നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും

പുതുവത്സരത്തിന് മുമ്പ് നാം ഓരോരുത്തരും സ്വയം ചെയ്ത പ്രതിജ്ഞകളും തീരുമാനങ്ങളും നടക്കാതെ പോകുന്നത് കേവലം വൈയക്തികമായ ദൗർബല്യങ്ങൾ മൂലമാണോ? അതല്ലെങ്കിൽ മനുഷ്യന്റെ ജനിതക- ജൈവിക - സാമൂഹികമായ മണ്ഡലങ്ങളിലെ പ്രത്യേകതകൾ കൊണ്ടാണോ?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സുൽഫിക്കർ അലി എഴുതിയ ലേഖനം.

“പുതുവത്സരം നല്ല തീരുമാനങ്ങളുടെ ദിനമാണ്; അവ നടപ്പാക്കാതെ ഉപേക്ഷിക്കുന്നതിന്റെ തുടക്കം അടുത്ത ആഴ്ചയാണ്”- അമേരിക്കൻ എഴുത്തുകാരനും സാമൂഹ്യവിമർശകനുമായിരുന്ന മാർക്ക് ട്വെയ്ൻ, പുതുവത്സര പ്രതിജ്ഞകളെ കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും ഹാസ്യാത്മകമായി വിശദീകരിച്ചത് എത്രമാത്രം സത്യസന്ധമായിരുന്നു എന്ന് കഴിഞ്ഞുപോയ വർഷങ്ങളിലെ ഡിസംബർ അവസാന വാരങ്ങളിൽ നമ്മളിൽ പലരും എടുത്ത പുതുവത്സര പ്രതിജ്ഞകളെ പുനരവലോകനം ചെയ്താൽ ചെറിയൊരു ചിരിയോടെ നാം സ്വയം തിരിച്ചറിയും.

പ്രശസ്ത കനേഡിയൻ എഴുത്തുകാരൻ റോബിൻ ശർമയുടെ നിങ്ങൾ മരിച്ചാൽ ആരെല്ലാം കരയും എന്നൊരു പുസ്തകമുണ്ട്. ഓരോ മനുഷ്യനും ഓർമിപ്പിക്കപ്പെടുന്നത് അവരുടെ ജീവിത ലക്ഷ്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും നിർവഹണത്തിലാണെന്നും അത് ഭംഗിയായി നിർവഹിച്ചവർ ദീർഘകാലം അനുസ്മരിക്കപ്പെടുന്നു എന്നും വ്യക്തമാക്കുന്ന ഈ കൃതിയിൽ അദ്ദേഹം ഒരു കഥ പറയുന്നുണ്ട്.

ഒരു കടൽത്തീരത്ത് ഉയരമേറിയ ഒരു വിളക്കുമാടമുണ്ടായിരുന്നു. അതിനൊരു സൂക്ഷിപ്പുകാരനും. ദൂരെ, അകലങ്ങളിൽ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ദിശയറിയാനും, കരകണ്ടത്താനുമായിരുന്നു വിളക്കുമാടം ഉപയോഗിച്ചിരുന്നത്. ഓരോ ദിവസത്തിനും വിളക്കു കത്തിക്കാൻ ആവശ്യമായ എണ്ണ മാത്രമായിരുന്നു സൂക്ഷിപ്പുകാരൻ നൽകിയിരുന്നത്. ഒരു ദിവസം വെറുതെയായി ഒരു സ്ത്രീ, വീട്ടിൽ വെട്ടമില്ലെന്ന് ദയനീയമായി പറഞ്ഞപ്പോൾ കുറച്ച് എണ്ണ ആ വൃദ്ധ സ്ത്രീക്ക് സൂക്ഷിപ്പുകാരൻ നൽകി. വൈകുന്നേരം മറ്റൊരാൾ, അത്യാവശ്യത്തിന് എണ്ണ കടം ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ അയാൾക്കും എണ്ണ നൽകി. രാത്രി പകുതി ആയപ്പോൾ എണ്ണ തീർന്നു വിളക്ക് കെട്ടു. പകരം വെക്കാൻ എണ്ണയുമില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ പൊട്ടിത്തെറിയുടെ ഒരു ശബ്ദം കേട്ട് വിളക്കുമാടം സൂക്ഷിപ്പുകാരൻ ഓടിച്ചെന്നപ്പോൾ ദിശയറിയാതെ വഴി മാറിയ ഒരു കപ്പൽ കടൽ ഭിത്തിയിൽ ഇടിച്ച് തകരുകയും ഒരുപാട് പേർ മരിക്കുകയും ചെയ്തിരുന്നു.

പുതുവത്സര പ്രതിജ്ഞകൾ

കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പുതുവത്സരത്തിന് മുമ്പ് നാം ഓരോരുത്തരും സ്വയം ചെയ്ത പ്രതിജ്ഞകളെയും, നല്ല നല്ല തീരുമാനങ്ങളെയും ഒന്ന് അവലോകനം ചെയ്തു നോക്കിയിട്ടുണ്ടോ?.

ഇനി മുതൽ, നാളെ മുതൽ, പുതുവർഷം മുതൽ എന്ന തലക്കെട്ടുകൾ ഒട്ടനവധി നിർണായകമായ തീരുമാനങ്ങൾ നാം എടുത്തിട്ടുണ്ട്. എല്ലാ ദിവസവും അതിരാവിലെ തന്നെ ഉണരുക, വ്യായാമം ചെയ്യാനായി ജിംനേഷ്യത്തിൽ അംഗമാകുക, നല്ല സൗഹാർദങ്ങൾ വർദ്ധിപ്പിക്കുക, എല്ലാവരോടും സൗമ്യമായി പെരുമാറുക, ദീനാനുകമ്പ ഉള്ളവരാകുക, കുടുംബത്തിന്റെയും കുട്ടികളുടെയും ഹിതങ്ങൾക്കനുസരിച്ച് ജീവിക്കുക, ചീത്ത കൂട്ടുകെട്ടുകളെ ഒഴിവാക്കുക, ദുശ്ശീലങ്ങളിൽ നിന്ന് മാറി നിൽക്കുക, മോശപ്പെട്ട പ്രവർത്തനങ്ങൾ ഇല്ലാതാക്കുക, പുതിയ സമ്പാദ്യശീലങ്ങൾ വളർത്തുക, എല്ലാദിവസവും ഡയറി എഴുതാൻ തുടങ്ങുക തുടങ്ങിയ എത്രയെത്ര തീരുമാനങ്ങളും ദൃഢപ്രതിജ്ഞകളും നമ്മൾ എടുത്തിട്ടുണ്ട്? എന്തുകൊണ്ടാണ് അതേ പ്രതിജ്ഞകൾ വീണ്ടും വീണ്ടും എടുക്കേണ്ടിവരുന്നത്? അതൊന്നും നടപ്പിലാക്കാൻ സാധിക്കാതെ സ്വന്തം തീരുമാനങ്ങളോട് പോലും പുച്ഛം തോന്നാറുണ്ടോ? പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളുടെ പങ്കാളി നിങ്ങളെ കളിയാക്കി ചിരിക്കാറുണ്ടോ? എങ്കിൽ ഉറപ്പിച്ചു കൊള്ളൂ, ശാസ്ത്രീയമായി വിഷയം പഠിക്കുകയും തിരിച്ചറിയുകയും ചെയ്താൽ അതിനു നിശ്ചയമായും പരിഹാരം ഉണ്ടാകും.

പ്രശസ്ത കനേഡിയൻ എഴുത്തുകാരൻ റോബിൻ ശർമയുടെ നിങ്ങൾ മരിച്ചാൽ ആരെല്ലാം കരയും എന്നൊരു പുസ്തകം
പ്രശസ്ത കനേഡിയൻ എഴുത്തുകാരൻ റോബിൻ ശർമയുടെ നിങ്ങൾ മരിച്ചാൽ ആരെല്ലാം കരയും എന്നൊരു പുസ്തകം

തീരുമാനങ്ങളുടെ ജൈവശാസ്ത്രം

മനുഷ്യർ തീരുമാനങ്ങളെടുക്കുന്നതും, അവയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കുന്നതും, അവയിൽ നിന്ന് വ്യതിചലിക്കുന്നതും ചിലപ്പോൾ മറിച്ചുള്ള തീരുമാ നങ്ങൾ എടുക്കുന്നതും സ്വാഭാവികമായ ഒരു പ്രക്രിയയാണോ?

മനുഷ്യർ ചില തീരുമാനങ്ങൾ എടുക്കുകയും അത് പൂർത്തിയാകുന്നതിനുമുമ്പ് മറ്റൊരു തീരുമാനത്തിലേക്ക് മാറിപ്പോകുന്നതും യാദൃച്ഛികമാണോ?

ദൈനംദിന ജീവിതത്തിലെ തിരക്കുകൾ, ചുറ്റുപാടുകളുടെ സമ്മർദ്ദങ്ങൾ, ആകർഷണങ്ങളുടെ വലയങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ കടപ്പാടുകൾ എന്നിവയെല്ലാം ഒരിക്കലെടുത്ത ദൃഢമായ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ?

ഇത് കേവലം വൈയക്തികമായ ദൗർബല്യങ്ങൾ ആണോ? അതല്ലെങ്കിൽ മനുഷ്യന്റെ ജനിതക- ജൈവിക - സാമൂഹികമായ മണ്ഡലങ്ങളിലെ പ്രത്യേകതകൾ കൊണ്ടാണോ?

ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഭാഗമായി നടന്ന ഗവേഷണങ്ങളിൽ ആധുനിക ശാസ്ത്രം വ്യക്തമാക്കുന്നത്, മനുഷ്യന്റെ ‘തീരുമാനങ്ങൾ’ എന്നത് ഒരു നിമിഷത്തിലുണ്ടാകുന്ന മനഃപ്രേരണയല്ല. മറിച്ച്, മനുഷ്യന്റെ ജീനുകളും ക്രോമോസോമുകളും തലച്ചോറിന്റെ രാസപ്രക്രിയയും അന്ത:സ്രാവി ഗ്രന്ഥികളുടെ ഉൾപ്രേരണകളും സമൂഹത്തിന്റെ ഘടനയും, സാമ്പത്തിക വ്യവസ്ഥയുമൊക്കെ ചേർന്ന് രൂപപ്പെടുന്ന ദീർഘ പ്രക്രിയയാണ് എന്നതാണ്.

മനുഷ്യന്റെ തലച്ചോറും ലക്ഷ്യബോധവും

മനുഷ്യൻ നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നത് തലച്ചോറിന്റെ മുൻഭാഗമായ പ്രീ ഫ്രോണ്ടൽ കോർട്ടക്സ് (prefrontal cortex) ആണ്. ദീർഘകാല ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും തലച്ചോറിന്റെ ഈ ഭാഗമാണ്. എന്നാൽ അത് നിരന്തരം ‘ഡോപ്പമിൻ’ എന്ന രാസവസ്തുവിന്റെ സ്വാധീനത്തിൽ മാറിമറിയുന്നത് തീരുമാനങ്ങളുടെ സ്ഥിരതയെ വല്ലാതെ ബാധിക്കുന്നുണ്ട്.

ഡോപ്പമിൻ, മനുഷ്യനെ ഉത്തേജിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹോർമോണാണ്. എന്നാൽ അതേ ഡോപ്പമിൻ തന്നെയാണ് മനുഷ്യനെ ക്ഷണികമായ സന്തോഷത്തിലേക്ക് വഴിതിരിപ്പിക്കുന്നതും വൈകാരികമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതും.

ഒരു വിദ്യാർത്ഥിയോ, ഡോക്ടറോ, പ്രൊഫഷണലോ, അക്കാദമിഷ്യനോ ദീർഘകാല ലക്ഷ്യങ്ങളോടെ ചില തീരുമാനങ്ങൾ എടുക്കുകയും അവ യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. എന്നാൽ ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളും ക്ഷീണവും അവന്റെ തലച്ചോറിനെ പതുക്കെ എളുപ്പമുള്ള കുറുക്കുവഴികളിലേക്ക് നയിക്കുന്നു.

‘ഇന്ന് ഇത്രയൊക്കെ മതി’,
‘ഇനിയും സമയമുണ്ടല്ലോ’,
‘ഇത് പിന്നീട് നോക്കാം’,
‘ഇപ്പോൾ അല്പം വിശ്രമം വേണം’.

ഇവിടെയാണ് ജൈവശാസ്ത്രപരമായ പരിമിതികൾക്കൊപ്പം ജനിതകവും സാമൂഹികവുമായ ഉൾപ്രേരണകൾ ശക്തമാകുന്നത്.

ക്രോമോസോം 11: ഡോപ്പമിൻ ലോകം

ക്രോമോസോം 11-ൽ സ്ഥിതിചെയ്യുന്ന DRD2 ജീൻ മനുഷ്യന്റെ ക്ഷണികനേട്ടങ്ങളോടുള്ള അത്യധികമായ ആകർഷണം (reward sensitivity) നിയന്ത്രിക്കുന്നു. ഈ ജീനിന്റെ പ്രവർത്തനം കുറവായാൽ മനുഷ്യൻ ദീർഘകാല പ്രതിഫലങ്ങളേക്കാൾ ഉടനടി ലഭിക്കുന്ന സന്തോഷങ്ങൾക്ക് മുൻഗണന നൽകും.

സാമൂഹിക മാധ്യമങ്ങളിൽ കൂടുതലായി അടിമപ്പെടുന്നവരും സ്വന്തം പ്രാഥമിക ലക്ഷ്യങ്ങൾ മാറ്റിവെച്ച് കൊച്ചുകൊച്ചു ആനന്ദങ്ങളിൽ കുടുങ്ങുന്നവരും, ഒരുപാട് പദ്ധതികൾ തുടങ്ങുകയും ഒന്നും പൂർത്തിയാക്കാതിരിക്കുകയും ചെയ്യുന്നവരും ഒക്കെ ഈ ഗണത്തിൽ പെടുന്നതാണ്. ഇത് ഒരു സ്വഭാവവൈകല്യമോ പെരുമാറ്റ ദൗർബല്യമോ അല്ല എന്നും ജൈവികമായ പ്രവണതയാണെന്നും തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഈ ജീനിന്റെ സാന്നിധ്യം ഉള്ളവർക്ക് പ്രത്യേകമായ പരിശീലനം നൽകി ഇത് മറികടക്കാനാകും എന്നും ജനിതക കൗൺസിലർമാർ തിരിച്ചറിയുന്നുണ്ട്

ക്രോമോസോം 4: ശ്രദ്ധയുടെ നൂൽപ്പാലം

ക്രോമോസോം 4-ൽ ഉള്ള DAT1 (SLC6A3) ജീൻ, മനുഷ്യന്റെ ശ്രദ്ധയും ഏകാഗ്രതയും നിയന്ത്രിക്കുന്നു. ഒരേസമയം പല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും, പ്രധാന കാര്യത്തിൽ ശ്രദ്ധ കൊടുക്കാതെ മറ്റു ചെറിയ കാര്യത്തിൽ സജീവമാകുകയും, ഒരേസമയം പല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും എല്ലാം പരാജയപ്പെടുകയും ചെയ്യുകയും പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വഴിമാറുകയും ചെയ്യുന്നതാണ് യാഥാർത്ഥ്യം.

“എനിക്ക് സമയം കിട്ടുന്നില്ല” എന്ന സ്ഥിരം പരാതി ഇത്തരക്കാർക്കുണ്ടാകാറുണ്ട്. സമയമില്ലാത്തതല്ല, മറിച്ച് ശ്രദ്ധ ചിതറിപ്പോകുന്നതാണ് കാരണം.

ക്രോമോസോം 17:
സമ്മർദ്ദത്തിന്റെ
ജനിതകവാതിൽ

ക്രോമോസോം 17-ൽ ഉള്ള SLC6A4 ജീൻ മനുഷ്യൻ മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യു ന്ന രീതിയെ സ്വാധീനിക്കുന്നു.

ചിലർക്ക് സമ്മർദ്ദം വന്നാൽ അവർ കൂടുതൽ ശക്തരാകുകയും കൂടുതൽ ഊർജ്ജസ്വലരാവുകയും ചെയ്യാറുണ്ട്. എന്നാൽ മറ്റു ചിലർ അന്തർമുഖരാവുകയും സ്വയം ഒറ്റപ്പെടലിലേക്കും, മടിയിലേക്കും പതുക്കെ നീങ്ങുകയും പിന്നീട് ലക്ഷ്യസാഫല്യത്തിൽ നിന്ന് അകന്നുപോവുകയും ചെയ്യും. ഒരേ ജീവിത സാമൂഹിക സാഹചര്യത്തിൽ ജീവിച്ച ചിലർ ഉയരങ്ങളിലെത്തുകയും മറ്റു ചിലർ മത്സരങ്ങളിൽ തളർന്നുപോകുകയും ചെയ്യുന്നതിന്റെ ജൈവിക കാരണമാണിത്

ഉറക്കം: ഏറ്റവും അവഗണിക്കപ്പെടുന്ന ജൈവഘടകം

മനുഷ്യന്റെ ജനിതക ഘടികാരം എന്നറിയപ്പെടുന്ന ക്രോമോസോം 4-ൽ ഉള്ള PER2 ജീനുകൾ മനുഷ്യന്റെ ഉറക്ക–ഉണർവ് ചക്രം നിയന്ത്രിക്കുന്നു. ഇതിൽ വരുന്ന വ്യതിയാനങ്ങളും സ്വാധീനങ്ങളും തീരുമാനമെടുക്കാനുള്ള കഴിവിനെ കുറയ്‌ക്കുകയും പ്രധാന തീരുമാനങ്ങളിൽ നിന്ന് അകലാനുള്ള കാരണമാവുകയും ചെയ്യും. ദീർഘകാല ലക്ഷ്യങ്ങളെ മങ്ങിപ്പിക്കുകയും ക്ഷണികമായ സന്തോഷങ്ങളിൽ ആകർഷിക്കപ്പെടുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഉറക്കത്തെ ഒരു ലക്ഷ്വറി എന്ന രൂപത്തിൽ കാണാതെ ലക്ഷ്യബോധത്തിന്റെ നിദാനം ആണ് ഉറക്കം എന്ന് ശാസ്ത്രം വിലയിരുത്താനുള്ള കാരണം.

സാമൂഹികവും സാമ്പത്തികവുമായ വഴിതിരിവുകൾ

ജൈവിക ജീവിതത്തിന്റെ വിത്തുകളായാണ് ജീനുകൾ അറിയപ്പെടുന്നത്. എന്നാൽ അവ വളരുന്നതും വികസിക്കുന്നതും ചുറ്റുപാടുകളുടെ സ്വാധീനവുമായി ബന്ധപ്പെട്ടാണ്. (Nature vs Nurture) ഈ വളർച്ചയെ മറ്റുള്ളവരുമായുള്ള താരതമ്യങ്ങൾ തളർത്തും. മറ്റുള്ളവരുടെ വിജയം കാണുമ്പോൾ ഉണ്ടാകുന്ന ആകുലതകൾ നമ്മുടെ ജനിതകമായ വളർച്ചയെ കാര്യമായി സ്വാധീനിക്കുന്നുണ്ട് എന്ന് പഠനങ്ങൾ. “ഞാൻ, എന്റെ, എനിക്കു മാത്രം” എന്ന ചിന്തകൾ അത്തരത്തിലുള്ള മോട്ടിവേഷൻ ക്ലാസുകൾ സ്ഥിരം വളർച്ചക്കുള്ള ജീനുകളുടെ പരിണാമത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്. ഇത്തരക്കാർക്ക് സ്വന്തം തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. മറുഭാഗത്ത് ഒരേസമയം പല വഴികളിലേക്ക് വലിച്ചെടുക്കാൻ ഇത് കാരണമാവുകയും ചെയ്യുന്നു.

അമിത ജോലിഭാരം, ഒന്നിലധികം ജോലികൾ ഒരേസമയം ചെയ്യേണ്ട സാഹചര്യങ്ങൾ, ഒട്ടനവധി അവസരങ്ങളുടെ പ്രലോഭനങ്ങൾ എന്നിവയെല്ലാം പ്രധാന ലക്ഷ്യത്തെ നൈമിഷികമായ ലക്ഷ്യങ്ങളാക്കി മാറ്റുകയും ലക്ഷ്യം ചിതറിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു.

രോഗനിർണയം, ചികിത്സ, രോഗീപരിചരണം, അഡ്മിനിസ്ട്രേഷൻ ജോലികൾ, കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്കായുള്ള പരിശ്രമം, പ്രശസ്തി നേടണം എന്നുള്ള ചിന്തകൾ, ഓൺ ലൈൻ ലോകത്തുള്ള പ്രലോഭനങ്ങൾ എന്നിവ ഡോക്ടർമാരുടെ ജീവിതം തിരക്കിലാക്കുകയും ജൈവശാസ്ത്രപരമായ നിയന്ത്രണങ്ങളോ ജനിതകമായ ഘടകങ്ങളെ പ്രതിരോധിക്കാനു ള്ള പരിതസ്ഥിതികൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പാളി പോകുകയോ ചെയ്യുമ്പോൾ പ്രധാന ലക്ഷ്യങ്ങൾ അപ്രാപ്യമാകുകയും തീരുമാനങ്ങൾ അടിക്കടി മാറ്റേണ്ടി വരികയും ചെയ്യുന്നു.

എന്നാൽ ജീനുകൾ സത്യസന്ധമായ സാധ്യതകൾ മാത്രമാണ് വരച്ചു കാണിക്കുന്നതെന്നും, അവയെ കീഴ്പ്പെടുത്താനും മറികടക്കാനും ഉള്ള സംവിധാനങ്ങളെ സൂക്ഷ്മമായി സൃഷ്ടിച്ചെടുത്താൽ കാര്യങ്ങൾ ലളിതമാകും എന്നാണ് ആധുനിക ശാസ്ത്രം ഓർമ്മിപ്പിക്കുന്നത്. ഓരോ ദിവസത്തെയും ഓരോ സാധ്യതകളായി കാണുകയും കൃത്യമായ ചിട്ടയോടു കൂടി ഓരോ ദിനത്തെയും ക്രമപ്പെടുത്തുകയും വഴി ജീവിത ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കും. അന്ത:സ്രാവി ഗ്രന്ഥികൾ ഉണ്ടാക്കുന്ന പ്രലോഭനങ്ങളെ അതിജീവിക്കാനും ഇല്ല എന്ന് സ്വയം പ്രഖ്യാപിക്കാനുള്ള ജൈവികമായ ആർജ്ജവവുമാണ് ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടത്.

ജീവിതലക്ഷ്യം വ്യക്തമായി ക്രമീകരിക്കുകയും അതിലെ ഓരോ നാഴികക്കല്ലുകളും കൃത്യമായി ഇടവേളകളിൽ പൂർത്തീകരിക്കുകയും ചെയ്യുക എന്നതാണ് ശ്രമകരമായ ദൗത്യം. ശരീരഘടനയും ജനിതകഘടനയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഭക്ഷണക്രമവും, സൃഷ്ടിപരമായ ഉറക്കശീലങ്ങളും ഇതിന്റെ അടിസ്ഥാന ഘടകങ്ങളാണ്.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Why do new year's resolutions fail dr sulfikar ali writes about Indian Medical Association Nammude arogyam magazine.


ഡോ. സുൽഫിക്കർ അലി

സീനിയർ കൺസൾട്ടന്റ്, എമർജൻസി മെഡിസിൻ ആന്റ് ക്രിട്ടിക്കൽ കെയർ. ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് മെഡിസിൻ.

Comments