണ്. മഹാമാരിക്കാലം അങ്ങനെയുള്ള വലിയ സ്വപ്നങ്ങളെ, അതിന്റെ പ്രചോദനങ്ങളെയാണില്ലാതാക്കുന്നത്.

നവജീവൻ കലാസമിതി പ്രവർത്തനങ്ങളിൽ കുഞ്ഞുനാൾ മുതൽ ഭാഗമാണ്. തൃശൂരിലേക്ക് ജീവിതം പറിച്ചു നടുമ്പോൾ നവജീവന്റെ സെക്രട്ടറിയായിരുന്നു. തൃക്കരിപ്പൂരിൽ നിന്ന് തൃശൂരിലേക്കുള്ള പറിച്ചുനടൽ വല്ലാതെ വിഷമിപ്പിച്ചതായിരുന്നു. 1997 മുതൽ ഓണമെത്തുമ്പോൾ മനസ്സുപിടക്കും. ആലുംവളപ്പിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ. ആലുംവളപ്പിൽ നിന്ന് പഠിച്ച പാഠങ്ങളാണ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വലിയ സാംസ്‌കാരികോത്സവങ്ങൾ കുറ്റമറ്റ രീതിയൽ നടപ്പാക്കാനുള്ള പ്രാഥമികമായ അറിവും ആത്മവിശ്വാസവും പകർന്നുതന്നത്. ആദ്യമായി മൈക്കിലൂടെ സംസാരിച്ചത് ഓണാഘോഷപരിപാടിയിൽ വെച്ചായിരുന്നു. വലിയ സങ്കോചത്തോടെ ആൾക്കാരെ അഭിമുഖീകരിച്ച് ശീലിച്ച് ഒടുവിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ സ്റ്റേജിൽ കയറുന്നതിനുള്ള പ്രാപ്തി നേടി. ആലുംവളപ്പിലെ കുഞ്ഞുപരിപാടികളിൽ നിന്നാർജ്ജിച്ച ആത്മവിശ്വാസമാണ് അന്തർദ്ദേശീയ നാടകോത്സവം പോലുള്ള വലിയ പരിപാടികളെ അഭിമുഖീകരിക്കാനുള്ള ധൈര്യം പകർന്നു തന്നത്.

ആലുംവളപ്പ് കേരളത്തിലെ ഒരുനാട് കൈവരിച്ച സാംസ്‌കാരികമായ അഭിവൃദ്ധിയുടെ മുഖമുദ്രയാണ്. ഒരുഗ്രാമത്തിലെ ചെറുപ്പക്കാരെങ്ങനെയാണ് ആരോഗ്യമുള്ള, ചിന്താശേഷിയുള്ള ഒരു സമൂഹനിർമിതിയുടെ ആണിക്കല്ലുകളാകുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്. മഹാമാരിക്കാലം അങ്ങനെയുള്ള വലിയ സ്വപ്നങ്ങളെ, അതിന്റെ പ്രചോദനങ്ങളെയാണില്ലാതാക്കുന്നത്. പകർച്ചവ്യാധി ആലുംവളപ്പിലെ ആരവങ്ങളെ, സന്തോഷങ്ങളെ തടങ്കലിലാക്കുന്നു. ഇവിടെ കേവലം ഒരു ഓണാഘോത്തിന്റ ആരവം മാത്രമല്ല നിലയ്ക്കുന്നത്. രോഗകാലം തുടച്ചുകളഞ്ഞ എത്രയെത്ര ആഹ്ളാദങ്ങൾ. മറ്റൊരാൾക്കും തിരിച്ചുനൽകാനാകാത്തത്. ആരവങ്ങളൊടുങ്ങിയ ആലുംവളപ്പിലേക്കാണ് യാത്രയെന്നാലോചിക്കുമ്പോൾ വല്ലാത്ത നിരാശയാണ്. തളംകെട്ടിക്കിടക്കുന്ന ശൂന്യതയാണ് മുന്നിൽ.

കണ്ണീരുകലങ്ങിയ ചിങ്ങവെള്ളം

സന്തോഷമില്ലാത്ത നാട്ടിൽ ശൂന്യമായ ആൽമരപ്പടർപ്പുകൾ ശ്മശാനമൂകത ബാക്കിയാക്കുന്നു. പകർച്ചവ്യാധി മനുഷ്യന്റെ സമൂഹജീവിതത്തെ ഏതൊക്കെ പ്രകാരത്തിലാണ് ബാധിക്കുന്നത്. മനുഷ്യരൊത്തുകൂടുമ്പോഴുള്ള സന്തോഷത്തിന് പകരമല്ല മറ്റൊന്നും. ആൾക്കാരോടൊത്തിരുന്ന് ഒരു പാട്ട് കേട്ടിട്ട്, നാടകം കണ്ടിട്ട് എത്രനാളായി. പാട്ടും നാടകവുമില്ലാത്ത മണ്ണിൽ പിന്നെ മുളച്ചുപൊന്തുന്നത് എന്തായിരിക്കും. നല്ല വളക്കൂറുള്ള മണ്ണിൽ എല്ലാ വെള്ളവും വളവുമൂറ്റുന്ന നാശത്തിന്റെ വിഷവൃക്ഷങ്ങൾ പടരുവാനായി കാത്തിരിക്കുന്നുണ്ട്. രോഗകാലത്തിന്റെ ഏറ്റവും ഭീതിതമായ അനന്തരഫലമാണത്. നമ്മൾ കരുതിയിരുന്നേ പറ്റൂ.

ആളും ആരവങ്ങളുമൊഴിഞ്ഞ ഇടങ്ങൾ. ആൾക്കൂട്ടങ്ങളേയും ആരവങ്ങളേയും സ്വശരീരത്തിൽ ബന്ധിച്ചവർ. തെയ്യക്കാരെപ്പോലെത്തന്നെ പ്രതിസന്ധിയിലകപ്പെട്ടുപോയവരാണ് കാവുകളിലെ അന്തിത്തിരിയന്മാരും വെളിച്ചപ്പാടന്മാരും. പ്രയാമേറെ പിന്നിട്ട ആചാരക്കാർ ആരോഗ്യത്തോടെ തെളിഞ്ഞ മനസ്സോടെ നിലനിൽക്കുന്നത് കാവുകളുമായി ആത്മബന്ധമുള്ളതുകൊണ്ടാണ്. വിട്ടുവീഴ്ചകളില്ലാത്ത കഠിനമായ അനുഷ്ഠാനജീവിതമാണ് അവരുടെ ആരോഗ്യരഹസ്യം. കാവുകളിലെ മിക്ക ആചാരക്കാരും 80 വയസ്സെങ്കിലും പ്രായമുള്ളവരാണ്. ജീവിക്കുന്ന സമൂഹത്തിൽ അവർക്ക് സമാദരണീയമായ അസ്തിത്വം നിലനിലക്കുന്നത് തന്നെ അവരുടെ ത്യാഗപൂർണമായ അനുഷ്ഠാനജീവിതം കൊണ്ട് മാത്രമാണ്. ഒരാചാരക്കാന്റെ ജീവിതം പ്രകൃതിയുമായി സമന്വയിക്കപ്പെട്ടതാണ്. ഋതുഭേദാനുസാരിയായി കാവുകളിൽ വ്യത്യസ്തങ്ങളായ കർമങ്ങൾ ആചാരക്കാരൻ അനുഷ്ഠിക്കണം. കാവുജീവിതവും വ്യക്തിജീവിതവും അവർക്ക് രണ്ടല്ല. ഒന്നുതന്നെയാണ്. കാവുജീവിതം ഇല്ലാതാകുമ്പോൾ ഭൗതികമായി അവർ ഇല്ലാതാവുക തന്നെയാണ് ചെയ്യുന്നത്.

അസ്രാളൻ തമ്പാച്ചി / Photo: Prasoon Kiran

നാലഞ്ചുമാസം മുമ്പ് രോഗാവസ്ഥ അല്പമൊന്ന് ശമിച്ചപ്പോൾ 90 വയസ്സിനോടടുക്കുന്ന അസ്രാളൻ തമ്പാച്ചിയെ കാണാൻ കാഞ്ഞങ്ങാട് മാണിക്കോത്ത് പോയിരുന്നു, മുകയസമുദായത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ആചാരക്കാരനാണ് അസ്രാളൻ എന്ന തേളപ്പുറത്തമ്പാടി മൊയോൻ. നല്ല തെളിഞ്ഞ ബുദ്ധിയും ഓർമശക്തിയും ആരോഗ്യവുമുള്ള വെളിച്ചപ്പാടനാണ് അസ്രാളൻ. എവിടെയും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഉത്തര മലബാർ ചരിത്രവും അനുഷ്ഠാനവും സംസ്‌കാരവും അസ്രാളനെ പോലെ അറിയാവുന്നവർ ഇന്നാരുമില്ല. കഴിഞ്ഞ വർഷം കാവിൽ പോയിട്ടേയില്ല. സംസാരത്തിലുടനീളം അതിന്റെ പ്രശ്നങ്ങളായിരുന്നു. ഓർമകൾ പഴയതുപോലെ തുറന്നുതുറന്ന് വരുന്നില്ല. ദൈവമാകാൻ നിയോഗപ്പെട്ടവരാണ് അവർ.

രോഗകാലം കവർന്നെടുക്കുന്ന കാവുകളും കൂട്ടായ്മയും ഒരു ജനതയുടെ ആർജ്ജിത ജ്ഞാനത്തിന്റയും സംസ്‌കാരത്തിന്റെയും തിരുശേഷിപ്പുകളാണ്.

കാവകക്കുളിരിൽ കുളത്തിൽ മുങ്ങിനീർന്ന്, മേപ്പൊട കെട്ടി തിരുവായുധമെടുത്ത് ഉറഞ്ഞുരിയാടിയുള്ള ജീവിതമാണ് അവരെ ഈ മണ്ണിൽ ഉശിരോടെ നിലനിർത്തുന്നത്. അവരുടെ അറിവും ആരോഗ്യവും ബുദ്ധിശക്തിയും ഓർമശക്തിയും എല്ലാം അവരുടെ അനുഷ്ഠാന ജീവിതമാണ്. അതില്ലാതെ അവർക്ക് വേറെ ജീവിതമില്ല. കാവുകാണാതെ, കാവിലെ അന്തിത്തിരി തൊഴാതെയുള്ള ജീവിതം അവരുടെ ഇന്നോളമുള്ള സങ്കല്പങ്ങളിൽ ഒരിക്കൽപ്പോലും കടന്നുവരാത്തതാണ്.

രോഗത്തിന്റെ പ്രതിസന്ധികൾക്ക് ഭൗതികമായും ആത്മീയമായും പല തലങ്ങളുണ്ട്. അത് നമ്മുടെ യുക്തിക്ക് മനസ്സിലാകുന്നതല്ല. അതിനിരയാകുന്നവരെ മാത്രം ബാധിക്കുന്നതാണ്. അത് മറ്റൊരാളെ ബോധിപ്പിക്കാനാകുന്നതുമല്ല. രോഗകാലം കവർന്നെടുക്കുന്ന കാവുകളും കൂട്ടായ്മയും ഒരു ജനതയുടെ ആർജ്ജിത ജ്ഞാനത്തിന്റയും സംസ്‌കാരത്തിന്റെയും തിരുശേഷിപ്പുകളാണ്. അധികാരത്തിന്റെ സവർണചിന്തകൾക്ക് അതിശക്തമായ ബദലാണ് കാവുകളും അതിനോട് ചേരുന്ന ആൾക്കൂട്ടപ്പെരുപ്പവും. ഋതുഭേദങ്ങളും കൃഷിയും കാവും ജനങ്ങളും തെയ്യവും ഒരാവാസവ്യവസ്ഥയിലെ ജീവശൃംഖലയാണ്. അത് പരസ്പരബന്ധിതമാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപില്ല.

തൃക്കരിപ്പൂർ നീലംബം കടൽക്കരയിൽ ആയിറ്റിത്തുരുത്തിലെ ആയിറ്റിക്കാവ് / Photo: Prasoon Kiran

കാവുകളിലെ അനുഷ്ഠാന ജീവിതം മുടങ്ങുമ്പോൾ അജയ്യരായ അവതാര ദൈവങ്ങൾ നാട്ടുദൈവങ്ങൾക്ക് പകരം അരിയിട്ടു വാഴ്ച നടത്തും. രോഗകാലത്തിന്റെ ഏറ്റവും വലിയ ദുരന്തന്തങ്ങളിലൊന്നാണ് മണ്ണിൽ നിന്ന് തുടച്ചുമാറ്റപ്പെടുന്ന മണ്ണിന്റെ മണമുള്ള നാട്ടുസംസ്‌കൃതിയുടെ അഭാവം. പകരം അധികാരമേൽക്കുന്നതാകട്ടെ വിവേചനത്തിന്റെ സവർണമുദ്രകളണിഞ്ഞ അവതാരദൈവങ്ങളും.
മനുഷ്യർ മാത്രമല്ല, ഇവിടെ ദൈവങ്ങളും കരയുന്നുണ്ട്. അമ്മ കയ്യിൽക്കോരിയെടുത്ത ചിങ്ങവെള്ളത്തിൽ മനുഷ്യന്റെ മാത്രമല്ല ദൈവങ്ങളുടെയും കണ്ണീരുകലങ്ങീട്ടുണ്ട്. ഒന്നുംപറഞ്ഞ് സങ്കടപ്പെടുന്നതിൽ കാര്യമില്ല. കരഞ്ഞുകലങ്ങിയ കർക്കടകത്തിൽ നിന്ന് ചിങ്ങത്തിലേക്ക് കടക്കുമ്പോഴുള്ള സന്തോഷമൊക്കെ കേവവലം ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകളിലൊതുങ്ങി. ചിങ്ങവെള്ളമെന്നത് കേട്ടുകേൾവിപോലുമില്ലാതെയായി. ഒരു തുമ്പപ്പൂപോലും കാണാത്തവരോട് ചിങ്ങവെള്ളത്തെക്കുറിച്ചെന്തുപറയാൻ. പഴയ വീടുപൊളിച്ചപ്പോൾ പടിഞ്ഞാറ്റയും പൊളിച്ചുകളഞ്ഞു. മുരുടയും ഓട്ടുപാത്രങ്ങളും അട്ടത്തായി. ചിങ്ങവെള്ളം അമ്മയുടെ മാത്രം സ്വകാര്യതയായി.

ഓരോർമത്തെറ്റുപോലെ പഴയ പടിഞ്ഞാറ്റകത്തുനിന്ന് ഓട്ടുമുരുട അമ്മ എടുത്തുവെച്ചു. ചിങ്ങം പിറന്നപ്പോൾ അമ്മക്കുവേണ്ടിമാത്രം തുമ്പകൾ പുഞ്ചിരിച്ചു. എല്ലാ കണ്ണീരും വാർന്നുപോയ ഹരിതപത്രമായി താളില അമ്മക്കുവേണ്ടി താലം വിരിച്ചു. തുമ്പപ്പൂക്കളിലെ അരയന്നങ്ങൾ ഹരിതതൽപത്തിൽ നീന്തിത്തുടിച്ചു. കണ്ണീരുകലങ്ങിയ ചിങ്ങവെള്ളം അമ്മ പടിഞ്ഞാറ്റയെന്ന് സങ്കൽപിച്ച് സ്വീകരണമുറിയിലെ ചില്ലുകൂട്ടിൽവെച്ചു, മണ്ണും വെള്ളവും പച്ചയും മനുഷ്യനെ ചതിച്ചതായി ഇന്നോളം അറിവില്ല. ചിങ്ങവെള്ളത്തിനുമുകളിൽ പുതുജീവിതങ്ങൾ കണ്ണുമിഴിച്ചു. ▮


വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ

Comments