കേരളം മറ്റൊരു ദുരന്തമുഖത്ത്;
അതീവ ജാഗ്രത
വേണ്ട സമയം
കേരളം മറ്റൊരു ദുരന്തമുഖത്ത്; അതീവ ജാഗ്രത വേണ്ട സമയം
2018, 2019, 2020 വര്‍ഷങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിച്ചില്ലെങ്കില്‍, ഇത്തവണയും സംസ്ഥാനം ദുരന്തഭൂമിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.
14 May 2021, 03:18 PM
ഇത്തവണ വേനല്‍മഴ 35-40 ശതമാനം അധികം പെയ്തതിനാല്‍, മണ്‍സൂണിനുമുമ്പേ കേരളം അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ‘‘വേനല്‍ മഴയെതുടര്‍ന്ന് ഒട്ടുമിക്ക ഡാമുകളും- ചെറിയ ഡാമുകളടക്കം-നിറഞ്ഞിരിക്കുകയാണ്, പുഴകളിലും വെള്ളമുണ്ട്. മലയോരമേഖലകളിലും നല്ല വേനല്‍മഴ ലഭിച്ചതോടെ, നേരത്തെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലടക്കം മണ്ണും മറ്റും കൂടുതല്‍ കുതിര്‍ന്നിരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍, മണ്‍സൂണിനുമുന്നോടിയായി വരുന്ന ഈ ന്യൂനമര്‍ദം നമ്മളെ നേരിട്ടു ബാധിച്ചില്ലെങ്കിലും മണ്‍സൂണ്‍ സമയത്ത് തീരദേശത്തും ഇടനാട്ടിലും മലയോരത്തും പ്രതീക്ഷിക്കേണ്ട അപകടങ്ങളാണ് ഇപ്പോള്‍ മുന്നില്‍ കാണേണ്ടത്. ചെറിയ തോതില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടലാക്രമണം ഇതെല്ലാം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് ആവശ്യം. ഇതുകഴിഞ്ഞാലുടന്‍ മണ്‍സൂണും വരികയാണ് എന്നും ഓര്‍ക്കണം.''- പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ.എസ്. അഭിലാഷ് മുന്നറിയിപ്പുനല്‍കി.

2018, 2019, 2020 വര്‍ഷങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിച്ചില്ലെങ്കില്‍, ഇത്തവണയും സംസ്ഥാനം ദുരന്തഭൂമിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുരന്തം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേഖലകളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും മുന്നറിയിപ്പുനല്‍കിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ബുറേവി ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തിലും ഇത്തരമൊരു മുന്നറിയിപ്പുണ്ടായിരുന്നു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കലും നടത്തണമെന്നാണ് മുന്നറിയിപ്പ്. ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.
നദീ തീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടുന്നതും സെല്‍ഫി എടുക്കുന്നതും നിരോധിച്ചു. മലയോര ഗതാഗതം ശനിയാഴ്ച വരെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ നിയന്ത്രിക്കണം.
അപകടനിലയിലുള്ള താമസസ്ഥലങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപാര്‍പ്പിക്കണം. കടപ്പുറത്തേക്ക് പോകരുത്. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. പുഴകളിലും ചാലുകളിലും ഇറങ്ങരുത്. മിന്നലുള്ളപ്പോള്‍ പുറത്തിറങ്ങരുത്. മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങളും ജില്ലാ ഭരണകൂടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂനമര്‍ദത്തെതുടര്‍ന്നുള്ള കനത്ത മഴ സംസ്ഥാനത്താകെ കൊടും ദുരിതമാണ് വിതക്കുന്നത്. നിരവധി വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്, ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.
കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും മടവീഴ്ചയും കനത്ത നാശനഷ്ടമുണ്ടാക്കി. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകള്‍ വെള്ളക്കെട്ടിലാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തിലാണ് മട വീണ് നഷ്ടമുണ്ടായത്.
കൊച്ചി ചെല്ലാനത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ബസാര്‍, കമ്പനിപ്പടി മേഖലകളില്‍ 50 മീറ്റര്‍ കടല്‍ കയറി. അന്ധകാരനഴി സെന്റ് സേവേഴ്‌സ് പള്ളിയിലും വെള്ളം കയറി. ഇവിടെ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തത് ദുരിതം ഇരട്ടിപ്പിക്കുന്നു. ഇവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധന മറ്റൊരു വെല്ലുവിളിയാണ്.
തിരുവനന്തപുരത്ത് അതിശക്തമായ മഴയെതുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും രൂക്ഷമായ കടലാക്രമണമാണ്. തിരുവനന്തപുരം പൊഴിയൂരില്‍ കടലേറ്റമുണ്ട്. കോഴിക്കോട് ജില്ലയിലെ തോപ്പയില്‍, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ട്. തോപ്പയില്‍ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.
കൊല്ലം ആലപ്പാട് പഞ്ചായത്തിലും നിരവധി വീടുകളില്‍ വെള്ളത്തിലായി. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടും കൊടുങ്ങല്ലൂരിലും കടല്‍ക്ഷോഭം രൂക്ഷമാണ്. ഈ മാസം ആറുമുതല്‍ 12 വരെ 67 മില്ലീമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്.
2018 മുതല്‍ കേരളത്തിലെ മലയോര മേഖല ദുരന്തഭൂമിയായി തുടരുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായിരുന്നു 2020 ആഗസ്റ്റ് ഏഴിന് ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായത്. കാണാതായ എഴുപതുപേരില്‍ നാലുപേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
പെട്ടിമുടിയില്‍ ദുരന്തത്തിന് കാരണമായത് ഡെബറീസ് ഫ്‌ളോ എന്ന പ്രതിഭാസമാണെന്ന് പിന്നീട് വിദഗ്ധരടങ്ങിയ സംഘം വിലയിരുത്തി. വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും പര്‍വത നിരകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന ഭൂഗര്‍ഭ പ്രതിഭാസമാണ് പെട്ടിമുടിയില്‍ സംഭവിച്ചത്. 20 ഡിഗ്രി ചെരിവുള്ള മലനിരകളില്‍ പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.
2018 മുതല്‍ മലയിടിച്ചില്‍ ആവര്‍ത്തിക്കുന്ന മേഖലയാണ് മൂന്നാര്‍.
2018 ല്‍ അടിമാലിയിലെ പാലവളവിലും 2019ല്‍ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറിയിലും ഉരുള്‍പൊട്ടലുണ്ടായി. പാലവളവില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. പുത്തുമലയില്‍ 17 പേരും കവളപ്പാറയില്‍ 59 പേരുമാണ് മണ്ണിനടിയിലായത്. ഇത്തവണ പെയ്ത വേനല്‍മഴയാണ് മലയോരമേഖലയുടെ ഉറക്കം കെടുത്തുന്നത്.
വേനല്‍ മഴയും തുടര്‍ന്നുവരുന്ന മണ്‍സൂണും കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച്, തീരപ്രദേശങ്ങളില്‍നിന്നും മറ്റും ജനങ്ങളെ കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ രോഗവ്യാപനം തീവ്രമാക്കാതിരിക്കാന്‍ അധിക മുന്‍കരുതല്‍ കൂടി സ്വീകരിക്കേണ്ടിവരും.

ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഡോ. കെ.ആര്‍. അജിതന്‍
Nov 17, 2022
6 Minutes Read
കെ. രാമചന്ദ്രന്‍
Nov 13, 2022
7 Minutes Read
കെ. സഹദേവന്‍
Nov 10, 2022
16 Minutes Watch
കെ. സഹദേവന്‍
Nov 05, 2022
10 Minutes Read
റിദാ നാസര്‍
Jul 19, 2022
6 Minutes Watch
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch