ചോര ചിന്തിയ
കുട്ടംകുളം സമരം, സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ
ധീര ഓർമ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപരിസരത്തുള്ള വഴികളിലൂടെ നടക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശത്തിനുവേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയും സാമൂഹ്യസംഘടനകളും ചേർന്ന് നടത്തിയ കുട്ടംകുളം സമരത്തിന്റെ 79-ാം വാർഷിക ദിനമാണ് ജൂ​ലായ് ആറ്. ഈ സമരമാണ് കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കുന്നതിലേക്ക് ജാതി സവർണ അധികാര ശക്തികളെ നിർബന്ധിതമാക്കിയത്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

രിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79–ാം വാർഷികദിനമാണ് ജൂലായ് 6. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപരിസരത്തുള്ള വഴികളിലൂടെ നടക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശത്തിനുവേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയും സാമൂഹ്യസംഘടനകളും ചേർന്ന് നടത്തിയ സമരമായിരുന്നു കുട്ടംകുളം സമരം. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അയിത്തജാതിക്കാരുടെ അവകാശ പ്രഖ്യാപനസമരത്തെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു കൊച്ചിയിലെ സവർണജാതി- ജന്മിത്വ ശക്തികളുടെ രാജഭരണകൂടം. അതിനെതിരായി ഇരിങ്ങാലക്കുടയിൽ നടന്ന പ്രതിഷേധസമരങ്ങൾക്ക് നേതൃത്വം കൊടുത്ത, ഭീകരമായ മർദ്ദനങ്ങളും ജയിൽവാസവും ഏറ്റുവാങ്ങേണ്ടിവന്ന പരേതനായ അഡ്വ. കെ.വി.കെ. വാര്യരിൽ നിന്നുതന്നെ കുട്ടംകുളം സമരത്തെക്കുറിച്ച് നേരിട്ടറിയുവാൻ ഇതെഴുതുന്നയാൾക്ക് അവസരമുണ്ടായിട്ടുണ്ട്. കെ.വി.കെ. വാര്യർ കുട്ടംകുളം സമരത്തിന്റെ ചരിത്രകാരൻ കൂടിയാണ്.

1947 ജൂലായ് 6–ന് ഇരിങ്ങാലക്കുടയിലെ പ്രശസ്​തമായ അയ്യൻകാവ് മൈതാനിയിൽ നടന്ന സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമ്മേളനവും ജാഥയുമാണ് ഭീകര ലാത്തിച്ചാർജ്ജിലും പോലീസ്​ നരനായാട്ടിലും കലാശിച്ചത്. കൂടൽമാണിക്യക്ഷേത്രത്തിന് മുൻവശമുള്ള നടപ്പാത അയിത്തജാതിക്കാർക്ക് തുറന്നുകിട്ടാനും അവിടെ 1910–ൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം സ്​ഥാപിച്ച തീണ്ടപലക എടുത്തുമാറ്റുവാനുമുള്ള ആവശ്യം ഉന്നയിച്ചാണ് കൊച്ചി രാജ്യത്തെയാകെ ഇളക്കിമറിച്ച സമരം നടക്കുന്നത്.

ജൂലായ് ആറിലെ പോലീസ്​ നരവേട്ടക്കെതിരെ കേരളമാകെ പ്രക്ഷുബ്ധമാവുകയും മലബാറിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചില സാമൂഹ്യസംഘടനകളുടെയും മുൻകൈയിൽ ‘ചലോ ഇരിങ്ങാലക്കുട’ എന്ന മുദ്രാവാക്യമുയർത്തി ജാഥകളാരംഭിക്കുകയും ചെയ്തു. നിയമലംഘനത്തിനില്ലെന്നുപറഞ്ഞ് കുട്ടംകുളം സമരത്തിൽ നിന്ന് പിൻമാറിയ പ്രജാമണ്ഡലംകാരെ പോലും കൊച്ചിയിലും കേരളമാകെയുമുണ്ടായ ജനവികാരം ചലിപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം. അങ്ങനെയാണ് ഉടനടി ക്ഷേത്രപ്രവേശനവും ഉത്തരവാദഭരണവും അനുവദിക്കാത്തപക്ഷം പ്രജാമണ്ഡലം ജനങ്ങളുടെ സമരത്തിന് നേതൃത്വം നൽകുമെന്ന് അതിന്റെ നേതാക്കൾ മഹാരാജാവിന് മുന്നറിയിപ്പ് നൽകിയത്.

പോലീസ്​ നരവേട്ടയ്ക്കും ജാതിഭീകരതയ്ക്കുമെതിരായി അയ്യൻകാവിൽ സംഘടിപ്പിച്ച പ്രതിഷേധ മഹാസമ്മേളനത്തിൽ സഹോദരൻ അയ്യപ്പനാണ് സമരപ്രഖ്യാപനം നടത്തിയത്.
പോലീസ്​ നരവേട്ടയ്ക്കും ജാതിഭീകരതയ്ക്കുമെതിരായി അയ്യൻകാവിൽ സംഘടിപ്പിച്ച പ്രതിഷേധ മഹാസമ്മേളനത്തിൽ സഹോദരൻ അയ്യപ്പനാണ് സമരപ്രഖ്യാപനം നടത്തിയത്.

പോലീസ്​ നരവേട്ടയ്ക്കും ജാതിഭീകരതയ്ക്കുമെതിരായി അയ്യൻകാവിൽ സംഘടിപ്പിച്ച പ്രതിഷേധ മഹാസമ്മേളനത്തിൽ സഹോദരൻ അയ്യപ്പനാണ് സമരപ്രഖ്യാപനം നടത്തിയത്. കൊച്ചി രാജ്യമാകെ രാഷ്ട്രീയ ഹർത്താൽ ആചരിക്കപ്പെട്ടു. ജൂലായ് ആറിലെ ചോരയൊഴുകിയ ജനകീയ പ്രക്ഷോഭത്തിന്റെയും അതിനോട് അനുഭാവം പ്രകടിപ്പിച്ച് ഉയർന്നുവന്ന ബഹുജന മുന്നേറ്റത്തിന്റെയും മുമ്പിൽ കൊച്ചി രാജാവ് വൈകാതെ ക്ഷേത്രപ്രവേശന തിയ്യതി നിശ്ചയിക്കാമെന്ന് പ്രഖ്യാപിച്ചു.

കർക്കിടകം 13-ന് സഹോദരൻ അയ്യപ്പൻ നടത്തിയ ചരിത്രപ്രസിദ്ധമായ സമരപ്രഖ്യാപനവും കൊച്ചി രാജ്യത്തെയാകെ ഇളക്കിമറിച്ച ജനമുന്നേറ്റങ്ങളും ചിങ്ങമാസമാകുമ്പോഴേക്കും രാജാവിനു കീഴിൽ പ്രജാമണ്ഡലം നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ മന്ത്രിസഭ സ്​ഥാനമേൽക്കുന്നതിലേക്കെത്തിച്ചു. തുടർന്ന് ഇരിങ്ങാലക്കുടയിൽ നടന്ന രാഷ്ട്രീയ സമ്മേളനം, അയിത്തത്തിനെതിരായും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുമുള്ള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന സംഭവങ്ങളാണ്.

ജൂലായ് ആറിലെ ചോരചിന്തിയ സമരമാണ് കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കുന്നതിലേക്ക് ജാതി സവർണ അധികാരശകതികളെ നിർബന്ധിതമാക്കിയത്. തുടർന്ന് നടന്ന ഐതിഹാസികമായ 1948–ലെ പാലിയം സമരത്തിന് പാതയൊരുക്കിയത് കുട്ടംകുളം സമരമാണ്.

കുട്ടംകുളത്തേതുപോലെ പാലിയ സമരവും, തൃക്കോവ് ശിവക്ഷേത്രത്തിന് മുന്നിലെ വഴികളിലൂടെയും സമീപ്രദേശങ്ങളിലൂടെയും അയിത്തജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടാൻ വേണ്ടിയുള്ളതായിരുന്നു. കൊച്ചി രാജാവിന്റെ പ്രധാനമന്ത്രി സ്​ഥാനം വഹിച്ചിരുന്ന പാലിയത്തച്ഛൻമാരും ജാതി-ജന്മിത്വ ശക്തികളുമാണ് അയിത്തജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത്. പാലിയം സമരത്തിന്റെ ചരിത്രകാരന്മാർ സൂചിപ്പിക്കുന്നതുപോലെ സഹോദരൻ അയ്യപ്പന്റെ ആത്മസുഹൃത്തായ കേളപ്പനാശന്റെ നേതൃത്വത്തിൽ നടന്ന ചെറുത്തുനിൽപും കുട്ടംകുളം സമരവും അയിത്തജാതിക്കാരിലും പൊതുവെ ജനങ്ങളിലുമുണ്ടാക്കിയ സവർണജാതി ശക്തികൾക്കെതിരായ വികാരമാണ് പാലിയം സമരത്തിന് പ്രചോദനമായത്.

പ്രജാമണ്ഡലം നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍
പ്രജാമണ്ഡലം നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍

പാലിയത്തച്ഛൻമാരെ വെല്ലുവിളിച്ച് പാലിയത്തെ റോഡുകളിലൂടെ സഞ്ചരിക്കാനുള്ള ആത്മധൈര്യം ജനങ്ങളിൽ പകർന്നത് കമ്യൂണിസ്റ്റുകാരായിരുന്നു. പാലിയം സമരത്തിലെ എ.കെ.ജിയുടെ ഇടപെടലുകളും പ്രജാമണ്ഡലത്തിന്റെയും ഒരുവേള എസ്​.എൻ.ഡി.പിയുടെയും വിട്ടുവീഴ്ചാപരമായ നിലപാടുകൾക്കെതിരെ കമ്യൂണിസ്റ്റുകാർ എടുത്ത പ്രക്ഷോഭസ്​ഥിരതയുമാണ് പാലിയം സമരത്തെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടുനയിച്ചത്. കൂട്ടംകുളത്ത് സഖാക്കൾ ഗംഗാധരനും ഉണ്ണിക്കും ഭീകര മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടിവന്നതെങ്കിൽ പാലിയത്ത് സഖാവ് എ.ജി. വേലായുധന് പോലീസ് തോക്കിന്റെ പാത്തി കൊണ്ട് മർദ്ദനമേറ്റ് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. കൂട്ടംകുളം സമരവും പാലിയം സമരവുമെല്ലാം അയിത്താചാരത്തിനും ജാത്യാധിഷ്ഠിത ബ്രാഹ്മണാധികാര വ്യവസ്​ഥക്കുമെതിരായ നവോത്ഥാന ചരിത്രത്തിലെ പ്രകാശം പരത്തുന്ന അധ്യായങ്ങളാണ്.

അയിത്തജാതിക്കാർക്ക് ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിന്റെയും ഗുരുവായൂർ സത്യാഗ്രഹത്തിന്റെയും പശ്ചാത്തലത്തിലാണ് 1936 നവംബർ 12–ന് തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശന വിളംബരം വിജ്ഞാപനം ചെയ്യുന്നത്. തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുന്നാൾ ബാലരാമവർമ്മ വിജ്ഞാപനം ചെയ്ത ക്ഷേത്രപ്രവേശന വിളംബരത്തിൽ; ‘‘ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ല എന്നാകുന്നു’’.

പാലിയം സമരം
പാലിയം സമരം

ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്​ത്രങ്ങളെ അവലംബമാക്കി നിലനിന്നുപോന്ന മനുഷ്യത്വരഹിതമായ ജാതിവ്യവസ്​ഥയ്ക്കും അയിത്തത്തിനുമെതിരായ സമരചരിത്രത്തിലെ അഭിമാനകരമായൊരു വിജയഘട്ടമായിട്ടാണ് ക്ഷേത്രപ്രവേശന വിളംബരത്തെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. തീർച്ചയായും അലംഘനീയങ്ങളെന്ന് കൽപിച്ച് അടിച്ചേൽപ്പിക്കപ്പെടുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും അവസാനിപ്പിക്കാൻ കഴിയുമെന്ന സാമൂഹ്യപരിവർത്തന പ്രക്രിയയുടെ അസന്ദിഗ്ധമായ ഒരു ചരിത്രപാഠം എന്ന നിലയിൽ ക്ഷേത്രപ്രവേശന വിളംബരത്തെ കാണാം. പക്ഷെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷവും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമൊക്കെ സവർണജാതി മേധാവിത്വശകതികൾ അയിത്തജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും അനുവദിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരം തുടർന്നേറ്റെടുത്തത് കോൺഗ്രസ്​ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരുമായിരുന്നു. പൊതുനിരത്തുകളിലൂടെ വഴിനടക്കാനും ക്ഷേത്രക്കുളങ്ങളിലും ആരാധനാലയങ്ങളിലും അയിത്തജാതിക്കാർക്ക് കടന്നുചെല്ലാനുമുള്ള നവോത്ഥാനപരമായ ദൗത്യമേറ്റെടുത്ത് പോരാടിയത് സാമൂഹ്യസംഘടനകളും കമ്യൂണിസ്റ്റ് പാർട്ടിയുമായിരുന്നു. ആ ഒരു ദിശയിൽ കേരളത്തിൽ നടന്ന ഐതിഹാസികമായ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു 1946–47 കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്നത്.

ബാലരാമപുരത്തെ ചാലിയ തെരുവുകളിലൂടെ അധഃസ്​ഥിത ജാതിക്കാർക്ക് നടക്കാനുള്ള അവകാശത്തിനുവേണ്ടി അയ്യൻകാളി നടത്തിയ സമരത്തെ ക്രൂരമായി അടിച്ചമർത്തിയതു പോലെയാണ് കുട്ടംകുളം സമരത്തെയും സവർണജാതിശക്തികളും പോലീസും അടിച്ചമർത്തിയത്. 1907–ലായിരുന്നു അയ്യൻകാളിയുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് സവർണജാതി ഭീകരതയെ നേരിട്ടുകൊണ്ട്, വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയിത്തജാതിക്കാരുടെ ഉയർത്തെഴുന്നേൽപ്പുണ്ടായത്.

1907–ലായിരുന്നു അയ്യൻകാളിയുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് സവർണജാതി ഭീകരതയെ നേരിട്ടുകൊണ്ട്, വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയിത്തജാതിക്കാരുടെ ഉയർത്തെഴുന്നേൽപ്പുണ്ടായത്.
1907–ലായിരുന്നു അയ്യൻകാളിയുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് സവർണജാതി ഭീകരതയെ നേരിട്ടുകൊണ്ട്, വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയിത്തജാതിക്കാരുടെ ഉയർത്തെഴുന്നേൽപ്പുണ്ടായത്.

ആ ചരിത്രസംഭവത്തിെൻ്റ 40–ാം വർഷത്തിലാണ് കുട്ടംകുളം സമരം നടക്കുന്നത്. കമ്യൂണിസ്റ്റ് പാർടിയും എസ്​.എൻ.ഡി.പി യോഗവും പുലയ മഹാസഭയും പ്രജാമണ്ഡലവും ചേർന്നായിരുന്നു ഈ സമരത്തിന് നേതൃത്വം കൊടുത്തത്. നാട്ടുരാജ്യങ്ങളിൽ കോൺഗ്രസ്​ പ്രവർത്തിച്ചിരുന്നത് പ്രജാമണ്ഡലം എന്ന ബാനറിലായിരുന്നു.

തീണ്ടൽപലക എടുത്തുമാറ്റാനും കൂടൽമാണിക്യം ക്ഷേത്രവഴികളിലൂടെ സഞ്ചാരം അനുവദിക്കാനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെയും എസ്​.എൻ.ഡി.പിയുടെയും പുലയ മഹാസഭയുടെയും നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്. 1946 ജൂലായ് 6–ന് ഇപ്പോഴത്തെ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിനുമുമ്പിലുള്ള പ്രശസ്​തമായ അയ്യൻകാവ് മൈതാനത്ത് നിന്നുമാണ് സമരത്തിന് തുടക്കമാകുന്നത്.

കൂടൽമാണിക്യ ക്ഷേത്രത്തിന്റെ കിഴക്കെ നടവഴിയിലേക്കും ജാഥ നടത്തുകയായിരുന്നു അയ്യൻകാവിൽ സമ്മേളിച്ച വിവിധ സംഘടനകളിലും സാമൂഹ്യവിഭാഗങ്ങളിലുംപെട്ടവരുടെ പരിപാടി. കമ്യൂണിസ്റ്റ് നേതാവായ പി. ഗംഗാധരനും പുലയ മഹാസഭയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാവായ ചാത്തൻ മാസ്റ്ററുമായിരുന്നു സമരനേതൃത്വം. സമരത്തിന് അടിയന്തിര പ്രകോപനമായത് കുട്ടംകുളത്തിന് സമീപം സാരി ധരിച്ച് പ്രകടനം നടത്തിയ പുലയ യുവതികളെ സവർണജാതിക്കാർ മുറുക്കിത്തുപ്പി അപമാനിച്ചതായിരുന്നു. എസ്​.എൻ.ഡി.പിയുടെയും പുലയ മഹാസഭയുടെയും പ്രവർത്തകരും നിരവധി തൊഴിലാളിയൂണിയൻ പ്രവർത്തകരും ജാഥയിൽ അണിനിരന്നു. ദേശീയപതാകയ്ക്കൊപ്പം ജാഥയിൽ തൊഴിലാളി സഹോദര സംഘത്തിന്റെ കലാവിഭാഗം അവതരിപ്പിച്ച ‘സ്വതന്ത്രഭാരത നൂതന ചരിത്രം, സ്വന്തം ചോരയിൽ എഴുതുന്നവരെ’ എന്ന ഗാനവും മുഴങ്ങി. പച്ചയും മഞ്ഞയും ചുവപ്പുമായ നിരവധി കൊടികൾ ജാഥയിൽ ഉയർത്തിപ്പിടിച്ചിരുന്നു. ബീഡി തൊഴിലാളികളും ബെൽ മെറ്റൽ തൊഴിലാളികളും മുനിസിപ്പൽ തൊഴിലാളികളും കർഷകസംഘം, വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകരും സമരത്തിലണിചേർന്നു.

കമ്യൂണിസ്റ്റ് നേതാവായ പി. ഗംഗാധരൻ യോഗ സ്​ഥലത്ത് എത്തിയപ്പോൾ ദിഗന്തങ്ങൾ മുഴങ്ങുമാറുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി. അദ്ദേഹം ഏതാനും വാക്കുകൾ മാത്രമായി പ്രസംഗം ചുരുക്കി. അതിങ്ങനെയായിരുന്നു;
‘‘കുട്ടംകുളം അതിർത്തിയിൽ അയിത്ത കൽപന റദ്ദാക്കിയതാണെന്നാണ് നേതാക്കൾ പറയുന്നത്. അത് പഴയ 1886–ലെ വിളംബരപ്രകാരമാണെത്ര. ഇന്നതിന് നിയമപ്രാബല്യമില്ല. എന്തായാലും അതിലൂടെ വഴിനടക്കുന്നതിന് ആരെങ്കിലും തടയുമോയെന്ന് നമുക്ക് അവിടെച്ചെന്ന് നോക്കിയിട്ട് വരാം. ഇവിടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും ഉത്തരവാദഭരണത്തിനുവേണ്ടിയും നമ്മളെല്ലാം ഒരുമിച്ച് സമരം ചെയ്യുന്നവരാണ്. നമുക്കതിൽ അഭിപ്രായവ്യത്യാസമുണ്ടാകാൻ പാടില്ല. കൊച്ചി രാജ്യത്തിന് അയിത്തംവെച്ചുപുലർത്താൻ ഒരു ശകതിക്കും സാധ്യമല്ല’’.

അയ്യൻകാവ് മൈതാനിയിൽ നിന്ന് കുട്ടംകുളം റോഡിൽ നിരോധനമുണ്ടോ എന്നറിയാൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും പ്രകടനമായി കൂട്ടംകുളത്തേക്ക് നീങ്ങുകയാണെന്ന് പി. ഗംഗാധരൻ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കില്ലെന്ന് പറഞ്ഞ് പുത്തൂർ അച്ചുതമേനോനും ചില പ്രജാമണ്ഡലം പ്രവർത്തകരും ജാഥയിൽ പങ്കെടുക്കാൻ തയ്യാറായില്ല. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന കെ.വി. ഉണ്ണിയുടെയും പി. ഗംഗാധരെൻ്റയും നേതൃത്വത്തിൽ ആയിരങ്ങൾ കുട്ടംകുളം റോഡിലേക്ക് മാർച്ച് ചെയ്തു. കുട്ടംകുളത്തിന് കിഴക്കുഭാഗത്ത് വെച്ച് പോലീസ്​ ജാഥ തടഞ്ഞു. വൻ പോലീസ്​ സേന ജാഥയെ തടയാൻ ലാത്തിയുമായി മതിൽതന്നെ തീർത്തിരുന്നു. കയ്യിൽ ചൂരലും തോളിൽ ലാത്തിയുമായി പോലീസും അവർക്ക് നേതൃത്വവും നിർദ്ദേശവും നൽകാനായി മജിസ്ട്രേറ്റും അവിടെ നിലകൊണ്ടിരുന്നു. ഡിവൈ.എസ്​.പിയും സിവിൽ ഗാർഡുകളും അയിത്തലംഘനത്തെ തടയാൻ സജ്ജരായി നിന്നു.

ഗുരുവായൂർ സത്യാഗ്രഹം
ഗുരുവായൂർ സത്യാഗ്രഹം

പി. ഗംഗാധരൻ ഒറ്റയ്ക്കാണ് പോലീസ്​ സേന തീർത്ത ബാരിക്കേഡിനുമുമ്പിലേക്ക് ചെന്നത്. തനിക്ക് പൊതുവഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടോയെന്ന് അറിയണമെന്നായിരുന്നു ഗംഗാധരൻ ഉദ്യോഗസ്​ഥന്മാരോട് ആവശ്യപ്പെട്ടത്. അതിന് മറുപടിയായി ഒരു പോലീസ്​ ഉദ്യോഗസ്​ഥൻ സഖാവിനെ പിടിച്ച് പിറകോട്ട് തള്ളുകയായിരുന്നു. ഇതോടെ പോലീസ്​ വലയംഭേദിച്ച് മുന്നോട്ടുനീങ്ങാൻ ജാഥയിൽ അണിനിരന്നവർ ശ്രമിച്ചു. സി.ഐ. സൈമൺ മാഞ്ഞൂരാന്റെയും ഇൻസ്​പെക്ടർ ശങ്കുണ്ണിയുടെയും നേതൃത്വത്തിൽ എം.എസ്​.പിക്കാർ ഉൾപ്പെടെ വൻപോലീസ സന്നാഹം ജാഥ തടഞ്ഞു. ജാഥ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഉണ്ടോയെന്നും നിരോധന ഉത്തരവുണ്ടെങ്കിൽ കാണിക്കണമെന്നും ജാഥയിൽ പങ്കെടുത്തവർ വിളിച്ചുപറഞ്ഞു. ഈ തർക്കത്തിനിടെ പോലീസ്​ സമരക്കാരെ വളഞ്ഞിട്ട് തല്ലിച്ചതച്ചു.

പലരും മർദ്ദനമേറ്റ് വീണു. വഴിനീളെ ചോരയൊഴുകി. പോലീസ്​ മർദ്ദനത്തിെൻ്റ ക്രൂരത സഹിക്കാനാവാതെ കെ.വി. ഉണ്ണി പോലീസിനെയും അടിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ഉണ്ണിയുടെ ഭാഗത്തുനിന്നുള്ള തിരിച്ചടി പോലീസുകാരെ പ്രകോപിപ്പിച്ചു. അതോടെ ഭീകരമർദ്ദനമായിരുന്നു. ലാത്തിച്ചാർജ്ജിൽ വളണ്ടിയർമാർ ചിതറിയോടുന്നതിനിടയിൽ സഖാക്കൾ ഉണ്ണിയെയും ഗംഗാധരനെയും പോലീസ്​ പിടിച്ച് കുട്ടംകുളത്തിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചു. പോലീസ്​ പിടിച്ചുകൊണ്ടുപോയി ഇരിങ്ങാലക്കുട ജയിലിലടച്ചവർക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നു. കമ്യൂണിസ്റ്റുകാരെ തല്ലുന്നതിൽ കുപ്രസിദ്ധി നേടിയിരുന്ന ഇരിങ്ങാലക്കുട സബ്ജയിൽ ഒരു കോൺസൻട്രേഷൻ ക്യാമ്പു പോലെയാണ് പ്രവർത്തിച്ചിരുന്നത്. കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പോലീസ്​ സ്​ക്വാഡ് തന്നെ പ്രത്യേകം തയ്യാറാക്കി നിർത്തിയിരുന്നു. സബ്ജയിലിലെ ഭീകരമർദ്ദനത്തിന് ഇരയായവരാണ് പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളായ ഇ. ഗോപാലകൃഷ്ണമേനോനും കെ.കെ. വാര്യരും സി. ജനാർദ്ദനനും ജോർജ്ജ് ചടയംമുറിയും കെ.വി. ഉണ്ണിയും ആർ.വി. രാമൻകുട്ടി വാര്യരുമൊക്കെ. കെ.വി. ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനുള്ള നീക്കവും പോലീസ്​ നടത്തി. ഉയർന്ന പോലീസ്​ ഉദ്യോഗസ്​ഥരുടെ ഇടപെടലിന്റെ ഭാഗമായിട്ടാണ് കെ.വി. ഉണ്ണി രക്ഷപ്പെട്ടത്.

പിറ്റേദിവസം സമരനേതാക്കളായിരുന്ന പി.കെ. ചാത്തൻ മാസ്റ്ററെയും എൻ.കെ. തയിലിനെയും പോലീസ്​ അറസ്റ്റു ചെയ്തു. പോലീസ്​ നരനായാട്ടിൽ പ്രതിഷേധിച്ച് കെ.വി.കെ. വാര്യരുടെയും സുബ്രണ്യ അയ്യരുടെയും നേതൃത്വത്തിൽ നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാർജ്ജ് നടന്നു. ക്രൂര മർദ്ദനമാണ് രണ്ടുപേർക്കും ലഭിച്ചത്. കെ.വി.കെ. വാര്യരെ രാജ്യേദ്രാഹകുറ്റം ചുമത്തി നാല് മാസം ജയിലിലടക്കുകയും ചെയ്തു.

ഹിന്ദുമതത്തിനകത്തെ വൃത്തികെട്ട ജാതിവ്യവസ്​ഥയുടെ ഉന്മൂലനവും സാമൂഹ്യനീതിയും സാഹോദര്യവും പുലരുന്ന ഒരു സമൂഹത്തെയും സ്വപ്നം കണ്ടവരാണ് കുട്ടംകുളം ഉൾപ്പെടെയുള്ള, ജാതിക്കും അയിത്തത്തിനുമെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തത്. 1930–ൽ വടകരയിൽ നടന്ന കെ.പി.സി.സിയുടെ സമ്പൂർണ രാഷ്ട്രീയ സമ്മേളനത്തിന്റെ തീരുമാനമായിരുന്നു ഹൈന്ദവ ക്ഷേത്രങ്ങളിൽ എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കൾക്ക് പ്രവേശനം നൽകാനുള്ള പ്രക്ഷോഭങ്ങളാരംഭിക്കണമെന്നത്. ഈ പ്രമേയത്തിന്റെ അടിസ്​ഥാനത്തിലാണ് ഗുരുവായൂർ സത്യാഗ്രഹം നടക്കുന്നത്. അതിനായുള്ള കാര്യങ്ങൾ തീരുമാനിക്കാനും പദ്ധതികളിടാനും കെ.പി.സി.സി നിയോഗിച്ചത് കെ. കേളപ്പനെയും കൃഷ്ണപിള്ളയെയും ടി.എസ്​. തിരുമുമ്പിനെയുമായിരുന്നു.

ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ് കേരളമാകെ, തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം ക്ഷേത്രപ്രവേശനസമരങ്ങളും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സാമൂഹ്യ മുന്നേറ്റങ്ങളും സജീവമാകുന്നത്.

Comments