പെൺകുട്ടികൾ വെളുക്കാൻ മുഖത്ത് തേക്കുന്ന ക്രീമുകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി കേരളത്തിൽ ചില റിപ്പോർട്ടുകളുണ്ടായി. മെർക്കുറി അടങ്ങിയ ലേപനം പുരട്ടിയവരുടെ വൃക്കകൾ തകരാറിലായി. അതു പോലെ വെളുക്കുന്നതിന് സ്റ്റീറോയ്ഡുള്ള ചില ക്രീമുകൾ ഡോക്ടർമാരുടെ നിർദ്ദേശത്തിലല്ലാതെ ദീർഘകാലം മുഖത്ത് പുരട്ടുന്നത് തൊലിക്കും മറ്റ് അവയവങ്ങൾക്കും ദോഷം വരുത്തി വെക്കുന്നുമുണ്ട്.
ആദ്യം തോന്നിയത്, കേരളത്തിൽ അപൂർവ്വമായി ചില പെൺകുട്ടികളോ സ്ത്രീകളോ മാത്രം ഇങ്ങനെ ചെയ്യുന്നുണ്ടാവും എന്നാണ്. എന്നാൽ, ചെറിയ ഒരന്വേഷണം നടത്തിയപ്പോൾ മനസ്സിലായത്, ഇത് അങ്ങനെയല്ല, വ്യാപകമായിട്ടുണ്ട് എന്നാണ്. സ്ത്രീകൾക്കും വ്യത്യസ്ത ജെൻഡറുകളിലുള്ളവർക്കും സ്വയം വെളിപ്പെടാനും കർതൃത്വം നിർവഹിക്കാനും സോഷ്യൽ മീഡിയയും മറ്റു സാഹചര്യങ്ങളും അവസരമൊരുക്കുന്ന കാലമാണിത്. പല ഇടങ്ങളിലും അവർ ആത്മവിശ്വാസത്തോടെ കടന്നു വരുന്നതൊക്കെ വളരെ പ്രതീക്ഷ നൽകുന്നതുമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ വെളിപ്പെടുത്തുന്നത്, സ്വാതന്ത്ര്യത്തേക്കാളുപരി പാരമ്പര്യത്തിന്റേയും വാണിജ്യത്തിന്റേയും കെട്ടുപാടുകളിലാണ് കൂടുതൽ പേരും ഉള്ളതെന്നാണ്.
തൊലിനിറം നിർണ്ണയിക്കപ്പെടുന്നത് ജീവശാസ്ത്രപരമായാണെങ്കിലും അത് മനുഷ്യർ തമ്മിലുള്ള ബന്ധത്തെ, പ്രത്യേകിച്ച് അധികാര ബന്ധങ്ങളെ നിർണ്ണയിക്കുന്നു എന്നതുമൂലം അതൊരു സാമൂഹ്യവിഷയം കൂടിയാകുന്നു.
തൊലിനിറത്തിന്റെ
ജീവശാസ്ത്രവും രാഷ്ട്രീയവും
തൊലിയിലെ മെലാനിൻ പിഗ്മെന്റിന്റെ ഏറ്റക്കുറച്ചിലുകളാണ് നിറമായി കാണുന്നത്. ഇതിൽ വിവിധ ജീനുകളുടെയും സൂര്യപ്രകാശത്തിന്റെയും സ്വാധീനമുണ്ട്. അൾട്രാ വയലറ്റ് രശ്മികളുടെ ആഘാതത്തിൽനിന്ന് ശരീരത്തെ സംരക്ഷിക്കുകയാണ് ഇതിന്റെ ധർമ്മം. അതുകൊണ്ടുതന്നെ ഭൂമദ്ധ്യരേഖയോട് അടുത്ത പ്രദേശങ്ങളിൽ ജീവിച്ചവരുടെ തുടർച്ചയുള്ളവർക്ക് കൂടുതലായി നിറം കാണും. എന്നാൽ, നമ്മുടെ ഭാഷയിൽ നിറം കുറഞ്ഞവരെയാണ് നിറമുള്ളവരായി പറയുന്നത് എന്നത് പൊരുത്തക്കേടായി അനുഭവപ്പെടും.
തൊലിനിറം നിർണ്ണയിക്കപ്പെടുന്നത് ജീവശാസ്ത്രപരമായാണെങ്കിലും അത് മനുഷ്യർ തമ്മിലുള്ള ബന്ധത്തെ, പ്രത്യേകിച്ച് അധികാര ബന്ധങ്ങളെ നിർണ്ണയിക്കുന്നു എന്നതുമൂലം അതൊരു സാമൂഹ്യവിഷയം കൂടിയാകുന്നു. പെൺകുട്ടികൾ തൊലി വെളുപ്പിക്കാൻ ശ്രമിക്കുന്നത്, കറുപ്പുനിറം സമൂഹത്തിൽ അവരുടെ വില കുറച്ച് കാണുന്നതുകൊണ്ടാണ്. കറുപ്പിന്റെ രാഷ്ട്രീയം ദീർഘകാലമായി അക്കാദമിക് തലത്തിലും രാഷ്ട്രീയ സിദ്ധാന്തങ്ങളിലും പഠനവിഷയമായിട്ടുള്ളതാണ്.
‘കളറിസം’ (Colourism) ലോകമെമ്പാടും ഒരു രാഷ്ട്രീയ പരികല്പനയായി മാറിയിട്ടുണ്ട്. മിക്കവാറും എല്ലാ സമൂഹങ്ങളിലും കറുത്തവർ പണിയെടുക്കുന്നവരും വെളുത്തവർ മേലാളരുമായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇത് അധികാരവ്യവസ്ഥയിൽ കറുത്തവരെ എപ്പോഴും താഴ്ന്നവരായി നില നിർത്തിയിരുന്നു. പഠനത്തിലും തൊഴിലിലും എല്ലാം ഇത് പ്രതിഫലിച്ചു കാണാം. ഇന്ത്യയിൽ ഇത് ജാതിയുമായി കൂടിചേർന്നും കാണാമെങ്കിലും ജാതിക്ക് പുറത്തും നിറത്തിന്റെ പേരിലുള്ള വേർതിരിവ് സിനിമയടക്കമുള്ള സാംസ്കാരിക മേഖലയിലും നിലനിൽക്കുന്നുണ്ട്.

ജാതീയവും വംശീയവുമായ വേർതിരിവിനപ്പുറം, നിറം സ്ത്രീത്വത്തെ നിർവചിക്കുക കൂടി ചെയ്തു കൊണ്ടിരിക്കുന്നതിനാൽ സ്ത്രീകളെ ഇത് ബാധിക്കുന്നത് അതിനനുസൃതമായാണ്. സ്ത്രീത്വത്തെ, പ്രത്യേകിച്ച് ലൈംഗിക കാമനകളിൽ വെളുപ്പുമായി ബന്ധപ്പെടുത്തി കാണുന്നതുകൊണ്ട് കറുത്തതോ തവിട്ടു നിറമുള്ളവരോ ആയ സ്ത്രീകൾ ആകർഷണീയത കുറഞ്ഞവരായി സങ്കൽപ്പിച്ചു പോന്നു. ഇതുസംബന്ധിച്ച ധാരാളം പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്.
നമ്മുടെ നാട്ടിലും ഈ വിഷയത്തിൽ അക്കാദമിക്കുകൾക്ക് താൽപര്യമുണ്ടായി കാണുന്നു. അതേപോലെ ബോഡി ഷെയിമിംങ്ങിനെ പറ്റിയും അടുത്ത കാലത്തായി മാദ്ധ്യമങ്ങളിൽ പല ചർച്ചകളും വന്നിട്ടുണ്ട്. എന്നാൽ, ഇവയൊക്കെ പരിമിത വൃത്തങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിലേക്ക് അത് പരിവർത്തിക്കപ്പെട്ടിട്ടില്ല.
തൊലിപ്പുറത്തെ സംസ്കാരം
കേരളത്തിന്റെ സാംസ്കാരിക ചരിത്രവും സ്ത്രീകളുടെ തൊലിവെളുപ്പിന്റെ മാഹാത്മ്യം ഉദ്ഘോഷിക്കുന്നതാണ്. അത് കറുത്ത സ്ത്രീകളെ പണിയെടുക്കുന്നവരായും ആവശ്യമുള്ളപ്പോൾ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നവരായും ചിത്രീകരിക്കുന്നു. സാഹിത്യത്തിലേയും സിനിമകളിലേയും നായികമാരായ സ്ത്രീകളൊക്കെ വെളുത്ത നിറമുള്ളവരായിരിക്കും. ഇത് ക്ലാസിക്കുകൾ മുതൽ ആധുനികത വരെ മാറ്റമില്ലാതെ തുടരുകയാണ്. വളരെ അടുത്തു മാത്രമാണ് ചെറിയ മാറ്റം കണ്ടുതുടങ്ങിയിട്ടുള്ളത്. എന്നാൽ ജനപ്രിയ സിനിമകളിലോ ടെലിവിഷൻ സീരിയലുകളിലോ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. അപ്പോൾ സാധാരണക്കാരിൽ വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല.
മറ്റുള്ളവരെപ്പോലെയാകാനുള്ള ത്വര എല്ലാ കാലത്തുമുണ്ടെങ്കിലും അത് വൻതോതിൽ വാണിജ്യവൽക്കരിക്കാൻ ഡിജിറ്റൽ ലോകത്തിന് കഴിയുന്നു. അവിടെ നിങ്ങൾ ഉൽപ്പന്നം ചെലവാക്കാനുള്ള കൺസ്യൂമറായി മാറുന്നത് സ്വയം അറിയാതെ പോലും ആയിരിക്കും.
പല ഭാഷാപ്രയോഗങ്ങളും കറുപ്പിനെയും വെളുപ്പിനേയും വിപരീത മൂല്യം നൽകി ബിംബവൽക്കരിക്കുന്നതാണ്. അഴിമതി പോലെയുള്ള മോശം കാര്യങ്ങളെ കറുപ്പായി അടയാളപ്പെടുത്തുന്നു. കുറ്റവിമുക്തരായി ചിത്രീകരിക്കുന്നതിനെ വെളുപ്പിക്കുന്നു എന്നു പറയുന്നു. ഇതൊക്കെ നിത്യസംഭാഷണങ്ങളിലും പ്രസംഗങ്ങളിലും എഴുത്തിലും സാധാരണമാണ്. ‘പുറം കറുത്തതാണെങ്കിലും ഉള്ള് വെളുത്തതാണ്’ എന്നത് മറ്റൊരു സ്ഥിരം പ്രയോഗമാണ്. അപ്പോഴും കറുപ്പിനെ മോശമായി തന്നെയാണ് ചിത്രീകരിക്കുന്നത്.
ഇന്നത്തെ സമൂഹത്തിൽ പഴയതുപോലെ അധമാവസ്ഥ വിധിയാണെന്ന് കരുതി ആരും സമാധാനിക്കില്ല. സാമൂഹ്യമായ ഉന്നതിക്കുവേണ്ടി എല്ലാവരും ശ്രമിക്കുന്നു. എന്നാൽ പാരമ്പര്യസംസ്കാരം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നത് എങ്ങനെയൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയാനുള്ള കരുക്കൾ വിദ്യാഭ്യാസത്തിൽ നിന്നുപോലും ലഭിക്കുന്നുമില്ല. കറുത്ത നിറമുണ്ടാകുന്നത് ഒരു കുറ്റമാണെന്നും അത് പരിചരണത്തിലൂടെ മാറ്റിയെടുക്കാവുന്നതാണെന്നുമുള്ള ധാരണകളാണ് ചുറ്റുമുള്ളവരുടെ അപക്വമായ സംഭാഷണങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ഇത്തരം പരിചരണങ്ങൾ പെൺകുട്ടികളെ ശീലിപ്പിക്കുക അമ്മമാരുടെ കടമയായും കാണുന്നു. പഴയ കാലത്ത് മഞ്ഞളും ചന്ദനവുമൊക്കെ ചേർത്ത് തൊലി വെളുപ്പിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഇപ്പോൾ മാർക്കറ്റിൽനിന്ന് ലഭിക്കുന്ന ലേപനങ്ങൾ ഈ ജോലി എളുപ്പമാക്കും എന്നു കരുതുന്നു.
കൗമാരകാലത്തെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ കുടുംബത്തെ പോലെ സ്കൂളിനും സമപ്രായക്കാർക്കും പങ്കുണ്ട്. ഔപചാരികമായല്ലെങ്കിലും പഠനത്തിലെന്ന പോലെ ശരീരത്തിന്റെ സ്വഭാവവിശേഷങ്ങളും മാനദണ്ഡങ്ങൾ വച്ച് താരതമ്യപ്പെടുത്തുന്നു. നിറം, പൊക്കം, വണ്ണം, മുടി, മുഖത്തിന്റെയും അവയവങ്ങളുടെയും ആകൃതി എന്നിവയിലെല്ലാം മനുഷ്യർ വ്യത്യസ്തരാണെങ്കിലും അളവുകോലുകൾ വച്ച് അവരെ തരംതിരിക്കുകയും മേൽ, കീഴ് തട്ടുകളിൽ ഉറപ്പിക്കുകയും ചെയ്യുന്നു.

പാരമ്പര്യത്തിലൂടെയും കൊളോണിയൽ സംസ്കാരത്തിലൂടെയും ഉറപ്പിക്കപ്പെട്ട ഉച്ചനീചത്വത്തെ മറികടക്കാൻ ആധുനിക വിദ്യാഭ്യാസത്തിന് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഇങ്ങനെയുള്ള അന്തരീക്ഷം എല്ലാ സ്ഥാപനങ്ങളിലും നിലനിൽക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസം തന്നെ കൊളോണിയൽ സംസ്കാരത്തിന്റെ തുടർച്ചയായി കാണുന്നവരുമുണ്ട്. നിറത്തിന്റെയോ മറ്റു ശരീര സ്വഭാവങ്ങളുടെയോ പേരിൽ തരം താഴ്ത്തി സംസാരിക്കുന്നത് ഇപ്പോൾ ബോഡി ഷേയ്മിംഗ് ആയി മനസ്സിലാക്കുകയും അതിനെ പ്രതിരോധിക്കാനാവശ്യമായ സംവിധാനങ്ങളെ കുറിച്ച് സംസാരിക്കുകയുമൊക്കെ ചെയ്തു തുടങ്ങിയിട്ടുണ്ട്. ബോഡി ഇമേജ് അഥവാ സ്വന്തം ശരീരത്തെ കുറിച്ചുള്ള സ്വയം വിലയിരുത്തൽ, സ്വാഭിമാനം വളർത്തുന്നതിൽ പ്രധാനമാണ്. എന്നാൽ സ്വന്തം ഇമേജിൽ പോരായ്മ കാണുകയും അതിൽ വിഷമിക്കുകയും അത് മാറ്റാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുകയാണ്. തൊലി വെളുപ്പിക്കാൻ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാവരും ഒരേ സ്റ്റാൻഡേർഡിൽ എത്തുന്നതിലല്ല, വൈവിദ്ധ്യത്തിലാണ് സൗന്ദര്യമുള്ളതെന്ന് തിരിച്ചറിഞ്ഞ് സ്വന്തം ശരീരത്തിൽ അഭിമാനം കൊള്ളുന്ന സംസ്കാരം രൂപപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.
ഇപ്പോൾ കൗമാരപ്രായക്കാർക്കും യുവാക്കൾക്കും സമൂഹമാദ്ധ്യമങ്ങൾ വഴിയും മറ്റും വിവരങ്ങൾ ലഭിക്കുന്നതിന് കൂടുതൽ സാദ്ധ്യതയുണ്ട്. ഈ വിവരങ്ങളിൽ പരമ്പരാഗത ആചാരങ്ങൾ, കച്ചവടതാല്പര്യങ്ങളുള്ള ആശയങ്ങളും വസ്തുക്കളും, ശാസ്ത്രീയ അറിവുകൾ, സർഗാത്മക സൃഷ്ടികൾ, സാംസ്കാരിക മുന്നേറ്റങ്ങൾ എന്നിവയെല്ലാമുണ്ടാകും. ഇതിൽ തങ്ങളുടെ അഭിമാനത്തോടെയുള്ള വളർച്ചക്കുതകുന്നത് ഏത് എന്ന് തെരഞ്ഞെടുക്കാനുള്ള പ്രാപ്തിയുണ്ടാകാൻ അദ്ധ്യാപകരുടെയോ മറ്റു മുതിർന്നവരുടെയോ ഗൈഡൻസോ രാഷ്ട്രീയ ഉണർവ്വോ ആവശ്യമാണ്. ചിലപ്പോഴെങ്കിലും അദ്ധ്യാപകർ തന്നെ പഴയ മൂല്യബോധം വച്ചുപുലർത്തുകയും അതിനനുസരിച്ച് കുട്ടികളോട് പെരുമാറുകയും ചെയ്യും. അത്തരം അനുഭവങ്ങൾ ഇപ്പോൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കാണുന്നുണ്ട്.
അടുത്ത കാലത്ത് എന്റെ കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ച കൂട്ടുകാരി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഓർക്കുന്നു. ഞങ്ങൾ പഠിച്ചിരുന്ന, അദ്ധ്യാപികമാർ മാത്രം പഠിപ്പിച്ചിരുന്ന വനിതാകോളേജിൽ, വെളുത്ത കുട്ടികളെ മാത്രം നോക്കി പഠിപ്പിക്കുകയും ഞങ്ങളെ പോലെയുള്ള ഇരുണ്ടവരെയും നാട്ടിൻപുറത്തുകാരെയും അവഗണിക്കുകയും ചെയ്തിരുന്നതിന്റെ അസ്വസ്ഥകരമായ ഓർമ്മകളാണ് വർഷങ്ങൾക്കിപ്പുറം അവർ പങ്കിട്ടത്. കുട്ടികളിൽ ഇത്തരം വിവേചനങ്ങൾ പലതരം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കാത്ത കൗമാരക്കാർ ട്രെൻഡ് അനുസരിച്ച് നീങ്ങുന്നതാണ് കാണുന്നത്. മറ്റുള്ളവരെപ്പോലെയാകാനുള്ള ത്വര എല്ലാ കാലത്തുമുണ്ടെങ്കിലും അത് വൻതോതിൽ വാണിജ്യവൽക്കരിക്കാൻ ഡിജിറ്റൽ ലോകത്തിന് കഴിയുന്നു. അവിടെ നിങ്ങൾ ഉൽപ്പന്നം ചെലവാക്കാനുള്ള കൺസ്യൂമറായി മാറുന്നത് സ്വയം അറിയാതെ പോലും ആയിരിക്കും. എല്ലാവരെയും ഒരേ അച്ചിൽ വാർത്തെടുക്കുന്നതും മാതൃകകളുണ്ടാക്കുന്നതും ആളുകളുടെ മോഹങ്ങൾ നിലനിർത്തുന്നതിനും കച്ചവടത്തിനും ഉപകരിക്കും. മാതൃകകൾക്കനുസരിച്ച് സ്വയം മെരുക്കിയെടുക്കുന്ന പ്രജകൾ ഭരണത്തിനും നന്നായി വഴങ്ങുന്നവരാണ്.
കുലീനത, പ്രൊഫഷണലിസം, അന്തസ്സ് എന്നിയവയൊക്കെ വെളുത്ത തൊലിയോട് ചേർത്തുകാണാറുണ്ട്. ഇങ്ങനെയൊരു സംസ്കാരം നിലനിൽക്കുന്നത് തൊലി വെളുപ്പിക്കാൻ പെണ്ണുങ്ങളെ പ്രേരിപ്പിക്കുന്നുണ്ടാകും.
തൊലിനിറവും
അതിജീവനവും
പെൺകുട്ടികൾക്ക് വിവാഹം അതിജീവന ലക്ഷ്യമായി നിലനിൽക്കുന്നിടത്തോളം തൊലി വെളുപ്പിക്കേണ്ടത് ഒരാവശ്യമായി തോന്നുന്നതിൽ അതിശയിക്കാനില്ല. മാട്രിമോണിയൽ പരസ്യങ്ങളിൽ തുറന്നുതന്നെ വരൻ ആവശ്യപ്പെടുന്ന ഡിമാന്റ് ആണത്. ഒരു വിഭാഗം പെൺകുട്ടികൾ ഇപ്പോൾ വിവാഹത്തിന് താല്പര്യമില്ലാത്തവരായി മാറുന്നത് ഒരു പരാതി പോലെ സമൂഹത്തിൽ ഉയർന്നു കേൾക്കാറുണ്ട്. അവർ അഭിമാനത്തോടെ ജീവിക്കാൻ ശ്രമിക്കുന്നതാകാം. എങ്കിലും ബഹു ഭൂരിപക്ഷത്തിനും വിവാഹം ജീവിതലക്ഷ്യമാകുന്നു. പെൺകുട്ടികളുടെ അമ്മയച്ഛന്മാർക്ക് അവൾ ബാദ്ധ്യതയാണ്. വിവാഹമാർക്കറ്റിൽ വെളുപ്പിന് വിലയേറുന്നതുകൊണ്ട് ഗർഭകാലം മുതൽ അമ്മമാർ കുഞ്ഞിനെ വെളുപ്പിക്കാൻ ശ്രമം തുടങ്ങുന്നു. പണ്ട് കുങ്കുമപ്പൂവും മറ്റും കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ അതിന് മാർക്കറ്റിൽ വ്യാജമരുന്നുകൾ ഇറക്കിയാലും ചെലവാകും. വളർന്നു കഴിയുമ്പോൾ തൊലിവെളുപ്പുണ്ടാക്കിയെടുക്കേണ്ട ബാദ്ധ്യത പെണ്ണിനുള്ളതുകൊണ്ടുകൂടിയാകാം, വെളുക്കാനുള്ള മരുന്ന് തേടാൻ അവരെ പ്രേരിപ്പിക്കുന്നത്.
വിവാഹത്തിൽ മാത്രമല്ല, സ്ത്രീകൾക്ക് തൊലി വെളുപ്പ് വേണ്ടത്. സ്ത്രീകൾക്കുള്ള പല ജോലികളും വീട്ടുകടമയുടെ വലിച്ചുനീട്ടൽ പോലെയാണ്. റിസപ്ഷനിസ്റ്റ്, സെയിൽസ് ഗേൾ, എയർ ഹോസ്റ്റസ്, നഴ്സുമാർ തുടങ്ങിയ ജോലികളൊക്കെ പ്രസന്നതയോടെ, പൂന്തിങ്കൾ മുഖത്തോടെ ചെയ്യേണ്ടവ ആയിരിക്കും. സിനിമ, നൃത്തം എന്നിവ പോലെയുള്ള വിനോദവ്യവസായങ്ങളിലും മാർക്കറ്റു താൽപ്പര്യം വെളുപ്പിനോടാണല്ലോ. അപ്പോൾ ജോലി തേടുമ്പോഴും തൊലിനിറം പ്രധാനമാകും. കുലീനത, പ്രൊഫഷണലിസം, അന്തസ്സ് എന്നിയവയൊക്കെ വെളുത്ത തൊലിയോട് ചേർത്തുകാണാറുണ്ട്. ഇങ്ങനെയൊരു സംസ്കാരം നിലനിൽക്കുന്നത് തൊലി വെളുപ്പിക്കാൻ പെണ്ണുങ്ങളെ പ്രേരിപ്പിക്കുന്നുണ്ടാകും.

കറുപ്പനുഭവങ്ങൾ
ഇരുണ്ട നിറമുള്ള സ്ത്രീകൾ കടന്നുപോകുന്ന ദുരനുഭവങ്ങൾ നിരവധിയാണ്. ഇത് തുറന്നു പറയാവുന്ന ഒരു വിഷയമാണോ എന്നുപോലും അറിയാത്തതുകൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്. ഇപ്പോൾ കുറെയൊക്കെ ആളുകൾ ഇത് പങ്കുവച്ചുതുടങ്ങിയിട്ടുണ്ട്. അടുത്തിടെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശാരദാ മുരളീധരൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് പൊതു ചർച്ചയായി മാറി.
മിക്കപ്പോഴും പെൺമക്കളുടെ കറുപ്പുനിറത്തിന് അമ്മമാർക്കാണ് പഴി കേൾക്കേണ്ടിവരിക. കുട്ടിക്കാലം മുതൽ തൊലിനിറത്തെ പറ്റിയുള്ള കമന്റുകൾ കേട്ടുമടുത്തിട്ടാകാം ചിലർ എങ്ങനെയെങ്കിലും വെളുത്തു കിട്ടിയാൽ മതി എന്നു കരുതുന്നത്. വിവാഹത്തിനുമുൻപ് തൊലി വെളുപ്പിക്കാൻ സമീപിക്കുന്ന ധാരാളം യുവതികളുണ്ടെന്ന് ഡെർമറ്റോളജിസ്റ്റായ എന്റെ സുഹൃത്ത് പറയുന്നു. രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊണ്ടുവന്നിട്ട്, എങ്ങനെയെങ്കിലും കുഞ്ഞിനെ വെളുപ്പിക്കാൻ ചികിത്സ നൽകാനാവശ്യപ്പെട്ട അമ്മയെക്കുറിച്ചും അവർ പറഞ്ഞു. അവരുടെ നിറം കാരണം നേരിട്ട അനുഭവങ്ങൾ ആ കുഞ്ഞിനുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ആവശ്യപ്പെടുന്നത് എന്നു പറയുമ്പോൾ, സ്ത്രീകൾ ഇപ്പോഴും നിറത്തിന്റെ പേരിൽ അനുഭവിക്കുന്ന അവഹേളനങ്ങൾ എത്രയാണെന്ന് മനസ്സിലാക്കാൻ കഴിയും. പലപ്പോഴും സ്നേഹത്തിന്റെയും സഹതാപത്തിന്റേയും ഭാഷയിലായിരിക്കും കമന്റുകൾ വരുന്നത്. അവയോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാനും കഴിയില്ല.
ഞാനും, പ്രത്യേകിച്ച് ചെറുപ്പത്തിൽ പല കമന്റുകളും കേട്ടിട്ടുണ്ട്. "എന്താ ഇത്ര കറുത്തു പോയത്’’, അച്ഛന്റെ നിറമൊന്നും മക്കൾക്ക് കിട്ടിയില്ലല്ലോ" എന്നിങ്ങനെയൊക്കെ. എന്നാൽ അച്ഛൻ വെളുത്തതുകൊണ്ട് സുന്ദരനാണെന്നോ കറുത്തതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ എനിക്കോ അച്ഛനോ തോന്നിയിട്ടില്ല. ഇത്തരം കമന്റുകൾ അമ്മ റിപ്പോർട്ട് ചെയ്യുമ്പോൾ, അച്ഛൻ പറയുക, എന്റെ കായാമ്പൂ നിറം നല്ലതാണെന്നാണ്. കറുത്ത നിറമുളള കൃഷ്ണന്റെ കടുത്ത ആരാധികയായിരുന്നതിനാൽ ഒരു കമന്റും എന്നെ ബാധിച്ചിരുന്നില്ല.
നാട്ടിൻപുറത്തെ എന്റെ സ്കൂളിൽ മിക്കവാറും എല്ലാവരും ഒരേ നിറക്കാരായിരുന്നതിനാൽ വിവേചനം അനുഭവിച്ചില്ല. എന്നാൽ കോളേജ്, നഗരത്തിലായതിനാൽ ഇംഗ്ലീഷ് സംസാരിക്കുന്ന വെളുത്ത പെൺകുട്ടികളും ഇരുണ്ട നാട്ടിൻ പുറത്തുകാരികളും എന്ന തരംതിരിവുണ്ടായി. അപ്പോഴാണ് ഇംഗ്ലീഷ് സംസാരിക്കുകയും അസാധാരണമായ ചാതുര്യത്തോടെ പ്രസംഗിക്കുകയും ചെയ്യുന്ന കറുത്ത നിറമുള്ള വാണി ക്ലാസ്സിൽ വന്നുചേർന്നത്. അതോടെ ഈ വേർതിരിവിന് അയവ് വന്നതായി തോന്നി.
ഇരുണ്ട നിറമുള്ള സ്ത്രീകൾ കടന്നുപോകുന്ന ദുരനുഭവങ്ങൾ നിരവധിയാണ്. ഇത് തുറന്നു പറയാവുന്ന ഒരു വിഷയമാണോ എന്നുപോലും അറിയാത്തതുകൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്.
പ്രണയത്തിലും രതിയിലും വെളുത്ത സ്ത്രീകളാണ് കാമുകിമാരാവുക. സ്ത്രീകളെ കുറിച്ചുള്ള വർണ്ണനകൾ കൂടുതലും അങ്ങനെയാണെങ്കിലും ‘കറുത്ത പെണ്ണേ’ എന്നു തുടങ്ങുന്ന പല സിനിമാപ്പാട്ടുകളും വിരോധാഭാസം പോലെയുണ്ട്. ‘കറുത്ത പെണ്ണേ’ എന്നത് ചിത്രീകരിക്കുന്നത് പെണ്ണിനെ വെളുപ്പിച്ചു കൊണ്ടായിരിക്കുകയും ചെയ്യും. വെളുപ്പ് രതിയുടേയും പ്രണയത്തിന്റേയും മാനകമായിരിക്കുന്നതുകൊണ്ട് കോളേജുകളിൽ ആൺകുട്ടികൾ സുന്ദരിമാരായി ഗ്രേഡ് നൽകുന്നത് വെളുത്തവർക്കായിരിക്കും. അവരുടെ സങ്കല്പത്തിലും സ്വപ്നത്തിലും വെളുത്ത സുന്ദരിമാരായിരിക്കും. സുന്ദരിമാരുടെ കാമുകന്മാരാവുക എന്നത് ആണിന് ഒരഭിമാനം കൂടിയാണ്. മറ്റുള്ള ആണുങ്ങളേക്കാൾ മെച്ചപ്പെട്ടയാൾ താനാണെന്ന് അഭിമാനിക്കാനുള്ള ഒരു സന്ദർഭം. വെളുപ്പ് സാമൂഹ്യനിർമ്മിതമായ ഒരു മാതൃകയാണെന്നിരിക്കെ, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊന്നും ആകണമെന്നില്ല. പല ഘടകങ്ങളും താൽപര്യങ്ങളും പ്രണയത്തേയും രതിയേയും സ്വാധീനിക്കും.
പ്രണയത്തിലോ വിവാഹത്തിലോ ഏർപ്പെട്ട ശേഷം സ്വന്തം വരുതിയിലായ സ്ത്രീയെ തരംതാഴ്ത്തി സംസാരിക്കുകയും മറ്റു സ്ത്രീകളുടെ സൗന്ദര്യത്തെ പുകഴ്ത്തുകയും ചെയ്യുന്നത് പല പുരുഷന്മാരുടെയും രീതിയാണ്. സ്ത്രീകൾക്ക് വിവാഹത്തിനുള്ളിൽ സദാചാരം പാലിക്കേണ്ട അധിക ബാദ്ധ്യതയുള്ളതിനാൽ എന്തും സഹിച്ച് കൂടെ നിൽക്കും എന്ന അവസ്ഥയാണ് ആണുങ്ങൾക്ക് ഈ സൗകര്യം നൽകുന്നത്. ഈ അപമാനത്തിൽ വേദനിച്ചു കഴിയുന്ന പല സ്ത്രീകളുമുണ്ട്.
"നിന്നെ കണ്ടാൽ കറുത്തു തടിച്ച് എരുമയെ പോലെയുണ്ട് " എന്ന് കമന്റ് ചെയ്തുകൊണ്ടിരുന്ന ഒരു ഭർത്താവിന്റെ പങ്കാളിയായ സ്ത്രീക്ക് അടുത്ത ദിവസങ്ങളിൽ തന്നെ അവരെ ആരാധ്യപാത്രമാക്കിയ ഒരു കാമുകനുണ്ടായി. അവർ ആഹ്ളാദവതിയായി ജീവിതം മുന്നോട്ടു കൊണ്ടുപോയി. എന്നാൽ, എല്ലാവർക്കും അതിന് അവസരമുണ്ടാകണമെന്നില്ല. പുതിയ കാമുകന്മാരും ഇങ്ങനെ തന്നെ പറഞ്ഞെന്നുമിരിക്കും. നിറത്തിന്റെ അധികാരതന്ത്രം ഏറ്റവും കനത്ത് കിടക്കുന്നത് പ്രണയത്തിലാണ്. എന്റെ പ്രണയികളാരും തന്നെ ഇത്തരത്തിൽ പെരുമാറിയിട്ടില്ല. അങ്ങനെയുണ്ടായാൽ ആ നിമിഷം അയാൾ ഉള്ളിൽനിന്ന് പുറത്തായിരിക്കും.

സ്ത്രീപക്ഷ കാഴ്ചകൾ
ഈ വിഷയത്തിൽ വ്യത്യസ്ത സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ വികസിച്ചിട്ട് ഏറെ നാളുകളായി. പ്രധാനമായും, ബ്ലാക്ക് ഫെമിനിസം, ദലിത് ഫെമിനിസം എന്നിവയാണ് നിറത്തിന്റെ രാഷ്ട്രീയം വികസിപ്പിച്ചത്. വംശീയതയും കളറിസവും തമ്മിൽ ചേർന്നുപോകുന്നതായും സ്ത്രീത്വത്തെ രൂപപ്പെടുത്തുന്നതിൽ വെളുപ്പിനോടുള്ള പക്ഷപാതിത്വവും വിശദീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. ലോലത, സൗന്ദര്യം, മെലിയൽ എന്നതൊക്കെ നിറത്തോടൊപ്പം സ്ത്രീത്വത്തിന്റെ മാതൃകയായി കണക്കാക്കുന്നതിൽ വംശീയതയുടെ രാഷ്ട്രീയം കാണാൻ കഴിയും.
ഇതിന് വിപരീതമായി, കറുപ്പു നിറവും വണ്ണവുമുള്ളവർ സ്ത്രീത്വം കുറഞ്ഞവരും കൂടുതൽ പണിയെടുക്കാൻ കഴിയുന്നവരും ലൈംഗികതാത്പര്യം കൂടുതലായുള്ളവരുമായ വാർപ്പ് മാതൃകകളായി പ്രതിനിധീകരിക്കപ്പെട്ടതായി ബ്ലാക്ക് ഫെമിനിസ്റ്റുകളും ക്വിയർ സൈദ്ധാന്തികരും വിമർശിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളും ആഗോള മാർക്കറ്റും എങ്ങനെയാണ് നിറത്തിലും ശരീരാകൃതിയിലും യൂറോപ്യൻ സ്ത്രീമാതൃകകളെ ഉയർത്തുക വഴി, വംശീയമായ ഉച്ചനീചത്വം നിലനിർത്തുന്നതെന്ന് അമേരിക്കൻ ഫെമിനിസ്റ്റായ ബെൽ ഹൂക്സ് വിവരിക്കുന്നു. തൊലിനിറം മൂലം മുറിവേൽക്കുന്ന സ്ത്രീത്വം ആത്മബോധവും സ്നേഹവും ഉണർത്തി, സ്വാഭിമാനം കണ്ടെത്തണമെന്നും അവർ പറയുന്നു.
വാർപ്പുമാതൃകകളിൽ വീണുപോയാൽ ഏത് നിറമുള്ള സ്ത്രീക്കും അത് സ്വാശ്രയത്വത്തിനും സ്വയംനിർണ്ണയാവകാശത്തിനും തടസ്സമാണ്. വിവിധ തരത്തിലുള്ള പിന്തള്ളൽ വ്രണപ്പെടുത്തുന്ന സ്ത്രീയവസ്ഥകളെ തിരിച്ചറിയാൻ പാകത്തിൽ ഇന്റർ സെക്ഷണൽ ഫെമിനിസം വികസിച്ചത്, ഫെമിനിസത്തിന്റെ പക്ഷപാതിത്വത്തെ തുറന്നു കാട്ടിയും കൂടുതൽ കരുതലോടെ എല്ലാവരേയും ഉൾക്കൊണ്ടുമാണ്. ഇന്ത്യയിലും ദലിത് ഫെമിനിസ്റ്റ് സൈദ്ധാന്തികർ ഈ വിഷയം പ്രതിരോധങ്ങളോട് ചേർത്ത് വിശദമാക്കുന്നുണ്ട്.
കറുത്ത പുരുഷന്മാരും വിവേചനത്തിനിരയാകുന്നുണ്ട്. കറുത്തവരോടുള്ള വെറുപ്പ് സഹജമായുള്ളതല്ലെന്നും അത് സാംസ്കാരികമായി നിർമ്മിച്ചെടുക്കുന്നതാണെന്നും ഫ്രാൻസ് ഫാനനെ പോലെയുള്ള കൊളോണിയൽ വിരുദ്ധ ചിന്തകർ പറയുന്നു. ഇന്ത്യയിലും മറ്റും നിലനിൽക്കുന്ന ജാതീയതയെ കൂടുതൽ ഉറപ്പിച്ചെടുക്കാൻ കൊളോണിയലിസത്തിന്റെ വെളുപ്പു മനോഭാവം സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ മനോഭാവം ഉൾക്കൊള്ളുന്ന കറുത്തവരും വെളുത്തവരെ ആരാധിക്കുകയും സ്വയം ഇകഴ്ത്തുകയുമാണ് ചെയ്യുന്നത്. സ്വയം വെളുക്കാൻ കഴിഞ്ഞില്ലെങ്കിൽ വെളുത്തവരുടെ വിധേയരായാലും മതിയെന്ന മാനസികാവസ്ഥ, അടിമത്തവും ഉച്ചനീചത്വവും നിലനിർത്താൻ വേണ്ടി ഭാഷയിലൂടെയും കലയിലൂടെയും ഒക്കെ ഉറപ്പിച്ചെടുക്കുന്നുണ്ട്. നിത്യസംഭാഷണങ്ങളിലും ഇതുതന്നെ ആവർത്തിക്കുന്നു. പെണ്ണു കാണൽ, കല്യാണ ചടങ്ങുകൾ എന്നതിലെല്ലാം പെണ്ണിന്റെ നിറം ചോദിച്ചും പറഞ്ഞുംകൊണ്ടിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജാതി നിർണ്ണയിക്കുന്നതിനും പെരുമാറ്റ ശീലങ്ങളുണ്ടാക്കുന്നതിനും നിറം ഉപയോഗിക്കും. കറുത്തവരും വെളുത്തവരും തമ്മിലുള്ള അധികാര നില ആഴപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് സ്ത്രീയുടെ വാർപ്പുമാതൃക. സ്ത്രീയുടെ തൊലിവെളുപ്പ് അഭികാമ്യമാക്കി നിർത്തുകയും കടുത്ത ലൈംഗിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നത് വംശശുദ്ധി നിലനിർത്താൻ കൂടിയാണ്. സ്ത്രീവിരുദ്ധതയും വംശീയതയും ഇഴ ചേരുന്നത് ഇങ്ങനെയാണ്.
കേരളത്തിൽ സ്ത്രീകൾ ലിപ്സ്റ്റിക് അധികമായി ഉപയോഗിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ അത് വ്യാപകമായി സ്ത്രീകൾ ഉപയോഗിക്കുന്നു. ഗുണ നിലവാരം ഉറപ്പുവരുത്തുന്ന കോസ്മെറ്റിക്സ് ഉപയോഗിക്കേണ്ടതുണ്ട്.
സയൻസ്, ഫാഷൻ, കൺസ്യുമറിസം
സ്ത്രീകൾ ഉൾപ്പെടെ കേരളത്തിൽ എല്ലാവരും സയൻസ് വിഷയങ്ങൾ പഠിച്ച് വിദ്യാസമ്പന്നരായവരാണ്. കോവിഡിനുശേഷം സോഷ്യൽ മീഡിയ ഉപയോഗം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ശരിയായതും തെറ്റായതുമായ എല്ലാ വിവരങ്ങളും അതുവഴി ലഭിക്കും. എന്നാൽ, വിജ്ഞാനസമ്പാദനത്തെ ജോലി നേടുന്നതിനും സംസ്കാരത്തിന്റെ പേരിൽ പഴമ നിലനിർത്തുന്നതിനും അപ്പുറം വിവേചനത്തോടെ സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കുന്നതിനോ സ്വാശ്രയത്വത്തിനോ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. കമ്പ്യൂട്ടർ ഉപയോഗിച്ച് ജാതകം നോക്കുന്നതുപോലെയാണ് സയൻസിന്റെ നേട്ടങ്ങൾ ഉപയോഗിക്കുന്നത്.
പാട്രിയാർക്കൽ ആയ വിവാഹസമ്പ്രദായം സ്ത്രീകൾക്ക് വിവേചനത്തോടെയുള്ള തീരുമാനമെടുക്കൽ ദുഷ്കരമാക്കുന്നു. യുവാക്കൾ ഫാഷൻ സ്വീകരിക്കുന്നുണ്ടെങ്കിലും അത് മിക്കപ്പോഴും ട്രെൻഡിന്റെ ഭാഗമാണ്. പലപ്പോഴും സിനിമയിലെ അനുകരണങ്ങളുമാണ്. എന്നാൽ, ഫാഷന് വിമോചനകരമായ വശവുമുണ്ട്. ഉദാഹരണത്തിന്, സ്ത്രീകൾ ശരീരം അധികം മറയ്ക്കാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധവുമാകാം. എന്നാൽ, ശരീരത്തിന് ദോഷമുള്ള വസ്തുക്കൾ വിവേചനത്തോടെ തെരഞ്ഞെടുക്കേണ്ടതുണ്ട്. കേരളത്തിൽ സ്ത്രീകൾ ലിപ്സ്റ്റിക് അധികമായി ഉപയോഗിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ അത് വ്യാപകമായി സ്ത്രീകൾ ഉപയോഗിക്കുന്നു. ഗുണ നിലവാരം ഉറപ്പുവരുത്തുന്ന കോസ്മെറ്റിക്സ് ഉപയോഗിക്കേണ്ടതുണ്ട്. അത് ലഭ്യമാക്കുകയും നിലവാരമില്ലാത്തത് മാർക്കറ്റിൽനിന്ന് പിൻ വലിക്കുകയുമാണ് അധികാരികൾ ചെയ്യേണ്ടത്. എന്നാൽ, ലിപ്സ്റ്റിക് ഇടുന്നതുതന്നെ മോശമാണെന്ന് പാരമ്പര്യവാദികൾ പറയും. മാർക്കറ്റിൽ എല്ലാ ചപ്പുചവറുകളുമുണ്ടാകും. ട്രെൻഡിനനുസരിച്ച് നീങ്ങുന്നതിനുപകരം വിവേചനത്തോടെ സ്ത്രീകൾ സ്വയം ആവിഷ്കരിക്കുമ്പോൾ ഫാഷനും ഗുണകരമാണ്.

ശരീരം മോടിപിടിപ്പിക്കുമ്പോഴും അതിന്റെ ആരോഗ്യ ഘടകങ്ങൾ ബുദ്ധി ഉപയോഗിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കും. എല്ല കാര്യങ്ങളും സ്ത്രീകൾ ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇവിടെ മാർക്കറ്റിന്റെ കടന്നുകയറ്റം നിർണ്ണായകമാവുന്നു. ഏതാണ് നല്ലത്, ഏതാണ് മോശം എന്ന് തിരിച്ചറിയാനാവാത്ത വിധം പരസ്യങ്ങളുടെ പ്രളയമാണ്. നിർബ്ബന്ധിതമായി പലതും കാണേണ്ട അവസ്ഥയാണ്. കോവിഡിനുശേഷം വ്യാപകമായി പരസ്യങ്ങൾ കണ്ട് തൊലിവെളുപ്പിനും മറ്റുമുള്ള കോസ്മെറ്റിക്കുകൾ യുവാക്കൾ വാങ്ങാൻ തുടങ്ങി. അതിനുള്ളിലെ ചേരുവകൾ എന്താണെന്നുപോലും പലപ്പോഴും എഴുതിയിട്ടുണ്ടാവില്ല. ഇവ വിറ്റഴിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇതിൽ തെറ്റിദ്ധരിക്കപ്പെട്ട് വീണുപോകാനുള്ള സാദ്ധ്യത ഏറെയാണ്. ഇത്തരം ക്രീമുകൾ ഉപയോഗിച്ചുണ്ടാകുന്ന പാർശ്വഫലങ്ങളുമായി ധാരാളം പേർ ഇപ്പോൾ ക്ലിനിക്കുകളിൽ എത്തുന്നതായി ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. മെർക്കുറി പോലെയുള്ള വിഷവസ്തുക്കൾ കിഡ്നിയേയും കരളിനേയും തലച്ചോറിനേയും ഒക്കെ ബാധിക്കാം. ഇവ കണ്ടുപിടിക്കണമെന്നുമില്ല.
വെളുക്കാനുള്ള ക്രീം കിഡ്നിയെ ബാധിക്കുന്നതായി കണ്ടപ്പോൾ വിദഗ്ധരുടെ ഉള്ളിൽ നിന്നുവന്ന ചോദ്യം, ‘വെളുപ്പാണോ പ്രധാനം ആരോഗ്യമാണോ?’ എന്നതാണ്. ഇവ രണ്ടും താരതമ്യം ചെയ്യാനുള്ള കാര്യങ്ങളല്ലല്ലോ.
ചികിത്സയും കച്ചവടമായി മാറുമ്പോൾ ആളുകൾക്ക് കൂടുതൽ ചിന്താക്കുഴപ്പമുണ്ടാകുന്നു. പലവിധ മരുന്നുകൾ മാർക്കറ്റിലെത്തുമ്പോൾ അതിൽ ശാസ്ത്രീയം ഏതാണ് വ്യാജം ഏതാണ് എന്നൊന്നും ആളുകൾക്ക് തിരിച്ചറിയാൻ കഴിയില്ല. അതിൽ ഗവണ്മെന്റ് നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം ശാസ്ത്രീയ ചികിത്സയുടെ ചെലവേറുന്നതും പ്രശ്നമാണ്. ഏതെങ്കിലും അസുഖത്തിന്റെ ഭാഗമായോ സൂര്യതാപം ഏറ്റിട്ടോ ഉള്ള നിറവ്യത്യാസം ചികിത്സ കൊണ്ട് മാറ്റാവുന്നതാണ്. അതിനായി പരിശീലനം ലഭിച്ച വിദഗ്ധരെ നേരിട്ടുകണ്ട് ചികിത്സ തേടുന്നതാണ് നല്ലത്.
സയൻസും മെഡിസിനും പ്രാക്ടീസ് ചെയ്യുന്നിടത്ത് പലപ്പോഴും നിലവിലുള്ള മൂല്യങ്ങൾ അങ്ങനെത്തന്നെ വ്യാപിപ്പിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതും കാണാം. സ്ത്രീകളുടെയും കറുത്തവരുടെയും ഒക്കെ ശാരീരിക സ്വഭാവങ്ങൾ സാമൂഹികാസമത്വങ്ങളിലേക്ക് ആരോപിക്കുന്ന പ്രവണതയും കാണാറുണ്ട്. ഇത്തരം ഫാലസികൾ ജനങ്ങൾക്ക് മനസ്സിലാകാതെ പോവുകയും ചെയ്യും. അസമത്വം നിലനിർത്താനായി സയൻസിനെ തെറ്റായി ഉപയോഗിക്കുകയാണ് അവിടെ ചെയ്യുന്നത്.
വെളുക്കാനുള്ള ക്രീം കിഡ്നിയെ ബാധിക്കുന്നതായി കണ്ടപ്പോൾ വിദഗ്ധരുടെ ഉള്ളിൽ നിന്നുവന്ന ചോദ്യം, ‘വെളുപ്പാണോ പ്രധാനം ആരോഗ്യമാണോ?’ എന്നതാണ്. ഇവ രണ്ടും താരതമ്യം ചെയ്യാനുള്ള കാര്യങ്ങളല്ലല്ലോ. ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെട്ടില്ലെങ്കിലും വെളുപ്പിനെ ഉയർത്തിക്കാട്ടുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. വെളുപ്പിന് പരിണാമപരമായ മേന്മയുണ്ടെന്നും ബയോളജിക്കൽ ഡിറ്റർമിനിസ്റ്റുകൾ വാദിക്കാം. ചൂടും വെയിലും പോലെയുള്ള സാഹചര്യങ്ങളും അവിടെ തൊലി സംരക്ഷിക്കാനാവശ്യമായ മെലാനിന്റെ ആവശ്യവുമൊന്നും അവർ കണക്കിലെടുക്കില്ല.
വാസ്തവത്തിൽ കറുപ്പിനാണ് പരിണാമപരമായ മേന്മ എന്നൊന്നുണ്ടെങ്കിൽ, അത് കാണാവുന്നത്. സയൻസിനെയും വ്യാജ സയൻസിനെയും തിരിച്ചറിയാൻ, ഗവേഷണത്തിലേക്ക് നയിച്ച പ്രശ്നം അല്ലെങ്കിൽ വിശദീകരണം ഉയർന്നുവന്ന പരിസരം എന്നതൊക്കെ വിശദമായി നോക്കേണ്ടിവരും. ആധികാരികതക്കുവേണ്ടി മാത്രം സയൻസ് കൊണ്ടുവരുന്നവരെ തുറന്നുകാട്ടാൻ അത് ആവശ്യമാണ്.

സർഗ്ഗാത്മകമായി
എങ്ങനെ പ്രതിരോധിക്കാം?
ലോകമെമ്പാടും കളറിസം ഒരു രാഷ്ട്രീയത്തിന്റെ അഥവാ അധികാരതന്ത്രത്തിന്റെ വിഷയമാണ്. പ്രബുദ്ധ കേരളവും അത് ശ്രദ്ധിച്ച്, കൺസ്യുമറിസത്തിന്റെ സംസ്കാരത്തിൽനിന്ന് പിടി വിട്ട്, മനുഷ്യാന്തസ്സിന്റെ സംസ്കാരം രൂപപ്പെടുത്തുമെന്ന് ആഗ്രഹിക്കാം. തുറന്നുകിട്ടിയ ഡിജിറ്റൽ ലോകം ആ ദിശയിലേക്കാണ് യുവാക്കൾ മാറ്റിയെടുക്കേണ്ടത്. വ്യത്യസ്തതകൾ ആഘോഷിക്കുന്ന ചെറിയ കൂട്ടായ്മകൾ രാഷ്ട്രീയ ബോദ്ധ്യത്തോടെ രൂപപ്പെടുത്തണം. എല്ലാ നിറങ്ങളും ആഘോഷിക്കപ്പെടട്ടെ. ഇപ്പോൾ ധാരാളം കൂട്ടായ്മകൾ രൂപപ്പെട്ടുവരുന്നു എങ്കിലും അവ പലപ്പോഴും കുടുംബങ്ങളുടെയോ ജാതി അടിസ്ഥാനത്തിലുള്ളതോ ഒക്കെയാണ്. പൂർവ്വ വിദ്യാർത്ഥികളുടെയും റസിഡൻഷ്യൽ കോളനികളുടെയും യാത്രാഗ്രൂപ്പുകളുടേയും ഒക്കെ ഒത്തുചേരലിന് പല സാദ്ധ്യതകളുണ്ടെങ്കിലും അവയൊക്കെ നിലനിൽക്കുന്ന മൂല്യങ്ങൾക്കനുസരിച്ച് പോകുന്നതാണ് മിക്കപ്പോഴും കാണുന്നത്. ഗവണ്മെന്റുകളുടെയോ അന്താരാഷ്ട്ര ഏജന്സികളുടെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഇനിഷ്യേറ്റീവുകൾ കുറച്ചു കഴിയുമ്പോൾ യാന്ത്രികമാകുന്നത് കാണാം.
കുമാരിമാർക്കായുള്ള പദ്ധതിയായ, രാഷ്ട്രീയ കിശോരി സ്വാസ്ഥ്യ ക്രമത്തിനൊക്കെ (RKSK) ഇത്തരം വിഷയങ്ങളിൽ അവബോധം നൽകാൻ കഴിയും. എന്നാൽ രാഷ്ട്രീയ ബോദ്ധ്യത്തോടെ യുവാക്കളുടെ ഭാഗത്തുനിന്നുള്ള ഉദ്യമങ്ങളാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. പുതിയ ഏത് ആശയത്തേയും ആഗിരണം ചെയ്ത് വിൽപ്പന ചരക്കാക്കാനുള്ള കഴിവ് വാണിജ്യലോകത്തിനുണ്ട്. അതിനായി സയൻസും ടെക്നോളജിയുമൊക്കെ ഉപയോഗപ്പെടുത്തും. ഉദാഹരണത്തിന് കറുപ്പ് ഒരു ട്രെൻഡ് ആയി വന്നാൽ അതിനനുസരിച്ച് പ്രൊഡക്ടുകളുണ്ടാവും. അതിനാൽ നിരന്തര രാഷ്ട്രീയ ജാഗ്രത കൊണ്ടു മാത്രമേ പ്രതിരോധം സാദ്ധ്യമാവൂ.
വെളുക്കാൻ തേച്ചത് പാണ്ടാകുന്നത് കേവലം ആരോഗ്യ വിഷയം മാത്രമല്ല, അവിടെ കാണാതെ പോകുന്ന രാഷ്ട്രീയം കൂടിയുണ്ട്.
