വാർത്താശിലാന്യാസം

പ്രസാർ ഭാരതി എന്ന പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം, പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്. അതൊരു സ്റ്റാറ്റിയൂട്ടറി ഓട്ടോണോമസ് ബോഡിയാണ്. 1997ൽ പാർലമെന്റ് പാസാക്കിയ നിയമം, ദൂരദർശനും ആകാശവാണിക്കും സ്വയംഭരണാവകാശം നൽകുന്നുണ്ട്. എന്നാൽ, നിയമം വന്ന് കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും സ്വയംഭരണം എന്നത് ഒരു സ്വപ്‌നമായി പോലും പ്രസാർ ഭാരതിക്ക് ബാക്കിവെക്കാനായിട്ടില്ല.

എഴുപതുകളിൽ, ആകാശവാണിയുടെയും ദൂരദർശന്റെയും സ്വയംഭരണത്തെക്കുറിച്ച് പഠിച്ച വർഗീസ് കമ്മിറ്റി, 'സർക്കാർ വിലാസം' വാർത്തകൾക്കുപകരം, വികസനോന്മുഖവും സാമുഹിക മാറ്റങ്ങളെ എടുത്തുകാട്ടുന്നതുമായ റിപ്പോർട്ടുകൾ വേണം എന്ന് നിർദേശിക്കുന്നുണ്ട്. ദൂരദർശൻ വാർത്തകളെ സംബന്ധിച്ച 1985ലെ ഒരു വർക്കിംഗ് ഗ്രൂപ്പും, നേതാക്കൾക്കുപരം ജനങ്ങളെ ഫോക്കസ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. സ്വതന്ത്രമായ ഒരു പബ്ലിക് ബ്രോഡ്കാസ്റ്റിംഗിനുവേണ്ടിയുള്ള ഇത്തരം ആലോചനകളാണ്, 1997ലെ നിയമത്തിലേക്കുനയിച്ചത്. എന്നാൽ, സംഭവിത് മറിച്ചാണ്. നിയമം വരുന്നതിനുമുമ്പ് 'ഇന്ദിരാ ദർശനും' 'രാജീവ് ദർശനു' മൊക്കെയായിരുന്ന ദൂരദർശനും ആകാശവാണിക്കും കുറെക്കൂടി 'ഫലപ്രദമായി' ഭരണകൂട ദർശനം സാധ്യമാക്കുകയായിരുന്നു, ഈ വാഗ്ദത്ത സ്വയംഭരണം.

2014ൽ, നരേന്ദ്രമോദി സർക്കാർ അധികാരമേറ്റശേഷം, ഭരണകൂടാധിനിവേശം ഒന്നുകൂടി തീവ്രമായി. പ്രസാർ ഭാരതിയെ ആർ.എസ്.എസിന്റെ ഒരു പ്രോപ്പഗാൻഡ മെഷീൻ എന്ന നിലയിലേക്കുമാറ്റാൻ ശ്രമം തുടങ്ങി. എഡിറ്റോറിയൽ സ്വാതന്ത്ര്യം ഉറപ്പാക്കി ബി.ബി.സി മാതൃകയിൽ പ്രസാർ ഭാരതിയെ പുനഃസംഘടിപ്പിക്കുമെന്നാണ് 2014ൽ അന്നത്തെ ഇൻഫർമേഷൻ മന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞത്. 2014ലെ വിജയദശമിക്ക് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നാഗ്പുരിൽ നടത്തിയ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തുകൊണ്ട് ദൂരദർശൻ വാർത്താ ചാനൽ, മന്ത്രിക്കുമുന്നേ നടന്നു. പ്രകാശ് ജാവ്‌ദേക്കർ, അന്നു സൂചിപ്പിച്ച 'ബി.ബി.സി മാതൃക' ഇന്ന് ഒരു ഫലിതമായി മാറിയെന്നുമാത്രം.

പി.ടി.ഐ എന്ന രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷനൽ മീഡിയ ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ച്, ആർ.എസ്.എസുമായി ബന്ധമുള്ള ഹിന്ദുസ്ഥാൻ സമാചാർ ന്യൂസ് ഏജൻസിയുമായി പ്രസാർ ഭാരതിയുണ്ടാക്കിയ കരാർ, ഈ ഫലിതത്തിന്റെ സ്വഭാവിക തുടർച്ച മാത്രമാണ്.

ഒരുവിധ ചെറുത്തുനിൽപ്പുമില്ലാതെ കാവിവൽക്കരണത്തിന് കീഴ്‌പ്പെട്ട ഇന്ത്യൻ മുഖ്യധാരാ മീഡിയകൾക്കിടക്ക് പി.ടി.എ എന്ന വാർത്താ ഏജൻസിയെ പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. പോരായ്മകളേറെയുണ്ടെങ്കിലും, ജനാധിപത്യത്തിന്റെ അന്തഃസത്തയെ റിപ്പോർട്ടിംഗിൽ പ്രതിഫലിപ്പിക്കാൻ പി.ടി.എക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, പി.ടി.ഐ മോദി സർക്കാറിന്റെ ഒരു ഉന്നമായിരുന്നു. പി.ടി.ഐയുടെ സ്വയംഭരണത്തിൽ ഇടപെടാൻ കഴിയുംവിധം തങ്ങളുടേതായ ഒരു ചീഫ് എഡിറ്ററെ നിയോഗിക്കാനായിരുന്നു ആദ്യ ശ്രമം. പിന്നെ, വരുമാന സ്രോതസ്സ് ഇല്ലാതാക്കാൻ സമ്മർദം തുടങ്ങി. പി.ടി.ഐക്കുമേൽ 'ദേശവിരുദ്ധ' മുദ്ര ചാർത്തുന്നതിലും മോദി സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പി.ടി.ഐയുമായുള്ള കരാർ അവസാനിപ്പിക്കാൻ, 2017ൽ തന്നെ പ്രസാർ ഭാരതിയിലെ സമീർ കുമാറിനെപ്പോലുള്ള സംഘ്പരിവാർ ബ്യൂറോക്രാറ്റുകൾ സമ്മർദം ചെലുത്തിയിരുന്നു. ഹിന്ദുസ്ഥാൻ സമാചാർ ന്യൂസ് ഏജൻസി സൗജന്യമായാണ് വാർത്തകൾ നൽകുന്നത് എന്നായിരുന്നു ഇതിന് കാരണം പറഞ്ഞത്. വിവാദമായതിനെതുടർന്നാണ് അന്ന് ഈ നീക്കത്തിൽനിന്ന് പിന്മാറിയത്. പിന്നീട്, 2020 ഒക്‌ടോബറിലാണ് ഈ നീക്കം വിജയിച്ചത്.

ഏഴര കോടി രൂപക്ക് ഹിന്ദുസ്ഥാൻ സമാചാർ ന്യൂസ് ഏജൻസി, പ്രസാർ ഭാരതിക്ക് ദിവസം തോറും നൽകുന്ന 100 ന്യൂസ് സ്‌റ്റോറികളായിരിക്കില്ല, ഈ കരാറിന്റെ യഥാർഥ അപകടം.
ഇന്ത്യൻ ഗ്രാമങ്ങളിലെ, ടെലിവിഷൻ സെറ്റുള്ള 60 ശതമാനം കുടുംബങ്ങളാണ് ഈ കരാറിന്റെ ലക്ഷ്യം. അത്, അടുത്ത വർഷത്തെ ഇലക്ഷൻ കാമ്പയിനിൽ ഒതുങ്ങുന്നതുമല്ല എന്ന്, ദൂരദർശന്റെയും ആകാശവാണിയുടെയും മേലുള്ള ഹിന്ദുത്വ ഇടപെടലുകൾ ഓർമിപ്പിക്കുന്നു.

രാമജന്മഭൂമി മൂവ്‌മെന്റിനും ഹിംസാത്മകമായ ഹിന്ദു ദേശീയതാവാദത്തിനും പാകിയ ശിലകളിൽ ഒന്നായിരുന്നുവല്ലോ ദൂരദർശനിലെ രാമായണം സീരിയൽ. ഇന്ത്യൻ പൗരത്വത്തിൽ അഹിന്ദുവിനെയും അപരരെയും ആക്രമണകാരിയെയും ചാപ്പ കുത്തിയ ഒരു ദൃശ്യാവിഷ്‌കാരം. അദ്വാനിയുടെ രഥയാത്രയിലൂടെ, ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ രാമായണം സീരിയൽ, സംപ്രേഷണ ലക്ഷ്യം നിറവേറ്റി. 2020ൽ രാമായണം, മഹാഭാരതം സീരിയലുകൾ പുനഃസംപ്രേഷണം നടത്തിയപ്പോൾ ദൂരദർശന്റെ ടി.ആർ.പി കുതിച്ചുയർന്നു. ആദ്യ രാമായണ എപ്പിസോഡ് 3.4 കോടി പേരാണ് കണ്ടത്. അതേ എപ്പിസോഡ്, അന്നു വൈകുന്നേരം പുനഃസംപ്രേഷണം ചെയ്തപ്പോൾ 4.5 കോടി പേർ കണ്ടു. ഇപ്പോഴും, വർഗീയമായി ആവിഷ്‌കരിക്കാൻ കഴിയുന്ന ഒരു ഗ്രാമീണ ഓഡിയൻസിനെ സംഘ്പരിവാറിന് നട്ടുനനയ്ക്കാനാകുന്നുണ്ട്. അടുത്തവർഷം അവർ പ്രതീക്ഷിക്കുന്ന ഇലക്ഷൻ വിജയത്തിന്റെ തുടർച്ചയായ ഹിന്ദുത്വരാഷ്ട്ര നിർമിതിക്കുവേണ്ട ശിലാന്യാസം കൂടിയാണ് ഈ ഗ്രാമീണ ഓഡിയൻസിലൂടെ ലക്ഷ്യം വക്കുന്നത്. അതിന് വളമിട്ടുകൊടുക്കാനുള്ള നിരവധി പരിപാടികളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ സമാചാർ ന്യൂസ് ഏജൻസി.

ബി.ജെ.പിയുമായും ആർ.എസ്.എസുമായും ബന്ധമുള്ള ബ്യൂറോക്രാറ്റുകളും ജേണലിസ്റ്റുകളും പ്രസാർ ഭാരതിയുടെ പ്രധാന പൊസിഷനുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. അവരുടെ ഉത്തരവുകളും വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ പാരമ്പര്യങ്ങളിൽനിന്നും പുരാണങ്ങളിൽനിന്നുമൊക്കെ വീഡിയോ ഗെയിമുകളും ആനിമേഷൻ സ്‌റ്റോറികളും കോമിക്കുകളും തയാറാക്കാൻ ഡി.ഡി കിഡ്‌സ് ചാനലിനോട് നിർദേശിക്കുന്നു. മഹാകുംഭമേള അടക്കമുള്ള ഹൈന്ദവ ആഘോഷങ്ങൾക്കായി മാത്രം പുതിയ ചാനലുകൾ തുടങ്ങുന്നു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഏറ്റവും ക്രിയാത്മകമായി ഏറ്റെടുക്കാൻ കഴിയുന്ന പ്രസാർ ഭാരതി ഒരു 'ആർ.എസ്.എസ് ഭാരതി'യായി മാറുകയാണ്. പാർലമെന്റിനെ തന്നെ മുൻനിർത്തി വേണം ഇതിനെതിരായ പ്രതിരോധത്തിന് തുടക്കമിടാൻ.

Comments