ആരോഗ്യം എന്നത് ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതിയാണെന്ന ലോകാരോഗ്യ സംഘടനയുടെ നിർവ്വചനം സമകാലീനമായ ആരോഗ്യാനുഭവങ്ങളേയും വ്യവഹാരങ്ങളേയും ഉൾക്കൊള്ളാൻ പര്യാപ്തമല്ല. ആരോഗ്യം രാഷ്ട്രീയമാണ്. ആരോഗ്യത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പാർട്ടികളുടെ തർക്കങ്ങളും പോർവിളികളും കൊണ്ടു മാത്രമല്ല ഇങ്ങനെ പറയുന്നത്.
പണ്ട്, രോഗചികിത്സയെ കുറിച്ചും ആയുസ്സിനെ കുറിച്ചുമാണ് കൂടുതൽ വ്യവഹരിച്ചിരുന്നത്. ആരോഗ്യം എന്ന ആധുനികമായ പരികല്പന സ്റ്റേറ്റിന്റെ വികസന സങ്കല്പങ്ങളുമായി ചേർന്നു വരുന്നതാണ്. അതുകൊണ്ടാണ് അത് പല സൂചികകൾ കൊണ്ട് അളക്കുന്നതും പല ദേശങ്ങളുമായും രാഷ്ട്രങ്ങളുമായും താരതമ്യം നടത്തുകയും ചെയ്യുന്നത്. വികസനം, ഓരോ രാജ്യത്തിന്റേയും രാഷ്ട്രീയ- സാമ്പത്തിക കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് നിർണ്ണയിക്കപ്പെടുന്നത്. പ്രകടരാഷ്ട്രീയ (Macro politics) ത്തിലെ പോലെ തന്നെ സാംസ്കാരിക തലത്തിലും ആരോഗ്യ പരികല്പന സൂക്ഷ്മമായി പ്രവർത്തിക്കുന്നുണ്ട്. സാധാരണ നമ്മൾ ആരോഗ്യത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒന്നുകിൽ സൂചികകൾ വച്ചുള്ള താരതമ്യങ്ങളോ അല്ലെങ്കിൽ നേരിട്ടുള്ള അനുഭവങ്ങളോ ആണ് അതിന്റെ വിഷയമാക്കുന്നത്. സാമൂഹിക നിർണ്ണയഘടകങ്ങളേയും ചിലപ്പോൾ പരിഗണിച്ചെന്നു വരും. എന്നാൽ, ആരോഗ്യത്തിന്റെ പ്രകടവും സൂക്ഷ്മവുമായ രാഷ്ട്രീയമാനങ്ങളെ ഒളിച്ചുവച്ചുകൊണ്ടുള്ള ഒരു കാഴ്ച്ചയും അതിന്റെ അവസ്ഥയും പ്രശ്നങ്ങളും മനസ്സിലാക്കാൻ സഹായകമാവില്ല.
കേരളത്തിന്റെ ശ്രദ്ധേയമായ ആരോഗ്യമാതൃക
കേരളത്തിന്റെ ആരോഗ്യസ്ഥിതി ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. വികസനത്തിന്റെ തോത് അളക്കാൻ വേണ്ടിയുള്ള സൂചികകൾ വച്ച് പരിശോധിക്കുമ്പോൾ വികസ്വരരാജ്യമായ ഇന്ത്യയുടെ അറ്റത്ത് കിടക്കുന്ന ഈ കൊച്ചു സംസ്ഥാനം എങ്ങനെയാണ് ആരോഗ്യസൂചികകളിൽ ഉയർന്നുനിൽക്കുന്നതെന്ന് കൗതുകപൂർവ്വം ഗവേഷകരും വിദഗ്ധരും നോക്കിക്കാണുന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ തന്നെ ഇത് പ്രകടമായി തുടങ്ങി. ഇപ്പോഴും നിലനിർത്തിപ്പോരുകയും ചെയ്യുന്നു. ഇതിന് ചരിത്രപരമായും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ എടുത്തുകാണിക്കാറുണ്ട്. തീരപ്രദേശമായതുകൊണ്ടും വിദേശത്തുനിന്നുള്ള സഞ്ചാരികളുടെ വരവുകൊണ്ടും വ്യാപാരവും കുടിയേറ്റവും ദീർഘകാലങ്ങളായി നടന്നിരുന്നു. സാമ്പത്തികവും സാംസ്കാരികവുമായ കൊടുക്കൽ വാങ്ങലുകൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി.

നവോത്ഥാന പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഉയർത്തിയ ആശയങ്ങൾ ഇവിടെ വേരോടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഗവൺമെൻ്റുകൾ, പ്രത്യേകിച്ച് ഇടതു പക്ഷ ഗവൺമെൻ്റുകൾ, നയപരമായും രാഷ്ട്രീയമായും സാമൂഹ്യക്ഷേമത്തെ മുൻനിർത്തിയാണ് പദ്ധതികൾ നടത്തിയിരുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും പ്രധാന പരിഗണനയിൽ വന്നു. റോഡും കെട്ടിടങ്ങളും പോലെയുള്ള ഭൗതികഘടനകൾ, ഭൂമിയുടെ വിതരണം, തൊഴിലെടുക്കുന്നവർക്കുള്ള ഉയർന്ന വേതനം എന്നിവയെല്ലാം ജനങ്ങളുടെ ആരോഗ്യസേവനങ്ങളുടെ പ്രാപ്യതയും ഉയർന്ന ജീവിത ഗുണനിലവാരവും സാദ്ധ്യമാക്കി. മഴ കൂടുതൽ ലഭ്യമായതും യോജിച്ച ഭൂപ്രകൃതിയും, ഭക്ഷ്യവിളകളുടേയും നാണ്യവിളകളുടേയും ഉല്പാദനത്തിന് സഹായിച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപരിച്ചതും അത് നടപ്പിലാക്കാനുണ്ടായ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്.
അങ്ങനെ നോക്കുമ്പോൾ വിശാലമായ അർഥത്തിൽ രാഷ്ട്രീയ- സാമ്പത്തിക ഘടകങ്ങളും അവയെ ദൃഢപ്പെടുത്തിയ സംസ്കാരവും ഭൗതിക സാഹചര്യങ്ങളും ആരോഗ്യനില മെച്ചപ്പെടുത്തി എന്ന് പറയാം. ഇപ്പോഴും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുൻനിരയിൽ തന്നെയാണ്. ഓരോ പ്രാവശ്യവും നിതി ആയോഗ് റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇത് വീണ്ടും വെളിപ്പെടുന്നു. കോവിഡ് പാൻഡെമിക് നേരിടുന്നതിൽ വികസിത രാജ്യങ്ങളെ പോലും കടന്നുനിൽക്കുന്ന തരത്തിലുള്ള മികവ് പുലർത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
‘എല്ലാവർക്കും ആരോഗ്യം’ എന്ന സങ്കല്പനം സാദ്ധ്യമാവില്ല എന്ന തിരിച്ചറിവിൽനിന്ന് സാർവ്വത്രികാരോഗ്യ പരിരക്ഷ (Universal health coverage) എന്നതിലേക്ക് ലോകാരോഗ്യസംഘടന ചുവടുമാറ്റി. ആരോഗ്യത്തെ മൊത്തമായി പരിഗണിക്കുന്നതിനുപകരം ഇൻഷ്വറൻസ് വഴിയായി ഭാഗികമായ കവറേജ് മാത്രമാണ് ഇതുവഴി സാദ്ധ്യമാകുന്നത്. പല പ്രശ്നങ്ങളും ഉണ്ടെങ്കിലും കേരളത്തിൽ കാരുണ്യ, കാസ്പ് (CASP) തുടങ്ങിയ പദ്ധതികൾ വഴി, ഇൻഷ്വറൻസ് ഏറെക്കുറെ ഫലപ്രദമായി നടത്തിവരുന്നു

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ദാരിദ്ര്യനിർമ്മാർജ്ജനം, വിദ്യാഭ്യാസം എന്നിവയിൽ കേരളം മുന്നിലാണ്. ആരോഗ്യ കാര്യത്തിൽ ദേശീയ തലത്തിൽ നാലാം സ്ഥാനമാണുള്ളത്. മാതൃ മരണനിരക്ക്, ശിശുമരണ നിരക്ക് എന്നിവയൊക്കെ ദേശീയ ശരാശരിയേക്കാൾ നന്നായി കുറക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ പോലെയുള്ള ദേശീയ ആരോഗ്യ പരിപാടികൾ നല്ല രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. അതേപോലെ, പഞ്ചായത്ത് രാജ് ആക്ടിന്റെ ഫലമായ വികേന്ദ്രീകൃതാസൂത്രണവും മറ്റു പല പദ്ധതികളും കേന്ദ്രത്തിൽ നിന്നു തുടങ്ങിയതാണെങ്കിലും കേരളത്തിന് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നത് ഇവിടെ വേരുറച്ച സോഷ്യലിസ്റ്റ് ആശയങ്ങളും ഘടനാപരമായുണ്ടായ മാറ്റങ്ങളും കൊണ്ടാണ്.
മാറിയ രാഷ്ട്രീയ- സാമ്പത്തിക പരിതസ്ഥിതി
രണ്ടായിരത്തിനുശേഷം കേരളത്തിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനത്തിൽ വലിയ വർദ്ധനവുള്ളതായി കാണുന്നു. ആളുകളുടെ വാങ്ങൽ കഴിവ് വർദ്ധിച്ചു. സ്വകാര്യ ആശുപത്രികൾ വൻകിട കോർപ്പറേറ്റ് ആശുപത്രികളിലായി വളർന്നു. വർദ്ധിച്ച ആയുർദൈർഘ്യം കൂടുതൽ ദീർഘ സ്ഥായീ രോഗങ്ങളും അവയുടെ സങ്കീർണ്ണതകളുമുണ്ടാക്കി. അതിനനുസരിച്ച് സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളേജുകളുമുണ്ടായി.
തുല്യനീതിയെ കുറിച്ചുള്ള സങ്കല്പം ഇപ്പോഴും ഏറെക്കുറെ നിലനിൽക്കുന്നതുകൊണ്ടാണ് ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ജനകീയമായ പല പദ്ധതികളും കേരളത്തിൽ നടപ്പാക്കുന്നത്.
മാറിയ സാമ്പത്തിക- രാഷ്ട്രീയ നയങ്ങളുടെ ഭാഗമായി കൂടിയാണ് ജനങ്ങളുടെ വരുമാനം കൂടിയത്. മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള അവസരങ്ങൾ കൂടിയതോടൊപ്പം കേരളത്തിലും ബിസ്സിനസ്സ് നിക്ഷേപങ്ങളും സംരംഭങ്ങളും വർദ്ധിച്ചതായാണ് കാണുന്നത്. സ്വകാര്യ ആശുപത്രികളിൽ അത്യാധുനിക സൗകര്യങ്ങൾ ലഭിക്കുന്നതിനാൽ അവ താഴെ തട്ടിലടക്കമുള്ള ജനങ്ങളെ ആകർഷിക്കുന്നു. പൊതുമേഖലയിലെ ആരോഗ്യ സേവനവും ഇതേ കാലത്ത് പഴയതിനെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാം. തുല്യനീതിയെ കുറിച്ചുള്ള സങ്കല്പം ഇപ്പോഴും ഏറെക്കുറെ നിലനിൽക്കുന്നതുകൊണ്ടാണ് ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ജനകീയമായ പല പദ്ധതികളും കേരളത്തിൽ നടപ്പാക്കുന്നത്.

പക്ഷേ, ഇവിടെ വന്നിട്ടുള്ള ഒരു വ്യത്യാസം, നേരത്തേ കുറഞ്ഞ ചെലവിൽ ആരോഗ്യനില മെച്ചപ്പെടുത്താൻ കഴിയുകയും അത് ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു എങ്കിൽ, ഇപ്പോൾ കേരളത്തിലെ ആരോഗ്യനില മെച്ചപ്പെട്ടു നിൽക്കുന്നത് വർദ്ധിച്ച ചെലവിൻ മേലാണ് എന്നതാണ്. ആഗോള വിപണിയുടെയും കരാറുകളുടെയും ഫലമായി മരുന്നുവില ഈ കാലഘട്ടത്തിൽ കുതിച്ചുയർന്നു. കമ്പൽസറി ലൈസൻസിങ് (Compulsory Licensing) ഒക്കെ നടപ്പാക്കി കുറെയൊക്കെ പിടിച്ചുനിർത്താൻ കഴിയുന്നുണ്ടെങ്കിലും ഇപ്പോഴും മരുന്നുവില താങ്ങാൻ കഴിയാത്ത അനേകം പേരുണ്ട്. അതിനാൽ സർക്കാർ ആശുപത്രികളിൽ നിന്നുള്ള സൗജന്യ വിതരണം മുടങ്ങാതെ നോക്കേണ്ടതുണ്ട്. ചില അവസരങ്ങളിലെങ്കിലും അവിടെയും പ്രശ്നങ്ങൾ കാണുന്നു.
‘എല്ലാവർക്കും ആരോഗ്യം’, ‘സാർവ്വത്രികാരോഗ്യം’ എന്നൊക്കെ ഇപ്പോഴും പറഞ്ഞു കേൾക്കാറുണ്ടെങ്കിലും അത് എഴുപതുകളിലും അതിനു മുൻപും ഉയർന്നു വന്ന സമത്വാശയങ്ങളുടെ ഒരു പുറന്തോൽ മാത്രമാണ്.
‘എല്ലാവർക്കും ആരോഗ്യം’, ‘സാർവ്വത്രികാരോഗ്യം’ എന്നൊക്കെ ഇപ്പോഴും പറഞ്ഞു കേൾക്കാറുണ്ടെങ്കിലും അത് എഴുപതുകളിലും അതിനു മുൻപും ഉയർന്നു വന്ന സമത്വാശയങ്ങളുടെ ഒരു പുറന്തോൽ മാത്രമാണ്. ലോകത്താകമാനം സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കുണ്ടായ പിന്നോട്ടുപോക്ക് ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെയും ബാധിച്ചു. അതനുസരിച്ച്, ഇന്ത്യയിലേയും നയങ്ങളും ആരോഗ്യത്തിനുള്ള മുൻഗണനയും വ്യതിചലിച്ചു. ഈ സാഹചര്യത്തിൽ ഇടതുപക്ഷ ആശയങ്ങളുടെ പിൻബലത്തിൽ നിലനിൽക്കുന്ന കേരളത്തിലെ ഭരണകർത്താക്കൾ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നീ മേഖലകളിൽ കുറെയൊക്കെ നീതിപൂർവ്വകമായ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നത് വാസ്തവമാണ്. ആരോഗ്യ രംഗത്ത് ഇപ്പോഴും ഉയർന്ന സൂചികകൾ നിലനിർത്തുന്നതിന് ഇതും കാരണമാണ്.
നിലവിലെ പ്രശ്നങ്ങളും വെല്ലുവിളികളും
പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും, അടിക്കടി പല പ്രശ്നങ്ങളും ആരോഗ്യമേഖലയിലെ അപര്യാപ്തതകളെ കുറിച്ച് പൊന്തിവരാറുണ്ട്. ഇത് ജനങ്ങളുടെ അനുഭവതലത്തിൽ നിന്ന് മാത്രമല്ല, പഠനങ്ങളിൽ നിന്നും കാണാൻ കഴിയും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ ചികിത്സാചെലവിന്റെ വർദ്ധന, സേവനങ്ങളുടെ ഗുണനിലവാരക്കുറവ്, മരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭ്യതക്കുറവ്, സർജ്ജറിക്കും അതു പോലെയുള്ള പ്രക്രിയകൾക്കും വേണ്ടിവരുന്ന കാലതാമസം എന്നിവയൊക്കെയാണ്. അതിനുപുറമേ, വർദ്ധിച്ചു വരുന്ന വയോധികരുടെ എണ്ണവും അതിനനുസരിച്ച് കൂടുന്ന രോഗാതുരതയും, സാംസ്കാരികമായ മാറ്റം കൊണ്ടുണ്ടാകുന്ന മാനസികസമ്മർദ്ദം, പരിസ്ഥിതി മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പകർച്ചവ്യാധികൾ എന്നിവ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നുണ്ട്.

ആരോഗ്യത്തെ അളക്കുന്ന സൂചികകൾ, ശരാശരികൾ സൂചിപ്പിക്കുന്നതാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവസ്ഥ ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർദ്ധിച്ചു വരുന്നതിനാൽ, ഇല്ലാത്തവർ വളരെ ചെറിയ എണ്ണമായാൽ പോലും വല്ലാത്ത ദുരവസ്ഥയിൽ പെടും. ആദിവാസികളെ പോലെ വ്യത്യസ്തമായ ഭൂപ്രദേശത്ത് ജീവിക്കുകയും വ്യത്യസ്ത സംസ്കാരം പുലർത്തുകയും ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് പൊതുവായ നേട്ടങ്ങൾ പ്രയോജനപ്പെട്ടിട്ടില്ല. അവരുടെ ആരോഗ്യാവസ്ഥ വേറെ തന്നെ പരിശോധിക്കേണ്ടതാണ്. ക്വിയർ മനുഷ്യരുടെ ശരീരവും സുസ്ഥിതിയും ചികിത്സയും മനസ്സിലാക്കാൻ ആവശ്യമായ സാംസ്കാരിക നൈപുണ്യവും ജീവശാസ്ത്രാവബോധവും ഇനിയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. സ്ത്രീകളുടെ സവിശേഷമായ ആരോഗ്യ പ്രശ്നങ്ങളും പൗരുഷത്തിന്റെ വിഷലിപ്തതയും (Toxicity) പുതിയതായി ആരോഗ്യ പ്രവർത്തകർ പഠിക്കേണ്ടിയിരിക്കുന്നു. ഈ കുറവുകളെല്ലാം ആരോഗ്യ വ്യവസ്ഥയിൽ പ്രത്യാഘാതങ്ങളേൽപ്പിക്കുന്നുണ്ട്. ഇതിനെല്ലാം ഉപരിയായി വാണിജ്യവൽക്കരണം എന്ന ഒറ്റ വാക്കിൽ നമ്മൾ സാമാന്യവൽക്കരിക്കുന്ന പ്രതിഭാസം എങ്ങനെയാണ് നൈതികതക്ക് വിഘാതമാകുന്നതെന്ന് സവിശേഷമായി മനസ്സിലാക്കാനോ പരിഹരിക്കാനോ ശ്രമിക്കാത്തതു കൊണ്ട് അതങ്ങനെ തന്നെ തുടരുന്നു. അത് മനസ്സിലാക്കണമെങ്കിൽ രാഷ്ട്രീയമായ സമീപനം ആവശ്യമാണ്.
സ്വകാര്യ മേഖലയുടെ
അനിയന്ത്രിത വളർച്ച
രണ്ടായിരാമാണ്ടിനുശേഷം കേരളത്തിൽ വൻകിട ആശുപത്രികൾ വളരാൻ തുടങ്ങി. രാഷ്ട്രീയ- സാമ്പത്തിക നയങ്ങളിൽ വന്ന മാറ്റങ്ങളാണിതിനു കാരണം. വർദ്ധിച്ച ചെലവ് താങ്ങാൻ കഴിയുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്നതാണ് വീണ്ടും കൂടുതൽ ആശുപത്രികളും ലാബറട്ടറികൾ പോലെയുള്ള അനുബന്ധ സ്ഥാപനങ്ങളും വളരാനിടയായത്. ഈ ചെലവ് താങ്ങാൻ കഴിയാത്തവരും ഇവിടെയുണ്ട്.
ആരോഗ്യം ഏറ്റവും പ്രധാനമെന്ന് കരുതുന്നതു കൊണ്ട് സ്ഥലവും മറ്റു വസ്തുവകകളും വിറ്റു പോലും ചികിത്സക്കായി പലരും സ്വകാര്യ ആശുപത്രികളിലെത്തുന്നു. കുടുംബത്തിലെ മറ്റുള്ളവരുടെ പോഷണത്തെയുമൊക്കെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ആരോഗ്യത്തിന് മെച്ചമുണ്ടാകുന്നില്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം. സ്വകാര്യമേഖല അനിവാര്യമായി തീർന്ന സാഹചര്യത്തിൽ, അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണാവശ്യം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഇതിലേക്കുള്ള ചുവടുവെപ്പായിരുന്നു എങ്കിലും അത് ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞില്ല.
ആദിവാസികളെ പോലെ വ്യത്യസ്തമായ ഭൂപ്രദേശത്ത് ജീവിക്കുകയും വ്യത്യസ്ത സംസ്കാരം പുലർത്തുകയും ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് പൊതുവായ നേട്ടങ്ങൾ പ്രയോജനപ്പെട്ടിട്ടില്ല.
സ്വകാര്യ മേഖലയിൽ സേവനങ്ങൾക്ക് പൊതു മാനദണ്ഡങ്ങളോ പ്രോട്ടോകോളുകളോ നിർബ്ബന്ധമാക്കാൻ മാർഗ്ഗങ്ങളില്ല. രോഗികൾക്ക് അവകാശപ്പെട്ട ചികിത്സാവിവരങ്ങൾ പോലും നിഷേധിക്കപ്പെടാറുണ്ട്. പൊതുവേ, ഇന്ന് മെഡിക്കൽ മേഖലയെ ചൂഴ്ന്നുനിൽക്കുന്നത് വാണിജ്യപരമായ ഒരു സംസ്കാരമാണ്. വില കൊടുത്ത് വാങ്ങേണ്ട ഒന്നായാണ് ആരോഗ്യത്തെ കാണുന്നത്. അതുകൊണ്ട് സർക്കാർ ആശുപത്രികളിലാണെങ്കിൽ പോലും മരുന്നോ ഉപകരണങ്ങളോ രോഗികൾ വില കൊടുത്തു വാങ്ങുന്നത് സ്വാഭാവികം എന്ന പോലെ അംഗീകരിക്കപ്പെടുകയാണ്. സൗജന്യമായി ഒരു സേവനവും നൽകാൻ പാടില്ല എന്നുപോലും പറഞ്ഞു കേൾക്കാറുണ്ട്. ഈ അവസ്ഥ പലപ്പോഴും ചില ദുരന്തങ്ങൾ പുറത്തുകൊണ്ടുവരുന്നു. നല്ലതായാലും മോശമായാലും താൽക്കാലിക പ്രചരണങ്ങൾക്കാണ് ആരോഗ്യ വാർത്തകൾ രാഷ്ട്രീയ പാർട്ടികൾ ഉപയോഗപ്പെടുത്തുന്നത്. അതിനപ്പുറം പ്രശ്നങ്ങളെ രാഷ്ട്രീയമായും നയപരമായും വിലയിരുത്താൻ കഴിയണം.
രാഷ്ട്രീയവും ‘രാഷ്ട്രീയ’വും
ആരോഗ്യത്തെ കുറിച്ചുള്ള വ്യവഹാരങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ നടക്കുന്നത് രാഷ്ട്രീയത്തിലാണ്. തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയപ്പാർട്ടികൾ അധികാരത്തിൽ വരുകയും ഭരണം നടത്തുകയും ചെയ്യുന്ന ജനാധിപത്യത്തിൽ അത് വളരെ പ്രധാനമാണ്. അവിടെ തന്നെയാണ് ജനങ്ങൾ ശ്രദ്ധ കൊടുക്കുന്നതും ശ്രദ്ധ കൊടുക്കേണ്ടതും. വിദഗ്ധരും ഗവേഷകരും നടത്തുന്ന പഠനങ്ങളും റിപ്പോർട്ടുകളും അധികാരത്തിലെത്തിയവർ ഗൗരവത്തിൽ എടുക്കുന്നുണ്ടെങ്കിൽ മാത്രമേ അങ്ങോട്ട് ശ്രദ്ധിക്കേണ്ടതുള്ളൂ. അതുകൊണ്ട് നമുക്ക് രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധ കൊടുക്കാം. തെരഞ്ഞെടുപ്പ് മത്സരത്തിൽ ആരോഗ്യം ഒരു പ്രധാന അജണ്ടയായി മാറുന്നുണ്ട്. ഭരണകക്ഷിയിലുള്ളവർ നേട്ടങ്ങൾ എടുത്തു കാണിക്കാനും പ്രതിപക്ഷത്തുള്ളവർ വീഴ്ചകൾ കാണിക്കാനും ആരോഗ്യത്തെ ഉപയോഗപ്പെടുത്തുന്നു.

ഏറ്റവുമടുത്ത് ആശുപത്രി കെട്ടിടം തകർന്ന് ഒരു മരണമുണ്ടായപ്പോൾ പ്രതിപക്ഷം ഭരണ കക്ഷിക്കെതിരെ അത് ശക്തമായി ഉപയോഗിക്കുന്നതുകണ്ടു. മറുവശത്ത്, ഭരണപക്ഷം, ആരോഗ്യരംഗത്തെ നേട്ടങ്ങളുടെ പ്രചാരണത്തിനായും ഉപയോഗിച്ചു. ആതുര സേവനത്തിന് കാലാകാലങ്ങളായി നിലനിന്നു പോരുന്ന അധിക മൂല്യമാണ് ഈയൊരു പദവി ആരോഗ്യമേഖലക്ക് നൽകുന്നത്. പെട്ടെന്ന് ജനങ്ങളിൽ ഒരു അപ്പീൽ ഉണ്ടാക്കാൻ പോന്ന വിഷയമാണ് ആരോഗ്യം.
ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതുമൂലം പലരും മറ്റുള്ളവരുടെ കാരുണ്യം തേടുന്നത് കാണാം. ഇത്തരം പ്രവൃത്തികൾ മാനുഷികമായിരിക്കെ തന്നെ അത് പ്രചാരണത്തിനും പരസ്യത്തിനുമായി ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ പോലും ഉപയോഗിക്കുന്നത് സാംസ്കാരികമായ ഒരു വ്യതിയാനമാണ്. ഇങ്ങനെ ചെയ്യുന്നത് തുല്യ നീതിയെ അടിസ്ഥാനപ്പെടുത്തി നടപ്പാക്കേണ്ട നയപരിപാടികളെ നീട്ടിവക്കാൻ ഇടയാക്കരുത് എന്നതിൽ ജാഗ്രത വേണം. മരണാസന്നരായ രോഗികൾക്ക് ആവശ്യമായ പാലിയേറ്റിവ് കെയർ നമ്മുടെ ഉത്തരവാദിത്വമായിരിക്കെ തന്നെ അനാവശ്യമായ പ്രചാരണത്തിനും സംഘടനകൾ തമ്മിലുള്ള മത്സരത്തിനും അതിടയാക്കുന്നതും കാണാം. രോഗാതുരതയും മരണവും എന്നും വൈകാരികതയും ധാർമ്മികതയും പേറുന്ന അവസ്ഥകളാണ്. ഇതിന്റെ പ്രചരണാത്മകമൂല്യം തൽക്കാലം മാറ്റിവച്ച് ആരോഗ്യത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക മാനങ്ങൾ പരിശോധിക്കാം.
അകന്നുപോകുന്ന നൈതികത
തുല്യനീതി സങ്കല്പം ആശയതലത്തിൽ കുറച്ചുകാലം നിൽക്കുമെങ്കിലും രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യം മാറി എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ജനങ്ങൾക്ക് നൽകുന്ന സേവനം, അവരുടെ അവകാശം എന്ന നിലയിൽ നിന്ന് മാറി വികസനത്തിന്റെ ഒരു ഭാഗം മാത്രമാകുന്നു. ഒരു സമൂഹത്തിന് ഉൽപ്പാദനത്തിൽ മികവുണ്ടാകണമെങ്കിൽ ആരോഗ്യമുണ്ടാകണമെന്നത് സാമ്പത്തിക സിദ്ധാന്തത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, സാമൂഹ്യമായ ഉത്തരവാദിത്വം ഇവിടെ അന്യമാക്കപ്പെടുന്നു. വിപണിയും അതിന്റെ മൂല്യങ്ങളും പ്രമുഖമായി വരുന്നതുകൊണ്ട് ജനങ്ങൾക്ക് മോഹങ്ങളും സംതൃപ്തിയും ഉണ്ടാകുമെങ്കിലും സ്ഥിരതയും തുല്യതയും ഉണ്ടാകില്ല. പല നൈതിക പ്രശ്നങ്ങളും തിരിച്ചറിയപ്പെടാതെ പോവുന്നു. പുതിയ രാഷ്ട്രീയ കാലാവസ്ഥ അംഗീകരിച്ചുകൊണ്ടുതന്നെ ആരോഗ്യ മേഖലയിൽ എങ്ങനെ നൈതികത ഉറപ്പാക്കാം എന്ന് അന്വേഷിക്കേണ്ടതുണ്ട്.
പ്രകട രാഷ്ട്രീയത്തിന്റെ (Macro Politics) പരിമിതികൾ
രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയാണ് ജനങ്ങൾക്കുള്ള പദ്ധതികളായി മാറുന്നത്. തെരഞ്ഞെടുപ്പു മാനിഫെസ്റ്റോകളിൽ അവരുടെ നയങ്ങളുടെ പ്രതിഫലനമുണ്ടാകും. ഇടതുപക്ഷ പാർട്ടികളിൽ നിന്നാണ് സ്വാഭാവികമായും തുല്യ നീതി പ്രതീക്ഷിക്കുന്നത്. അതിൽ പൊതുജനാരോഗ്യ സേവനങ്ങൾ വഴിയും നീതിപൂർവ്വകമായ വിതരണം വഴിയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന ഉറപ്പാണുള്ളത്.

2016- ലെ ഒന്നാം പിണറായി ഗവണ്മെന്റ് അധികാരത്തിൽവന്ന് അധികം താമസിയാതെ തന്നെ മറ്റു മിഷനുകളോടൊപ്പം ആരോഗ്യ മേഖലക്കായി ആർദ്രം മിഷൻ നിലവിൽവന്നു. പൊതുജനാരോഗ്യത്തിന്റെ നട്ടെല്ലായ പ്രാഥമികാരോഗ്യസേവനങ്ങളെയും ദ്വിതീയ തലത്തിലുള്ള ആശുപത്രികളേയും കൂടുതൽ മെച്ചപ്പെടുത്തുക എന്നത് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. അതിന്റെ ഫലമായി കൂടുതൽ ഗുണനിലവാരത്തോടെ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമുണ്ടായി. അതിനുശേഷം സർക്കാർ ആശുപത്രികളിൽനിന്ന് സേവനം തേടുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ദേശീയാരോഗ്യ പദ്ധതികൾ എന്നിവയിൽ ഓരോന്നിലും കേരളത്തിന് ആവശ്യമായ തരത്തിൽ വിദഗ്ധരുടെ സഹായത്തോടെ ലക്ഷ്യങ്ങൾ കണ്ടെത്തുകയും അതിനാവശ്യമായ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തു.
ദേശീയാരോഗ്യ മിഷൻ, പ്രാദേശിക ഗവൺമെന്റുകൾ, പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നിവയുടെ ഏകോപനത്തോടെ ഒക്കെയാണ് ഇത് സാധ്യമായത്. ആരോഗ്യ ഉപകേന്ദ്രങ്ങളേയും പ്രാദേശിക ഭരണവുമായി ബന്ധിപ്പിച്ച് മെച്ചപ്പെട്ട തരത്തിൽ വളർത്തിയെടുത്തിട്ടുണ്ട്. വയോജനങ്ങൾ, ഭിന്ന ശേഷിയുള്ളവർ എന്നിവർക്കായുള്ള സേവനങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ കൂടി സഹായത്തോടെ നടന്നു വരുന്നുണ്ട്. ഇത്തരം ധാരാളം പ്രവർത്തനങ്ങൾ ഗവണ്മെന്റിന്റെ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതുമാണ്. ഈ സംരംഭങ്ങൾ കേരളത്തിന്റെ ആരോഗ്യനേട്ടങ്ങൾ നില നിർത്തുന്നതിൽ പങ്ക് വഹിക്കുന്നുമുണ്ട്.

അതേസമയം, രാഷ്ട്രീയ സാമ്പത്തികാവസ്ഥ വിലയിരുത്തി നയങ്ങളും തന്ത്രങ്ങളും രൂപീകരിക്കുന്നത് കാലാകാലങ്ങളിൽ ചിട്ടയോടെയും സമയബന്ധിതമായും പരിപാടികൾ വിലയിരുത്തുന്നതിനും, അത് സുതാര്യമായി ജനങ്ങളിൽ എത്തിക്കാനും സഹായകമാകും. അത്തരത്തിൽ നോക്കുമ്പോൾ ക്യാമ്പയിനെക്കാൾ രാഷ്ട്രീയമായ പ്രാധാന്യം നയത്തിനാണ്. എന്നാൽ, അതിനേക്കാൾ പ്രാധാന്യം ക്യാമ്പയിനുകൾക്ക് നൽകുന്നതാണ് കാണുന്നത്. ‘ആരോഗ്യം അവകാശമാണ്’ എന്ന തരത്തിലുള്ള നയ പ്രഖ്യാപനങ്ങളെ ഉയർത്തിപ്പിടിക്കാനും അതിനനുസൃതമായി വരുന്ന നടപടികൾ നിരീക്ഷിച്ച് വിലയിരുത്താനുമുള്ള ഉത്തരവാദിത്വം ജനങ്ങൾക്കുമുണ്ട്. എന്നാൽ, കക്ഷിരാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പു മത്സരത്തിന്റെ ഭാഗമായി പ്രചാരണത്തിന് പ്രാധാന്യം വരുന്നു. ഇതിൽ നിന്നൊഴിവാകാൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. ഇത് രാഷ്ട്രീയവും ജനാധിപത്യവും (ആരോഗ്യ) നൈതികതയും നേരിടുന്ന വെല്ലുവിളിയാണെന്ന് പറയേണ്ടിവരും.
വികേന്ദ്രീകരണത്തിലെ വിടവുകൾ
രാഷ്ട്രീയ- ഭരണ മാറ്റങ്ങളോടൊപ്പം തൊണ്ണൂറുകളിലാണ് വികേന്ദ്രീകൃതാസൂത്രണം നടപ്പിലാകുന്നത്. കേരളത്തിലെ മെച്ചപ്പെട്ട ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് വികേന്ദ്രീകൃത ആസൂത്രണമാണ്. പ്രത്യേകിച്ച് കോവിഡ് പാൻഡെമിക്കിനെ നേരിടുന്ന സമയത്ത് ഇത് വളരെ പ്രകടമായി. ലോക് ഡൗൺ സമയത്ത് ഭക്ഷണവും മരുന്നുകളും വീടുകളിൽ എത്തിക്കുന്നതിനും ആവശ്യങ്ങൾ അറിഞ്ഞ് ആളുകൾക്കുവേണ്ട സൗകര്യങ്ങൾ ചെയ്യുന്നതിനും ലോക്കൽ ഗവണ്മെന്റുകളാണ് സഹായകമായത്. ആശുപത്രികളിൽ സ്ഥലമില്ലാതെ വരുമ്പോൾ മറ്റു സ്ഥലങ്ങൾ കണ്ടെത്തുന്നതിനും നമുക്ക് കഴിഞ്ഞു. സന്നദ്ധ സേവനം ആവശ്യമായി വരുന്ന പാലിയേറ്റീവ് കെയർ ഏറ്റെടുത്തു നടത്തുന്നതും ലോക്കൽ ഗവണ്മെന്റുകളാണ്. പ്രാദേശികമായ ആവശ്യങ്ങൾക്കനുസരിച്ച് വിഭവങ്ങൾ നൽകി ആരോഗ്യകേന്ദ്രങ്ങളേയും ആശുപത്രികളേയും വികസിപ്പിക്കുന്നതിലും ഇവക്ക് പങ്കുണ്ട്. എന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി ഈ സ്ഥാപനങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ട ആവശ്യമുണ്ട്. നയങ്ങൾ രൂപപ്പെടുത്തുന്നതിന് പ്രാദേശിക ഗവണ്മെന്റുകൾക്ക് അധികാരമില്ല. വിഭവങ്ങളും പരിമിതമായിരിക്കും. ജനങ്ങൾ നേരിട്ട് ഇട പെടുന്ന ഗ്രാമസഭകൾ, അവിടുത്തെ സോഷ്യൽ ഓഡിറ്റ് എന്നിവ വേണ്ട രീതിയിൽ നടക്കുന്നില്ല എന്നതും കാണേണ്ടതാണ്. വികേന്ദ്രീകരണത്തിന്റെ സ്പിരിറ്റിനു വിരുദ്ധമായി പലപ്പോഴും മുകളിൽ നിന്നുള്ള നിർദ്ദേശങ്ങളാണ് നടപ്പാവുന്നത്. ആരോഗ്യത്തിലെ യഥാർത്ഥ മുൻഗണനകൾ തീരുമാനിക്കത്തക്ക തരത്തിലുള്ള ജനപങ്കാളിത്തം ഉണ്ടാകാറില്ല. സ്റ്റേറ്റിന്റെ താൽപ്പര്യങ്ങളെ നിർണ്ണയിക്കുന്നതിൽ വാണിജ്യം പോലെയുള്ള വ്യത്യസ്ത താൽപ്പര്യങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് പ്രാദേശികമായ ആവശ്യം കണക്കിലെടുക്കുന്നതിനേക്കാൾ, കൂടുതൽ ചെലവാകുന്ന മരുന്നുകൾ വാങ്ങി വിതരണം ചെയ്യാനുള്ള പ്രവണത സ്റ്റേറ്റിന് ഉണ്ടാകാവുന്നതാണ് . സ്റ്റേറ്റും പ്രാദേശിക ഗവണ്മെന്റും തമ്മിലുള്ള അധികാരത്തിലെ സന്തുലനം നില നിർത്തണമെങ്കിൽ ഉയർന്ന ജനാധിപത്യബോധത്തോടെ ജനങ്ങൾ ഇടപെടണം. ആ ഒരവസ്ഥ കേരളത്തിലില്ല.

നവീകരിക്കേണ്ട ബ്യൂറോക്രസി
ആരോഗ്യ സേവനങ്ങൾ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് സഹായകമായാണ് ഫൈനാൻസ്, അക്കൗണ്ടിംഗ്, ബ്യൂറോക്രാറ്റിക് സംവിധാനങ്ങൾ ഒക്കെ പ്രവർത്തിക്കേണ്ടത്. ആധുനികമായ മാനേജ്മെൻ്റ് സംവിധാനങ്ങളും ആവശ്യമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ ഇതെല്ലാം പലപ്പോഴും തടസ്സം സൃഷ്ടിക്കുകയാണ്. സമയത്ത് മരുന്നുകളും ഉപകരണങ്ങളും ലഭ്യമാകാതിരിക്കുന്നതിനും മറ്റും ഇത് കാരണമാകുന്നുണ്ട്. നല്ല സേവനം കാഴ്ചവെക്കുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരെ കാണാൻ കഴിയും. എന്നാൽ, പൊതുവേ മന്ത്രിമാർക്കുപോലും പലപ്പോഴും ഉദ്യോഗസ്ഥരെ അനുനയിപ്പിച്ച് കാര്യങ്ങൾ എളുപ്പമാക്കേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട്. പിന്നെ, സാധാരണ ആരോഗ്യ പ്രവർത്തകരുടെ കാര്യം പറയാനുണ്ടോ? ജനങ്ങൾക്കാവശ്യമായ സേവനം നൽകാനുള്ള കാര്യമാണെങ്കിലും ഫയലുകൾ നീങ്ങി ലക്ഷ്യം സാധിക്കാൻ വലിയ കാലതാമസം ഉണ്ടാകാറുണ്ട്. ട്രേഡ് യൂണിയനുകൾക്കും ഈ അവസ്ഥ നിലനിർത്തുന്നതിൽ പങ്കുണ്ട്. സേവനത്തേക്കാൾ അതാത് വിഭാഗങ്ങളുടെ വേതനത്തിലാണ് യൂണിയനുകൾ ശ്രദ്ധ കൊടുക്കുന്നത്. ഈ സംവിധാനങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ ഒരു ഗവൺമെൻ്റും ധൈര്യപ്പെടുന്നില്ല.
ജെൻഡർ രാഷ്ട്രീയത്തിന്റെ അഭാവം
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ മനുഷ്യർക്കുമായി ധാരാളം പദ്ധതികൾ ഗവണ്മെന്റ് നടപ്പാക്കുന്നുണ്ട്. എന്നാൽ ജെൻഡർ എന്നത് ഒരു രാഷ്ട്രീയ സംവർഗ്ഗമായി ഇപ്പോഴത്തെ രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചിട്ടില്ല. സേവനം ലഭിക്കേണ്ട വിഭാഗങ്ങൾ എന്ന നിലക്കാണ് വ്യത്യസ്ത ജെൻഡർ വിഭാഗങ്ങളെ കണക്കാക്കുന്നത്. പാട്രിയാർക്കൽ ആയ അടിച്ചമർത്തലുകൾ സ്ത്രീകളേയും മറ്റു അവഗണിക്കപ്പെട്ട ജെൻഡർ വിഭാഗങ്ങളേയും സവിശേഷമായ രോഗാവസ്ഥകളിലും ആരോഗ്യസേവനത്തിന്റെ നിരസിക്കലിലും എത്തിക്കുന്നുണ്ട്. ചിലപ്പോൾ വലിയ ചെലവിൽ സ്വകാര്യാശുപത്രികളുടെ സഹായം തേടേണ്ട അവസ്ഥ അവർക്കുണ്ടാകുന്നു. ഉദാഹരണത്തിന് അബോർഷൻ, സ്ത്രീകളുടെ അവകാശമായി കണക്കാക്കാത്തതുകൊണ്ട് പലപ്പോഴും സ്ത്രീകൾക്ക് സർക്കാർ ആശുപത്രികളിൽ നിന്നു തന്നെ അപമാനവും തിരസ്കാരവും നേരിടേണ്ടി വരുന്നു. ഈ അവസ്ഥ, കൂടുതൽ ഫീസ് ചുമത്തി ഇത് ചെയ്തു കൊടുക്കാൻ സ്വകാര്യ ആശുപത്രികൾക്ക് അവസരം നൽകുന്നു. വന്ധ്യതക്കുള്ള പലവിധ ചികിത്സകളുടെ കാര്യവും ഇങ്ങനെയാണ്. പ്രത്യുത്പാദനാരോഗ്യം ചൂഷണം കൂടുതലുള്ള മേഖലയാണ് .
പാട്രിയാർക്കൽ വ്യവസ്ഥയിലെ, സ്ത്രീകളുടെ തൊഴിൽ വിഭജനത്തേയും ചൂഷണത്തേയും മറി കടക്കണമെങ്കിൽ ജെൻഡർ ഒരു രാഷ്ടീയ സംജ്ഞയായി തിരിച്ചറിയണം. ആരോഗ്യ മേഖലയിലെ വലിയൊരു തൊഴിൽശക്തിയായ സ്ത്രീകൾ മറ്റു മേഖലകളിലെ പോലെ ചൂഷണം ചെയ്യപ്പെടുകയാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് കുറഞ്ഞ വേതനം നൽകി പണിയെടുപ്പിക്കാൻ കഴിയുന്നുണ്ട്. ഇന്ന് മെഡിക്കൽ പഠനത്തിന് വരുന്നവരിൽ അറുപതു മുതൽ എൺപതു ശതമാനം വരെ സ്ത്രീകളാണ്. എന്നാൽ, ഇവരിൽ കൂടുതൽ പേരും പോസ്റ്റ് ഗ്രാജുവേഷൻ സമയത്തും ജോലി സമയത്തും കുട്ടികളെ വളർത്തലും മറ്റു ഗാർഹിക ജോലികളും മറ്റുമായി കഴിയുന്നതുകൊണ്ട് മെഡിക്കൽ സേവനത്തിനുണ്ടാകുന്ന നഷ്ടം കണക്കിലെടുക്കാറില്ല. ഉൾനാടുകളിൽ പോയി പണിയെടുക്കാൻ പലരും മടിക്കുന്നത് അത് കുട്ടികളേയും കുടുംബത്തേയും ബാധിക്കുമെന്നതു കൊണ്ടാണ്.

മാലിന്യങ്ങൾ നീക്കം ചെയ്യുന്നവരും ക്ളീനിംഗ് ചെയ്യുന്നവരും ഒട്ടു മുക്കാലും സ്ത്രീകളാണ്. ഇവരുടെ ജീവിതസാഹചര്യവും വേതനവും കൂടി നമ്മുടെ ആരോഗ്യനിലവാരം അളക്കാനുള്ള മാനദണ്ഡമാകണം. ഇത്തരം വിഷയങ്ങളൊന്നും ആരോഗ്യമേഖലയിൽ ചർച്ചക്ക് വരാറില്ല. സ്ത്രീകളുടെ അദ്ധ്വാനം ചെലവില്ലാതെ ഉപയോഗിച്ചു കൊണ്ടു കൂടിയാണ് കേരളത്തിൽ ആരോഗ്യ ഭദ്രത കാത്തു സൂക്ഷിക്കുന്നത്. ആശാ വർക്കർമാർ, അവർ ചെയ്യുന്ന ജോലിക്ക് കൂലി ചോദിക്കാൻ തുടങ്ങിയത് ജെൻഡർ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. സമരം ജയിച്ചോ ഇല്ലയോ എന്നതിനേക്കാൾ അത് സമൂഹത്തിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ബോധത്തിൽ ചെലുത്തുന്ന സ്വാധീനം ഭാവിയിൽ ഇത്തരം കൂലിയില്ലാപ്പണിയിൽ നിന്ന് യുവതികളെ പിന്തിരിപ്പിക്കും. അവർ പുതിയ തൊഴിലവസരങ്ങൾ തേടും. കേരളത്തിലെ ആരോഗ്യം പരിപാലിച്ചു നിർത്തുന്നതിൽ ആശാ വർക്കർമാർ വഹിക്കുന്ന പങ്ക് വിലമതിക്കാതെ പോകുന്നത്, ഇതൊക്കെ സ്ത്രീകൾ കടമയെന്നോണം ചെയ്യേണ്ട പണിയാണ് എന്ന പൊതുബോധമാണ്. സ്ത്രീകളുടെ അദ്ധ്വാനമുതൽ നഷ്ടപ്പെട്ടാൽ അതുതന്നെ ആരോഗ്യ മേഖലക്ക് വലിയ വെല്ലുവിളിയാകും. ഇത് ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ജെൻഡർ രാഷ്ട്രീയത്തിന്റെ വളരെ സുപ്രധാനമായ ഒരു ഇടപെടലായിട്ടും പ്രതിപക്ഷ പാർട്ടികൾ പോലും അതിന് വേണ്ട പ്രാധാന്യം നൽകാതെ, കെട്ടിടം പൊളിഞ്ഞുവീണതൊക്കെ രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുന്നത് പാർട്ടികൾക്കതീതമായ പാട്രിയാർക്കൽ ബോധം കൊണ്ടാണ്.
നടപ്പാക്കാൻ കഴിയാത്ത റഫറൽ സിസ്റ്റം
ഗവണ്മെന്റ് ആശുപത്രികളിലെ രോഗികളുടെ എണ്ണക്കൂടുതൽ കൊണ്ട് ഡോക്ടർമാർക്ക് ഗുണ നിലവാരമുള്ള സേവനം നൽകാൻ കഴിയുന്നില്ല എന്നത് സ്ഥിരമായി ഉയർന്നുവരുന്ന പ്രശ്നമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ദ്വിതീയ തലത്തിലുള്ള ആശുപത്രികൾ, തൃതീയ തലത്തിലുള്ള മെഡിക്കൽ കോളേജുകളും റീജ്യനൽ സെന്ററുകളും എന്നിങ്ങനെ ത്രിതല സംവിധാനമാണ് നമ്മൾ വിഭാവനം ചെയ്തിട്ടുള്ളത്. ഇതനുസരിച്ച്, താഴേ തട്ടിലുള്ള സെന്ററുകളിൽ പരിഹരിക്കാൻ കഴിയാത്ത അവസ്ഥകൾ മാത്രം മുകളിലേക്ക് റഫർ ചെയ്‌താൽ മതി. ഇത് കർശനമായി നടപ്പാക്കാൻ കഴിഞ്ഞാൽ തന്നെ ആശുപത്രികളിൽ തിരക്ക് കുറയും. എന്നാൽ, ഇത് നടപ്പാക്കാൻ നമ്മൾ തയാറല്ല. നമ്മൾ എന്നു പറയുമ്പോൾ സാധാരണ ജനങ്ങളും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ആശുപത്രി നടത്തിപ്പുകാരും ഭരണകർത്താക്കളും എല്ലാം വരും. ഓരോരുത്തരും അവരവരുടെ അസൗകര്യങ്ങൾ മാറ്റിവച്ച് മറ്റുള്ളവരുടെ ക്ഷേമം കൂടി കരുതിയാൽ മാത്രമേ ഈ മനോഭാവത്തിൽ മാറ്റം വരൂ. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ജനപ്രിയ നടപടികളിലേക്ക് പോകാൻ ജനപ്രതിനിധികളും നിർബ്ബന്ധിതരാവുകയാണ്. ജനപ്രതിനിധികളുടെ അനാവശ്യ ഇടപെടലുകൾ മൂലം ആരോഗ്യ പ്രവർത്തകർക്ക് പ്രോട്ടോകോളുകൾ മാറ്റി മറിക്കേണ്ടിവരാറുണ്ട് എന്നത് സ്ഥിരമായി കേൾക്കാറുള്ള പരാതിയാണ്. സാമൂഹിക ഉത്തരവാദിത്വം (social accountability) ഉറപ്പാക്കേണ്ട സ്ഥാപനങ്ങളിൽ, ആ ധർമ്മങ്ങളിൽനിന്ന് പൗരരും പ്രതിനിധികളും വിട്ടുനിൽക്കുന്നതാണ് അഴിമതി ഉണ്ടാക്കുന്നത്. ആശുപത്രി വികസന സമിതികളും പ്രാദേശിക ഗവണ്മെന്റുകളും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്താൽ തന്നെ ഇന്നത്തെ അവസ്ഥ കുറേ കൂടി മെച്ചപ്പെടും.
സുതാര്യത ശക്തിയോ ദൗർബ്ബല്യമോ?
കോവിഡ് കാലത്തെ മരണറിപ്പോർട്ടുകൾ ഓഡിറ്റ് ചെയ്തപ്പോൾ കേരളത്തിൽ യഥാർത്ഥത്തിലുള്ളതും റിപ്പോർട്ട് ചെയ്തതും തമ്മിൽ വലിയ അന്തരം ഇല്ലെന്ന് കാണാൻ കഴിഞ്ഞു. താരതമ്യേന സുതാര്യത ഉള്ളതുകൊണ്ടാണ് ഇത് കഴിഞ്ഞത്. ഇത് നമ്മുടെ ആരോഗ്യമേഖലക്ക് അഭിമാനകരമാണ്. എന്നാൽ ഇതൊരു നയമായി തന്നെ നമ്മൾ ഉയർത്തിപ്പിടിച്ചാൽ അത് ഗുണപരമായി വലിയ മാറ്റങ്ങളുണ്ടാക്കും. ഒരു പക്ഷെ, താൽക്കാലിക പ്രശ്നങ്ങൾ ഉണ്ടാകുമായിരിക്കും. പരസ്യാത്മകവും പ്രചരണാത്മകവുമായ പ്രവർത്തനങ്ങളിൽ നിന്ന് ഗുണപരമായ ഒരു മാറ്റമായിരിക്കുമത്. അവയവദാനം പോലെയുള്ള മേഖലകളിൽ ജനങ്ങളുടെ വിശ്വാസ്യത നേടാൻ വളരെ ആവശ്യമാണത്. സ്വകാര്യസ്ഥാപനങ്ങൾക്കും അത് ബാധകമാക്കണം.
മൈക്രോ പൊളിറ്റിക്സ് (Micro Politics) അഥവാ ഉള്ളിൽ നിന്നുണരുന്ന രാഷ്ട്രീയം
ഒരു മനുഷ്യന്റെ നൽവാഴ്‌വ് (well being) അപകടത്തിൽ പെടുമ്പോൾ അതിനോടു പ്രതിബദ്ധമായ പ്രതികരണമാണ് ആരോഗ്യ സേവനം. അത് ഡോക്ടറുടേതായാലും, പ്രിയപ്പെട്ടവരുടേതായാലും സ്റ്റേറ്റിന്റേതായാലും. അത് നൈതികതയും, രാഷ്ട്രീയവും, നൈതികതയുടെ രാഷ്ട്രീയവുമാണ്. പ്രകട രാഷ്ട്രീയത്തിന്റെ പ്രചാരണ കോലാഹലങ്ങൾക്കിടയിൽ രാഷ്ട്രീയധർമ്മം നിർവ്വഹിക്കപ്പെടുന്നില്ലെങ്കിൽ, വ്യക്തികളുടെ ഉള്ളിൽ നിന്നും പൗരരുടെ ഒത്തുചേരലിൽ നിന്നുമാണ് അത് തുടങ്ങേണ്ടതുണ്ട്. അത്തരം പ്രതികരണങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ട്. അങ്ങനെയൊരു പ്രതികരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കലിൽനിന്നുണ്ടായത്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പൗരർ തയാറായാൽ അത് പുതിയ ഒരു രാഷ്ട്രീയ സംസ്കാരം ഉണ്ടാക്കും. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളിൽ ഇനിയൊരു കുതിപ്പുണ്ടാകണമെങ്കിൽ അത്തരം ഒരു സാംസ്കാരിക പരിവർത്തനം ആവശ്യമാണ്.

ഡോക്ടർമാർക്ക് സ്വന്തം ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുന്നതിന് കഴിയാത്ത തരത്തിൽ രാഷ്ട്രീയ - സാമ്പത്തിക -ഉദ്യോഗസ്ഥ വ്യവസ്ഥ അയവില്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. കോർപ്പറേറ്റ് ആശുപത്രികളിൽ നൈതികത പാലിക്കാൻ കഴിയാതെ വിഷമിക്കുന്ന ഡോക്ടർമാരുണ്ട്. സർക്കാർ തലത്തിൽ ബ്യൂറോക്രസിയുടെ തടസ്സങ്ങളെ മറികടക്കാൻ കഴിയാതെ ബുദ്ധി മുട്ടുന്നവരുമുണ്ട്. ഈ വ്യവസ്ഥയിൽ ഇങ്ങനെയൊക്കെ പോയാൽ മതി എന്ന അനാസ്ഥ പിന്തുടരുന്നവരുമുണ്ട്. വാണിജ്യ സംസ്കാരത്തിൽ നിന്ന് മാറി ഡോക്ടർമാർ നൈതികബോധം തിരിച്ചു പിടിക്കേണ്ട സമയമാണ്. അനാവശ്യ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും സ്ഥാപന മേധാവികൾക്കും തീരുമാനമെടുക്കാൻ കഴിയണം.
എല്ലാ പൗരരും സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം നേരിടുമ്പോൾ രാഷ്ട്രീയക്കാരെ പഴിക്കുക എന്നതാണ് പൊതുവേ കാണുന്നത്. അതല്ലെങ്കിൽ ജനപ്രതിനിധികളോട് പറഞ്ഞ് സ്വന്തം കാര്യം മാത്രം സാധിക്കാൻ നോക്കും. ആരോഗ്യത്തിന്റെ കാര്യത്തിലെങ്കിലും ഈ സംസ്കാരം മാറിയേ തീരൂ. പൗരാവകാശങ്ങളും സാമൂഹിക ഉത്തരവാദിത്വവും ജനങ്ങൾ ഏറ്റെടുക്കുക തന്നെ വേണം. ആരോഗ്യത്തിന്റെ രാഷ്ട്രീയ മാനങ്ങളെ നിശ്ശബ്ദതയിൽ നിന്ന് പുറത്തുകൊണ്ടുവരണം. സ്വകാര്യ സ്ഥാപനങ്ങളെ അടക്കം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെങ്കിൽ ജനകീയ/പൗരാവകാശ പ്രസ്ഥാനങ്ങളുണ്ടാകണം. പ്രചാരണങ്ങൾ വഴിയല്ല, സോഷ്യൽ ഓഡിറ്റ് വഴിയാണ് തെരഞ്ഞെടുപ്പിൽ വോട്ട് വീഴുന്നതെന്ന ബോധം രാഷ്ട്രീയ പാർട്ടികൾക്കുണ്ടാക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾ ഏറ്റെടുത്തേ മതിയാവൂ. തൊട്ടടുത്തുള്ള ആളോടുള്ള പ്രതിബദ്ധതയാണ്, അഥവാ കരുതലാണ് രാഷ്ട്രീയം. ഈ സൂക്ഷ്മ രാഷ്ട്രീയം, ക്രമേണ പ്രകട രാഷ്ട്രീയത്തെ സ്വാധീനിക്കാൻ പര്യാപ്തമാകണം.
എല്ലാവരും രാഷ്ട്രീയബോധത്തോടെ പ്രവർത്തിച്ചാലേ ജനാധിപത്യം അർത്ഥവത്തായി നടപ്പാക്കാൻ കഴിയൂ. പ്രകട രാഷ്ട്രീയത്തിൽ പുതിയ പുതിയ കൂട്ടുകെട്ടുകൾ (coalition) ഉണ്ടായിവരണം. ജനങ്ങളുടെ ആരോഗ്യ പ്രസ്ഥാനങ്ങളും ക്വിയർ സംഘങ്ങളും സ്ത്രീപ്രസ്ഥാനങ്ങളുമൊക്കെ അതിൽ പങ്കുചേരട്ടെ.
ഭിഷഗ്വരനും, പതോളജിസ്റ്റും, സാമൂഹ്യാരോഗ്യത്തിന്റെ വക്താവും, രാഷ്ട്രീയ പ്രവർത്തകനും ഒക്കെ ആയിരുന്ന റുഡോൾഫ് വിർക്കോ (Rudolf Virchow) പറഞ്ഞത്, ‘രാഷ്ട്രീയം എന്നത് വലിയ തോതിലുള്ള മെഡിസിൻ’ ആണെന്നാണ്. (Politics is nothing else, but medicine on a large scale). അതൊന്നു മാറ്റി പറഞ്ഞാൽ, മെഡിസിൻ / ആരോഗ്യസേവ എന്നത് സൂക്ഷ്മതലത്തിലെ രാഷ്ട്രീയമാണ്. (Health is nothing else, but micro politics).
