നമ്മുടെ അമ്മൂമ്മയപ്പൂപ്പന്മാരെന്ന ഇന്റർനാഷണൽ അടിമകൾ

കൊച്ചിയിലെ ക്രിസ്ത്യൻ പള്ളികൾ ആഴ്ചയിൽ ആറ് ദിവസവും അടിമകളെ കെട്ടിയിടാനാണ് ഉപയോഗിച്ചിരുന്നത് എന്ന് വിനിൽ പോൾ എഴുതിയത് ഞെട്ടലോടെയാണ് വായിച്ചത്. ഞായറാഴ്ച മാത്രമേ ആത്മീയവൃത്തിക്ക് പള്ളി ഇടമായിരുന്നുള്ളൂ. ബാക്കി നേരം കെട്ടിയിടപ്പെട്ട കറുത്ത മനുഷ്യരുടെ തടങ്കൽ പാളയമായി കിടക്കുന്ന പള്ളികൾ. കുരിശിൽ കിടക്കുന്ന യേശു മുകളിൽ, ചങ്ങലയിൽ കിടക്കുന്ന മനുഷ്യർ താഴെ എന്ന മട്ടിലെ ഒരു ചിത്രമാണ് ആ പുസ്തകം വായിച്ച ശേഷം അക്കാലങ്ങളിലെ പള്ളികളുടേതായി മനസ്സിൽ വരുന്നത്. വിനിൽ പോളിന്റെ അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം കഴിഞ്ഞ കൊല്ലം വായിച്ച ഏറ്റവും മികച്ച പുസ്തകമായത് നമ്മുടെ ചരിത്രത്തെപറ്റി ഇങ്ങനെ കുറേ ഞെട്ടിക്കുന്ന പുതിയ വിവരങ്ങളുള്ളത് കൊണ്ട് കൂടെയാണ്.

ചങ്ങനാശ്ശേരിയിലെ ചന്തയിൽ കുട്ടികളടക്കമുള്ള അടിമകളെ നിസ്സാരതുകയ്ക്ക് ലേലം വിളിച്ച് വിൽക്കുന്നതിനെ കുറിച്ച് നേരത്തെ റോബിൻ ജെഫ്രിയുടെ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.
""മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും ചങ്ങനാശ്ശേരിയിൽ രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വിൽപ്പനയ്ക്ക് കൊണ്ട് വന്നിരുന്നു.അടിമകളായി വിൽക്കാനാണ്. 6 രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലായിരുന്നു വില''. റവ . ഹെന്റി ബേക്കർ ജൂനിയർ ഇങ്ങനെ എഴുതിയിട്ടുണ്ട്. (പേജ് 51, നായർ മേധാവിത്വത്തിന്റെ പതനം. റോബിൻ ജെഫ്രി. വിവർത്തനം -പുതുപ്പള്ളി രാഘവൻ). വിനിലിന്റെ പുസ്തകത്തിൽ അത് വളരെ വിശദമായാണ് കാണുക.

റോബിൻ ജെഫ്രി
റോബിൻ ജെഫ്രി

ഡെച്ച്, പോർച്ചുഗീസ് അധിനിവേശകാലങ്ങളിൽ ഇന്നാട്ടിലെ മനുഷ്യർ പതിനഞ്ചോ പതിനാറോ വയസ്സാകുമ്പോഴേക്ക് കെട്ടിയിട്ട് വിൽക്കപ്പെട്ടിരുന്നു. സുറിയാനി ക്രിസ്ത്യാനികൾ അടിമക്കച്ചവടത്തിലെ പ്രധാനികളായിരുന്നു എന്ന് വിനിലിന്റെ പുസ്തകത്തിൽ കാണാം. കേരളത്തിനകത്തെ അടിമക്കച്ചവടത്തിന്റെയും വിൽപ്പനയുടെയും വിശദാംശങ്ങൾ ഉണ്ട്. അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം ആ നാട്ടുകാരനെന്ന നിലയിൽ വേറെ ഒന്നായിരുന്നു ഈ പുസ്തകം വായിക്കും വരെ എനിക്ക്.

അവിടവുമായി ബന്ധപ്പെട്ടുള്ള അടിമപ്പണിയുടെയും അവിടെ നിന്നുള്ള അടിമകളുടെ ഒളിച്ചോട്ടത്തിന്റെയും ഔദ്യോഗിക രേഖകൾ വിനിൽ പുസ്തകത്തിൽ ചേർത്ത് വെച്ചത് വായിച്ചപ്പോൾ ആ തോട്ടത്തെ പഴയ പോലെ ഒരിക്കലും ഇനി കാണാൻ പറ്റാത്ത പോലെയായി. മുണ്ടക്കയം വളരെ പരിചയമുള്ള സ്ഥലനാമം. ഒളിച്ചോടി വരുന്ന അടിമകളുടെ അഭയകേന്ദ്രമായിരുന്നു അത് പതിനേഴാം നൂറ്റാണ്ടിലൊക്കെ എന്ന് അറിഞ്ഞപ്പോൾ അത്ഭുതവും, ഭൂതകാലത്തെപ്പറ്റി നമ്മളറിയാത്തവ എന്തൊക്കെയാണ് ബാക്കി എന്ന അമ്പരപ്പുമായി. കേരളത്തിനകത്തെ അടിമകൈമാറ്റത്തെക്കുറിച്ച് മാത്രമല്ല, പുറത്തേക്കുള്ള കച്ചവടത്തെയും കടത്തിനെയും കുറിച്ചും ഉണ്ട് പുസ്തകത്തിനകത്ത്.

///1658 മുതൽ 1807 വരെ കേരളത്തിൽ നിന്നും അടിമകളെ കേപ്ടൗണിലേക്ക് വിറ്റിരുന്നു. മലബാർ , കൊച്ചി , മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അടിമകൾ കേപ്ടൗണിൽ ഉണ്ടായിരുന്നെന്ന് പ്രശസ്ത ചരിത്രകാരനായ നിഗൽ വാർഡിന്റെ പഠനം സൂചിപ്പിക്കുന്നു. (worden 2016 :406 )ആഫ്രിക്കൻ അടിമകളെ ആകട്ടെ കാർഷിക മേഖലയിൽ പണിയെടുക്കുന്നതിന് ഉപയോഗിക്കാറില്ലായിരുന്നു. അവരെ കൂടുതലും ഖനികളിലെ തൊഴിലുകൾക്കായാണ് ഉപയോഗിച്ചിരുന്നത്. കേപ്ടൗണിൽ വീട്ട് പരിചരണത്തിനായി കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത് മലബാറിൽ നിന്നും ഉള്ള അടിമകളായിരുന്നു. ഡെച്ച് ഉദ്യോഗസ്ഥർ കേപ്പിൽ നിന്നും സ്ഥലം മാറിപ്പോകുമ്പോൾ വീട്ട്‌സാധനങ്ങളും കുതിരവണ്ടിയും അലമാരയും ഇന്ന സ്ഥലത്ത് നിന്നുള്ള അടിമയും വിൽപ്പനയ്ക്ക് അല്ലെങ്കിൽ ഇത്രാം തീയതി ഇന്ന സമയത്ത് ലേലം വിളിക്കുന്നതായിരിക്കും. എന്ന് അവരുടെ കേപ് ഓഫ് ഗുഡ്‌ഹോപ് ഗവൺമെന്റ് ഗസറ്റിൽ പരസ്യം ചെയ്യുമായിരുന്നു. പലപ്പോഴും ഗസറ്റിലെ പരസ്യങ്ങളിൽ മലബാറിൽ നിന്നുള്ള അടിമ വിൽപ്പനയ്ക്ക് എന്ന് കാണാൻ കഴിയും മലബാർ അടിമ എന്ന് മാത്രം പറഞ്ഞിരുന്ന ഈ പരസ്യം സൗത്ത് ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, എന്നതിനാൽ അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് തൽക്കാലം നമുക്ക് പോകാൻ നിവൃത്തിയില്ല. (പേജ് 27)///

""1753- 54 വർഷത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 161 അടിമകളെയാണ് കൊച്ചിയിൽ നിന്ന് ഡച്ച് കോളനിയായ കേപ്പിലേക്ക് അയച്ചത് ''എന്ന് പുസ്തകത്തിൽ വായിക്കാം. ""ഇതിൽ 53 പുലയർ (39 പുരു. 14 സ്ത്രീ), 49 ചോഗർ (34 പുരു.15 സ്ത്രീ) 10 വേട്ടുവർ (6 പുരു. 4 സ്ത്രീ) രണ്ട് മുക്കുവ സ്ത്രീകൾ, പറയർ രണ്ട്, ഒരു നായർ പുരുഷൻ, ഒരു ഉള്ളാട പുരുഷൻ എന്നിവരെ കൊച്ചിയിൽ നിന്ന് കയറ്റുമതി ചെയ്‌തെന്ന്.'' ഇതടക്കം നിരവധി കണക്കുകൾ വഴി പുസ്തകം നൽകുന്ന വിവരമനുസരിച്ച് എത്രയോ മലയാളി അടിമകൾ ലോകത്തിന്റെ പലഭാഗങ്ങളിൽ അക്കാലങ്ങളിൽ നരകപ്പണിയെടുത്ത് ജീവിച്ചിരുന്നു, അവരുടെ പിൻതലമുറകൾ അന്നാടുകളോട് കലർന്ന് ഇപ്പോഴും ജീവിക്കുന്നുമുണ്ട്.

കേരളത്തിൽ നിന്ന് അടിമകളെ ഇങ്ങനെ വിദേശത്തേക്ക് വിറ്റ് കയറ്റി അയച്ചിരുന്നെന്ന് മുമ്പ് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല. വിനിൽ പോൾ ഇത് വരെയുണ്ടായിരുന്നിട്ടില്ലാത്ത ഒരു ഇടത്തേക്കാണ് വെളിച്ചമെടുത്ത് വീശിയിരിക്കുന്നത്. ആ വെളിച്ചത്തിൽ നമ്മൾ കാണുന്നതോ, അറിയാത്ത ഭാഷയും സംസ്‌കാരവും ഉള്ളിടത്തേക്ക് , കലി തുള്ളുന്ന കടലിൽ നീങ്ങുന്ന പ്രാകൃതയാനത്തിൽ , കുനിഞ്ഞ ശിരസ്സും ചങ്ങലയിട്ട കൈകാലുകളുമായി കൂനിയിരിക്കുന്ന നമ്മുടെ അമ്മൂമ്മയപ്പൂപ്പന്മാരെ. അമ്പരപ്പും വേദനയുമുണ്ടാക്കുന്ന ചിത്രം. ചരിത്രത്തിന്റെ പുതിയ തുറസ്സ്. ഇവിടെ നിന്ന് വിറ്റ് പോയ അക്കൂട്ടർ എവിടങ്ങളിലൊക്കെയാകും, എങ്ങനെയൊക്കെയാകും പുലർന്നിട്ടുണ്ടാവുക? അവരുടെ സന്താനപരമ്പരകൾ എവിടങ്ങളിലൊക്കെയാകും ഇപ്പോൾ ?

ഇന്ത്യൻ മഹാസമുദ്രത്തിൽ, ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയൻ ഐലൻഡിൽ മാൽബർ ( Malbar) എന്ന് വിശേഷിപ്പിക്കപ്പെടുന്നൊരു എത്‌നിക് ഗ്രൂപ് ഉണ്ടത്രെ. മാൽബർ എന്ന് വെച്ചാൽ മലബാർ എന്ന് തന്നെ. ഫ്രഞ്ച് ത്രില്ലറെഴുത്തുകാരൻ മിഷേൽ ബസ്സിയുടെ "ഡോണ്ട് ലെറ്റ് ഗോ' എന്ന 2017ൽ ഇറങ്ങിയ നോവൽ ഇക്കഴിഞ്ഞ ദിവസം വായിച്ചത് കൊണ്ടാണ് ആദ്യമായി ഈ സ്ഥലപ്പേര് പോലും കേൾക്കുന്നത്. എട്ടര ലക്ഷത്തോളം മാത്രം മനുഷ്യരുള്ള റീയൂണിയൻ ഐലൻഡിലെ ജനസംഖ്യയിൽ 25 ശതമാനവും മാൽബറുകളാണ്. പോണ്ടിച്ചേരി ഭാഗത്ത് നിന്ന 17ാം നൂറ്റാണ്ടിൽ തന്നെ വന്നവരുടെ പിൻഗാമികളാണ് ഇവരെന്നാണ്. താഴ്ന്നതെന്ന് കണക്കാക്കിയിരുന്ന ജാതിവിഭാഗങ്ങളിൽനിന്ന്, അടിമപ്പണിക്കാരാക്കി കടത്തി കൊണ്ട് വന്നത്.

റീയൂണിയൻ ഐലൻഡിലെ ഒരു ബീച്ച് ഹോട്ടലിൽ താമസക്കാരായ ദമ്പതിമാരിലെ ഭാര്യ കൊല്ലപ്പെട്ടെന്നും, ഭർത്താവാണ് കൊലപാതകിയെന്നും സംശയിക്കപ്പെടുന്നതാണ് തീം. അതിമനോഹര ഭൂപ്രകൃതിയുള്ള, അപാരഭംഗിയുള്ള ബീച്ചുകളുള്ള, വിനോദസഞ്ചാര കേന്ദ്രമാണ് ഇപ്പോഴത്തെ റീയൂണിയൻ ഐലൻഡ്. ഭാര്യയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന മാർഷൽ ബെല്ലിയോൻ ആറ് വയസ്സുകാരി മകൾ സോഫയെയും കൊണ്ട് പൊലീസിൽ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ഓട്ടമാണ് നോവലിലെ പ്രധാന ഭാഗം. ആ ഓട്ടത്തിനിടെ ദ്വീപിന്റെ സാമൂഹ്യ, ഭൂമിശാസ്ത്ര സവിശേഷതകളാകെ നമുക്ക് മനസ്സിലാകുന്ന വിധത്തിലാണ് നോവലിലെ ക്രൈമും അന്വേഷണവും.

റീയൂണിയൻ ഐലൻഡ് എന്ന പേരൊക്കെ തന്നെ പിന്നെ വന്നതാണ്. 17ാം നൂറ്റാണ്ടിന് മുമ്പ് ആൾപ്പാർപ്പില്ലാത്ത സ്ഥലമായിരുന്നു. ആ നൂറ്റാണ്ടിലും പിന്നീടും സൗത്ത് ഇന്ത്യയിൽ നിന്ന് അടിമകളായി വന്നവരാണ് ഇപ്പോൾ കാണുന്ന പോലെ ആ നാടിനെ ഉണ്ടാക്കിയതത്രെ. കൃത്യമായി പറഞ്ഞാൽ പോണ്ടിച്ചേരിയിൽ നിന്ന് കൊണ്ട് വരപ്പെട്ട തമിഴർ. തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് വേരുകൾ എങ്കിലും ഒരു പക്ഷെ, കേരളത്തിൽ നിന്ന് തന്നെ കടത്തപ്പെട്ടവരുടെ പിൻഗാമികൾ തന്നെയും കാണാനുണ്ടാകും അവിടെ എന്ന് എനിക്ക് തോന്നി, വിനിൽ പോളിന്റെ പുസ്തകം തൊട്ട് മുമ്പ് വായിച്ചത് കൊണ്ട്. നൂറ്റാണ്ടുകൾക്കിപ്പുറത്തെ ചാരുകസേര വായനക്കാരനായ എന്നെ ഒരു ഫ്രഞ്ച് ക്രൈം നോവലിൽ നിന്ന് ഒരു മലയാളി അടിമയപ്പൂപ്പൻ തൊടുന്ന പോലത്തെ തോന്നൽ. ആ നോവലിന്റെ ത്രില്ലർ എലമെന്റിനെക്കാൾ ശക്തമായിട്ട് എനിക്കീ തോന്നൽ വായനാഘട്ടത്തിലുണ്ടായി.

റീയൂണിയൻ ഐലന്റ്
റീയൂണിയൻ ഐലന്റ്

മാൽബറുകൾ അടക്കമുള്ളവരുടെ ഭാഷ നൂറ്റാണ്ടുകളായി കൂടിക്കുഴഞ്ഞ് കിടക്കുന്ന തരത്തിലെ ഒരു തരം ഫ്രഞ്ച് ആണ്. നമ്മുടെ, മലയാളത്തിലും തമിഴിലും ഉള്ള വാക്കുകളുടെ ചില കഷണങ്ങൾ കൂടെ ചേർന്ന ക്രിയോൾ ഫ്രഞ്ച്. ഫ്രഞ്ചിനൊപ്പം തമിഴ്, ഗുജറാത്തി, ഹിന്ദി ഇതെല്ലാം ചേർന്ന മിശ്രിതഭാഷ. ഇപ്പറഞ്ഞ ഇന്ത്യൻ ഭാഷകൾ അവയുടെ തനിരൂപത്തിൽ തന്നെ വേറെയും റീയൂണിയൻ ദ്വീപിലുണ്ടത്രേ. നോവലിൽ മാൽബറുകളായ മനുഷ്യരെ വിശേഷിപ്പിക്കാൻ നോവലിസ്റ്റ് ക്രിയോളുകൾ (Creole) എന്ന് കൂടെ പറയുന്നുണ്ട്. ക്രിയോൾ എന്നത് ഒരു എത്‌നിക് ഗ്രൂപ്പിന്റെ പേരാണ് എന്ന മട്ടിൽ. ഐലൻഡിലെ വെള്ള വംശജരായ അധികാരികൾ കുറഞ്ഞവരെന്ന നിലയ്ക്ക് മറ്റുള്ളവരെ വിശേഷിപ്പിക്കുന്നത് ക്രിയോളുകൾ എന്നാണ്. അവിടവിടെ നോവലിസ്റ്റ് ഈ വാക്ക് പ്രയോഗിക്കുന്നുണ്ട്, ഈ ക്രിയോളുകൾ എന്ന പരിഹാസമട്ടിൽ. പക്ഷെ ക്രിയോൾ എന്നത് ശരിക്കും ഭാഷയെക്കുറിച്ചുള്ളൊരു പദമാണ്, എത്‌നിക് ഗ്രൂപ്പുകളെ പറയാനുള്ളതല്ല. അതെനിക്ക് നേരത്തെ മറ്റൊരു പുസ്തകത്തിന്റെ വായനയിൽ നിന്ന് തന്നെയാണ് കിട്ടിയത്. പെഗ്ഗി മോഹന്റെ പുസ്തകത്തിൽ നിന്ന്.

പെഗ്ഗി മോഹന്റെ പുസ്തകം വായിച്ച് മനസ്സിലാക്കൽ അധ്വാനമുള്ള പണിയാണ്. ഇനിയും പല വായനകൾ വേണ്ടി വരും പൂർണമായി ഉള്ളിലാകാൻ. ഭാഷാ ശാസ്ത്രസംബന്ധിയായൊരു പുസ്തകം അങ്ങനെ എളുപ്പത്തിൽ മനസ്സിലാകണം എന്ന് വിചാരിക്കുക വയ്യല്ലോ. എങ്കിലും വലിയ അത്ഭുതവും സന്തോഷവും ഉണ്ടാക്കിത്തന്നെ വൃത്തിയായിരുന്നു എനിക്കതിന്റെ ആദ്യവായന. ""വാണ്ടറേഴ്‌സ്, കിംഗ്‌സ് , മെർച്ചന്റ്‌സ് - ദ് സ്റ്റോറി ഓഫ് ഇന്ത്യ ത്രൂ ഇറ്റ്‌സ് ലാംഗ്വേജസ് '' എന്ന പുസ്തകം വലിയ ചലനം സ്‌കോളേഴ്‌സിനിടയിൽ ഉണ്ടാക്കിയതാണ്.

ഭാഷാശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ സാധാരണമായൊരു പദമാണ് ക്രിയോൾ എന്നത് എനിക്ക് അതിൽ നിന്നാണ് മനസ്സിലായത്. പല ഭാഷകൾ കൂടിച്ചേർന്ന് പുതിയൊരു ഭാഷ പോലെ നിലവിൽ വരുന്നതിനെയാണ് അങ്ങനെ പറയുക. നേരത്തെ പറഞ്ഞ ഫ്രഞ്ച് ക്രിയോൾ ഇതിന് ഒരു ഉദാഹരണം. അധികാരികളായവരുടെ ഭാഷ പ്രയോഗിക്കേണ്ടി വരുന്ന അടിമകൾ, അല്ലെങ്കിൽ അതിന് സമാനമായി താഴ്ന്ന സാഹചര്യത്തിൽ നിൽക്കുന്നവർ ഉണ്ടാക്കുന്ന ഭാഷയാണത്. ഫ്രഞ്ച് അധികാരിഭാഷയായിരിക്കുന്നിടത്ത്, ആ ഭാഷയിൽ ആശയവിനിമയം നടത്തേണ്ടി വരുന്ന തമിഴർ അവരുടെ ഭാഷയിലെ വാക്കുകളും കണക്ടിംഗ് പ്രയോഗങ്ങളുമെല്ലാം ചേർത്ത് ഉണ്ടാക്കുന്ന പുതിയൊരു സംഗതി. പുതിയൊരു ഭാഷ എന്ന് മുഴുവനായി പറയാനാകാത്തത് കൊണ്ടാണ് അതിന് ക്രിയോൾ എന്ന് പേര്. ഇംഗ്ലീഷ് ഒരു അധികാരഭാഷയായത് കൊണ്ട്, ഇംഗ്‌ളീഷ് ക്രിയോൾ ഭാഷകൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇംഗ്ലീഷ് ബെയ്‌സ്ഡ് ക്രിയോൾ ഭാഷകളുടെ വലിയ പട്ടിക നിങ്ങൾക്ക് തെരഞ്ഞാൽ വിക്കിപീഡിയയിൽ കിട്ടും.

പുസ്തകരചയിതാവായ പെഗ്ഗി മോഹനെ തന്നെ ഇന്ത്യൻ ഭാഷകളുടെ ലോകാന്തരയാത്രകളുടെ ഒരു ഉദാഹരണമായെടുക്കാവുന്നതേയുള്ളൂ. വെസ്റ്റ് ഇൻഡീസിലെ ട്രിനിഡാഡിലാണ് പെഗ്ഗി മോഹന്റെ ജനനം. അച്ഛൻ ഇന്ത്യൻ വേരുകളുള്ളയാൾ. അമ്മ കനേഡിയൻ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാൻഡിൽ നിന്ന്. ട്രിനിഡാഡിൽ ഇന്ത്യൻ വംശജർ നിറയെ ഉണ്ട്. അവരുടെ ഭാഷ ട്രിനിഡാഡ് ഭോജ്പുരി. പെഗ്ഗി മോഹന്റെ പിഎച്ച് ഡി ആ ഭാഷയെക്കുറിച്ചുള്ള പഠനത്തിൽ. ആ പഠനം എങ്ങനെയെന്നോ? അച്ഛന്റെ സമൂഹമായ ട്രിനിഡാഡിലെ പഴയ തലമുറ ട്രിനിഡാഡ് ഭോജ്പുരിക്കാരുടെ സംഭാഷണം റെക്കോർഡ് ചെയ്തിട്ട് അതിലെ ഭാഷാ സവിശേഷതകളെകുറിച്ച് ഗവേഷണം ചെയ്തിട്ട്. പിന്നീടവർ ഡൽഹി ജെഎൻയുവിൽ അധ്യാപികയുമായി. സംഗീതപഠിതാവുമാണ് അവർ എന്ന് കാണുന്നു.

പെഗ്ഗി മോഹൻ
പെഗ്ഗി മോഹൻ

പെഗ്ഗി മോഹന്റെ പുസ്തകത്തിൽ ക്രിയോളിനെ കുറിച്ച് മാത്രമാണ് ഉള്ളത് എന്ന് വിചാരിക്കരുത്. സംസ്‌കൃതം എന്നത് കലർപ്പ് ബാധിക്കാത്ത വിശുദ്ധഭാഷയാണ് എന്ന് പ്രചരിപ്പിക്കുന്നവരെ അനായാസലളിതമായി തിരുത്തുന്നത് അതിൽ കാണാം. ദ്രാവിഡ ഭാഷകളുടെ പ്രയോഗസവിശേഷതകൾ കലർന്ന സംസ്‌കൃതമാണ് ഇന്ത്യയിലേത് എന്ന്. ദ്രാവിഡ ഭാഷകളടക്കമുള്ളവ സംസ്‌കൃതത്തിൽ നിന്നുണ്ടായതാണ്, അതാണ് ആദിഭാഷ എന്ന, ഇപ്പോഴത്തെ ശക്തിയുള്ള രാഷ്ട്രീയസംഘത്തിന്റെ ചിന്ത എത്രയോ തെറ്റായതാണ് എന്നാണ് യഥാർഥത്തിൽ പുസ്തകത്തിലൂടെ സ്ഥാപിക്കപ്പെടുന്നത്. നമ്പൂതിരിമാരുടെ വരവ് മലയാള ഭാഷയെ മാറ്റിയതെങ്ങനെ എന്നത് പുസ്തകത്തിലെ ഒരധ്യായമാണ്. ഒന്ന് കൂടെയൊക്കെ വായിച്ച ശേഷം ഇതിനെക്കുറിച്ച് കൂടുതലെഴുതുന്നതാകും ശരിയാവുക.

ഇന്റർനാഷണലിസം ആണ് മനുഷ്യരുടെ യഥാർഥ രാഷ്ട്രീയമാകേണ്ടത്, ദേശീയത അല്ല എന്ന പ്രാഥമിക ധാരണയ്ക്ക് കൂടുതൽ ബലം നൽകിയവയായാണ് കഴിഞ്ഞ വർഷത്തെ വായനയിലെ ഈ മൂന്ന് പുസ്തകങ്ങളെ ഞാൻ ഉള്ളിലെടുത്ത് വെച്ചിരിക്കുന്നത്. മനുഷ്യർ ലോകത്തെമ്പാടുമായി പരന്ന് കിടക്കുകയാണ്. അധ്വാനിക്കുന്ന മനുഷ്യർ ചൂഷണം ചെയ്യപ്പെടാൻ എണ്ണമില്ലാത്തത്രയും കടലുകൾ കടത്തപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് ഒന്ന് കൂടെ ബോധ്യമായി. അങ്ങനെ കടത്തപ്പെട്ട പണിയെടുക്കുന്ന മനുഷ്യരുടെ ചോര കൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത് എന്നും. അടിമകൾ ഉണ്ടാക്കിയതാണ് മനുഷ്യർ പാർക്കുന്ന ലോകവും മനുഷ്യർ ജീവിക്കുന്ന ഭാഷയും എന്ന്. ഭാഷ അതിഭൗതികമോ ദൈവദത്തമോ ആയതല്ല, പണിയെടുക്കുന്ന മനുഷ്യർ അതിജീവനത്തിനായി ഉണ്ടാക്കി ഉപയോഗിക്കുന്ന യാനങ്ങളാണവ എന്ന്.

മിഷേൽ ബസ്സിയുടെ ക്രൈം നോവലിൽ പരാമർശിക്കപ്പെടുന്നൊരു പത്രമുണ്ട്. ദ്വീപിലെ പ്രധാന പത്രം. ക്രൈമിനെയും അന്വേഷണത്തെയും കുറിച്ചുള്ള വാർത്തകൾ അതിലാണ് ചില കഥാപാത്രങ്ങൾ വായിക്കുന്നത്. ZENDARAM LA REUNION എന്നാണ് അതിന്റെ പേര്. ZENDARAM എന്നത് ഞാൻ സെന്താരം എന്ന് മലയാളത്തിൽ വായിച്ചു. എന്ന് വെച്ചാൽ ചെന്താരം. ശരിക്കും അങ്ങനെയൊരു പത്രം റീയൂണിയനിൽ ഉണ്ടോ, ഉണ്ടായിരുന്നോ എന്ന് സെർച്ച് ചെയ്ത് നോക്കി. കിട്ടിയില്ല. എവിടെയും കാര്യമായ റിസൾട്ടുകൾ ഇല്ല. എന്തായാലും ഞാനതിനെ ""ചെന്താരം ലാ റീയുണിയൻ'' എന്ന് വായിച്ചാണ് പുസ്തകം പൂർത്തിയാക്കിയത്. ചങ്ങലയിട്ട കൈകളുമായെത്തിയ തമിഴ് അടിമപ്പണിക്കാരുടെ പിൻഗാമികൾ, പണിയെടുക്കുന്നവർ അധികാരികളാകുന്ന നാളെയുടെ ചെന്താരകത്തെയോർത്ത്, ഏതോ ഘട്ടത്തിലിട്ട സംഘശക്തിയുള്ള പേര് എന്ന് ഉള്ളിൽ വിചാരിക്കുന്നതിൽ ഒരു രസമുണ്ടല്ലോ. തെളിവൊന്നുമില്ലെങ്കിലും ഞാനത് അങ്ങനെ വായിച്ചു. അല്ലെങ്കിലും, വായിക്കുമ്പോൾ നമ്മൾ വായിക്കുന്നത് എഴുതപ്പെട്ട വരികളിലില്ലാത്ത, അവയുടെ അപ്പുറത്തുമിപ്പുറത്തും അരികുകളിലുള്ള നമ്മുടെ സ്വപ്‌നാടനങ്ങളെയും ചേർത്താണല്ലോ.

Comments