കനത്ത മഴ ഞായറാഴ്​ചയും തുടരും, ജാഗ്രത വേണം

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി രൂപംകൊണ്ട ന്യൂനമർദം 16-ാം തീയതി രാവിലെയോടെ കേരള തീരത്തിന് സമീപത്തേക്ക് എത്തിച്ചേർന്നതാണ് ഫലമായാണ് തെക്കൻ കേരളം മുതൽ മധ്യകേരളം വരെയുള്ള ജില്ലകളിൽ പ്രത്യേകിച്ച് പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ മലയോര ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് കാരണമായത്.

പല സ്ഥലങ്ങളിലും രണ്ട് മണിക്കൂറിൽ അഞ്ച് സെന്റിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തിയതായാണ് കാണുന്നത്. ഇതിനെ ലഘു മേഘവിസ്‌ഫോടനത്തിന്റെ ഗണത്തിൽ പെടുത്താവുന്നതാണ്. പൊതുവെ മേഘവിസ്‌ഫോടനം എന്നുപറയുന്നത് ഒരു മണിക്കൂറിൽ 10 സെന്റിമീറ്റർ മഴ ലഭിക്കുന്നതാണ്. പക്ഷേ, ശനിയാഴ്​ച ലഭിച്ച മഴയുടെ കണക്ക് പരിശോധിച്ചാൽ രണ്ട് മണിക്കൂറിൽ അഞ്ച് സെന്റിമീറ്ററിലധികം മഴ പല പ്രദേശങ്ങളിലും ലഭിച്ചതായി മനസ്സിലാക്കാം. ഇത്തരം ലഘു മേഘ വിസ്‌ഫോടനങ്ങളാണ് ഫ്ളാഷ് ഫ്ളഡ് പോലുള്ള മിന്നൽ പ്രളയങ്ങൾക്കും മണ്ണിടിച്ചിലിനുമൊക്കെ കാരണമാവുന്നത്. ശനിയാഴ്ച ഉച്ചയോടുകൂടി ന്യൂനമർദം കേരളത്തിന്റെ തീരത്തേക്ക് കടന്നു. അതിനാൽ തെക്കൻ കേരളത്തിലുള്ള മഴ ഒന്നു കുറഞ്ഞ്, ശനിയാഴ്​ച രാത്രിയും ഞായറാഴ്​ച രാവിലെയുമായി മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇതിന്റെ ഭാഗമായി കൂടുതൽ മഴ ലഭിക്കാം. ഈ ന്യൂനമർദത്തിന്റെ ഭാഗമായിട്ടുള്ള മഴ ഞായറാഴ്​ച കൂടി തുടരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് ഞായറാഴ്​ച വരെയെങ്കിലും എല്ലാവരും ജാഗ്രത പുലർത്തേണ്ട സമയമാണ്.

Comments