കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അമീബിക് മസ്തിഷ്ക ജ്വരം രോഗികളുടെ റിപ്പോർട്ടുക ൾ ലഭിച്ച് കൊണ്ടിരിക്കുന്ന അവസരത്തിൽ സംസ്ഥാനആരോഗ്യ വകുപ്പ് ‘ജലമാണ് ജീവൻ’ എന്ന പേരിൽ കിണറുകൾ മുഴുവൻ ക്ലോറിനേറ്റ് ചെയ്യന്ന ക്യാമ്പയിൻ നടത്തി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ മനസ്സിൽ ഉയർന്നുവന്ന ചില സംശയങ്ങളും ചോദ്യങ്ങളുമാണ് താഴെനൽകുന്നത്.
ആദ്യമായി 1755-ലാണ് ജോഹൻ റോസൽ വോൺ റോസൻഹോഫ് തന്റെ മൈക്രോസ്കോപ്പിനടിയിൽ ഈ ഏകകോശജീവിയെ തിരിച്ചറിഞ്ഞത്. ഗ്രീക്ക് പുരാണങ്ങളിലെ ദേവനായ പ്രോട്ടിയസിനെ പോലെ ഇടയ്ക്കിടെ രൂപമാറ്റം വരുത്തുന്നതിനാൽ ഇതിന് അമീബാ പ്രോട്ടിയസ് എന്ന പേരും നൽകി.
പിന്നീട് ഇത്തരത്തിൽ പെട്ട ഏകദേശം നാനൂറിലധികം ഏകകോശ ജലജന്യജീവികളെ കണ്ടെത്തിയെങ്കിലും അവയൊന്നും രോഗകാരികളായിരുന്നില്ല. ഇത്തരം അമീബകൾ നമ്മളുടെ കിണർ വെള്ളത്തിൽ ഉണ്ടാകുന്നത് സാധാരണവുമാണ്. പിന്നീട് നൂറുവർഷം കഴിഞ്ഞ് 1965-ൽ ആസ്ത്രേലിയയിൽ വെച്ചാണ് മനുഷ്യരുടെ തലച്ചോറിനെ ബാധിക്കുന്ന രോഗകാരിയായ അമീബയെ കണ്ടെത്തുന്നതും മാൽകോം ഫൗളറിന്റെ ഓർമ്മക്ക് ഇതിനെ നെഗ്ളേറിയ ഫൗലേരി എന്ന് നാമകരണം ചെയ്തതും. പിന്നീട് 1970-ൽ അക്കാന്തമീബ എന്ന കണ്ണിലെ കൃഷ്ണമണികളേയും തലച്ചോറിനേയും ബാധിക്കുന്ന മറ്റൊരു രോഗകാരിയേയും കണ്ടെത്തി. നമ്മുടെ വെള്ളത്തിലും മണ്ണിലും പണ്ട് മുതലേ സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ പല തരത്തിലും രൂപത്തിലും ഉണ്ടായിരുന്നു. പക്ഷെ ഇതുവരെ അവയൊക്കെ വളരെ വിരളമായേ മനുഷ്യരിലെത്തി രോഗമുണ്ടാക്കാറുള്ളൂ. ഇതിന് അപവാദമായി മുൻപ് ഉണ്ടായിരുന്ന അമീബിക്ക് ഡിസൻട്രി, എന്ന വയറിളക്കം ഉണ്ടാക്കുന്ന രോഗം ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു.

ഇവിടെ നമ്മുടെ ഭീഷണി മാരകമായ നെഗ്ലേറിയ ഫൗളേറി എന്ന വിഭാഗം അമീബയാണ്. വിരളമായി മാത്രം മനുഷ്യരിലെത്തുന്ന ഇത് സാധാരണ പകരുന്നത് വെള്ളത്തിൽ മുങ്ങി കുളിക്കുമ്പോഴും നീന്തുമ്പോഴും മൂക്കിലൂടെ കയറുന്ന വെള്ളം വഴിയാണ്. അല്ലാതെ കുടിക്കുന്ന വെള്ളമോ, കഴിക്കുന്ന ഭക്ഷണമോ രോഗികളുടെ മലമോ വഴിയല്ല. ഈ രോഗാണു മനുഷ്യരിൽ നിന്ന് മറ്റൊരാളി ലേക്ക് പകരാറുമില്ല. പകർച്ചവ്യാധികളുടെ എപിഡിമിയോളജി ശാസ്ത്രത്തിൽ സാധാരണ രോഗമില്ലാത്ത അവസ്ഥകളിൽ മനുഷ്യരും രോഗാണുക്കളും അവനിലനിൽക്കുന്ന പരിസ്ഥിതിയും തമ്മിലുള്ള ഒരു തുലനാവസ്ഥയെ പറ്റി പരാമർശിക്കുന്നുണ്ട്. സാധാരണ ഈ തുലനാവസ്ഥകളിൽ രോഗപകർച്ച ഉണ്ടാവില്ല. എന്നാൽ ഈ തുലനാവസ്ഥയ്ക്ക് എന്തെങ്കിലും ഭംഗം വന്നാൽ രോഗപകർച്ച ഉണ്ടാവും. ഇതിലേതെങ്കിലും ഒരു ഘടകത്തിന്റെ എണ്ണം കൂടുക/കുറയുക, അടുപ്പം/അകലം കൂടുക, സ്വാഭാവ വ്യത്യാസമുണ്ടാകുക എന്നതൊക്കെ ഇതിന് കാരണമാണ്. പലമൃഗജന്യരോഗങ്ങളും പുതുതായി മനുഷ്യരിലെത്തിയത് ഈ തുലനം തെറ്റിയത് മൂലമാണ്. അങ്ങനെയെങ്കിൽ വെള്ളത്തിൽ സ്വതന്ത്രമായി ജീവിച്ചിരുന്ന ഏകകോശ ജീവി ഇവിടെ എന്തുകൊണ്ട് മനുഷ്യരിലെത്തുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.
1. രോഗാണുപരമായ കാര്യങ്ങൾ
ജലജീവിയായ അമീബയുടെ എണ്ണം ഇവിടങ്ങളിലെ വെള്ളത്തിൽ പെട്ടെന്ന് കൂടുകയാണെങ്കിൽ അവ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. ഇതിന് ഇവ പെരുകാനുള്ള ഭക്ഷണവസ്തുക്കൾ, സാഹചര്യങ്ങൾ ഇവ വെള്ളത്തിൽ കൂടണം. ബാക്ടീരയകൾ, ആൾഗകൾ എന്നിവയാണിവ. ഇതിൽ മനുഷ്യരുടെ മലത്തിലെ ബാക്ടീരയകളും മറ്റു രോഗകാരികളും പെടുന്നുണ്ട്. നമ്മുടെ കിണറുകളിലും കുളങ്ങളിലും യൂട്രോഫിക്കേഷൻ പ്രക്രിയ അതിവേഗത്തിൽ നടക്കുന്നത് ഇവയ്ക്ക് അനുകൂലമായ ബയോമാസ് സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന പായൽ പിടിച്ച വെള്ളത്തിലും മലിന ജലത്തിലും ഇവയുടെ പെരുപ്പം കൂടുതലാണ്. Eutrophication level കൂടിയ വൃത്തിയാക്കാത്ത കിണറുകളും കുളങ്ങളും അവയുടെ ഇത്തരം ഓർഗാനിക് ഫുഡ് ഫെസ്റ്റുകളാണ്. ഇവയുടെ എണ്ണം കൂടുതൽ ആകാൻ ഇതിനെ ഇരയാക്കുന്ന മറ്റ് ജീവജാലങ്ങളും കുറയുകയോ നശിപ്പിക്കുന്ന വെള്ളത്തിന്റെ രാസഘടന മാറുകയോ വേണം.

രോഗകാരിയായ അമീബയെ നശിപ്പിക്കുന്ന മറ്റു ജലജീവികൾ:
വെള്ളത്തിൽ തന്നെയുള്ള മറ്റ് ഏകകോശജീവികളായ വലിയ അമീബകളും, പാരാമീസിയം എന്ന ചെറുജീവിയും ഇവയെ വിഴുങ്ങുന്നവയാണ്.
കൂടാതെ ജലത്തിലുണ്ടാകുന്ന നിമാവിരകളും, റോട്ടി ഫെറുകളും ഇവയെ ഭക്ഷിക്കുന്നവയാണ്.
ജലപ്രാണികളായ ഡാഫ്നിയ (Water flea), വെള്ളത്തിലെ ചെള്ളുകൾ (Fleas), കോപി പെസുകളായ (Copepeds) സൈക്ലോപുകൾ (Cyclops), കൊതുകിന്റെ ലാർവകൾ, ചെറുമീനുകൾ തുടങ്ങിയവയൊക്കെ ഈ അമീബകളെ ഭക്ഷിക്കുന്നവരാണ്. നമ്മുടെ ജലശേഖരങ്ങളിലെ ഇവയുടെ എണ്ണക്കുറവും ഇത്തരം രോഗകാരികളുടെ പെരുപ്പം കൂട്ടാം. പ്രകൃതിയിൽ ഇത്തരം ജീവികളുടെ എണ്ണം നിലനിർത്തുന്നതും രോഗനിയന്ത്രണത്തിന് ജൈവമാർഗ്ഗമായി കരുതാവുന്നതാണ്.
വെള്ളത്തിലെത്തുന്ന കൂടിയ അളവിലുള്ള രാസവസ്തുകളും, ഡിറ്റർജൻ്റുകളും ഇവയിൽ പലതിനേയും നശിപ്പിക്കുന്നതാണ്.
ബ്ലീച്ചിംഗ് പൗഡർ പോലുള്ള അണുനാശിനികൾ കൂടിയ അളവുകളിൽ ഉപയോഗിക്കുമ്പോൾ വിവേചനമില്ലാതെ ഇവയൊക്കെയും നശിക്കപ്പെടാനും സാധ്യതയുണ്ട്. നമ്മുടെ കിണറുകളിലും കുളങ്ങളിലും സാധാരണയുള്ള ആരോഗ്യകരമായ ഇക്കോ - ആവാസവ്യവസ്ഥയിൽ രോഗാണുക്കളായ ഇവയുടെ എണ്ണം കൂടാതെ നിയന്ത്രിക്കുന്ന പ്രകൃതി വ്യവസ്ഥയാണ് നിലനിന്നിരുന്നത്. എന്നാൽ ഇപ്പോഴുള്ള ബയോമാസ് ഇവർക്ക് അനുകൂലമായിട്ടുണ്ടാവും. ഇവയ്ക്ക് വെള്ളത്തിന്റെയും മണ്ണിൻ്റേയും അമ്ല-ക്ഷാര ( Acidic or Alkaline) സ്വഭാവം ഏതായാലും പ്രശ്നമില്ലാതെ അതിജീവിക്കാൻപറ്റുന്നതാണ്; അതേ അവസരത്തിൽ ഇവയെ ഇരയാക്കുന്ന ജീവികൾക്ക് അതിജീവിക്കാൻ അനുകൂലമല്ലാത്തതുമാകാം. (എലിപ്പനി ഉണ്ടാകുന്ന സ്ഥലങ്ങളിൽ സാധാരണ ആൽക്കലിനിറ്റി കൂടിയ വെള്ളവും മണ്ണുമാണ് കൂടുതൽ ഉണ്ടാകുക).

ബ്ലീച്ചിംഗ് പൗഡർ പോലുള്ള അണുനാശിനികൾ കൂടിയ അളവുകളിൽ ഉപയോഗിക്കുമ്പോൾ വിവേചനമില്ലാതെ ഇവയൊക്കെയും നശിക്കപ്പെടാനും സാധ്യതയുണ്ട്.
മനുഷ്യരുമായിട്ടുള്ള ഇവയുടെ സമ്പർക്കമോ അടുപ്പമോ പരിധിവിട്ട് കൂടിയാലും രോഗപകർച്ചയുണ്ടാകാം. ഇതുവരെ അറിയപ്പെടാത്ത ഇവയുടെ രോഗാണുപകർച്ചാ സാധ്യതയും രോഗതീവ്രത യും (Infective, Virulence) കൂടണമെങ്കിൽ ഇവയിൽ ജനിതകവ്യതിയാനം ഉണ്ടാകണം. ഇതുണ്ടായിട്ടില്ല എന്നാണ് ഇത് വരെയുള്ള അറിവ്. ഇവയ്ക്ക് സാധാരണ വെള്ളത്തിൽ ‘ട്രൊഫൊസോയിറ്റ്’ രൂപമാണ് ഉണ്ടാകുക. ഭൗതികമോ രാസപരമോ ആയ എതെങ്കിലും വിപരീതസാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം അമീബകൾ രൂപമാറ്റം വരുത്തി പുറന്തോടുകൾക്കകത്ത് "സിസ്റ്റ് " ആയി അതിജീവനം നടത്തി അതിനകത്ത് “ഹൈബെർ നേറ്റ്” ചെയ്തു കൂടുതൽ പെരുകി അനുകൂല സാഹചര്യത്തിൽ വീണ്ടും പുറത്തുവരാനും സാധ്യതകൾ ഉണ്ട്. അതിനാൽ തന്നെ ഇവ തിരിച്ചറിയാത്ത ട്രോജെൻ കുതിരകളാണ്.
2. പരിസ്ഥിതിപരമായ ഘടകങ്ങൾ
ഇത്തരം അമീബയുടെ വളരാനുള്ള പരമാവധി താപനില 25 - 42 ഡിഗ്രി സെൻ്റീഗ്രേഡ് ആണ്. കാലാവസ്ഥാ മാറ്റത്തോടെ നമ്മുടെ ജലാശയങ്ങളിലെ വെള്ളത്തിന്റെയും താപനില ഉയർന്ന് നിൽക്കുകയാണ്. ഇപ്പോൾ വേനൽകാലത്ത് ഇത് നല്ലവണ്ണം ഉയരുന്നുണ്ട്. ഈ അവസ്ഥയിൽ രോഗാണുക്കൾ മാത്രം താപനിലയെ അതിജീവിച്ച് കൂടുതൽ വർദ്ധിക്കാനും ഇതിനെ ഇരയാക്കുന്ന മുകളിൽ പറഞ്ഞ ജീവികളൊക്കെ നശിച്ച് പോകാനും സാധ്യതകൾ കൂടുതലാണ്. വേനൽക്കാലത്തെ വരൾച്ചയിലും മഴക്കാലത്ത് മാലിന്യങ്ങൾ ഒഴുക്ക് തടഞ്ഞുനിർത്തിയും ഇവയ്ക്കായി കെട്ടികിടക്കുന്ന ജലശേഖരങ്ങൾ ഇവിടെ സുലഭമാകുന്നുണ്ട് (Warm, Stagnant, Nutrient Rich). 2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം നമ്മുടെ ജല ശേഖരങ്ങളും ആവാസവ്യവസ്ഥയും ഇവർക്കനുകൂലമായ മലിനജലം കലർന്ന് ഇവയുടെ വ്യാപനത്തിന് സഹായകമായി മാറിയോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ഏറ്റവും കൂടുതൽ കക്കൂസ് ടാങ്കുകളുടെ ഡെൻസിറ്റിയോടൊപ്പം ഇവയോട് സാമീപ്യം കൂടിയ കേരളത്തിലെ കിണറുകളും കുളങ്ങളും സീവേജ് വേയ്സ്റ്റുകൾ (മനുഷ്യമലം) കലർന്ന് ഈ - കോളികൾ പോലുള്ള ബാക്ടീരിയകളെ (Bacterial Load) കൊണ്ട് സമ്പുഷ്ടമായിട്ടുള്ളത് ഇത്തരം അമീബകളുടെ ഇഷ്ടഭക്ഷണങ്ങളുമാണ്. ഇപ്പോൾ പടരുന്ന മഞ്ഞപ്പിത്തവും ഇത് പോലെയാണ് നിലനിൽക്കുന്നത്. രാസപരമായി വെള്ളത്തിലെ ഇരുമ്പിന്റെ അംശം കൂടുന്നത് ഇവയുടെ പെരുപ്പം കൂട്ടാം എന്നാണ് ശാസ്ത്രം' നമ്മുടെ ഇടനാടുകളിലെ ചെങ്കൽപാറകൾ മഴക്കാലത്ത് അലിയുമ്പോഴും, പാറമടകളുടെ ഖനനം നടക്കുമ്പോഴും മണ്ണിലെ ഇരുമ്പിന്റെ അംശം വെള്ളത്തിലെത്തുന്നു. വെള്ളത്തിലെത്തപ്പെടുന്ന ഫെർട്ടിലൈസറുകളും ഇവയുടെ ഭക്ഷണമാണ്.
3. മനുഷ്യരുടെ ഇടപെടലുകൾ
മനുഷ്യരുടെ മാറുന്ന ജീവിതരീതികളും ഇവയുടെ പകർച്ച കൂട്ടാം. ജനങ്ങളുടെ കൂടിവരുന്ന യാത്രകളുടേയും വിനോദത്തിന്റെയും ഭാഗമായി സ്വിമ്മിംഗ് പൂളുകളിലും കനാലുകളിലും മുങ്ങി കുളിക്കുന്ന ശീലം കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആചാരങ്ങളുടെയും മതപരമായ ചടങ്ങുകളുടെയും ഭാഗമായി വൃത്തിയാക്കാത്ത കുളങ്ങളിൽ മൂങ്ങിക്കുളിക്കുന്നതും വിശ്വാസങ്ങളുടേയും ചികിത്സകളുടേയും ഭാഗമായി ശുദ്ധീകരിക്കാത്ത വെള്ളം നസ്യം ചെയ്യുന്നതും ഇതിന്റെ പകർച്ച കൂട്ടാവുന്നതാണ്.

ചെറിയ കുട്ടികളിൽ മൂക്കിനകത്തെ തൊലി നേർത്തതായതിനാലാണ് ഈ അമീബ അവരെ കൂടുതലായി ബാധിക്കുന്നത്. കോവിഡ് കാലത്ത് മാരകമായി പകർന്ന മ്യൂക്കർ മൈക്കോസിസ് എന്ന ഫംഗസ് രോഗം മൂക്കിലൂടെ പരിധിയിൽ കവിഞ്ഞ് ആവി വലിച്ചവരിൽ (Steam Inhalation) മൂക്കിനകത്തെ തൊലി പൊള്ളിയവരിൽ കൂടുതലായിരുന്നുവെന്ന് ലേഖകന്റെ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. രോഗം വന്നവരിൽ ഇതുപോലെയുള്ള ഘടകങ്ങളും മറ്റു രോഗാണുബാധകളും പഠനവിഷയമാകണം.
നാഷണൽ ഹൈവേ പോലുള്ള വൻകിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരുപ്രദേശത്തെ മണ്ണ് പല സ്ഥലത്തും എത്തപ്പെടുന്നതും മണ്ണിലുള്ള ബാക്ടീരിയകളുടെ ഘടനമാറാനും അമീബയുടെ സിസ്റ്റുകളെ അടക്കം രോഗാണുക്കളെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇടയാക്കും.
അതിനാൽ ഇത്തരം പ്രശ്നങ്ങൾക്ക് ബയോ മെഡിക്കൽ കാഴ്ചപ്പാടിനപ്പുറം ‘ഏകാരോഗ്യ’ സമീപനങ്ങളാണ് വേണ്ടത്.
എണ്ണം കൂടുന്നത് ആരോഗ്യസംവിധാനങ്ങൾ പ്രവർത്തനസജ്ജമായതിനാൽ
സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്തതിന് ശേഷം കേരളത്തിൽ തലച്ചോറിനെ ബാധിക്കുന്നുവെന്ന് സംശയിക്കാവുന്ന പനിരോഗ ലക്ഷണമുള്ളവരെയെല്ലാം (Acute Encephaltis Syndrome) കർശന സർവൈലൻസിന് വിധേയമാക്കാറുണ്ട്. അതിനാൽ അമീബ തലച്ചോറിനെ ബാധിക്കുന്ന കേസുകൾ കൂടുന്നത് നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ജാഗ്രതതയോടെ രോഗം തിരിച്ചറിയുന്നതും അവയൊക്കെ നോട്ടിഫിക്കേഷൻ ചെയ്യുന്നത് കൊണ്ടാണെന്നും അഭിപ്രായമുണ്ട്. സംസ്ഥാനത്തെ പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളിലൊക്കെ ഇവയെ തിരിച്ചറിയാനുള്ള പി.സി.ആർ പരിശോധന സംവിധാനങ്ങളുമുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോൾ കണ്ട് പിടിക്കപ്പെടുന്നത് കൊണ്ട് മാത്രം റിപ്പോർട്ട് ചെയ്യുന്നതാണെങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ ഇത് വരെ ഉണ്ടായ ഈ രോഗത്തിൻ്റേയും രോഗികളുടേയും ഡയഗ്നോസിസ് തെറ്റിച്ച് എവിടെ നൽകിയെന്നും മരണങ്ങളുടെ കണക്ക് ഏത് അക്കൗണ്ടിലാണ് ചേർക്കപ്പെട്ടത് എന്ന് മറുവാദവും ഉയരുന്നുണ്ട്.
ലോകത്ത് തന്നെ വിരളമായ രോഗമായതിനാൽ അമീബിക് മസ്തിഷ്ക ജ്വരത്തിൻെറ രോഗപകർച്ചയുടെ രീതികൾ ശാസ്ത്രത്തിന് തന്നെ ലഭ്യമായിട്ടില്ല. അതിനാൽ പകരുന്ന വഴികൾ (Tramsmission Route) ശരിയായി കണ്ടെഞ്ഞതുണ്ട്. അതിന് പകർച്ച സാധ്യത റിസ്ക്കുകൾ തിരിച്ചറിയാൻ ഒരേ കുളത്തിൽ കുളിച്ച /ഒരേകിണർ വെള്ളം ഉപയോഗിച്ച രോഗികളായിട്ടുള്ളവരെ കേസ് ആയി പരിഗണിച്ചും രോഗബാധയില്ലാത്തവരെ കൺട്രോൾ ആയി എടുത്തും കേസ് കൺട്രോൾ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് ഐ.സി.എം.ആർ, ചൈന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജിയുമായി ധാരണയായിട്ടുണ്ട് എന്നാണറിവ്.

കേരളത്തിലെ പരിസ്ഥിതി സർവൈലൻസ് നടത്തി അമീബ പെരുകുന്ന ഹോട്ട് സ്പോട്ടുകളെ തിരിച്ചറിയാനും സാനിട്ടേഷൻ സർവ്വേ നടത്തി ജലമലീനീകരണ സ്രോതസ്സുകൾ തിരിച്ചറിയാനും മാപ്പിങ്ങ് നടത്താനും സംസ്ഥാന മലിനീകരണ നിയന്ത്രണ വകുപ്പിനോട് നിർദ്ദേശിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ചേർന്ന് ഇത്തരം അമീബകളുടെ ജനിതക ശ്രേണിയും വ്യതിയാനവും പഠിക്കാനും ശുപാർശയുണ്ട്.

അമീബിക് മസ്തിഷ്കജ്വരം കേരളത്തിൽ ഇപ്പോൾ ഒരു തരം ജലഭയം ഉണ്ടാക്കിയിട്ടുണ്ട്. കുടിക്കാൻ ഉപയോഗിക്കുന്ന കിണറിലെ വെള്ളത്തിൽ അമീബയെ കണ്ടെത്തിയെന്നറിഞ്ഞ് ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ലോകത്ത് തന്നെ അപൂർവ്വമായി മനുഷ്യരെ ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ പടരുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും ഭാവിയിൽ ശാസ്ത്രീയമായ വഴികൾ കണ്ടെത്തേണ്ടതുണ്ട്.
മനുഷ്യനും വെള്ളവും പ്രകൃതിയും കാലാവസ്ഥയും മറ്റ് ജീവജാലങ്ങളും ചേർന്ന അമീബയുടെ രോഗ സംക്രമണ ചക്രത്തിന് കടിഞ്ഞാണിടാൻ വെറും ബയോ മെഡിക്കൽ കാഴ്ചപ്പാടുള്ള വൈദ്യശാസ്ത്ര സമീപനങ്ങൾക്കപ്പുറം വിവിധ ശാസ്ത്ര- സാമൂഹ്യ ശാഖാ വിഷയവിദഗ്ധരുടെ വിജ്ഞാനസഹായങ്ങൾ വേണ്ടതുണ്ട്.
