1896ലെ മഞ്ചേരി സമര പോരാളികളെ എന്തിന്​ കുതിരവട്ടം മെന്റൽ അസൈലത്തിൽ അടച്ചു? ഒരു കണ്ടെത്തൽ

1896ൽ കുതിരവട്ടത്ത് മാനസിക പ്രശ്നങ്ങൾക്ക് ചികിൽസയിലുണ്ടായിരുന്ന 32 പേരിൽ 27 ആളുകൾ മഞ്ചേരിക്കാരായ മാപ്പിളമാരായിരുന്നു. എല്ലാവരും 20 വയസ്സിനു താഴെയുള്ള തരുണ യുവാക്കൾ. രോഗികളുടെ അഡ്മിഷൻ രജിസ്റ്ററിൽ നിന്നാണ് ഈ വിവരം ചരിത്രഗവേഷകനായ ഡോ. അബ്ദുൽ റസാഖ്.പി.പിക്ക്​ കിട്ടിയത്. ഇത്രയും പേർ, തന്റെ നാട്ടുകാർ എങ്ങിനെ അക്കാലത്ത് കുതിരവട്ടത്ത് എത്തി എന്ന കാര്യം അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്​ തോന്നി. 96 മുസ്ലിംകൾ കൊല്ലപ്പെട്ട 1896ലെ മഞ്ചേരിയിൽ നടന്ന കർഷക കലാപത്തിൽ പങ്കെടുത്തവരായിരുന്നു 27 പേരും എന്നതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ കണ്ടെത്തൽ

"എന്റെ ഗവേണഷണത്തിന്റെ ഭാഗമായി (Colonialism and community formation in Malabar: A Study of muslims of Malabar) നടത്തിയ അന്വേഷണങ്ങളിൽ ഒരു കാര്യം കണ്ടെത്തിയിരുന്നു. 1896ൽ കുതിരവട്ടത്ത് മാനസിക പ്രശ്നങ്ങൾക്ക് ചികിൽസയിലുണ്ടായിരുന്ന 32 പേരിൽ 27 ആളുകൾ മഞ്ചേരിക്കാരായ മാപ്പിളമാരായിരുന്നു. എല്ലാവരും 20 വയസ്സിനു താഴെയുള്ള തരുണ യുവാക്കൾ. രോഗികളുടെ അഡ്മിഷൻ രജിസ്റ്ററിൽ നിന്നാണ് ഈ വിവരം എനിക്ക് കിട്ടിയത്. ഇത്രയും പേർ, എന്റെ നാട്ടുകാർ എങ്ങിനെ അക്കാലത്ത് കുതിരവട്ടത്ത് എത്തി എന്ന കാര്യം അന്വേഷിക്കണമെന്ന് എനിക്കു തോന്നി. 96 മുസ്ലിംകൾ കൊല്ലപ്പെട്ട 1896ലെ മഞ്ചേരിയിൽ നടന്ന കർഷക കലാപത്തിൽ പങ്കെടുത്തവരായിരുന്നു 27 പേരും. നാം ഇന്നു പറയുന്ന 1921ലെ കലാപത്തിനു മുമ്പ് 1836 മുതൽ ചെറുതും വലുതുമായ കലാപങ്ങളുടെ പരമ്പര തന്നെയുണ്ടായിട്ടുണ്ട്. അതിലൊന്നാണ് 1896ലെ മഞ്ചേരി കലാപം. ഈ സംഭവത്തിൽ പ്രതികളായി പിടിക്കപ്പെട്ടവരെ ജയിലിലേക്കയക്കുന്നതിനു പകരം കുതിരവട്ടത്തേക്ക് അയച്ചു.

ബ്രിട്ടീഷുകാരുടെ യന്ത്രത്തോക്കുകൾക്ക് മുന്നിലേക്ക് വിരിമാറു കാട്ടി എടുത്തു ചാടുന്ന തരുണർക്ക് ഭ്രാന്തല്ലാതെ മറ്റെന്താണെന്ന യുക്തി ഉന്നയിച്ചാണ് ബ്രിട്ടീഷുകാർ ഈ കൃത്യം ചെയ്തത്' (ഡോ. അബ്ദുൽ റസാഖ്.പി.പി, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുൻ ചരിത്ര വിഭാഗം അധ്യക്ഷൻ/ഐസ ഐ.ഐ.എം.എസ് റീഡിംഗ് സർക്കിൾ കേരള, സപ്തംബർ 3ന് സംഘടിപ്പിച്ച മലബാർ കലാപം: മിത്തും ചരിത്രവും വെബിനാറിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ നിന്ന്).

ഡോ. അബ്ദുൽ റസാഖ്.പി.പി

ഈ സംഭവം നടക്കുമ്പോൾ കുതിരവട്ടം ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിലെ "ലുണാറ്റിക്ക് അസൈ'ലങ്ങളിലൊന്നാണ്. അന്ന് സ്ഥാപനം ജയിൽ വകുപ്പിന്റെ കീഴിലായിരുന്നു. 1950 വരെ (ഇന്ത്യ സ്വതന്ത്രമായി മൂന്നു വർഷത്തോളവും) ജയിൽ ഐ.ജിയുടെ നിയന്ത്രണത്തിലായിരുന്നു സ്ഥാപനം. പിന്നീടാണ് ആരോഗ്യ വകുപ്പിന്റെ കീഴിലേക്ക് മാറ്റുന്നത്. ഇങ്ങിനെയൊരിടത്താണ് 1896ൽ 27 മാപ്പിള വിപ്ലവകാരികളെ ബ്രിട്ടീഷ് സർക്കാർ അടക്കുന്നത്. (മത)ഭ്രാന്തായിരുന്നു മലബാർ സമരങ്ങൾക്കു പിന്നിലെന്ന് സ്ഥാപിക്കാൻ ബ്രിട്ടീഷ് സംവിധാനം നടത്തിയ ആദ്യ സ്ഥാപനവൽക്കൃത നീക്കമായി മാത്രമേ ഇന്ന് ഈ സംഭവത്തെ കാണാനാകൂ. (സംഘ്പരിവാറിനു മാത്രമല്ല, "ദേശീയ മുസ്​ലിം' കോൺഗ്രസ് നേതാക്കൾക്കും ഇതേ അഭിപ്രായം തന്നെയാണെന്നത് കൗതുകകരമായ സംഗതിയാണ്) വിപ്ലവകാരികളെ ഭ്രാന്തൻമാരാക്കുക, മാനസികാരോഗ്യ കേന്ദ്രത്തിലടക്കുക- മലബാർ സമരങ്ങളുടെ ചരിത്രത്തിലെ ഈ ഏട് അതർഹിക്കുന്ന വിധം ആഴത്തിൽ പഠിക്കപ്പെടേണ്ടതാണ്. "ക്രിമിനൽ ലൂനസി'യെ നിയന്ത്രിക്കുക, സമൂഹത്തിൽ ഭരണസൗകര്യത്തിനാവശ്യമായ അച്ചടക്കം നില നിർത്തുക എന്നിവയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ കൊളോണിയൽ സർക്കാർ മുന്നോട്ടുവെച്ച വാദങ്ങൾ. ചികിൽസ അവരുടെ സങ്കൽപ്പത്തിലുണ്ടായിരുന്നില്ല. ചങ്ങലകളിൽ ബന്ധിച്ച് ജയിൽ സമാനമായ സെല്ലുകളിൽ അടച്ചിടുക എന്നതായിരുന്നു രീതി. ഇങ്ങിനെ അവർ മലബാർ പോരാളികളേയും തളച്ചു. ഇന്ത്യയിലെ മറ്റിടങ്ങളിലും ഇതിനു സമാനമായ സംഭവങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ടാകും.

മിഷേൽ ഫൂക്കോ

പാറ്റ്ന, ധാക്ക, കൽക്കത്ത, ബെരംപൂർ, വാൾട്ടയർ, തൃശിനാപ്പള്ളി, കൊളാബ, പൂന, ദാർവാഡ്, അഹമ്മദാബാദ്, രത്നഗിരി, ഹൈദരാബാദ്, കോഴിക്കോട്, തിരുവിതാംകൂർ (ഊളമ്പാറ), ജബൽപൂർ, ബനാറസ്, ആഗ്ര, ബറേലി, തേസ്പൂർ, ലാഹോർ എന്നിവിടങ്ങളിലാണ് ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ ' മെന്റൽ അസൈല'ങ്ങൾ ആരംഭിച്ചത്. (ഇതു സംബന്ധിച്ച വിശദവിവരങ്ങൾ ഇന്ത്യാപേപ്പേഴ്സിലെ മദ്രാസ് പ്രസിഡൻസിയിലെ ലുണാറ്റിക്ക് അസൈലങ്ങളെക്കുറിച്ചുള്ള വിവിധ വർഷങ്ങളിലെ വാർഷിക റിപ്പോർട്ടുകളിൽ കാണാം).

1871ൽ ഊളമ്പാറയിലും 1872ൽ കുതിരവട്ടത്തുമാണ് ബ്രിട്ടീഷുകാർ അന്നത്തെ ജനങ്ങൾ "ഭ്രാന്ത് ജയിലാശുപത്രി' എന്നു വിളിച്ചു പോന്ന ഈ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. ഫൂക്കോ ഇങ്ങിനെ പറഞ്ഞു: lunatic asylums became sites of disciplining and punishing of the self and for surveillance and judgement'. മലബാർ സമര പോരാളികളെ ജയിലിലടക്കാതെ മെന്റൽ അസൈലത്തിലേക്കു വിട്ടതിന്റെ കാരണം ഫുക്കോയുടെ ഈ വാക്കുകളിൽ നിന്നും എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാൻ കഴിയും.

സന്തോഷ് എബ്രഹാം

Medicine and British Empire in South India: A Study of Psychiatry and Mental Asylum in Colonial Kerala എന്ന ഗവേഷണ പ്രബന്ധത്തിൽ (ബ്രിട്ടീഷ് കാലത്തെ കുതിരവട്ടം മെന്റൽ അസൈലത്തെക്കുറിച്ചുള്ള വിശദമായ പഠനമാണിത് ഇതിന്റെ സംക്ഷിപ്ത രൂപം Indian Journal of History of Science, 53.1 (2018) 125ൽ വായിക്കാം) സന്തോഷ് എബ്രഹാം (ചൈന്നെ ഐ.ഐ.ടി) മുന്നോട്ടുവെക്കുന്ന നിഗമനങ്ങളിലൊന്ന് ഇതാണ് - institutionalization of psychiatry and the colonial governmentality in India are inseparable. ഈ നിഗമനത്തിന്റെ വെളിച്ചത്തിൽ നിന്നു കൂടി കൊണ്ടാണ് ഇന്ന് മലബാർ സമര പോരാളികളെ കുതിരവട്ടത്തടച്ച സംഭവത്തെ നോക്കിക്കാണുകയും പഠിക്കുകയും ചെയ്യേണ്ടത്. ജെയിംസ് മില്ലിന്റെ Madness, Cannabis and Colonialism: The 'Native Only' Lunatic Asylums of British India 1857-1900 എന്ന പഠന ഗ്രന്ഥം ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ പ്രതിരോധിച്ചവരെ എങ്ങിനെ കൈകാര്യം ചെയ്തുവെന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്. അദ്ദേഹം ഇങ്ങിനെ പറയുന്നു: asylums became areas of controvesry and resistance to colonial rule. ഭ്രാന്ത് ക്രിമിനൽ ആകുന്നത് എപ്പോഴാണ്? ബ്രിട്ടീഷ് കൊളോണിയൽ യുക്തി അനുസരിച്ച് അവരെ എതിർക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ, സമരത്തിലും കലാപത്തിലും ഏർപ്പെടുന്നവരെ ക്രിമിനൽ ലുനാറ്റിക്കുകളാക്കുകയായിരുന്നു എളുപ്പം. 27 മലബാർ പോരാളികളുടെ കാര്യത്തിൽ അവർ അതു തന്നെയാണ് ചെയ്തത്.

മലബാർ, സൗത്ത് കാനറ, കോയമ്പത്തൂർ, നീലഗിരി എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളെ ചികിൽസിക്കാനാണ് കുതിരവട്ടത്തെ അസൈലം ആരംഭിച്ചത്. രാഷ്ട്രീയ പോരാളികളെ ഇവ്വിധം ഭ്രാന്ത് ആരോപിച്ച് ഇവിടെ അടച്ച ഒരു സന്ദർഭം മാത്രമാണ് ഇന്ന് കാണാൻ കഴിയുക. മാനസിക അസ്വാസ്ഥ്യം ബാധിച്ച ബ്രിട്ടീഷ് പട്ടാളക്കാരും ഇത്തരം കേന്ദ്രങ്ങളിൽ ചികിൽസിക്കപ്പെട്ടതായി രേഖകളിൽ കാണാം. 1920 മുതൽ ഓക്കുപ്പേഷണൽ തെറാപ്പി ആരംഭിച്ചതായും അന്തേവാസികൾ തുന്നൽ, കാർപ്പെറ്റ് നിർമ്മാണം, ഇഷ്ടിക നിർമ്മാണം, മരപ്പണി, ബുക്ക് ബൈന്റിംഗ്, ടൈലറിംഗ് തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെട്ടതായും ബ്രിട്ടീഷ് രേഖകളിലുണ്ട്. കാൽച്ചങ്ങലകൾ അഴിച്ചുമാറ്റി, ജയിൽ സെല്ലുകൾക്ക് സമാനമായ മുറികളിൽ നിന്നും അവരെ കൂടുതൽ സ്വതന്ത്രരാക്കി തുടങ്ങിയ പരാമർശങ്ങളും കാണാം. സംഗീതം, റേഡിയോ കേൾക്കാനുള്ള സൗകര്യം, ബാഡ്മിന്റൺ കളിക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കാണാം. എന്നാൽ അന്തേവാസികളെ ജയിൽ സമാന മുറികളിൽ പൂട്ടിയിടുകയായിരുന്നുവെന്നും അതേ രീതി സ്വാതന്ത്ര്യാനന്തരവും തുടർന്നു എന്നതിനും നിരവധി തെളിവുകളുണ്ട്. മാനസികാരോഗ്യ കേന്ദ്ര വളപ്പിലുള്ള കിണറിനെക്കുറിച്ച് പ്രചരിച്ചിട്ടുള്ള വാമൊഴിക്കഥ, ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്തവരെ കിണിറ്റിലിറക്കി നിർത്തി വെടിവെച്ചുകൊല്ലുമായിരുന്നുവെന്നത്, കൊളോണിയൽ കാലം ഉണ്ടാക്കിയ അതിഭീകരമായ ഭീതിയിൽ നിന്നും ഉണ്ടായതാകാനാണ് ഇട. ഇന്നും അവിടം സന്ദർശിച്ചാൽ ഈ കിണറിനെക്കുറിച്ച് ഇതേ വാമൊഴിക്കഥ കേൾക്കാം. കൊളോണിയൽ കാലമുണ്ടാക്കിയ ഭീതി ഇന്നും വിട്ടു പോകാത്തതിന്റെ അടയാളങ്ങളിലൊന്നു കൂടിയാണ് ഈ കഥ.

മെന്റൽ അസൈലങ്ങളുണ്ടാക്കുന്നതിനൊപ്പം, ബ്രിട്ടീഷുകാർ ഹെമ്പ് ഡ്രഗ് കമ്മീഷനും (189394) രൂപീകരിച്ചിരുന്നു. മാനസികാരോഗ്യത്തെ തകർക്കുന്ന ലഹരി മരുന്നുകളായ കറുപ്പ്, കഞ്ചാവ്, ഭാംഗ് തുടങ്ങിയ വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചാണ് ഈ കമ്മീഷൻ പഠിച്ചത്. കമ്മീഷൻ റിപ്പോർട്ട് ഇന്ത്യാ പേപ്പേഴ്സിൽ ലഭ്യമാണ്. കൊളോണിയൽ ഫോട്ടോഗ്രഫി പഠനങ്ങളിൽ ബ്രിട്ടീഷ് കാലത്തെ കറുപ്പുൽപ്പാദനത്തിന്റെ ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ കാണാം. മെന്റൽ അസൈലങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഈ റിപ്പോർട്ടിലൂന്നുണ്ട്.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാത്രം അധികാര കാലത്ത് അവരുടെ ചില ജീവനക്കാർക്ക് മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോൾ അവരെ ചികിൽസിക്കാനുള്ള ചില സ്വകാര്യ സംവിധാനങ്ങൾ മാത്രമാണുണ്ടായിരുന്നത്. പിൽക്കാലത്താണ് അസൈലങ്ങളും ആശുപത്രികളും വികസിക്കുന്നത്. ഹെമ്പ് ഡ്രഗ് കമ്മീഷൻ റിപ്പോർട്ടാണ് പിന്നീട് എക്സെെസ് വിഭാഗം എന്ന സങ്കൽപ്പത്തിലേക്കും ബ്രിട്ടീഷുകാരെ നയിക്കുന്നത്. കൊളോണിയൽ കാലം ആവശ്യപ്പെട്ട (അനുസരിപ്പിച്ച) സാമൂഹിക മനോ ചിത്തത ( Socical Sanity) എന്താണെന്ന് നിശ്ചയിക്കാനുള്ള വിവിധങ്ങളായ ഉപാധികളായിരുന്നു ഇവയൊക്കെ.

ഹെമ്പ് ഡ്രഗ് കമ്മീഷൻ റിപ്പോർട്ട്

ഗുഡ്ബെെ മലബാറിലെ കുതിരവട്ടം മെന്റൽ അസൈലം

കെ.ജെ.ബേബിയുടെ "ഗുഡ്ബെെ മലബാർ' എന്ന നോവലിൽ കുതിരവട്ടം മെന്റൽ അസൈലത്തിന്റെ ആദ്യ നാളുകളെക്കുറിച്ചുള്ള ഭാവനാത്മക ചിത്രീകരണമുണ്ട്. കഥയിലെ നായകനും മലബാർ മാന്വലിന്റെ കർത്താവുമായ വില്യം ലോഗൻ, ഭാര്യ ആനി എന്നിവരിലൂടെയാണ് നോവലിലെ കഥ വികസിക്കുന്നത്. ജയിലുകളിലെ തൊട്ടികക്കൂസുകൾ മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്കിടയിൽ ജയിൽ സെല്ലുകൾക്ക് സമാനമായ അസൈലത്തിലെ തൊട്ടിക്കക്കൂസുകൾ എങ്ങിനെ മാറ്റാം എന്ന ആലോചനയുമായി ലോഗൻ കുതിരവട്ടം സന്ദർശിക്കുന്നു. കൂടെ ഭാര്യ ആനിയുമുണ്ട്. അസൈലത്തിന്റെ ഉൾഭാഗത്തെക്കുറിച്ച് നോവലിസ്റ്റ് എഴുതുന്നു: ചുറ്റുപാടുമുള്ള ഇരുളിമ രോഗികളുടെ മുറികളിലും നിറഞ്ഞു നിന്നിരുന്നു. രോഗികളിൽ പലരും ആ ഇരുളിമയിൽ പതിയിരുന്നു നോക്കുന്നുണ്ട്. പൂപ്പലും ഇരുട്ടും കെട്ടിക്കിടന്ന് മണക്കുന്നുണ്ട്. ആകാശം കാണാനേയില്ല. ഗവൺമെന്റിനോ പൊതുജനങ്ങൾക്കോ കുടുംബക്കാർക്കോ ഒട്ടും താൽപര്യമില്ലാത്തവരാണ് മനോരോഗികൾ. ആർക്കും വേണ്ടാത്ത ഇവരേം കൊണ്ട് എന്തു ചെയ്യുമെന്ന് ചിലപ്പോ ഒരു പിടിയും കിട്ടാറില്ല. സ്ത്രീകളെ നോക്കാൻ പോലും ഒരാളില്ല. വരുന്നവർക്കു പേടിയുമാണ്. മരിച്ചു പോയവരുടെ പ്രേതങ്ങൾ കുടിയിരിക്കുന്നവരാണത്രെ മനോരോഗികൾ. പ്രേതക്കൂട്ടിലേക്ക് നോക്കുന്നതു പോലെയാണ് പലരും ഇതിനെ കാണുന്നത്: (പേജ് 151).

വില്യം ലോഗൻ

അക്കാലത്തെ വാമൊഴിയിൽ ജയിലാശുപത്രി എന്നു നാട്ടുകാർ വിളിച്ചിരുന്ന സ്ഥലം നോവലിസ്റ്റിന്റെ ഭാവനയിൽ പ്രേതക്കൂടായി മാറുന്നു. കഥാഗതി വെച്ചു നോക്കുമ്പോൾ ലോഗൻ 1882ലെ മലബാർ ടെനൻസി റിപ്പോർട്ട് (മലബാറിലെ പൊട്ടിത്തെറികൾക്കു പിന്നിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളല്ലാതെ മറ്റൊന്നുമല്ല എന്നു പറയുന്ന റിപ്പോർട്ട്) സമർപ്പിച്ചു കഴിഞ്ഞ ശേഷമാണ് നോവലിലെ ഈ ഭാഗം ചിത്രീകരിക്കപ്പെടുന്നത്.

1884ലുണ്ടായ ഒരു മാപ്പിളക്കലാരപത്തെക്കുറിച്ചു നൽകിയ റിപ്പോർട്ടിലും ലോഗൻ കാർഷിക പ്രശ്നങ്ങൾ തന്നെയാണ് കലാപത്തിനടിസ്ഥാനം എന്ന് ആവർത്തിച്ചിട്ടുണ്ട്. ആ ഭാഗം പിൻവലിക്കാൻ ബ്രിട്ടീഷ് സർക്കാർ നിർദേശിക്കുകയും ലോഗൻ അതിനു വഴങ്ങാതിരിക്കുകയും ചെയ്തതായി ചരിത്രകാരൻ കെ.കെ.എൻ.കുറുപ്പ് എഴുതിയിട്ടുണ്ട്. പിന്നീട് 1888ൽ ആന്ധ്രയിലെ കടപ്പയിലേക്ക് സ്ഥലം മാറ്റപ്പെട്ട ലോഗൻ രണ്ടു മാസം അവിടെ ജോലി ചെയ്തത് ജൻമനാട്ടിലേക്ക് മടങ്ങുകയാണുണ്ടായത്. മഞ്ചേരിക്കാരായ 27 മാപ്പിള പോരാളികളെ കുതിരവട്ടത്തടക്കുന്നതിന് എട്ടു വർഷം മുമ്പ് ലോഗൻ ഇന്ത്യയിൽ നിന്നും മടങ്ങി. അതായത് "ഗുഡ് ബൈ മലബാർ' മാപ്പിളപ്പോരാളികളെ കുതിരവട്ടത്ത് അടക്കുന്ന സംഭവത്തിന് മുൻപ്് നടക്കുന്ന കഥയാണ് പറയുന്നതെന്നർഥം.

കെ.കെ.എൻ.കുറുപ്പ്

ലോഗന്റെ നിർദേശ പ്രകാരം അസൈലത്തിനു വരുന്ന മാറ്റങ്ങളിൽ ആനി വഹിക്കുന്ന പങ്കിനെക്കുറിച്ച് നോവലിൽ ഇങ്ങിനെ പറയുന്നു: ആസ്പത്രിയുടെ ചുറ്റുപാടുമുള്ള കാടുതെളിഞ്ഞു. വെട്ടവും വെളിച്ചവുമായി. മുറികൾക്കകത്തെ ഇരുളിമപോലും കുറേ കുറഞ്ഞു. ആ തെളിഞ്ഞ ചുറ്റുപാടിലായി കുറച്ചു പൂച്ചെടികൾ നടണമെന്ന് തോന്നി: ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും തുടർന്ന് ഉദ്യാന സങ്കൽപ്പത്തിലേക്കും വളരുന്ന ഈ ചിന്ത മാനസികാരോഗ്യത്തിന്റെ രൂപകമായിത്തന്നെയാണ് നോവലിൽ പ്രവർത്തിക്കുന്നത്. ഇവിടെ വെച്ച് ആനി പരിചയപ്പെടുന്ന ഒരു മുസ്ലിം സ്ത്രീയുമായുള്ള ബന്ധം അവരെ വീട്ടിലേക്കു കൊണ്ടു പോകുന്നിടം വരെ എത്തുന്നുണ്ട്. ലോഗന്റെ ഔദ്യോഗിക-വ്യക്തിജീവിത സംഘർഷങ്ങളെ കേന്ദ്രീകരിക്കുന്നതാണ് നോവൽ. ബ്രിട്ടീഷ് ഭീകരതയുടെ അടയാളങ്ങൾ മറ്റു പലയിടങ്ങളിലും നോവലിൽ വരുന്നുണ്ടെങ്കിലും അസൈലത്തെക്കുറിച്ചുള്ള ആഖ്യാനം ഒരു പരിഷ്‌ക്കരണ സ്ഥലം എന്ന നിലയിലാണ്.

സാദത്ത് ഹസൻ മന്തോ

(ലോഗനെ അമിതമായി വിശ്വസിക്കുന്നതും ആശ്രയിക്കുന്നതും മലബാർ പഠനങ്ങൾക്ക് പുതിയ വെളിച്ചം നൽകുന്നത് തടയാനിടയുണ്ടെന്ന സബാൾട്ടേൺ ചരിത്രകാരൻമാരുടെ വിമർശനം ഓർക്കുക). അതിനാൽ തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ അസൈലത്തിൽ അടച്ചതു പോലുള്ള സംഭവങ്ങൾ നോവലിൽ കാണാനാകില്ല. അത് ഈ നോവലിന്റെ പരിമിതിയുമാണ്. ഇന്ത്യ-പാക് വിഭജനത്തിന്റെ മുറിവുകളെക്കുറിച്ചു പറയുമ്പോൾ സാദത്ത് ഹസൻ മന്തോ ഭ്രാന്ത് എന്ന മെറ്റഫർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിൻ ബന്ദോപാധ്യായയുടെ നീലകണ്ഠ പക്കീർ കോഞ്ചേ എന്ന നോവലിലും വിഭജനത്തെ ചിത്രീകരിക്കാൻ ഉൻമാദിയായ മണീന്ദ്രനാഥ് ടാക്കൂറിനെ ആഖ്യാനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാനിറ്റി-ഇൻസാനിറ്റി എന്നീ ബൈനറികളെ എഴുത്തുകാർ ഉപയോഗിച്ചതിന്റെ ഉദാഹരണം എന്ന നിലയിലാണ് ഇവരുടെ രചനകളെക്കുറിച്ച് പറഞ്ഞത്. ആ നിലയിൽ ഒരു ക്രിട്ടിക്കൽ സ്പെയ്സ് എന്ന നിലയിലിലേക്കല്ല കെ.ജെ.ബേബിയുടെ നോവലിൽ മെന്റൽ അസൈലം മാറുന്നത്.

എന്നാൽ മനോരോഗികളോട് ഇന്നും നമ്മുടെ സമൂഹം തുടരുന്ന അവഗണനയും ശ്രദ്ധയില്ലായ്മയും എന്ന പ്രശ്നം ബ്രിട്ടീഷുകാലം മുതൽ എങ്ങിനെ നില നിന്നുവെന്നതിലേക്ക് ഈ നോവൽ നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. ഇരുട്ടും പൂപ്പലും നിറഞ്ഞ എന്ന പ്രയോഗത്തിന് വലിയ ശക്തിയുണ്ട് എന്നതിൽ സംശയമില്ല.

അതോടൊപ്പം സാമൂഹിക മാറ്റത്തിനു വേണ്ടി ശ്രമിക്കുന്നവരെ, അതിനു വേണ്ടി പ്രവർത്തിക്കുന്നവരെ ഭ്രാന്തൻ എന്നു വിളിക്കുന്ന, ഇന്നും നമുക്കിടയിൽ നില നിൽക്കുന്ന പ്രയോഗവും ആശയവും ബ്രിട്ടീഷുകാർ ഒരു മെന്റൽ അസൈലമുണ്ടാക്കി പ്രാവർത്തികമാക്കിയതിന്റെ, മനുഷ്യ ജീവിതം വെച്ച് ഉദാഹരിച്ചതിന്റെ അനുഭവം മലബാർ സമര പഠനങ്ങളുടേയും സംവാദങ്ങളുടേയും പശ്ചാത്തലത്തിൽ കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുമുണ്ട്. സാമൂഹ്യ നീതിയും മനോചിത്തതയും എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് തീർച്ചയായും ഇത് കൂടുതൽ വെളിച്ചം നൽകും.

Comments