കോവിഡ്​ കൂടുമോ കുറയുമോ? സിറോ സർവേ ഫലം നൽകുന്ന സൂചന

ഇപ്പോഴുണ്ടായ രോഗ പ്രതിരോധം കൂടുതലും ( 65- 70% വരെ) മുൻ രോഗബാധ മൂലമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ ഇനി ഇവിടെ കൂടുതൽ വൈറസ് വ്യാപനത്തിനോ, വീണ്ടും രോഗബാധക്കോ സാധ്യതയില്ല. രോഗത്തിന്റെ എപിഡിമിയോളജി ശാസ്ത്രം വച്ച്​ പരിശോധിക്കുമ്പോൾ ഇപ്പോൾ കിട്ടിയിട്ടുള്ള അധിക ഇമ്യൂണിറ്റി നിരക്ക് വാക്‌സിനുപരി രോഗബാധ കൊണ്ടാണെന്ന നിഗമനത്തിലാണ് എത്തിക്കുന്നത്- ആരോഗ്യവകുപ്പ് നടത്തിയ സീറോ സർവേയിലെ കണ്ടെത്തലുകളുടെ അടിസ്​ഥാനത്തിൽ കോവിഡ്​ വ്യാപനത്തിന്റെ ഭാവിയെക്കുറിച്ച്​ ഒരു പരിശോധന

കേരളത്തിൽ ആരോഗ്യവകുപ്പ് സപ്തംബർ ആദ്യം നടത്തിയ സീറോ സർവേ ഫലം സർക്കാർ കഴിഞ്ഞയാഴ്ച പുറത്തുവിട്ടു. ഇത് പ്രകാരം സംസ്ഥാനത്തെ പതിനെട്ട് വയസ്സിന് മേലുള്ള 82.6% ജനങ്ങളിലും കോവിഡിനെതിരെ പ്രതിരോധ വസ്തുക്കൾ (Antobodies) ഉണ്ടായിട്ടുണ്ട്.

ഇതിനുമുമ്പ് സംസ്ഥാനത്ത് ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ ജൂണിലാണ് നാലാം റൗണ്ട് സിറോ സർവേ നടത്തിയത്. അന്ന് കേരളത്തിലെ പ്രതിരോധ നിരക്ക് 43 % വും ഇന്ത്യയിലെ ശരാശരി 62% വുമായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അപ്പോഴുള്ള പ്രതിരോധ നിരക്ക് 80 % ത്തിന് മുകളിലായിരുന്നു. കൂടുതൽ പ്രതിരോധ നിരക്ക് ഉണ്ടായ സംസ്ഥാനങ്ങളിൽ നിന്ന് കാര്യമായ രോഗപ്പകർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കോവിഡ് വൈറസിനെതിരെ പ്രധാനമായും രണ്ടുതരത്തിലാണ് ശരീരത്തിൽ ആന്റി ബോഡികൾ ഉണ്ടാകുന്നത്. ആദ്യത്തേത്​ സ്വാഭാവികമായും വൈറസ് ബാധ (Clinical or Sub clinical) മൂലവും രണ്ടാമത്തേത് വാക്‌സിൻ ലഭിക്കുന്നത് മൂലവുമാണ്.

ഇതിൽ രോഗബാധയുള്ളവരിലും, കോവാക്‌സിൻ എടുത്തവരിലും ന്യൂക്ലിയോ കാപ്‌സിഡ്, സ്‌പൈക്ക് പ്രോട്ടിൻ എന്നിങ്ങനെ രണ്ടുതരം ആന്റി ബോഡികളും കോവിഷീൽഡ് എടുത്തവരിൽ സ്‌പൈക്ക് പ്രോട്ടിൻ ആന്റി ബോഡികളുമാണ് ഉണ്ടാകുക. ഇവ രണ്ടും ഉണ്ടായിക്കഴിഞ്ഞാൽ ആറേഴ് മാസങ്ങൾ കഴിഞ്ഞ് രക്തത്തിൽ നിന്ന് ക്രമേണ അപ്രത്യക്ഷമാകുകയും പിന്നീട് വീണ്ടും രോഗബാധയുണ്ടായാൽ കൂടുതൽ ഉത്പാദിക്കപ്പെടുകയും ചെയ്യും. അതിനാൽ മുമ്പ് കേരളത്തിൽ രോഗബാധയുണ്ടായവരിൽ എല്ലാവരിലും ആന്റി ബോഡി ഇപ്പോൾ നടത്തുന്ന ടെസ്റ്റിലൂടെ കണ്ടെത്താനാകാത്തതിനാൽ യഥാർത്ഥ രോഗ പ്രതിരോധ നിരക്ക് ഇപ്പോഴുള്ള 82.6% ത്തിലും അധികം ഉണ്ടാകാനാണ് സാധ്യത.

ഇപ്പോഴുണ്ടായ രോഗ പ്രതിരോധം കൂടുതലും ( 65- 70% വരെ) മുൻ രോഗബാധ മൂലമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ ഇനി ഇവിടെ കൂടുതൽ വൈറസ് വ്യാപനത്തിനോ, വീണ്ടും രോഗബാധക്കോ സാധ്യതയില്ല

ജൂൺ കഴിഞ്ഞ് സപ്തംബറിലെത്തിയപ്പോൾ സംസ്ഥാനത്തെ പ്രതിരോധ നിരക്ക് ഇരട്ടിയായിട്ടുണ്ട് (43 ൽ നിന്ന് 83%). ഇത് ഉയർന്നതോതിലുള്ള വാക്‌സിനേഷൻ നിരക്ക് മൂലമോ വർദ്ധിച്ച തോതിലുള്ള രോഗവ്യാപനം മൂലമോ ആകാം. കേരളത്തിലെ മുതിർന്നവരിൽ 87 % വും വാക്‌സിന്റെ ഒറ്റ ഡോസും 41% രണ്ട് ഡോസും എടുത്തവരാണ്. ഇപ്പോൾ ഉപയോഗിക്കുന്ന വാക്‌സിനുകൾ കോവിഡ് വൈറസ് ബാധയിൽനിന്നും അവ പകർത്തുന്നതിൽ നിന്നും പൂർണ സംരക്ഷണം നൽകുന്നില്ല. ഗുരുതരാവസ്ഥകളും മരണസാധ്യതകളുമാണ് കുറയ്ക്കുന്നത്. അതിനാൽ വാക്‌സിൻ മൂലമുള്ള സംരക്ഷണമാണ് ഇപ്പോൾ രോഗബാധയേക്കാൾ അധികം ലഭിച്ചത് എന്ന വസ്തുതയാണ് ശരിയെങ്കിൽ കേരളത്തിൽ ഇനിയും രോഗവ്യാപനം കുറേ നാൾ കൂടി തുടരാനാണ് സാധ്യത.

രോഗത്തിന്റെ എപിഡിമിയോളജി ശാസ്ത്രം വച്ച്​ പരിശോധിക്കുമ്പോൾ ഇപ്പോൾ കിട്ടിയിട്ടുള്ള അധിക ഇമ്യൂണിറ്റി നിരക്ക് വാക്‌സിനുപരി രോഗബാധ കൊണ്ടാണെന്ന നിഗമനത്തിലാണ് എത്തിക്കുന്നത്.

ഒന്നാമതായി, ജൂണിൽ 43% ശതമാനം പേർക്ക് പ്രതിരോധം ഉണ്ടായിരുന്ന സമയത്ത് കേരളത്തിൽ ആകെ ഇരുപത് ലക്ഷം പേർക്ക് മാത്രമേ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യുന്നതിലെ അണ്ടർ കൗണ്ടിങ്ങ് ഫാക്ടർ ( Under counting Factor) 5 തൊട്ട് 6 വരെയാണ്. ഇപ്പോഴത് ഇരട്ടിയും കടന്ന് 47 ലക്ഷമായിട്ടുണ്ട്. അതിനർത്ഥം ഇതിന്റെ അഞ്ച്​ ഇരട്ടിയിലധികം പേരിൽ വൈറസ് ബാധയുണ്ടായിട്ടുണ്ട് എന്നാണ്. അപ്പോൾ സ്വാഭാവികമായി രോഗ പ്രതിരോധ നിരക്കും അന്നുണ്ടായിരുന്നതിന്റെ ഇരട്ടിയെങ്കിലും കൂടേണ്ടതുണ്ട്.

കേരളത്തിൽ ഇപ്പോൾ നടത്തിയ സർവ്വേയിൽ ഗർഭിണികളിലെ രോഗപ്രതിരോധ നിരക്ക് 65.4% മാണ്. വീടുകളിൽ നിന്ന്​ അധികം പുറത്തിറങ്ങാത്ത അധികം പേർക്കും വാക്‌സിൻ ലഭിക്കാത്ത ഇവരിലെ ഉയർന്ന നിരക്ക് രോഗബാധ മൂലം ഉണ്ടായതാണ്.

സപ്തംബറിൽ തന്നെ മുംബൈ നഗരത്തിൽ നടത്തിയ സിറോ സർവ്വേയിൽ വാക്‌സിൻ എടുത്തവരിൽ 90% വും എടുക്കാത്തവരിൽ 80% വുമായിരുന്നു രോഗ പ്രതിരോധ നിരക്ക് . ഇവർക്കിടയിൽ വെറും പത്തു ശതമാനത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. പഞ്ചാബിലും ഇതുതന്നെയാണ് പരിശോധനാഫലം. കേരളത്തിലും അങ്ങിനെയായിരിക്കാനാണ് സാധ്യത. (വ്യത്യാസം 10 തൊട്ട് 15% വരെ). ഇതിന് വാക്‌സിൻ ലഭിച്ചവർ, ലഭിക്കാത്തവർ, രോഗബാധിതർ എന്നിവരിലെ പ്രതിരോധ നിരക്കിന്റെ വേർതിരിച്ച കണക്കുകൾ ലഭ്യമാകേണ്ടതുണ്ട്.

ഇപ്പോഴുണ്ടായ രോഗ പ്രതിരോധം കൂടുതലും ( 65- 70% വരെ) മുൻ രോഗബാധ മൂലമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ ഇനി ഇവിടെ കൂടുതൽ വൈറസ് വ്യാപനത്തിനോ, വീണ്ടും രോഗബാധക്കോ സാധ്യതയില്ല. ജനങ്ങളിൽ ഭൂരിഭാഗം പേർക്കും ഉയർന്ന രോഗ പ്രതിരോധശേഷി കൈവരിക്കുമ്പോൾ വൈറസിന് പകരാനായി ആളുകൾ കുറഞ്ഞുതുടങ്ങുകയും രോഗവ്യാപന ശക്തി കുറഞ്ഞ് അത് എൻഡമിക്ക് സ്റ്റേജിൽ സ്ഥിരമായി അവിടേയുമിവിടേയുമായി ചെറിയ തോതിൽ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്താം.

അതിനിടയിൽ തന്നെ രോഗം വന്നാൽ ഗുരുതരാവസ്ഥയിലെത്താതിരിക്കാനും, മരണസാധ്യത കുറക്കാനും മുതിർന്നവർ മുഴുവനും രണ്ട് ഡോസ് വാക്‌സിനെടുത്ത് കരുത്ത് നേടേണ്ടതുണ്ട്. അങ്ങനെയാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Comments