Photo: Wikimedia Commons

മലബാർ കലാപം: കള്ളം പറയാത്ത ഓർമകളിലൂടെ, വാക്കുകളിലൂടെ

മലബാർ കലാപകാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അനുഭവങ്ങളും ഓർമകളും രേഖപ്പെടുത്തി, കലാപത്തിന് ഒരു വാമൊഴി ചരിത്രം എഴുതിയ ഷംഷാദ് ഹുസൈൻ, തന്റെ ഗവേഷണ അനുഭവങ്ങൾ എഴുതുന്നു. കലാപത്തിന്റെ കെടുതികൾ 'അനുഭവിച്ച' ഒരു ജനത അതിനെ എങ്ങനെ വിലയിരുത്തുന്നു എന്നന്വേഷിക്കുന്ന ‘മലബാർ കലാപത്തിന്റെ വാമൊഴി പാരമ്പര്യം' എന്ന പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങളും.

നൂറുവർഷങ്ങൾക്കുശേഷവും പ്രസക്തമായ ഓർമകൾ

ട്ടുമാസത്തോളം എന്നാണ് 1921 ലെ മലബാർ കലാപത്തിന്റെ ദൈർഘ്യത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നത്. പക്ഷെ, ഈ സംഭവം നടന്ന പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ച്​ അത് തലമുറകളോളം നീളുന്ന ചരിത്രമാണ്. ഒരു ജനതയുടെ ത്യാഗം,സഹനം, പോരാട്ട വീര്യം, ഇച്ഛാശകതി എല്ലാം അവരുടെ കഥകളിൽ പ്രധാനമായി വരുന്നു. പരപ്രദേശങ്ങളിൽ പല കാരണങ്ങളും സ്വഭാവവിശേഷങ്ങളുമാണ് ഈ സംഭവത്തിനുണ്ടായിരുന്നത്. അതുകൊണ്ട് ഒരു എകീകൃത സ്വഭാവം ഇതിനുണ്ടായിരുന്നില്ല എന്നു കാണാം.
പക്ഷെ ഏത് പ്രദേശത്തെയും കാരണങ്ങൾ വിലയിരുത്തിയാൽ കൃത്യമായ ബ്രീട്ടീഷ് വിരോധം നമുക്കിവയിൽ നിന്ന് വായിച്ചെടുക്കാം. താനൂർ പ്രദേശത്ത് ലഹളയുണ്ടാവാനിടയായ സാഹചര്യം വ്യക്തമാക്കുന്നത്, കൃഷിഭൂമിയെ സംബന്ധിച്ച തർക്കത്തിൽ നിന്നാണ്. ഗവൺമെൻറ്​ അധീനതയിലുള്ള ഭൂമിയിൽ കൃഷിചെയ്യുന്നത് നിരോധിച്ച്​ പട്ടാളക്കാർ എത്തിയപ്പോൾ കൂട്ടം ചേർന്ന് അതിനെ പ്രതിരോധിക്കുകയായിരുന്നു ജനങ്ങൾ ചെയ്തത്. കുഞ്ഞഹമ്മത് ഹാജിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ തികച്ചും സർക്കാർ വിരുദ്ധ നിലപാടു തന്നെയെന്നത് അവരുടെ ചെറിയ പ്രതിരോധങ്ങളിൽ പോലും വ്യകതമാണ്.

സർക്കാർ കെട്ടിടങ്ങൾ പൊളിക്കുക, ഖജാന തകർത്ത് നോട്ടുകൾ എടുത്തു കളയുക, റെയിൽ പാളങ്ങൾ, പാലങ്ങൾ എന്നിവ തകർക്കുക തുടങ്ങിയവ തന്നെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. താനൂരിലെ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ല്യാർ എഴുതിയ ലുഘുലേഖ അക്കാലത്ത് ബ്രിട്ടീഷുകാർ നിരോധിച്ചിരുന്നു. ‘മുഹിമ്മാത്തുൽ മുഅ്മിനീൻ'- സത്യവിശ്വാസികളെ നിങ്ങളുടെ കടമ എന്ന പേരിലുള്ള ലഘുലേഖ ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങളിലധിഷ്ഠിതമായതും ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം വിശ്വാസികളുടെ കർത്തവ്യമാണ് എന്ന് ഉത്‌ബോധിപ്പിക്കുന്നതുമാണ്. മുസ്​ലിംകളുടെ മത വിശ്വാസത്തിന്റെ ഭാഗമായി തന്നെയാണീ പോരാട്ടം എന്നതുകൊണ്ടു തന്നെ ഈ ലഘുലേഖ ഒരു മാതൃകയാണ്.

ബ്രിട്ടീഷുകാർക്കെതിരെ പോരാടേണ്ടത് ഓരോ മുസ്​ലിമിന്റെയും കടമയാണെന്ന പൊതുവികാരം അന്ന് രൂപപ്പെട്ടതായി കാണാം. ജുമഅ, കലാരൂപങ്ങൾ എല്ലം ഈ തരത്തിൽ ബ്രീട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങൾക്കും ആശയ പ്രചാരണങ്ങൾക്കുമുള്ള വേദിയായവർ പ്രയോജനപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മലബാർ കലാപത്തിലെ രകതസാക്ഷികൾ മാത്രമല്ല, മുസ്​ലിംകൾ മാത്രമല്ല, ഒരു പ്രദേശത്തെ ജനത ഒന്നാകെ വിദേശഭരണത്തിനും അവർ അനുകൂലിക്കുന്ന ജന്മിമാർക്കും എതിരെ കൃത്യമായ ആശയങ്ങൾ ഉൾക്കൊണ്ടവരായിരുന്നു. അതുകൊണ്ട് ഐ.സി.എച്ച്​.ആർ പോലുള്ള സ്ഥാപനങ്ങളുടെ ഗൂഢാലോചനകളിലെ രാഷ്ട്രീയം തിരിച്ചറിയാൻ ഓരോ വ്യക്തിക്കും കഴിയും. താലിബാന്റെ കയ്യിൽ തോക്കു കിട്ടിയപോലെയാണ് ഇവിടെ ഭരിക്കുന്ന സർക്കാർ, തങ്ങളുടെ കയ്യിലെ അധികാരത്തെ പ്രയോജനപ്പെടുത്തുന്നത്. നീതി, യുക്തി എന്നിവയൊന്നും അതിൽ പ്രവർത്തിക്കുന്നില്ല. അധികാരത്തിന്റെ വിറളിപിടിച്ച നെട്ടോട്ടം മാത്രമാണിത്. അക്കാദമികളിലെ വരണ്ട രേഖകളിലല്ല, ജനങ്ങളുടെ മനസ്സിലാണ് പോരാട്ടം എന്ന് എന്റെ അന്വേഷണത്തിലെ വാമൊഴികളോരോന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. നൂറുവർഷങ്ങൾക്കുശേഷവും ഈ ഓർമകൾക്കുള്ള പ്രസക്തിയും ഇതുതന്നെ.

‘മലബാർ കലാപത്തിന്റെ വാമൊഴി പാരമ്പര്യം'
എന്ന പുസ്തകത്തിന്റെ ആമുഖം

ലബാർ കലാപത്തെ സംബന്ധിച്ച ഓർമ്മകളെ അവലംബിച്ചുള്ളതാണ് മലബാർ കലാപത്തിന്റെ വാമൊഴി പാരമ്പര്യം എന്ന ഈ പഠനം. മലബാർ കലാപം നടന്ന പ്രദേശത്തെ ജനങ്ങൾ ഇന്ന് ഓർമ്മകളിൽ എങ്ങനെ ആ ചരിത്രസംഭവത്തെ സംവഹിക്കുന്നു എന്നതാണ് ഈ പഠനം അന്വേഷിക്കുന്നത്. ഈ അന്വേഷണം മുഖ്യമായും ജനങ്ങളുടെ വാമൊഴിയെ ആശ്രയിക്കുന്നതുകൊണ്ട് മലബാർ കലാപത്തിന്റെ വാമൊഴി ചരിത്രമെന്ന് ഇതിനെ വിളിക്കാം. ജനങ്ങളുടെ ഓർമ്മയെ ചരിത്രമെന്നു വിശേഷിപ്പിക്കാമോ? ഇത് പ്രബന്ധത്തിലുടനീളം സജീവമായി നിലനിർത്തുന്ന ചോദ്യമാണ്. ഓർമ്മകളെത്തന്നെ വ്യക്തികളുടെ ഓർമ്മകളായും കൂട്ടായ്മകൾ പങ്കുവയ്ക്കുന്ന ഓർമ്മകളായും മനസ്സിലാക്കേണ്ടതുണ്ട്.
മലബാർ കലാപത്തിന്റെ ചരിത്രം പലതരത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.

കൊളോണിയൽ, ദേശീയം, മാർക്സിയൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെടാവുന്ന തരത്തിലുള്ള ഈ പഠന പരിശ്രമങ്ങളെ പശ്ചാത്തലത്തിലേക്ക് നീക്കി നിർത്തിക്കൊണ്ടാണിവിടെ വാമൊഴിയുടെ വഴി സ്വീകരിക്കുന്നത്. വാമൊഴി വഴക്കത്തിലെത്തുമ്പോൾ ആഖ്യാനം സ്വത്വപ്രധാനമായിത്തീരുന്നു. ഓർമ്മ- അതു വ്യക്തിഗതമോ സാമൂഹികമോ ആകാം-വാക്കുകളിലൂടെ ഭാഷാ മാതൃകകളായി അവതരിപ്പിക്കുമ്പോൾ പലതരത്തിലുള്ള നിർണ്ണയനങ്ങൾക്കു വിധേയമാകുന്നുണ്ട്. ജാതി, മതം, ദേശം, കാലം, ലിംഗം എന്നിവയെല്ലാം ആഖ്യാനത്തിൽ നിർണ്ണായക ഘടകങ്ങളായിത്തീരുന്നു. അതുകൊണ്ടുതന്നെ ഇത്തരം നിർണ്ണയനങ്ങൾ പ്രകടമാക്കുന്ന പഠന പദ്ധതിക്ക് പ്രസക്തിയുണ്ട്. ഇവിടെ പെൺമൊഴികൾക്ക് പ്രത്യേക പ്രാധാന്യം നല്കി മലബാർ കലാപത്തിന്റെ ചരിത്രം അവയിലൂടെ ക്രോഡീകരിക്കാൻ ശ്രമിക്കുകയാണ്. ഇതിലെ ആവേദകരിൽ പകുതിയിലധികവും സ്ത്രീകളാണ്. ഇവരിൽ മിക്കവരും വിജ്ഞാന വിനിമയത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന വിശ്വാസക്കാരാണ്. മലബാർ കലാപം പോലെയുള്ള ‘മഹാ'സംഭവങ്ങളെക്കുറിച്ചു വിലപ്പെട്ട അറിവുകളൊന്നും സ്ത്രീകൾക്ക് നൽകാനാവില്ല എന്ന അഭിപ്രായം പൊതുസമൂഹത്തിനുമുണ്ട്. പൂർവപഠനങ്ങളും സമകാലിക വിജ്ഞാന പരിശ്രമങ്ങളും കലാപഭൂമിയിലെ മുസ്ലീം സ്ത്രീകളെ ആവേദകരായി പരിഗണിച്ചിട്ടില്ല. ഫോക്​ലോറിന്റെയും വാമൊഴിപ്പാര മ്പര്യപഠനത്തിന്റെയും പ്രചോദനത്തിൽ പഠനം തുടങ്ങിയപ്പോൾ ആവേദകരുമായുള്ള അഭിമുഖീകരണം തന്നെ രീതിശാസ്ത്ര പ്രശ്നങ്ങൾ ഉണ്ടാക്കി. പ്രായോഗിക തലത്തിലുണ്ടായ പ്രതിസന്ധിയെ രീതിശാസ്ത്രവിചിന്തനമാക്കി വളർത്താൻ ശ്രമിക്കുകയാണ് ഇവിടെ. സമഗ്രമായ പരിശോധന ഈ പരിശ്രമത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു നടത്തുക ദുസ്സാധ്യമായതിനാൽ സമകാല സൈദ്ധാന്തിക മേഖലയിൽ നടന്നു വരുന്ന അന്വേഷണങ്ങളിലെ ചില വാദങ്ങളും ഉൾക്കാഴ്ചകളും ഹ്രസ്വമായി അവലോകനം ചെയ്യാൻ മാത്രമാണിവിടെ ശ്രമിക്കുന്നത്.

ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

സാഹിത്യത്തിലും മറ്റെഴുത്തുകളിലും വന്നിട്ടുള്ള മുസ്ലീം സമുദായ പ്രതിനിധാനങ്ങൾ മുഖ്യമായും ഇസ്ലാമിന്റെയും മുസ്ലീങ്ങളുടെയും ‘പിന്നാക്കാ'വസ്ഥയെ/ ‘പ്രാകൃതാ'വസ്ഥയെ സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ്. വികസിത/അവികസിത സംസ്‌കാരത്തെ സംബന്ധിച്ച കൊളോണിയൽ മാനകങ്ങളും മൂല്യങ്ങളുമാണ് മുസ്ലീങ്ങളെ വംശീയമായി അപകർഷനിലയവലംബിക്കുന്ന വിഭാഗമായി കല്പിക്കുന്നതിൽ അന്തർഭവിച്ചിട്ടുള്ളത്. അധിനിവേശ മാതൃകകൾ എങ്ങനെ ദേശീയ മാതൃകകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു എന്നത് അത്ര തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു പ്രശ്നമാണ്.

മലബാറിലെ ഏറ്റവും പ്രബലമായ കൊളോണിയൽ വിരുദ്ധ സമരം എന്നു വിലയിരുത്തപ്പെടുന്ന മലബാർ കലാപത്തിന്റെ കെടുതികൾ ‘അനുഭവിച്ച' ഒരു ജനത അതിനെ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് ഇവിടെ അന്വേഷിക്കാൻ ശ്രമിക്കുന്നത്; അതിനു പതിവ് ഉപാദാനങ്ങൾ വിട്ട് സാമാന്യജനങ്ങളുടെ വാമൊഴിപ്പാരമ്പര്യങ്ങളെ ആശ്രയിക്കുന്നത് രീതിശാസ്ത്രപരമായ വ്യതിയാനമാണ്. സാമ്പ്രദായിക പ്രതിനിധാന രാഷ്ട്രീയത്തെ മറികടന്നുകൊണ്ട് മുസ്ലീങ്ങളുടെയും, വിശിഷ്യ മുസ്ലീം സ്ത്രീകളുടെ, കീഴ്ജാതികളുടെയും വാമൊഴിപ്പാരമ്പര്യങ്ങളിലൂടെ കലാപത്തെക്കുറിച്ചുള്ള അറിവുകൾ തേടുന്നു. ചരിത്രാഖ്യാനങ്ങളിൽ നിശബ്ദമാക്കപ്പെട്ട (സ്ത്രീകൾ, ദലിതർ) പ്രാന്തസ്ഥ വിഭാഗങ്ങളുടെ ശബ്ദവും അനുഭവങ്ങളും വീണ്ടെടുക്കുന്ന തരത്തിലുള്ള അന്വേഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഈ പഠനത്തിൽ സ്വീകരിച്ചിട്ടുള്ള പൂർവകല്പനകളെ ഇങ്ങനെ സംഗ്രഹിക്കാം:

(1) കലാപങ്ങളിലായാലും യുദ്ധങ്ങളിലായാലും എത്ര സ്ത്രീകൾ ഇരകളാക്കപ്പെട്ടു, എത്ര പേർ ദുരന്തമനുഭവിച്ചു എന്നിങ്ങനെ സ്ഥിതി വിവരക്കണക്കുസ്വഭാവമുള്ള അന്വേഷണങ്ങളേ നടന്നിട്ടുള്ളൂ. അവരുടെ പ്രവർത്തനങ്ങൾ ഗുണപരമായി വിലമതിക്കാൻ ശ്രമങ്ങൾ ഏറെ ഉണ്ടായിട്ടില്ല.

(2) ഒരു അധീശ വ്യവഹാരത്തിനകത്ത് രൂപപ്പെടുന്ന ആഖ്യാനമാണെങ്കിൽപ്പോലും പ്രബലമായ അധികാര വ്യവസ്ഥയ്ക്കോ പൊതുവായ അധികാര വ്യവസ്ഥയ്ക്കോ കീഴ്പ്പെടാത്ത അംശം കീഴാളരിൽ ഉണ്ടാവാമെന്നും അതു പ്രത്യക്ഷ സമരങ്ങളോ നിഷേധങ്ങളോ വെല്ലുവിളികളോ ആയി വെളിപ്പെട്ടിട്ടില്ലെങ്കിൽപ്പോലും മൗനങ്ങളായോ സ്വകാര്യമണ്ഡലങ്ങളിലെ എതിർ ശബ്ദങ്ങളായോ നിലനില്ക്കുന്നുണ്ട് എന്നുമുള്ള സമീപനമാണ് ഈ പഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഭാഷയിലും ആഖ്യാനത്തിലും ചരിത്രത്തിലും സ്ത്രീകൾക്കു സ്വന്തമായ സ്വരമുണ്ടെന്ന സ്ത്രീവാദപരമായ സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ആ നിലയ്ക്ക് ഇവിടെ അന്വേഷിക്കുന്നതു മലബാർ കലാപത്തിന്റെ സ്ത്രീഭാഷ്യം കൂടിയാണ്.

(3) ആവേദകരെ പഠനവസ്തുക്കളായും നിരീക്ഷിക്കപ്പെടേണ്ടവരായും കണ്ടുകൊണ്ട് അവരെക്കുറിച്ചു പുതിയ വിജ്ഞാനം ഉല്പാദിപ്പിക്കുക ഈ പഠനത്തിന്റെ ലക്ഷ്യമല്ല. സാമൂഹ്യമായ ജ്ഞാനോല്പാദനത്തിൽ ആവേദകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തിൽ അവരുടെ ആഖ്യാനങ്ങളെ സ്ഥാന നിർണ്ണയം ചെയ്യുന്നതാണ് പഠന സമ്പ്രദായം.

കലാപപഠനത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട സ്വരങ്ങളാണ് ഈ പഠനത്തിൽ പ്രയോജനപ്പെടുത്തുന്നത്. സ്ത്രീകളുടെയും കീഴ്ജാതിക്കാരുടെയും ആഖ്യാനങ്ങൾക്കു പ്രാമുഖ്യം നല്കപ്പെടുന്നത്. അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികമാണ്. സ്ത്രീ ചരിത്രം, ദലിത് ചരിത്രം തുടങ്ങിയ വെള്ളം ചോരാത്ത അറകളിൽ ഇതിനെ ഒതുക്കാത്തതിനു കാരണമിതാണ്. പലപ്പോഴും ഇവ മുഖ്യധാരയുടെ അതിജീവന തന്ത്രങ്ങളാൽ തമസ്‌ക്കരിക്കപ്പെടുകയോ അതിലേക്ക് ഏകീകരിക്കപ്പെടുകയോ ആണ് സംഭവിക്കുന്നത്. അതിനാൽ മുഖ്യധാരയിൽ ലഭിക്കുന്ന അല്പം ഇടംകൊണ്ടോ സമാന്തര ചരിത്ര സൃഷ്ടി കൊണ്ടോ തൃപ്തമാകേണ്ടതല്ല ഇത്തരം സമീപനം എന്ന കാഴ്ചപ്പാടിൽ നിലവിലുള്ള പുതിയ രീതിശാസ്ത്രങ്ങളെ സ്വാംശീകരിച്ച് ഈ സ്വത്വവിഭാഗങ്ങളെ മുൻനിർത്തുന്ന ഒരു ചട്ടക്കൂട് രൂപപ്പെടുത്താനാണ് ഈ പഠനത്തിൽ ശ്രമിക്കുന്നത്.

വാമൊഴികളിലൂടെ കടന്നു പോകുമ്പോൾ ലഭിക്കുന്ന കൗതുകകരമായ ഒരു തിരിച്ചറിവ് പ്രാദേശിക കൂട്ടായ്മ സൃഷ്ടിക്കുന്ന നായകരും കലാപകാരണങ്ങളും മുഖ്യധാരാ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ്. ദേശരാഷ്ട്ര ചരിത്രത്തിന്റെ വിശാലതയിൽ നിന്നു രൂപപ്പെടുത്തിയ ചരിത്ര വീക്ഷണങ്ങളിൽ മുകളിൽനിന്നുള്ള കാഴ്ചയാണ് ഉള്ളത്. ഈ കാഴ്ചയിൽ പ്രാദേശിക ഘടകങ്ങൾ അപ്രസക്തമാവുകയോ മറയ്ക്കപ്പെടുകയോ ചെയ്യാം. എന്നാൽ വാമൊഴികളിലൂടെ വെളിച്ചം കാണുന്ന ജനങ്ങളുടെ ചരിത്രത്തിൽ സംഭവങ്ങളുടെ പട്ടിക വ്യത്യസ്തമാണ്. ഇവിടെ ചരിത്ര രചനയ്ക്കുപകരം നില്ക്കുന്ന ബദൽ ചരിത്രമെന്ന നിലക്കല്ല ഇവക്കുസ്ഥാനം. പ്രാദേശിക സവിശേഷതകളിൽ കേന്ദ്രീകരിക്കുന്ന സൂക്ഷ്മ ചരിത്രങ്ങളാണിവ. സാമാന്യങ്ങളേക്കാൾ വിശേഷങ്ങളിലാണിവ ഊന്നുന്നത്.
മലബാർ കലാപത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കു വാമൊഴി രൂപത്തിൽ ലഭിക്കുന്ന പ്രതികരണങ്ങൾ അന്വേഷണ വിഷയത്തെ മറികടന്ന് അന്നത്തെ സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ അടരുകളിലേക്ക് ചെല്ലുന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്നു. കൊല്ലപ്പെട്ടവരെക്കുറിച്ച് ചോദിച്ചപ്പോൾ ഖബറുകാണാൻ പോയതിന്റെ വല്ലായ്മകളും യാത്രക്കിടയിലെ മറ്റനുഭവങ്ങളും ആഖ്യാനത്തിൽ ഉയർന്നു വരുന്നതു കാണാം. പട്ടിണിയും സാമൂഹ്യാവശതകളും സാമൂഹ്യ ജീവിതത്തിലെ നൊമ്പരങ്ങളും കലാപത്തെ തള്ളിനീക്കി വാക്കുകളിലൂടെ മുൻനിരയിലേക്കെത്തുന്നു. ചരിത്രകാരരുടെയും ഗവേഷകരുടെയും മുൻഗണനകളെയും താല്പര്യങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് ആവേദകമൊഴികൾ കുത്തിയൊഴുകുന്നത്. ഇത് നാട്ടാരുടെ ചരിത്രാവബോധത്തെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനു വഴി തുറക്കുന്നു.

എന്നോ നടന്ന മലബാർ കലാപം എന്ന സംഭവത്തെക്കുറിച്ചുള്ള കാലാനുക്രമ വിവരണം ഈ പഠനത്തിന്റെ ലക്ഷ്യമല്ലാത്തതിനാൽ മുൻകൂട്ടി ചിട്ടപ്പെടുത്തിയ ചോദ്യാവലികൾ ഈ അന്വേഷണത്തിൽ ഉപയോഗിച്ചിട്ടില്ല. ഔപചാരികവും സാമ്പ്രദായികവും പരക്കെ പ്രചാരത്തിലുള്ളതുമായ അഭിമുഖരീതികൾ ആവേദകരുടെ ആശയ വിനിമയത്തിന്റെ സഹജ സ്വഭാവത്തെ തടസ്സപ്പെടുത്തുന്നതായാണ് അനുഭവം. കൃത്യതയ്ക്കു വേണ്ടിയുള്ള അത്തരം ചോദ്യാവലികൾ ആവേദകരുടെ ആത്മവിശ്വാസത്തെ തകർക്കാനും ഇടയാക്കിയേക്കാം. മുഖ്യധാരാ എഴുത്തിൽനിന്ന് വളരെ ഭിന്നമായ അറിവായിരിക്കും ആവേദകരുടെ അനുഭവത്തിലുള്ളത്. എന്നാൽ എഴുത്തിലൂടെയും മാധ്യമത്തിലൂടെയും പരിചയിച്ചിട്ടുള്ള ചരിത്ര ബോധവും അവരുടെ ചരിത്രാനുഭവധാരണകളെ സ്വാധീനിച്ചിട്ടുണ്ടാവാം. മുഖ്യധാരയിൽ വന്നിട്ടുള്ള സംഭവങ്ങളെ അടിസ്ഥാന മാക്കിയുള്ള ചോദ്യങ്ങളാവുമ്പോൾ അതാണ് "യഥാർത്ഥ' സംഭവമെന്നും അതേക്കുറിച്ചുള്ള അജ്ഞതകൊണ്ട് തങ്ങൾക്കിതേക്കുറിച്ച് ഒന്നും പറയാനാവില്ല എന്നുമുള്ള തോന്നൽ ആവേദകർക്ക് ഉണ്ടാവാനിടയുണ്ട്. അതിനാൽ ചോദ്യങ്ങൾ അവരുടെ അനുഭവങ്ങളെ ആഖ്യാനം ചെയ്യാൻ പ്രചോദനം നൽകുന്ന വിധത്തിലുള്ളതായിരിക്കണം. സമപ്രായക്കാരുടെയോ സമാനാനുഭ വങ്ങളുള്ളവരുടെയോ സാന്നിധ്യം അഭിമുഖത്തിനു കൂടുതൽ സഹായകമാകും. ഇവിടെ സംഘം ചേർന്നുള്ള സംഭാഷണരീതിയായി ഇതു മാറാം. ഇതു കൂടുതൽ മെച്ചപ്പെട്ട രീതിയായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ചെറിയ ഫോക്കസ്ഗ്രൂപ്പായും വലിയ കമ്മ്യൂണിറ്റിഗ്രൂപ്പായും ആവേദകരെ തരംതിരിച്ചിട്ടുണ്ട്. അതിൽ ഫോക്കസ് ഗ്രൂപ്പുമായുള്ള സംഭാഷണം ഒരു സംഭവത്തെക്കുറിച്ചുള്ള ആഖ്യാനം രൂപപ്പെടുത്താൻ സഹായകമാകും. ഇതു ചിലപ്പോൾ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന വേദിയായും രൂപപ്പെടാം. ഇത്, മുമ്പ് മുഖ്യ ആവേദകയിൽ നിന്നുകേട്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി ആഖ്യാനത്തെ അനായാസേന മുന്നോട്ടു നയിക്കുകയും നേരിട്ടുള്ള അനുഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിവരണങ്ങൾക്ക് പ്രചോദനമരുളുകയും ചെയ്യും.

ഇത്തരം ചർച്ചകൾക്ക് കേരളീയ സാഹചര്യത്തിൽ കുടുംബവേദിയാണ് ഉത്തമം.
വർത്തമാനാവസ്ഥയിൽ ആവേദകർ ഏതു മേഖലയിലാണ് താല്പര്യം കാണിക്കുന്നത് എന്നു മനസിലാക്കുന്നതും അഭിമുഖം എളുപ്പമാക്കും. പ്രസ്തുത മേഖലയുമായി ഓർമ്മകൾ ബന്ധപ്പെടുമ്പോൾ മാത്രമേ അവർ സംസാരിക്കാൻ തയ്യാറാവുകയുള്ളു. അതുകൊണ്ടുതന്നെ ആവേദകർ പഴയ കാലത്തെക്കുറിച്ചു പറയുന്നതും പറയാതെ പോവുന്നതും ഇടയ്ക്കു കടന്നു കയറി സംസാരിക്കുന്നതും ഗവേഷകയോടുള്ള അന്വേഷണങ്ങളും പഴയകാര്യങ്ങളുമായി ബന്ധപ്പെടുത്തി സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചു നടത്തുന്ന അഭിപ്രായപ്രകടനങ്ങളുമെല്ലാം ഈ പഠനത്തിൽ വളരെ പ്രധാനമായിരിക്കും. പ്രത്യേക വിഷയം സംസാരിക്കുന്നതിനിടയ്ക്കു ഉണ്ടാവുന്ന ഭാവവ്യത്യാസങ്ങൾ, ഗവേഷകയോടുള്ള സമീപനം ഇവയെല്ലാം രേഖപ്പെടുത്തിയ ഫീൽഡ് നോട്ടുകളും ഈ പഠനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം വിഷയവുമായി അവർക്കുള്ള അടുപ്പത്തെയും താല്പര്യത്തെയും സൂചിപ്പിക്കുന്നുണ്ട്.
ഓരോ ആഖ്യാനത്തിനും സ്വന്തമായൊരു ചിട്ടയുണ്ട്. ആ ചിട്ടയിലൂടെ ഒരു നിഗമനത്തിലെത്തിച്ചേരുകയും ചെയ്യുന്നു. അതാണ് ആഖ്യാനത്തിലെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ ജീവിതായോധനത്തിനുള്ള ഉപകരണങ്ങളാണ്. നാട്ടാരുടെ അതിജീവനതന്ത്രങ്ങൾ എന്ന നിലയിൽ വേണം ആഖ്യാനത്തിലെ തള്ളലും കൊള്ളലും വ്യാഖ്യാനിക്കാൻ. മൊഴികളാണ് ഇതിലെ ഏറ്റവും വിലപ്പെട്ട വിഭവങ്ങൾ.

സ്ത്രീകളുടെ ഇത്തരം ഓർമ്മകൾ ശേഖരിക്കുന്നതിനു പ്രായോഗികമായി ധാരാളം ബുദ്ധിമുട്ടുകളുണ്ട്. ആവേദകർക്കുവേണ്ടിയുള്ള അന്വേഷണത്തിൽത്തന്നെ സ്ത്രീകളായ ആവേദകരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നില്ല. സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുമ്പോൾ മിക്കപ്പോഴും ‘അവർക്കതേക്കുറിച്ചൊന്നും അറിയില്ല അവരതിൽ പങ്കെടുത്തിട്ടില്ല' എന്നിങ്ങനെ നിരുത്സാഹപ്പെടുത്തലുണ്ടാകാം. ‘അവൾക്കിതിനെക്കുറിച്ചെന്താ അറിയാ കുറെ ബിടല് കഥകളറിയാം' എന്ന് ഈ ഗവേഷകയോട് ഒരാൾ പ്രതികരിച്ചത് നല്ല ഉദാഹരണമാണ്. പൊതുവെ ഔപചാരിക സംഭാഷണങ്ങളിലേർപ്പെടാൻ അല്ലെങ്കിൽ വൈജ്ഞാനിക ആഭിമുഖ്യമുള്ള സംഭാഷണങ്ങളിലേർപ്പെടാൻ സ്ത്രീകൾ വിമുഖരുമാണ്. മലബാർ കലാപത്തെകുറിച്ചു ചോദിച്ചാൽ ഞാൻ പഠിച്ചിട്ടില്ല, എനിക്കറിയില്ല എന്നാവും പൊതുവെ പ്രതികരണം. സ്വകാര്യസംഭാഷണത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോഴാണ് പലപ്പോഴും സ്ത്രീകളായ ആവേദകർ മനസ്സു തുറക്കുന്നത്. ‘അറിവ്' എന്നതു പുരുഷന്റെ പ്രവൃത്തിയെ കേന്ദ്രീകരിച്ചുള്ളതാണ് എന്ന വിശ്വാസമാണ് സ്ത്രീകളുടെ ആഖ്യാനങ്ങൾ ബിടല് കഥകളായി വിലയിരുത്തപ്പെടാൻ കാരണം. ലിഖിതചരിത്രവും മാധ്യമങ്ങളും രൂപപ്പെടുത്തിയ ചരിത്രബോധവും സ്വന്തം അനുഭവങ്ങളെ അപ്രധാനമായി കാണാൻ സ്ത്രീയെ ശീലിപ്പിക്കുന്നുണ്ട്. ഇതെല്ലാം അനുഭവം/അറിവ് എന്ന ദ്വന്ദ്വത്തിലേക്കല്ല അറിവിനെക്കുറിച്ചുള്ള മനുഷ്യന്റെ ബോധത്തെ നിയന്ത്രിക്കുന്ന അധികാരശക്തികളിലേക്കാണു നയിക്കുന്നത് എന്നു കാണാം.
ഓർമ്മ/ഭൂതകാലം/ചരിത്രം ഇവയെല്ലാം ചേർന്ന് ഈ നാട്ടുമൊഴികൾക്ക് വളരെ സങ്കീർണ്ണമായൊരു ഘടനയാണ് ഉള്ളത്. ഗവേഷക ആർജ്ജിച്ച ചരിത്ര ധാരണകളെയും ഈ വാമൊഴികൾ പലപാട് അട്ടിമിറിച്ചിട്ടുണ്ട്.
1921-ലെ മലബാർ കലാപത്തെ സംബന്ധിച്ച ഓർമ്മകളെ അവലംബിച്ചാണ് ഈ പഠനം തുടങ്ങിയത്. ഓർമ്മകളെന്ന നിലയ്ക്ക് ചരിത്രമെന്നതിനേക്കാൾ ഭൂതകാലത്തെ എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നന്വേഷിക്കാനാണ് ഇതിൽ ശ്രമിച്ചത്. എന്നാൽ മലബാർ കലാപത്തെ സംബന്ധിച്ച ചരിത്ര ധാരണകളെ ഈ ആഖ്യാനങ്ങൾ നിരന്തരം പുനർനിർമ്മിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ട് കലാപം, എങ്ങനെ അത് പെട്ടെന്നവസാനിച്ചു എന്നീ ചോദ്യങ്ങൾക്കുത്തരം പറയാനാണ് ചരിത്രം ശ്രമിക്കുന്നത്. ഒരു വിഭാഗം ജനങ്ങളിൽ രൂപപ്പെട്ട ഇച്ഛാശക്തി അവരുടെ സമരം, അവരുടെ നഷ്ടങ്ങൾ, ത്യാഗങ്ങൾ, സഹനങ്ങൾ, പ്രതിരോധങ്ങൾ ഇവയെല്ലാം ചരിത്രത്തിൽ അസന്നിഹിതമാകുന്നു.

പിലാക്കലിലെ പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷികളെ മറവ് ചെയ്ത സ്ഥലം

ചരിത്ര രചനയുടെ രീതിശാസ്ത്രവും, സിദ്ധാന്തങ്ങളും മാറിവരുമ്പോഴും ചില ചരിത്ര ധാരണകൾ നമ്മൾ ഇപ്പോഴും പിന്തുടരുന്നു എന്നതിനുദാഹരണമാണ് ‘വാഗൺ ട്രാജഡി' എന്ന വാക്ക്. അനിച്ഛാ പൂർവ്വമായി, മനുഷ്യർക്ക് സാരമായി പങ്കില്ലാതെ വന്നുചേർന്ന ഒന്നായാണ് ഈ സംഭവത്തെ ഈ വാക്ക് പ്രതിനിധാനം ചെയ്യുന്നത്. പ്രകൃതി ദുരന്തം എന്നൊക്കെ പറയുന്നതുപോലെ. അതായത് 'വാഗൺ ട്രാജഡി' എന്ന വാക്കുപയോഗിക്കുമ്പോൾ തന്നെ കൊളോണിയൽ ഭരണകൂടം കലാപകാരികളോടു ചെയ്ത ക്രൂരതകളെല്ലാം നിർവ്വീര്യമാക്കപ്പെടുന്നുണ്ട്. അവരുടെ മൊഴികളിൽ ഒരിക്കലും ഈ പദം കടന്നു വരുന്നില്ല. ജനങ്ങളുടെ ഓർമ്മകളിൽ ഇത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ കൂട്ടക്കുരുതി തന്നെയാണ്. പക്ഷെ ഇതിനെ വിശദീകരിക്കുന്നിടത്ത് ഗവേഷകർക്കു വീണ്ടും ‘വാഗൺ ട്രാജഡി' എന്ന വാക്കുതന്നെ ഉപയോഗിക്കേണ്ടി വന്നു. കാരണം ചരിത്ര പുസ്തകങ്ങളിൽ നാം പരിചയിച്ചത് ഈ വാക്കാണ്. അതുപയോഗിച്ചില്ലെങ്കിൽ സംഭവം ഏതാണെന്ന് തിരിച്ചറിയപ്പെടാതെ പോകുമെന്നതുകൊണ്ട് മന: പൂർവ്വം അതു തന്നെ ഉപയോഗിച്ചിട്ടുണ്ട്. എസ്.കെ. പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയിൽ ‘മരണവണ്ടി' എന്നൊരു വാക്ക് ഇതിനെകുറിക്കാനായി ഉപയോഗിച്ചിട്ടുണ്ട്.

കൊളോണിയൽചരിത്ര ധാരണകളെക്കൊണ്ട് മലിനമാക്കപ്പെട്ടതാണ് പലപ്പോഴും നമ്മുടെ ചരിത്രാവബോധം. ഈ ചരിത്രാവബോധത്തെ പല നിലകളിൽ പുതിയ പഠനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. എങ്കിലും ചില ധാരണകൾ നമ്മളിൽ ഉറച്ചുപോയതായി കാണാം. ഇന്നും ചരിത്ര പാഠപുസ്തകങ്ങളിൽ ഈ വാക്കിനുപകരം വെക്കാവുന്ന ഒന്നില്ലെന്നു കാണാം. ചരിത്ര രചനക്കുള്ള സാമഗ്രികളുടെ മുഖ്യ ഉറവിടം ഔദ്യോഗിക പ്രമാണ രേഖകളാകുന്നതിന്റെ പരിണത ഫലം കൂടിയാണിത്.

ഈ ഗവേഷണത്തിന്റെ മർമ്മം എന്ന് പറയുന്നത് ആഖ്യാനമാതൃകകളാണ്. ഇവയുടെ ശേഖരണം, ലിപ്യന്തരണം, അവതരണം ഇതിലാണ് ഗവേഷക കൂടുതൽ ശ്രദ്ധിച്ചിരിക്കുന്നത്. വിശദമായ അപഗ്രഥനത്തിന് നാനാവശത്തേക്കും തുറക്കുന്ന ആഖ്യാനങ്ങളിൽ ഒരു സാധ്യതയായിമാത്രമാണു മലബാർ കലാപത്തിന്റെ ഉപാദാനങ്ങളെന്ന നിലക്ക്, വാമൊഴി ആഖ്യാനങ്ങളെ ഇവിടെ പരിഗണിക്കുന്നത്. ഈ വാമൊഴി ആഖ്യാനങ്ങൾ ആഖ്യാനപഠനത്തിനുള്ള ഉപാദാനങ്ങളെന്ന നിലയിൽ ഏറെ പ്രസക്തിയൂള്ളവയുമാണ്. പെൺമൊഴികളെന്ന നിലയിൽ സ്ത്രീവാദപരമായ വിശകലനത്തിനിടം നല്കുന്നവയാണ് പലതരത്തിലുള്ള ആഖ്യാനങ്ങൾ. കേവലം ഭാഷാപരമായ തലത്തിൽത്തന്നെ പ്രാദേശിക ഭാഷയുടെ തിളക്കം ഇതിനുണ്ട്. അത്തരം പ്രാദേശിക രൂപങ്ങൾ ശേഖരിച്ച് അപഗ്രഥിക്കാവുന്നതാണ്. ലിഖിത ചരിത്രവും വാമൊഴിചരിത്രവും തമ്മിലുള്ള ചേർച്ചയും ചേർച്ചക്കേടും അന്വേഷിക്കാവുന്നതാണ്. ഇങ്ങനെ നാനാവശത്തേക്കും തുറക്കാവുന്ന ആഖ്യാനങ്ങളെ അവയുടെ സാധ്യതകളോടുകൂടി അവതരിപ്പിക്കുക മാത്രമാണു ഗവേഷണത്തിന്റെ അടിസ്ഥാന ലക്ഷ്യം. മൊഴികൾ ശേഖരിച്ചു ക്രമീകരിക്കുന്നതിനും, അവതരിപ്പിക്കുന്നതിനും ഗവേഷണത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചു. ഇവയുടെ സാധ്യതകളാണ് ചർച്ചകളായി ചേർത്തിരിക്കുന്നത്. അവയൊന്നും സമ്പൂർണ്ണ വിശകലനങ്ങളല്ല.
ഇത്തരമൊരു സമീപനം മൊത്തത്തിൽ സ്വീകരിച്ചുകൊണ്ട് മലബാർ കലാപത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ശേഖരിച്ച് അവതരിപ്പിക്കുന്നതാണ് മലബാർ കലാപത്തിന്റെ വാമൊഴിപ്പാരമ്പര്യം എന്ന ഈ പഠനം.

മലബാർ കലാപകാലത്ത് ജീവിച്ചിരുന്ന വ്യക്തികളുടെ ഓർമകൾ.
ഇവരുമായി നേരിട്ടുസംസാരിച്ച് തയാറാക്കിയത്.

36. ആമിനകൂട്ടി പൂഴിക്കൽ-80 വയസ്സ്, മുസ്ലീം, സ്ത്രീ.

36.1: പട്ടാളഭരണത്തിന്റെക്കെ....
ദെത്താദ്. (ടേപ്പ് റിക്കാർഡർ ചൂണ്ടി)
ഏയ് വയസ്സായിട്ടേള്ളൂ.ച്ച്, അന്ന്ന്താണ്. പിന്നെ പള്ളിവളപ്പില്. ഞങ്ങളെ പള്ള്യളപ്പില്. പട്ടാളം പോവും. അപ്പോങ്ങട്ട് കടക്കാമ്പരും അപ്പൊ ഞാപറിം. ഞങ്ങ.....
ചെന്ന്ങ്ങാട്ട്..... ങ്ങ്ട്ട് കടക്കണ്ട. ഞങ്ങളുടെ പെര്യാന്ന്, ബ്ടെ ആണുങ്ങളാരുല്ലന്ന് പറ്യേ. അപ്പറ്റങ്ങള് അങ്ങേന്നെ എറങ്ങിപ്പോവും. ഞങ്ങളോട്ക്ക് പട്ടാളം ബന്ന്ട്ടില്ല്യ. ഞങ്ങളുടെ പള്ള്യാലക്കൂടെ ങ്ങ്നെ. അണിയണിയേറ്റ് പട്ടാളത്തൊരു പത്താളല്ലേ, അണിയണ്യായ്റ്റ് പോയിന്. അങ്ങനെ പോയീന് അ........ഒക്കെ ച്ച് പുട്യാറ്ണ്ട്. പേര് പുട്യാറ്ല്ല്യ. ന്നട്ട് പൂയിക്കലെ അയമ്മതുട്ടീനെ പിടിച്ചൊണ്ടോയിലെ, അമ്മതുട്ടിനെ.
36.2: ചോ: എന്താ എനിക്കറില്ല, ങ്ങള് പറഞ്ഞ്യരീ?
പട്ടാളക്കാര്... ഈ പട്ടാളക്കാര്. പുടിച്ചൊണ്ടായിലെ. പുടിച്ചൊണ്ടൊയ്ട്ട്.
പിന്നെ പത്ത് പെണ്ണ്ങ്ങളെ അയിലൊരി പുടിച്ചൊണ്ടോയിന്ന്.
ഓഡർണായി ന്നട്ട്. ന്റെമ്മെം, എളീമെം ന്റമ്മാന്റെ അൻസത്തി, ന്റമ്മായീം. ബരൊക്കപ്പാടെപ്പോയി, അന്ന്ന്റെ ബാപ്പ വെറെപ്പെണ്ണ് കെട്ടിക്ക്ണ്. ന്ന്ട്ട് ഞാ ബരൊപ്പെ, കുപ്പായട്ട്ട്ട് ല്യ...... കുപ്പായട്ട്ക്ക്ണ്, തലേല് മുണ്ട് ല്യ. തുണ്യു ട്ത്ത്ക്ക്ണ്. അബരൊപ്പം, പോയി ഞാന്. ആ തെറ്റം പോന്ന്. എളിമവ്ടെണ്ടാർന്ന്. എളിമന്തേ പണീ എയ്ത്. ഞങ്ങളൊടെ, പിന്നെ പാർക്ക്ണ ഒരു തള്ളണ്ടാർന്നു. എന്നും, പാർക്കണ തള്ളൊന്നുല്ല്യ. ഞങ്ങളോടെ ആ പാർ ക്ക്ണ തള്ളന്റെ കുപ്പായം വലിച്ചിട്ട്. തുണി വേറൊന്ന് ട്ത്ത്, വല്ല്യൊരു കുപ്പായുട്ട്ങ്ങാണ്ട്, തള്ളന്റെ കാതിലെ ചിറ്റും മിന്നും മേക്കാതിലൊക്കെ കഴിച്ച് ങ്ങാട്ട്. മേപ്പടീല് കൊണ്ടച്ച്, ന്നട്ട് എളീമെങ്ങും പോയീല്ല. ബാപ്പണ്ടാവുംല്ല്യ. അപ്പം എളീമീം ഈ പാർക്കണ പെണ്ണും തന്നൊള്ളൂ...

പൂക്കോട്ടൂർ യുദ്ധരക്തസാക്ഷികളുടെ പേരിലുള്ള നേർച്ചപെട്ടി

36.3: ഞങ്ങള്ങ്ങട്ട് വന്ന്കാണ്ട്, ഇങ്ങട്ട് പോന്ന്ട്ട് മമത്കാക്കാന്റെട് ത്ത്ന്ന്... മമത്കാക്കീം ഞങ്ങള് കുട്ബക്കാരാ... അവ്ടെ വന്നീന്ന് കേട്ടപ്പം, അവുട്ന്നമ്മായി. ഇവരെ ബാപ്പ കെട്ടി.. ബാപ്പന്റെ പെങ്ങളാണ് ബടെള്ളത.് ഇന്നെ കെട്ടീക്കണത് മോനാണ്. അമ്മായി ഇവട്ന്നങ്ങട്ട് വന്ന്കാണ്ട് ഞങ്ങളെങ്ങട്ട് കൂട്ടികൊണ്ടന്ന്. ഇങ്ങട്ട് കൂട്ടികൊണ്ടന്ന് മൂന്ത്യാവുമ്പോ പട്ടാളം വന്ന്കാണ്ട്.... ഇങ്ങനെ കൊട്ട്ണ് അപ്പം ഞങ്ങള് ഇങ്ങട്ട് വന്നപ്പോ അമ്മായി അയ്ച്ചീലാ.... ഇമ്മാനേം, എളീമാനീം, അമ്മായ്നീം ഇക്കാക്കാരിം ഒക്കെ കൊണ്ടോയി. ഞങ്ങളെ അയച്ചീല ഇബ്ട്ത്തെ അമ്മായി. അപ്പം അമ്മായി എന്ത് പണിയ്ത്, ഇവടെ നിർത്തി ഞങ്ങളെ. എളാപ്പാക്ക്... മ്പയ്യേലോ... ഞാനും ന്റെ ഏട്ത്തീണ്ട്. ഏട്ത്തീനെ കെട്ടിച്ചിട്ടില്ല. അപ്പൊ 8 മാസം ഇവ്ടെ പാർത്തന്ന്. ഇന്നട്ട് 8-ാം മാസം അന്തിക്ക് വന്നാണ്ട് ബാപ്പ കൂട്ടികൊണ്ടോയി.
36.4: പട്ടാള നിയമത്തിലും പിന്നെ, ദവള ഭരണത്തിലും ഒക്കെ ഞാനിണ്ട് മക്കളേ.... അന്നൊക്കെ ഇണ്ട് ഞാന്... ഭക്ഷണക്ഷാമത്തിലുണ്ട്. വള്ളക്കേറ്റത്തിലുണ്ട്. ബെള്ളം കയ്റീട്ട് ഞങ്ങളെ മുറ്റത്തെറ്റം ബെള്ളം വന്ന്.... ഇന്നട്ട് എത്തുണ്ട്. ഒക്കെ വാരികാണ്ട് ചാക്കിലാക്കി അവ്ടെ ബെച്ച്. മ..... ക്ക് ചോറും കൊട്ത്ത്കാണ്ട് അവ്ടെ നിർത്തീ ചെയ്ത്. അപ്പോത്തിന് കണ്ട്ക്ക്ണ് രണ്ട് കൊട്ട് കേക്ക്ണ്. കുതരപൊഴക്കര പൂരപൊഴക്കര പാലം. ആ പാലം പൊട്ടേപ്പം ഒതുക്കുമ്മന്നൊക്കെ വെള്ളം എറങ്ങി. ഒതുക്കുമ്മന്നൊക്കെ വെള്ളം എറ് ങ്ങേപ്പം പിന്നെ കൊണ്ടോയീല. അറ്റങ്ങള് പാർക്കണോടം. അകുന്നത്തേക് കയറ്റി വച്ച്ട്ട് ഞങ്ങക്ക് വാരെച്ചെരും. നാലെട്ട്ണ്ട് വല്ല്യപെരേണ്. ഞങ്ങള് വല്ല്യ സ്വത്തുകാരാണ്. ഇപ്പൊളും അങ്ങന്നേണ്. വല്ല്യ സ്വത്തുകാരാണ്. ഇന്നട്ട് പിന്നെ ഇറ്റങ്ങക്ക് ചോറും കൂട്ടാനുണ്ടാക്കി കൊട്ക്കാന് 4 ആളെ അവ്ടെ നിർത്തി. അപ്പോത്തിന് കുതിരപ്പുഴ പാലം പൊട്ടി. പാലം പൊട്ട്യേപ്പോ വെള്ളങ്ങനെ ഒതുക്കുമ്മന്ന് കീഞ്ഞൊയീ.... ഞാനും.... ഒത്ക്കമ്മര്ന്നകാണ്ട് ചെരേ ത്...

ചോ: അന്ന് ഇങ്ങക്കെത്ര വയ്സ്സേര്ന്ന്?
അന്ന് ആറേയ് വയസ്സായ്ട്ടൊള്ളൂ. പിന്നെ പട്ടാളനേയ്മം കയ്ഞ്ഞേരേ വെള്ളക്കയ്റ്റണ്ടായ്ക്കണത്. ഇന്നട്ട് ചെമര്ക്ക് വെള്ളം കേറൂച്ട്ട്. ഇന്നട്ട് പട്ടാള നേയ്മുണ്ടായ്ക്ക്ണം, വെള്ളകേറ്റുണ്ടായ്ക്ക്ണ് അത് ഇൻക്ക് നല്ല പുട്യാട്ണ്ട്.
ചോ: അന്ന് ഇങ്ങളെ വീടെവ്ടാ?
ഞങ്ങളെ വീട് വനപുരേ. ഇമ്പടെങ്ങനെ, തെഞ്ചാലന്റെ തെഞ്ചാല ഞങ്ങൾതാണ്. തെഞ്ചാല ഞങ്ങൾക്ക് മില്ലുണ്ട്, പീടീംണ്ട് എല്ലൂണ്ട്. വല്ല്യ പീടീണ്ട് ഒക്കെ പോണവയ്ക്കാണ്.
ഇവടെ വന്നേരെ ഒടൂലൊരു കാറ്റ്ണ്ടായി. കാറ്റ്ണ്ടായപ്പോ ബാപ്പു അന്ന് മുട്ടൂത്തിയടക്കണ കുട്ട്യാ. ഇന്റെ അമ്മോസാനും.
36. 5: ചോ: ഇങ്ങളെ ഇപ്പാനെ പിടിച്ചീനോ....?
ഇന്റെ ഇപ്പാനെ പിട്ച്ചിട്ടില്ല.

ചോ: ഇപ്പാക്കെന്തേനി പണീ.....?
ഇന്റെ പ്പാക്ക് ചെട്ട്യേ വീട്ടില് കാവലേർന്ന്. കോയട്ട്യാക്കും, ഇണ്ണീതാക്കാക്കും ഇന്റെ ബാപ്പാക്കും ഒക്കെ കാവലേര്ന്ന്. അന്ന് കാവല്നോയപ്പം ഞങ്ങളോടെ ബല്ല്യ ബല്ല്യ നേർച്ചേർന്ന്. ആ നേർച്ചക്ക് പോയപ്പോ അവരൊക്കെ റാത്തീബ്ന് വന്ന് ഞങ്ങളോടെ കൊല്ലത്തില്ണ്ടാവും റാത്തീബ്. ആ റാത്തീബ് കെയ്ഞ്ഞ്. കായിട്ട്യാജി ആണ് നിക്കല്. ഇമാമ്ക്കല്, അപ്പൊകായിട്ട്യാജി അങ്ങനെ ചെല്ലികൊട്ത്ത്, ഇട്ത്. ഒക്കെ നല്ല ഓർമ്മച്ച്ണ്ട്. അങ്ങനായിക്കണ്ട് പിന്നെ പിറ്റേന്നക്കും കാവലാക്കി 5-8 ആള്ണ്ട് ചെയ്ച്ചാം വീട്ടില് കാവല്. ആയമ്മാരൊക്കെ പോയ്ട്ട്, അവുട്ത്ത കൊയ്ത്തും ഓക്കെ ബാപ്പാന്റയ്ക്കലാ..... വാപ്പ ഈ നയം (നായർ) മ്മാർക്ക് സേവ്യം നിന്നിട്ട് ഞങ്ങളോട്ക്ക് പട്ടാളം വന്ന്ട്ടില്ല. ഞങ്ങളെ ബാപ്പാനെ പുട്ച്ചിട്ടൂല്ല്യ. ഇന്റെ ഇപ്പാപ്പാനീം അമ്മോനീം ഇബരൊക്കെ പിട്ച്ച്ക്ക്ണ്. ഒക്കെ പുട്ച്ച്ട്ട് ഇന്റെ ബാപ്പ ബിടീച്ച് കൊണ്ടന്നതേര്ന്ന്. അങ്ങനൊക്കെ ചെയ്തീന്നേ നേർച്ച കഴ്ഞ്ഞ പിറ്റേന്ന് കാവല്നോയി, ചെട്ട്യേംവീട്ടില് കാവല്നോയപ്പോ. അവുടെ ചെന്ന് ഇങ്ങനെ, പത്തായപൊരന്റെ മോളിലിര്ന്ന് ഇങ്ങനെ ചായുട്ക്യാര്ന്നേലോ. ചായകുട്ക്യണേന്റെടേക്കടെന്ന് വാൾക്കാര് വന്നക്കണത്. വാൾക്കാര് വന്നപ്പോ പെരങ്ങട്ട് വളഞ്ഞ്. ഞങ്ങളെ അവുത്തെ ആളെന്നൊണ് വാൾ ക്കാര്. പെര വട്ടള്ഞ്ഞക്കാണ്ട് ഇവര് വെട്യക്കല്തൊടങ്ങീ. വെട്യൊക്കല് കഴ്ഞ്ഞപ്പോ അവുത്ത്ക്ക് കടന്നകാണ്ട് ഇവരെ പുട്ച്ച്. ഇവരെ പുട്ച്ചപ്പോ ബാപ്പങ്ങട്ട് എറങ്ങിവന്ന്. ഞങ്ങളോട്ന്ന് കഞ്ഞീച്ചോറും ഒക്കെ തിന്നീനെ ആൾക്കാരാണ്. അപ്പൊ കായട്ട്യാജീ വന്ന ആള് നായര്ണ്ട്. ചേകരൻ നായര്ന്നർഞ്ഞ നായരുണ്ട്. അവര് ഞങ്ങള് ബാപ്പവന്നല്ലാതെ ചോറെയ്ച്ചൂല. ബാപ്പ വന്ന്ട്ടേ ഞങ്ങള് ചോറെയ്ച്ചൊള്ളൂ. എന്നും അങ്ങനെതന്നെ. ഇന്റെ ബാപ്പ ഉള്ള്ക്ക് വന്നല്ല്ാതെ ഞങ്ങല് ചോറെയ്ച്ചൂല. ഞങ്ങളൊക്കെ കെട് ന്നൊറങ്ങീക്ക്ണ്. അയ്റ്റെടേക്കൂടെ കണ്ടക്ക്ണ് കായട്ട്യേജിനെ പിട്ച്ച് ബാപ്പാനെ കച്ച് കൂട്ടികെട്ടീക്ക്ണ്. ബാപ്പാനീം കെട്ടീക്ക്ണ്. അവുട്ന്നങ്ങട്ട് കൊണ്ടന്ന്കാണ്ട് കാവല്.... അവുട്ക്കങ്ങട്ട് കൊണ്ടന്നപ്പം ബാപ്പാന്റെ കയ്ച്ചിട്ടേലോ. കയ്ച്ചിട്ട്കാണ്ട് ഇജ്ജ് പൊയ്ക്കോന്നറഞ്ഞേലോ. കുഞ്ഞാപ്പ, ഈ കോയ്ട്ട്യാജീനിക്കൂടി. കലട്രട്ത്ത്ക്ക് കൊണ്ടോയി.

സമരം അടിച്ചമർത്താൻ ബ്രിട്ടീഷ് ഭരണകൂടം വിന്യസിച്ച ഡോർസെറ്റ് റെജിമെന്റിലെ അംഗങ്ങൾ (1921 ) / Photo : wikipedia

ചോ: ആരേ കുഞ്ഞാപ്പാക്ക?
തിരൂങ്ങാടിക്കാരൻ കുഞ്ഞാപ്പാക്കച്ച്ട്ടൊരാള്ണ്ടേനീ. അയാളെക്കൂടി കലട്രർത്ത്ക്ക് കൊണ്ടോയി. ചേകര്ന്നായരീം കൊണ്ടോയി. അവുടെ കൊണ്ടോയിക്കാണ്ട് ചേകര്ന്നായരെ ഒരു വെട്ടെടീ. ആ വെട്ടില് ഇബടാണ് കൊണ്ട്ക്ക്ണത്. ഇബടാണെങ്കില് അപ്പത്തന്നെ തീർന്നീര്ന്ന്. അയാള് തീർന്ന് ട്ട്ണ്ടായിര്ന്നീല അയാള്. ങ്ങനെ ഇതൊക്കെ കയ്ഞ്ഞീന്റേശം. ഉന്തി എയ്ച്ച് ക്കാണ്ട് ചെറ് മക്കള്ണ്ടല്ലാ ഒരു പാട് ചെറ്റെമെടക്കാര് അറ്റങ്ങളോടെ പൊയ്ക്കാണ്ട് കഞ്ഞി ലേശം കുട്ച്ച്കാണ്ട് തിരൂരങ്ങാടിക്ക് ബസ്സേറി അയാള്. കോയ്ട്ട്യാജിനേണ്, കോയ്ട്ട്യാജി ഞങ്ങളെ ഒന്നാമത്തെ ചെങ്ങായ്യാ ബാപ്പാന്റെ. കോയ്ട്ട്യോജിനെ എവുട്ക്കാ കുഞ്ഞല്വ്യേ, പിന്നെ അവുള്ളകുട്ട്യേ ഇജ്ജ് കോയ്ട്ട്യാജിനെ കൊണ്ടോവുണത്ന്ന് ചോയ്ച്ചേല്ലോ. കോയ്ട്ട്യാജിനെ ഞാൻ എങ്ങട്ടേങ്കിലും കൊണ്ടേയ്ക്കോട്ടേ അത് ഇജ്ജറിയണ്ടാന്ന് പറഞ്ഞേലോ. ബാപ്പാ,... ബാപ്പങ്ങനെ വന്നോക്കികാണ്ട് പോരും. ഞങ്ങളോടെ രണ്ടാള് കാവല്ന്ണ്ട് ആണ്ങ്ങള്. ഇന്നട്ട് അറ്റങ്ങള്ങ്ങനെ മറഞ്ഞോക്കികാണ്ട് ബാപ്പ ഇങ്ങനെ ചെട്ട്യാവീട്ട്ന്ന് ഒളിച്ചാ പോരാ......അപ്പം ഈ ചേകരന്നായ്ര് പറഞ്ഞേലോ മമ്പോർത്തൊണ്ടോയ് ദീന് വിശ്വസിച്ചോണ്ട് ഞാന്ന്ന്. കായ്ട്ട്യാജി ഒന്നും പറഞ്ഞിട്ടില്ലേല്ലോ. കായ്ട്ട്യാജി ഇങ്ങട്ട് എറങ്ങ്ണ എറ്ക്കത്തില് കായ്ട്ട്യേജിനെ ഒരടി അട്ച്ചേല. ഈ ഔതകുട്ടി താ. ഈ ഔതകുട്ടി ഏതാ സാധനം. ഞങ്ങളോടേീം കോയ്ട്ട്യാജിന്റോടീം വന്ന് തിന്ന് പോയീന മൻസനാ. ഒരടി അട്ച്ചതോടെ കോയ്ട്ട്യാജി തലചിറ്റീക്ക്ണ്. കൊറ്ച്ച് വയസ്സായ മൻസനല്ലേ. അവുട്ന്നങ്ങട്ട് കൊണ്ടോയീട്ട്. കോൺ ഫ്രൻസ്‌ക്കങ്ങട്ട് പോവോളം ബാപ്പ ഇങ്ങനെ നോക്കിര്ന്ന്. അവുടെ ചെന്നൂടുമ്പം ചേകരന്നായരെ ഒരു വെട്ടെട്ടീ. അത് ഇബടെ ഇബടേ കൊണ്ടത് ഇയാള് പിന്നെ.....
അത് മുറിച്ച് ഒണക്കീതാ. കോയ്ട്ട്യാജ്യന്നെ കാലിന്റെ തന്താവര്ല്മ്മന്ന് വര്ഞ്ഞിട്ട് ഇമ്പടറ്റം വര്ഞ്ഞ് വന്ന്ട്ട് പിന്നെ ഒടൂനാണ് കൗത്തർക്ക്ണത്.

36.6: ചോ: കോയ്ട്ട്യേജീന്റേ.....
ആ കോയ്ട്ട്യേജിന്റെ, കോയ്ട്ട്യേജി എന്ത് മൻസനായ്ര്ന്ന് മൊയ്ല്ല്യാരായ്ര്ന്ന്. നല്ല എണ്ണം വച്ചൊരാളേർന്ന്. ആ അർത്ത്ത്കണ്ട്, കുഞ്ഞാപ്പാക്കാനറ്ഞ്ഞാ അയ്ന്നേം കൊന്ന്. രണ്ടാളേം കൊന്ന്, ഈ ചേകരൻനായരെ ഇങ്ങട്ട് കൊണ്ടന്നും ചെയ്ത്. ഇങ്ങട്ട് പിന്നെ മൂന്ത്യായപ്പം മയ്യത്ത് ഇട്ക്കാൻ വയ്യല്ലോ... അല്ലേ പോവാൻ വയ്യല്ലോ..... അപ്പം പിന്നെ അൾതണത്ത്ക്ക്, പോവാൻ വയ്യാണ്ടായപ്പം ബാപ്പങ്ങട്ട് വന്ന് ചോറെയ്ച്ചോളീ കുട്ട്യേളെ. ഞങ്ങളോട്ന്ന് രണ്ടൂന്ന് കാവൽക്കാര് ബാപ്പാനെ തെരഞ്ഞോയ്ക്ക്ണ്. അപ്പോ കുഞ്ഞീതാക്കങ്ങട്ട് വെര്ണ്ണ്ട്ന്ന് പറഞ്ഞ്കാണ്ട്. പിന്നെ കോയട്ട്യാജിന്റെ മോൻ വന്ന്കാണ്ട് കത്യേമ്മക്കുട്ട്യേ വാതിലൊർന്നാ....... വാതിലൊർന്നാ...... ന്ന് വന്ന് വിളിച്ച്. അപ്പോ പറഞ്ഞ്, കുഞ്ഞിപെങ്ങളെ ഞമ്മളെ ബാക്കിക്കാരെ ഇഞ്ഞ് കാണൂലാന്നർഞ്ഞ്. കോയട്ട്യേജിന്റെ മൂത്തമോൻ അവുടെ വന്ന്കാണ്ട് പറഞ്ഞ്. അപ്പം കോയ്ട്ട്യേജിനെ കബറടക്കീക്ക്ണ്. ഏതെങ്കിലും പിന്നെ മൂന്തി ആയ്ക്ക്ണ് പൊന്നാരിമ്മ, പിന്നെ മയ്യത്തിട്ത്തപ്പം. പിന്നെ അക്കരെ പള്ളീക്കാ. പള്ളീക്കെ നിസ്‌ക്കാരപള്ളീണ്ട്. അവുടെ പള്ളികൊള്ത്ത്ന്ന് വെള്ളം മുക്കികാണ്ട് മേനിമുയ്വൻ മുറിയായ്ക്കാണ്ട് വാർന്നല്ലേ. മുറ്യായ്ക്കാണ്ട് വാർന്ന്കാണ്ട് കുഞ്ഞാപ്പാക്കാനീം ഈ കോയ്ട്ട്യാജിനീം ആ പള്ളിക്ക്തന്നെ. ഞങ്ങളെ എളീമൊക്കെ പോയി കാണാന്. ഞാനൊക്കെ കുട്ട്യാളല്ലേ? ഞങ്ങളാരും പോയിട്ടില്ല. കോയ്ട്ട്യേജിനെ മറെയ്ത് മൂന്തിയാവുമ്പോ. അത് കയ്ഞ്ഞിട്ട് പിന്നെ കണ്ടീർന്ന്. കുഞ്ഞല്വില്ല്യേ ഔതകുട്ടില്ല്യേ വല്ല്യ കൂട്ടര്. ഔര് എല്ലാം കഴ്ഞ്ഞിട്ട്ണ്ടേനി ഞങ്ങളോടെ. ഓര് പൂത്തുപള്ളിക്കല് സെയ്താവാൻ പോയപ്പോ ഞങ്ങളോടെ ബന്ന്. ഞങ്ങളോടെ വന്നപ്പോ കുഞ്ഞലവീന്ന് പറഞ്ഞ ആളില്ല. കുഞ്ഞലവീന്നർഞ്ഞ ആള് വാൾക്കാരെ കൂട്ടത്തിലിലില്ല. ഔള്ളകുട്ടീം കൂട്ടരും വന്നത്. കുഞ്ഞല്വി ഔത്ത്ക്ക് വന്നപ്പോ ഓന്റെ കുഞ്ഞലവ്യേ ഈ വക തരങ്ങൾ കാട്ടീലേന്ന് പറഞ്ഞ്കാണ്ട് എളീമ നോലോൾച്ച്. അപ്പം പറഞ്ഞ് പെങ്ങളെ ഞാനർഞ്ഞ്ട്ടില്ല. ഞാൻ പോയിട്ടൂല്ല്യ, ഇപ്പങ്ങളത് പറയണ്ട. ഞങ്ങളിപ്പം പുത്തുപള്ളിക്കക്ക് സെയ്താവാൻ പോവാണ്ന്ന് പറഞ്ഞ്കാണ്ട് ഔള്ളക്കൂട്ടി പൊറത്ത്ക്ക്ന്ന് ഔള്ളകുട്ടിക്ക് ചായാ കൊട്ത്ത്ട്ട്......ല്ല.. കുഞ്ഞല്വിക്കും ഇന്റെ ഇപ്പാപ്പാരൊക്കെ പോയി. ഔടെ പോയൊക്കെ വന്ന്കാണ്ട്. ഔള്ള കുട്ടിക്ക് ചായകൊട്ത്തപ്പം കുട്ച്ചീല. മറ്റോരൊക്കെ ഔത്ത്ക്ക് കടന്ന് എല്ലാരും കുട്ച്ച്. ഓക്ക് ഇന്റെ ഇപ്പാപ്പന്റോട്ക്കോയി അവുടെ പോയി ചോറുംതൊക്കെ ബെയ്ച്ച് അവുട്ന്ന് പോന്ന്. അങ്ങനെ ഒക്കപ്പാടെ ചേർത്തായാണ്ണ്ടായ്ക്ക്ണത്.

36.7: കൊറേ കാലം നിന്ന്ക്ക്ണ്മ്മാ ആ പട്ടാളനെയ്മം. എത്ര കുറ്യാ ഞങ്ങളെ പടിക്കക്കൂടി പട്ടാളം പൊയ്ക്കണത്. പത്താൾക്കൊരു പട്ടാളാണ്. ഇന്നട്ട് ഇന്റെ ഇത്താത്തീം ഞാനും ചെന്ന്ക്കും പടപ്പര്ക്കെ. പട്പ്പര്ക്കെ ചെന്ന്ക്കും. പട്പ്പര്ന്റെ വരമ്പിലൂടെ കാലും. അപ്പോത്തിന് അവുട്ന്നൊരാള് വിളിച്ച് പറയും കര്കലെ കുഞ്ഞമ്മന്റെ പെരേന്നാരും എറങ്ങണ്ടാന്ന്. പിന്നെ ഞങ്ങളെ തായ്ത്ത് പീട്യണ്ട് പീട്യക്ക് ചൗട്ടലങ്ങനെ ചെല്ലും. പിട്യേല് വായ് ക്കൊലങ്ങനെ തൂങ്ങ്ണാണുമ്പോ പീട്യക്ക് അത് ചവുട്ടണ്ട ചവുട്ടണ്ടാ ന്നർഞ്ഞ്കാണ്ട് ഒരാള് ബെയ്സ്ന്നർഞ്ഞൊരാള് ഒപ്പണ്ട്. ഇങ്ങട്ട് പോരുമ്പോ, അവര് പറയാണ് ഞമ്മള്ങ്ങട്ട് പോരുമ്പണ്ടേലോ അവുടെ നമ്പീച്ച്ന്നാള് അവന്റെ പീട്യേണ്ത്ന്ന്. നമ്പീച്ചനെന്ന അയാള്. അങ്ങനായി അവര് വട്ക്കോട്ടങ്ങട്ട് പോവും. അപ്പം ഇത് കാണാൻ നിക്കും ഞങ്ങള്. പേടില്ലല്ലോ. പട്ടാളം വരും പുട്ച്ചൊണ്ടോവുന്ന്ള്ള പേട്യൊന്നുല്ല്യ. അത്ന്നെ വെള്ളകേറ്റത്തിനൊന്നും പേടില്ല്യ. അന്നൊന്നും പേടില്ല്യ. അന്ന് മിറ്റത്ത് ഇങ്ങനെ പാഞ്ഞടക്കുമ്പോ തൗതാരിച്ചുമ്പോ ഔത്തന്നെത്തും. പെരപൊൾഞ്ഞാടുച്ച്ട്ട്. ഏതെങ്കിലും ഇങ്ങനെ പറേണ് ഒടു അവസാനം ഞങ്ങള പെര തീപിട്ച്ചോയി.

14 വർഷത്തെ തടവ് ജീവിതത്തിന് ശേഷം ആന്റമാനിൽ സ്ഥിരതാമസമാക്കിയ മലബാർ കലാപത്തിൽ പങ്കെടുത്ത മാപ്പിളമാർ / Photo: cpim.org

ചോ: എല്ലാ.... എങ്ങനെ... പട്ടാളം?
അല്ല ഇന്നങ്ങട്ട് കെട്ടികൊടന്ന് രണ്ട് പേറ് പെറ്റേരെ പെരതീപിട്ച്ച്. പെരതീപിട്ച്ച് കാല്ല്യാര്യം മാള്യള്ള പെര മുഴ്വൻ കത്തി മാള്യമുയ്മ്മൻ കത്തി. കാലിപ്പെട്ടി കത്തി. ബാപ്പാക്ക് ഓർമ്മെട്ട്. ഞാൻ പറഞ്ഞെ ഒട്ടുംകത്തിപ്പോയി. ഇന്നട്ട് പിന്നെ നമ്മളെ മമ്പർത്ത്ന്നൊരാള് വെരാണ്ടല്ലോ. ഇവട്ന്ന് തങ്ങൾ പാപ്പാന്റെ കുടുംബം. ഇന്നട്ട് മമ്പർത്ത് ആൾക്കാര് പോയ്ട്ട് മമ്പർത്ത് ജീവിച്ചില്ലേ? ഒരുകാലത്ത്, ഇന്നട്ട് അവര് വന്നീര്ന്ന് അവരെട്ത്ത് പോയിട്ട്. ചെന്നിട്ട് പറഞ്ഞ് പെരങ്ങന്നെ കത്തിപ്പോയി. തങ്ങൾപാപ്പാനോട് ഞങ്ങൾക്ക് കെട്ക്കാൻ പെരല്ല്യ ഇഞ്ഞ് ഞങ്ങളെന്താ കാട്ട്ണ്ന്ന് ചോയ്ച്ച് നെലോളിച്ചപ്പോ, പറ്റെ കത്ത്യോ ചോയ്ച്ച്........ പറ്റെ കത്തി തങ്ങൾപാപ്പാ ഒരു നെലേം ബാക്കില്ല..... അപ്പ പറഞ്ഞ് പറ്റെ കത്തിയോടം തെക്കിലായ്ക്കാരം പെര്പ്പണി തൊടങ്ങാൻ പറഞ്ഞ്. പെരപ്പണി തൊടങ്ങാൻ പറഞ്ഞ് 14-ാം രാവ് ഉച്ചായന്റെ ശേഷം ദിവസ്തിന് കല്ലിടാൻ പറഞ്ഞ്. ആ ഊസ്ഥിന് കല്ലിട്ട്. ഇന്റെ ബാപ്പ പെരണ്ടാക്കി നാല് പെരണ്ടാക്കാള്ള മരം ഞങ്ങളോടെ ഇണ്ടേർന്ന്. ഓരോര് ഓരോ മരം തന്നിട്ട്. ഇതിരോരിള്ള പെരേണ് കയ്യും കാലും വല്താക്കീക്ക്ണ്ട്ട്ടോ.

ചോ: ആരാ തന്നത്. തങ്ങളാ?
അടുത്തുള്ളോര് കുഞ്ഞീതുകാക്കാന്റെ പെരകത്തീക്ക്ണ്, ഞങ്ങള് ഇത്രീം പിലാവോട്ക്കണം. അങ്ങിനെ ഇങ്ങനെന്ന് പറഞ്ഞ്കാണ്ട്. കായിപെട്ടി കത്ത്യാപ്പോത്തിന് ഇന്റെ ബാപ്പാക്ക് ഓർമ്മെട്ട്. കായ് ഒരു പാട്ണ്ടായ്ര്ന്നയ്ല്. ഇന്നട്ട്...... കിണ്ടി. വല്ല്യൊരു കിണ്ടിണ്ട്. ആ കിണ്ടി നർച്ച് ഉർപ്പ്യെ, ഞങ്ങടെ അട്ത്ത് കൊണ്ടന്നെച്ച്. 4 പത്തായം ഒരു ചാര്യടി 9 മത്താനി മാള്യേമ്മക്കേറ്റി. ഇന്നട്ട് ഞങ്ങളോടെ കൊണ്ടച്ചെന്ന്. ഈ കത്ത്യേതൊക്കെ. നാത്തൂന്റെ പണ്ടങ്ങളൊക്കെ മാള്യേലുള്ള പത്തായത്തില്ണ്ടേർന്ന്. അത് ഓരെ പത്തായത്ത്മ്മക്ക് തറ..... എറിഞ്ഞ്കാണ്ട് ഒക്കെ ഇട്ത്തൊണ്ടന്ന്. അയ്ന് കേടെന്നുല്ല്യ. ഞാൻ ചെന്ന്കാണ്ട് പണ്ടൊക്കെ കയ്ച്ചെച്ച്ക്ക്ണത് നടുവറേലെ പലകത്തിലാ. ആ പുല്ല്യോരം കൊട്ത്ത്കാണ്ട് ഇങ്ങനെ തട്ട് തട്ട് തീപുട്ച്ചാതെ അങ്ങനെ മൂന്നറക്ക് അറമീം കേടില്ല. ഇന്നട്ട് പിന്നെ ഈ മഞ്ചേരി തങ്ങളട്ത്ത് പോയിട്ടാണ്. തങ്ങൾ പാപ്പറഞ്ഞിട്ട് ഞങ്ങള് കല്ല്ട്ടതാണ്. ഇപ്പ ഞങ്ങളോടെ ഒരു തരക്കേടുല്ല്യ. കത്ത്യേതാണ്ന്ന്ള്ള ഓർമ്മേനെ ഇല്ല. അയനെക്കാളും മെച്ചെല്ലാതെ ചേതല്ല്യ. ഇപ്പ ആങ്ങളല്ല്യ. ആ ആങ്ങള മരിച്ച് ആങ്ങളേന്റെ മക്കളൊള്ളൂ. ഇപ്പളും ചെല്ലാം പറയും. പോവാൻവയ്യ. നാത്തൂൻ ചെല്പ്പങ്ങട്ടുവരും. ഞങ്ങളൊക്കെ മൊതല് ബാക്കിച്ചോണ്ടെന്ന്...

36.8: ചോ: പിന്നെ ഇപ്പ കാവല്ന് പോയീര്ന്നോ അവ്ടെ?
പിന്നെ പോയിട്ടില്ല.
ചോ: കലാപം... കലാപം കഴിഞ്ഞമുമ്പേ.... ആ സംഭവണ്ടായീലെ കാദറാജിനെ കൊല്ലണ.... അയ്ന് ശേഷം പോയ്നോ?
ഏ..... പോയ്ട്ടില്ല്യ. അയ്ന്ശേഷം അവര് പുത്തുപള്ളിക്കെവന്ന് സെയ്താവല്ല്യേ? പുത്തുപള്ളിക്കെ.
ചോ: സെയ്താവാച്ചാ?
പുത്തൂരു പള്ളിക്കെ വന്ന്കാണ്ട്. കുഞ്ഞലവി, ലൗകുട്ടി ഔള്ളകുട്ടി ഇവരൊക്കെ വന്ന്കാണ്ട്. കെന്റ്‌റിന്റെ കളപം കീറിക്കാണ്ട്. ഒരയ്ക്കല്ല് തുന്നീക്കണേലോ. അതേന്നെ അവര് നടന്നീര്ന്നത്. ആ അയ്ക്കല്ല് ഇങ്ങട്ട് കടിച്ച് പറച്ചിട്ട്കാണ്ട് വെക്കടവെടീന്ന് പറഞ്ഞ്കാണ്ട് അവര് വെട്യച്ച് തീർന്നതാ ആൾക്കാര് വന്ന്കാണ്ട്. ഇന്റെ മൂത്തച്ചിനെ പുത്തൂര്ന്ന് കെട്ടികൊണ്ടന്നതാ. മൂത്തച്ചി അവിടണ്ടായപ്പളാണേല ഈ സംഭവവ്ടെ ഇണ്ടായിക്കണത്. ഇന്റെ രാകുട്ടികാക്കാന്റെ പെണ്ണ്ങ്ങള്.
ചോ: ഇവരെ കൊന്നതോ ലൗകുട്ടീനൊക്കെ.
ആ അവരൊക്കെ വെട്യെച്ച്കൊന്ന്, വെക്കടാ വെടീന്ന് പറഞ്ഞ് നേരെ നിന്ന് കൊട്ത്തതാണ്. പട്ടാളക്കാരെല്ല അവരെല്ലാരും നേരക്ക് നിന്ന് കൊട്ത്തതാ. പുത്തുപള്ളിക്കല് സെയ്തായി. അങ്ങനൊക്കേണ് കെയ്ഞ്ഞ് ക്ക്ണത്. എന്ത് കുല്മാല്ണ്ടായി മോളേ.... അതൊന്നും പറഞ്ഞാല് ഒടുക്കല്ല്യ, തീരൂല്ല്യ. ഈ അമ്മക്കുട്ടീനെ ഓര് കൊണ്ടോവും ചെയ്ത് ഇങ്ങട്ട് കിട്ടീട്ടില്ല. അമ്മക്കുട്ടീനെ വാൾക്കാര് കൊണ്ടോയി.

36.9: ചോ: ഈ നായരൊന്നും കാട്ടീലെ പിന്നിലൊരു വെട്ടെന്നെ വെട്ടീട്ടൊള്ളൂ.?
നായരൊന്നും കാട്ടീട്ടില്ല. ഇവ്ടൊരു വെട്ടങ്ങട്ട് വെട്ടി അയ്നാണ്. പിന്നെ കാലുമ്മലൊന്ന് തട്ട്യോക്കെലോ അപ്പോ ജീവൻ പോയ്ക്ക്ണ്ന്ന് പറഞ്ഞേലോ. നായര് അവര് പോയേന്റേഷം. നായര് നറീച്ചൊയ്ക്കാണ്ട് ചെറ്മക്കളോടെ പൊയ്ക്കാണ്ട്. ഇച്ചോം കുറേരിട്ട് കഞ്ഞെച്ച്. അത് കുട്ച്ച്ക്കാണ്ട് ചെങ്ങായിക്ക് കുസായി. ഇന്നട്ട് പിന്നെ എത്രെയോ കയ്ഞ്ഞ് ഇന്നാളെങ്ങനും ചത്ത്ട്ടോളൂ. ആ നായര് അങ്ങെപ്പോളും വരും. നായമ്മാരേറ്റ് വല്ല്യ ലോഹ്യ, ഇന്റെ ബാപ്പ. അവരെ പാടം ഉയിച്ചാനും അവരെ കിത്തുമത്തിന് ഒക്കെ ചെയ്യും ബാപ്പ. ഇന്റെ ബാപ്പാനെ പിട്ച്ചാൻ ഞങ്ങളെ മുറ്റത്ത്ക്കേ കേറലില്ല. പട്ടാളം, വീടാര്ത്... വീടാര്ത്... ചോദിക്കും പോവുമ്പോ വീട് ഞങ്ങൾതന്നെണ്, ഞങ്ങളോടെ ആണ്ങ്ങളാരുല്ല്യന്നറയും ഞങ്ങള്. ഞങ്ങള് കുട്ട്യാള്. വല്ല്യ പെണ്ണ്ങ്ങളാരും പൊറത്ത്ക്കെറങ്ങൂല. ഞങ്ങള് കുട്ട്യാള് പടിപ്പൊര്ക്കെനിന്ന് കാണ്ട് പറയും ഞങ്ങളെ വീടാണ് ഇബടാണ്ങ്ങളാരുല്ല്യാന്ന്.

ചോ: ചെറ്മക്കളോടൊക്കെന്തെങ്കിലും കാട്ടോ?
ചെറ്മക്കള്, പിന്നെ ഞങ്ങളെ ബടക്കീലെ തീയ്യര് അങ്ങനെ പെരീം പൊളിച്ച് പോയി. ഓരോ രാജ്യത്ത് പോയി. ചെറ്മക്കളൊന്നും കാട്ടീട്ടില്ല. ഞങ്ങളെ മേലോത്ത്ക്ക് വന്ന്ട്ടില്ല. മേലോത്ത ചെറ്മക്കളെ കുടിയൊക്കെ അവരൊന്നും കാട്ടീട്ടില്ല.
36.10: ചോ: അപ്പോ ഇങ്ങളിപ്പം കാട്ട്യേത് പട്ടാളക്കാരല്ല, വാൾക്കാരാല്ലെ?
ആ വാൾക്കാര് വന്ന്കാണ്ട്. വാൾക്കാര് രണ്ടൂന്നുറി ഞങ്ങളോടൊക്കെ വന്ന്ക്ക്ണ്. കുണ്ടൂക്കാരണവര് ഞങ്ങളെ പെരൊക്കെ കുണ്ടൂക്കാരാണ്, കുഞ്ഞലി ഔള്ളക്കുട്ടി നർഞ്ഞ ആള്. ഞമ്മളോടെ ഏതുനേരും വരും പണ്ടെന്തെങ്കിലും പണയം വെക്കാന്, ഇന്നട്ട് അറഞ്ഞാളും അതൊക്കെ അരേ കെട്ടിക്കാണ്ട് വരും കുഞ്ഞലവീന്നർഞ്ഞ ആള് ഇൻച്ച് നല്ല ഓർമ്മണ്ട്. നല്ല തടീണ്ടായിട്ട് നല്ല നീണ്ട ഒരു മൻസനേർന്ന്. അങ്ങനെ ഔള്ളക്കുട്ടീം, കുഞ്ഞ ല്വീം ആണ് കാര്യപ്പെട്ട വാൾക്കാര്. പിന്നെ അവ്ടെ കൂട്ടത്തികൂട്യാരാ ചെലോര്. അതൊക്കെ സ്വന്താക്കി അവര്പോയി. എല്ലാരും പോയേന്റേഷം ഇങ്ങട്ട് ഇട്ത്തോണ്ടന്ന്കാണ്ട് തൂക്കള്ളം പാർന്ന്കാണ്ട്. കബറുയിച്ച്ക്കാണ്ട് അവരെ പള്ളിതന്നെ. അവരെമേലായ്കാണ്ട് രണ്ട് ബറ് കാച്ചികാണ്ട് ഈ ബറ് ആ ബറ് ഔള്ളക്കുട്ടീനീം, കുഞ്ഞപ്പാക്കനീം, മറ്റേയ്ത്.... അങ്ങനെ 2 കൗങ്ങ്യ്. ഇന്റെ ബാപ്പാനെ മറെയ്തതവുടേണ്. പിന്നാരേം ഔടെ മറെയ്തിട്ടില്ല. അവ്ടിപ്പോളും... ഓത്തും ഓക്കെണ്ടേലോ.
ചോ: ഈ കുഞ്ഞാപ്പാക്ക ഇങ്ങളെ കുടുംബാ? ആകോയ്ട്ട്യാജിന്റൊപ്പം മരിച്ചാള്...
കുടുംബൊന്നല്ല, ഇവരെല്ലാം ചെങ്ങായ്മാരാ... അവരും കാവലെന്നെ പണീ.... അവര് ദെജാനക്കാര് വന്ന്കാണ്ട്. ദെജാനക്കാര് ഇമ്മിണിയാള്ണ്ട് കാവല്ന് ഒരാളായിട്ടൊന്നും അല്ല. 10-14 ആള് കാവൽനോവും ഈ കാവൽന്റെ ദിവസം ഞങ്ങളോടന്ന് റാത്തീബേര്ന്ന്. അന്ന് ഈയാളൊക്കെ നമ്മളോടെ വന്ന്ക്ക്ണ്. പിറ്റേന്ന് കാവൽന് ഇബരാക്കി. അങ്ങനെ പോയതാണ്. ബാപ്പങ്ങട്ട് വന്നപ്പോത്തിന് ഞങ്ങളെല്ലാരും നലേം വിളിച്ച്കാണ്ട് ബാപ്പാന്റെട്ത്ത് മണ്ടിചെന്ന്കാണ്ട് കൊത്തിപിടിച്ച് നെലോളിച്ചപ്പോ. നെലോളിച്ചണ്ടാ, നെലോളിച്ചണ്ടാന്ന് പറഞ്ഞ്കാണ്ട്.... ചോറൊണ്ടോയ്വെച്ചൊട്ത്തിട്ട് ഇന്റെ ബാപ്പ വെയ്ച്ച്ണില്ല. ഇങ്ങനെ പുട്ച്ചാ ആത്. കായ്ട്ട്യേജി ശഹാദത്ത് ചെല്ല്ണത് ഇങ്ങട്ട് കേക്കാ. ഓർക്കനെ ഇതൊക്കെ ബര്ഞ്ഞിണ്ടാക്കീലെ. നല്ല പട്പ്പ്ള്ള മൻസനാണ്. ശഹാദത്ത് ചെല്ല്ണത് ഇങ്ങനെ നല്ലോം കേക്ക. ഇന്റെ ബാപ്പാക്ക് പിന്നെ ഓർമ്മന്നെല്ല്യ. നല്ല ചെങ്ങായേർന്ന് നല്ല മൊതൽക്കാരനേർന്ന്...

36.11: ചോ: ഈ നായർക്ക് വയ്യാണ്ടായപ്പം ചെർമ്മക്കളാ നോക്ക്യേത്ല്ലേ?
ചെർമ്മക്കളട്ത്ത് പോയി കഞ്ഞുട്ച്ച്. കഞ്ഞുട്ച്ച് അച്ചേല്ക്ക് തിരൂരങ്ങാടീക്ക് ബസ്സേറി. ഇങ്ങട്ടെ ഈ മുറി കെട്ടി ഒണങ്ങീട്ട് അയാള് വന്ന്. അയാള് വന്ന് പിന്നെ പട്ടാള ഭരണൊക്കെ അമർന്നേന്റേഷം. ചെട്ട്യോ വീട്ടിലൊക്കെ ആൾക്കാരൊക്കെ വന്ന്. പെരൊന്നും പൊളിച്ചിട്ടില്ലല്ലോ. നായമ്മാരൊക്കെ വന്ന് കൂടി ഞങ്ങള് അറ്റങ്ങളോടെ പോയികാണ്ട് മഞ്ഞളരച്ചൊണ്ടരും. തേങ്ങവീണത്ട്ത്തൊണ്ടരും അങ്ങനൊക്കെ ചെയ്യും. ഇന്നട്ട് ഞങ്ങളെ ബാപ്പ. തൗതാർച്ചും അറ്റങ്ങളോട് തെര്ക്കുംമാണ്ട. ഇങ്ങള് കുട്ട്യാളാണ്ച്ച്ട്ട്. അയ്ന്റെ മണ്ടീല് ഇപ്പളുംണ്ട് ഇങ്ങള് കുട്ട്യാളാണ്ച്ച്ട്ട് ഇങ്ങള്പോണൊ? പിന്നെ ചെർമ്മക്കളൊക്കെ വന്ന്.

36.12: ചോ: ഈ കലാപം അമർന്നേന്റെ ശേഷോ?
ആ അമർന്നേന്റെ ശേഷം, പൊന്നാരമോളെ ഈ മൻസൻമാര് നെല്ലിന്റെ ഓല കൊയ്തെട്ക്ക്ണല്ലേ, അയ് ചെന്നിരിക്കാവും പേടിച്ച്ട്ട്. എത്ര കാട്ടിലും പൊന്തേലും ആണ് ആണ്ങ്ങള് ഒള്ച്ചീർന്നത്. ഒറ്റകുടിലും ആണ്ങ്ങള്ണ്ടാവൂല. ഒറ്റകുടീലും ആണ്ങ്ങളില്ല. പാതിരാവണം, പാതിരോ, പെല്ച്ചോ ആവണം ആണ്ങ്ങള് കുടീക്ക് വന്ന് കെട്ക്കണങ്കില്. അത്വരെ ആണ്ങ്ങള് ഒറ്റൊന്നുണ്ടാവൂല. ഞങ്ങളൊക്കെ പേട്ച്ചെല്ലി ഇര്ക്കലേര്ന്ന്.

ചോ: ആരെ പേട്ച്ചിട്ടാ ആണ്ങ്ങള് പോവുന്നത്?
ഈ പട്ടാളത്തിനെ പേട്ച്ചിട്ട്. ഈ പട്ടാളക്കാര് പെട്ടനിങ്ങട്ട് വരാണല്ലോ. ഓരോരോ കൂട്ടര്ങ്ങട്ട് വരാണല്ലോ. അത് എത്രേച്ച്ട്ടാ എണ്ണ്യാതീരൂല. അയ്നുമാത്രം 10 ആക്ക് ഒരു പട്ടാളായിട്ട് ഇങ്ങിനെ പിഞ്ഞാണതൊപ്പിങ്ങനെടും ഇന്നട്ട് അതിന്ള്ള കൗസലങ്ങളോക്കൊതും. ഇന്നട്ടിങ്ങനെ ചറ, പറ, ചറ, പറ ച്ച്ട്ട് പോണത് കാണാൻ നല്ല ചേല്ണ്ട്. ഞങ്ങളത് കാണാൻ ചെന്നുത്തര്ക്കാ കുട്ട്യാളായ്ര്ന്നന്ന്. അതന്നെ അങ്ങനൊക്കേര്ന്ന്.

36.13: ചോ: ഇന്നട്ട് ഇന്തെന്താത്താ ഇപ്പം കൈമല്? (ഗവേഷകയോട്)
ഇസ്‌കൂൾക്ക് പോവുമ്പം ഇട്ണതാണു, പൊന്നൊന്നൂല്ല്യ പൊന്നൊന്നൂ ഇടൂലെ (ചോദിക്കുന്നു).
ആ ഇടല്ണ്ട്.
36.14: ചോ: അന്ന് പട്ടാളഭരണത്തിന്റന്ന് ങ്ങള് മദ്രസിലൊക്കെ പോണ്ണ്ടോ? സ്‌കൂളിലൊക്കെ പോണ്ണ്ടോ?
മദ്രസിലൊന്നും പോണില്ല. ചെറീതാണ് വെള്ളകാറ്റത്തിറ്റന്നൊക്കെ പോവും. അന്ന് കുപ്പായടും. ഇത് കുപ്പായൊന്നും ഇടൂലന്ന് (ലഹളകാലത്ത്)
ചോ: ഇത്താത്ത പോവല്ണ്ടോ?
ഇത്താത്ത് പോയീനി.
ചോ: കലാപം തോട്ങ്ങേറ്റ ശേഷം മദ്രസൊക്കെ ഇണ്ടേർന്നോ? ഇങ്ങള് എപ്പളും പെരേറ്റുള്ളിതന്നാവോ, അതോ, പൊർത്തൊക്കെ പോവോ?
എ, പൊർത്ത്ക്ക്, ഞങ്ങളോട്ന്നാരും പൊർത്തൊന്നും പോവൂല. ഇന്റെ ഇമ്മാനെ കെട്ടീന്റെ കൂടെ ഇന്റെ മൂത്താപ്പാന്റെ മോളെ കെട്ടീതായ്ര്ന്ന്, ഇമ്മാന്റെ എട്ത്ത്ക്കോവും. എല്ലാണ്ടെങ്ങട്ടും പോവൂല.
36. 15: ചോ: ആ 10 പെണ്ണ്ങ്ങളെ പിട്ച്ച് കൊണ്ടേയ്ചെല്ലണംന്ന് പറഞ്ഞിട്ട്.
അയ്നൊന്നും കിട്ടീട്ടില്ല, പെണ്ണ്ങ്ങളെ. ഞമ്മളെ ധൈര്യത്തിന് കിട്ടീട്ടില്ല.
ചോ: അത് പട്ടാളക്കാര്ക്കേര്ന്ന്.?
അല്ലാ.... പട്ടാളക്കാര്ക്കല്ല.
ചോ: വാൾക്കാര്ക്കോ?

പട്ടാളക്കാര് അമ്മുകുട്ടീനെ പിട്ച്ചോണ്ട് പോയീലെ അതിന് പകരം 10 പെണ്ണ്ങ്ങളെ പൂഴിക്കല് നന്നമ്പ്ര രാജ്യത്ത്ന്ന് പുട്ച്ചണംച്ച്ട്ട് ഓഡറ്ണ്ടായിര്ന്ന്. അയ്ല് പെണ്ണ്ങ്ങള് ബേജാറായി എല്ലാരും, നാലുവഴ്ക്കും പോവും പെണ്ണ്ങ്ങള് പിന്നെ പൊർത്തെർങ്ങി നടക്കൂല. വാല്യക്കാര്ത്തി പെണ്ണ്ങ്ങളൊന്നും. അമ്മുകുട്ടീനെ പിന്നെ കിട്ടീട്ടില്ല. അമ്മുകുട്ടീനെ വാൾക്കാര് കൊണ്ടോയീലെ. ദത്തേ കാട്ടീനാവും അതൊന്നുച്ചോർമ്മല്ല്യ. അയ്ലൊക്കെ പെട്ട് മൻസനാ ഞാനീന്ന് പറയാ. അന്നൊക്കെ ഞാന കുട്ട്യല്ലേ? ഇന്നെ ഇങ്ങട്ട് കെട്ടിച്ചിട്ടില്ല. 8 ദീസം ഇവട വന്ന് പാർത്ത്ക്ക്ണ്. ഇന്നട്ട് ബാപ്പ. പകല് കൂട്ടികൊണ്ടോവാൻ വയ്യാഞ്ഞിട്ട് അന്തിക്ക് ഒരീസം ചോറെയ്ച്ച് കയിഞ്ഞേറ്റേഷം ബാപ്പ വന്ന് കൂട്ടികൊണ്ടോയി. അന്ന് അമ്മായി പറഞ്ഞ് ഇജ് കൊണ്ടോണ്ട കുട്ട്യാള് ഇബടെ നിന്നോട്ടേന്ന്. അത് പറ്റൂല കൊണ്ടാകാതെ ഇൻക്കജൂലാന്നറഞ്ഞ്. ബാപ്പ അന്തിക്കന്ന് കൂട്ടികൊണ്ടോയി. തലേൽ മുണ്ടില്ലാഞ്ഞിട്ട്, ഇമ്മന്റേട്ത്ത്ന്ന് ഒരു കണ്ടം തലേലിട്ട് ഇങ്ങട്ട് വന്ന്ക്ക്ണത്. തലേ മൂണ്ടൂട്ടിട്ടില്ല. ഈ എടേ എളേമ്മേം, അമ്മായി ഒക്കെകൂടെ പോര്ണണ്ടപ്പം അവരെ വജാലെ മണ്ടീതാ.

ചോ: ഓരെന്തേ ഇങ്ങട്ട് പോന്നത് പേട്ച്ചിട്ടോ?
ആ ഓര് പേട്ച്ചിട്ട് പുട്ച്ചോണ്ടോവുച്ച്ട്ട്. ഓരൊക്കെ വാല്ല്യേക്കാരാണ്. അമ്മായീം നല്ല വാല്യേക്കാര്ത്ത്യായ്ര്ന്ന്. അമ്മോൻ കെട്ടികൊണ്ടന്ന എളീമീം, ഇമ്മോള്ളൂ കൊർച്ച് തള്ള അപ്പം അവര് പോവുമ്പോ അവരപ്പം വന്താണ്. പട്ഞ്ഞാറഭാഗത്ത്.
ചോ: ഇമ്മക്കെ എപ്പെളെ പോയി?
ഇമ്മൊക്കെ മുന്ത്യാവുമ്പത്തന്നെ പോയി.
ചോ: അവരെ കൊണ്ടോയി
വെൾക്ക് വെച്ചേന്റേഷം. ഇര്ട്ടായ്ന്റേഷം പോയി. പെരേക്കെന്നെ പോയി. അപ്പോത്തീന് പട്ടാളൊക്കെ ഒന്നമർന്ന്. ഞങ്ങള് പോര്ണ വയ്ക്കൊക്കെ പട്ടാളം പിരി പിരീച്ചിട്ട് വെട്യെച്ചിട്ട്. ഞങ്ങളൊക്കെ മണ്ടീക്ക്ണ്. മണ്ടീകാണ്ട് എല്ലാംകൂടെ വന്നതാ. മണ്ടികാണ്ട് വന്ന് പടിഞ്ഞാറെ പള്ളിന്റെ തായ്ത്ത് എറങ്ങിക്കാണ്ട്. അബുകാക്കല്യടീ........ അബുകാക്കന്റെ പെരന്റെ ആ ബാതിൽകൂടേണ് ഞങ്ങള് പോന്ന്ക്കണത്. അതൊക്കെ ഇൻച്ചോർമ്മണ്ട്.
36.16: ചോ: ഇങ്ങളെ ശരിക്കുള്ള പേരെന്താ?
ആമിനകുട്ടീന്ന്.
ചോ: വീട്ട് പേര്?
പൂഴിക്കല്. ഞങ്ങള് തെഞ്ചാല (തെയ്യാല)ക്കാരാണ്. ഞങ്ങടെ ഇപ്പാപ്പ അവുട്ന്ന് നായമ്മാരെ പറമ്പൊക്കെ കൊണ്ട്ക്കാണ്ട് ഞങ്ങളെ തൊടൂല് രണ്ടുമൂന്ന് കേറ്ണ്ട് ഇല്ലക്കേറ്. ആ ഇല്ലകേറ്റിന്റെ കേടേര്ന്നേലോ ഞങ്ങളെ പെര കത്തീത്. അത് പെൾച്ചാള്കൾക്കൊക്കെ കൊണ്ക്കട്ണ്ടായി. പിന്നെ ഞങ്ങളെ പെരീംകത്തി. പിന്നെ കണിക്കാരെട്ത്ത് പോയപ്പം പറഞ്ഞ് ഈ കേറ്റിന്റെ സന്ധിയായാണ്. കേറ് തൂർത്തിട്ട് വേണം പെണ്ടാക്കാന്. ഇന്നട്ട് പട്ത്ത്കാണ്ട് ഇത്രപോലും ഇങ്ങട്ട് പൊർത്ത്ക്ക് കാട്ടി ഇപ്പം കൊളതാവ്ടെ നിക്ക്ണ് ആർക്കും എറങ്ങാൻ വയ്യാതെ. വല്ല്യേ കേറാണ് തൂർത്ത്ക്ക്ണ് ആ കേറ് വല്ല്യ അമ്പലകേറ്. ഇവ്ട്ത്തെ പത്കക്കാരെ സ്ഥലാണേലോ അത്. ഇപ്പാപ്പ കൊണ്ടതാണേലോ. അതൊന്നും ഇന്റെ ബാപ്പാക്ക് പുട്യാടില്ല. ഞങ്ങളെ ബാപ്പാക്ക് 5 പെങ്ങമ്മാര്ണ്ടേനി 5 പെങ്ങമ്മാരും ബാപ്പകുട്ട്യാവുമ്പം മരിച്ച് ബാപ്പാന്റെ മൂത്താള് ഹജ്ജിനോയ്ട്ട് മരിച്ചേലാ. അന്ന് ബാപ്പ കുട്ട്യാണ്.

36. 17: ചോ: ഇങ്ങക്കെല്ലെ ഇതൊക്കറിയാ?
അന്ന് ഇങ്ങൻതന്നേണ്. ഇതുപോലൊരു പേടി ഇണ്ടായ്ര്ന്നീല പേടി പുട്യാടില്ല. ബാപ്പ ഒർങ്ങുമ്പോ ഇമ്മനെലോൾച്ചും ബാപ്പവെര്ണെങ്കി 10 മണി പന്ത്രണ്ടണി ആവും വെര്ണെങ്കില്. ഇന്നട്ടെ ഞങ്ങള് ചോറെയ്ച്ചൊള്ളൂ. അത്രയ്ക്ക് ഇതാണ്. അന്നത്തൂസം ബാപ്പങ്ങട്ട് വന്നപ്പോത്തിന് കാവല്ന് 2 ആള് കെടക്ക്ണ്ടാവും. ഇന്നട്ട് അവരെ പറഞ്ഞയച്ച് ബാപ്പാനെ കാണാണ്ടായിട്ട് അപ്പം പറഞ്ഞ് വെരണ്ണ്ട് നടന്ന്ന്ന്. അപ്പം വന്നപ്പം ഇതാണ് കഥ. കോയ്ട്ട്യാജിനേം ഔള്ള കുട്ടീനേക്കെ പുട്ച്ചൊണ്ടോയി അയല് ലൗക്കുട്ടി ഔള്ളകുട്ടിക്കെ വന്ന്കാണ്ട്.... കുഞ്ഞലവി, ലൗകുട്ടി പിന്നെ ഔള്ളകുട്ടി മൂന്നാളാണ് ഇതിക്ക് മുടിതൻമാര്.
ചോ: അവരേണ് പിട്ച്ചൊണ്ടോയത്?
അവരെല്ല, അവരാണ് വാൾക്കാര് കാര്യപ്പെട്ട വാൾക്കാര് ആ രാജ്യത്തെ. അതൊക്കെ നമ്മളോടെ നിന്നീര്ന്ന കൂട്ടരും ആണ്. ഓരറിയാണ്ടെ ആള്കള്ണ്ടേര്ന്ന്. ഇതില് മൂന്നാള് ഞങ്ങടെ രാജ്യത്ത്ക്ക്ള്ളതാണ് എപ്പെളും വരും ഞങ്ങളോടെ വളൂര്റ്റന്ന് പലട്ടിര്ക്കും ഇന്നട്ട് കഞ്ഞീം ചോറൊക്കെ തിന്ന്ട്ടേ കുടീക്കോവൊള്ളൂ.
ചോ: ഓര് വാൾക്കാരേപെട്ടതല്ലേ? ലൗകുട്ടി....
എ ഓരെല്ലെ വാൾക്കാര് ലൗകുട്ടി. കുഞ്ഞൽവി, ഔള്ളകുട്ടി ഇവരൊക്കെ കുണ്ടൂക്കാരാണ്.
ചോ: ഇന്നട്ട് ഓരെന്നെ പിടിച്ചത്?
ആ പിട്ച്ചത് പിട്ച്ച്കെട്ടി കൊണ്ടോയീലെ ഇന്റെ ബാപ്പാനെ. അതെന്താണ് കെട്ടീക്ണ്ത്. ഈ നായമ്മാർക്ക് സെയ്ട്ന്ന്ട്ട് അതാണ് വാൾക്കാര് പുട്ച്ചാൻ വന്ന്ക്കണത്. പട്ടാളക്കാർക്ക് നായമ്മാര് സേവക്ക്ണ ആളെല്ലേ. ഈ പാടം മുഴ്വൻ കൊയ്യിച്ചത് ബാപ്പേണ് ചെട്ട്യേർമ്മാരെ പാടം കൊയ്യിച്ചല്. അറ്റങ്ങളൊക്കെ പോയിക്ക്ണ്. പാടം കൊയ്യിച്ച് ഔടെ കൊണ്ടോയിട്ടിട്ട് അറ്റങ്ങള് മെതിച്ച് അതിന് പണം കൊട്ത്തീര്ന്നതൊക്കെ ബാപ്പനെ കോയ്ട്ട്യാജിണ്ട്. ഓരൊക്കെ പട്ടാളത്തിനെ പേട്ച്ച് ചെയ്യ്ണതാണ് പട്ടാളത്തിനെ പുടിക്കാതിരിക്കാൻ വേണ്ടീട്ട്. അതോണ്ട് പട്ടാളം വന്നിട്ടില്ല. കോയിട്ടിമൊയ്ല്യാരോട്ക്കും ഞങ്ങളോട്ക്കൊന്നും വന്നിട്ടില്ല. ഒന്നു വന്നില്ല അങ്ങനള്ള കുലുമാലൊക്കെ ഇണ്ടായിക്ക്ണ്. എത്രകാലായ്ക്ക്ണ്. എത്ര കാലായ്ക്ക്ണ് പുട്യാട്ണ്ടോ 80 കൊല്ലം. (പറഞ്ഞുകൊടുക്കുന്നു.)
36.18: ഞാനൊക്കെ അന്ന് കുട്ട്യാണ് കുപ്പായടൂല തലേല് മൂണ്ടുടൂല. പട്പ്പരേല് വന്നുക്കും. ഇന്നട്ട് ചെറപറ ചെറാപറച്ച്ട്ട്. പിഞ്ഞാണ തൊപ്പി തലേലിട്ട്കാണ്ട് ഡൗസറിട്ട്കാണ്ട് അങ്ങനെ അറ്റങ്ങള് പോണേന് ഞങ്ങള് കണ്ടക്ക്ണ്. ഞങ്ങള് പറയും ഇങ്ങട്ട് കടക്കണ്ട ഇമ്പടെ ആണ്ങ്ങളൊന്നുല്ല്യാന്ന് പറയും ഞാനും ന്റെ ഇത്താത്തീ പറയും. ഇത്താത്തീം അങ്ങൻതന്നെ.
36.19: അത് കഴ്ഞ്ഞേറ്റേഷാണ് ഇന്റെ ഏടത്തീനെ കെട്ടിച്ച്ക്കണത്. മൂന്നൂര്ക്ക് ഇന്റെ അമ്മായിന്റെ മോനെകൊണ്ടെന്നെ. ഇന്നട്ട് അന്ന് ഞാൻ ചെറീതാണ് ബല്ലീതൊന്നും ആയിട്ടില്ല. അന്ന് മൂന്നൂര്ക്ക്. പുത്യാണ്ണിറ്റൊപ്പം പോയന്ന് ഇന്റെ ഏടത്തിന്റെ കൈമന്നൊരു വാച്ച്വള പോയി. കൈമന്ന്, ആ വാച്ച് വള തോണിക്കാര്ക്കാ കിട്ട്യേത്. തോണീലാ പുത്യണ്ണ് പൊയ്ക്ക്ണത്. ഇന്നട്ട് ഇന്റെ മൂത്തമ്മായി പറഞ്ഞ് കുഞ്ഞല്വിന്റെ മോളെ കൂട്ടി കൊണ്ടോവല് കൈഞ്ഞിട്ട് ഈ അന്യ കുടീല് കായ്കെടന്നീന്ന് കേൾക്കാൻ പാടില്ല. ഇങ്ങള് തോണി കുത്തിക്കോളി. പടച്ചോറുട്ക്കല്ണ്ട് ഞമ്മടെ ആവശ്യം എല്ലാരും യാസീനോതിക്കോളി കുൽഹു... മഞ്ചേണ് പാട്ടാടാൻ വന്ന്ക്ക്ണ് ഓരൊപ്പം മഞ്ചാണ് കൊണ്ടന്ന്ക്കണത് മഞ്ച് നർച്ചും പെണ്ണ്ങ്ങളേര്ന്ന്. അവരെ പടീക്കകൊണ്ടങ്ങട്ട് കേറി അപ്പം പെണ്ണ്ങ്ങളങ്ങനെ കച്ചുട്ച്ചെരാൻ വന്ന്ക്കാണ്. അന്ന് ഞാൻ കുട്ട്യാണ് ആരും കജുട്ച്ചരാൻ പാടില്ലല്ലോ? ആ വള പിന്നെ കിട്ടീല.

36. 20: ചോ: ഇങ്ങള് ഈ കഥ കുട്ട്യോൾക്കൊക്കെ കഥ പറഞ്ഞൊടുക്കലുണ്ടോ?
ഇവട്ത്തെ കുട്ട്യോക്ക് ആരോട് പറഞ്ഞൊട്ക്ക്ണ്. പട്ടാളനെയ്മം കഴ്ഞ്ഞതൊക്കെ പറീം ചെലേപ്പം കുത്തര്ന്ന്കാണ്ട്.
ചോ: കുട്ട്യാക്കിഷ്ട്ടാ കേക്കാൻ?
ആ ചെലേരൊക്കെ കേൾക്കും.
ചോ: ഇങ്ങക്കെത്ര വയസ്സായിക്ക്ണ്.
ഇൻച്ചെത്ര വയസ്സായ്ക്ക്ണ്. ഇച്ച് ഓർമ്മല്ല്യ. ചെലോരർഞ്ഞ് എയ്പത്തഞ്ച് ആയ്ക്ക്ണ് എമ്പത് ആയ്ക്ക്ണ് ന്നൊക്കെ പറയിണ് പതിമൂന്ന് വയസ്സിലാ ഇന്നെ ഇങ്ങട്ട് കെട്ടീക്ക്ണത്. കെട്ടീട്ട് രണ്ട് കൊല്ലം കഴിഞ്ഞിട്ടാ കൂട്ടികൊണ്ടന്ന്ക്കണത്. കൂട്ടികൊണ്ടന്നപ്പം പ്രായം തെകഞ്ഞ്ക്ക്ണ്. അവുട്ന്ന് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞേരെ പ്രസവിച്ച്. അത്കൈയ്ഞ്ഞ് പെറ്റിട്ടില്ല. കൊറേകഴിഞ്ഞേരെ പെറ്റ്ക്കണത് ഇന്റെ മാനിപ്പം വയസ്സനായ്ക്ക്ണ് മൂത്തോന്. മൂത്തോൻണ്ട് കൂട്ടത്തിക്ക് എളേ മോനാണ് ഇങ്ങള് വന്നപ്പോ വാതിക്കെ കുത്തര്ക്കണത്. 13-ംമത്തെ കുട്ട്യാണ് കുട്ട്യോളൊക്കെ മരിച്ച്. ഒക്കെ മരിച്ചിട്ട്. അന്നൊന്നും തീരെ ആശുപത്രി ഇല്ലമ്മാ. വല്ല തങ്ങമ്മാരെട്ത്ത്ക്ക് കൊണ്ടോവും അതൊന്നും ചെയ്താല് കൂട്ടാള്ണ്ടാവുല്ല. കുട്ട്യാളൊക്കെ മരിച്ച്. ഒക്കെ ആൺകുട്ട്യാളന്നെ. മൂന്ന് പെങ്കുട്ട്യാളെ പെറ്റിട്ടൊള്ളൂ. ഇന്നട്ട് മൂത്തോന്ണ്ട് അയ്റ്റെ എളേതുണ്ട് ഓരെ ബാപ്പ മരിച്ച് ഓരെ ബാപ്പ മരിച്ചപ്പം ഇന്നെ ഇബട്ന്നയച്ചീല. ഇബര് അമ്മായി അയച്ചില്ല. പിന്നെ ഇബരെ കുട്മ്പക്കാരേനി ഓരെ കൊണ്ട് കെട്ടിച്ചു. ഓരെകൊണ്ടോ കെട്ടിച്ചിട്ടേ പിന്നെ ഈ പേറൊക്കെ പെറ്റത്. ഇപ്പേ ഓരും മരിച്ച് ഇപ്പം ഞാൻ ബാക്ക്യായി ഇന്റെ ആയ്സ് ബല്ലാത്തായിസ്. അവസാന നേരം ഈമാൻ നല്ലം കിട്ടട്ടേ ഞമ്മക്ക് ഇനിപ്പതല്ലെ ആവസ്യള്ളൂ. എല്ലാതൊന്നുല്ല്യല്ലോ? കണ്ണെണ്ടൂടാതായി. ഇന്റെ മോന് കൊറേ വൈച്വം ചെയ്ത്ക്ക്ണ്. ആശ്പത്രീ പോയി കണ്ണോപ്രേഷൻ ചെയ്ത്. പിന്നെ രണ്ടൂന്ന് കൊണക്ക്ടായ്ട്ട് ആശ്പത്രീലൊക്കെ കൊണ്ടേയ്ക്ക്ണ്. മൂത്തതൊക്കെ വേറാണ്.

36. 21: ചോ: ഇങ്ങളുപ്പേം രണ്ട് കല്ല്യാണം കഴിച്ച്ക്കണോ?
ഇന്റെ പ്പ മൂന്ന് പെണ്ണെറ്റെ കെട്ടീക്ക്ണേലോ.
ചോ: അതീ കലാപ കാലത്താണോ?
പട്ടാള നിയമത്തില് അതേ പെണ്ണാണ്. ഞങ്ങളമ്മാനെ കെട്ടീട്ട് ഇമ്മാക്ക് പിന്നെ സ്വാക്കടായിട്ട് വെജാതായിട്ട് കുടികൊണ്ടട്ക്കാൻ ഇമ്മാനെകൊണ്ട് ആവതില്ലാതായപ്പോ ഏട്ടന്റെ മോളെ കെട്ടീതായ്ര്ന്ന് അത് ഏട്ടന്റെ മോളേര്ന്ന്. അപ്പം പിന്നെ കാര്യയ്വാക്കീതായ്ന്. വെള്ത്ത്ട്ട് മെല്ലിച്ചിട്ടൊരാളേര്ന്ന്മ്മ. നല്ലോം മുസായ്ഫോതും എല്ലാതെത്തും ഇമ്മാക്ക് പുട്യാടില്ല. എളിവാക്കും വൈക്കും. അങ്ങനെ ഇറ്റമ്മാനെ കാര്യാക്കി അങ്ങനെ ആ പെണ്ണ്ങ്ങളും മരിച്ച്. രണ്ടാൺമക്കള്ണ്ടേര്ന്ന് ഓരും മരിച്ച്.
ചോ: ഇങ്ങള് ഇമ്മാന്റൊപ്പേര്ന്നോ? അതോ, ഇപ്പാന്റൊപ്പേര്ന്നോ?
ഇമ്മാന്റൊപ്പം തന്നേര്ന്ന്. കാതുത്താനൊക്കെ ഇമ്മാന്റെട്ത്ത്ന്ന് കൊണ്ടന്ന്കാണ്ട് കാതുത്തിച്ച്. എന്ത്കല്ല്യാണേര്ന്ന് പെണ്ണ്ങ്ങളൊക്കെ കൂടി കൈയ്യോട്ടി പാടേര്ന്ന് കാതുകുത്യാപ്പളേ.
ചോ: ഇങ്ങക്ക് പാട്ടൊക്കെ അറിയോ?
പാട്ട് തെല്ലോണം പുട്യാട്ണ്ട്.
ചോ: ഇന്നാ ഒന്നു പാട്ടാടിക്കാണി.

തിരൂരിലെ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ / Photo: Saifshuroor

ഇപ്പം പുട്യാടില്ല. പാട്ട് പാടിക്കാണ്ട് പുത്യണ്ണിനെ കയ്യുട്ച്ചെറങ്ങ്ണതും. നോക്ക്ണ്തും കൊണ്ടര്ണതും ഒക്കെ പുട്യാട്ണ്ട്. ഒക്കമർന്നിപ്പം. ഇപ്പം മുസായ്ഫിലേത്തേന്നെ നല്ലോം കണ്ടൂട. മുസായ്ഫ് കയ്യ്ന്നെക്കൂല ഞാന്. നിസ്‌ക്കേരിക്കണത് നല്ലോം കിട്ടും അതിലൊരു മർത്യൊന്നുല്ല്യ. ഇപ്പം നിസ്‌ക്കരിച്ചും അയ്ന്റെ ദോയീം. അത് ചെയ്ന്നതും എത്ര ത്രാവി നിസ് ക്കേര്ച്ച്ക്ക്ണ്. കൊല്ലത്തില് ത്രാവിനിസ്‌ക്കേര്ച്ച്ക്ക്ണ്. ഇപ്പതൊന്നും വയ്യ.
ഇനിങ്ങളെല്ലാരും ഈമാന്റെ മുള്ക്ക് ആവാൻ ദോര്ക്കീ ഇനിയൊന്നും മാണ്ട. ദുനിയാവിലെ പൂത്യന്നെ ഇച്ച് കെട്ട്ക്ക്ണ്. ഇഞ്ഞ്ച്ച് പൂതില്ല.
കലാപസമയത്ത് ഏഴു വയസ്സേയുള്ളുവെങ്കിലും കലാപത്തിലെ അനുഭവങ്ങൾ ഇവർ നന്നായി ഓർക്കുന്നുണ്ട്. പൂഴിക്കലുള്ള ഒരു അമ്മക്കുട്ടിയെ പിടിച്ചുകൊണ്ടുപോയതും പകരം പത്തു സ്ത്രീകളെ ഹാജരാക്കാൻ ഓഡറായതും ഇവർ ഓർക്കുന്നുണ്ട്. ഈ പത്തു സ്ത്രീകൾ അധികവും ഇവരുടെ വീട്ടുകാരായിരുന്നു. അതിൽ ഉമ്മയും ഉൾപ്പെട്ടതുകൊണ്ട് അന്ന് ഇവരും ഉമ്മയോടൊപ്പം പോകുന്നുണ്ട് (36.2). പിന്നീട് പ്രശ്നങ്ങളൊതുങ്ങുംവരെ അമ്മായിയുടെ വീട്ടിലാണ് പോയി താമസിച്ചത് (36.3). ഈ വിട്ടിലേക്കുതന്നെയാണ് പില്ക്കാലത്ത് ഇവർ വിവാഹിതയായെത്തുന്നത് എന്നും സൂചിപ്പിക്കുന്നുണ്ട് (36.15). ഇവിടെ താമസിച്ചത് എട്ടു മാസം എന്നും എട്ടു ദിവസം എന്നും മാറിമാറി പറയുന്നുണ്ട്. ഉമ്മയും മറ്റു സ്ത്രീകളും വന്നിരുന്നുവെങ്കിലും അവർ രാത്രിയിൽത്തന്നെ മടങ്ങിപ്പോവുകയാണ് (36.3). പട്ടാളനിയമം എന്നാണ് അവർ കലാപകാലത്തെക്കുറിക്കാനുപയോഗിക്കുന്ന വാക്ക്. പട്ടാളനിയമത്തിലും ദവളഭരണത്തിലും ഭക്ഷണക്ഷാമത്തിലും വെള്ളക്കേറ്റത്തിലും ഉൾപ്പെട്ടയാളാണ് ഞാനെന്ന് എടുത്തുപറയുന്നുണ്ട്. വെള്ളപ്പൊക്കത്തിന്റെ വിവരണങ്ങളും ഈ ആഖ്യാനത്തിൽ ഇടയ്ക്ക് കടന്നുവരുന്നുണ്ട് (36.4).

ഇവരുടെ ബാപ്പയ്ക്ക് ചെട്ട്യേംവീട്ടിൽ കാവലാണ് ജോലി എന്നാണ് ആമിനക്കുട്ടി ഓർക്കുന്നത്. ബാപ്പ നായന്മാർക്ക് സൈഡായതുകൊണ്ട് വീട്ടിൽ പട്ടാളം വന്നില്ലെന്നും ഇവർ പറയുന്നുണ്ട് (36.5). പക്ഷേ, കാവലിനുപോയ വീട്ടിൽനിന്ന് കലാപകാരികൾ ബാപ്പയെ പിടിച്ചുകെട്ടുന്നുണ്ട്. ബാപ്പയെ പിന്നീട് അഴിച്ചുവിട്ട് പോകാനനുവദിച്ചെങ്കിലും സുഹൃത്തായ കോയട്ടിഹാജിയെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരണങ്ങൾ ഇതിലുണ്ട്. കോയട്ടിഹാജിയോടൊപ്പം കൊണ്ടുപോയ ശേഖരൻ നായരെ മതം വിശ്വാസിച്ചോളാമെന്ന ഉറപ്പിൽ വിട്ടയയ്ക്കുന്നുണ്ട്. മേൽ മുഴുവനും വാളുകൊണ്ട് മുറിവേൽപ്പിച്ചും തള്ളവിരൽ മുറിച്ചുകളഞ്ഞും വേദനിപ്പിച്ച് ഒടുവിലാണ് കഴുത്തറുത്തു കൊന്നത് (36.5), (36.6). കലാപകാരികളുമായും വളരെയടുത്ത ബന്ധമുള്ളവരാണ് ഇവരുടെ വീട്ടുകാർ. ഇതിനുശേഷം കുഞ്ഞലവിയും അവുള്ളക്കുട്ടിയും ഇവരുടെ വീട്ടിൽ വന്നതായും ആമിനക്കുട്ടി പറയുന്നുണ്ട്. ബാപ്പയുടെ സഹോദരന്മാരും ഉപ്പാപ്പയും കലാപകാരികളുടെ ഭാഗമാണെന്നും സൂചിപ്പിക്കുന്നു. ആമിനക്കുട്ടിയുടെ വീട്ടിൽനിന്ന് ചായകുടിക്കാതെ കുഞ്ഞലവി ഉപ്പാപ്പയുടെ വീട്ടിൽ പോയാണ് ഭക്ഷണം കഴിക്കുന്നത്.

അതുകൊണ്ടുതന്നെയാവാം ഇവരുടെ ബാപ്പയെ കലാപകാരികൾ പോകാനനുവദിച്ചത് (36.6). 'കൊറെക്കാലം നിന്ന്ക്ക്ണ്''പട്ടാളനിയമം എന്നുമാത്രമേ ഇവർക്ക് ഓർക്കാനാകുന്നുള്ളൂ. അതിനെ പട്ടാളത്തിന്റെ വരവുമായാണിവരും ബന്ധിപ്പിക്കുന്നത് (36.7). പട്ടാളത്തെക്കുറിച്ചുള്ള ഓർമ്മയാണ് ഇവരുടെ ബാല്യകാലസ്മരണയിൽ ഏറ്റവും പ്രബലമായത് എന്നും കാണാം. ബാപ്പയോടുള്ള ഉറ്റബന്ധവും 'പട്ടാള'-ത്തിന്റെ ഭാഷയും (ബെയ്സ്ന്നൊരാട്ട്) (പിരി പിരി) (36.7) വെടിയൊച്ചയും മാർച്ചിന്റെ ശബ്ദവും (പറ, പറ) (36.12). അവരുടെ വേഷവും തൊപ്പിയേയുംക്കുറിച്ചുള്ള വർണ്ണനയും (36.18). എല്ലാം ഇട യ്ക്കിടയ്ക്കാവർത്തിക്കുന്നുണ്ട് 'നല്ല ചേലാണ്''പട്ടാളം പോവുന്നതു കാണാൻ എന്നാണിവർ ഓർക്കുന്നത് (36.12).

കലാപസമയത്ത് ഏഴു വയസ്സാണെന്നിവർ കൃത്യമായി പറയുന്നുവെങ്കിലും ഇതിനെ ആഖ്യാതാവ് ഓർക്കുന്നത് അന്നു കുപ്പായമിട്ടിട്ടില്ല തലയിൽ മുണ്ടിട്ടിട്ടില്ല തുടങ്ങിയ കാര്യങ്ങളിലൂടെയാണ് (36.2). ഇങ്ങനെ വ്യക്തിപരമായി തങ്ങൾക്കെന്താണ് മലബാർ കലാപം എന്നാണു സ്ത്രീകളുടെ ഓർമ്മകളിൽ പ്രധാനമായും കാണുക. ആഖ്യാതാവിന് ബാപ്പയോടുള്ള അടുപ്പവും ബാപ്പയ്ക്കുണ്ടായ ദുഃഖവുമാണു പ്രധാനമായും പറയുന്നതെങ്കിലും ഇതിൽ സ്ത്രീകളുടെ പ്രവൃത്തികൾക്കും വാക്കുകൾക്കും കൂടുതൽ സ്ഥാനമുണ്ട്. സ്ത്രീകൾക്ക് എന്തു സംഭവിച്ചു എന്നതിന് ഇവർ ഉത്തരം കണ്ടെത്തുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നുണ്ട്. അമ്മുക്കുട്ടിയെ കാണാതായതും പത്തു സ്ത്രീകളെ ഹാജരാക്കാൻ പറഞ്ഞപ്പോഴുണ്ടായ പേടിയും ഇവർ ഒരുപോലെ ഉൾക്കൊണ്ടതായി കാണാം. അതുകൊണ്ടാണ് ഈ പത്തു സ്ത്രീകൾക്കൊന്നും സംഭവിച്ചില്ലെന്നു പറഞ്ഞയുടനെ അമ്മുക്കുട്ടിയെ പിന്നെ കിട്ടിയില്ലെന്നും അവർക്കെന്താ സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും കൂടി പറഞ്ഞുവെക്കുന്നത് (36.15). വാൾക്കാർ കൊലപ്പെടുത്തിയ കോയട്ടിഹാജിയെ ഖബറടക്കംചെയ്തശേഷം വാൾക്കാർ ഇവരുടെ വീട്ടിൽ വന്നതായി പറയുന്നുണ്ട് (36.6). അപ്പോൾ ഇവരോടിതിനെക്കുറിച്ച് ചോദിക്കുന്നത് എളീമയാണ്. ഇങ്ങനെയുള്ള പ്രവൃത്തിചെയ്യാൻ തോന്നിയല്ലോ എന്നവർ ചോദിക്കുന്നു. ഞാനറിഞ്ഞില്ല പെങ്ങളേ എന്ന് ബഹുമാനപൂർവ്വമാണ് കുഞ്ഞലവി മറുപടി പറയുന്നതും (36.6). ഈ എളീമതന്നെ ഹാജറിനു പോകാതെ വയസ്സിയുടെ വേഷം കെട്ടി മാറിനിന്നതും ഈ ആഖ്യാനത്തിലുണ്ട് (36.2). കുറെയധികം പ്രസവിച്ചുവെങ്കിലും മക്കളെ കിട്ടിയില്ല. ആശുപത്രികൾ ആവശ്യത്തിനില്ലാത്തതാണ് ഇതിനു കാരണമെന്നും ഇവർ പറയുന്നുണ്ട്.

കലാപത്തെക്കുറിച്ചുള്ള ആഖ്യാതാവിന്റെ നിലപാടും സവിശേഷമാണെന്നു കാണാം. കലാപകാരികൾ/വാൾക്കാർ ക്രൂരമായി പീഡിപ്പിച്ചതും, ശരീരം മുഴുവൻ കത്തികൊണ്ട് വാർന്ന് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയതും വിവരിക്കുമ്പോൾ ആഖ്യാതാവിന്റെ നിലപാട് ഇവർക്കെതിരാണ്. വളരെ അടുത്ത ബന്ധമുള്ളവരെന്ന നിലയ്ക്കുമാണ് ഈ പ്രവൃത്തികൾ വളരെ ക്രൂരമായിവർ കാണുന്നത്. വീട്ടിൽനിന്ന് കഞ്ഞിയും ചോറും തിന്നിരുന്ന ആൾക്കാ രാണിങ്ങനെ ചെയ്തത് എന്നതാണിവർക്കേറ്റവും വിഷമമുണ്ടാക്കുന്നത് (36.5). പക്ഷേ, പിന്നീടു വാൾക്കാർ വീട്ടിലെത്തുന്നതോടെ അവർ സഹതാപമാർജ്ജിക്കുന്നവരുമാകുന്നു (36.6). കാരണം അവർ പുത്തൂർ പള്ളിയിലേക്ക് സെയ്താവാൻ പോകുന്നവരായിരുന്നു എന്നതുതന്നെ. പിന്നീട് ഇവർ ബ്രിട്ടീഷുകാർക്കുമുന്നിൽ മാറുകാട്ടി വീരമരണം പ്രാപിച്ചതായും വിവരിക്കുന്നുണ്ട് (36.8). ബാപ്പ നായന്മാരുടെ ഇഷ്ടക്കാരനായിരുന്നെങ്കിലും ഉപ്പാപ്പയും ബാപ്പയുടെ സഹോദരങ്ങളും കലാപകാരികളുടെ പക്ഷക്കാരായിരുന്നു എന്നും സൂചനയുണ്ട്. അതുകൊണ്ട് എല്ലാംകൂടി ചേർന്നാണ് ഉണ്ടായിരിക്കുന്നത് എന്നു പറഞ്ഞവസാനിപ്പിക്കാനേ ഇവർക്കാകുന്നുള്ളൂ (36.6). ഇതിലെ ഭരണകൂടത്തെക്കു റിച്ചുള്ള പരാമർശങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കലക്ടർ, കോൺ ഫറൻസ് എന്നീ പദപ്രയോഗങ്ങൾ വെള്ളക്കാരുടെ ഭരണത്തെയല്ല ഖിലാഫത്തുനേതാക്കൾ ഭരണം നടത്തിയിരുന്ന കാലത്തെ പ്രത്യേക സ്ഥാനപ്പേരുകളെയാണ് സൂചിപ്പിക്കുന്നത് (36.5).
നന്നമ്പ്ര അംശത്തിൽ പൂഴിക്കൽ എന്ന വീട്ടിലുണ്ടായ ആക്രമണത്തെക്കുറിച്ച് ലിഖിതചരിത്രങ്ങളിലും പരാമർശമുണ്ട്. മാധവൻനായരുടെ പുസ്ത കത്തിൽ നവംമ്പർ 14-ാം തിയതിയാണ്വീട്ടിൽ ലഹളക്കാർ കടന്നതായി പറയുന്നത്.

.........താനൂരിന് മൂന്നു നാഴിക കിഴക്കുള്ള നന്നമ്പ്ര അംശത്തിൽ പൂഴിക്കൽ എന്ന ഗൃഹത്തിൽവെച്ചുണ്ടായ സംഭവത്തെപ്പോലെ ഹിന്ദുസമുദായത്തെ ആസകലം വേദനിപ്പിച്ചതും വെറുപ്പിച്ചതുമായ മറ്റൊരു സംഭവം ലഹളയിൽ ഉണ്ടായിട്ടില്ല. ധനികനും, കുലീനനും, സാത്വികനുമായ പൂഴിക്കൽ നാരായണൻനായർക്കു പറ്റിയ മുതൽ നഷ്ടമോ ആൾനാശമോ ഗൗരവമേറിയതുതന്നെയായിരുന്നെങ്കിലും ആയവ ലഹളയിൽ നടന്ന മറ്റു പല സംഭവങ്ങളേക്കാൾ കഠിനമായിരുന്നില്ല. എന്നാൽ 18 വയസ്സോളം പ്രായം ചെന്ന് താരുണ്യവും ലാവണ്യവും തികഞ്ഞു ദാമ്പത്യത്തിലേക്കു കാൽവെച്ചു പരിലസിച്ചിരുന്ന നാരായണൻനായരുടെ പ്രിയപുത്രിക്ക് ഈ ലഹളയിൽ വന്നെത്തിയ ആപത്തോർക്കുമ്പോൾ ഏതൊരു കഠിനഹൃദയന്റെയും നെഞ്ചു പൊട്ടാതിരിക്കുകയില്ല. ആ നിർഭാഗ്യസംഭവത്തെ വിവരിക്കാൻ ഒട്ടും സുഖം തോന്നുന്നില്ല. എങ്കിലും ഈ ചരിത്രത്തിന്ന് അപൂർണ്ണത എന്ന ദോഷം വരാതിരിപ്പാൻ പൂഴിക്കൽ നടന്ന സംഭവത്തെപ്പറ്റി കേരളപത്രികയിൽ ഒരു ലേഖകൻ കൊടുത്ത റിപ്പോർട്ട് ഇവിടെ ഉദ്ധരിക്കാം.
''ലഹളയിൽ അധികമായ മനോവേദന അനുഭവിച്ച ആൾ ആരാണെന്നു ചോദിച്ചാൽ, അതു പൂഴിക്കൽ നാരായണൻനായരാണെന്ന് മടികൂടാതെ പറയാവുന്നതാണ്....

നാരായണൻനായരുടെ അഞ്ചു മരുമക്കളെയും വലിയ മകനെയും തലേദിവസം മാപ്പിളമാർ കൊന്നിരുന്നു. പതിനെട്ടോളം പ്രായമുള്ള ചെറിയ മകൾ മാളികയിലായിരുന്നു. തിരക്ക് കേട്ട് കോണി ഇറങ്ങി വരുമ്പോൾ തന്റെ ആൾക്കാരെല്ലാം പോയതായി കണ്ടു. അപ്പോൾ കാവൽക്കാരൻതങ്ങളെ വിളിച്ചു നിലവിളിച്ചു. അമ്മുക്കുട്ടി പേടിക്കണ്ട. ഞമ്മളെ കൂടെ ബരി'എന്നും പറഞ്ഞു തങ്ങൾ ആ ബാലികയെ അവിടെനിന്നു രാത്രിയിൽ കൊണ്ടുപോയിട്ടുണ്ട്. പിന്നത്തെ വിവരങ്ങളൊന്നുമില്ല.''''
പൂഴിക്കൽ ഈ അക്രമങ്ങളെല്ലാം നടത്തിയത് അവിടെ കാവൽ കാത്തിരുന്ന മാപ്പിളമാരുടെ സഹായത്തോടും ഒത്താശയോടും കൂടി അബ്ദുള്ളക്കുട്ടിയും സംഘങ്ങളുമായിരുന്നു.
(കെ. മാധവൻനായർ, 1993; 238, 239, 240)

ഇങ്ങനെ കാവൽനില്ക്കുന്നവരുടെ ഒത്താശയോടെ വീട്ടിൽ കൊള്ളചെയ്തതായാണ് മാധവൻനായർ പറയുന്നത്. ഏതു കഠിനഹൃദയന്റെയും നെഞ്ചുതകർക്കുന്ന ക്രൂരസംഗതിയായി ഇതിനെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതേ സംഭവംതന്നെ കെ.എൻ. പണിക്കരുടെ പഠനത്തിൽ ഭൂവുടമകൾക്കെതിരെയുള്ള സമരമെന്ന് വിലയിരുത്തിക്കൊണ്ടാണ് ചേർത്തിട്ടുള്ളത്:
താനൂരിനു സമീപം നന്നമ്പദേശത്ത് പൂഴിക്കൽ നാരായണൻ നായരും കുടുംബവും നേരിട്ട ആക്രമണം കലാപകാരികൾ വിവേചനപരമായിട്ടാണ് പെരുമാറിയിരുന്നത് എന്നതിന് വ്യക്തമായ ഒരു ഉദാഹണം കാഴ്ചവയ്ക്കുന്നു. 1000 ഉറുപ്പിക നികുതി അടയ്ക്കുകയും 9000 പറ നെല്ലു പാട്ടം വാങ്ങുകയും ചെയ്തിരുന്ന നാരായണൻനായർ വളരെ ധനികനും അതേ സമയം ചൂഷകനുമായ ഒരു ജന്മിയായിരുന്നു. വിത്തു പലിശയ്ക്കു കൊടുക്കുന്നതുകൂടാതെ 60,000 ക യോളം വരുന്ന പണമിടപാടുകളും അയാൾക്കുണ്ടായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടശേഷം റിബലുകൾ ഇയാളുടെ വീടിനു നേരെ ആക്രമണം സംഘടിപ്പിച്ചു. നാൽപതോളും കാവൽക്കാരെ ഏർപ്പെടുത്തി വിപുലമായ സുരക്ഷാസന്നാഹങ്ങൾ നടത്തിയിരുന്ന നാരായണൻനായർക്ക് ഇതിനെ വിദഗ്ദ്ധമായി ചെറുക്കാൻ കഴിഞ്ഞു. എന്നാൽ നവംബർ 14-ന് തടസ്സങ്ങൾ മറികടന്ന് വീടിനുള്ളിൽ കടന്ന റിബലുകൾ എട്ടുപേരെ കൊലചെയ്യുകയും രണ്ടുപേരെ പരുക്കേല്പിക്കുകയും ചെയ്തു. നാരായണൻനായരുടെ ചെറുപ്പക്കാരിയായ മകളെയും മകനെയും തട്ടിക്കൊണ്ടുപോയി. പക്ഷേ, നാരായണൻനായർ രക്ഷപ്പെട്ട് ഓടിപ്പോയി. ഈ കേസിൽ പ്രതികളായ നാലുപേരിൽ ഒരാളെങ്കിലും നായരുമായി തർക്കത്തിൽ കഴിഞ്ഞിരുന്ന കുടിയാനായിരുന്നു. (കെ. എൻ. പണിക്കർ, 2004; 188).
എം. ഗംഗാധരന്റെ പഠനത്തിലും ഈ സംഭവം പരാമർശിക്കുന്നുവെങ്കിലും മതംമാറ്റത്തെക്കുറിച്ചു പറയുന്ന ഭാഗത്ത് പ്രത്യേകിച്ച് നിലപാടുകളൊന്നും വ്യക്തമാക്കാതെ വിവരിച്ചുപോവുകയാണെന്നു കാണാം.23
ഇങ്ങനെ ലിഖിതചരിത്രങ്ങളിൽത്തന്നെ വ്യത്യസ്തമായ രീതിയിലാണ് ഈ സംഭവം പരാമർശിക്കപ്പെട്ടതെന്നു കാണാം. ഈ ആഖ്യാനത്തിൽ കൊടുക്കുന്ന പേര് ശേഖരൻനായരെന്നാണ്. അതു പിന്നീട് ഇവർ താമസമാക്കിയ സ്ഥലത്തുണ്ടായ സംഭവവുമായി ഓർമ്മകൾ കൂടിക്കുഴഞ്ഞതിന്റെ ഭാഗമാകാം. അല്ലെങ്കിൽ ആ കുടുംബത്തിലെ ഒരംഗമാകാം ശേഖരൻനായർ.

47. പറങ്ങോടൻ-96 വയസ്സ്, ഹിന്ദു-തിയ്യ, പുരുഷൻ

47.1: ഇനിക്ക് ഒര് എഴ്​ത്ത്​ തന്ന് കുഞ്ഞയമദാജി.
ചോ: കുഞ്ഞയമ്മദാജ്യോ?
ങാ....
ചോ: അതെവ്ടേണ്?
അത് പ്പം പാലക്കാട്, പാണ്ടിക്കാട്, പിന്നെ പട്ടാളം വന്നേന്റെ ശേഷാണത് ഇങ്ങട്ട് പോന്നത്. പട്ടാളം വന്ന്ട്ട് ഞങ്ങളവ്ടന്ന് ഒയിച്ച് പോയീലാ.... രണ്ട് കൂട്ടര്..... അപ്പം അവരെ കുട്ട്യേളേം പെണ്ണ്ങ്ങളേം ഒക്കെ നോക്കാമ്പറഞ്ഞു. ഞങ്ങക്കൊര് എയ്ത്തൊക്കെ തന്നു.

47.2: എന്നേന്റെ ശേഷം ഇതൊക്കം കയിഞ്ഞേന്റെ ശേഷം പട്ടാളം...... ചന്തപ്പെര ഉന്തി. ചന്തപ്പെര ഉന്ത്യേത് എങ്ങനേണ്. തങ്ങളാണ് അയിന്റെ ഹേതു ഇട്ത്ത്ക്ക്ണത്. ഇക്കരക്ക് ബരാമ്പറഞ്ഞു. ഇക്കരക്ക് ബരാമ്പറഞ്ഞപ്പം ഈ തോക്കില് ബെള്ളം നറച്ച്.... (ചിരി......) ഇട്ത്ത് നോക്കാണ്ച്ചാലും..... ഇപ്പളും തന്നെ പത്തോ അയ്മ്പതോ നൂറോ കണ്ട്ച്ചാലും അവർക്ക്ങ്ങനെണ്ടൊരു കൊങ്ങണം കത്തി ഓര്ക്കതു മതി. ഒരാല്മലൊക്കെ..... പാണ്ടിക്കാട്ണ്ടൊരാല് ആല്മയൊക്കെ കയറി ഇര്ന്ന് ഇബര് വന്നപ്പം അവുടെ ഇര്ന്ന് ഇര്ന്ന് നല്ല ബോംബ്. ബോബെറിഞ്ഞിട്ട് അയില് ചന്തപ്പെര കത്തി ഓല് അയില് രണ്ട് പട്ടാളക്കാര് മരിച്ചു. അവര് തോക്കുംപുടിച്ച് അവര് അവര്ക്ക്........ കിട്ടീല ബെടിവെക്കാന്.
അയില് രണ്ടെണ്ണം പെട്ടു. അങ്ങനാണ്ണ്ടായത്.
47.3: ചോ: ഇങ്ങളെ വീട്ടിലൊക്കെ പ്രശ്നണ്ടായിരുന്നോ?
ഞങ്ങളെ വീട്ടിലാ.....ഞങ്ങളെ വീട്ടില് ഞങ്ങക്ക് പിന്നെ പോവാത്തതോണ്ട്. ഹിന്ദുക്കള് ഒയിച്ച് പോവാത്തോണ്ട്. ഒര് മാസത്തെ....... ശമ്പളം കൊട് ക്കേണ്ടി വന്നു. എത്രേ? അന്ന് ആറ് ഉറുപ്യേണ്. അന്നത്തെ ആറ്ന്ന്..... (ചിരിക്കുന്നു.......)
ചോ: അതാര്ക്കാ കൊടുക്കണ്ടത്?
അത് ഗവൺമെന്റ്ന് കൊട്ക്കേണ്ടിവന്നു. ഒയിച്ച് പോവാതെ നിന്ന് ബലെ കൂടെ മൊതല് ബലിച്ചാനാണ്ന്ന് പറഞ്ഞ് കോയിക്കോട്ടെ. അപ്പം അയിനി.... ന്ന് പറഞ്ഞ് അയില് ഞങ്ങക്ക് പ്പം അന്ന് മൂസക്കുട്ടി അധികാരിള്ള കാലാണ് അയാള് അമ്മാവനേയ്റ്റ് വല്യകാര്യാ അയില് ഈ ഒര് ഇതില് അടച്ചാമതി. പിന്നെ അടക്കേണ്ടി വരൂലാന്നറഞ്ഞ് പിന്നെ ഞങ്ങള് അടച്ച്ട്ടൂല്യ ഒന്നൂല്യ. പിന്നെ എങ്ങനേ പോയി എന്താന്നറീല. അല്ലാതൊര് പ്രശ്നും ഞങ്ങക്കില്യ.
ചോ: മൂസക്കുട്ടി അധികാരി എവുടാ.....?
പാണ്ടിക്കാട് കുഞ്ഞധിക്കാരിന്റെ. ബാപ്പാന്റെ....എളാപ്പാന്റേന്നറീല്യ. അങ്ങനെ പറ്യാൻ നിക്ക് അറീല്യ എന്താന്നറീല. മൂന്നാല് വയസറ്റേ ആയിട്ടൂള്ളൂ.
47.4: ചോ: മാപ്പളാരൊക്കെ ങ്ങളെ വീട്ടിലൊക്കെ വന്നീര്ന്നോ?
ങേ... അത് ധാരാളം വര്വേ....അവര് എട്ക്കാന്നേ? പക്ഷേ, ഞങ്ങള് എയ്ത്ത് കാണിച്ചാ ഞങ്ങക്ക് ഒന്നും പറ്റൂല ങ്ങള് പോണംന്ന് പറീം ഞങ്ങള് വേറെ ആളെക്കൊണ്ട് ഇട്പ്പിച്ചോള. ഞങ്ങക്ക് ഈ എയ്ത്തങ്ങട്ട് കാട്ടിക്കൊട്ത്താ.....
ചോ: ഏത് എയ്ത്ത്?
തങ്ങളെ എയ്ത്ത്. തങ്ങളെ എയ്ത്തങ്ങട്ട് കാട്ടികൊട്ത്താ.... പിന്നെ ബലെ മുസ്ലീമിന്റെ ഒര്തൂല്യ. ഞങ്ങക്ക് സുഖം..... (ചിരി........) ഞങ്ങള് ഉപ്പ് കൊണ്ടരും മഞ്ചേരീപ്പോയി ഉപ്പ് കൊണ്ടരും ഞാനൂന്റെ അമ്മാവനും അന്ന് കാതില് കട്ക്കൻള്ള കാലാണ്.....ങ്ങനെ (ആംഗ്യം.....) അന്ന് ന്ന്ട്ട് പാലത്തിന്റെവുടെ പാലെവിടാന്നറീയ്യോ? ബ്ടെ അട്ത്തന്നേണ്പ്പതേ പാണ്ടിക്കാട്ന്ന് ഇവട്ന്ന് അങ്ങട്ട് പോയിട്ട്. ആ വേണ്ടാ (ആംഗ്യം.....ചിരി.......) അതൊക്കെപ്പം പറയാൻ ന്ക്ക് അറിയാ...... അറിയായില്യ. അത്രക്കൊന്നും കിട്ട്ണില്യാന്ന് മാത്രം.
ചോ: എത്ര വയസ്സായിരുന്നു ഇങ്ങക്കപ്പം?
14 വയസ്സായിരുന്നു. 14-ൽ കൊറീല്യ....
ചോ: പാലത്തിന്റെ അവുട്ന്ന്?
ഇവര് കൂട്ടത്തില് പാറാവ് നിക്കല്ലേ? അങ്ങട്ട് കടക്കുമ്പളും ഇങ്ങട്ട് കടക്കുമ്പളും അപ്പൊറത്തും ഇപ്പൊറത്തുണ്ടാവും ഇത് കണ്ടാ ണ്ടും....ണ്ടും.....ണ്ടും.....ണ്ടും...... ന്നറഞ്ഞ്ങ്ങാണ്ട് കൊറേ.........
ചോ: മാപ്ലാരാണെങ്കിലോ.....?
മാപ്ലാരാണെങ്കിലെന്താ..... ഓര് ബിടൂലാ.... മാപ്ലാര് പോവൂല...... അവര് പോവൂല...

47.5: ചോ: അക്കാലത്ത് ബ്ടെ രാഷ്ട്രീയപ്രവർത്തനങ്ങളൊക്കെണ്ടേർന്നോ?
ബ്ടെ? ഇബടപ്പം ഇബരൊക്കെന്നേണ് കാര്യമായിട്ട് പിന്നെപ്പം ഇബട്ന്ന് ചെലരൊക്കെ കൂടീട്ട്ണ്ട്. അത് ഇന്ന ആളാണ് പറയാൻ ന്ക്ക് അറീല ബടേണ് ഒര് ത് വെട്ടീട്ട്ള്ളത്. അത് പിന്നെ ബടെ അട്ത്താണ് പോയക്കല്ല്ന്റവുട്ന്ന് കൊറച്ചങ്ങട്ട് പോണം. പത്തേങ്ങാട് പത്തേങ്ങാട് പത്തേങ്ങാട് ഒര് കെണറ്റില്ക്ക് വെടി വെടും ഓര് കയ്ത്ത്ങ്ങട്ട് പുടിക്കും അയില് ബെള്ളള്ളതല്ലേ. ഇത്രേച്ചെ വെള്ളണ്ട്. കയ്ത്ത് വെട്ടിങ്ങാണ്ട് ഒര് ചവുട്ടും ആണ് (ആംഗ്യം) പറ്ഞ്ഞ് കേട്ടതാണ് എങ്ങനേന്നറീലല്ലോ.... നേരാണോ പൊള്ളാണോന്ന് പ്പം ന്ക്കറീല ഇത്ള്ള കാര്യാ പട്ടാളം ചന്തപ്പെര ഉന്തീതും ഞങ്ങളെ ഈ കാണിച്ചതും ഇതും ഒക്കെ.
ചോ: ഇങ്ങള് കണ്ട്ക്ക്ണാ....? ചന്തപ്പെര ഉന്ത്യേതൊക്കെ?
അത് കാണൂലല്ലോ.... ഞാൻ രണ്ട്ലല്ലേ ഞാൻ വെള്ളാട്ടാണ് പാണ്ടിക്കാട്ടാണ് രണ്ട് പൊറത്തല്ലേ അപ്പൊളി പാണ്ടിക്കാടാണ് ഇപ്പൊളി വെള്ളാട്ടാണ്.
ചോ: വള്ളുവമ്പ്രം ഒര് പട്ടാളക്കാരനെ കൊന്ന്ണ് കേട്ട്ക്ക്ണല്ലോ?
വള്ളുമ്പ്രോ? അതൊക്കെപ്പംണ്ടാവും ഒരു പട്ടാളത്തിനൊന്നും അല്ല അവര്. പലോട്ത്തണ് ഒക്കെപ്പം ബ്ടെ ബ്ടെ തന്നെ പട്ടാളം ബെട്യെച്ച്ട്ട്ക്ക്ണ്. ബട്ന്നൊക്കെ പ്പം ഓടിപ്പോയി തരിശില് വന്ന് ബടെ കൂട്യൂട്മ്പം അങ്ങട്ട് ചെന്ന് ബര് ഈ ബെള്ളക്കാരല്ലേ.... ബെള്ളക്കാര് ദൂരത്ത് ന്നിങ്ങട്ട് ബെടിവെക്കേള്ളൂ. അനങ്ങൂലല്ലോ, ഖൂർക്കാസിനാണ്ങ്ങട്ട് അനങ്ങല്. അത്പ്പളും അങ്ങനെതന്നെ. ബെള്ളക്കാര്...... ആ മല....... പക്ഷെ, ആ മലവരെ കാണിച്ച്ങ്ങാണ്ട് അങ്ങട്ട്ണ്ട് നടക്കും. അത്പ്പം ഞാൻ പോയോട്ത്ത്പ്പം പട്ടാളത്തില് ചെന്നപ്പം അവര് ഈ ഹിന്ദുക്കക്ക്....... മലയാളക്കാർക്ക് തൊണയെന്നല്ല. എന്താന്നോ? അവര് അവരെ കാര്യേ നോക്കൊള്ളൂ. അവര്പ്പം ആ മല കാണിച്ചാ അണഞ്ഞ്ട്ട്ണ്ട്ച്ചാ അവര് ഞമ്മളെ മുമ്പിലിക്ക്യാ അങ്ങനൊക്കേണ്.

47.6: ചോ: എത്രാം വയസിലാ പട്ടാളത്തില് പോയിക്ക്ണത്?
ഞാനോ.... 32-ല്, 32 വയസാച്ച്. ഞാങ്കൊട്ത്ത്ട്ട്ല്യ.
ചോ: പ്പം എത്ര വയസ്സായി?
പ്പം ഒര് ന്റെ കണക്ക് പ്രകാരം ഇവരോട് പ്പം ലേശം മയത്തില് കൊറച്ചൊന്ന്പ്പം ന്ക്കൊര് സംശ്യംണ്ട്. അങ്ങനെ നോക്ക്യാ ന്ക്കറീല. ഏതായാലും... (മൗനം...)
ചോ: ഇങ്ങളെ ശരിക്ക്ള്ള പേരെന്താ? റെക്കോഡ്ലൊക്കെള്ള പേര്?
പറങ്ങോടൻ.
ചോ: ഏതാ ജാതി?
തിയ്യൻ, തീയ്യൻ ന്നെച്ചാ ഞങ്ങള് ചേകരാ തിയ്യൻ ന്ന്പ്പം പേര് പറയാ....
ചോ: എന്താ ജോലി?
ജോലി അന്നെത്തെ ജോലി ഞാനിതില് ചേരുമ്പം മരം അറ്ക്കാ അന്ന് മില്ലൊന്നുല്ല്യ തടിക്ക്ള്ള മരങ്ങള് അവുട്ന്ന്ങ്ങട്ട് കുട്ട്യോക്കിം ന്നാ എത്രായീന്നറിയാ.
ചോ: ഖിലാഫത്ത്ന്റെ ന്നത്തത് പിന്നെന്തൊക്കാ ഓർമ്മള്ളത്?
പിന്നെപ്പം.

47.7: ചോ: പെണ്ണ്ങ്ങളൊക്കെ ഉപദ്രവിക്കോ?
ആര്.....?
ചോ: ബ്രിട്ടീഷ്‌കാര്?
അത്പ്പം ബല് ഒറ്റ തിരിഞ്ഞ് പോയാല്, മറ്റേത് ബെള്ളക്കാരെ കൂട്ടത്ത്​ല്​പോവാമ്പറ്റൂല. അയില് പോയിങ്ങാണ്ട്. അവ്ര പോവുമ്പം പെണ്ണ്ങ്ങളൊക്കെ അവുടെണ്ട്ച്ചാ പെണ്ണ്ങ്ങളൊക്കെങ്ങട്ട് പേവ്വേ അങ്ങട്ട് നോക്കാന്തന്നെ പാടില്യ. പിന്നെപ്പം ഒറ്റ തിരിഞ്ഞാ എപ്പളുംപ്പം പാറാവ്​ല്യല്ലോ. ഓര്ക്ക് ജോലീല്യേ. ഓര് എണ്ണേച്ച് കിളിക്കാർ പോവും എണ്ണ ഒക്കെ തേക്കം ബല്. ഏത്? എണ്ണല്ല ഒര് നെയ്യിന്റെ മാതിരിങ്ങനെ ന്നട്ട് ഓര് കുളിക്കാമ്പോവും. ഏതൊക്കെ ആണെങ്കിലും ബര് കൊട്ത്ത്ട്ടല്ലേ.
ചോ: ങ്ങളെ വീട്ട്​ല്​ണ്ടായ അനുഭവൊക്കെ പറഞ്ഞ് തന്നാളീ?
വീട്ടില് ഇതെന്നെള്ളൂ. പിന്നെ ന്റെ അമ്മേണ്ച്ചാ എളേതാണ്. അച്ചമ്മരിച്ചിട്ട് അമ്മാവന്റെ വീട്ടിലാ ഞാൻ താമസിച്ചീര്ന്നത്. പുരാതനായിട്ട് പറയാണെങ്കില്.
ചോ: അമ്മാവനൊക്കെ പറഞ്ഞ് കേട്ട്ട്ട്ല്ല്യേ ഇതൊക്കെ?
പ്പം സംഭവം അമ്മാവനും ഞാനും ഒപ്പം. ന്നെ ഏയ്റ്റ ണ് പോവല് മടങ്ങി വരുമ്പം ഞങ്ങള് രണ്ട് സാധനം അവുട്ന്ന്ങ്ങട്ട് കൊണ്ടരണംന്നെച്ചാല് കൊറേശ്ശെ കൊണ്ടരാൻ പാടൊള്ളൂ.
ചോ: അധികാരീന്റെട്ത്ത്ന്ന് ങ്ങക്ക് സമ്മതം കിട്ടാന്ള്ള കാരണെന്താ?
അത് അവര് തമ്മിലിള്ള അത് ഇനിക്ക്പ്പംത് ഇന്ന ഇത് പറയാൻ...

47.8: ചോ: തങ്ങളെന്തിനാങ്ങക്ക് എയിത്ത് തന്നത്?
ഓലെ പെണ്ണ്ങ്ങളേം കുട്ട്യേളേം ബല് പോയാ പിന്നെ ആരാ നോക്കാ...... അത് പറഞ്ഞ് കയിഞ്ഞീലേ..... ബല്യ കുണ്ട്ണ്ടല്ലോ. ഇവര് പറഞ്ഞ് തന്നതാ. ആ കുണ്ട്ല്ക്ക് പട്ടാളം പോവുമ്പം പാഞ്ഞെറങ്ങര്ത്. അല്ലാത്ത് നേരത്ത് ഓല് ബരണ്ണ്ട്ന്നറിഞ്ഞാൽ ഇതില്ക്ക് കടന്നിരിക്ക്യാ. ഞങ്ങളെ.... ഹിന്ദുക്കള് പെണ്ണ്ങ്ങളും മുസ്ലീങ്ങള് പെണ്ണ്ങ്ങളും കുട്ട്യാളും ഒക്കെ. ബീവ്യേള്ച്ച് ഒട്ടാകെ ഒര്ത്ല്യേ അന്നേ. അന്ന് അത് പ്പളും അങ്ങെന്നാ എന്തോ ഉടുത്ത് (പർദ്ദ......ഇടക്കുകയറി ഒരാൾ.)
ബടെങ്ങനെ തൂക്കിടലാണ്. മറ്റേ തങ്ങളൊന്നും ആണ്ങ്ങളൊന്നും ഓല്..... ആണ്ങ്ങളെ അര്യത്ത്ക്ക് പോകേ ഇര്ക്കേ ഒന്നുംല്യ. പിന്നെ പെണ്ണ്ങ്ങളെ പൊറത്ത്ങ്ങനെ നടക്കും. ആണ്ങ്ങള് മാണം കൊണ്ട് പോണ ച്ചാല് ഓലൊക്കെ കൊണ്ടോണംച്ചാല് ആണ്ങ്ങള് വേണം.

47.9: ചോ: ആദ്യം ബല് ചെയ്തതെന്താണ്?
മരം റോട്ടിന്റെ വക്ക്ന് വല്യ ഓരോരെ ആല് വല്യ 15 ദീസം വെട്ടണം വയികടക്കാന് അതൊക്കെ മുറിച്ച് റോട്ടിലിട്ട്ട്ട് ഇതിലെങ്ങനെ പട്ടാളം വര്വാന്ന് ചോയിച്ച്. അപ്പം പട്ടാളം വന്നൂട്മ്പം വല്യ കന്ന് മടമ്പല് അതൊക്കാപ്പാടേണ്. നെല്ലറണ്ടാക്ക്ണ ടൈമാ. അയില് ബരെ അവുടെ നിർത്തീട്ട് എന്ത് പറഞ്ഞ് ഓര് ഓലെന്നെ അങ്ങട്ട് ആട്ടി ബിടാ ഞമ്മക്ക്. കന്നവുടെ നിക്കട്ടെന്നറഞ്ഞ്. ബല് അവുടെ ചെലോലെയ്ക്കെ മൊടയ്ണവടീണ്ട്, ചെലോലേയ്​ക്കല്​ ബെട്ട് കത്തിണ്ട്. മടാളൊക്കെങ്ങനെ കൊണ്ടോയെച്ച്ക്ക്ണ്. പലര്, പലതും ബെട്ടാമേണ്ടീട്ട് അതൊക്കെ ഇട്ത്ത്പോയി ബലെ കണ്ട്ങ്ങാണ്ട്. ഈ ആല് ഒര് വീതീലിങ്ങനെ പ്പം ഞാന് അയിന്റെ പേരെന്നെ പറഞ്ഞ് താര.... ബല് ബന്ന്ട്ട് ഈ മരം ങ്ങനെ ബല്യ രണ്ട് ഇതാ..... അയിലത് രണ്ടും ഇട്ത്തങ്ങട്ട് മറിച്ച്. അങ്ങനത് കണ്ടൂട്മ്പം ഇബരങ്ങട്ട് മണ്ടി. ഇതേ ഇപ്പട്ടാളത്തിനോട് ഞമ്മക്ക കജ്ജൂലാന്നറഞ്ഞ് ങേ.....(ചിരി...) ഇപ്പാളത്തിനോട് ഞമ്മക്ക് കജ്ജൂലാന്നറഞ്ഞ് ഈ പട്ടാളം എങ്ങനേണ് ആ ആല് എന്തൊരു ജന്തു ആണാവം ആ ആല്ട്ത്തങ്ങട്ട്ട്ട്. ഇവർ വാൾ പട്ടാളക്കാരല്ല മുറിക്ക്ണരേ ഇത് മുറിച്ച് ആണ്ട് ഇട്ണത് കണ്ടൂട്മ്പം മണ്ടി ബല്, ഇത്..... ഇബരോട് ഞമ്മക്ക് ഒര് കയിവൂല്യ ഒക്കെ പെണ്ണ്ങ്ങളും കുട്ട്യേളൂ ആയി അവനാന്റത് അവനാന്റതായി.

47. 10: ചോ: ഈ ഭാഗത്ത് ഏറ്റുമുട്ടലൊക്കെ നടന്നീർന്നോ?
പട്ടാളും കലാപകാരികളു ഒക്കെ ആയിട്ട്...... യുദ്ധംണ്ടായിരുന്നോ തമ്മില്?
ഏയ് ഇല്യ, അത് ബടെ.......ബ്ടെ.........ബ്ടെ..... അത് ണ്ടായിട്ടില്യ. തമ്മില് പിന്നെംള്ളത് കൊറച്ചാള്കള് ഈ ഇതിന് എപ്പളും അത് ബടെപ്പം ചെലർക്കൊക്കെ അറിയും അത് ഒര് 14 ആളോ അങ്ങെനെന്തോ ഒരാള് അത് ന്നട്ട് ഒര് ബെടി, പട്ടാളം ബെടി അങ്ങട്ട് വെച്ച്ട്ട് അയില് പോയി ഇതൊക്കെ പൊളിഞ്ഞ് പോയി. നിസ്‌കാരപായിന്റെ മാതിരി ഒര്തേയിനി ഇത്.

ചോ: അതെവിടെ?
അത് ബ്ടെ ഈ പള്ളിക്കല്, അത് ബല് കൊറെ ആളെ കൊന്നു. കൊറെ ആള് മരിക്കാൻ വന്നതാണ്. ആ ഇതീല് പെട്ടതാണ്. അവര് പട്ടാളത്തിനോട് എതിർത്ത് ങ്ങാണ്ട് മരിക്കാൻ വേണ്ടീട്ട് വന്നോലാണ്. അതിപ്പം ഇബട്ന്നെന്നെ പട്ടാളം കണ്ട് വെട്യെങ്ങട്ട് വെച്ച്.
ചോ: അവര് എവുട്ത്ത്കാരാണ്? ഈ ഭാഗത്ത് കാരാണോ? അറിണോലാണോ?
ഏയ് അല്ല, ഞ്ഞിപ്പം ഈ ഭാഗത്ത് കാരാണ്ച്ചാളും ഞാനറീലല്ലോ. ഒര് മുസ്ലീമ് തന്നെ ഇബടെ വന്ന്, വേറൊര് സംഗതിക്ക് വന്നതാണ്. അപ്പം അവര് ഇന്നോട്ത്ത്ന്നാണ്ന്ന് പറഞ്ഞപ്പം ചോയിച്ച് ഇന്ന സ്ഥലത്തല്ലേന്ന്? അപ്പം അയിന്റെ തായത്തെന്നെ ന്റെ പെരാന്നാർഞ്ഞ്. അത് നേരന്നേണ്ന്നറഞ്ഞ്.

ചോ: മൂപ്പരെ വീട് ഇന്ന വയ്യാ?
അല്ല, അത്ന്നെ കാണാമ്പേണ്ടീട്ട് വേറൊരാ സംഗതിക്ക് ബേണ്ടീട്ട്......
ചോ: അപ്പം ഓലെ ബീട്ടിന്റെ അവുടെ ഇത്ണ്ടായത്?
അത് ബീട് അവുടെത്തന്നേണ് പക്ഷെ, ചെറ്പ്പാണ് ന്റോളം ഒന്നും പ്രായല്ല്യ. പിന്നീടാണ്. ഓലൊക്കെ അവുട്ന്ന് ഒയിച്ച് പോയതാണ് പിന്നെ എല്ലാരും പോവൂലേ...... അവനാന്റെ ആൾക്കാരെ അര്യത്ത് ഇള്ളതൊക്കെ ഇട്ത്ത് പോയി.
47.11: ചോ: ഇങ്ങളെ പ്രായള്ള ആരെങ്കിലുംണ്ടോ ഈ ബയിക്ക് ഇങ്ങനത്തതൊക്കെ പറഞ്ഞെരാൻ?
ബ്ടെ ണ്ടാവണം ഞ്ഞിപ്പം ഒരാള് അയാള്പ്പം ബയ്യാതെ കെടക്കാണ് എന്തോ? മരി......... അറിയാത്തോല് ഒന്നും അല്ല. അറിയും.
ചോ: കലാപത്തി പങ്കെട്ത്ത് ക്ക്ണാ അയാള്?
ബല്യ, ഇല്യാന്നാ പറിണത്. അയാള്ന്നോട് പറഞ്ഞ്ട്ടള്ള കഥ.
ചോ: അയാള് ഇങ്ങളെ പ്രായാണോ ഇങ്ങളക്കാ പ്രായംണ്ടോ?
ഇന്നെലും ഏറെ ഒന്നോ രണ്ടോ വയസ് ഏറും അയാൾക്ക്.
ചോ: ന്നട്ട് പ്പളും പെണ്ണ് കെട്ട്യാ?
(ചിരി.....) അയാള് നടക്കുമ്പോണൊക്കെ ന്നെക്കൊണ്ട് നടക്കാമ്പറ്റോ? ബടിങ്ങനെ പുടിക്കുഞ്ചെയ്യും, ബടെങ്ങനെ ബെക്കംചെയ്യും പെണ്ണ്ങ്ങള്.... ബികാൻ പോവാണ്ച്ചാല് പെണ്ണ്ങ്ങള് ഒപ്പം നടക്കണം പ്പം പുത്യപെണ്ണ് കെട്ടി. (ചിരി........) പ്പം കൊറച്ച് കാലായിട്ട് ഞാൻ കാണലില്യ...

47.12: ബല്യ ഒര് മീശണ്ടായിര്ന്ന് ഒരാക്ക് (ആംഗ്യം.....) ത്രണ്ടായിര്ന്ന്. മീശങ്ങനെ ചുരുട്ടിങ്ങനെ ബെച്ച്ട്ട്. അത് ബല് ബന്നപ്പം ആം..... (മീശ പറിക്കുന്ന ആംഗ്യം.....) ചിരി...... അതൊക്കെ ഇബലാണ് ഖൂർക്കാസ് ഓല് അറ്റ കയ്യാണ് ഒരെ രണ്ടെണ്ണം മരണപ്പെട്ടിട്ട്.
വാരിയംകുന്നത്ത് കുഞ്ഞമ്മദാജി സ്ത്രീകളെയും കുട്ടികളെയുമെല്ലാം സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയത് പറങ്ങോടന്റെ വീട്ടുകാരെയാണ് (47.8). അതിനായി വീട്ടുകാർക്ക് ഒരു എഴുത്തു നല്കുന്നു. മുസ്ലീങ്ങൾ വീട്ടിൽ വരുമ്പോൾ ഈ എഴുത്തു കാണിച്ചാൽ പിന്നെ മുസ്ലീമിന്റെ പക്ഷത്തുനിന്ന് കഴുപ്പങ്ങളൊന്നുമില്ല. ''ഞങ്ങൾക്കു സുഖം' എന്ന് പറങ്ങോടന് ചിരി (47.4). അതുകൊണ്ട് ഇവർ വീടുമാറിപ്പോയില്ല. പക്ഷേ, അതുമൂലം ഗവൺമെന്റിലേക്ക് പിഴയടയ്ക്കേണ്ടിവന്നിട്ടുണ്ട്. ഒരുമാസത്തെ മാത്രം അടച്ചാൽ മതിയെന്ന് അധികാരി ഇളവുകൊടുത്തു. ഇവർ ആറുരൂപമാത്രം അടച്ചു (47.3). പിന്നീട് ഹിന്ദുവാണെന്നു കാണുമ്പോൾ ഖൂർക്കപട്ടാളവും ഇവരെ ഉപദ്രവിക്കുന്നില്ല.

കലാപത്തെക്കുറിച്ചുള്ള ഓർമ്മകളിൽ പറങ്ങോടന് ഏറ്റവും പ്രധാനം ചന്തപ്പെര ഉന്തിയതാണ്. ചെമ്പ്രശ്ശേരിതങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ ആക്രമണത്തിൽ ഇവർ മരത്തിലും മറ്റും കയറിയിരുന്ന് ബോംബെറിഞ്ഞാണ് ചന്തപ്പര കത്തിച്ചത്. അതിൽ രണ്ടു പട്ടാളക്കാർ മരണപ്പെട്ടതായി പറയുന്നുണ്ട്. കലാപകാരികളെ വെടിവെക്കാൻ അവർക്ക് കിട്ടിയതുമില്ല. റിബലുകളുടെ യോജിച്ചുള്ള അവസാനത്തെ പ്രവർത്തനമായി ശ്രീ. കെ.എൻ. പണിക്കർ പാണ്ടിക്കാട് സൈനികത്താവളത്തിൽ നടത്തിയ ഒരാക്രമണത്തെക്കുറിച്ചു പറയുന്നത് ഈ ആക്രമണത്തെയാവാം.

ചെമ്പ്രശ്ശേരി തങ്ങളും കുഞ്ഞഹമ്മദ് ഹാജിയും നയിച്ച രണ്ടായിരത്തോളം വരുന്ന കലാപകാരികൾ പാണ്ടിക്കാട്ടുവെച്ച് നവംബർ 14-ന് ഗൂർഖാപട്ടാളവുമായി ഏറ്റുമുട്ടിയത് മാത്രമാണ് ഒളിപ്പോർ തന്ത്രത്തിൽനിന്നും ഇതിനിടയിലുണ്ടായ ശ്രദ്ധേയമായ വ്യതിചലനം. ഒളിപ്പോർ തന്ത്രങ്ങളെ നേരിടുന്നതിനു നിയോഗിക്കപ്പെട്ട ഗൂർഖാ സേനയെ നിർവ്വീര്യമാക്കുന്നതിനു വേണ്ടിയാവണം ഈ ചുവടുമാറ്റം നടത്തിയത്. ഗൂർഖാതാവളങ്ങൾ കടന്നാക്രമിക്കാൻ കലാപകാരികൾക്കു കഴിഞ്ഞുവെങ്കിലും വമ്പിച്ച ആൾനഷ്ടത്തോടെ തിരിഞ്ഞോടേണ്ടിവന്നു.
(കെ. എൻ. പണിക്കർ, 2004; 179, 180)

ഇതിൽ കലാപകാരികൾക്കു നേരിട്ട ആൾനാശത്തെക്കുറിച്ചാണ് പ്രധാനമായും ഊന്നുന്നത്. ഈ ആക്രമണത്തെക്കുറിച്ച് എം. ഗംഗാധരന്റെ പഠനത്തിലും പറയുന്നുണ്ട്. അതിൽ ഗവൺമെന്റ് പക്ഷത്ത് മൂന്നുപേർ മരണപ്പെട്ടതായും മുപ്പത്തിനാലുപേർക്ക് പരിക്കേറ്റതായും പറയുന്നുണ്ടെങ്കിലും 200-ലധികം പേർ മറുപക്ഷത്ത് മരണപ്പെട്ടതായും രേഖപ്പെടുത്തുന്നു.25 ചെമ്പ്രശ്ശേരി തങ്ങളുടെ അനുഗ്രഹംകൊണ്ടു തങ്ങൾക്കു വെടിയേൽക്കില്ലെന്നു കലാപകാരികൾ വിശ്വസിച്ചിരുന്നതായും എം. ഗംഗാധരന്റെ പഠനത്തിൽ പറയുന്നുണ്ട്.
ഈ വിശ്വാസത്തിന്റെ ഭാഗംതന്നെയാവാം ജനങ്ങളുടെ മനസ്സിൽ നിലനില്ക്കുന്ന കഥയിൽ കലാപകാരികൾക്ക് ഒന്നും സംഭവിച്ചില്ലെന്ന് കരുതുന്നതും. മാത്രവുമല്ല ഈ ആഖ്യാനത്തിൽ എങ്ങനെയാണ് തന്ത്രപൂർവ്വം തങ്ങൾ ഈ ആക്രമണം നടത്തിയതെന്നാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. എത്ര തോക്കു കണ്ടാലും അതിനെയെല്ലാം കൊങ്ങണംകുത്തിക്കൊണ്ട് നേരിടുന്ന വീര്യംതന്നെയാണ് ഇവിടെ പ്രകീർത്തിക്കപ്പെടുന്നത്. (47.2)

എങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ശക്തി ഇവർ കണ്ടറിഞ്ഞിരുന്നു. പ്രതിരോധനിര സൃഷ്ടിക്കാനായി ജനങ്ങൾ വലിയൊരു ആല് മുറിച്ച് റോഡിനു വിലങ്ങനെ ഇടുന്നുണ്ട്. നെല്ലുണ്ടാക്കുന്ന സമയമായതിനാൽ പാടത്തു പണിയെടുക്കുന്നവരെല്ലാം തങ്ങളുടെ ആയുധങ്ങളുമായെത്തിയാണ് ഇതിൽ സഹകരിക്കുന്നത്. ഇങ്ങനെ എല്ലാവരും ചേർന്നു വെട്ടിയിട്ട മരം പട്ടാളം വന്നപ്പോൾ രണ്ടു ഭാഗത്തേക്കായി എളുപ്പത്തിൽ മറിച്ചിടുന്നു. ഇതു കണ്ടതോടെ പട്ടാള ത്തിനോട് ‘ഞമ്മക്ക് കജ്ജൂല''എന്നു പറഞ്ഞ് എല്ലാവരും ഓടിക്കളയുകയാണ് (47.9). ‘ഇവരെന്ത് ജന്തു ആണാവം ആ ആല്ട്ത്തങ്ങട്ട്ട്ട്' എന്ന് പറങ്ങോടനും അത്ഭുതപ്പെടുന്നുണ്ട്.

ഒരു പള്ളിയിൽവെച്ച് പതിന്നാലുപേരെ പട്ടാളം വെടിവെച്ചുകൊന്നതായും ഇദ്ദേഹം പറയുന്നുണ്ടെങ്കിലും അതു പറഞ്ഞുകേട്ടതാണെന്നതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയാൻ തയ്യാറാവുന്നില്ല. തന്റെ അനുഭവത്തിൽപ്പെട്ടതല്ല എന്നാണ് ഇദ്ദേഹം വേർതിരിച്ചു പറയുന്നത്. എതിർത്തു മരിക്കാൻ വന്നവരെയാണ് അതിൽ പട്ടാളം വെടിവെച്ചിട്ടത് (47.10). പാലംകടന്നുപോകുമ്പോൾ പട്ടാളം കടുക്കൻ കണ്ട് ആംഗ്യത്തിലൂടെ കടന്നുപോകാനനുവദിച്ചതും ചന്തപ്പെര ഉന്തിയതുമാണ് ഇദ്ദേഹത്തിന്റെ അനുഭവത്തിലുള്ളത്.

സ്ത്രീകളെയും കുട്ടികളെയും എങ്ങനെയാണു സംരക്ഷിക്കേണ്ടതെന്ന നിർദ്ദേശവും ഹാജി നല്കിയിട്ടുണ്ട്. ഒരു കുണ്ടിലേക്കാണു കടന്നിരിക്കേണ്ടത്. പട്ടാളം പോവുന്ന നേരത്ത് ഓടിക്കയറരുതെന്നും അവർ വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞാലാണു കടന്നിരിക്കേണ്ടെതെന്നുമാണ് കിട്ടുന്ന നിർ ദ്ദേശം. ഇതിൽ എല്ലാ വിഭാഗം സ്ത്രീകളെയും കയറ്റിയിരുത്തിയതായും ഇദ്ദേഹം പ്രത്യേകം എടുത്തുപറയുന്നുണ്ട് (47.8).

ഈ ആഖ്യാനത്തിൽ ‘ഞങ്ങളാൾക്കാർ' ഹിന്ദുക്കൾ എന്നും ഇങ്ങളെ ആൾക്കാർ എന്നും വേർതിരിച്ചുതന്നെയാണ് പലപ്പോഴും ആളുകളെ പരാമർശിക്കുന്നത്. മരം മുറിച്ചിടുന്നതു കണ്ടപ്പോൾ പാടത്തു പണിയെടുക്കുന്നവരെല്ലാം ചേർന്നാണിതിൽ സഹായിക്കുന്നതായി പറയുന്നത്. ഇങ്ങനെ പ്രാദേശികമായ ഒരു കൂട്ടായ്മയാണ് ബ്രിട്ടീഷുകാർക്കെതിരെ നിൽക്കുന്ന ശക്തിയായി പറങ്ങോടന്റെ ആഖ്യാനത്തിലുള്ളത്. ▮

(സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഷംഷാദ്​ ഹുസൈൻ കെ.ടിയുടെ ‘മലബാർ കലാപത്തിന്റെ വാമൊഴി പാരമ്പര്യം’ എന്ന പുസ്​തകത്തിൽനിന്നാണ്​ ഈ ഓർമകൾ).


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments