ഡോക്ടർമാർ ജനറിക് മരുന്ന് മാത്രം എഴുതിയാൽ സംഭവിക്കാൻ പോകുന്നത്…

ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രമേ എഴുതാവൂ എന്നും, ബ്രാൻഡഡ് മരുന്നു കൾ എഴുതരുതെന്നുമുള്ള നാഷനൽ മെഡിക്കൽ കമ്മീഷന്റെ ഉപവിഭാഗമായ എത്തിക്‌സ് ആന്റ് മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡിന്റെ കർശന നിർദ്ദേശം അശാസ്തീയവും, രോഗി - ഡോക്ടർ വിരുദ്ധവുമാണെന്ന് വാദിക്കുകയാണ്, ഐ.എം.എ ദേശീയ നിർവ്വാഹക സമിതി അംഗം ഡോ. എം. മുരളീധരൻ.

നാഷനൽ മെഡിക്കൽ കമ്മീഷന്റെ (NMC) ഉപവിഭാഗമായ എത്തിക്‌സ് ആന്റ് മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡ് (EMRB) 2023 ആഗസ്റ്റ് രണ്ടിനാണ്, ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന ഡോക്ടർമാർക്കായി പുതിയ മാർഗനിദ്ദേശക തത്വങ്ങൾ പുറത്തിറക്കുന്നത്. പൊതുസമൂഹത്തിനും രോഗികൾക്കും വളരെ ആശാവഹമായ നിലപാടുകൾ കൊണ്ട് അവ പെട്ടെന്ന് ശ്രദ്ധേയമായി. രോഗാതുരത ജ്യോമട്രിക്കൽപ്രൊപോർഷനിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ചികിത്സാചെലവ് കുറക്കുവാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് ഏറ്റവും ശ്ലാഘനീയമായ വശം. 80 % വരെ ചികിത്സാചെലവ് കുറക്കുവാനുള്ള പദ്ധതിയാണ് എൻ.എം സി ആസൂത്രണം ചെയ്യുന്നത്. അതോടൊപ്പം ശാസ്തീയമായ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങളും അഭിനന്ദനാർഹമായ രീതിയിൽ അതിലുൾച്ചേർന്നിരിക്കുന്നു.

മോഡേൺ മെഡിസിൻ അഞ്ചുവർഷം മുതൽ പതിമൂന്നു വർഷം വരെ പഠിക്കുകയും മരുന്നുകളുടെ ഗുണവും ഫലപ്രാപ്തിയും, അനാശ്യാസഫലങ്ങളുമൊക്കെ ഹൃദിസ്ഥമാക്കുകയും ചെയ്ത ഡോക്ടർക്ക് രോഗികൾക്കായി എഴുതാനല്ലെങ്കിൽ ബ്രാൻഡഡ് മരുന്നുകളുടെ ആവശ്യമെന്താണ്?

പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റിയുടെ (മരുന്നു കുറിപ്പടി നിരീക്ഷിക്കാനുള്ള സംവിധാനം) രൂപീകരണവും രോഗീകേന്ദ്രീകൃതമായ സാമൂഹിക കാഴ്ചപ്പാടിന്റെ പ്രതിഫലനമായി. 2019 - ൽ മാത്രം പന്ത്രണ്ടര ലക്ഷത്തിലേറെ പേർ മരണത്തിലേക്കെറിയപ്പെട്ട, 2050 ആവുമ്പോഴേക്കും ഒരു കോടിയിലേറെപ്പേർ വർഷംതോറും മരിക്കാനിടയാക്കും എന്ന് ലാൻസെറ്റ് ജേർണൽ ഭയക്കുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിനെ (AMR ) നേരിടാൻ ഭാവിയിലേക്ക് ലക്ഷ്യം വക്കുന്ന കൃത്യമായ ശാസ്ത്രീയ നിലപാടുകൾ സ്വീകരിക്കുക വഴി ഗവേഷകരുടേയും സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ കൈയടി നേടിയെടുക്കാനും എൻ.എം.സി ക്ക് കഴിഞ്ഞു. (മെഡിക്കൽ വിദ്യാഭ്യാസത്തെയും മെഡിക്കൽ പ്രൊഫഷനലുകളെയും നിയന്ത്രിക്കുന്ന 33 അംഗങ്ങളുള്ള റഗുലേറ്ററി ബോഡിയാണ് നാഷനൽ മെഡിക്കൽ കമീഷൻ. മെഡിക്കൽ യോഗ്യതകൾക്ക് അംഗീകാരം നൽകുക, മെഡിക്കൽ സ്കൂളുകൾക്ക് അക്രഡിറ്റേഷൻ നൽകുക, മെഡിക്കൽ പ്രാക്ടീഷണർമാർക്ക് രജിസ്ട്രേഷൻ നൽകുക, ഇന്ത്യയിലെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ വിലയിരുത്തുക എന്നിവയാണ് കമീഷന്റെ ഉത്തരവാദിത്തങ്ങൾ.)
പുരോഗമനപരമായ ഇത്തരം കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുമ്പോൾ തന്നെ അമ്പേ പിഴച്ചു പോയത് ജനറിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് എൻ.എം.സി എടുത്ത നിലപാടുകളാണ്. തികച്ചും അശാസ്തീയവും രോഗീ - ഡോക്ടർ വിരുദ്ധവും സാമൂഹികമായ അസ്വസ്ഥതകൾക്ക് വഴിമരുന്നാവാനിടയുള്ളതുമായ പുതിയ മാർഗനിർദ്ദേശക തത്വങ്ങൾ ഡോക്ടർമാരുടേയും പൊതുസമൂഹത്തിന്റേയും കടുത്ത വിമർശനങ്ങൾക്കാണ് പാത്രമായത്.

ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രമേ എഴുതാവൂ എന്നും, ബ്രാൻഡഡ് (Branded) മരുന്നുകൾ എഴുതരുതെന്നും കർശന നിർദ്ദേശം നൽകുന്നു EMRB. അതിനുമപ്പുറത്ത് കടന്ന് അഥവാ അങ്ങനെ ചെയ്താൽ ചികിത്സാ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദ് ചെയ്യുന്നതു പോലുള്ള കടുത്ത ശിക്ഷാവിധികളിലേക്കും സംശയലേശമെന്യേ നീങ്ങുകയാണ് അവർ.

ഉദാഹരണത്തിന് ഡോളോ അല്ലെങ്കിൽ കാൽപോൾ എന്ന് എഴുതുന്നതിനുപകരം ഡോക്ടർ പനിക്ക് പാരസെറ്റമോൾ എന്നുതന്നെ എഴുതണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. ഓരോ ആർ.എം.പിയും വ്യക്തമായി എഴുതിയിരിക്കുന്ന ജനറിക് പേരുകൾ ഉപയോഗിച്ച് മരുന്ന് നിർദേശിക്കണം. ജനറിക് മരുന്നുകൾക്ക് ബ്രാൻഡഡ് മരുന്നുകളേക്കാൾ 30 മുതൽ 80 ശതമാനം വരെ വിലക്കുറവുള്ളതിനാൽ ആരോഗ്യസംരക്ഷണക്കാര്യത്തിൽ ചെലവ് കുറയുമെന്നാണ് റഗുലേറ്ററി ബോർഡിന്റെ വാദം.

തുടർച്ചയായി ബ്രാൻഡഡ് മരുന്നുകൾ നിർദേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുമെന്ന് എൻ.എം.സി നോട്ടീസിൽ വ്യക്തമാക്കുന്നു. അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർമാരുടെ തൊഴിൽപരമായ പെരുമാറ്റം സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളിലാണ് മെഡിക്കൽ കമീഷൻ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നത്. ജനറിക് മെഡിസിൽ മാത്രം കുറിയ്ക്കണമെന്ന വ്യവസ്ഥ ഇപ്പോൾ നിലവിലുണ്ട്. എന്നാൽ, 2002-ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽപിഴവ്യവസ്ഥ നിർദേശിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിനാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ചികിത്സക്ക് ഭീമമായ തുക ചെലവാക്കേണ്ടിവരുന്നു എന്ന വാദമാണ് കമീഷൻ മുന്നോട്ടുവക്കുന്നത്. മരുന്ന് കുറിപ്പടി എഴുതുമ്പോൾ വ്യക്തത വേണമെന്നും വിപണിയിൽ ലഭ്യമായ ജനറിക് മരുന്നുകൾ മാത്രം കുറിയ്ക്കണമെന്നും ജൻ ഔഷധി കേന്ദ്രങ്ങളിൽനിന്നും മറ്റ് ജനറിക് ഫാർമസി ഷോപ്പുകളിൽനിന്നും മരുന്ന് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്നും കമീഷന്റെ നിർദേശങ്ങളിലുണ്ട്.

ഒരു മരുന്ന് നിർമിച്ച് പേറ്റന്റ് ചെയ്തശേഷം പേറ്റന്റ് കാലാവധി കഴിയും വരെ അത് ഉൽപ്പാദിപ്പിച്ച കമ്പനിയുടെ ബ്രാൻഡ് നാമത്തിലായിരിക്കും വിൽപന. പേറ്റന്റിന്റെ സമയപരിധി കഴിഞ്ഞാൽ ഏതു കമ്പനിക്കും പിന്നീട് ആ മരുന്ന് ഉൽപാദിപ്പിക്കാം. അങ്ങനെ നിർമിക്കുന്ന മരുന്നുകൾക്കാണ് ജനറിക് മരുന്നുകൾ എന്നു പറയുന്നത്.

ജനറിക് മരുന്ന് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് എൻ.എം.സിക്കു നേരെ ഉയരുന്ന ശക്തമായ വിമർശനങ്ങൾക്ക് ഉത്തരം പറയാൻ അവർക്ക് നിശ്ചയമായും ബാദ്ധ്യതയുണ്ട്.

എല്ലാ ബ്രാൻഡഡ് മരുന്നുകളും നിരോധിക്കുകയും ജനറിക് മരുന്നുകൾ മാത്രം നിർമ്മിക്കാൻ അനുമതി നൽകുകയുമായിരുന്നു സർക്കാരും എൻ.എം.സിയും ചെയ്യേണ്ടിയിരുന്നത്.

ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കപ്പെടുന്നതിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 0.1 ശതമാനത്തിൽ താഴെ മരുന്നുകൾ മാത്രമാണ് അത്തരം പരിശോധനകൾക്ക് വിധേയമാവാറ്. ജനറിക് മരുന്നുകളിലാവട്ടെ പരിശോധിക്കപ്പെടുന്നവയുടെ പത്തു ശതമാനം പോലും ഗുണനിലവാരത്തിന് അടുത്തൊന്നു മെത്താറില്ലെന്നും നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ അവസ്ഥയിൽ ഒരു ഡോക്ടർക്ക് എങ്ങിനെയാണ് തന്റെ രോഗികളെ ഇത്തരം മരുന്നുകളുടെ വ്യാളീമുഖത്തേക്കെറിഞ്ഞു കൊടുക്കുവാനാവുക?

രോഗികളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രാഥമിക ഉത്തരവാദിത്തം ഡോക്ടർക്കാണെന്നിരിക്കേ ചികിൽസകരും രോഗിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിൽ വിളളൽ വീഴ്ത്തുന്നതിലേക്കു മാത്രമേ ഇത്തരം നടപടികൾ നയിക്കുകയുള്ളൂ.

ജനറിക് മരുന്നുകളെക്കുറിച്ചും ഡോക്ടർമാർക്ക് നൽകുന്ന ശിക്ഷാവിധികളെക്കുറിച്ചും സംസാരിക്കാൻ ആരംഭിക്കുന്നതിനു മുമ്പ് അവർ ചെയ്യേണ്ടിയിരുന്ന കാര്യം ജനറിക് മരുന്നുകളുടെ ഗുണനിലവാരം സംശയലേശമെന്യേ ഉറപ്പാക്കുകയായിരുന്നു. അതിലവർലജ്ജാകരമായി പരാജയപ്പെട്ടു. മാത്രമല്ല ഡോക്ടർമാർ ജനറിക് മരുന്നുകൾ എഴുതാൻ തുടങ്ങിയാൽ, ഏത് കമ്പനിയുടെ ജനറിക് മരുന്നാവും ഫാർമസിസ്റ്റ് നൽകുക? രോഗിയെ പരിശോധിക്കുകയും രോഗം കണ്ടെത്തുകയും അവരുടെ ആരോഗ്യത്തിൽ മറ്റാരേക്കാളും ഉത്തരവാദിത്തവും ഉൽക്കണ്ഠയുമുള്ള ഡോക്ടറല്ല, മറിച്ച് ഏതോ മെഡിക്കൽ ഷോപ്പിൽ പ്രിസ്‌ക്രിപ്ഷൻ കടലാസ്സിൽ നോക്കി രോഗിയെക്കുറിച്ച് ഒന്നുമറിയാതെ മരുന്നെടുത്തുകൊടുക്കുന്ന പാരാമെഡിക്കൽ ജീവനക്കാരാകും, ഏതു മരുന്നാണ് രോഗിക്ക് നൽകേണ്ടതെന്ന് തീരുമാനിക്കുക. തികച്ചും അനാരോഗ്യകരവും രോഗീസമൂഹത്തിന് ഒട്ടും സ്വീകാര്യവുമല്ലാത്ത ഈ പരിണതി എങ്ങോട്ടാവും നമ്മെ നയിക്കുക? പൊതു സമൂഹത്തിന് ഇത് അംഗീകരിക്കാനാവുമോ?

ഒരു ശിശു ചികിത്സാവിദഗ്ദനെന്ന നിലയിൽ എനിക്ക് നൂറു ശതമാനം ഉറപ്പിച്ചു പറയാനാവുന്ന ഒരു കാര്യമുണ്ട്. മിക്കവാറും ജനറിക് സിറപ്പുകൾ കുട്ടികൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുമ്പോൾ വളരെ താൽപര്യത്തോടെ കുട്ടികൾ ചോദിച്ചു വാങ്ങിക്കുടിക്കുന്ന, ശിശു സൗഹൃദകരമായ ധാരാളം ബ്രാൻഡഡ് മരുന്നുകൾ മാർക്കറ്റിൽ ലഭ്യമാണ്.

സർക്കാർ നിയമപരവും തൊഴിൽപരവുമായ അനുമതി നൽകിയിട്ടാണ് ഫാർമ കമ്പനികൾ മരുന്നുകൾ നിർമ്മിക്കുന്നത്. മോഡേൺ മെഡിസിൻഅഞ്ചുവർഷം മുതൽ പതിമൂന്നു വർഷം വരെ പഠിക്കുകയും മരുന്നുകളുടെ ഗുണവും ഫലപ്രാപ്തിയും, അനാശ്യാസഫലങ്ങളുമൊക്കെ ഹൃദിസ്ഥമാക്കുകയും ചെയ്ത മോഡേൺ മെഡിസിൻ ഡോക്ടർക്ക് രോഗികൾക്കായി എഴുതാനല്ലെങ്കിൽ ബ്രാൻഡഡ് മരുന്നുകളുടെ ആവശ്യമെന്താണ്? വ്യാജന്മാർക്ക് എഴുതുവാനാണോ അവ ഉദ്ദേശിക്കപ്പെടുന്നത്?അല്ലെങ്കിൽ മോഡേൺ മെഡിസിൻ ഫാർമക്കോപ്പിയ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത, ബ്രിഡ്ജ് കോഴ്‌സ് വഴി പിൻവാതിലിലൂടെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ വെമ്പൽകൊള്ളുന്ന ആയുഷ്‌കാർക്ക് മാത്രം എഴുതാനാവുമോ ഇനി?

എല്ലാ ബ്രാൻഡഡ് മരുന്നുകളും നിരോധിക്കുകയും ജനറിക് മരുന്നുകൾ മാത്രം നിർമ്മിക്കാൻ അനുമതി നൽകുകയുമായിരുന്നു സർക്കാരും എൻ.എം.സിയും ചെയ്യേണ്ടിയിരുന്നത്. അതിനെന്താണവർ മടിച്ചുനിൽക്കുന്നത് ?

ഒരു ശിശു ചികിത്സാവിദഗ്ദനെന്ന നിലയിൽ എനിക്ക് നൂറു ശതമാനം ഉറപ്പിച്ചു പറയാനാവുന്ന ഒരു കാര്യമുണ്ട്. കുഞ്ഞുങ്ങൾക്ക് പനി ശമനത്തിനായി നൽകുന്ന പാരസിറ്റമോൾ സിറപ്പ് ഉദാഹരണമായി എടുക്കാം. മിക്കവാറും ജനറിക് സിറപ്പുകൾ കുട്ടികൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുമ്പോൾ വളരെ താൽപര്യത്തോടെ കുട്ടികൾ ചോദിച്ചു വാങ്ങിക്കുടിക്കുന്ന, ശിശു സൗഹൃദകരമായ ധാരാളം ബ്രാൻഡഡ് മരുന്നുകൾ മാർക്കറ്റിൽ ലഭ്യമാണ്. നിങ്ങളുടെ കുട്ടി കടുത്ത പനി പിടിച്ച് പിച്ചും പേയും പറയുമ്പോൾ കുഞ്ഞ് തുപ്പിക്കളയുന്ന സിറപ്പാണോ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്ന സിറപ്പാണോ നിങ്ങൾ വാങ്ങിക്കുക, കാശ് അൽപം കൂടുതലായാൽ പോലും? ഈയൊരു സ്വാതന്ത്ര്യമാണ് രോഗികൾക്ക് നിഷേധിക്കപ്പെടുന്നത്. ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകളുടെ ഫാർമസ്യൂട്ടിക്കൽ നാമം ബ്രാക്കറ്റിൽ എഴുതിയാൽ പോരേ? രോഗികൾക്ക് ജനറിക് മരുന്ന് അതല്ലെങ്കിൽ ബ്രാൻഡഡ് മരുന്ന് വാങ്ങാനുള്ള സ്വാതന്ത്ര്യമൊരുക്കിയാൽ മതിയാവില്ലേ?
അതിനു പകരം രോഗീസൗഹൃദമായ ഒരു ബ്രാൻഡഡ് മരുന്നെഴുതിയതിന് ഡോക്ടർ ക്രൂശിക്കപ്പെടേണ്ടതുണ്ടോ? ജനറിക് മരുന്നുകൾ വേണ്ട, ബ്രാൻഡഡ് മരുന്നു മതി എന്ന് പറയുന്ന രോഗികളെ എന്തു ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നതാവോ?

മോഡേൺ മെഡിസിന്റെ കാര്യത്തിൽ ഇത്രമാത്രം ശുഷ്‌കാന്തി കാട്ടുന്ന എൻ.എം.സി, ആയുഷ് മരുന്നുകളുടെ കാര്യം വരുമ്പോൾ കവാത്തു മറന്നു പോവുന്നതെന്താണാവോ?

ഒരു ഡോക്ടർ തന്റെ പ്രാക്ടീസ് ജീവിതത്തിനിടക്ക് മരുന്നുകളുടെ നിരവധി ബ്രാൻഡുകൾ ഉപയോഗിച്ചു നോക്കുന്നുണ്ടാവും. ട്രയൽ ആന്റ് എറർ (trial and error) വഴി അയാൾക്ക് വിശ്വാസമർപ്പിക്കാവുന്ന ചില ബ്രാൻഡുകൾ അയാൾ പതുക്കെ പതുക്കെ തിരിച്ചറിയും. അതാവും അയാൾ തന്റെ രോഗികൾക്ക് പെട്ടെന്നും കൃത്യമായും രോഗം സുഖപ്പെടാൻ പിന്നീട് എഴുതാൻ തുടങ്ങുക. ഈയൊരു പ്രതിഭാസം ഏതൊരാളുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. കടയിൽ പോയി ഒരു ടി.വി വാങ്ങുമ്പോൾ, അല്ലെങ്കിൽ ഫാൻ, മൊബെൽ , ഫ്രിഡ്ജ്, കാർ എന്തുമാവട്ടെ, നിങ്ങളുടെ അനുഭവം മുൻനിർത്തിയോ അല്ലെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള ഒരാളുടെ അനുഭവം മുൻ നിർത്തിയോ ആണ് നിങ്ങൾ ഒരു പ്രത്യേക ബ്രാൻഡ് ടിവി / ഫാൻ / മൊബൈൽഫോൺ / ഫ്രിഡ്ജ് / കാർഎന്നിവയൊക്കെ തെരഞ്ഞെടുക്കുന്നത്. അല്ലാതെ കടയിൽ പോയി എനിക്ക് ഒരു ടി വി വേണം എന്നല്ല നമ്മളാരും പറയാറ്. ആ ബ്രാൻഡിന്റെ നിർമ്മിതിയിൽ നിങ്ങൾ വിശ്വസിക്കുന്നതു കൊണ്ടാണ് ആ മുൻഗണന നിങ്ങൾ നൽകുന്നത്. തന്റെ രോഗിക്ക് വേഗം സുഖപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഡോക്ടർക്കും ആ മൗലികാവകാശം നിഷേധിക്കുയാണ് ഈ വിജ്ഞാപനം വഴി എൻ.എം. സി ചെയ്യുന്നത്

മോഡേൺ മെഡിസിന്റെ കാര്യത്തിൽ ഇത്രമാത്രം ശുഷ്‌കാന്തി കാട്ടുന്ന എൻ.എം.സി, ആയുഷ് മരുന്നുകളുടെ കാര്യം വരുമ്പോൾ കവാത്തു മറന്നു പോവുന്നതെന്താണാവോ? ദിവസേനയെന്നോണം ദിനപത്രങ്ങളിൽ പരസ്യം ചെയ്യുന്ന കോടീശ്വര ബ്രാൻഡുകൾ ആയുഷ് മരുന്നുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ജനറിക് മരുന്നുകൾ മതി എന്ന് ആയുഷ് കാരോട് പറയാൻ എൻ.എം.സി തയ്യാറാവാത്തതെന്താണ്?

ഡോക്ടർമാർ ഇനി മുതൽ ജനറിക് മരുന്നുകൾ മാത്രം എഴുതിയാൽ മതി എന്ന കർശന നിലപാടെടുക്കുമ്പോൾ അവയുടെ മികവ് ( Quality) വർദ്ധിപ്പിക്കാനുള്ള ശ്രദ്ധാപൂർവങ്ങളായ ശ്രമങ്ങൾക്ക് പ്രഥമ പരിഗണന നല്‌കേണ്ടതുണ്ട്. ജനറിക്ക് മരുന്നുകളെ A drug Product that is comparable to brand / reference listed product in dosage, form, strength, route of administration, quality and perfomance Charecteristics and intended use എന്നു നിർവചിക്കുന്ന എൻ.എം.സി അത്തരത്തിലുള്ള മരുന്നുകൾ നിർമ്മിക്കാനുള്ള സാമൂഹിക പരിസരം സൃഷ്ടിക്കാനുള്ള നടപടികൾക്കും തുടക്കമിടണം. മികവു പുലർത്താത്ത മരുന്നുകൾ കണ്ടുപിടിച്ച് നിരോധിക്കുകയും അത്തരം മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികളെ കർശനമായി ശിക്ഷിക്കുകയും വേണം.

ഒരു വശത്ത് ജനറിക് മരുന്നുകൾ മാത്രം എഴുതാൻ കർശന നിലപാട് സ്വീകരിക്കുകയും മറുവശത്ത് അവയുടെ ഗുണമേന്മയുടെ കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിക്കുകയും ചെയ്യുന്നത്, രോഗികളുടെ ആരോഗ്യം സർക്കാരിന്റെ അജണ്ട അല്ലെന്ന് കൃത്യമായി വെളിവാക്കുകയാണ്.

പക്ഷേ സാമൂഹിക ശാസ്ത്രജ്ഞരേയും വൈദ്യശാസ്ത്ര വിദഗ്ദരേയും അത്ഭുപ്പെടുത്തിക്കൊണ്ട് സർക്കാർ Drugs and Cosmetics act-ൽ കൊണ്ടുവരുന്ന ഉത്കണ്ഠയുണർത്തുന്ന മാറ്റങ്ങൾ നിശ്ചയമായും കൂലങ്കഷമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. 1940- ലെ drug and cosmetic act ൽ ഗുണമേന്മയില്ലാത്ത മരുന്നുകൾ ഉൽപാദിപ്പിക്കുന്നവർക്ക് 2 വർഷത്തെ ജയിൽ വാസവും പിഴയുമായിരുന്നു ശിക്ഷ. എന്നാൽ ഈ വർഷം ജൂലൈ 27 ന് പാസാക്കിയ ജൻ വിശ്വാസ് ബിൽ 2023 - 27 (d)- യിൽ ബിസിനസ് സൗകര്യാർത്ഥം (To promote ease of business ) ശിക്ഷയിൽ ഇളവുവരുത്തിയിരിക്കുകയാണ്. ജയിൽ ശിക്ഷക്ക് പകരം പിഴ മാത്രമാക്കി മാറ്റി ജനറിക് മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സർക്കാരിന് ഒരു താൽപര്യവുമില്ലെന്ന് വ്യക്തമാക്കുക വഴി എന്ത് സന്ദേശമാണ് സർക്കാർ പൊതു സമൂഹത്തിലേക്ക് പ്രക്ഷേപിക്കുന്നത്? ഒരു വശത്ത് ജനറിക് മരുന്നുകൾ മാത്രം എഴുതാൻ കർശന നിലപാട് സ്വീകരിക്കുകയും മറുവശത്ത് അവയുടെ ഗുണമേന്മയുടെ കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിക്കുകയും ചെയ്യുന്നത്, രോഗികളുടെ ആരോഗ്യം സർക്കാരിന്റെ അജണ്ട അല്ലെന്ന് കൃത്യമായി വെളിവാക്കുകയാണ്.

ഇത്തരം നിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നതു വഴി സുഖക്കേട് മാറിയില്ലെങ്കിലോ ഗുരുതരമാവുകയാ ചെയ്താൽ രോഗീസമൂഹം ഡോക്ടർമാർക്കെതിരെ തിരിയുമെന്നുറപ്പാണ്. അത്തരം അവസ്ഥകളിലും സമാനമായ മറ്റ് അവസ്ഥകളിലും ഡോക്ടർമാരെ സംരക്ഷിക്കുവാനുള്ള ശക്തമായ നിയമനടപടികൾ ആവശ്യമാണ്. പക്ഷേ കേന്ദ്ര സർക്കാർ ആ രംഗത്തു നിന്നും യുക്തിഭദ്രമായ ഒരു കാരണവും കാണിക്കാതെ നിഷ്‌ക്രമിക്കുകയാണ് ചെയ്യുന്നത്. ഹെൽത്ത് കെയർ സർവീസ് പേഴ്‌സൽ ആന്റ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് (പ്രൊഹിബിഷൻ ഓഫ് വയലൻസ് ആന്റ് ഡാമേജ് റ്റു പ്രോപർട്ടി ) ബിൽ- 2019 നിയമമാക്കുന്നതിൻ നിന്ന് പുറകോട്ടു പോവുക വഴി ഡോക്ടർമാരെ സംരക്ഷിക്കുവാനും താൽപര്യമില്ല എന്ന് അർത്ഥശങ്കക്കിടയില്ലാതെ കേന്ദ്ര സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു.

ഫാർമ കമ്പനികൾ മരുന്നുകൾ ഉൽ പാദിപ്പിക്കുന്നത് കെമിക്കൽസ് ആന്റ് ഫെർട്ടി ലൈസേഴ്‌സ് മന്ത്രാലയത്തിന്റേയും ആരോഗ്യ വകുപ്പിന്റേയുമൊക്കെ കർശന നിബന്ധനകൾ പാലിച്ചു കൊണ്ടാണ്. നിയമപരമായി നിർമിക്കുന്ന ബ്രാൻഡഡ് മരുന്നുകൾ എഴുതുന്നതിൽ നിന്നും ഡോക്ടർമാരെ തടയാൻ ശ്രമിക്കുന്നത് ആ മന്ത്രാലയങ്ങളേക്കാൾ താഴ്ന്ന പദവിയിലുള്ള എൻ.എം.സിയെ സംബന്ധിച്ചേടത്തോളം നിയമപരമായി സാധുതയില്ലാത്ത നിലപാടാണ് എന്ന് നിയമജ്ഞമാർ പറയുന്നതും പരിശോധിക്കപ്പെടണം. തികച്ചും അശാസ്തീയവും, രോഗീ - ഡോക്ടർ വിരുദ്ധവും സാമൂഹിക കാഴ്ചപ്പാട് ഒട്ടുമില്ലാത്തതും നിയമപരമായി സാധുതയില്ലാത്തതുമായ ഈ ‘പരിഷ്‌കാര’ത്തിൽ നിന്ന് എത്രയും വേഗം EMRB / NMC പുറകോട്ടു പോവുമെന്നാണ് സാമൂഹിക നിരീക്ഷകരും വൈദ്യശാസ്ത്ര വിദഗ്ദരും പ്രതീക്ഷിക്കുന്നത്.

Comments