കൊച്ചി രാജാവ് രാജർഷി രാമവർമ എന്ന കെട്ടുകഥ

കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമയെക്കുറിച്ചുള്ള ഐതിഹ്യസമാനമായ അൽഭുതകഥകൾ വെറും നുണകളാണെന്ന് തെളിയിക്കുന്ന ചരിത്രപഠനം

Truecopy Webzine

തൃപ്പുണിത്തുറ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങൾ വിറ്റ് തീവണ്ടിപ്പാതക്ക് പണം തികച്ച രാജാവ്, ബ്രിട്ടീഷുകാരോട് ആദർശപരമായി ഇടഞ്ഞ് സ്ഥാനം ത്യജിച്ച രാജാവ്, വെറും കൈയോടെ അധികാരപീഠം വിട്ടൊഴിഞ്ഞ രാജാവ്, അടിമവർഗത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളോട് സഹാനുഭൂതിയുണ്ടായിരുന്ന രാജാവ്... നൂറുകൊല്ലം മുമ്പ് കൊച്ചി രാജ്യം വാണിരുന്ന രാജർഷി രാമവർമയെക്കുറിച്ച് ഇതുവരെ ചരിത്രത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട നുണകളെ, അദ്ദേഹത്തിന്റെ തന്നെ ഡയറിക്കുറിപ്പുകളും കത്തിടപാടുകളും പരിശോധിച്ചും പുരാരേഖകൾ വായിച്ചും വെളിച്ചത്തുകൊണ്ടുവരികയാണ് ചരിത്രഗവേഷകനായ ചെറായി രാമദാസ് ട്രൂ കോപ്പി വെബ്‌സീനിലൂടെ.

‘‘രണ്ടുപതിറ്റാണ്ടുമുമ്പാണ് രാജാവിനെക്കുറിച്ചുള്ള അൽഭുതകഥകളുടെ സത്യാവസ്ഥയിൽ എനിക്ക് സംശയം തോന്നിത്തുടങ്ങിയത്. ആദർശ സമ്പന്നൻ, മാതൃകാ രാജൻ, സംസ്‌കൃത പണ്ഡിതൻ, മാത്രമല്ല സംസ്‌കൃത ചിത്തനും... ഇങ്ങനെ സ്തുതിപാഠകർ എഴുതിപ്പിടിപ്പിച്ച ഒട്ടേറെ തൊങ്ങലുകളുണ്ട്. അദ്ദേഹം തന്നെ സൂക്ഷിച്ചുവെച്ചിരുന്ന പുരാരേഖകളിലാണ് ഞാൻ സത്യം തെരഞ്ഞത്. 19ൽ പരം കൊല്ലത്തെ ഭരണകാലത്തെ കുറിച്ച് അദ്ദേഹത്തിനുകീഴിൽ പഴയ ഹുസൂർ കച്ചേരിയിൽ സൂക്ഷിച്ചുവച്ചിരുന്നതും ഭരണകാലശേഷം അദ്ദേഹവും മകൻ ഐ.എൻ. മേനോനും അന്യായമായി കൈയടക്കിയതും പിന്നീട് മേനോന്റെ മരണശേഷം ഭാര്യ സംസ്ഥാന ആർക്കൈവ്സിനെ ഏൽപ്പിച്ചതുമായ രാജഡയറികളും നൂറുകണക്കിന് ഭരണഫയലുകളുമാണ് എറണാകുളം റീജ്യനൽ ആർക്കൈവ്സിലുള്ളത്. മാതൃകാ രാജൻ എന്ന് കേൾവിപ്പെട്ട ബിംബത്തിനടുത്തെത്താവുന്ന ഒരു സൂചനയെങ്കിലും കാണാനായില്ല എനിക്ക്. വാഴ്ത്തുകളെല്ലാം വെറും നുണകളാണ് എന്നാണ് ഔദ്യോഗിക രേഖകളിൽ കണ്ണും മിഴിച്ചുകിടക്കുന്നത്. ഇങ്ങനെ തെളിഞ്ഞുകിട്ടിയ സത്യങ്ങൾ ചേർന്നാൽ വലിയൊരു ഗ്രന്ഥമാകും. അതിന്റെ ആദ്യഘട്ടമാണ് ഈ പഠനം''- ചെറായി രാമദാസ് എഴുതുന്നു.

രാമവർമയുടെ ഭരണകാലം 19-ൽ പരം കൊല്ലമാണ്. അതിൽ പതിനെട്ടേകാൽ കൊല്ലം അദ്ദേഹം എഴുതിയ ഡയറികളാണ് കണ്ടുകിട്ടിയത്. അവ മുഴുവൻ പരിശോധിച്ചിട്ടാണ് ഈ പരമ്പര തയ്യാറാക്കുന്നത്. റസിഡന്റുമാരും രാജാവും ദിവാന്മാരും തമ്മിൽ നടത്തിയ കത്തിടപാടുകൾ, രാജാവിന്റെ അപൂർണമായ ആത്മകഥയും ഐ. എൻ. മേനോൻ എഴുതിയ രാജാവിന്റെ ജീവിത ചരിത്രവുമടങ്ങുന്ന ‘ദ് രാജർഷി ഓഫ് കൊച്ചിൻ' തുടങ്ങിയവ ഡയറിക്കുറിപ്പുകളോട് ഒത്തുനോക്കിയിട്ടുണ്ട്. രാജരണത്തിലെ ചെറുതും വലുതുമായ, അറിയപ്പെടാത്ത ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുകയാണ് ഇൗ പഠനത്തിൽ.

ചരി​ത്ര രേഖകളിൽനിന്ന്:
അയിത്ത ജാതിക്കാർക്കുവേണ്ടി ബ്രിട്ടീഷുകാരിൽനിന്നും ദിവാൻ രാജഗോപാലചാരിയിൽനിന്നും ഉണ്ടായ സമ്മർദം തെളിഞ്ഞു കാണാവുന്നതാണ് രാജാവ് 24.5.1897-ന് ദിവാന് എഴുതിയ കത്ത്. ഈഴവർക്ക് സർക്കാർ ജോലി നേടിക്കൊടുക്കാൻ ഡോ. പൽപ്പു തിരുവിതാംകൂറിൽ പൊരുതുമ്പോൾ, സമാന പരിശ്രമങ്ങൾ കൊച്ചിയിലും നടക്കുന്നുണ്ടായിരുന്നു എന്ന അറിയപ്പെടാത്ത വസ്തുതയും വെളിവാക്കുന്നുണ്ട് ഈ കത്ത്: ‘താങ്കളുടെ ഇന്നത്തെ കത്തിനൊപ്പം കിട്ടിയ തീയരുടെ 2 പരാതികൾ ഇതൊടൊപ്പം തിരിച്ചയയ്ക്കുന്നു.'
‘സർക്കാർ സർവീസ് എല്ലാ ജാതി- മതക്കാർക്കും, കഴിയുന്നിടത്തോളം തുറന്നു കൊടുക്കണമെന്നാണ് എന്റെയും നയം. അതുകൊണ്ട്, ഹുസൂറിലോ റെജിസ്ട്രി ഓഫീസുകളിലോ തീയർ ക്ലാർക്കുമാരായി നിയമിക്കപ്പെടുന്നതിൽ എതിർപ്പൊന്നും ഞാൻ കാണുന്നില്ല.'
‘ഇതോടനുബന്ധിച്ച് ഞാൻ പറയുന്നത്, തലപ്പിള്ളി താലൂക്കിലെ നെല്ലുവായ് സ്വദേശിയായ എ.അനന്തനാരായണ അയ്യർക്ക്, പുതുതായി തുടങ്ങുന്ന ഒരു സബ് റെജിസ്ട്രി ഓഫിസിൽ ഒരു ക്ലാർക്ക് ജോലി കൊടുക്കാൻ താങ്കൾക്കു കഴിഞ്ഞാൽ ഞാൻ സന്തോഷവാനാകും എന്നാണ്. താങ്കളെ കാണാൻ ഇതിനകം അപേക്ഷ തന്നിട്ടുള്ള ആ ബ്രാഹ്മണ യുവാവിന്റെ കാര്യത്തിൽ എന്റെ ഒരു സുഹൃത്തിനു താൽപര്യമുണ്ട്. സത്സ്വഭാവിയായി എനിക്കു തോന്നുന്ന ആ യുവാവ് മട്രിക്കുലേഷൻ പാസായിട്ടുണ്ട്; എഫ്. എ. കോഴ്സ് പൂർത്തിയാക്കിയെന്ന് പറയുന്നു.'

രാജർഷി സ്ഥാനമൊഴിയുന്നതിന്റെ ഒന്നര വർഷം മുമ്പുപോലും, അയിത്ത ജാതിക്കാരുടെ അടിയന്തര പൗരാവകാശത്തിന് വല്ല വിലയും കൽപ്പിയ്ക്കാൻ കൊച്ചി സർക്കാരിന് കഴിഞ്ഞില്ല.
‘‘1913 ഏപ്രിൽ 16-ന് (1088 മേടം 4-ന്) ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പി. നാരായണമേനോൻ ‘ക്രിമിന[-ാ]ൽ നടവടി 125-ാം വകുപ്പ് പ്രകാരം കൽപിക്കുന്നത് എന്തെന്നാൽ ഇരിഞ്ഞാലക്കുടെ കുടൽമാണിക്കം ക്ഷെത്രത്തിന്റെ നാലുപുറവും ഉള്ള എടവഴികളിൽ കൂടിയും കുട്ടൻ കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഉള്ള കരകളിലും വഴികളിലും കൂടിയും ഹിന്തുക്കളിൽതന്നെ തീണ്ടൽ ജാതിക്കാരും ഇതരമതക്കാരും മെപ്പടി ക്ഷെത്രത്തിലെ ഉത്സവകാലത്ത് സഞ്ചരിക്കുന്നതകൊണ്ട തന്ത്രി മുതലായവർക്ക അസഹ്യൊപദ്രവം നെരിടുന്നതാണെന്നും തന്നിമിത്തം സമാധാനലംഘനത്തിന്ന എടയുണ്ടെന്നും നാം കണ്ടിരിക്കയാൽ മെൽപറഞ്ഞ വഴികളിൽ കൂടി ഉത്സവം തുടങ്ങുന്നതായ [ഈ] മാസം 6-നു മുതൽ ഹിന്തുക്കളിൽ തന്നെ തീണ്ടൽ ജാതിക്കാരും ഇതരമതക്കാരും ഗതാഗതം ചെയ്ത പൊകരുതെന്ന നാം ഇതിനാൽ ഖണ്ഡിതമായി കൽപിക്കുകയും താക്കീതാക്കയും ചെയ്യുന്നു.'’(കൊച്ചി ഗവ: ഗസ്റ്റ്, 1913 മെയ് 3 = 1088 മേടം 21 ശനി, Part III, Judicial Dept., പേ. 163 Vol: 47 No.33).

രാജർഷി രാമവർമ: ഇതാ, രേഖകൾ സത്യം പറയുന്നു
ചെറായി രാമദാസിന്റെ ചരിത്രാന്വേഷണ പരമ്പര
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 55ൽ വായിക്കാം, കേൾക്കാം

Comments