ഡച്ചുകാരുടെ കൊച്ചി കടങ്ങൾ,
പാളിപ്പോയ കച്ചവടതന്ത്രങ്ങൾ

കുരുമുളക് കച്ചവടത്തിലൂടെ കൊച്ചിയിൽ നിന്നും മലബാറിൽ നിന്നും വൻലാഭം കൊയ്യാനായിരുന്നു ഡച്ചുകാർ ശ്രമിച്ചിരുന്നത്. എന്നാൽ ആ ശ്രമം പാളിയതോടെ കിട്ടാക്കടവുമായാണ് അവർ മടങ്ങിയത്. ക്യാപിറ്റലിസത്തിൻെറ വളർച്ചയിൽ കടങ്ങളെ കാണാൻ ശ്രമിക്കുമ്പോൾ മലബാറിൻെറ കൊളോണിയൽ ചരിത്രം പ്രധാന അദ്ധ്യായമായി വരുന്നു- അജയ് ജോയ് മാത്യു കഴിഞ്ഞവർഷം വാറങ്കലിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ  അവതരിപ്പിച്ച ഗവേഷണ പഠനം.

ലോക സാമ്പത്തിക ക്രമത്തെ നിർണയിക്കുന്നതിൽ കടങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഇന്ന് നാം കാണുന്ന പ്രമുഖ വാണിജ്യ സ്ഥാപനങ്ങൾ ഒട്ടുമിക്കതും പ്രവർത്തിക്കുന്നത് കടബാധ്യതകളെ അതിജീവിച്ചുകൊണ്ടുകൂടിയാണ്. അവ ‘നെറ്റ്ഫ്ലിക്സ്’ മുതൽ ‘ടാറ്റ സ്റ്റീൽസ്’ വരെ നീളുന്നു.

കടം എന്ന ആശയത്തിനു മനുഷ്യന്റെ സാമ്പത്തിക കൊടുക്കൽ വാങ്ങലിനേക്കാൾ ചരിത്രം പറയാനുണ്ടാവും. എന്നാൽ അത് ഇന്നത്തെ ക്യാപിറ്റലിസ്റ്റ് സമ്പദ്ഘടനയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നിരിക്കണം. ലോകത്തിലെ തന്നെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കമ്പനികളിലൊന്നായ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും കടങ്ങൾ കൊടുത്തും വാങ്ങിയുമാണ് പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ വാണിജ്യ സ്ഥാപനമായി രൂപപ്പെടുന്നത്. ക്യാപിറ്റലിസത്തിൻെറ വളർച്ചയിൽ കടങ്ങളെ കാണാൻ ശ്രമിക്കുമ്പോൾ മലബാറിൻെറ കൊളോണിയൽ ചരിത്രം മാറ്റിനിർത്താൻ സാധിക്കാത്ത ഒരു അദ്ധ്യായമാണ്.

ഡച്ച് കമ്പനിയുടെ
കൊച്ചി കടങ്ങൾ

1604-ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിൽ അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഡച്ച് കമ്പനിയുടെ കൊച്ചിയിലെ കടങ്ങൾ നമ്മൾ മലയാളികൾക്കു പോലും അപരിചിതമായിരിക്കും. ഈ കടങ്ങൾ മലബാറിൻെറ കൊളോണിയൽ ചരിത്രവുമായി ഇടകലർന്നു കിടക്കുന്നതാണ്. കോട്ടകൾ തകർത്തും നാട്ടുരാജ്യങ്ങളെ ദുർബലപ്പെടുത്തിയുമാണ് ആദ്യകാല കൊളോണിയലിസം രൂപപ്പെടുന്നത്. അതിൽ നിന്ന് ഒട്ടും വിഭിന്നമായിരുന്നില്ല ഡച്ച്–മലബാറിൻെറ കൊളോണിയൽ ചരിത്രവും. എന്നാൽ പോർച്ചുഗീസ് കോട്ടകൾ തകർത്തുവന്ന ഡച്ചുകാരുടെ മലബാറിലെ ചരിത്രം വളരെ കൗതുക മുണർത്തുന്നതാണ്. ഒരു യുദ്ധവിജയത്തിനുശേഷം എല്ലാ കൊളോണിയൽ ശക്തികളും അവരുടെ കൊളോണിയൽ പദ്ധതി വിജയകരമായി നടപ്പാക്കുന്നത് നമ്മൾ ലോകത്തെല്ലായിടത്തും കണ്ടിട്ടുളളതാണ്. പക്ഷേ കൊച്ചിയിലെ ഡച്ച് ചരിത്രം തികച്ചും വിപരീതമാണ്.

1341-ലാണ് കൊച്ചി ഒരു തുറമുഖമായി രൂപം പ്രാപിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടാവുമ്പോഴേക്കും നാനാമതസ്ഥരും വിദേശികളായ കച്ചവടക്കാരും ചേർന്ന കോസ്മോപൊളിറ്റൻ നഗരമായി കൊച്ചി പരിണമിക്കുന്നുണ്ട്.
1341-ലാണ് കൊച്ചി ഒരു തുറമുഖമായി രൂപം പ്രാപിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടാവുമ്പോഴേക്കും നാനാമതസ്ഥരും വിദേശികളായ കച്ചവടക്കാരും ചേർന്ന കോസ്മോപൊളിറ്റൻ നഗരമായി കൊച്ചി പരിണമിക്കുന്നുണ്ട്.

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി തങ്ങളുടെ അധീനതയിലാക്കിയിട്ടും ഡച്ചുകാർക്ക് മലബാറിൽ സാമ്പത്തിക വിജയം കണ്ടെത്താൻ സാധിച്ചില്ല. മാർത്താണ്ഡവർമയുമായുള്ള കുളച്ചൽ യുദ്ധത്തിലെ പരാജയത്തിനുശേഷമാണ് ഡച്ചുകാർക്ക് മലബാറിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുന്നത്. ഈ തോൽവിക്ക് പല കാരണങ്ങളുള്ളതായി ഡച്ച് - മലബാർ ചരിത്രപഠനങ്ങൾ പറയുന്നുണ്ട്. അവ പലതും ഡച്ച് ‘മോണോപോളി’ എന്ന ആശയത്തെ ഈ പരാജയത്തിൻെറ കാരണമായി ഉയർത്തിക്കാട്ടുന്നതാണ്.

1341-ലാണ് കൊച്ചി ഒരു തുറമുഖമായി രൂപം പ്രാപിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടാവുമ്പോഴേക്കും നാനാമതസ്ഥരും വിദേശികളായ കച്ചവടക്കാരും ചേർന്ന കോസ്മോപൊളിറ്റൻ നഗരമായി കൊച്ചി പരിണമിക്കുന്നുണ്ട്. ഒരു തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ വളർച്ചയും, കോഴിക്കോട്ടെ സാമൂതിരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ദുർബലമായൊരു ഭരണവ്യവസ്ഥിതി നിലനിന്നതും ആയിരിക്കണം പോർച്ചുഗീസുകാരെയും പിന്നീട് ഡച്ചുകാരെയും അവരുടെ കൊളോണിയൽ മോഹങ്ങളുടെ തട്ടകമായി കൊച്ചി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

കുരുമുളക് എന്ന ഈട്

1663 ജനുവരി എട്ടാം തീയതിയാണ് ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്ന് കൊച്ചി സ്വന്തമാക്കുന്നത്. ഡച്ചുകാരെ സംബന്ധിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള വാണിജ്യനീക്കമായിരുന്നു പ്രധാന ലക്ഷ്യം. കൊച്ചി അതിന് ഗുണം ചെയ്യുമെന്ന് അവർ മനസ്സിലാക്കി. ഡച്ചുകാരെ മലബാറിലേക്ക് ആകർഷിച്ചതിൻെറ പ്രധാന ഘടകം കുരുമുളകിൻെറ വാണിജ്യ സാധ്യതയും മലബാറിൻെറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൻെറ പകുതിയാകുമ്പോൾ തന്നെ സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) നിന്നും ഇന്തോനേഷ്യൻ ദ്വീപുകളിൽ നിന്നും തങ്ങൾക്ക് ആവശ്യമായ കുരുമുളക് അവർ സമാഹരിക്കുന്നുണ്ടായിരുന്നു. പക്ഷേ, യൂറോപ്യൻ വിപണിയിൽ കുരുമുളകിൻെറ മൊത്തക്കച്ചവടത്തെയും വിലയെയും സ്വാധീനിക്കണമെങ്കിൽ ഡച്ചുകാർക്ക് മലബാറിൽ നിന്ന് കുരുമുളക് ലഭ്യമാക്കേണ്ടിയിരുന്നു.

കോഴിക്കോട്ടെ സാമൂതിരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ദുർബലമായൊരു ഭരണവ്യവസ്ഥിതി നിലനിന്നതായിരിക്കണം പോർച്ചുഗീസുകാരെയും പിന്നീട് ഡച്ചുകാരെയും അവരുടെ കൊളോണിയൽ മോഹങ്ങളുടെ തട്ടകമായി കൊച്ചി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

മൺസൂണുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെ കച്ചവടലോകം മുന്നോട്ടുപോയിരുന്നത്. ഡച്ച് കപ്പലുകൾ മെയ് അവസാനത്തോടെയാണ് കൊച്ചി തുറമുഖത്തുനിന്ന് സിലോണിലേക്ക് പോയിരുന്നത്. അവ പിന്നീട് ആഗസ്റ്റിലാണ് കൊച്ചിയിലേക്ക് തിരിച്ചുവന്നിരുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പ്രധാനമായും കുരുമുളക് പറിച്ച് ഉണക്കി കച്ചവടത്തിന് തയ്യാറാക്കുക. കമ്പനിയുടെ 1663 മുതൽ 1702 വരെയുള്ള കാലത്തെ വരുമാനത്തിൻെറ 64 ശതമാനവും കുരുമുളക് കച്ചവടത്തിൽ നിന്നായിരുന്നു. മലബാറിലെ കുരുമുളക് ഏഷ്യയിലും യൂറോപ്പിലും ഒരുപോലെ ഡച്ചുകാർ കച്ചവടം ചെയ്തു. ഇതേ തരത്തിലുള്ള കച്ചവട താൽപര്യങ്ങൾ ഡച്ചുകാർ കൊച്ചിയിലും നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് കൊച്ചിയുടെ കച്ചവടതാല്പര്യങ്ങൾക്ക് വിഭിന്നമായിരുന്നു. ഡച്ച് മോണോപോളി ഏർപ്പെടുത്തിയതുവഴി കൊച്ചി തുറമുഖത്ത് മറ്റ് കപ്പലുകളോ വാണിജ്യ ഇടപാടുകളോ ഇല്ലാതെയായി.

പോർച്ചുഗീസുകാർക്ക് കൊച്ചിയിലുണ്ടായിരുന്ന എല്ലാ അധികാരവും 1663-ലെ ഉടമ്പടി പ്രകാരം ഡച്ചുകാർ സ്വന്തമാക്കി. കൊച്ചി രാജ്യത്തിനു കീഴിലുള്ള സകല നാട്ടുരാജ്യങ്ങളും സന്ദർശിച്ച് അവിടെ കൃഷിചെയ്യുന്ന കുരുമുളകിൻെറ അവകാശവും സ്വന്തമാക്കി. ഉടമ്പടി പ്രകാരം കൊച്ചി രാജ്യത്തെ ഏത് നാട്ടുരാജ്യത്തും കൃഷി ചെയ്തിരുന്ന കുരുമുളകിൻെറ അവകാശം കമ്പനിക്ക് മാത്രം ലഭിക്കുന്ന സാഹചര്യമുണ്ടായി. പക്ഷേ ഈ ഉടമ്പടികളൊന്നും തന്നെ വേണ്ടത്ര കുരുമുളക് സംഭരിക്കുന്നതിന് ഡച്ചുകാരെ സഹായിച്ചിരുന്നില്ല. കുരുമുളകിന് പണം നൽകുന്നതിനുപകരം കറുപ്പ് അതായത് ഓപിയം കച്ചവടം ചെയ്യുക എന്ന വാണിജ്യതന്ത്രമാണ് ഡച്ചുകാർ കൊച്ചിയിൽ നടപ്പാക്കാൻ ശ്രമിച്ചത്.

17-ാം  നൂറ്റാണ്ടിലെ കൊച്ചിയുടെ ചിത്രീകരണം
17-ാം നൂറ്റാണ്ടിലെ കൊച്ചിയുടെ ചിത്രീകരണം

ഇത്തരത്തിൽ ഉടമ്പടികളാലധിഷ്ഠിതമായ കൊളോണിയൽ പദ്ധതിയുമായി കൊച്ചിയിലെത്തിയ ഡച്ചുകാർക്ക് അത് പ്രാവർത്തികമാക്കുകയെന്നത് ദുഷ്കരമായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ മലബാറിലെ കച്ചവട സംസ്കാരം അവരുടെ പദ്ധതികൾക്ക് അനുയോജ്യമായിരുന്നില്ല. കൊച്ചി കൂടാതെ പ്രധാനമായി കുരുമുളക് വളർന്നിരുന്നത്, കൊച്ചി അധീനതയിലുള്ള വടക്കുംകൂർ, തെക്കൻകൂർ എന്നീ പ്രദേശങ്ങളിലായിരുന്നു. ഈ ഉൾനാടുകളിൽ നിന്നും ഇടനിലക്കാരായ കച്ചവടക്കാരാണ് കൊച്ചി തുറമുഖത്തിലേക്ക് കുരുമുളക് എത്തിച്ചിരുന്നത്. പോളിഷ് ചരിത്രകാരനായ ജാൻ ഓസ്കാർ കീനിവിച്ച്സ് 1984-ൽ എഴുതിയ ‘ദ സ്റ്റേഷനറി സിസ്റ്റം ഇൻ കേരള’ എന്ന ലേഖനത്തിൽ പതിനേഴാം നൂറ്റാണ്ടിലെ മലബാറിലെ കച്ചവടരീതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇടനില കച്ചവടക്കാരാണ് കൊച്ചിയിലെ ഉൾനാടുകളിൽ ചെന്ന് മുൻകൂറായി പണം നൽകി അവർക്കാവശ്യമായ കുരുമുളക് സമാഹരിച്ചിരുന്നതെന്ന് ഈ പുസ്തകത്തിൽ പറയുന്നു. നാട്ടുരാജാക്കന്മാർക്കോ പ്രഭുക്കൾക്കോ ഈ കച്ചവടത്തിൽ നേരിട്ട് പങ്കാളിത്തമില്ലായിരുന്ന സാഹചര്യത്തിൽ, ചരക്കുകൾ തുറമുഖത്തെത്തുമ്പോൾ ചുമത്തുന്ന ചുങ്കത്തുകയാണ് നാട്ടുരാജ്യങ്ങൾക്ക് ലഭിച്ചിരുന്ന ആകെ വരുമാനം.

ഇക്കാലത്ത് ജൂത, കൊങ്കണി വിഭാഗങ്ങളിലെ കച്ചവടക്കാരായിരുന്നു ഇടനിലക്കാരായി കൂടുതൽ പ്രവർത്തിച്ചത്. കാലക്രമേണ ഇവർ കൊച്ചിയിലെ ധനികരും നാട്ടുരാജാക്കന്മാരുടെ പ്രധാന ഉപദേശികളുമായി വളരുന്നുണ്ട്. കൊച്ചിയിലെ ഈ വൻകിട കച്ചവടക്കാരെ ‘പോർട്ട്ഫോളിയോ ക്യാപിറ്റലിസ്റ്റുകൾ’ എന്നോ ‘പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ്’ എന്നുമൊക്കെയാണ് ചരിത്രകാരന്മാരായ സഞ്ജയ് സുബ്രഹ്മണ്യവും ഹ്യൂഗോസ് ജേക്കബിനെ പോലുള്ളവരും വിശേഷിപ്പിച്ചത്.

എന്നാൽ ഒട്ടും വൈകാതെ ഡച്ചുകാർ കൊച്ചിയിലെ കച്ചവട സാഹചര്യം മനസ്സിലാക്കുന്നുണ്ട്. രാജാക്കന്മാരല്ല, മറിച്ച് ഇടനിലക്കാരായ കച്ചവടക്കാരാണ് കുരുമുളക് വ്യാപാരത്തെ നിയന്ത്രിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നു. അതേതുടർന്ന് പ്രധാനപ്പെട്ട ഇടനിലക്കച്ചവടക്കാരുമായി കരാറുകളിൽ ഏർപ്പെടുകയും അവർക്കാവശ്യമായ തുക കടം കൊടുക്കുകയും ചെയ്ത് തുടങ്ങി. എന്നാൽ, നാട്ടുരാജ്യങ്ങളുമായിട്ടുള്ള ഉടമ്പടികളും കച്ചവടക്കാരുമായിട്ടുള്ള കരാറുകളും കൊച്ചിയിൽ നടപ്പാക്കുന്നതിന് മികച്ചൊരു ഭരണസംവിധാനം കൂടി ആവശ്യമായിരുന്നു.

1680-കളിൽ കൊച്ചിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം ഡച്ചുകാർ പൂർണമായി ഏറ്റെടുക്കുന്നുവെന്ന് കാണാം. തങ്ങളുടെ കൊളോണിയൽ പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കിൽ ശക്തമായ ഒരു ഭരണസംവിധാനം വേണമെന്ന തിരിച്ചറിവിൻെറ ഭാഗമായിരുന്നു ഇത്.

പതിനേഴാം നൂറ്റാണ്ടിൻെറ പകുതിയിൽ തുടർച്ചയായുള്ള താവഴിതർക്കങ്ങളുടെയും ഡച്ച് ആധിപത്യത്തിൻെറയും ഫലമായി കൊച്ചി രാജ്യഭരണം ദുർബലമായിരുന്നു. ഭൂമിയുടെ മേലുള്ള കൊച്ചി രാജാവിൻെറ അവകാശം പലപ്പോഴും നാമ മാത്രമായിരുന്നു. നായന്മാരും മറ്റു ഭൂപ്രഭുക്കന്മാരും ഏതാണ്ട് സ്വതന്ത്രരായിട്ടാണ് വിഹരിച്ചിരുന്നത്. ഇതോടൊപ്പം ധനികരായ ഇടനിലകച്ചവടക്കാരെ തങ്ങളുടെ നിയന്ത്രണത്തിൽ ഒതുക്കിനിർത്താൻ ഡച്ച് കമ്പനിയ്ക്കോ കൊച്ചി രാജാവിനോ സാധിച്ചിരുന്നില്ല. ഇതെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 1680-കളിൽ കൊച്ചിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം ഡച്ചുകാർ പൂർണമായി ഏറ്റെടുക്കുന്നുവെന്ന് കാണാം. തങ്ങളുടെ കൊളോണിയൽ പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കിൽ ശക്തമായ ഒരു ഭരണസംവിധാനം വേണമെന്ന തിരിച്ചറിവിൻെറ ഭാഗമായിരുന്നു ഇത്. കൊച്ചി രാജ്യത്തിൻെറ ആഭ്യന്തര കാര്യങ്ങളിലും അവർ ഇടപെടാൻ തുടങ്ങി. കൊച്ചി രാജാവിൻെറ കടങ്ങൾ  ഡച്ച് കമ്പനി ഏറ്റെടുക്കുകയും, താവഴിയായിട്ടുള്ള രാജകുടുംബങ്ങൾക്ക് ഓരോ മാസവും നിശ്ചിത തുക നൽകാനും തീരുമാനിച്ചു.

 കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ചരക്കുകടത്തൽ തടയാൻ ഡച്ച് കമ്പനിയ്ക്ക് സാധിച്ചിരുന്നില്ല. മുൻകൂറായി നൽകിയ പണത്തിനു തുല്യമായ കുരുമുളക് അവർക്ക് പലപ്പോഴും തിരിച്ചുകിട്ടിയിരുന്നുമില്ല. ഈ കിട്ടാക്കടങ്ങൾ ഡച്ച് കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കി.
കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ചരക്കുകടത്തൽ തടയാൻ ഡച്ച് കമ്പനിയ്ക്ക് സാധിച്ചിരുന്നില്ല. മുൻകൂറായി നൽകിയ പണത്തിനു തുല്യമായ കുരുമുളക് അവർക്ക് പലപ്പോഴും തിരിച്ചുകിട്ടിയിരുന്നുമില്ല. ഈ കിട്ടാക്കടങ്ങൾ ഡച്ച് കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കി.

1678 ആകുമ്പോഴേക്കും കൊച്ചി രാജാവിന് ഡച്ച് കമ്പനിയുമായി 2,00,362 പണം കടം ഉണ്ടാവുന്നുണ്ട്. ഈ കടത്തിന് ഈട് എന്ന നിലയിൽ ഡച്ച്- കൊച്ചി ഉടമ്പടി പ്രകാരം കുരുമുളക് ചുങ്കത്തിൻെറ വരുമാനം കമ്പനിയിലേക്ക് കൈമാറാൻ തീരുമാനിച്ചു. എറണാകുളം ആർക്കൈവ്സിലെ ഡച്ച്-കൊച്ചി രേഖകളിൽ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള കൊച്ചിയിലെ കടങ്ങൾ കൊച്ചി രാജാവിൽ അവസാനിക്കുന്നില്ല. മുൻപ് സൂചിപ്പിച്ചതുപോലെ ഇടനിലക്കാരായ ജൂത, കൊങ്കണി, പട്ടർ  വിഭാഗത്തിലെ പ്രധാന കച്ചവടക്കാരുമായും കമ്പനിയ്ക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അതിൻെറ ഭാഗമായി ഒരു നിശ്ചിത അളവിന്റെ അടിസ്ഥാനത്തിൽ കുരുമുളക് കച്ചവടത്തിന് മുൻകൂറായി ഇടനിലക്കാർക്ക് പണം നൽകിയിരുന്നു. അങ്ങനെ ഇടനിലകച്ചവടക്കാരും കൊച്ചി രാജാവും ഡച്ച് കമ്പനിയുമടങ്ങിയ ഒരു ത്രികക്ഷി വാണിജ്യ ലോകമായിരുന്നു ഡച്ച് അധീനതയിലുള്ള കൊച്ചിയുടേത്.

വൻകിട കച്ചവടക്കാരുമായി കരാറിലേർപ്പെടുന്ന രീതിയാണ് ഡച്ചുകാർ കൊച്ചിയിൽ പിന്തുടർന്നത്. ജൂതക്കച്ചവടക്കാർ മുൻപന്തിയിലേക്ക് വരുന്നതിനു മുമ്പ് കമ്പനിയുടെ പ്രധാന ഇടനിലക്കാർ കൊങ്കണി അല്ലെങ്കിൽ പട്ടർ വിഭാഗത്തിലുള്ളവരായിരുന്നു. അതിൽ തന്നെ ബബ്ബ പ്രഭു, കണക പട്ടർ, പുലിക്കാർ പട്ടർ, നാനാ പ്രഭു എന്നിവരായിരുന്നു പതിനേഴാം നൂറ്റാണ്ടിലെ പ്രധാന കച്ചവടക്കാർ. മേൽപ്പറഞ്ഞ ഇടനിലക്കാരായ കച്ചവടക്കാർ വഴിയാണ് കുരുമുളക് പ്രധാനമായും സംഭരിച്ചിരുന്നത്. പൂർണ്ണമായി വിശ്വാസമില്ലായിരുന്നിട്ടും ഡച്ചുകാർക്ക് അവരെ ആശ്രയിക്കേണ്ടിവന്നു. ബബ്ബ പ്രഭു പോലെയുള്ള കച്ചവടക്കാർക്ക് കരാർ പ്രകാരം ലഭിച്ചിരുന്ന തുക വളരെ കുറവായിരുന്നു. ഡച്ച് കമ്പനി നിശ്ചയിക്കുന്ന അടിസ്ഥാന വിലയേക്കാൾ കൂടുതൽ വിലയ്ക്ക് കച്ചവടം ചെയ്യാൻ കൊച്ചിയിൽ അക്കാലത്ത് മറ്റു സാധ്യതകളുണ്ടായിരുന്നില്ല. ഈ സാഹചര്യമാണ് ബബ്ബ പ്രഭു പോലുള്ള ഇടനിലക്കാരെ കൊച്ചി വിട്ട് സാമൂതിരിയുടെ കോഴിക്കോടിലേക്കും അലി രാജാക്കന്മാരുടെ കണ്ണൂരിലേക്കും ചരക്കുകളെത്തിക്കാൻ കാരണമായത്.

തദ്ദേശീയമായ കച്ചവടരീതികൾ മനസ്സിലാക്കാൻ ഡച്ച് കമ്പനിക്ക് സാധിച്ചില്ല എന്നതാണ് കമ്പനിയുടെ പരാജയത്തിന്റെ പ്രധാന കാരണം. തങ്ങൾക്ക് ലാഭകരമായ രീതിയിൽ ഫലപ്രദമായി കച്ചവടം നടത്താനുള്ള മാർഗങ്ങളും തന്ത്രങ്ങളും കൊച്ചിയിലെ ഇടനിലക്കച്ചവടക്കാർ കണ്ടെത്തുകയും ചെയ്തു.

ചരിത്രകാരനായ ബിനു എം ജോണിന്റെ പി.എച്ച്.ഡി പ്രബന്ധമായ ‘ദ അലി രാജാസ് ഓഫ് കണ്ണൂർ: സ്റ്റാറ്റസ് ആൻഡ് ഐഡന്റിറ്റി അറ്റ് ദി ഇന്റർഫേസ് ഓഫ് കമർഷ്യൽ ആൻഡ് പൊളിറ്റിക്കൽ എക്സ്പെന്ഷൻ, 1663-1723’ എന്ന പഠനത്തിൽ അറക്കൽ രാജവംശത്തിന്റെ കീഴിൽ കണ്ണൂരിൽ മുസ്‍ലിം കച്ചവടക്കാർ ഈസ്റ്റ് ഏഷ്യയുമായി ശക്തമായ കച്ചവടബന്ധങ്ങൾ വെച്ചുപുലർത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ലാഭകരമായ കച്ചവടം നടത്തുന്നതിൽ ബബ്ബ പ്രഭു പോലുള്ള ഇടനിലകച്ചവടക്കാർ വിജയിച്ചിരുന്നു. ഡച്ച് ചരിത്രകാരനായ ഹ്യൂഗോസ് ജേക്കബിന്റെ `ബബ്ബ പ്രഭു - ദ ഡച്ച് ആൻഡ് എ കൊങ്ങിണി മർച്ചന്റ് ഇൻ കേരള' എന്ന ലേഖനത്തിൽ ബബ്ബ പ്രഭുവിന്റെ ഈ കച്ചവട പ്രാവീണ്യം വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.

കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ചരക്കുകടത്തൽ തടയാൻ ഡച്ച് കമ്പനിയ്ക്ക് സാധിച്ചിരുന്നില്ല. മുൻകൂറായി നൽകിയ പണത്തിനു തുല്യമായ കുരുമുളക് അവർക്ക് പലപ്പോഴും തിരിച്ചുകിട്ടിയിരുന്നുമില്ല. ഈ കിട്ടാക്കടങ്ങൾ ഡച്ച് കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കി. 1663 മുതൽ 1702 വരെയുള്ള ഡച്ച് കമ്പനിയുടെ കണക്കു പുസ്തകപ്രകാരം വെറും നാലു വർഷമാണ് കമ്പനിക്ക് ലാഭകരമായിരുന്നത്. കുരുമുളക് വ്യാപാരത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട അവർ മൊത്തം ചെലവാക്കിയ പണം തിരികെ ലഭിക്കാതെ പ്രതിസന്ധിയിലാവുകയും ചെയ്തു. ഉയർന്ന സാമ്പത്തികസ്ഥിതിയും രാഷ്ട്രീയ സ്വാധീനവുമുള്ള ഇടനിലക്കാരായ കച്ചവടക്കാരെ നിയന്ത്രിക്കുന്നതിലും അവർ പരാജയപ്പെട്ടു. ബബ്ബ പ്രഭുവിനെ പോലുള്ളവർ കൂടുതൽ ലാഭത്തിൽ ഫ്രഞ്ചുകാരോടും ഇംഗ്ലീഷുകാരോടും കച്ചവടം നടത്തി. കമ്പനിയിൽ നിന്നും മേടിച്ച കടം തിരിച്ചു കിട്ടാത്തതിനെ തുടർന്ന് 1684-ൽ അന്നത്തെ ഡച്ച് കമാൻഡർായിരുന്ന മാർറ്റൻ ഹുലിജസ്മാൻ, കുറച്ചു കച്ചവടക്കാരെ അറസ്റ്റ് ചെയ്തിരുന്നതായി ഡച്ച് രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഏഷ്യയിലെ ഡച്ച് ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ തലസ്ഥാനമായ ബതാവിയിൽ നിന്ന് പൗലോ ടെ റൂ എന്ന കമീഷണറെ കമ്പനിയുടെ മലബാറിലെ കടങ്ങളുടെ തൽസ്ഥിതി അന്വേഷിക്കുന്നതിന് നിയോഗിച്ചിരുന്നു
ഏഷ്യയിലെ ഡച്ച് ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ തലസ്ഥാനമായ ബതാവിയിൽ നിന്ന് പൗലോ ടെ റൂ എന്ന കമീഷണറെ കമ്പനിയുടെ മലബാറിലെ കടങ്ങളുടെ തൽസ്ഥിതി അന്വേഷിക്കുന്നതിന് നിയോഗിച്ചിരുന്നു

1695-ൽ, ഏഷ്യയിലെ ഡച്ച് ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ തലസ്ഥാനമായ ബതാവിയിൽ നിന്ന് പൗലോ ടെ റൂ എന്ന കമീഷണറെ കമ്പനിയുടെ മലബാറിലെ കടങ്ങളുടെ തൽസ്ഥിതി അന്വേഷിക്കുന്നതിന് നിയോഗിച്ചിരുന്നു. ബബ്ബ പ്രഭുവിനെ പോലുള്ള കച്ചവടക്കാരിൽ നിന്നും കടങ്ങൾ കണ്ടുകെട്ടാനുള്ള ദൗത്യവും കമീഷണർക്കുണ്ടായിരുന്നു. ഒരു വിഭാഗം വൻകിട ഇടനിലക്കാരുമായി കരാറിലേർപ്പെടുന്ന രീതി ഇതിന് ശേഷം ഡച്ച് കമ്പനി അവസാനിപ്പിച്ചു. 1696-ൽ ബബ്ബ പ്രഭു മരിക്കുമ്പോൾ ഏകദേശം 61,095 പണം കമ്പനിയ്ക്ക് തിരികെ നൽകാനുണ്ടായിരുന്നു. 1700 ആകുമ്പോൾ ബബ്ബ പ്രഭുവിന്റെ മകനായ നാനാ പ്രഭു കമ്പനിക്ക് 14,976 പണം നൽകുവാനുണ്ടായിരുന്നു, അതേത്തുടർന്ന് ഡച്ചുകാർ അദ്ദേഹത്തിനെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു. മറ്റ് കച്ചവടക്കാരുടെ കയ്യിൽ നിന്നും ഇതുപോലെ ഡച്ചുകാർക്ക് പണം തിരികെ ലഭിക്കാൻ ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് കമ്പനി കടം ഇടപാടുകൾ അവസാനിപ്പിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയിലെ കുരുമുളക് വ്യാപാരത്തെ നിയന്ത്രിക്കുന്നതിൽ ഡച്ച് മോണോപോളി നയം സമ്പൂർണമായ പരാജയമായിരുന്നു എന്നാണ്.

തോറ്റുപോയ
ഡച്ച് ഏകാധിപത്യം

തദ്ദേശീയമായ കച്ചവടരീതികൾ മനസ്സിലാക്കാൻ ഡച്ച് കമ്പനിക്ക് സാധിച്ചില്ല എന്നതാണ് കമ്പനിയുടെ പരാജയത്തിന്റെ പ്രധാന കാരണം. തങ്ങൾക്ക് ലാഭകരമായ രീതിയിൽ ഫലപ്രദമായി കച്ചവടം നടത്താനുള്ള മാർഗങ്ങളും തന്ത്രങ്ങളും കൊച്ചിയിലെ ഇടനിലക്കച്ചവടക്കാർ കണ്ടെത്തുകയും ചെയ്തു. ‘മോണോപോളി’ എന്ന ആശയത്തെക്കുറിച്ചുള്ള സംശയങ്ങളും എതിർപ്പുകളും പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഉടലെടുക്കുന്നുണ്ട്. എന്നാൽ അത് പൂർണ്ണമായും മലബാറിൽ ഉപേക്ഷിക്കുന്നതിന് കാരണമായത് 1741-ൽ മാർത്താണ്ഡവർമ്മയോട് കുളച്ചിലിലേൽക്കുന്ന പരാജയത്തോടു കൂടിയാണ്. ഈയൊരു തോൽവി ഡച്ച് ഏകാധിപത്യ മോഹങ്ങളെ പൂർണ്ണമായി തകർക്കുന്നുണ്ട്. കുരുമുളക് കൂടുതലായി കൃഷി ചെയ്തുകൊണ്ടിരുന്ന വടക്കൻകൂർ, തെക്കൻകൂർ, പുറക്കാട് പ്രദേശങ്ങളെല്ലാം മാർത്താണ്ഡവർമ്മ പിടിച്ചെടുക്കുന്നുണ്ട്. അതോടെ ആ സമയത്തെ വിപണി ആവശ്യപ്പടുന്ന തരത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ കച്ചവടം ചെയ്യാൻ മലബാറിൽ ഡച്ച് കമ്പനി നിർബന്ധിതരാവുന്നുണ്ട്. കുളച്ചിൽ യുദ്ധത്തിലെ തോൽവിക്ക് ശേഷം ഡച്ച് ഈസ്റ്റ് ഇന്ത്യൻ കമ്പനി സാമ്പത്തികമായി ലാഭത്തിലേക്ക് ഉയർന്നുവെന്നും ചരിത്ര പുസ്തകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ചരിത്രകാരനായ ആഷിൻ ദാസ് ഗുപ്തയുടെ ‘മലബാർ ഇൻ ഏഷ്യൻ ട്രേഡ്’ എന്ന പുസ്തകത്തിൽ 1740-നുശേഷം കൊച്ചി തുറമുഖത്തുണ്ടാവുന്ന മാറ്റവും, കൊച്ചി തുറമുഖത്തേക്ക് കൂടുതൽ കപ്പലുകളും വാണിജ്യ സാധ്യതകളുമുണ്ടാവുന്നതുമായി രേഖപ്പെടുത്തുന്നുണ്ട്.
ചരിത്രകാരനായ ആഷിൻ ദാസ് ഗുപ്തയുടെ ‘മലബാർ ഇൻ ഏഷ്യൻ ട്രേഡ്’ എന്ന പുസ്തകത്തിൽ 1740-നുശേഷം കൊച്ചി തുറമുഖത്തുണ്ടാവുന്ന മാറ്റവും, കൊച്ചി തുറമുഖത്തേക്ക് കൂടുതൽ കപ്പലുകളും വാണിജ്യ സാധ്യതകളുമുണ്ടാവുന്നതുമായി രേഖപ്പെടുത്തുന്നുണ്ട്.

ചരിത്രകാരനായ ആഷിൻ ദാസ് ഗുപ്തയുടെ ‘മലബാർ ഇൻ ഏഷ്യൻ ട്രേഡ്’ എന്ന പുസ്തകത്തിൽ 1740-നുശേഷം കൊച്ചി തുറമുഖത്തുണ്ടാവുന്ന മാറ്റവും, കൊച്ചി തുറമുഖത്തേക്ക് കൂടുതൽ കപ്പലുകളും വാണിജ്യ സാധ്യതകളുമുണ്ടാവുന്നതുമായി രേഖപ്പെടുത്തുന്നുണ്ട്. ഇത് സംഭവിക്കുന്നത് ഡച്ച് മോണോപോളിയെന്ന ആശയത്തെ ഉപേക്ഷിച്ച് മാർക്കറ്റ് അടിസ്ഥാനത്തിൽ കച്ചവടം ചെയ്യാൻ തുടങ്ങുന്നതിനു ശേഷമാണ്. മോണോപോളി എന്ന നയം നടപ്പാക്കുന്നതിനു വേണ്ടി ചെലവഴിച്ച ഊർജ്ജവും വിഭവങ്ങളും ഡച്ചുകാർക്ക് 1741-നു ശേഷം ചെലവഴിക്കേണ്ടിവരുന്നില്ല, അതായിരിക്കണം അവരെ പിന്നീട് സാമ്പത്തികമായി ലാഭത്തിലേക്ക് എത്തിച്ചത്. അങ്ങനെ കൊച്ചിയിലെ ഡച്ച് കടങ്ങൾക്ക് കൊളോണിയൽ ഏകാധിപത്യ വാണിജ്യ പദ്ധതിയെ പരാജയപ്പെടുത്തുന്നതിന്റെ കൂടി ചരിത്രം പറയുന്നുണ്ട്.

Comments