ഒരു ദിവസം 82 വയസ്സായ സ്ത്രീ ഫാർമസിയിലെ ഫോണിൽ വിളിച്ചു;
‘‘ഇന്നലെ ഞാൻ ആശുപത്രിയിൽ എമർജൻസിയിലായിരുന്നു. പൊട്ടാസ്യം ഒട്ടുമില്ലായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ കഴിക്കുന്ന മരുന്നിൽ ഏതാണ് പൊട്ടാസ്യത്തിന്റെ കുറവുണ്ടാക്കുന്നതെന്ന് ഫാർമസിസ്റ്റിനോട് ചോദിച്ച് വീണ്ടും ഡോക്ടറെ കാണാൻ പറഞ്ഞിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞുപോകുന്ന എന്റെ മരുന്നിന്റെ പറഞ്ഞു തരാമോ'' എന്നു ചോദിച്ചു.
ഇവിടുത്തെ മര്യാദയനുസരിച്ച് ‘അയാം സോ സോറി റ്റു ഹിയർ ദിസ്', ഇറ്റ് മസ്റ്റ് ബി വെരി ഹാർഡ് ഫോർ യു' എന്നുപറഞ്ഞശേഷം പേരു ചോദിച്ച് കമ്പ്യൂട്ടറിൽ അവരുടെ ഫയൽ തുറന്നു. ബ്ലഡ് പ്രഷർ വളരെ കൂടുതലായി, ശരീരത്തിൽ വെള്ളം നീരുപോലെ കെട്ടുന്ന അവസ്ഥയുണ്ടായിരുന്നു അവർക്ക്. കെട്ടിനിൽക്കുന്ന വെള്ളം മൂത്രമായി പുറത്തുകളയാൻ ‘ഡൈയൂറെറ്റിക്ക്' വിഭാഗത്തിൽപ്പെട്ട മരുന്നാണ് അവർ കഴിക്കുന്നത്. ഈ വിഭാഗം മരുന്നുകളിൽ പൊട്ടാസ്യത്തെ മൂത്രത്തിലൂടെ പുറത്തുകളയുന്നവയും പൊട്ടാസ്യത്തെ ശരീരത്തിൽ പിടിച്ചുനിർത്തുന്നവയുമുണ്ട്. ഇവർ കഴിക്കുന്ന മരുന്ന് മൂത്രത്തിന്റെ തോത് കൂടുന്നതിനനുസരിച്ച് പൊട്ടാസ്യത്തെ പുറംതള്ളുന്ന വിഭാഗത്തിൽപ്പെട്ട മരുന്നായിരുന്നു. മരുന്നിന്റെ പേര് അവർക്ക് പറഞ്ഞുകൊടുത്തു.
എന്തു ലക്ഷണമുണ്ടായിട്ടാണ് എമർജൻസിയിൽ പോകേണ്ടി വന്നത് എന്ന് എന്നോട് പറയുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്നുഞാൻ ചോദിച്ചു.
ആളുകൾക്ക് ഒരുതരത്തിലും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാണ് ഇവിടെ എല്ലാവരും മറ്റുള്ളവരുടെ വിശേഷങ്ങൾ തിരക്കുന്നത് എന്നത്, ഇവിടെ വന്നപ്പോൾ എനിക്ക് ഏറ്റവും അത്ഭുതമുണ്ടാക്കിയ കാര്യമായിരുന്നു.
‘‘കുറച്ചുനാളായി നല്ല ക്ഷീണവും മസിലിന് വേദനയും നെഞ്ചിടിപ്പിന്റെ നിരക്ക് കൂടുന്നതുപോലെയുമൊക്കെ തോന്നിയിരുന്നു. ഇന്നലെ കാലിൽ കോച്ചിപ്പിടുത്തമുണ്ടായി അനങ്ങാൻ പറ്റാതായി. ഹൃദയമിടിപ്പ് വളരെ കൂടി, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി, എനിക്കൊരിക്കലും ആസ്ത്മ എന്ന അസുഖം ഉണ്ടായിട്ടില്ല, അതുകൊണ്ട് അത് ആസ്ത്മ അല്ലെന്നെനിക്കുറപ്പായിരുന്നു. എന്റെ പ്രയാസം കണ്ട് ഭർത്താവ് ഓടിവന്നെങ്കിലും എനിക്കദ്ദേഹത്തോടു സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സംസാരശേഷി നഷ്ടപ്പെട്ടതുപോലുള്ള അവസ്ഥയായിരുന്നു. ഇതൊക്കെ കണ്ട് പേടിച്ച ഭർത്താവ് 911ൽ വിളിച്ചു, പത്തു മിനിറ്റിനകം അവർ ആംബുലൻസുമായി വന്ന് എന്നെ എമർജൻസിയിലേക്ക് കൊണ്ടുപോയി.’’
‘‘ഞാനിപ്പോൾ വളരെ സന്തോഷത്തിലാണ് ലീനാ.
മരിച്ചുപോകാതെ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന് ദൈവത്തോട് നന്ദി പറയുന്നു'’, അവർ കൂട്ടിച്ചേർത്തു.
‘‘പൊട്ടാസ്യം കുറവാണെങ്കിൽ അതു നികത്താൻ പൊട്ടാസ്യം ഗുളികകൾ കിട്ടുമല്ലോ. അതെനിക്ക് തരാമോ?'',അവർ ചോദ്യങ്ങൾ തുടർന്നു.
ആദ്യം രക്തപരിശോധനയുടെ റിസൽറ്റ് വരട്ടെ. അതുവെച്ചിട്ട് കണക്കുകൂട്ടിയിട്ടുവേണം കൃത്യമായി എത്ര അളവ് മരുന്നായി കഴിക്കണമെന്ന് തീരുമാനിക്കാൻ. ഡോക്ടറോടു കൂടിയൊന്ന് ആലോചിക്കണം. അതുവരെ പൊട്ടാസ്യം ഒരുപാടുള്ള പഴങ്ങൾ കഴിക്കാം. വാഴപ്പഴം, ഓറഞ്ച്, ഈത്തപ്പഴം, മധുരക്കിഴങ്ങ്, ബ്രോക്കളി, കൂണ്, വെള്ളരിക്ക എന്നിവയിലെല്ലാം നല്ല തോതിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകഴിക്കുക.
ഡോക്ടറെ കാണുമ്പോൾ മരുന്നിന്റെ പേര് പറയാൻ മറന്നുപോകാതെ എഴുതിവെപ്പിക്കാൻ ഞാൻ ശ്രദ്ധിച്ചതിനവർ നന്ദി പറഞ്ഞു.
‘‘മിടുക്കിയായിരിക്കൂ, 82 വയസ്സുവരെ ജീവിതത്തെ തോൽപ്പിച്ചു ജീവിച്ച ഒരു പോരാളി അല്ലേ, എല്ലാം ശരിയാകും, നല്ല ഒരു ദിവസമാകട്ടെ ഇന്ന്'' എന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു.
82 വയസ്സായ സ്ത്രീ എത്ര നന്നായാണ് അവരുടെ കാര്യങ്ങൾ പറയുന്നത്, മരുന്നിന്റെ പേരു പറയുമ്പോൾ ഒരു അപരിചിതത്വവുമില്ലാതെ.
എന്റെ അത്ഭുതങ്ങളുടെ എണ്ണം കൂടി.
ഇവിടെ ഫാർമസിയിൽ മരുന്നുവാങ്ങാൻ വരുന്നവർക്ക് അവർ കഴിക്കുന്ന മരുന്നുകളെപ്പറ്റി വളരെ നല്ല അവബോധമുണ്ടാകും. ഫാർമസിയിൽ മരുന്ന് വാങ്ങാൻ വരുമ്പോൾ ഫാർമസിസ്റ്റ് അവരെ ഇതേക്കുറിച്ച്ബോധവൽക്കരിക്കുന്നതാണ് ഇതിനുകാരണം. മരുന്നിനെപ്പറ്റി, അത്കഴിക്കേണ്ടവിധത്തെപ്പറ്റി, പാർശ്വഫലങ്ങളെപ്പറ്റി, പാർശ്വഫങ്ങളുണ്ടായാൽ എന്തു ചെയ്യണമെന്നതിനെപറ്റി, ഒന്നിലധികം മരുന്നുകൾ ഒരുമിച്ച് കഴിക്കുമ്പോഴുണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി, ചില മരുന്നുകൾ തമ്മിൽ പ്രതിപ്രവർത്തിക്കുമെന്നതുകൊണ്ട് അവ തമ്മിൽ സമയത്തിന്റെ അകലം പാലിക്കണമെന്നതിനെപ്പറ്റി എല്ലാം വിശദീകരിക്കും. അപ്പോൾ, അവരുടെയും എന്റെയും ആവലാതികൾ കനം കുറഞ്ഞ് അപ്പൂപ്പൻ താടിപോലെ കാറ്റിലിങ്ങനെ പറക്കും. ഈ സന്തോഷം മാത്രം മതിയാകും ആ ദിവസത്തിന് പൂർണമായ അർത്ഥമുണ്ടാകുവാൻ. അനുഭവിച്ചാൽ മാത്രമറിയുന്ന അനുഭൂതിയാണിത്.
ഞാൻ ജോലി തുടർന്നു. തിരക്കൊന്ന് കുറഞ്ഞപ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ മുറിയിലേക്കുപോയതും, ആരോ, ഒപ്പം ജോലിചെയ്യുന്നവരോട് എന്നെ തിരക്കുന്നു. ഞാൻ അന്ന് ആ ഫാർമസിയിൽ ആദ്യമായാണ് ജോലിക്ക് പോകുന്നത്. എന്നെ അറിയുന്ന രോഗികളോ ഉപഭോക്താക്കളോ ആയി ഒരാളും അവിടെയില്ലെന്നെനിക്കുറപ്പാണ്. പിന്നെ ആരാണ് എന്നെ പേരു പറഞ്ഞന്വേഷിക്കുന്നത്? ഭക്ഷണം അവിടെ വെച്ച് ഞാൻ വേഗം ഫാ ർമസിയിലേക്ക് വന്നു.
നോക്കിയപ്പോൾ മൂക്കിൽ ഓക്‌സിജൻ ട്യൂബിട്ട്, വോക്കറിൽ കൈയ്യൂന്നി ഭർത്താവിനോടൊപ്പം പ്രായമുള്ള ഒരു സ്ത്രീ ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ രണ്ടു പൊതിയുമുണ്ട്. ഒന്നിൽ ലീന എന്നെഴുതിയിട്ടുണ്ട്. ഒന്നും മനസ്സിലാകാതെ ചിരിച്ചുകൊണ്ടുനിന്ന എന്നോടവർ പുറത്തേക്ക് വരാമോ എന്നുചോദിച്ചിട്ട് പൊതി എനിക്കുനേരെ നീട്ടി.
‘ഞാനാണ് അരമണിക്കൂർ മുൻപേ നിന്നെ ഫോണിൽ വിളിച്ചത്. സംസാരിച്ചുകഴിഞ്ഞപ്പോൾ ഒന്നുവന്നു കാണണമെന്ന് തോന്നി. പുറത്തേക്കൊന്നിറങ്ങിവരാമോ, എനിക്കു നിന്നെ ഒന്നു ഹഗ്ഗ് ചെയ്യണം.
ഇതു നിനക്കുള്ള കുറച്ച് മധുരമാണ്. മറ്റേ പായ്ക്കറ്റ് നിന്നോടൊപ്പം ജോലിചെയ്യുന്ന ഫാർമസി സ്റ്റാഫിനുള്ളതാണ്’, ഞാൻ വിശ്വസിക്കാനാവാത്ത അത്ഭുതവും സന്തോഷവും നിറയുന്ന മനസ്സുമായി അവരുടെ അടുത്തുചെന്ന് കൈയ്യിൽ പിടിച്ചു. അവരെന്നെ കെട്ടിപ്പിടിച്ച് കുറച്ചുനേരം അങ്ങനെ നിന്നു. ഞങ്ങൾ കൈമാറിയ വികാരവിചാരങ്ങൾ എഴുതിവെക്കാൻ ഒരു ഭാഷയ്ക്കും വാക്കുകളില്ല.
ഇങ്ങനെയാണ് ഇവിടെയുള്ള ചിലർ അവരുടെ മനസ്സിന്റെ ഭാഷ പ്രകടിപ്പിക്കുന്നത്. ഫാർമസിസ്റ്റ് എന്ന നിലക്ക് കിട്ടുന്ന ഈ അവാർഡുകൾ ഓരോ ദിവസത്തേയും സ്വർഗത്തിന്റെ തുണ്ടുകളാണ്. നമ്മുടെ നാട്ടിലാണെങ്കിൽ ഓക്‌സിജൻ ട്യൂബൊക്കെയിട്ട ഒരാളിങ്ങനെ പുറത്തിറങ്ങി നടക്കുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റുമോ. ചുറ്റുമുള്ളവർ സഹതാപവും അന്വേഷണവും ഒക്കെ ഇട്ടുമൂടി ‘അനുഗ്രഹിച്ച്' ഒരു പരുവമാക്കിയിട്ടുണ്ടാവും. ജീവിതം നിരാശയിലും ശരീരം അരക്ഷിതാവസ്ഥയിലും പെട്ട്, മറ്റുള്ളവർക്ക് കണ്ടാൽ അനുകമ്പ തോന്നാൻ പാകത്തിൽ, ‘ആരേം ബുദ്ധിമുട്ടിലാക്കാതെ അങ്ങേലോകത്തേക്ക് പോകാൻ' വിസ എടുത്തുവെച്ചതുപോലെ, കാണുന്ന എല്ലാവരോടും ആധീം വ്യാധീം പറഞ്ഞും വ്യാപരിപ്പിച്ചും ഒരവസ്ഥയായിട്ടുണ്ടാവും ഈ അമ്മച്ചി.
തലേന്ന് ശരീരം തളർന്ന് തീവ്രപരിചരണവിഭാഗത്തിൽക്കിടന്ന അമ്മച്ചിയാണ് സമ്മാനപ്പൊതിയുമായി എന്നെ ചേർത്തുപിടിക്കാൻ വന്നുനിൽക്കുന്നത്.
ജീവിതത്തിലൊരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത അവർ, എനിക്ക് മറക്കാനാവാത്ത ഒരു എപ്പിസോഡ് ഉണ്ടാക്കിപ്പോകുകയാണ്...
ഇവിടെ ഫാർമസിസ്റ്റായി ജോലി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷങ്ങൾ, ഇങ്ങനെ വളരെ വലിയ അളവിലുള്ളതാണ്.