വിരകളെക്കുറിച്ചുള്ള ഒരു പ്രൊജക്ടിനായി ലേഖനം തയാറാക്കാൻ ആലോചനാനിമഗ്നനായി തന്റെ മുൻപിൽ ഇരിക്കുന്ന കൗമാരക്കാരനായ അനന്തിരവനെ ഒന്നു നോക്കി ഡോക്ടറങ്കിൾ പറഞ്ഞു: ‘മനുഷ്യനെ ബാധിക്കുന്ന പലതരം വിരകൾ ഉണ്ട്. അതിൽ ഒന്നാണ് നാം ലളിതമായി പറയുന്ന കൃമി അഥവാ പിൻ വേം.’ ‘സാധാരണ, മനുഷ്യരുടെ കുടലിലാണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര (റൗ് വേം), കൊക്കപ്പുഴു (ഹുക്ക് വേം), കൃമി (പിൻ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകൾ.’
‘അങ്കിൾ, ഇത് കുഞ്ഞു ങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലേ?’
പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കാമെങ്കിലും കുട്ടികളിലാണ് സാധാരണ ഈ പ്രശ്നം കൂടുതൽ. മണ്ണിൽ കളിക്കുന്നതും നഗ്നപാദരായി നടക്കുന്നതും, വിരശല്യ സാധ്യതകളെ വർദ്ധിപ്പിക്കും. സംഗതി നിസാരമായി തോന്നുമെങ്കിലും, ഇന്ത്യയിലെ 127 സർവേകളിൽ നിന്നുള്ള ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ, വിരകളുടെ ആക്രമണ വ്യാപനം 20 ശതമാനത്തിൽ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയെ മിതമായ അപകടസാധ്യതയുള്ള പ്രദേശമായാണ് കണക്കാക്കുന്നത്. രാജ്യത്തുടനീളമുള്ള ആരോഗ്യകുടുംബക്ഷേമ മന്ത്രാലയ പഠനങ്ങൾ പക്ഷേ വ്യത്യസ്തമായ ചിത്രം കാണിക്കുന്നു. പല സംസ്ഥാനങ്ങളിലുമായി വ്യാപനം 12.5 മുതൽ 85 ശതമാനം വരെയാണ്.
‘ഓ ചുമ്മാതല്ല, അപ്പോൾ ഈ ദേശീയ വിരവിമുക്തി ദിനം ഒക്കെ ആചരിക്കുന്നത് അല്ലേ?’
അതെ, കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും, വിളർച്ച കുറയ്ക്കുന്നതിനും, അവരുടെ വൈജ്ഞാനികവും ശാരീരികവുമായ വികസനം മെച്ചപ്പെടുത്തുന്നതിനും ഒന്നു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് രാജ്യവ്യാപകമായി വിരമരുന്ന് ഒരു ദിവസം നൽകി 2015 മുതൽ ഭാരതം അത് ആചരിക്കുന്നുണ്ട്. സ്കൂളുകളിലെ ഹാജർനിലയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.

‘പക്ഷേ അങ്കിൾ, എന്റെ ഫ്രന്റ്സിനൊന്നും ഇത്തരം പ്രശ്നങ്ങൾ അധികം പറഞ്ഞു കേട്ടിട്ടില്ല. വിര ബാധിക്കുന്നവരിൽ രോഗലക്ഷണങ്ങൾ കാണേതല്ലേ?’
നമ്മുടെ നാട്ടിൽ കുടൽ വിരബാധയുള്ള മിക്ക കേസുകളും നേരിയതും ലക്ഷണമില്ലാത്തതുമാണ്. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് മിതമായതോ കനത്തതോ ആയ അണുബാധ ഉള്ളവർക്കാണെന്ന് മാത്രം.
‘എന്തൊക്കെയാണങ്കിളെ, ഇതിന്റെ രോഗലക്ഷണങ്ങൾ?’
മിക്ക ജീവജാലങ്ങൾക്കും എന്നപോലെ, മനുഷ്യനും വിരകൾ ഒരു പരാദമാണ്.
‘പരാദം, യൂ മീൻ പാരസൈറ്റ്?’, അപ്പുവിന്റെ അന്വേഷണ കൗതുകം, അയാളെ കൂടുതൽ വാചാലനാക്കി.
വിരകൾ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കാം. എങ്കിലും പൊതുവേ, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ, കുടൽ പരാദ അണുബാധയാണ്, മുഖ്യമായും കുവരുന്നത്. കാരണം അവരുടെ പക്വതയില്ലാത്ത പ്രതിരോധശേഷി, ഭക്ഷണക്രമം, പര്യവേക്ഷണ സ്വഭാവം എന്നിവ തന്നെ. കുഞ്ഞുങ്ങളുടെ മലദ്വാരത്തിന് ചുറ്റും ചുവപ്പും ചൊറിച്ചിലും അനുഭവപ്പെടാം. വ്യക്തി ശുചിത്വക്കുറവും, വൃത്തിഹീനമായ ചുറ്റുപാടും, അണുബാധയ്ക്ക് ആക്കം കൂട്ടും. അടിവയർ വേദനയും, ശർദ്ദിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടേക്കാം.
പ്രാരംഭ ലക്ഷണങ്ങൾ മനസ്സിലാകാതെ പോവും. വിര മരുന്ന് ഉപയോഗിക്കുന്നില്ലെങ്കിൽ, ദീർഘകാല ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. കുട്ടിക്ക് ശരീരഭാരം വർദ്ധിക്കാതിരിക്കുക, കണ്ണുകൾ വരണ്ടു പോകുന്ന അവസ്ഥ ഉണ്ടാവുക, അനാവശ്യ ദേഷ്യം പ്രകടിപ്പിക്കുക, ബലഹീനത, വിളർച്ച ലക്ഷണങ്ങൾ, ഇതെല്ലാം അതിൽപ്പെടുന്നു. പെൺകുട്ടികളിൽ യോനിയിൽ ചൊറിച്ചിലും ദുർഗന്ധസ്രവവും അനുഭവപ്പെട്ടേക്കാം.

കുടൽ തടസ്സം പോലുള്ള രോഗങ്ങൾക്ക് വിരകൾ കുട്ടിയെ കൂടുതൽ ഇരയാക്കുകയും വിറ്റാമിനുകളെ വേണ്ടത്ര ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. വ്യക്തമായ ലക്ഷണങ്ങളില്ലാതെ പോലും പരാദവിരകൾ ചിലപ്പോൾ കുട്ടിയെ പോഷകാ ഹാരക്കുറവുള്ളവരാക്കാനും, വളർച്ച മുരടിക്കാനും വഴിവെക്കുന്നു.
‘അങ്കിൾ മനുഷ്യനെ ബാധിക്കുന്ന പലതരം വിരകൾ ഉണ്ടെന്നു പറഞ്ഞല്ലോ. അതിൽ ഏതൊക്കെയാണ് ഇന്ത്യയിൽ സർവ്വസാധാരണ മായി കാണപ്പെടുന്നത്?’
1) ഉരുളൻവിര അഥവാ റൗ് വേം
(Ascaris Lumbricoids)
നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ ഈ വിരകൾക്ക് പിങ്ക് അല്ലെങ്കിൽ വെളുത്ത നിറമായിരിക്കും, അറ്റം ചുരുണ്ടിരിക്കും. പെൺ വിരകൾക്ക് കൂടുതൽ നീളവും വ്യാസവുമുാകും. ആൺവിരകൾ സാധാരണയായി ചെറുതായിരിക്കും. അണുബാധകൾ ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത ലക്ഷണങ്ങൾ ഉണ്ടാകുന്നു.
ശ്വാസകോശത്തിൽ അസ്കറിയാസിസിന്റെ ചെറിയ (സൂക്ഷ്മ) മുട്ടകൾ വിഴുങ്ങിയ ശേഷം, അവ ചെറുകുടലിൽ വിരിയുകയും ലാർവകൾ രക്തപ്രവാഹത്തിലൂടെയോ ലിംഫറ്റിക് സിസ്റ്റത്തിലൂടെയോ ശ്വാസകോശത്തിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ, ആസ്തമ അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ലക്ഷണങ്ങൾ പ്രകടമായെന്നു വരാം. രോഗിക്ക് ശക്തമായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടാം.
10 മുതൽ 14 ദിവസം വരെ ശ്വാസകോശത്തിൽ ചെലവഴിച്ച ശേഷം, ലാർവകൾ തൊണ്ടയിലേക്ക് സഞ്ചരിക്കുന്നു, അവിടെ രോഗി അവയെ ചുമച്ച് വിഴുങ്ങുന്നു. അതുവഴി കുടലിൽ എത്തുന്ന ലാർവകൾ ചെറുകുടലിൽ മുതിർന്ന വിരകളായി പക്വത പ്രാപിക്കുന്നു, മുതിർന്ന വിരകൾ സാധാരണയായി മരിക്കുന്നതുവരെ കുടലിൽ വസിക്കുന്നു. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം അല്ലെങ്കിൽ രക്തം കലർന്ന മലം. ഇത്യാദി ലക്ഷണങ്ങൾ കാട്ടിയെന്നു വരാം.
2) കൊക്കപ്പുഴു (Hookworm)
മനുഷ്യരെ ബാധിക്കുന്ന രണ്ട് പ്രധാന ഹുക്ക് വേം ഇനങ്ങളാണ് ആൻസിലോ സ്റ്റോമ ഡുവോഡിനേലിസ്, നെക്കേറ്റർ അമേരിക്കാനസ് എന്നിവ. മനുഷ്യരിൽ മാത്രമല്ല നായ്കളിലും പൂച്ചകളിലും ഈ വിരകൾ കാണപ്പെടുന്നു. മനുഷ്യരെ സാധാരണയായി ബാധിക്കുന്ന വിരകൾക്ക് ഇളം ചാരനിറമോ പിങ്ക് നിറമോ ആണ്. ഇവയുടെ തലഭാഗം അല്പം വളഞ്ഞ് ഒരു കൊളുത്തിന്റെ ആകൃതിയിലാണ്. ആകയാൽ ഇവയെ കൊളുത്ത് വിരകൾ എന്നും പറയാറുണ്ട്. ശരീരത്തിന്റെ മുൻവശത്തു ര് ജോഡി
പല്ലുകളുള്ള തുറന്ന വായകൾ കാണാം.
നെക്കാറ്റർ അമേരിക്കാനസ് എന്ന രാമത്തെ ഇനം ആൻസിലോസ്റ്റോമ ഡുവോഡിനാലിനെക്കാൾ ചെറുതാണ്.
പല്ലുകൾക്ക് പകരം, ഇവയ്ക്ക് ഒരു ജോഡി കട്ടിംഗ് പ്ലേറ്റുകൾ ഉ്. ഈ പല്ലുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ്, നമ്മുടെ ശരീരത്തോട് പറ്റി ചേർന്നിരിക്കുന്നത്. നെക്കേറ്റർ അമേരിക്കാനസ് ലാർവകൾക്ക് തുളച്ചുകയറുന്ന ചർമ്മത്തി ലൂടെ മാത്രമേ രോഗം ബാധിക്കാൻ കഴിയൂ, എന്നാൽ എ.ഡുവോഡിനാൽ വിരകൾ, ചർമ്മത്തിൽ കൂടിയും, വായിൽ കൂടിയും ശരീരത്തിൽ പ്രവേശിക്കാം. നഗ്നപാദരായി നടക്കുന്നവരുടെ ചർമ്മത്തിലൂ ടെയാണ് ലാർവകൾ സഞ്ചരിക്കുന്നത്.

3) ചാട്ടവിര (Trichurist richiura)
ചാട്ടവിര വിപ്പ് വേം എന്നറിയപ്പെടുന്നു, ഇതിന് പുഴുവിന്റെ ആകൃതിയാണ്. പിൻഭാഗത്തെ അറ്റത്ത് കാണപ്പെടുന്ന വിശാലമായ ‘കൈപ്പിടികൾ’ ഒരു ചാട്ടവാറിനെ അനുസ്മരിപ്പിക്കുന്നു.
4) കൃമി (pinworm)
നൂൽവിരകൾ എന്നും അറിയപ്പെടുന്ന ഇവ സാധാരണയായി കുട്ടികളുടെ കുടലിലും മലാശയത്തിലും വസിക്കുന്ന പരാദവിരകളാണ്. ഇവ ചെറുതും നേർത്തതുമാണ്. കൃമികൾക്ക് വെളുത്തതോ ഇളം ചാരനിറമോ ആണ്.
5) നാടവിര (Tape worm)
ചില മൃഗങ്ങളുടെ കുടലിൽ വസിക്കുന്ന പരന്ന ആകൃതിയിലുള്ള വിരകളാണ് ടേപ്പ് വേമുകൾ. മേച്ചിൽപ്പുറങ്ങളിൽ മേയുമ്പോഴോ മലിനമായ വെള്ളം കുടിക്കുമ്പോഴോ മൃഗങ്ങൾക്ക് ഈ പരാദങ്ങൾ ബാധിക്കപ്പെടാം. രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം വേവിക്കാത്ത താണ് ആളുകളിൽ ടേപ്പ് വേം അണുബാധയ്ക്കുള്ള പ്രധാന കാരണം.
‘ശ്ശോ ആകെ കൺഫ്യൂഷൻ ആകുന്നു. എന്തൊക്കെ തരം വിരകളാണ്?’, പയ്യൻ ശരിക്കും വണ്ടറടിച്ച് നിന്നു.
‘മതി ഒരുപാട് ആയി. ഇത്രയുമൊക്കെ പോരെ?’, അയാൾ മെല്ലെ എഴുന്നേറ്റു.
‘അങ്കിൾ, ഈ വിരബാധകളുടെ ചികിത്സയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?’, ചെറുക്കൻ വിടാൻ ഭാവമില്ല.
ധാരാളം മരുന്നുകൾ ഉണ്ട്. ആൽബൻ്റസോൾ, മെബൻ്റസോൾ, പിരാൻ്റൽ പാൽമോേ യറ്റ്, ഐവർമെക്ടിൻ തുടങ്ങിയ മരുന്നുകൾ വിപണിയിലുണ്ട്. ഓരോ വിരബാധക്കും ഓരോ രീതിയിലാണ് നൽകേണ്ടത് എന്ന് മാത്രം. ചിലതിന് ഒരു ഡോസ് മതി. ചിലതിന് മൂന്നാഴ്ച വരെ നൽകാറുണ്ട്.
‘ആ അത് ഞാൻ കേട്ടിട്ടുണ്ട്, നമ്മുടെ ടെന്നീസ് താരം ലിയാർ പയസ്സിന്, പോർക്ക് മാംസം കഴിച്ചത് വഴി കിട്ടിയ നാടവിര പ്രശ്നത്തിന്, അദ്ദേഹം മൂന്നാഴ്ചയോളം വിരയുടെ മരുന്ന് കഴിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്’.
‘എക്സാറ്റ്ലി, നീ പുലിയാണല്ലോ’.
‘ദാറ്റ് വാസ് ന്യൂറോ സിസ്റ്റിസർകോസിസ്. തലച്ചോറിനെ ബാധിക്കുന്ന വിരശല്യം’.
പരന്ന വായനയുള്ളതുകൊണ്ടുതന്നെ, അനന്തരവന് കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ അറിവുണ്ടെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. പ്രശംസയെ കാര്യമാക്കാതെ അവൻ അടുത്ത ചോദ്യം എറിഞ്ഞു, ‘അങ്കിളേ, ഈ പ്രശ്നങ്ങളെയൊക്കെ പ്രതിരോധിക്കുന്നത് എങ്ങനെ?’
‘അപ്പൂട്ടാ, ഈ വിരകൾ മനുഷ്യനുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഞാൻ നിന്നോട് ഡീറ്റൈൽ ആയി പറഞ്ഞു. അപ്പോൾ പ്രതിരോധിക്കാനുള്ള വഴി നീ തന്നെ ഒന്നു പറയാൻ ശ്രമിച്ചൂടെ?’
അവന്റെ ചിന്തകൾക്ക് ഉദ്ദീപനം നൽകാൻ ശ്രമിക്കുകയായിരുന്നു മാതുലൻ.
ഒന്നാലോചിച്ച് അവൻ ആ വെല്ലുവിളി ഏറ്റെടുത്തു.
‘വെരി സിമ്പിൾ.’
1) വ്യക്തിശുചിത്വം പാലിക്കുക.
2) മലമൂത്ര വിസർജനം ശൗചാലയങ്ങളിൽ മാത്രം നടത്തുക.
3) പാദരക്ഷകൾ ഉപയോഗിച്ച് മാത്രം നടക്കുക.
4) കൃത്യമായ ഇടവേളകളിൽ നഖം വെട്ടുക.
5) ആഹാരസാധനങ്ങൾ ശരിയാം വണ്ണം പാചകം ചെയ്ത് മാത്രം കഴിക്കുക.
6) അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, ആറുമാസത്തിൽ ഒരിക്കൽ, വിരമരുന്ന് നൽകുക.
7) ഒന്നു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക്, വർഷത്തിലൊരിക്കൽ, ദേശീയ വിര വിമുക്തിദിനത്തിൽ ആൽബൻ്റസോൾ ഗുളിക നൽകുക.
8) കുട്ടികൾക്കൊപ്പം വീട്ടിലെ മറ്റുള്ളവരും വിരചികിത്സയ്ക്ക് മരുന്ന് കഴിക്കുന്നതും ഗുണം ചെയ്യും.
അവന്റെ ഓരോ വരികൾക്കും, അയാൾ പെരുവിരൽ ഉയർത്തി ലൈക് അടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
‘സംഗതി സെറ്റ്’.
അമ്മാവൻ നൽകിയ വിശദാംശങ്ങൾ, വാചാലതയോടെ, കൃത്യമായി, വ്യക്തമായി, പറയാൻ കഴിഞ്ഞപ്പോൾ, അപ്പുവിന്റെ മുഖത്ത് നിറചിരി വിരിഞ്ഞു.
മേശ മേലിരുന്ന പത്രം ചുരുട്ടി, മൈക്രോഫോണാക്കി റിപ്പോർട്ടർ സ്റ്റൈലിൽ, അവൻ എഴുന്നേറ്റു, ‘ആരോഗ്യകരമായ ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ ആരംഭിക്കണം. നമ്മുടെ കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവി, നിങ്ങളുടെ കരങ്ങളിലാണ്. ക്യാമറമാൻ ശ്രീ അങ്കിളി നോടൊപ്പം അപ്പുക്കുട്ടൻ’.
അവന്റെ ചിരിയിൽ അയാളുടെ മനവും തെളിഞ്ഞു.

