ഓർമ മറവിയുടെ വിപരീതപദമല്ല. കേവലം മറന്നതിനെ ഓർത്തെടുക്കലും മറക്കാതിരിക്കാൻ ഓർത്തിരിക്കലിനും പുറമെ, വ്യക്തിയുടെയും സമൂഹത്തിന്റെയും മേഖലകളിൽ ഭൂതം, വർത്തമാനം, ഭാവി എന്നിവയോട് ഇഴചേർന്ന് കിടക്കുന്ന പദമാണ് ഓർമ. അതിനെക്കുറിച്ചുള്ള അന്തർ വിഷയാത്മകമായ പഠന മേഖലയാണ് ഓർമ പഠനം. ചരിത്രം, സമൂഹശാസ്ത്രം, നരവംശശാസ്ത്രം, സംസ്‌കാരിക പഠനം, മനഃശാസ്ത്രം, ആർക്കൈവൽ സ്റ്റഡീസ്, സാഹിത്യം, മാധ്യമ പഠനം തുടങ്ങിയ പഠനശാഖകളുമായി ഓർമ പഠനം ബന്ധപെട്ട് കിടക്കുന്നു. ഓർമകളെ കുറിച്ച് ചർച്ച/വ്യവഹാരം ഓർമകളുടെ അത്ര പഴക്കമുള്ളതാണെങ്കിലും പഠന പദ്ധതി എന്ന നിലക്കു അതിന്റെ ശൈശവഘട്ടം പിന്നിട്ടിട്ടില്ല. അന്തർ വിഷയാത്മകത എന്ന സവിശേഷത തന്നെയാണ് ഓർമ പഠനങ്ങളുടെ സാധ്യതയും സങ്കീർണതയും. വിവിധ മാനവിക-ശാസ്ത്ര വിഷയങ്ങളിൽ ഓർമകൾ വേരോടി കിടക്കുന്നതിനാൽ പാഠ്യപദ്ധതിയായി ചിട്ടപ്പെടുത്തുന്നതിനുള്ള സങ്കീർണതയും പരിമിതിയും അക്കാദമിക രംഗത്ത് അനുഭവപ്പെടുന്നു. ഇന്റർ/ക്രോസ്സ് ഡിസിപ്ലിനറി പഠനങ്ങളെ ഇന്നും സംശയത്തോടെയും "ചട്ടവിരുദ്ധ'മായും നോക്കിക്കാണുന്ന അക്കാദമിക ഇടങ്ങളിൽ ഓർമ പഠനം പാഠ്യപദ്ധതിയായി വരാൻ പല അതിർവരമ്പുകളും മാഞ്ഞു പോവേണ്ടിയിരിക്കുന്നു.
മായ്ച്ചു കളയപ്പെടുന്ന ഓർമകൾ
ഓർമ പഠനങ്ങളിൽ പ്രധാന ചർച്ചാവിഷയമാണ് സ്മാരകങ്ങൾ.
സംഭവങ്ങളുടെയോ വ്യക്തികളുടെയോ ഓർമക്കായി നിർമ്മിക്കപ്പെട്ട കെട്ടിടസമുച്ചയം എന്നാണ് സ്മാരകങ്ങൾ എന്നതുകാണ്ട് പ്രാഥമികമായി വിവക്ഷിക്കാറ്. സമൂഹത്തിൽ/വ്യക്തിജീവിതത്തിൽ മൂല്യമുള്ളവയെയും നഷ്ടഭയമുള്ളവയെയുമാണ് സാധാരണ സംരക്ഷിക്കാറ്. മറ്റൊരർത്ഥത്തിൽ, നഷ്ടപ്പെട്ടു പോവാതെ കൈമാറ്റം ചെയ്യപ്പെട്ട ഓർമകളുടെ പ്രതീകമാണ് സ്മാരകങ്ങൾ. ഓർമകളുടെ പ്രതീകവും സൂക്ഷിപ്പ് കേന്ദ്രവുമായതിനാൽ ഓർമകളെ പോലെ തന്നെ സ്മാരകങ്ങളും സങ്കീർണതയുള്ളതാണ്.
സ്മാരകങ്ങൾ അതതു സമൂഹങ്ങളുടെ സാംസ്‌കാരിക ചിഹ്നങ്ങളാണ്. ആയതുകൊണ്ടുതന്നെ ഏറെ പ്രാധാന്യത്തോടെ സമൂഹം സ്മാരകങ്ങൾ നിർമിച്ചെടുക്കുന്നതും കാണാം. കാലക്രമേണ രൂപപ്പെട്ട് വന്നിട്ടുള്ള സമൂഹത്തിന്റെ കൂട്ടായ ഓർമകളെ വർത്തമാനത്തിലും ഭാവിയിലും പ്രദർശിപ്പിക്കുന്നതിനു കൂടിയാണ് സ്മാരകങ്ങൾ നിർമ്മിക്കാറ്. ഇവിടെ സ്മാരകവൽക്കരണം വ്യക്തി, സമൂഹം, കല എന്നതിലപ്പുറം കൃത്യമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാവുന്നു. ഒരു ദേശം മുഴുവനും തങ്ങളുടെ ചരിത്രത്തിന്റെ, ഓർമകളുടെ സംരക്ഷണത്തിന് സ്മാരകങ്ങൾ നിർമ്മിക്കുമ്പോൾ ഗൃഹാതുരത്വം, ദേശക്കൂറ്, ടൂറിസം, ടൗൺ പ്ലാനിംഗ് തുടങ്ങിയ മേഖലകളുമായി അത് ബന്ധപ്പെടുന്നു.
ഓർമകളെ മായ്ച്ചു കളയുക എന്നത് അവയെ സംരക്ഷിക്കുക എന്ന പോലെ തന്നെ ബോധപൂർവം ചെയ്യുന്ന കാര്യമാണ്
പല കാരണങ്ങളാൽ നാടുകടത്തപ്പെട്ടവരും അഭയാർത്തികളായവരും പുതിയ ഇടങ്ങളിൽ പഴയ ഓർമകൾ സ്ഥലപ്പേര്, കുടുംബ വിലാസം എന്നിവയിലൂടെ നിലനിർത്തുമ്പോൾ അവരുടെ ചരിത്രത്തിലേക്കുള്ള /വേരുകളിലേക്കുള്ള പാത മായ്ച്ചുകളയാതിരിക്കുക കൂടിയാണ് ചെയ്യുന്നത്. ഓർമകളെ മായ്ച്ചു കളയുക എന്നത് അവയെ സംരക്ഷിക്കുക എന്ന പോലെ തന്നെ ബോധപൂർവം ചെയ്യുന്ന കാര്യമാണ്. ചരിത്രത്തോടുള്ള വിമുഖതയും നിരുത്തരവാദിത്വവും മായ്ച്ചു കളയലിനെ വേഗമാക്കും. രക്തസാക്ഷിമണ്ഡപങ്ങൾ, പുസ്തകങ്ങൾ, പാട്ടുകൾ, കവിതകൾ, സ്ഥലനാമങ്ങൾ, ശവക്കല്ലറകൾ, സംഗീതം, ആചാരാനുഷ്ഠാനങ്ങൾ, പ്രതിമകൾ, മ്യൂസിയങ്ങൾ, സവിശേഷദിനങ്ങൾ, മിത്തുകൾ തുടങ്ങിയവയെല്ലാം ദൃശ്യമായതോ അല്ലാത്തതോ ആയ സ്മാരക രൂപങ്ങളാണ്. ചരിത്രത്തെ/ഓർമകളെ തലമുറകളിൽ നിന്ന് തലമുറകളിലേക്കും ദേശ/വിദേശങ്ങളിലേക്കും കൈമാറ്റം ചെയ്യാനുള്ള സ്മാരകങ്ങളുടെ അന്തർലീനമായ ശക്തി തിരിച്ചറിഞ്ഞതു കൊണ്ട് തന്നെയാണ് പല ഘട്ടങ്ങളിലും "സ്മാരക ഭ്രമം' എന്ന് കുറ്റപ്പെടുത്തി സ്മാരക വിരുദ്ധ ശബ്ദങ്ങൾ ഉയർന്നുവന്നത്. സ്ഥാപനവൽക്കരണത്തിന്റെ ഉത്തമോദാഹരണമായ മതങ്ങളിൽ സ്മാരകങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വ്യത്യാസവും അന്വേഷിക്കപ്പെടേണ്ടതാണ്.
ഗൂഢ പദ്ധതികൾ
മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടടുക്കുന്ന ഈ സാഹചര്യത്തിൽ മലപ്പുറത്തിന്റെ ഉത്ഭവവും ഉള്ളടക്കവും വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. ആഷിക് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിൽ "വാരിയൻ കുന്നൻ' എന്ന പേരിലുള്ള സിനിമ അടക്കം സമാന പ്രേമയത്തിൽ പുതിയതായി നാല് മലയാള സിനിമകളുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച വൈറലായിരിക്കുന്നത്. ചരിത്രം വളച്ചൊടിക്കാതെ വസ്തു നിഷ്ഠമായി ചെയ്യണേ എന്ന അഭ്യർത്ഥനയാണ് അധികപേരും പങ്കുവെക്കുന്നത്. മുഹ്സിൻ ഇമാമായി ആഷികിനെയും പൃഥ്വിരാജിനെയും കൂട്ടി "ജമാഅത്താക്കി' തങ്ങൾ മെനക്കെട്ട് കെട്ടിപ്പടുത്ത കുഞ്ഞഹമ്മദാജിയെ വെള്ളപൂശി വിപ്ലവകാരി ആക്കികളയുമോ എന്നതാണ് മറ്റു ചിലരുടെ പേടി. ഏതായാലും സിനിമ വരട്ടെ, ഗവേഷണവും കഥയും കഥാപാത്രങ്ങളും ജീവനുള്ളതാകട്ടെ, കാത്തിരിക്കാം...
1969 ജൂൺ പതിനാറിന് രൂപീകൃതമായ മലപ്പുറം ജില്ലക്ക് 50 വയസ്സ് തികഞ്ഞിട്ടും "മാർഗം' തെളിയിക്കേണ്ട "ദുരവസ്ഥ' സൃഷ്ടിച്ചു നിലനിർത്തുന്നത് ഗൂഢമായ പല പദ്ധതികളുടെയും ലക്ഷ്യമാണെന്നത് ഇനിയുമാർക്കാണ് അറിയാത്തത്. എന്നാൽ ജില്ലയുടെ അര നൂറ്റാണ്ടിന്റെയും മലബാർ കലാപത്തിന്റെ ഒരു നൂറ്റാണ്ടിന്റെയും ഓർമ അയവിറക്കുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ കാലത്തെ പോരാട്ടത്തിന്റെ ഓർമകളെ/ചരിത്രത്തെ നില നിർത്താൻ പൊതുസമൂഹത്തിന്റെയും അക്കാദമിക രംഗത്തുള്ളവരുടെയും സംഭാവനകൾ പരിശോധിക്കേണ്ടതും പ്രശ്‌നവൽക്കരിക്കേണ്ടതുമാണ്. കലാപാനന്തരം മുതൽ ഇന്ന് വരെ ചരിത്രസംഭവത്തെ ചിലർ കലാപം, ലഹള, സമരം, വിപ്ലവം, യുദ്ധം തുടങ്ങിയ പേരുകളാൽ വിളിക്കുന്നതിന്റെ ശരിതെറ്റുകൾ ചർച്ച ചെയ്തു കൊണ്ടിരുന്നു; മറ്റു ചിലർ സമഗ്രമായ അന്വേഷണത്തിന് പകരം ചില കണ്ണടകൾ വെച്ച് രേഖകൾ പരതി വായിച്ചു കൊണ്ടിരുന്നു. തൽഫലമായി സ്വാതന്ത്ര്യസമരം, ജന്മി-കുടിയാൻ വർഗസമരം, മാപ്പിള ഹിന്ദു വർഗീയ ലഹള, കോളനിവിരുദ്ധ സമരം എന്നിങ്ങനെയെല്ലാം വ്യാഖ്യാനിക്കപ്പെടുകയും വ്യവഹരിക്കപ്പെടുകയും ചെയ്തു.
വീരകഥകൾ മാത്രം മതിയാകില്ല
19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ആരംഭം വരെ ചെറുതും വലുതുമായ ഏറ്റുമുട്ടലുകളുടെ ഓർമ നിലനിർത്താനും സ്മാരകം നിർമ്മിക്കാനും ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കാനും വലിയ, കൂട്ടായ പദ്ധതികളോ ഇടപെടലുകളോ മലബാറിൽ വിശിഷ്യാ മലപ്പുറത്ത് ഉണ്ടായില്ല എന്നത് ഗുരുതരമായി കാണേണ്ടതാണ്. മലബാർ ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗൻ കൂട്ടക്കൊലക്കു പോലും ദേശീയ തലത്തിലെങ്കിലും ശ്രദ്ധ ലഭിച്ചിട്ടുണ്ടോ എന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്. അതേസമയം, കലാപ കാലത്തു കൊല്ലപ്പെട്ട കൊളോണിയിൽ ഉദ്യോഗസ്ഥരുടെ ശവക്കല്ലറകൾ എത്ര പ്രാധാന്യത്തോടെയാണ് അന്നത്തെ ഭരണകൂടം നിലനിർത്തിയിരിക്കുന്നത് എന്നതിന് ജില്ലയുടെ പല ഭാഗങ്ങളിലും ഉദാഹരണങ്ങൾ കാണാം. അതുപോലെ അന്ന് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്‌കോക്കിന്റെ പ്രതിമ വള്ളുവമ്പ്രത്ത് 1944ൽ നിർമ്മിച്ചതും ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി അത് നീക്കിയതും പ്രാധാന്യത്തോടെ ഓർക്കേണ്ടതാണ്.
മലപ്പുറം ജില്ലക്ക് അൻപത് വയസ്സും മലബാർ കലാപത്തിന് നൂറു വയസ്സും പൂർത്തിയാവുന്ന ഈ ഘട്ടത്തിലെങ്കിലും നാം ഈ കൂട്ട മറവിയിൽ നിന്ന് ഉണരേണ്ടതാണ്
അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായർ ആ സന്ദർഭത്തിൽ രചിച്ച ""ഏറനാട്ടിൻ വീര മക്കൾ'' എന്ന മാപ്പിളപ്പാട്ട് സുപരിചിതമാണല്ലോ. അക്കാദമിക ചർച്ചകളും ജ്ഞാനോത്പാദനവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിലും നയരൂപീകരണത്തിൽ ഇടപെടുന്നതിലും മാപ്പിളമാരുടെ ശ്രമങ്ങൾ എത്രമാത്രം വിജയകരമാണ് എന്ന അന്വേഷണത്തിന്റെ ഫലം നിരുത്സാഹപ്പെടുത്തുന്നതാണ്. ജില്ലാ രൂപീകരണത്തിലും വികസനത്തിലും തങ്ങൾ വഹിച്ച പങ്ക് പറഞ്ഞ് മത്സരിക്കുന്ന രാഷ്ട്രീയ സംഘടനകൾ ഈ രംഗത്ത് നൽകിയ സംഭാവനകളെക്കുറിച്ച് സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടിയിരിക്കുന്നു. മലപ്പുറം ജില്ലക്ക് അൻപത് വയസ്സും മലബാർ കലാപത്തിന് നൂറു വയസ്സും പൂർത്തിയാവുന്ന ഈ ഘട്ടത്തിലെങ്കിലും നാം ഈ കൂട്ട മറവിയിൽ നിന്ന് ഉണരേണ്ടതാണ്. അതല്ലാതെ മാപ്പിളപ്പോരാളികളുടെ വീരേതിഹാസം പുകഴ്ത്തിപ്പറഞ്ഞതു കൊണ്ട് മാത്രം ചരിത്രത്തോട് നീതി പുലർത്തി എന്ന് പറയാനാവില്ല.
മറന്നുപോയത് ചരിത്രത്തിന്റെ അടയാളങ്ങളാണ്
കുന്നുകൾ നിരത്തിയപ്പോഴും മലകൾ പൊട്ടിച്ചപ്പോഴും കിണറുകൾ മൂടിയപ്പോഴും പാതകൾ വികസിപ്പിച്ചപ്പോഴും നാം സംരക്ഷിക്കാൻ മറന്നത് ദേശചരിത്രമാണ്, സംസ്‌കാരമാണ്. കുടുംബ സംഗമവും തലമുറ സംഗമവും ഫാഷനായിട്ടും ചരിത്രരേഖ സൂക്ഷിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും നാം അമാന്തം കാണിച്ചു. അതുകൊണ്ട് കൂടിയാണല്ലോ പൗരത്വ രജിസ്റ്ററിന്റെ ചർച്ച തുടങ്ങിയപ്പോഴേക്ക് നാലുപാടും നോക്കി സ്വയം ചോദ്യചിഹ്നങ്ങളായി പലരും മാറിയത്. അവിടെ സ്മാരകങ്ങൾ ദേശത്തിന്റെയും ദേശക്കാരുടെയും ചരിത്രവും സംസ്‌കാരവും സംസാരിക്കുമായിരുന്നു. ദേശീയത ചോദ്യം ചെയ്യുന്നവർക്ക് തക്കതായ ഉത്തരങ്ങളായി അവ വർത്തിക്കുമായിരുന്നു. മലബാർ കലാപത്തിന്റെ സ്മരണയിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ എത്ര സ്മാരകങ്ങളാണ് നിർമിക്കാൻ കഴിയുമായിരുന്നത്, അത് മൂലം എത്ര ചെറുതും വലുതുമായ ഓർമകളെ/ചരിത്രത്തെയാണ് നിലനിർത്താൻ സാധിക്കുമായിരുന്നത്. മലപ്പുറം ജില്ലയുടെ ഹൃദയഭാഗമായ മലപ്പുറം ടൗണിനോട് ചേർന്ന കോട്ടക്കുന്ന് ഇന്ന് ഡി.റ്റി.പി.സി യുടെ കീഴിലുള്ള ടൂറിസ്റ്റുകേന്ദ്രമാണ്. ഭൂമിശാസ്ത്രപരമായി കോട്ടക്കുന്നിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി തെരഞ്ഞെടുത്തതിൽ പ്രശ്‌നമൊന്നുമില്ലാതിരിക്കാം. പക്ഷെ, അതിനായി കുന്ന് ഇടിച്ച് നിരത്തിയപ്പോൾ, കുണ്ടുകൾ തൂർത്തപ്പോൾ നാം മറന്നു പോയത് മലപ്പുറത്തിന്റെ പോരാട്ട ചരിത്രത്തിന്റെ അടയാളങ്ങളെയാണ്.
മുഹ്സിൻ ഇമാമായി ആഷികിനെയും പൃഥ്വിരാജിനെയും കൂട്ടി 'ജമാഅത്താക്കി' തങ്ങൾ മെനക്കെട്ട് കെട്ടിപ്പടുത്ത കുഞ്ഞഹമ്മദാജിയെ വെള്ളപൂശി വിപ്ലവകാരി ആക്കികളയുമോ എന്നതാണ് മറ്റു ചിലരുടെ പേടി
കേരള ചരിത്രത്തിലെ പ്രധാന അധ്യായമായ സാമൂതിരിയുടെ ചരിത്രം മുതൽ ആറ് മാസം ബ്രിട്ടീഷുകാരെ പടിക്കു പുറത്തു നിർത്തിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ടത്തിന്റെ ചരിത്രം വരെ അവിടെ ടൂറിസത്തിനായി മണ്ണിട്ട് മൂടപ്പെട്ടു. ചരിത്രത്തെ വളച്ചൊടിച്ച് മലപ്പുറത്തെ അവതരിപ്പിക്കന്നവർക്ക് അത് വളമായി.
ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്തെ ടൂറിസ്റ്റു കേന്ദ്രമാക്കാൻ ഇടിച്ചു നിരത്തിയ അത്ര ലാഘവത്തോടെയാവില്ല മലബാറിന്റെ കിഴക്കേ അറ്റത്തു നിന്ന് പിടിച്ച വാരിയൻ കുന്നത്തിനെ വെടിവെച്ച് കൊല്ലാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കോട്ടക്കുന്ന് തന്നെ തെരഞ്ഞെടുത്തത്. ഓർമകൾ സൂക്ഷിക്കുന്നതിലും അവ അദൃശ്യമായി അടുത്ത തലമുറകളിലേക്ക് കൈമാറുന്നതിലും മാപ്പിളമാർക്കുണ്ടായിരുന്ന അസാമാന്യമായ കഴിവ് അറിയുന്നത് കൊണ്ടായിരുന്നു വാരിയൻ കുന്നത്തിന്റെ മൃതശരീരവും കുറച്ചു കാലത്തേക്കാണെങ്കിലും യാഥാർഥ്യമാക്കിയ സ്വതന്ത്ര മലയാള രാജ്യത്തിലെ പ്രധാനപ്പെട്ട പല ഡോക്യുമെന്റുകളും ബ്രിട്ടീഷുകാർ കത്തിച്ചു കളഞ്ഞത്.
ചേറൂർ പടപ്പാട്ടും മലപ്പുറം പടപ്പാട്ടും നിരോധിക്കുകയും കണ്ടുകെട്ടുകയും വരെ ഉദ്യോഗസ്ഥർ ചെയ്തിരുന്നുവെങ്കിലും അവ മാപ്പിളമാരുടെ പോരാട്ട വീര്യത്തെ ഉണർത്തിക്കൊണ്ടേയിരുന്നു. ""കലാപത്തെയും തുടർന്നുള്ള സംഭവങ്ങളേയും മഹത്വ വൽക്കരണത്തിലൂടെയും കാൽപനിക വൽക്കരണത്തിലൂടെയും പടപ്പാട്ടുകൾ ജന്മിവിരുദ്ധതക്കും, കോളനി വിരുദ്ധതക്കും കൂടാതെ അനീതിക്കും അടിച്ചമർത്തലുകൾക്കുമെതിരെ സമരോൽസുകമായ പോരാട്ട പാരമ്പര്യത്തിന്റെ വളർച്ചയിലും നിർണായകമായി'' എന്ന കെ.എൻ. പണിക്കരുടെ നിരീക്ഷണം ഓർമകളുടെ പശ്ചാത്തലത്തിൽ കലാപങ്ങളുടെ പുനർവായനയിൽ ഏറെ പ്രസക്തമാണ്.
കോട്ടക്കുന്നിലെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടായില്ല എന്നുമാത്രമല്ല, ഇന്നത്തെ കോട്ടക്കുന്നിൽ അവയുടെ ഒരു അടയാളം പോലും ബാക്കിവെച്ചില്ല എന്നത് മലബാർ കലാപത്തിൽ പങ്കാളികളായി പിറന്ന മണ്ണിനുവേണ്ടി ജീവൻ ബലിയർപ്പിച്ച പൂർവതലമുറയോട് പിൽക്കാലത്തുള്ളവർ ചെയ്ത അനീതിയായേ കാണാനാവൂ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വെബ്സൈറ്റിൽ കോട്ടക്കുന്നിനെ പരിചയപ്പെടുത്തുന്നിടത്തും മലബാറിലെ പോരാളികളെയും വാരിയൻകുന്നത്തിനെയും മറന്നുപോയിരിക്കുന്നു എന്നത് ഖേദകരം തന്നെ. അവരുടെ ആഖ്യാന പ്രകാരം മലപ്പുറത്തു ജില്ലാ കളക്ട്രേറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന അടുത്ത കാലത്തു വികസിച്ച വിനോദ സഞ്ചാര സ്ഥലമാണ് കോട്ടക്കുന്ന്!
വർഷങ്ങളായ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കപ്പെട്ട വാട്ടർതീം, അമ്യുസ്‌മെന്റ്, അഡ്വെഞ്ചർ പാർക്കുകൾ അല്ല കോട്ടക്കുന്നിനനുയോജ്യം. ജില്ലയുടെ ചരിത്രം വിവരിക്കുന്ന മ്യൂസിയം, ഗ്രന്ഥശാല, ഗവേഷണ കേന്ദ്രം, തിയേറ്റർ, സെമിനാർഹാൾ എന്നിവയടങ്ങിയ സ്മാരക സമുച്ചയമാണ് അവിടെ സ്ഥാപിക്കേണ്ടത്. നല്ല പടിഞ്ഞാറൻ കാറ്റ് കൊണ്ട് ഉദ്യാനഭംഗി ആസ്വദിക്കാനെത്തുന്ന ഓരോ കാലത്തെയും പുതുതലമുറക്കാർ അവരുടെ വേരുകളും ചരിത്രവും കോട്ടക്കുന്നിൽ നിന്ന് പഠി
ക്കട്ടെ. വിനോദ സഞ്ചാരികളായും ചരിത്രാന്വേഷകരായും അവിടെയെത്തുന്നവരോട് അവിടെ സൂക്ഷിക്കപ്പെട്ട ഡോക്യുമെന്റുകൾ തെളിവുകളോടെ സംസാരിക്കട്ടെ. മലബാർ കലാപത്തിന്റെ നൂറാം വാർഷികമാകുന്ന ഈ സന്ദർഭത്തിലെങ്കിലും ടൂറിസം വകുപ്പും സാംസ്‌കാരിക വകുപ്പും ചേർന്ന് അത്തരമൊരു പദ്ധതി രൂപകൽപന ചെയ്യണം. ഈ സർക്കാർ പ്രഖ്യാപിച്ച, ഓരോ ജില്ലയിലും നാൽപതു കോടി രൂപ വീതം ചെലവിട്ട് സാംസ്‌കാരിക കേന്ദ്രങ്ങൾ നിർമിക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായെങ്കിലും ഉൾപ്പെടുത്തി, ഇത്തരമൊരു പദ്ധതി പ്രതീക്ഷിക്കാം.