ഗാന്ധിയെ വധിക്കാൻ ഹിന്ദു ഭീകരവാദികൾക്കുണ്ടായിരുന്ന ഏക ന്യായം

വർഗീയ ചേരിതിരിവും വിരോധവുമാണ് തന്റെ വധത്തിനു ഹേതുവായിരിക്കുക എന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. പക്ഷെ വധത്തിനുള്ള പ്രേരണയെക്കുറിച്ചോ ഘാതകർ ഏതു രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിരിക്കുമെന്നോ ഗാന്ധിജി മനസ്സിലാക്കിയിരുന്നില്ല എന്നുവേണം അനുമാനിക്കാൻ.

ഭീകരവാദ രഹസ്യ ഗ്രൂപ്പുകളുടെ സായുധപ്രവർത്തനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ആശങ്ക ആസ്ഥാനത്തായിരുന്നില്ല. ഒടുവിൽ, ഇത്തരം ഹിന്ദു രഹസ്യ ഗ്രൂപ്പുകളുടെ ഗൂഢാലോചനയിൽ നിന്നാണ് ഗാന്ധിയെ വധിക്കുക എന്ന നിഗൂഢ പദ്ധതി ഉരുത്തിരിയുന്നത്. അവർ അത് നടപ്പാക്കുകയും ചെയ്തു എന്നുമാത്രമല്ല, ഗാന്ധിയുടെ രൂപങ്ങൾ നിർമിച്ച് അതിലേക്ക് വെടിവെച്ചു, പകൽവെളിച്ചത്തിൽ തന്നെ. അവർക്ക് ഗാന്ധിയോടുള്ള തീരാത്ത വിരോധം അനുഷ്ഠാനമെന്ന പോലെ സമകാലിക ഇന്ത്യയിലും തീർത്തുകൊണ്ടിരിക്കുന്നു. ഗാന്ധിവധ അനുഷ്ഠാന ദൃശ്യങ്ങൾ പകർത്തി പടർത്തുകയും ചെയ്യുന്നു.

ഗാന്ധിക്ക് താൻ വധിക്കപ്പെടുമെന്ന തോന്നലുണ്ടായിരുന്നു. ഇക്കാര്യം പലരുമായും ഗാന്ധി പങ്കുവെക്കുകയും ചെയ്തിരുന്നു. ജോസഫ് ലെലിവെൽഡ് "മഹാത്മാവ്: മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ഇന്ത്യയുമായുള്ള പിടച്ചിലും' എന്ന പുസ്തകത്തിൽ പറയുന്നത് ഇപ്രകാരമാണ്: ഒരു ഘാതകന്റെ വെടിയുണ്ടയെ താൻ നേരിടേണ്ടി വരുമെന്ന വ്യക്തിഗതമായ അഭ്യൂഹം ഗാന്ധി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കുവെച്ചിരുന്നു. 1948 ജനുവരി 30-ന്, ഡൽഹിയിലെ ബിർള മന്ദിരത്തിന്റെ പൂന്തോട്ടത്തിൽ തന്റെ യഥാർഥ അന്ത്യത്തിന് അഞ്ച് വർഷത്തിലേറെ മുമ്പുതന്നെ, ഒരു മുസ്‌ലിമായിരിക്കും ആക്രമിക്കുക എന്നദ്ദേഹം സങ്കൽപ്പിച്ചിരുന്നു. ഖിലാഫത്തിന്റെ മഹത്തായ നാളുകൾ മുതൽ മുസ്‌ലിം സമുദായത്തിനായി താൻ നിലകൊണ്ടിട്ടും ഇങ്ങനെയൊന്നു സംഭവിക്കുമെന്ന ആശങ്ക ഗാന്ധിക്കുണ്ടായിരുന്നു. ഗാന്ധി പറയുകയുണ്ടായി: "എന്റെ ജീവിതം അവർക്ക് സമർപ്പിച്ചിരിക്കുന്നു. എന്റെ ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്.'

​ഗാന്ധിജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ

പക്ഷെ ഗാന്ധിയുടെ ഈ അശുഭധാരണ അസ്ഥാനത്തായി. വർഗീയ ചേരിതിരിവും വിരോധവുമാണ് തന്റെ വധത്തിനു ഹേതുവായിരിക്കുക എന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. പക്ഷെ വധത്തിനുള്ള പ്രേരണയെക്കുറിച്ചോ ഘാതകർ ഏതു രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിരിക്കുമെന്നോ ഗാന്ധിജി മനസ്സിലാക്കിയിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. ഗാന്ധിയെ വധിക്കാൻ ഹിന്ദു ഭീകരവാദികൾക്കുണ്ടായിരുന്ന ഏക ന്യായം ഗാന്ധി മുസ്‌ലിം പക്ഷപാതിയായിരുന്നുവെന്നാണ്. സ്വകാര്യമായൊരു വേളയിലോ ഒരു സ്ഥലത്തോ വെച്ചായിരുന്നില്ല ഗാന്ധി വധിക്കപ്പെട്ടത് എന്നതും പ്രത്യേകതയാണ്. ബിർള മന്ദിരത്തിൽ നടക്കുന്ന, ബഹുവിശ്വാസങ്ങളെ ആദരിക്കുന്ന പ്രാർത്ഥനാ യോഗത്തിലേക്ക് നടന്നുപോകവേയാണ് പോയിന്റ് ബ്ലാങ്കിൽ മഹാത്മാവിന് ഹിന്ദു ഭീകരരുടെ വെടിയേൽക്കുന്നത്. സർവ ധർമ ആത്മീയതയുടെ പ്രകാശം പരത്തുന്ന പ്രാർത്ഥനായോഗത്തിലേക്ക് പോകുന്ന വഴിയാണ് ഗാന്ധി വധിക്കപ്പെട്ടത് എന്നതിന്റെ ചരിത്രപരമായ ആകസ്മികത, ഗാന്ധിയുടെ സത്യാന്വേഷണത്തിന്റെ മാഹാത്മ്യം വർധിപ്പിക്കുന്നതേയുള്ളൂ.

ഗാന്ധിയുടെ മൃതശരീരം വിലാപയാത്രയായി രാജ്​ഘട്ടിലേക്ക്​ കൊണ്ടുപോകുന്നു / Photo: Wikipedia

മൂന്നുലക്ഷം വരുന്ന വലിയൊരു ജനാവലിയാണ് ഗാന്ധിയുടെ ശവസംസ്‌കാര ഘോഷയാത്രയെ അനുധാവനം ചെയ്തത്. അക്രമരഹിത ബഹുജന രാഷ്ട്രീയം ഇന്ത്യക്ക് ആദ്യമായി പരിചയപ്പെടുത്തിയ, ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ നേതാവിന്റെ വധം ഭീകരവാദികളുടെ രഹസ്യസംഘമാണ് നടത്തിയത് എന്ന ചരിത്രപരമായ തിരിച്ചറിവാകണം രാഷ്ട്രത്തിന്റെയും ജനതയുടെയും ഭാവിഭാഗധേയത്തിന്റെ മാർഗം ഏത് എന്ന തിരഞ്ഞെടുപ്പിൽ പ്രധാനമാകേണ്ടത്.

ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം കേൾക്കാം

Comments