ചലിക്കാത്ത ശരീരം; ചലനരോഗങ്ങളെ കുറിച്ച്
ചില ഓർമപ്പെടുത്തലുകൾ

ഒരു വ്യക്തിയുടെ ശരീരം സാധാരണ രീതിയിൽ ചലിക്കാത്ത ആരോഗ്യപ്രശ്നമാണ് ചലന വൈകല്യം. ചലന വൈകല്യങ്ങൾ, പ്രത്യേകിച്ച് പാർക്കിൻസൺസ് രോഗം, ഇന്ത്യയിൽ വളർന്നുവരുന്ന പൊതുജനാരോഗ്യ​പ്രശ്നമായി അംഗീകരിക്കപ്പെട്ടിട്ടില്ല. എല്ലാ വർഷവും നവംബർ 29 ന് ലോക ചലനവൈകല്യ ദിനം ആചരിക്കുന്നു. ഈ വർഷത്തെ വിഷയം എന്നത് What moves you? എന്നതാണ്- ആര്യ വിജയൻ എഴുതുന്നു.

ന്താണ് ചലന വൈകല്യം?

ഒരു വ്യക്തിയുടെ ശരീരം സാധാരണ രീതിയിൽ ചലിക്കാത്ത ആരോഗ്യപ്രശ്നമാണ് ചലന വൈകല്യം. ചിലർക്ക് നിയന്ത്രണമില്ലാതെ വിറയ്ക്കാം, ചിലർക്ക് ശരീരം വളരെ മന്ദഗതിയിലോ ദൃഢമായോ തോന്നിയേക്കാം, മറ്റുള്ളവർക്ക് നടക്കാനോ എഴുതാനോ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനോ ബുദ്ധിമുട്ട് അനുഭവപ്പെടാം. ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം ശരിയായി പ്രവർത്തിക്കാത്തതിനാലാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് വ്യക്തി ദുർബലരായതുകൊണ്ട് സംഭവിക്കുന്നതല്ല. ഡോക്ടറുടെ സഹായത്തോടെ ചികിത്സിക്കാനോ നിയന്ത്രിക്കാനോ കഴിയുന്ന മെഡിക്കൽ അവസ്ഥയാണിത്.

‘എന്താണ് നിങ്ങളെ പ്രേരിപ്പിക്കുന്നത്?’

ചലന വൈകല്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് എല്ലാ വർഷവും നവംബർ 29 ന് ലോക ചലന വൈകല്യ ദിനം ആചരിക്കുന്നു. ആഗോളതലത്തിൽ ഈ ശ്രമം നിയന്ത്രിക്കുന്നത് ഇന്റർനാഷണൽ പാർക്കിൻസൺ ആൻഡ് മൂവ്മെന്റ് ഡിസോർഡർ സൊസൈറ്റിയും (MDS) അതിന്റെ പങ്കാളികളുമാണ്. ഈ വർഷത്തെ വിഷയം What moves you? എന്നതാണ്.

ചലനവൈകല്യങ്ങൾ, പ്രത്യേകിച്ച് പാർക്കിൻസൺസ് രോഗം (PD), ഇന്ത്യയിൽ പൊതുജനാരോഗ്യമേഖലയിലെ ആശങ്കയുളവാക്കുന്ന അവസ്ഥയായി അംഗീകരിക്കപ്പെട്ടിട്ടില്ല. പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. അവയിൽ രോഗം റിപ്പോർട്ട് ചെയ്യുന്നതിൽ പ്രദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Clinical and Epidemiological Profile of Parkinson's Disease in India എന്ന പഠനത്തിൽ, ഇന്ത്യയിലുടനീളമുള്ള 18 പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത 7,918 ഏഷ്യൻ- ഇന്ത്യൻ രോഗികളെ ഉൾപ്പെടുത്തി പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പാൻ- ഇന്ത്യൻ ക്ലിനിക്കൽ- എപ്പിഡെമോളജിക്കൽ ഡാറ്റാസെറ്റ് റിപ്പോർട്ട് അവതരിപ്പിച്ചിട്ടുണ്ട്. ലക്സ്- ജിയന്റ് കൺസോർഷ്യത്തിനുകീഴിൽ നടത്തിയ ഈ പഠനം പ്രകാരം, 54 വയസ്സാണ് പാർക്കിൻസൺ രോഗത്തിൽ ഉൾപ്പെട്ടവരുടെ ശരാശരി പ്രായം. ഇത് പാശ്ചാത്യ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസംഖ്യാപരവും ജനിതകമോ പാരിസ്ഥിതികമോ ആയ വ്യത്യാസങ്ങളും എടുത്തുകാണിക്കുന്നു (കിഷോർ et. al, 2025).

വിറയൽ, ചലനവേഗം കുറയുക, കൈ- കാൽ ചലനങ്ങൾ ഉൾപ്പടെ ദൈനംദിന പ്രവർത്തികൾ മന്ദഗതിയാകുക, ചലനത്തിലെ കാഠിന്യം, നടത്തത്തിലെ അസാധാരണതകൾ എന്നിവ പോലുള്ള നാഡീവ്യവസ്ഥയിലെ തകരാറുകൾ മൂലം ഉണ്ടാകുന്ന ചലനസംബന്ധിയായ ലക്ഷണങ്ങൾക്ക് (മോട്ടോർ ലക്ഷണങ്ങൾ) ഇന്ത്യയിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നില്ല. എന്നാൽ, രോഗത്തിന്റെ വർദ്ധനയോടെ ചലനവുമായി ബന്ധപ്പെട്ടതല്ലാത്ത, എന്നാൽ രോഗിയുടെ ജീവിതനിലവാരത്തെ ശക്തമായി ബാധിക്കുന്ന നോൺ–മോട്ടോർ ലക്ഷണങ്ങൾ എന്നുവിളിക്കുന്ന പ്രശ്ങ്ങൾ രോഗികളിൽ രൂപപ്പെട്ടു. അവ പ്രധാനമായും, ധാരണ / ഓർമ്മപ്രശ്നങ്ങൾ, മനംമാറ്റം / ഉത്കണ്ഠ /നൈരാശ്യം, ഉറക്കപ്രശ്നങ്ങൾ, മൂത്രാശയ പ്രശ്നങ്ങൾ, അളക്കാനാകാത്ത വേദനകൾ, ക്ഷീണം, പെരുമാറ്റവൈകല്യം, വൈജ്ഞാനിക വൈകല്യം എന്നിവയെല്ലാമാണ്.

തലയ്ക്ക് പരിക്ക്, Toxin മരുന്നുകൾ എന്നിവയുമായുള്ള ശക്തമായ ബന്ധങ്ങൾ ചലനവൈകല്യത്തിന്റെ അപകട സാധ്യതകളെ രൂക്ഷമാക്കുന്നു. എന്നിരുന്നാലും സമഗ്രമായ ദേശീയ എപ്പിഡെമോളജിക്കൽ ഡാറ്റ ഇന്ത്യയ്ക്ക് ഇപ്പോഴും ഇല്ല എന്നത് ദേശീയതലത്തിലുള്ള രോഗാവസ്ഥയുടെ കാഠിന്യം നിർണ്ണയിക്കുന്നതിൽ പ്രധാന തടസമാണ് (സുരതി & ജുൻജുൻവാല, 2016).

ലഭ്യമായ പഠനങ്ങൾ വെച്ച്, ഇന്ത്യയിൽ ഏകദേശം 0.576 ദശലക്ഷം ആളുകൾ PD ബാധിതരായിരിക്കാമെന്നാണ്, ഇത് ആഗോള PD ബാധിതരുടെ ഏകദേശം 10% പ്രതിനിധീകരിക്കുന്നു (ഖുറാന & ഗൗരി-ദേവി, 2025).

ഇന്ത്യയിലെ അതിവേഗം പ്രായമാകുന്ന ജനസംഖ്യയും ഗ്രാമപ്രദേശങ്ങളിലുള്ള പരിമിതമായ രോഗനിർണയവും കണക്കിലെടുക്കുമ്പോൾ, രോഗബാധിതരുടെ യഥാർത്ഥ എണ്ണം വളരെ കൂടുതലായിരിക്കാം. പല കേസുകളും രോഗനിർണയം നടത്താതെയോ തെറ്റായി നടത്തിയോ തുടരുന്നു. തൽഫലമായി, ഇന്ത്യയിലെ ചലനവൈകല്യങ്ങൾ പ്രധാന വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. രോഗനിർണയത്തിന്റെ അഭാവം, പൊതുജനങ്ങളുടെയും ക്ലിനിക്കൽ അവബോധത്തിന്റെയും അപര്യാപ്തത, പരിമിതമായ എപ്പിഡെമോളജിക്കൽ നിരീക്ഷണം, ദീർഘകാല ന്യൂറോളജിക്കൽ പരിചരണത്തിന്റെ അപര്യാപ്തത എന്നിവയാണ് ഇതിനു കാരണം. ഈ വിടവുകൾ പരിഹരിക്കുന്നതിന് രാജ്യവ്യാപകമായതും ജനസംഖ്യാടിസ്ഥാനത്തിലുള്ളതുമായ പഠനങ്ങൾ, മെച്ചപ്പെട്ട ക്ലിനീഷ്യൻ പരിശീലനം, സ്പെഷ്യലിസ്റ്റ് പരിചരണത്തിലേക്കും പുനരധിവാസ സേവനങ്ങളിലേക്കുമുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവ പോലുള്ള ഏകോപിത ശ്രമങ്ങൾ ആവശ്യമാണ്.

ചികിത്സാരീതികൾ

ഇന്ത്യയിൽ പാർക്കിൻസൺസ് രോഗം ഉൾപ്പെടെയുള്ള മൂവ്‌മെന്റ് ഡിസോർഡറുകൾക്ക് മരുന്നുകൾ, തെറാപ്പികൾ, ആവശ്യപ്പെട്ടാൽ ശസ്ത്രക്രിയ തുടങ്ങിയവ ലഭ്യമാണ്. ആദ്യം നൽകുന്ന ചികിത്സ സാധാരണ ലെവഡോപ്പ പോലെ, ഡോപമിൻ വർധിപ്പിക്കുന്ന മരുന്നുകളാണ്. മസ്തിഷ്കത്തിൽ ഡോപമിൻ എന്ന രാസവസ്തു കുറയുമ്പോഴാണ് പാർക്കിൻസൺസ് ലക്ഷണങ്ങൾ വരുന്നത്. ലെവഡോപ്പ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്കത്തിൽ ഡോപമൈനായി മാറുന്നു. ഇത് ചലനവൈകല്യത്തെ ഒരു പരിധിവരെ പ്രതിരോധിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മരുന്നുകളോടൊപ്പം ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും വളരെ പ്രധാനമാണ്. കാരണം ഈ സേവനങ്ങൾ രോഗിക്ക് ബാലൻസ്, ശരീരലാഘവം, ദിവസേന ചെയ്യേണ്ട പ്രവർത്തനങ്ങൾ, സംസാരശേഷി എന്നിവ നിലനിർത്താൻ സഹായിക്കുന്നു. മരുന്നു കൊണ്ട് നിയന്ത്രണത്തിൽ വരാത്ത ചില രോഗികൾക്ക് ഇന്ത്യയിലെ പ്രത്യേക ന്യൂറോളജി കേന്ദ്രങ്ങളിൽ Deep Brain Stimulation (DBS) എന്ന ശസ്ത്രക്രിയയും ചെയ്യുന്നുണ്ട്.

മരുന്നുകളോടൊപ്പം ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും വളരെ പ്രധാനമാണ്
മരുന്നുകളോടൊപ്പം ഫിസിയോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും വളരെ പ്രധാനമാണ്

എന്താണ് ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS)?

ആലുവ രാജഗിരി ഹോസ്പിറ്റലിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ മൂവ്‌മെന്റ് ഡിസോർഡേഴ്സ് ഡയറക്ടറും ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) ചികിത്സയിൽ വിദഗ്ധനുമായ ഡോ. ശ്രീറാം പ്രസാദ് എ.വിയുടെ അഭിപ്രായത്തിൽ, ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ എന്നത് തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങൾക്ക് ഉപയോഗിക്കുന്ന വളരെ ആധുനികമായ ശസ്ത്രക്രിയാ ചികിത്സയാണ്. തലച്ചോറിലെ, വളരെ ആന്തരികമായ ചില നാഡീകോശങ്ങളെയും മറ്റു ഭാഗങ്ങളെയും ഉത്തേജിപ്പിച്ച് അവയുടെ രോഗലക്ഷണങ്ങൾ കുറയ്ക്കുകയും രോഗിക്ക് ദൈനംദിന ജീവിതത്തിലെ പ്രവർത്തികൾ ചെയ്യാനുള്ള കഴിവ് കൂട്ടുകയും അതുവഴി രോഗിയുടെ ജീവിതനിലവാരം വർധിപ്പിക്കാനും സാധിക്കും- ഇതാണ് DBS എന്നതിന്റെ രത്നചുരുക്കം.

ഡോ. ശ്രീറാം പ്രസാദ് എ.വി
ഡോ. ശ്രീറാം പ്രസാദ് എ.വി

ഡോ. ശ്രീറാമിന്റെ അഭിപ്രായത്തിൽ, DBS കൊണ്ട് മെച്ചപ്പെടുത്താൻ പറ്റുന്ന രോഗങ്ങളെ മൂന്നായി തരംതിരിക്കാം:

1. ചലനസംബന്ധമായ രോഗങ്ങൾ അഥവാ മൂവ്മെന്റ് ഡിസോർഡേഴ്സ്:

ചലനസംബന്ധമായ രോഗങ്ങളിൽ സാധാരണയായി DBS ചെയ്യുന്നത് പാർക്കിൻസൺസ് രോഗത്തിനാണ്. കൂടാതെ, ഡിസ്റ്റോണിയ, വിറയൽ രോഗങ്ങൾ, ടാർഡിവ് ഡിസ്കനേസിയ എന്ന മരുന്നുകളുടെ പാർശ്വഫലം കൊണ്ടുണ്ടാകുന്ന ചലനസംബന്ധമായ രോഗങ്ങൾ, ടുറെറ്റ് സിൻഡ്രോം എന്നീ രോഗങ്ങൾക്കും DBS ഉപയോഗിക്കും.

2. എപ്പിലെസിക്ക് (മസ്തിഷ്കത്തിലെ വൈദ്യുത പ്രവാഹത്തിൽ പെട്ടെന്നുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ മൂലം ആവർത്തിച്ചുവരുന്ന seizures (അപസ്മാരം).

മരുന്നു കൊണ്ട് ചികിത്സിക്കാൻ പറ്റാത്ത, നിയന്ത്രിക്കാനാകാത്ത അപസ്മാര രോഗങ്ങൾക്ക് DBS ഉപയോഗിക്കാം.

3. സൈക്യാട്രിക് ഡിസീസ്:

ഒബ്സെസീവ് കമ്പൾസീവ് ഡിസോർഡർ , ഡിപ്രഷൻ, ഉൾപ്പടെയുള്ള സൈക്യാട്രിക് ഡിസീസുകളിൽ DBS ഉപയോഗിക്കാം.

എങ്ങനെയാണ്
ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ ചെയ്യുന്നത്?

ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ ചെയ്യുന്നതിനായി തലയോട്ടിയിൽ രണ്ട് ചെറിയ ദ്വാരമുണ്ടാക്കും. സാധാരണ, രണ്ടു വശത്തും ചെയ്യുന്നത് ചിലപ്പോൾ ഒരു വശത്തും ചെയ്യാറുണ്ട്. തലയോട്ടിയിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതുവഴി രണ്ട് നേർത്ത വയറുകൾ തലച്ചോറിലെ ആന്തരിക അവയവങ്ങളിലേക്ക് ഇറക്കിവെക്കും. എന്നിട്ട് അതിനെ മറ്റു വയറുകൾ ഉപയോഗിച്ച് പേസ്മേക്കറിലേക്ക് കണക്ട് ചെയ്യും. പേസ്മേക്കർ വെക്കുന്നത് നെഞ്ചിലാണ്. തലച്ചോറിൽ നിന്നുള്ള വയറിനെ മറ്റു വയറുകൾ ഉപയോഗിച്ച് പേസ്മേക്കറിലേക്ക് കണക്ട് ചെയ്യും. ആ പേസ്മേക്കർ ഉപയോഗിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കും. അതിലൂടെ രോഗലക്ഷണങ്ങൾ നന്നായി കുറയ്ക്കാം.

പാർക്കിൻസൺസ് രോഗത്തിലാണ് DBS ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. സമയമെടുത്ത് പുരോഗമിക്കുന്ന രോഗമാണിത്, സമയമെടുത്ത് മൂർഛിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വർഷം കഴിയുന്തോറും രോഗലക്ഷണങ്ങൾ വർധിക്കുകയും രോഗം രോഗിയുടെ ജീവിതത്തെ കൂടുതൽ ബാധിക്കുകയും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാതാകുകയും ചെയ്യും.

ആദ്യത്തെ കുറെ വർഷങ്ങൾ മരുന്നുകൊണ്ടുമാത്രം രോഗം നിയന്ത്രിക്കാനാകും. വർഷങ്ങൾ കഴിയുതോറും മരുന്നു മാത്രം പോരാതെ വരും. ആ അവസരത്തിലാണ് DBS ചെയ്യുന്നത്.

DBS ചെയ്ത ഒരു രോഗിക്ക്, ആ DBS പേസ്മേക്കർ സ്വിച്ച് ഓൺ ചെയ്ത്, സെറ്റിംഗ്സ് അഡ്ജസ്റ്റ് ചെയ്യുന്നതിനെയാണ് DBS പ്രോഗ്രാമിംഗ് എന്നു പറയുന്നത്. പാർക്കിൻസൺസ് രോഗികൾക്ക് ഓപ്പറേഷൻ കഴിഞ്ഞ് നാലു മുതൽ ആറാഴ്ച കഴിഞ്ഞാണ് പ്രോഗ്രാമിംഗ് ചെയ്യുന്നത്. DBS ഡിവൈസ് ഓൺ ചെയ്യുകയും അതിലെ സെറ്റിംഗ്സ് അഡ്ജസ്റ്റ് ചെയ്യുകയും, അങ്ങനെ ചെയ്യുന്നതിലൂടെ രോഗലക്ഷണങ്ങൾ നിയന്ത്രിച്ചെടുക്കാനും സാധിക്കും.

വേണം, ഡാറ്റ

ഇന്ത്യയിലെ ചലനവൈകല്യങ്ങൾ, പ്രത്യേകിച്ച് പാർക്കിൻസൺസ് രോഗം, ജനസംഖ്യയിലെ പ്രായപരിധിയിൽ സംഭവിക്കുന്ന മാറ്റങ്ങളെയും ആരോഗ്യ പരിചരണ ലഭ്യതയിലെ വ്യത്യാസങ്ങളെയും തുടർന്ന് പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നു. ലഭ്യമായ പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രായം, പരിസ്ഥിതി ഘടകങ്ങൾ, ജീവിതശൈലി, സഹരോഗങ്ങൾ എന്നിവ രോഗഭാരം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നാണ്. എന്നാൽ രാജ്യവ്യാപകമായ സമഗ്ര ഡാറ്റയുടെ അഭാവം യഥാർത്ഥ രോഗസ്ഥിതി വിലയിരുത്തുന്നതിൽ ​ ഗൗരവകരമായ വിടവുകൾ സൃഷ്ടിക്കുന്നു.

നിലവിലുള്ള തെളിവുകൾ പരിഗണിച്ചാൽ, ഇന്ത്യയിൽ പാർക്കിൻസൺസ് രോഗബാധിതരുടെ എണ്ണം ഗണ്യമായ നിരക്കിൽ ഉയർന്നുവരുന്നതായി കാണാം. മോട്ടോർ ലക്ഷണങ്ങൾക്കു പുറമെ നോൺ–മോട്ടോർ ലക്ഷണങ്ങളും രോഗഭാരത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നു. കൂടാതെ, രോഗനിർണയത്തിൽ സംഭവിക്കുന്ന വൈകല്യങ്ങളും തെറ്റായ രോഗനിർണയ സാധ്യതകളും ഗ്രാമപ്രദേശങ്ങളിലെയും ന്യൂറോളജി സേവനങ്ങൾ പരിമിതമായ പ്രദേശങ്ങളിലെയും രോഗികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

ഈ പശ്ചാത്തലത്തിൽ, ചലന വൈകല്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, പ്രാരംഭ രോഗനിർണയം, യോഗ്യമായ മരുന്നു തെരഞ്ഞെടുപ്പ്, പുനരധിവാസ ഇടപെടലുകൾ, ഡിപ് ബ്രെയിൻ സ്റ്റിമുലേഷൻ പോലുള്ള ആധുനിക ചികിത്സാ- സാങ്കേതിക വിദ്യകളിലേക്ക് രോഗികൾക്ക് ലഭ്യമാവുന്ന പ്രവേശനം എന്നിവ നിർണായക ഘടകങ്ങളായി മാറുന്നു.

‘What moves you?’ എന്ന ഈ വർഷത്തെ ആഗോള സന്ദേശം, രോഗികളുടെ അനുഭവങ്ങളെയും അവരുടെ അതിജീവനശേഷിയെയും മുൻനിരയിൽ കൊണ്ടുവരുന്ന രോഗികേന്ദ്രിത സമീപനത്തിന് പ്രചോദനമാകുന്നു. അങ്ങനെ നോക്കുമ്പോൾ, ഇന്ത്യയിലെ ചലനവൈകല്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയ തെളിവുകളാൽ നയിക്കപ്പെടുന്ന ആരോഗ്യനയങ്ങൾ, സമഗ്ര ഡാറ്റാ ശേഖരണം, ചലനവിഭാഗ വിദഗ്ധരുടെ പരിശീലനത്തിലുള്ള വർധന എന്നിവ അനിവാര്യമായിരിക്കുന്നുവെന്ന് പറയാം.

References:

-Khurana, S., & Gourie-Devi, M. (2025). A narrative review of community-based epidemiological studies on Parkinson’s disease in India. Cureus, 17(3), e80248. https://doi.org/10.7759/cureus.80248

-Khurana, S., & Gourie-Devi, M. (2025). India’s estimated PD burden (≈0.576 million). Cureus / Review Data. https://pmc.ncbi.nlm.nih.gov/articles/PMC11890171/

-Kishore, A., Borgohain, R., Puthenveedu, D. K., Rajan, R., Pal, P. K., Mrudula, R., … Radhakrishnan, D. M. (2025). Clinical and epidemiological profile of Parkinson’s disease in India (Lux-GIANT Consortium Report). SSRN.https://papers.ssrn.com/sol3/papers.cfm?abstract_id=5076144

-Parkinson’s Foundation. (2022). Prescription medications for Parkinson’s. https://www.parkinson.org/living-with-parkinsons/treatment/prescription-medications

-Prasad, Sreeram A. V. (2025). Interview on movement disorders and Deep Brain Stimulation (DBS). Personal communication, November 2025.

-Surathi, P., & Jhunjhunwala, K. (2016). Research in Parkinson’s disease in India: A review. Neurology India, 64(1), 23–30. https://pmc.ncbi.nlm.nih.gov/articles/PMC4782561/

-Verma, A. K., Raj, J., Sharma, V., Singh, T. B., & Srivastava, S. (2017). Epidemiology and associated risk factors of Parkinson’s disease in a North-Indian population. Clinical Epidemiology and Global Health, 5(1), 8–13. https://cegh.net/article/S2213-3984(16)30032-X/fulltext.


Summary: World Movement Disorders Day, observed on November 29, Arya Vijayan writes Parkinson's Disease and other issues.


ആര്യ വിജയൻ

കോർഡിനേറ്റർ, അഡ്വാൻസ്ഡ് സെൻ്റർ ഫോർ മൂവ്മെൻ്റ് ഡിസോർഡേഴ്സ്, രാജഗിരി ഹോസ്പിറ്റൽ, ആലുവ.

Comments