ആൻഡമാനിലെ സെല്ലുലാർ ജയിൽ

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പര തുടങ്ങുന്നു. ആൻഡമാൻ ചരിത്രം ഭീകരമായി വളച്ചൊടിച്ച് പുത്തൻ മെഗാ നറേറ്റീവുകൾ സൃഷ്ടിക്കപ്പെടുന്ന കാലത്ത്, ആ ദേശത്തിന്റെ വസ്തുതകളുടെ ഒരോർമ​പ്പെടുത്തൽ കൂടിയാണ്, ആൻഡമാനിൽ ഭാഷാശാസ്ത്ര ഗവേഷകനായിരുന്ന എം. ശ്രീനാഥൻ എഴുതുന്ന ഈ പരമ്പര.

ഭാഗം ഒന്ന്:
സെല്ലുലാർ ജയിൽ; ഫൂക്കോ കാണാത്ത പെനോപ്റ്റികോൺ മാതൃക

രിത്രസ്മാരകമായി അറിയപ്പെടുന്ന സെല്ലുലാർ ജയിൽ അഥവാ കാലാപാനി ജയിൽ ഒരേസമയം ബ്രിട്ടീഷ് അധിനിവേശത്തിന്റെയും ബ്രിട്ടീഷ് ഭരണകൂടം രൂപപ്പെടുത്തിയ തടവറ മാഹാത്മ്യത്തിന്റെയും അവർ ആഘോഷമാക്കിയ മനുഷ്യാവകാശലംഘനത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും ആൻഡമാൻ നിവാസികളായിരുന്ന ആദിമ ജനതയുടെ ഉന്മൂലനത്തിന്റെയും സംഭവപരമ്പരകളുടെ രൂപകമാണ്. ഭൂമിയിലെ നരകമാണെന്നു വിശേഷിപ്പിച്ച ഈ പീഢനസൗധം വിളിച്ചറിയിക്കുന്ന ദണ്ഡനത്തിന്റെയും ശിക്ഷയുടെയും അച്ചടക്കപാലനത്തിന്റെയും ചരിത്രം യൂറോപ്യൻ ശിക്ഷാചരിത്രം അന്വേഷിച്ചറിഞ്ഞ മിഷേൽ ഫൂക്കോ വിവരിക്കുന്നതിനും അപ്പുറമാണ്. കാലക്രമികമായി വികസിച്ച യൂറോപ്യൻ ശിക്ഷാചരിത്രമല്ല, ആൻഡമാനിൽ അംഗഭംഗം വന്ന് അവശേഷിക്കുന്ന ഈ ശിലാസൗധം പങ്കിടുന്നത്. ആൻഡമാനിൽ പ്രാവർത്തികമാക്കിയ കുറ്റവാളി നിർണയം, ശിക്ഷാരീതികൾ, ശിക്ഷണരീതികൾ എന്നിവയെല്ലാം ഫൂക്കോ വിവരിക്കുന്ന യൂറോപ്യൻ രീതികൾക്കു സമാനം എന്നതിലുപരി വ്യത്യസ്തവുമായിരുന്നു. പൊതുജനങ്ങൾക്കു മുമ്പിലുള്ള വധശിക്ഷ ഒഴിവാക്കിയെന്നുപോലും പറയാനാവില്ല. ഇവിടെ തടവുകാരായിരുന്നു പൊതുജനം. അവർക്കുമുന്നിൽ വച്ചുതന്നെ പരസ്യമായ ശാരീരിക പീഡനവും വധശിക്ഷയും അച്ചടക്കപരിപാലനത്തിനായി നടത്തിയിരുന്നു. അധിനിവേശക്കാർ അക്കാലത്ത് യൂറോപ്പിൽ നിലനിന്നിരുന്ന കുറ്റവാളി നിർണയവും വിചാരണയും വിധിയും ഒന്നുംതന്നെ ഇവിടെ നടപ്പാക്കിയിരുന്നില്ല. ശാരീരികപീഡനം അദൃശ്യവുമായിരുന്നില്ല. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ മൂന്നാംമുറ നടപ്പിലാക്കി തടവുകാരെ അനുസരിപ്പിക്കുകയായിരുന്നു. തടവുകാർ രാപകൽ പണിയെടുത്തു നിർമിച്ചതാണ് ഈ ജയിലും മറ്റു ജയിലുകളും അധിനിവേശകാലത്തെ ഇതര നിർമിതികളും. ആൻഡമാനിലെ എല്ലാ കൊളോണിയൽ നിർമിതികളും ബ്രിട്ടീഷുകാർ നടത്തിയ തൊഴിൽ ചൂഷണത്തിന്റെ ശേഷിപ്പുകളാണ്.

ആൻഡമാനിൽ പ്രാവർത്തികമാക്കിയ കുറ്റവാളി നിർണയം, ശിക്ഷാരീതികൾ, ശിക്ഷണരീതികൾ എന്നിവയെല്ലാം മിഷേൽ ഫൂക്കോ വിവരിക്കുന്ന യൂറോപ്യൻ രീതികൾക്കു സമാനം എന്നതിലുപരി വ്യത്യസ്തവുമായിരുന്നു

വിദൂര ഇടങ്ങളിലേക്ക് നാടുകടത്തി എല്ലുമുറിയെ പണിയെടുപ്പിച്ച് തടവുകാരെ അച്ചടക്കശീലമുള്ളവരാക്കിമാറ്റാം എന്ന ശിക്ഷാരീതി വളരെക്കാലം യൂറോപ്യൻ അധികാരികൾ പ്രയോഗിച്ചുവന്നു. വിദൂര താവളങ്ങളുണ്ടാക്കി തടവുകാരെ പീഡിപ്പിക്കുന്നതിനെതിരായി യൂറോപ്പിലാകെ വിമർശനം ഉയർന്നുവന്നു. ഇതിന്റെ പരിണിതഫലമാണ് ജയിൽ നിർമിതി. ബന്ധിതരാക്കി എല്ലുമുറിയ പണിയെടുപ്പിച്ച് രാത്രികളിൽ ഒറ്റപ്പെടുത്തി പൂട്ടിയിടാൻ പറ്റുന്ന തടവറ സംവിധാനം യൂറോപ്പിൽ നാടുകടത്തലിനു പകരമായി രൂപപ്പെടുത്തിയ ശിക്ഷാരീതിയായിരുന്നു. തടവറ സംവിധാനം ഒരുക്കുമ്പോൾ സുരക്ഷക്ക് മുൻഗണന നൽകിയിരുന്നു. കാവലിന് ഏർപ്പാടുകളുമുണ്ടായിരുന്നു.

കാവലില്ലെങ്കിലും മനുഷ്യർ നിരീക്ഷണ വലയത്തിലാണെന്ന് അവരെ വിശ്വസിപ്പിച്ച്, മനുഷ്യരെ നിയന്ത്രിക്കാനുതകുന്നതാണ് പെനോപ്റ്റികോൺ മാതൃക. ആൻഡമാനിൽ ഈ മാതൃക വിദഗ്ദ്ധമായി നടപ്പിൽ വരുത്തി.

വൻതോതിൽ വ്യവസ്ഥാവിരുദ്ധരും കുറ്റവാസന കൂടിയവരും ഉണ്ടായതോടെ ജയിൽ ഒരു സാമ്പത്തിക ബാധ്യതയായി മാറി. ജയിലുകളുടെ ചെലവു കുറക്കാനും തടവുകാരുടെ കർമശേഷി ഉപയോഗപ്പെടുത്താനുമായി ജറിമി ബന്താം 1786 -87 കാലത്ത് തടവുപുള്ളികളറിയാതെ കേന്ദ്രീകൃതമായി നിരീക്ഷിക്കാനുള്ള വ്യവസ്ഥയൊരുക്കുന്ന, ജാഗ്രതയുള്ള മേൽനോട്ട നിർമിതിയുടെ മാതൃക ജയിൽനിർമിതിക്കായി നിർദേശിച്ചു. അതാണ് പെനോപ്റ്റികോൺ നിർമിതി. മധ്യത്തിലുള്ള ഒരിടത്തുനിന്ന് എല്ലാ സെല്ലുകളെയും നിരീക്ഷിക്കാൻകഴിയും വിധം വൃത്താകൃതിയിൽ ബഹുനിലയായി രൂപകല്പന ചെയ്ത ജയിലാണ് പെനോപ്റ്റികോൺ വാസ്തുമാതൃകയായി ജറിമി ബന്താം മുന്നോട്ടുവച്ചത്. ഒട്ടേറെ ശ്രമങ്ങൾക്കു ശേഷവും അക്കാലത്ത് ഈ മാതൃക അംഗീകരിക്കപ്പെട്ടില്ല.

കാവലില്ലെങ്കിലും മനുഷ്യർ നിരീക്ഷണ വലയത്തിലാണെന്ന് അവരെ വിശ്വസിപ്പിച്ച്, മനുഷ്യരെ നിയന്ത്രിക്കാനുതകുന്നതാണ് പെനോപ്റ്റികോൺ മാതൃക. ഇതിന് 18ാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രകടമായ അംഗീകാരം ലഭിച്ചില്ല. പിൽക്കാലത്ത് ആൻഡമാനിൽ ഈ മാതൃക വിദഗ്ദ്ധമായി നടപ്പിൽ വരുത്തിയതായി വ്യക്തമാകുന്നു. ഈ മാതൃകയെ ഫൂക്കോ പിൽക്കാലത്ത് തന്റെ സിദ്ധാന്തീകരണത്തിന് പ്രയോജനപ്പെടുത്തിയതായി കാണാം.

പെനോപ്റ്റികോൺ നിർമിതി.

ഫൂക്കോയുടെ 'ഡിസിപ്ലിൻ ആൻഡ് പണിഷ്: ദി ബർത്ത് ഓഫ് എ പ്രിസൺ’ (1975) എന്ന പുസ്തകം യൂറോപ്പിന്റെ ശിക്ഷാചരിത്രം പടിപടിയായി രൂപപെട്ടതെങ്ങനെയെന്നു വ്യക്തമാക്കുന്നു. പരസ്യമായ ശരീരപീഡനത്തിലാരംഭിച്ച് ആധുനികമായ ശിക്ഷാവിധികളിലേക്കു വരുമ്പോൾ ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ദണ്ഡന മുറകളിലെ മാറ്റത്തെയും ശിക്ഷാവ്യവസ്ഥകളെയും അധികാരപ്രയോഗങ്ങളുടെ സൂക്ഷ്മതലത്തിൽ ഈ കൃതി വിലയിരുത്തുന്നു. അധികാരം ഭൗതിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഭിന്ന സൂക്ഷ്മ സരണികളുള്ള ശൃംഖലാബന്ധമായാണ് അത് പ്രവർത്തിക്കുന്നതെന്നും ഈ കൃതി ബോധ്യപ്പെടുത്തുന്നു.

സവിശേഷശരീരങ്ങളെ അച്ചടക്കമുള്ള സാമൂഹിക ശരീരമാക്കി പരിവർത്തനപ്പെടുത്താൻ ഭരണകൂട നിർമിതികളായി രൂപംകൊള്ളുന്ന സ്ഥാപനങ്ങളിൽ ഒന്ന് തടവറകളാണ്. ആശുപത്രി, വിദ്യാലയം, ഭ്രാന്താലയം തുടങ്ങിയുള്ള സ്ഥാപനങ്ങൾ സമാനമായ നിരീക്ഷണ - ശിക്ഷണയിടങ്ങളാണ്. ഫൂക്കോ ഈ ഗ്രന്ഥത്തിൽ, ആദ്യഭാഗം ദണ്ഡനത്തെ കുറിച്ചും രണ്ടാംഭാഗം ശിക്ഷാരീതികളെക്കുറിച്ചും മൂന്നാംഭാഗം അച്ചടക്ക വ്യവസ്ഥയെക്കുറിച്ചുമാണ് വിവരിക്കുന്നത്. അച്ചടക്കവ്യവസ്ഥയുടെ ഭാഗമായി പെനോപ്റ്റിസിസം എന്നൊരു അധ്യായമുണ്ട്.

ഫൂക്കോയിൽ നിന്ന് ഇംഗ്ലീഷ് തത്വചിന്തകനും നിയമ പണ്ഡിതനുമായിരുന്ന ജറെമി ബന്താമിലെത്തുമ്പോഴാണ് സെല്ലുലാർ ജയിലിന്റെ വാസ്തുമാതൃകയുടെ സ്രോതസ്സറിയുന്നത്. ഇതുവരെ സ്രോതസ്സ് വ്യക്തമായിരുന്നില്ല. ആരും അതേക്കുറിച്ച് അന്വേഷിച്ചതായും അറിയില്ല.

ഇംഗ്ലീഷ് തത്വചിന്തകനും നിയമ പണ്ഡിതനുമായിരുന്ന ജറെമി ബന്താമിന്റെ (1748 -1832) പെനോപ്റ്റികോൺ എന്ന വാസ്തുമാതൃകയെ അച്ചടക്കവ്യവസ്ഥ അധികാരത്തിന്റെ ഉപകരണമായി പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്നു വിവരിക്കാൻ ഫൂക്കോ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫൂക്കോയിൽ നിന്ന് ബന്താമിലെത്തുമ്പോഴാണ് സെല്ലുലാർ ജയിലിന്റെ വാസ്തുമാതൃകയുടെ സ്രോതസ്സറിയുന്നത്. ഇതുവരെ സ്രോതസ്സ് വ്യക്തമായിരുന്നില്ല. ആരും അതേക്കുറിച്ച് അന്വേഷിച്ചതായും അറിയില്ല. യൂറോപ്പുകാർ നിരാകരിച്ച മാതൃക അധിനിവേശ ആൻഡമാനിൽ ജയിൽ നിർമിതിയാക്കി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മരവിപ്പിക്കാൻ ബ്രിട്ടീഷുകാർ പാനോപ്റ്റികോൺ മാതൃക പ്രയോജനപ്പെടുത്തി എന്ന് വ്യക്തമാണ്. സ്വാതന്ത്ര്യസമരസേനാനികളെ തടവറയിലാക്കി പീഡിപ്പിച്ച് സമരാഗ്‌നി ചോർത്തിക്കളയുക എന്ന തന്ത്രമാണ് സെല്ലുലാർ ജയിലിലൂടെ അവർ നടപ്പാക്കാൻ ശ്രമിച്ചത്.

ആൻഡമാനിലേക്കു നാടുകടത്തുക എന്നതുതന്നെ ഭീകര ശിക്ഷയാണ്. സമുദ്രത്താൽ ചുറ്റപ്പെട്ട ഈ ദീപുസമൂഹം പൂർണമായും ഒറ്റപ്പെട്ടവയാണ്. അവിടെനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല എന്നിരിക്കെ അതിനുള്ളിൽ ജയിൽ എന്ന ആശയം ബ്രിട്ടീഷുകാർക്ക് പരിചിതമായ മാതൃകയാണ്.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ആരംഭിച്ചതുമുതൽ 'കുറ്റവാളികളെ' നാടുകടത്തി പാർപ്പിക്കാനുള്ള ശിക്ഷാകേന്ദ്രങ്ങൾ പീനൽ സെറ്റിൽമെന്റ് എന്ന പേരിൽ ആരംഭിച്ചു. കുറ്റവാളികൾക്കുള്ള പുനരധിവാസകേന്ദ്രങ്ങളായിരുന്നെങ്കിലും ഇതിന്റെ പിന്നിൽ ആ പ്രദേശത്തെ അധിനിവേശം ഉറപ്പുവരുത്തലും തടവുകാരുടെ മനുഷ്യവിഭവം ചുഷണം ചെയ്ത് ആ പ്രദേശത്തെ വിഭവചൂഷണം ഉറപ്പുവരുത്തലുമായിരുന്നു ബ്രിട്ടീഷ് തന്ത്രം. 1787- ൽസുമാത്ര ദ്വീപിലായിരുന്നു ആദ്യ കേന്ദ്രം സ്ഥാപിച്ചത്. പിന്നീടത് പെനാങിലേക്കു മാറ്റി സ്ഥാപിച്ചു. ഇത്തരം പുനരധിവാസ തടവുകേന്ദ്രങ്ങൾ മലാക്ക, സിങ്കപ്പൂർ തുടങ്ങി മറ്റിടങ്ങളിലും സ്ഥാപിച്ചു. സമാനമായ ഒരു കേന്ദ്രം 1789- ൽ ആൻഡമാനിൽ ആരംഭിക്കാൻ ശ്രമിച്ചുവെങ്കിലും വർധിച്ചുവന്ന തദ്ദേശീയ എതിർപ്പും രോഗങ്ങളും പ്രതികൂല കാലാവസ്ഥയും കാരണം ഈ ശ്രമം 1796- ൽ നിറുത്തിവച്ചു.

18-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈസ്റ്റിന്ത്യാ കമ്പനി അധികാരം സ്ഥാപിച്ചതിനുശേഷം മൺസൂൺ കാലാവസ്ഥയിൽ കപ്പലുകളുടെ സുരക്ഷയ്ക്കായി ഒരു തുറമുഖം നിർബന്ധമായി. ബംഗാൾ ഉൾക്കടലിലെ ദ്വീപ് പ്രദേശം ശ്രദ്ധയിൽപ്പെട്ടുവെങ്കിലും ദീപുവാസികളുടെ പ്രശ്‌നം കണക്കിലെടുത്ത് അത്തരം സാധ്യത ഉറപ്പിച്ചില്ല. ഈ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം മനസിലാക്കിയതുകൊണ്ടുള്ള അധിനിവേശ ശ്രമമായിരുന്നു 1796- ൽ അവസാനിപ്പിക്കേണ്ടിവന്നത്. ബഹുമുഖ കാരണങ്ങളാൽ 1858- ൽ വീണ്ടും ആൻഡമാൻ അധിനിവേശം പുനരാരംഭിക്കുകയായിരുന്നു. രണ്ടാം ആൻഡമാൻ അധിനിവേശത്തിനു കാരണമായത് ശിപായി ലഹളയോടെ ആരംഭിച്ച ബ്രിട്ടീഷ് വിരുദ്ധ സമരമുഖമാണ്. നേരത്തെ ഉണ്ടായ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ക്രൂരമായ ശിക്ഷകളിലൂടെ അടിച്ചമർത്താൻ കഴിഞ്ഞെങ്കിലും ശിപായി ലഹളയോടെ ഇതരപ്രദേശങ്ങളിലേക്കും ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധം കത്തിപ്പടർന്നു. ലഹളക്കാരെ തടവുകാരാക്കി നാടുകടത്താൻ പറ്റിയ സ്ഥലം ആൻഡമാൻ ദ്വീപുകളാണെന്നു തീരുമാനിച്ചു. ഇതുവഴി പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്താനും അതിലൂടെ ബ്രിട്ടീഷ് വിരുദ്ധ വികാരത്തിനു കടിഞ്ഞാണിടാനും കഴിയുമെന്നും പ്രത്യാശിച്ചു. തടവിലാക്കപ്പെട്ടവർ പൊതുവിൽ കുറ്റവാളികളെന്നു മുദ്രകുത്തുന്നവരുടെ കൂട്ടത്തിലുള്ളവരല്ല. ചീത്തയും കൊള്ളരുതാത്തവരുമായ കുറ്റവാളികളല്ല. അധിനിവേശ വിരുദ്ധരെയാണ് കുറ്റവാളികളായി തടവറയിലെത്തിച്ചത്. കള്ളന്മാർക്കും കൊലപാതകികൾക്കുമൊപ്പം ഇവരെയും കുറ്റവാളികളാക്കി ആന്ഡമാനിലേക്കു നാടുകടത്തുകയാണുണ്ടായത്.

ആൻഡമാനിലെ
ബ്രിട്ടീഷ് അധിനിവേശം

ആൻഡമാൻ മണ്ണിലെ ബ്രിട്ടീഷ് കുടിയേറ്റത്തിന് ദീർഘമായ ചരിത്രമുണ്ട്. ഒന്നാം പീനൽ സെറ്റിൽമെന്റ് 1788 -89 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ ആൻഡമാനിൽ ആരംഭിക്കാൻ തീരുമാനിച്ചു. ലഫ്. ആർ. എച്ച്. കോൾബ്രുക്കിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നേവിയിലെ ആർച്ചി ബാൾഡ് ബ്ലെയറും സംഘവും സർവ്വേ നടത്തി. മോശം കാലാവസ്ഥയിൽ സുരക്ഷിത ഇടം കണ്ടെത്തുക, ഭൂമി പരിശോധന നടത്തി കാർഷിക സൗകര്യമുറപ്പിക്കുക, പ്രകൃതിവിഭവങ്ങൾ, കാറ്റ്, തിര, കാലാവസ്ഥാമാറ്റം, മത്സ്യസാന്നിധ്യം തടിലഭ്യത ശുദ്ധജല സാന്നിധ്യം എന്നിവ കണ്ടെത്തുക, ജന്തുലോകത്തെ കുറിച്ചറിയുക, കളിമണ്ണും ചുണ്ണാമ്പു കല്ലും വിത്തും ശേഖരിക്കുക, ആദിമരോട് സൗഹൃദപൂർവ്വം പെരുമാറുക, ചില തദ്ദേശവാസികളെ കൽക്കട്ടയിൽ കൊണ്ടുവരിക എന്നിവയായിരുന്നു ബ്ലെയറിന് നൽകിയ നിർദ്ദേശങ്ങൾ.
കോൾ ബ്രൂക്കും ബ്ലെയറും സംയുക്തമായി സർവ്വേ നടത്തി 1789-ൽ ചാത്തം ദ്വീപിൽ ഒരു താൽകാലിക അധിനിവേശകേന്ദ്രം ആരംഭിച്ചു. 1789 ഒക്ടോബർ 25 ന് ബ്രിട്ടീഷ് പതാക നാട്ടി. ഇന്ന് പോർട്ട് ​ബ്ലെയർ എന്നറിയപ്പെടുന്ന പ്രദേശം അന്ന് പോർട്ട് കോൺ വാലിസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

1789-ൽ ചാത്തം ദ്വീപിലാണ് ബ്രിട്ടീഷുകാരുടെ താൽകാലിക അധിനിവേശകേന്ദ്രം ആരംഭിച്ചത്.

ചാത്തം ദ്വീപിൽ ആരംഭിച്ച കേന്ദ്രം 1791-ൽ മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചുവെങ്കിലും 1796-ൽ കേന്ദ്രം നിർത്താൻ തീരുമാനിക്കേണ്ടിവന്നു. വൻതോതിൽ പടരുന്ന രോഗങ്ങളും കാലാവസ്ഥാ പ്രശ്‌നങ്ങളും തദ്ദേശീയരായ ആദിമജനതയുടെ എതിർപ്പും കാരണം തുടർന്ന് പ്രവർത്തിക്കാൻ സാധ്യമല്ല എന്ന തീരുമാനത്തിൽ ഭരണകൂടത്തിന് എത്തിച്ചേരേണ്ടിവന്നു. 270 തടവുകാരും സൈനികരുൾപ്പെടെ മറ്റു 550 പേരും അന്നുണ്ടായിരുന്നു. തടവുകാരെ പെനാങ്ങിലേക്കയച്ചു. മറ്റുള്ളവർ കൽക്കത്തക്കും പോയി. വിദേശശക്തികൾ ആൻഡമാൻ കീഴ്പ്പെടുത്താതിരിക്കാൻ വേണ്ട നടപടികളും കൈക്കൊണ്ടു. 1796 മെയിൽ ആദ്യ സെറ്റിൽമെന്റ് അടച്ചു.

യൂറോപ്യൻ ഭരണകൂടത്തിന്റെ വികൃതമായ മുഖമാണ് സെല്ലുലാർ ജയിലിന്റെ ശില്പ മാതൃക. രക്ഷപ്പെടാനാവില്ല എന്നുമാത്രമല്ല പരസ്പരം ബന്ധപ്പെടാനും സാധ്യമല്ലാത്ത, എന്നാൽ സദാനിരീക്ഷണം ഉറപ്പുവരുത്തുന്ന തടവറ നിർമിതിയാണിത്.

ആൻഡമാനിലെ ബ്രിട്ടീഷ് അധിനിവേശം നിർബന്ധമാക്കിത്തീർത്ത ചില ഘടകങ്ങളുണ്ട്. സെറ്റിൽമെന്റ് ആരംഭിക്കുക, കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷ തേടുക, കപ്പലുകൾക്കുള്ള ഇടത്താവളം ഒരുക്കുക, വിഭവചൂഷണം നടത്തുക എന്നിവയായിരുന്നു ആദ്യ അധിനിവേശ ശ്രമത്തിനുപിന്നിൽ. ശിപ്പായി ലഹളയെ തുടർന്ന് തടവുകാരെ പാർപ്പിക്കാൻ ആൻഡമാൻ ദ്വീപിനെ പ്രയോജനപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് രണ്ടാം അധിനിവേശം. ക്യാപ്റ്റൻ എച്ച്. മാന് ഈ ചുമതലത നൽകി. ജെയിംസ് പാറ്റിസൺ വാക്കറിനെ സൂപ്രണ്ടായും നിയമിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ബർമയിൽ നിന്നുമുള്ള തടവുകാരെ നാടുകടത്തി ആൻഡമാനിലെത്തിച്ചു. വനംതെളിക്കലും നിർമ്മാണ പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ പ്രധാനമായും തടവുകാരെ ഉപയോഗിച്ചു ചെയ്തത്. കാലാവസ്ഥ ഒട്ടും അനുയോജ്യമായിരുന്നില്ലെങ്കിലും ഒരു തടവുകാരൻ അല്പാഹാരത്തിനുമേൽ 9 മണിക്കൂർ കഠിനമായി ജോലി ചെയ്യണം. ജോലിയിൽ മടി കാണിച്ചാൽ കഠിനമായ ദണ്ഡനം ഏറ്റുവാങ്ങണം. തടവുകാർക്ക് രക്ഷപ്പെടുക എളുപ്പമായിരുന്നില്ല. സമുദ്രത്താൽ ചുറ്റപ്പെട്ട ദ്വീപിൽ നിന്ന് പുറത്തേക്കു പോകാനാവില്ല എന്നതുതന്നെ വലിയ പരിമിതിയാണ്. ഒരു ഭാഗത്ത് ശക്തമായ കാവലും മറുഭാഗത്ത് ആദിവാസി ജനതയുടെ ആക്രമണവും, പ്രതികൂല കാലാവസ്ഥയും രോഗങ്ങളും കൂട്ടിനുള്ളപ്പോൾ വിധിയെ പഴിച്ച് അടിമജീവിതം നയിക്കുകയല്ലാതെ അവർക്ക് മറ്റു നിവൃത്തിയൊന്നുമുണ്ടായിരുന്നില്ല. തടവുകാരെ മെരുക്കലിനു വിധേയമാക്കുന്ന ശിക്ഷാരീതിയായിരുന്നു അനുവർത്തിച്ചത്.

തടവുകാർ തമ്മിൽ പരസ്പരം ബന്ധപ്പെടാൻ സാധ്യമല്ലാത്ത, എന്നാൽ സദാനിരീക്ഷണം ഉറപ്പുവരുത്തുന്ന തടവറ നിർമിതി യാണ് സെല്ലുലാർ ജയിലി​ന്റേത്.

വിദൂര ദേശങ്ങളിലേക്കു നാടുകടത്തി തടങ്കൽ താവളങ്ങൾ ഒരുക്കുന്നതിനെതിരെ സാമൂഹിക വിമർശനം ഉയർന്നപ്പോഴാണ് ബദൽ ശിക്ഷാസംവിധാനമായി യൂറോപ്പിൽ ജയിൽ രൂപപ്പെട്ടത്. പൂർണമായും ഒറ്റപ്പെടുത്തി കുടുക്കുമുറിക്കുള്ളിൽ തടവിലാക്കുക. കല്ലറകളിൽ പൂട്ടിയിടുന്ന സംവിധാനം. ഇതിനെതിരെ ജയിൽ പുള്ളികൾക്കിടയിൽ പ്രതിഷേധം വ്യാപിച്ചതിനെ തുടർന്ന് തടവുകാർ തമ്മിലുള്ള ആശയവിനിമയം എങ്ങനെ ഇല്ലാതാക്കാം എന്നാലോചിച്ചു തുടങ്ങി. അതോടെ ഏകാന്തത്തടവ് സാധ്യമാക്കുന്ന ചെറു അറകളായി യൂറോപ്യൻ ജയിൽ സംവിധാനം മാറി. നാടുകടത്തലിനു പകരമുള്ളതായിരുന്നു യൂറോപ്പിൽപ്രാവർത്തികമാക്കിയ ജയിൽ സംവിധാനം.

സെല്ലുലാർ ജയിൽ

ആൻഡമാനിലേക്കു നാടുകടത്തുക എന്നതുതന്നെ ഭീകര ശിക്ഷയാണ്. സമുദ്രത്താൽ ചുറ്റപ്പെട്ട ഈ ദീപുസമൂഹം പൂർണമായും ഒറ്റപ്പെട്ടവയാണ്. അവിടെനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല എന്നിരിക്കെ അതിനുള്ളിൽ ജയിൽ എന്ന ആശയം ബ്രിട്ടീഷുകാർക്ക് പരിചിതമായ മാതൃകയാണ്. ബാരക്കുകളിൽ തടവുകാരെ ചങ്ങലക്കിട്ട് അവരുടെ കായികശേഷി വൻതോതിൽ ചൂഷണം ചെയ്തും കഠിനമായ ശാരീരിക പീഡനങ്ങൾക്കു വിധേയരാക്കി മാനസികമായി തളർത്തിയും ആത്മവീര്യം ചോർത്തിക്കളഞ്ഞ് നല്ലനടപ്പിനു വിധേയമാക്കാമെന്ന മോഹം നടപ്പാകാതെ വന്നതോടെ ജയിൽ സംവിധാനം ഏർപ്പെടുത്തി. അതുവരെ ബാരക്കുകളിൽ പാർപ്പിച്ചിരുന്ന മെരുങ്ങാത്ത തടവുകാരെ പാർപ്പിക്കാനായി ആദ്യം വൈപ്പർ ദ്വീപിൽ ജയിൽ നിർമിച്ചു. കഠിനമായ ദേഹോപദ്രവം കൊണ്ടോ എല്ലുമുറിയെ പണിയെടുപ്പിക്കലുകൊണ്ടോ അർദ്ധപട്ടിണിക്കിട്ടുകൊണ്ടോ തടവുകാരുടെ സമരവീര്യം കെട്ടടങ്ങില്ല എന്നു മനസിലാക്കി, 1890- ൽ ആൻഡമാനിലെ തടങ്കൽ പാളയം സന്ദർശിച്ച കേണൽ ലീൽ, ലെതർ ബ്രിഡ്ജ് എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരാണ് സെല്ലുലാർ ജയിൽ എന്ന ആശയം മുന്നോട്ടുവെച്ചത്. പരസ്പരം കാണാനോ ആശയവിനിമയം നടത്താനോ കഴിയാത്ത രീതിയിൽജയിൽ സംവിധാനം ഒരുക്കാൻ അവർ നിർദേശിച്ചു. ഇതേതുടർന്ന് 1894- ൽ വൈസ്രോയിയിൽനിന്ന് സെല്ലുലാർ ജയിൽ നിർമ്മിക്കാനുള്ള നിർദ്ദേശം അന്നത്തെ ചീഫ് കമീഷണർ ആയിരുന്ന റിച്ചാർഡ് ടെമ്പിളിനു ലഭിച്ചു. കേണൽ മക്കൊല്ലൻ എന്ന എൻജിനീയറാണ് നിർമാണ ചുമതല ഏറ്റെടുത്തത്. 1896 ഒക്ടോബറിൽ പണി തുടങ്ങി,1906- ൽ ജയിൽ നിർമിതി പൂർത്തിയായി.

Port Blair - Viper New Jails under construction

ബന്താം 18ാം നൂറ്റാണ്ടിൽ അവതരിപ്പിച്ച ഓപ്ടികോൺ മാതൃക അക്കാലത്ത് യൂറോപ്പിൽ അംഗീകരിച്ചില്ലെങ്കിലും പിൽക്കാലത്ത് ആൻഡമാനിൽ പ്രാവർത്തികമാക്കുകയായിരുന്നു. സപ്തഭുജ നിർമിതിയായ കെട്ടിടസമുച്ചയത്തിൽ മധ്യഭാഗത്തായി നാലുനിലയിൽ എട്ടു കോണാകൃതിയിലുള്ള നിരീക്ഷണഗോപുരം. ഗോപുരത്തിന്റെ പാർശ്വഭിത്തികളിൽ നിന്ന് ഏഴു കോണുകളിലേക്ക് മൂന്നു നിലകളുള്ള ഏഴു വരി എടുപ്പുകൾ. ഈ എടുപ്പുകളിലാണ് സെല്ലുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ വരി എടുപ്പിന്റെയും അവസാനം വൻ മതിലുകൾ. ഏഴു എടുപ്പുകളിലുമായി 698 സെല്ലുകൾ. എടുപ്പുകൾക്കിടയിലുള്ള സ്ഥലത്താണ് പണിശാലകളും തൂക്കുമുറികളും. മൂന്നു പേരെ വീതം ഒരേ സമയം തൂക്കിലടാനുള്ള കഴുമരങ്ങളും കാണാം. മൂന്നുനില ഉയരത്തിൽ പ്രവേശന ഗോപുരം, അതോടൊപ്പം ജയിൽ വാർഡന്മാർക്കുള്ള ഓഫീസ് മുറികൾ. പ്രവേശന ഗോപുരത്തിനകത്തായി ജയിലിനെ വേർതിരിക്കുന്ന വൻമതിൽ. അകത്തേക്ക് കടക്കാൻ ഒരു ചെറു വാതിൽ. ഏഴ് എടുപ്പുകളിലും നീണ്ട ഇടനാഴികൾ. അവയുടെ വശങ്ങളിലായിട്ടാണ് സെല്ലുകൾ അഥവാ അറകൾ. ഓരോ അറയും കരിങ്കൽ ഭിത്തിയാൽ വേർതിരിച്ചിരിക്കുന്നു. പിൻ ഭിത്തിയിൽ ഒരു വെന്റിലേറ്റർ. ഓരോ അറയുടെയും മുന്നിൽ കനത്ത ഇരുമ്പഴികൾ കൊണ്ട് തീർത്ത ആർച്ചുകൾ. ഇതിലാണ് ഇടുങ്ങിയ വാതിലുകൾ. ആർച്ചുകളുടെ ഭിത്തികൾ കാരണം അകത്തുകടക്കുന്നവർക്ക് പുറത്തുള്ളതൊന്നും കാണാൻ കഴിയില്ല. ഓരോ എടുപ്പുകളും തമ്മിൽ പുറംതിരിഞ്ഞാണ് നിർമിച്ചിരിക്കുന്നത്. ഒന്നിൽ നിന്ന് നോക്കിയാൽ മറ്റൊന്നിന്റെ പുറം ഭിത്തി കാണാം. ഇടനാഴികളുടെ അവസാന ഭാഗത്തുള്ള സെല്ലുകൾ ഇരുമ്പുമറ വച്ച് വേർതിരിച്ചിട്ടുണ്ട്. ഓരോ ഇടനാഴിയും തുടങ്ങുന്നിടത്ത് കനത്ത ഇരുമ്പുമറകളുണ്ട്. അവയിൽ ഇടനാഴികളിലേക്ക് കടക്കാനുള്ള ചെറിയ വാതിലുകൾ. യൂറോപ്യൻ ഭരണകൂടത്തിന്റെ വികൃതമായ മുഖമാണ് ഈ ശില്പ മാതൃക. രക്ഷപ്പെടാനാവില്ല എന്നുമാത്രമല്ല പരസ്പരം ബന്ധപ്പെടാനും സാധ്യമല്ലാത്ത, എന്നാൽ സദാനിരീക്ഷണം ഉറപ്പുവരുത്തുന്ന തടവറ നിർമിതിയാണിത്.

രാഷ്ട്രീയ തടവുകാർക്ക് ശിക്ഷയിൽ ഇളവുണ്ടായിരുന്നില്ല. എത്ര പേർ മരിച്ചു എന്നതിന് കണക്കില്ല. സെല്ലുലാർ ജയിൽ ഫൂക്കോ വിവരിക്കുന്നതിലും വലിയ മനുഷ്യാവകാശ ലംഘനത്തിന്റെ സ്ഥാപനമായിരുന്നു.

ശിപായി ലഹളയുമായി ബന്ധപ്പെടുത്തി കൊണ്ടുവന്നത് എത്രപേരാണെന്നോ അതിൽ കുറ്റവാളികൾ എത്രപേരെന്നോ ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധകർ എത്ര പേരെന്നോ എന്നതിനൊന്നും വ്യക്തമായ തെളിവില്ല.
കൊലപാതകവും തട്ടിപ്പും നടത്തിയവരായി 1871- ൽ7567 പേർ, 1881- ൽ 11,440 പേർ, 1891- ൽ 11,718 പേർ, 1901- ൽ 11,974 പേർ, 1906 ൽ 14,696 പേർ വീതമുണ്ടായിരുന്നതായി ചില പഠനങ്ങളിൽ കാണുന്നു. കുറ്റവാളികളായി ചിത്രീകരിക്കുന്ന ഇക്കൂട്ടർ അവർക്കെതിരെ എഴുതിച്ചേർത്ത കുറ്റം ചെയ്തവരാകാനുള്ള സാധ്യത കുറവാണ്. ഇക്കൂട്ടരിൽ രാഷ്ട്രീയത്തടവുകാരുമുണ്ട്. ശിപായി ലഹളയുമായി ബന്ധപ്പെട്ട് ശിക്ഷിച്ചവരെത്ര എന്ന് വ്യക്തമല്ല. തുടർന്ന്, വഹാബികളെയും കൂട്ടത്തോടെ ഇവിടെ എത്തിച്ചിരുന്നു. അഞ്ചുപേരുടെ വിവരങ്ങളെ ഔദ്യോഗികമായി ലഭ്യമായിട്ടുള്ളൂ. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്
1909 -1921 കാലത്ത് 129 പേരും
1922 -1938 കാലത്ത് 354 പേരും മാപ്പിളകലാപവുമായി ബന്ധപ്പെട്ട് 21 പേരും
1942 -1945 കാലത്ത് രക്തസാക്ഷികളായ 51 പേരുടെ വിവരങ്ങളും മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ.

ജറെമി ബന്താം 18ാം നൂറ്റാണ്ടിൽ അവതരിപ്പിച്ച ഓപ്ടികോൺ മാതൃക അക്കാലത്ത് യൂറോപ്പിൽ അംഗീകരിച്ചില്ലെങ്കിലും പിൽക്കാലത്ത് ആൻഡമാനിൽ പ്രാവർത്തികമാക്കുകയായിരുന്നു.

1922 -1924 കാലത്ത് മലബാർ കലാപവുമായി ബന്ധപ്പെട്ട് ഒട്ടേറെ തടവുകാരെ കൊണ്ടുവന്നു. ആയിരത്തിലേറെ ആൾക്കാരെ കൊണ്ടുവന്നെങ്കിലും 21 പേരുടെ വിവരങ്ങളേ ഇപ്പോൾ ലഭിക്കുന്നുള്ളൂ. നെല്ലിപ്പറമ്പൻ അലവിഹാജി, കോലപ്പറമ്പൻ കുഞ്ഞലവി, കിഴിശ്ശേരി കോയക്കുട്ടി, അമ്പാട്ടുപറമ്പൻ സൈദാലിപ്പ, കയക്കടിപറമ്പിൽ കുഞ്ഞേനി, മച്ചിങ്ങൽ റായിയ, കുത്തുകല്ലൻ കുഞ്ഞാറ, ചുങ്കത്തു അത്തൻ, വരിയത്ത് വളപ്പിൽ അഹമ്മദ്കുട്ടി, മാത്തുമ്മൽ അഹമ്മദ്കുട്ടി, പൂഴികുന്നൻ മരക്കാർ, മച്ചഞ്ചേരി അലവി, പൊക്കാട്ട് കോയാമി, പുത്തൻപീടികയിൽ കുഞ്ഞകാദർമുള്ള, മുക്രി കുഞ്ഞയമ്മു, പൂലകുയ്യിൽ കുനോയ് മോയിദീൻകുട്ടി, പൂവക്കുണ്ടിൽ അലവി, നീതിയിൽ കുഞ്ഞീദു, അരിപ്ര പോക്കർ, മാട്ടുമ്മൽ മരക്കാർ, ചക്കുപുരക്കൽ കുട്ടിഹസ്സൻ എന്നിവരാണ് ഈ പട്ടികയിലുള്ളത്.

അധികാരത്തിന്റെ സൂക്ഷ്മപ്രയോഗങ്ങളെ കുറിച്ചുള്ള ഫൂക്കോയുടെ കണ്ടെത്തലുകൾ ആൻഡമാൻ ജയിൽ സംവിധാനം പൂർണമായും ശരിവയ്ക്കുന്നുണ്ടെങ്കിലും ശിക്ഷാരീതികളുടെ പരിണാമം സെല്ലുലാർ ജയിൽ പിന്തുടരുന്നില്ല.

എല്ലാ തടവുകാരനും ആദ്യ ആറുമാസം സെല്ലുലാർ ജയിലിൽ ഏകാന്ത തടവ് അനുഭവിക്കണം. ഇക്കാലത്ത് ജോലിഭാരം കുറവാണെങ്കിലും ശിക്ഷണം കഠിനം. അതു കഴിഞ്ഞാൽ 18 മാസം അനുബന്ധ ജയിലിലേക്ക് മാറ്റും. അവിടെ ജോലി കഠിനമാണ്. ശേഷം മൂന്നുവർഷം പണിയെടുത്ത് ബാരക്കിൽ കഴിയണം. രാത്രി പൂട്ടിയിടും. പകൽ പുറംപണി. ഇക്കാലയളവിൽ ജയിൽനിയമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെങ്കിൽ അടുത്ത അഞ്ചു വർഷം ചെറിയ കൂലി ലഭിക്കുന്ന തൊഴിൽ തടവുകാരനാകാം. ഇത്തരത്തിൽ 10 വർഷം കഴിഞ്ഞാൽ മോചിതനായി സ്വന്തമായി ഭൂമി പതിച്ചു വാങ്ങി കൃഷി തുടങ്ങാം. തടവുകാരികളിൽ ആരെയെങ്കിലും വിവാഹവും കഴിക്കാം. വേണമെങ്കിൽ നാട്ടിൽനിന്ന് കുടുംബത്തെകൊണ്ടുവരാം. തടങ്കൽ താവളം വിട്ട് പുറത്തുപോകാൻ അനുവാദമോ മറ്റു പൗരാവകാശങ്ങളോ ഇവർക്കില്ല. 25 വർഷങ്ങൾക്കുശേഷം സ്വതന്ത്രരാകുന്നതോടെ പൗരാവകാശം ലഭിക്കും.

ശിക്ഷാനടപടികൾ

തടങ്കൽ പാളയത്തിലെ ജീവിതം കഠിനമായിരുന്നു. വിനിമയ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. മേൽനോട്ടം ശക്തം. ജയിൽ നിയമങ്ങളുടെ ലംഘനത്തിന് ഏകാന്ത തടവ്, തുറങ്കലിലടക്കൽ, കാൽ പൂട്ടിയിടൽ, (സ്റ്റോക്സ് ), ചാട്ടവാറടി, കൂട്ടത്തോടെ ചങ്ങലക്കിടൽതുടങ്ങി വധശിക്ഷ വരെ നടപ്പിലുണ്ടായിരുന്നു. ശാരീരിക പീഡനത്തിനൊപ്പം മനസിക പീഡനവും തടവുകാർക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. രാഷ്ട്രീയ തടവുകാർക്കും ശിക്ഷയിൽ ഇളവുണ്ടായിരുന്നില്ല. എത്ര പേർ മരിച്ചു എന്നതിന് കണക്കില്ല. സെല്ലുലാർ ജയിൽ ഫൂക്കോ വിവരിക്കുന്നതിലും വലിയ മനുഷ്യാവകാശ ലംഘനത്തിന്റെ സ്ഥാപനമായിരുന്നു.

സെല്ലുലാർ ജയിലിന്റെ ഉൾവശം. ഓരോ അറയുടെയും മുന്നിൽ കനത്ത ഇരുമ്പഴികൾ കൊണ്ട് തീർത്ത ആർച്ചുകൾ. ഇതിലാണ് ഇടുങ്ങിയ വാതിലുകൾ.

പരസ്യമായ ശാരീരിക പീഡനവും വധശിക്ഷയും മാറി, പീഡനപ്രദർശനത്തിനു പകരം രഹസ്യമായ ജയിൽ ശിക്ഷാവ്യവസ്ഥയിലേക്കുള്ള പരിവർത്തനം അടയാളപ്പെടുത്തിക്കൊണ്ട് അധികാരത്തിന്റെ സൂക്ഷ്മമായ സാന്നിധ്യത്തെ ഫൂക്കോ വെളിപ്പെടുത്തുന്നു. ശാരീരികപീഡനം, ശിക്ഷ, ശിക്ഷണം, ജയിൽ എന്നീ പ്രമേയഘടനയിലൂടെയാണ് ഫൂക്കോ ശിക്ഷാപരിവർത്തനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. അനുസരണാ നിർമിതിയിലൂടെ വ്യക്തി സ്വനിയന്ത്രണം വരുത്തി നിയമാനുസൃത സ്വാഭാവികത കൈവരിക്കുന്നതിന്റെ രാഷ്ട്രീയമുഖമാണ് ഫൂക്കോ പാനോപ്റ്റികോൺ മാതൃകയിലുടെ വെളിപ്പെടുത്തിയത്.

അധികാരത്തിന്റെ സൂക്ഷ്മപ്രയോഗങ്ങളെ കുറിച്ചുള്ള ഫൂക്കോയുടെ കണ്ടെത്തലുകൾ ആൻഡമാൻ ജയിൽ സംവിധാനം പൂർണമായും ശരിവയ്ക്കുന്നുണ്ടെങ്കിലും ശിക്ഷാരീതികളുടെ പരിണാമം സെല്ലുലാർ ജയിൽ പിന്തുടരുന്നില്ല. സമകാലത്തുതന്നെ പ്രാകൃതശിക്ഷാക്രമം തുടരുകയും കൊടും പീഡനം ജയിൽ വ്യവസ്ഥയുമായി കണ്ണിചേർത്ത്, വിചാരണയും വിധിനിർണയവും ഒഴിവാക്കി, കേന്ദ്രീകൃത നിരീക്ഷണവും മേൽനോട്ടവും സാധ്യമാക്കുകയായിരുന്നു. കുറ്റം ഇല്ലാതാക്കുകയായിരുന്നില്ല, പകരം സ്വാതന്ത്ര്യവാഞ്ച ഇല്ലാതാക്കുകയായിരുന്നു ഭരണകൂടലക്ഷ്യമെന്ന് ആൻഡമാൻ അനുഭവം വ്യക്തമാക്കുന്നു.

തടവുകാർ എല്ലാവരും കുറ്റവാളികളല്ലായിരുന്നുവെന്നതും അവരിൽ ഏറിയപങ്കും സ്വാതന്ത്ര്യ സമരപോരാളികളായിരുന്നുവെന്നതും സവിശേഷമായി അറിയേണ്ടതുണ്ട്.

തടവുകാർ എല്ലാവരും കുറ്റവാളികളല്ലായിരുന്നുവെന്നതും അവരിൽ ഏറിയപങ്കും സ്വാതന്ത്ര്യ സമരപോരാളികളായിരുന്നുവെന്നതും സവിശേഷമായി അറിയേണ്ടതുണ്ട്. കുറ്റവാളികളെ പരുവപ്പെടുത്തി നല്ലനടപ്പുള്ളവരാക്കി മാറ്റാനുള്ള ജയിൽസ്ഥാപനത്തെ ബ്രിട്ടീഷ് ഭരണകൂടം ആൻഡമാനിൽ സ്വാതന്ത്ര്യസമരത്തിനെതിരെയുള്ള അധികാര പ്രയോഗമാക്കി. ബ്രിട്ടീഷ് ഭരണകൂടം നടത്തിയ മനുഷ്യാവകാശലംഘനങ്ങൾ അമിതമായിരുന്നെങ്കിലും തടവുകാർക്കിടയിൽ സ്വതന്ത്ര ഇന്ത്യാ മോഹം അണച്ചുകളയാൻ കഴിഞ്ഞില്ല. പെനോപ്റ്റികോൺ ജയിൽമാതൃക ആ നിലയ്ക്കു പരാജയവുമായിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ. ശിക്ഷയ്ക്ക് ശരീരത്തെയും മനസിനെയും ക്ഷീണിപ്പിക്കാമെങ്കിലും ദേശാഭിമാനത്തെ ഇല്ലാതാക്കാനാവില്ല എന്ന പാഠവും സെല്ലുലാർ ജയിൽപങ്കിടുന്നു. അധിനിവേശ തടങ്കൽ പാളയ നിർമിതി ആൻഡമാനിലെ പ്രാക്തന ജനതയുടെ ഉന്മൂലനത്തിനു കാരണമായി എന്ന ദുരന്തമുഖം കൂടി ചേർത്തുവയ്‌ക്കേണ്ടതാണ്.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments