പനി പടരുന്നതിന്റെ കാരണം, പരിഹാരം

സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം കൂടിവരികയാണ്. ജൂണ്‍ മാസത്തില്‍ മാത്രം മൂന്ന് ലക്ഷം പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. ശരാശരി പതിനായിരത്തില്‍ അധികം പേര്‍ ദിവസവും ആശുപത്രകളിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെങ്കിപനി, എലിപനി, എച്ച് 1 എന്‍ 1, ഇന്‍ഫ്ളുവന്‍സ, ടൈഫോയ്ഡ്, തുടങ്ങിയ പനികളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളിലെ

മഴക്കാലമാലവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവുമാണ് സംസാഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതിന് കാരണമായി ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഡെങ്കിപനിയാണ് ഈ വര്‍ഷം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏഡിസ് ഈജിപ്തി, ഏഡിസ് ആല്‍ബൊപിക്റ്റ്സ് എന്നീ വരയന്‍ കൊതുകുകളിലൂടെ പകരുന്ന രോഗമാണിത്. കെട്ടികിടക്കുന്ന വെള്ളത്തിലും മറ്റു ജലശേഖരങ്ങളിലും മുട്ടയിട്ടാണ് ഈ കൊതുകുകള്‍ പെറ്റുപെരുകുന്നത്. ശക്തമായ പനി, തലവേദന, ശരീരവേദന, ഛര്‍ദ്ദി, തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള കുരുക്കള്‍ തുടങ്ങിയവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. തക്ക സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.

മാസ്‌ക് ധരിക്കുക, പരിസര ശുചിത്വം പാലിക്കുക, പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടുക തുടങ്ങിയ നിരവധി മുന്‍കരുതലുകളും ആരോഗ്യവിദഗധര്‍ നല്‍കുന്നുണ്ട്.

വര്‍ഷാംരംഭത്തില്‍ തന്നെ സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസേഴ്സുമായി ചര്‍ച്ച നടത്തി പനിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കുന്നത്. ജൂണില്‍ തന്നെ ആശുപത്രികളില്‍ ഫീവര്‍ക്ലീനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പനിയുള്ളവര്‍ ഡോക്ടറെ കാണണമെന്ന നിര്‍ദ്ദേശമുള്ളതുകൊണ്ടാണ് ആശുപത്രിയിയില്‍ പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നും മന്ത്രി പറയുന്നു. സംസ്ഥാനത്ത് പകര്‍ച്ച് പനികള്‍ ഇനിയും വര്‍ധിക്കാതിരിക്കാന്‍ വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ നമ്മള്‍ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

Comments