ഒടുവിലൊന്ന് നിലവിളിക്കാൻപോലുമാകാതെ ജീവനറ്റുപോയ ആയിരക്കണക്കിന് മനുഷ്യർ, ഒരു കണക്കിലും പെടാതെ മണ്ണടിഞ്ഞ പക്ഷികൾ, മൃഗങ്ങൾ, നിമിഷനേരം കൊണ്ട് ശവപ്പറമ്പായി മാറിയ ഒരു നാട്. ശേഷിച്ചത് എണ്ണമറ്റ അനാഥർ, കാൻസർ ഉൾപ്പെടെയുള്ള മഹാമാരികൾ കൊണ്ട് മരിച്ചുജീവിക്കുന്നവർ. അവരുടെ മുഖങ്ങൾ മനസ്സിനെ പൊള്ളിച്ചു. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു....
ജീവനറ്റിട്ടും തുറന്നുവെച്ച ആ കുഞ്ഞുകണ്ണുകളിലെ ഇരുട്ട്, വേദനയുടെ ആഴം ലോകത്തിന് പകർന്നുകൊടുത്തു. ഭോപ്പാൽ എന്നാൽ വേദനയുടെയും വഞ്ചനയുടെയും ഓർമകളാണ്.
ഭോപ്പാലിലെത്താൻ ഇനിയും മണിക്കൂറുകളുണ്ട്... സഹയാത്രികനായ സുഹൃത്ത് പറഞ്ഞു. ലക്ഷ്യത്തിലേക്ക് അതിവേഗം പായുകയാണ് ട്രെയിൻ. വെയിൽ കനക്കുംതോറും കാറ്റിന് അസഹ്യമായ ചൂട് കൂടി വരുന്നു. ബെർത്തിൽ നിന്നിറങ്ങി മുഖം കഴുകി ഡോറിന് സമീപം നിന്നു.
ഇരുമ്പ് ബോഗിയാകെ ചുട്ടുപഴുത്തിരിക്കുന്നു. പുറത്ത്, നോക്കെത്താദൂരത്ത് ഉരുളക്കിഴങ്ങ് പാടങ്ങൾ. ചിലയിടങ്ങളിൽ മഞ്ഞപ്പട്ട് വിരിച്ചതുപോലെ കടുക് കൃഷി. പുറത്തുനിന്നുള്ള ശക്തിയായ കാറ്റിൽ മുഖം നിമിഷനേരം കൊണ്ട് വരണ്ടുണങ്ങി.
വേദനയുടെയും വഞ്ചനയുടെയും ഓർമ
ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം നടന്ന ഭോപ്പാലിലെ കുരുതി ഭൂമിയിലേക്കാണ് യാത്ര. 37 വർഷം പിന്നിട്ടു. അന്നത്തെ വാർത്തകളും ദൃശ്യങ്ങളും മനസ്സിലേക്ക് മാറിമാറി വന്നു. പുറംകാഴ്ചകൾക്കുമേൽ അവ തെളിഞ്ഞുനിന്നു. ലോകത്തിന് ദുരന്തത്തിന്റെ വേദന പകർന്ന രഘുറായിയുടെ ചിത്രങ്ങൾ കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു.
വിഷപ്പുക ശ്വസിച്ച് വിറങ്ങലിച്ച കുഞ്ഞിനെ മണ്ണിട്ട് മൂടുന്നതിന് മുമ്പെടുത്ത ചിത്രമായിരുന്നു ഏറെ വേദനിപ്പിച്ചത്. ജീവനറ്റിട്ടും തുറന്നുവെച്ച ആ കുഞ്ഞുകണ്ണുകളിലെ ഇരുട്ട്, വേദനയുടെ ആഴം ലോകത്തിന് പകർന്നുകൊടുത്തു. ഭോപ്പാൽ എന്നാൽ വേദനയുടെയും വഞ്ചനയുടെയും ഓർമകളാണ്.
സമയം പോയതറിഞ്ഞതേയില്ല. ട്രെയിൻ വലിയ ശബ്ദത്തോടെ ഭോപ്പാലിലേക്ക് നിരങ്ങി അമർന്നുനിന്നു. സാമാന്യം ഭേദപ്പെട്ട റെയിൽവെ സ്റ്റേഷനാണ് ഭോപ്പാൽ. ആൾത്തിരക്കിനൊപ്പം പുറത്തെത്തി. സൈക്കിൾ റിക്ഷ മുതൽ ആഢംബര കാറുകൾ വരെ യാത്രക്കാരെ കാത്തുകിടക്കുന്നു. പുറത്തിറങ്ങി വരുന്നവരെ ഓട്ടോക്കാർ വഴിയിൽ നിന്ന് തന്നെ സ്വന്തമാക്കി കൊണ്ടുപോവുകയാണ്. ഓട്ടോക്കൂലി പത്തും ഇരുപതും കുറക്കണം എന്നും പറഞ്ഞ് ചിലർ ശബ്ദത്തോടെ വിലപേശുന്നുമുണ്ട്.
'നമസ്‌തേ ജി' എന്നു പറഞ്ഞ് എന്റെ അടുത്തേക്കും ഒരു ഓട്ടോക്കാരൻ വന്നു. വാതകദുരന്തം നടന്ന സ്ഥലത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോൾ മീറ്റർ ചാർജ്ജിന് പോകാം എന്ന ധാരണയിലെത്തി. നഗരത്തിന്റെ പരിഷ്‌കാരങ്ങൾ ഒന്നും എവിടെയുമില്ല. മിക്കവരും സാധാരണ ജീവിതം നയിക്കുന്ന നാടാണെന്ന് ആദ്യ കാഴ്ചയിലേ വ്യക്തം.
മുന്നോട്ടുപോകുംതോറും നഗര തിരക്ക് പാടേ അപ്രത്യക്ഷമായി. തിരക്കില്ലാത്ത ചെറിയ കവലകളും, കൂട്ടമായി ആളുകൾ താമസിക്കുന്ന ഗലികളും പിന്നിട്ട് ഓട്ടോ മുന്നോട്ട്.
റാം കിഷൻ പറഞ്ഞത്...
മുന്നോട്ട് പോകും തോറും ഭയവും, സങ്കടവും കൂടി ശരീരം ആസകലം വിറച്ചുതുടങ്ങി. പരിചിതമുഖങ്ങൾ പലതും റോഡരികിൽ മരിച്ചുകിടക്കുന്നു. നെഞ്ചുപൊട്ടി വീണുപോകും എന്ന അവസ്ഥയിൽ വീട്ടിലേക്ക് ഓടിക്കയറി.
തിരക്കൊഴിഞ്ഞ വഴിയിലേക്ക് കടന്നപ്പോൾ ഓട്ടോഡ്രൈവർ നേരിയ ആകാംഷയോടെ സംസാരിക്കാൻ തുടങ്ങി. ആരാണെന്നും, എന്തിനാണ് അവിടെ പോകുന്നത് എന്നുമായിരുന്നു അറിയേണ്ടിയിരുന്നത്. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ഉടൻ മറുപടി വന്നു, 'ഞാൻ റാംകിഷൻ ആണ് സർ'.
മറു ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ അദ്ദേഹം പറഞ്ഞു തുടങ്ങി. ഫാക്ടറിക്ക് എതിർവശത്തെ ഗലിയിൽ ആയിരുന്നത്രെ റാംകിഷനും കുടുംബവും താമസിച്ചിരുന്നത്. ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ ഡൽഹിയിൽ പച്ചക്കറി കച്ചവടം നടത്തുന്ന അച്ഛന്റെ സഹോദരന്റെ അടുത്തേക്ക് പോയതാണ്. ദീപാവലിക്കും ഹോളിക്കും മാത്രമാണ് വീട്ടിൽ വരാറ്. അതുകൊണ്ടുതന്നെ അപകടം നടക്കുന്ന സമയത്ത് അദ്ദേഹം ഡൽഹിയിലായിരുന്നു.
'പിറ്റേന്ന് വന്ന് പത്രത്തിൽ നോക്കിയതും കണ്ണിൽ ഇരുട്ടുകയറി. ഏറെനേരം കഴിഞ്ഞാണ് ബോധം കിട്ടിയത്. പിന്നീട് എത്രയും പെട്ടെന്ന് വീട്ടിലെത്താൻ ഓട്ടമായിരുന്നു. പ്രായമായ അച്ഛന്റെയും അമ്മയുടെയും കുഞ്ഞനുജത്തിയുടെയും മുഖങ്ങൾ മാറിമാറി മനസ്സിൽ തെളിഞ്ഞു. ഓർമ കനക്കുന്നതിനനുസരിച്ച് തലയിലേക്ക് ഇരുട്ട് കയറി വന്നു. ഭോപ്പാലിലൂടെ പോകുന്ന ഏതോ ട്രെയിനിൽ കയറിപ്പറ്റി. മണിക്കൂറുകൾ യുഗങ്ങൾ പോലെ കടന്നുപോയി. അപകടത്തിന്റെ പിറ്റേന്ന് രാത്രിയാണ് എത്തിയത്. എങ്കിലും പോലീസ് കടത്തിവിട്ടില്ല. പുലർന്നശേഷമാണ് മറ്റുള്ളവർക്കൊപ്പം കടത്തിവിട്ടത്, അതും അപകടമാണെന്ന മുന്നറിയിപ്പോടെ. കാരണം, അപ്പോഴും അപകട സാധ്യത ഉണ്ടായിരുന്നത്രെ.
വിഷവാതകം ശ്വസിച്ച് ജീവൻ വെടിഞ്ഞവരെ പൊലീസും ആരോഗ്യ പ്രവർത്തകരും ആംബുലൻസിൽ കയറ്റുന്നതാണ് ആദ്യം കണ്ടത്. മുന്നോട്ട് പോകും തോറും ഭയവും, സങ്കടവും കൂടി ശരീരം ആസകലം വിറച്ചുതുടങ്ങി. പരിചിതമുഖങ്ങൾ പലതും റോഡരികിൽ മരിച്ചുകിടക്കുന്നു. നെഞ്ചുപൊട്ടി വീണുപോകും എന്ന അവസ്ഥയിൽ വീട്ടിലേക്ക് ഓടിക്കയറി. വാതിൽ ചവിട്ടിതുറന്ന് നോക്കിയപ്പോൾ ഒറ്റമുറി വീട്ടിൽ പ്രിയപ്പെട്ടവർ ചലനമറ്റുകിടക്കുന്നു...'
കണ്ണുതുടച്ച് റാംകിഷൻ ഓട്ടോ റോഡരികിലേക്ക് ഒതുക്കി. എതിർവശത്തേക്ക് വിരൽചൂണ്ടി അദ്ദേഹം പറഞ്ഞു; 'അതാണ് മരണഫാക്ടറി'. മീറ്ററിൽ കണ്ട തുക കൊടുത്ത് ഇറങ്ങിയപ്പോൾ എത്രയെന്ന് പോലും ശ്രദ്ധിക്കാതെ കീശയിലേക്കിട്ടു.
റാംകിഷൻ നിറകണ്ണുകളോടെ തിരിച്ചുപോയി... ആ മനസ്സിന്റെ നീറ്റൽ എന്റെ കണ്ണുകളിലുണ്ടായിരുന്നു.
യൂണിയൻ കാർബൈഡ്, ഒരു അസ്ഥിപഞ്ജരം
undefined
വിഷവാതകം ഇരച്ചു കയറിയ ജെ.പി നഗറിലാണ് നിൽക്കുന്നതെന്ന് മനസ്സിലായത് തൊട്ടടുത്ത ദുരന്ത സ്മാരകം കണ്ടപ്പോഴാണ്. കൈക്കുഞ്ഞിനെ സാരിയിൽ പൊതിഞ്ഞു പിടിച്ച് കരയുന്ന അമ്മയുടെ ഒറ്റക്കൽ ശിൽപമായിരുന്നു അത്.
എതിർവശത്ത് അമേരിക്കൻ കമ്പനിയുടെ അസ്ഥിപഞ്ചരം നിശ്ചലം. കാടുപിടിച്ചു കിടക്കുന്ന പാഴ്മരങ്ങളാണ് 70 ഏക്കറോളമുള്ള യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ പുറംകാഴ്ച. ദൂരെ ദ്രവിച്ചു വീഴാറായ വാതകക്കുഴലുകൾ. അവയിലൂടെയാണ് അനിയന്ത്രിതമായി വിഷവാതകം പുറത്തെത്തിയത്.
ഒരാൾ പൊക്കത്തിലുള്ള വലിയ ചുറ്റുമതിലിനുള്ളിൽ ഫാക്ടറിക്ക് ശക്തമായ പൊലീസ് സുരക്ഷ. മതിലിനുപുറത്ത് നിറയെ മുദ്രവാക്യങ്ങളാണ്. ഭരണകൂടങ്ങൾ എങ്ങനെയാണ് അവിടുത്തെ ജനതയെ വിറ്റ് പണമാക്കിയതെന്ന് കരിക്കട്ടകൊണ്ടുവരെ ആ മതിലുകളിൽ എഴുതിവെച്ചിട്ടുണ്ട്.
വിഷപ്പുകക്കുമേൽ വളർന്ന സ്വപ്നങ്ങൾ
അമേരിക്കൻ കമ്പനിയുടെ ലാഭക്കണ്ണ് പതിയുന്നതുവരെ ഭോപ്പാലും മറ്റേതൊരു ഇന്ത്യൻ ഗ്രാമത്തിന് സമാനമായിരുന്നു. കർഷകരും റിക്ഷാവലിക്കാരും ചെറുകച്ചവടക്കാരുമായിരുന്നു ഭൂരിഭാഗവും. അതിലുപരി, പ്രകൃതിരമണീയമായ പ്രദേശം കൂടിയായിരുന്നു. ഇന്ത്യയുടെ തടാകനഗരമാണ് ഭോപ്പാൽ. അത്രമേൽ ഭൂപ്രകൃതിയാൽ സമ്പുഷ്ടം.
അപകട സമയത്ത് മൂന്ന് ഭീമൻ ടാങ്കുകളിൽ 42 ടൺ മീഥൈൽ ഐസോസൈനേറ്റ് ശേഖരം ഉണ്ടായിരുന്നു. പൂജ്യം ഡിഗ്രി സെൽഷ്യസിൽ അതീവ ശ്രദ്ധയോടെ സൂക്ഷിക്കേണ്ട രാസവസ്തുവാണിത്. എന്നാൽ, താപനില ക്രമീകരിക്കാൻ ശീതീകരണ സംവിധാനം ഇല്ലായിരുന്നു.
എന്നാൽ, 1969ൽ ഭീമൻ ടാങ്കുകളും അസംസ്‌കൃത വസ്തുക്കളുമായി വന്ന യൂണിയൻ കാർബൈഡ് നാടിന്റെ തലവര മാറ്റി. തുടക്കത്തിൽ അത്യപൂർവം പേർക്കാണ് അപകട സാധ്യതയെക്കുറിച്ച് ധാരണ ഉണ്ടായിരുന്നത്. എന്നാൽ, എതിർപ്പുകളെ കമ്പനി പണം വാരിയെറിഞ്ഞ് നിശ്ശബ്ദമാക്കി. ജോലിയും വാഗ്ദാനങ്ങളും നൽകി കുറച്ചു പേരെയെങ്കിലും വരുതിയിലാക്കാനും സാധിച്ചു. പ്രവർത്തനം ആരംഭിച്ചതോടെ റോഡുകൾ വികസിച്ചു, കച്ചവടം കൂടി. ഗ്രാമം പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.
ഫാക്ടറിക്കകത്തെ സ്ഥിതി മറ്റൊന്നായിരുന്നു. തുടക്കത്തിൽ തന്നെ വൻതോതിൽ കാർബറിൻ എന്ന രാസവസ്തു ഉൽപാദനം തുടങ്ങി. ആവശ്യമായ സുരക്ഷാ സജ്ജീകരം ഉണ്ടായിരുന്നില്ല. സാധാരണ പ്ലാന്റുകൾക്ക് ആവശ്യമായ ക്രമീകരണം മാത്രം. വളരെ പെട്ടെന്ന് വൻലാഭം കൊയ്യാൻ സാധിച്ചതോടെ കമ്പനി അടുത്ത ഘട്ടത്തിലേക്ക് കടന്നു.
1979ഓടെ മീഥൈൽ ഐസോസൈനേറ്റ് കൂടി ഉൽപാദിപ്പിക്കാൻ തുടങ്ങി. അപകട സമയത്ത് മൂന്ന് ഭീമൻ ടാങ്കുകളിൽ 42 ടൺ മീഥൈൽ ഐസോസൈനേറ്റ് ശേഖരം ഉണ്ടായിരുന്നു. പൂജ്യം ഡിഗ്രി സെൽഷ്യസിൽ അതീവ ശ്രദ്ധയോടെ സൂക്ഷിക്കേണ്ട രാസവസ്തുവാണിത്. എന്നാൽ, താപനില ക്രമീകരിക്കാൻ ശീതീകരണ സംവിധാനം ഇല്ലായിരുന്നു. ഇതുമൂലമാണ് അപകടം അത്ര ഭീകരമായത്.
വിഷവാതകങ്ങൾ വിഴുങ്ങിയ നഗരം
കാർബറിൻ നിർമാണത്തിന് മറ്റൊരു ടാങ്കിൽ നിന്ന് മീഥൈൽ ഐസോസൈനേറ്റ് എത്തിക്കുന്ന പൈപ്പ് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം. രാത്രിയോടെ ജീവനക്കാർ കൂറ്റൻ പൈപ്പിലേക്ക് വെളളം അടിച്ച് വൃത്തിയാക്കുകയായിരുന്നു. അതിനിടെ വെള്ളത്തിന് ശക്തി കൂടിയത് അവർക്ക് തിരിച്ചറിയാനായില്ല.
തൽഫലമായി, ശക്തിയായി വന്ന വെള്ളം പൈപ്പിലെ അവശിഷ്ടങ്ങൾക്കൊപ്പം മീഥൈൽ ഐസോസൈനെറ്റ് ടാങ്കിലേക്ക് ചോർന്നിറങ്ങി. ജലവും മീഥൈൽ ഐസോസൈനേറ്റും കലർന്നതോടെ നിമിഷനേരം കൊണ്ട് ടാങ്കിൽ രാസപ്രവർത്തനം നടക്കാൻ തുടങ്ങി.
പൂജ്യം ഡിഗ്രി സെൽഷ്യസിൽ താപനില കൂടാതെ ക്രമീകരിക്കേണ്ട ടാങ്ക് 200 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. സംഭരണിയിലെ മർദ്ദം താങ്ങാവുന്നതിലും അധികമായി. മറ്റൊരു ടാങ്കിലേക്ക് എത്രയും വേഗം രാസപദാർത്ഥങ്ങൾ മാറ്റുക എന്നതുമാത്രമായിരുന്നു സാധ്യമായ വഴി. എന്നാൽ അതിന് യാതൊരു സംവിധാനവും സജ്ജമല്ലായിരുന്നു. രാസപ്രവർത്തനത്തിന്റെ ഫലമായി മർദ്ദം അസ്വാഭാവികമായി ഉയർന്നുകൊണ്ടിരുന്നു.
കുരുതി കഴിഞ്ഞ ശരീരങ്ങളെ ദഹിപ്പിച്ച ശ്മശാനം നടത്തിപ്പുകാരനായ ശിവചരൺപുരി പറഞ്ഞത്, തന്റെ ശരീരവും ഇവിടെത്തന്നെ ദഹിപ്പിക്കണം, അല്ലെങ്കിൽ തനിക്ക് മോക്ഷം ലഭിക്കില്ല എന്നായിരുന്നു.
അത്തരം സാഹചര്യങ്ങളിൽ സ്വയംതുറന്ന് വാതകം പുറന്തള്ളുന്ന സംവിധാനം മാത്രമായിരുന്നു പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നത്. അതുതന്നെ സംഭവിച്ചു. ആകാശത്തേക്ക് ലക്ഷ്യംവെച്ചു നിർമിച്ച വാതകക്കുഴലുകൾ താനേ തുറന്നു. അവസാന സാധ്യതയായ അത്തരം വാതകക്കുഴലുകൾക്കുപോലും രാസപ്രവർത്തനം തടയാൻ കഴിയുമായിരുന്നു.
എന്നാൽ, ഫാക്ടറിയിലെ വാതകക്കുഴലുകൾ ഒന്നും രാസപ്രവർത്തനം തടയാനുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല നിർമിച്ചത്. ആകാശത്തേക്ക് തുറന്ന കുഴലിലൂടെ വൻതോതിൽ കാർബൺ മൊണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, ഓസ്റ്റിൻ, ഹൈഡ്രജൻ സയനൈഡ് എന്നിവക്കൊപ്പം മീഥൈൽ ഐസോസൈനേറ്റും പുറത്തുവന്നു.
ഡിസംബറിലെ തണുപ്പുള്ള കാറ്റിനൊപ്പം ഭോപ്പാലിനുമീതെ വിഷവാതകങ്ങൾ പരന്നൊഴുകി. അതിശൈത്യത്തിലാണ്ടു കിടക്കുകയായിരുന്ന ഗ്രാമത്തെ നിമിഷനേരംകൊണ്ട് വിഷപ്പുക മൂടി. അപായസൈറൺ വലിയ ശബ്ദത്തിൽ മുഴങ്ങിയെങ്കിലും വിഷവാതകം ശബ്ദത്തിന് മുമ്പേ വീടുകളിൽ എത്തിയിരുന്നു. പുലർച്ചെയോടെ നാടാകെ വിഷമയമായി. ജനലിനും വാതിലിനും ഉള്ളിലൂടെ വാതകം അരിച്ചുകയറി. വായുവിൽ പൂർണമായും കലർന്നു. അതോടെ, ഓരോ ശ്വാസത്തിനൊപ്പവും വിഷപ്പുക ശരീരത്തിനുള്ളിൽ നിറഞ്ഞു.
ശ്വാസ നാളിയിലെ എരിച്ചിലോടെ ചുമച്ചുകൊണ്ടാണ് ഗ്രാമീണർ കണ്ണുതുറന്നത്. മിക്കവരും ശ്വാസംമുട്ടിയും ചുമച്ചും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പുറത്തേക്കോടി. അടുത്തനിമിഷം കണ്ണിൽ ഇരുട്ടുകയറാൻ തുടങ്ങി. മിക്കവരുടെയും കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. അവർ പരസ്പരം കൂട്ടിയിടിച്ചും മറിഞ്ഞുവീണും റോഡുകളിൽ പരന്നുകിടന്നു. വേദനയുടെ കടലാഴങ്ങൾ അനുഭവിച്ചാണ് ഓരോ മനുഷ്യന്റെയും ജീവൻ പോയത്.
ചിലർ കാഴ്ച നഷ്ടപ്പെടും മുമ്പ് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറിയെങ്കിലും എന്താണ് സംഭവിച്ചത് എന്നറിയാതെ അവരും കൈമലർത്തി. മരിക്കാനുള്ള ഒരിടം മാത്രമായിരുന്നു അന്ന് ആശുപത്രികൾ. കിലോമീറ്ററുകൾ അപ്പുറമുള്ള റെയിൽവെ സ്‌റ്റേഷനിലേക്കുപോലും വിഷവാതകമെത്തിയിരുന്നു. ആറു കിലോമീറ്ററിൽ വിഷവാതകം മരണം കൊയ്യുകയായിരുന്നു.
ചോർച്ചയുണ്ടായി മണിക്കൂറുകൾക്കകം മരിച്ചുവീണത് 3587 പേരാണ്. ഒരു മാസത്തിനിടെ മരണസംഖ്യ പതിനായിരത്തോളമായി. പുലർച്ചെ നാലു മണിയോടെ മാത്രമാണ് വാതകചോർച്ച നിർത്താൻ സാധിച്ചത്. മനുഷ്യ ജീവനേക്കാൾ വലുതായി ലാഭത്തെ കണ്ടിരുന്ന യൂണിയൻ കാർബൈഡ് കമ്പനി അപ്പോഴേക്കും ആ ഗ്രാമത്തെ ശ്മാശാനമാക്കിയിരുന്നു.
തലമുറകളിലേക്ക് പടർന്ന വിഷം
ഭരണകൂടവും പൊലീസും പ്രാധാന്യത്തോടെ ചെയ്ത ജോലി ചോള റോഡ് ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ എത്തിക്കലായിരുന്നു. ഭോപ്പാലിലെ ഡോ.സത്യനാഥ് സാരംഗി പറഞ്ഞത്, ഒരു സർക്കാർ അന്നവിടെ ഉണ്ടായിരുന്നില്ല എന്നാണ്. ദുരിതം മാത്രം ബാക്കിവെച്ച് കാലം കടന്നുപോയി.
ദുരന്തം നടന്നിട്ട് 36 വർഷം പിന്നിടുന്നു. അതിനിടെ, ജീവനറ്റുപോയത് 25,000- 30,000 മനുഷ്യരാണ്. കൃത്യമായ മരണസംഖ്യപോലും ഭരണ കൂടത്തിന്റെ കൈയിലില്ലാത്തതും ഇതിനു പുറകിലെ ഗൂഢാലോചനയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ചോള ശ്മശാനത്തിൽ ഒരേസമയം എരിഞ്ഞടങ്ങിയത് ആയിരങ്ങളാണ്. കുരുതി കഴിഞ്ഞ ശരീരങ്ങളെ ദഹിപ്പിച്ച ശ്മശാനം നടത്തിപ്പുകാരനായ ശിവചരൺപുരി പറഞ്ഞത്, തന്റെ ശരീരവും ഇവിടെത്തന്നെ ദഹിപ്പിക്കണം, അല്ലെങ്കിൽ തനിക്ക് മോക്ഷം ലഭിക്കില്ല എന്നായിരുന്നു.
കാൻസർ, ശ്വാസതടസം, വിട്ടുമാറാത്ത ചുമ, വിഷാദം, തളർച്ച, ക്ഷയം ഇതെല്ലാം സ്വാഭാവിക അസുഖങ്ങളാണ് ദുരന്തം ബാക്കിയാക്കിയവർക്ക്. സാമൂഹിക പ്രശ്നങ്ങളും അതിരറ്റതാണ്. വിവാഹം അപൂർവമായി മാത്രമാണ് നടക്കുന്നത്. വർഷങ്ങളുടെ ചികിത്സക്കുശേഷമാണ് അമ്മയാകാൻ സാധിക്കുക. ദുരിതം അപ്പോഴും അവസാനിക്കുന്നില്ല. മാരകരോഗങ്ങളുമായാണ് ഓരോ കുഞ്ഞിന്റെയും ജനനം. സെറിബ്രൽ പൾസി, മസ്‌കുലർ ഡിസ്‌ട്രോഫി എന്നിങ്ങനെയുള്ള രോഗങ്ങളുമായാണ് ഓരോ കുട്ടിയും പിറക്കുന്നത്. രണ്ടു ലക്ഷത്തോളം പേർ നിത്യരോഗികളായി. അഞ്ചു ലക്ഷത്തോളം പേരെ ദുരന്തം പ്രത്യക്ഷത്തിൽ ബാധിച്ചു.
മരണവ്യാപാരിയുടെ അന്ത്യം
ദുരന്തം നടന്ന് നാലുദിവസങ്ങൾക്കുശേഷമാണ് യൂണിയൻ കാർബൈഡ് ചെയർമാൻ വാറൻ ആൻഡേഴ്‌സനെ അറസ്റ്റുചെയ്യാൻ പോലും ഭരണകൂടം തയ്യാറായത്. അന്ന് വൈകീട്ടുതന്നെ 25,000 രൂപ ആൾജാമ്യത്തിന് അദ്ദേഹം പുറത്തിറങ്ങി. ഉടൻ, സ്വകാര്യ വിമാനത്തിൽ അമേരിക്കയിലേക്ക് പറന്നു, പിന്നീട് ഇയാളെ ഇന്ത്യ കണ്ടിട്ടില്ല. നിരവധി തവണ കോടതി സമൻസ് അയച്ചെങ്കിലും അദ്ദേഹത്തിന്റെ പണക്കൊഴുപ്പിനുമുകളിൽ എല്ലാ സംവിധാനങ്ങളും വിധേയരായി.
2010ൽ വാറൻ ആൻഡേഴ്‌സൻ ഉൾപ്പെടെ ഏഴുപേരാണ് കൂട്ടക്കുരുതിക്ക് കാരണമെന്ന് കോടതി വിധിച്ചു. 2000 ഡോളർ പിഴയും രണ്ടു വർഷം തടവുമായിരുന്നു ശിക്ഷ. എന്നാൽ, അതൊന്നും മരണവ്യാപാരിയായ വാറൻ ആൻഡേഴ്‌സനെ തൊട്ടില്ല. അദ്ദേഹം ഒരിക്കൽ പോലും ഇന്ത്യയിലേക്ക് വന്നില്ല. 2014ൽ അദ്ദേഹം മരിച്ചു എന്ന വാർത്തയോടെ ആ അധ്യായം എരിഞ്ഞടങ്ങി.
അനീതിയുടെ മഹാചരിത്രം
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മനുഷ്യവിരുദ്ധ ഇടപെടലിന് മികച്ച ഉദാഹരണമാണ് ഭോപ്പാൽ ദുരന്തം. ഭരണാധികാരികളുടെ വഞ്ചനയുടെ ചരിത്രം കൂടിയാണത്. കൊടിനിറത്തിനപ്പുറം രാഷ്ട്രീയകഴുകന്മാർ ഒന്നായി പണക്കൊഴുപ്പിനുമുന്നിൽ ജനതയെ വിൽക്കുകയായിരുന്നു.
ഇരകളെ ഇത്രമേൽ വിൽക്കാൻ ഭരണകൂടങ്ങൾ ധൈര്യം കാണിച്ചതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്- ദുരന്തത്തിനിരയായവരിൽ 58% മുസ്‌ലിംകളും 30% ദലിതുകളുമാണ്.
നഷ്ടപരിഹാരമായി കിട്ടിയ കോടികൾ അവർ പങ്കിട്ടെടുത്തു. സകലതും നഷ്ടപ്പെട്ട മനുഷ്യർക്ക് 25,000 രൂപ മാത്രമാണ് ലഭിച്ചത്. അതും, നിരന്തര പ്രതിഷേധങ്ങൾക്കുശേഷം. ദിവസങ്ങൾ നീണ്ട ട്രെയിൻ ഉപരോധം വരെ നടത്തേണ്ടിവന്നു. ദുരിതബാധിതരെ കച്ചവടം നടത്തിയതിൽ കോൺഗ്രസിനും, ബി.ജെ.പിക്കും ഉള്ള പങ്ക് പകൽപോലെ വ്യക്തമാണ്.
അത്രമേൽ മനുഷ്യക്കുരുതി നടത്തിയിട്ടും യൂണിയൻ കാർബൈഡ് പേരുമാറ്റി ഡൗ കെമിക്കൽസ് എന്ന പേരിൽ ഇന്ത്യൻ വിപണിയിൽ സജീവമാണെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ഡൗ കെമിക്കൽസിന് നിയമസഹായം നൽകുന്നത് കോൺഗ്രസ് നേതാവായ അഭിഷേക് സിങ്വി ആണെന്നതുകൂടി ചേർത്തുവായിക്കണം. ഡൗ കെമിക്കൽസിന്റെ ഇപ്പോഴത്തെ മേധാവിയായ ആൻഡ്രു ലിവറസിനെ ആലിംഗനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ചർച്ച ചെയ്യപ്പെട്ടതാണ്. നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾ എത്രമേൽ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നതിന് മികച്ച ഉദാഹരണം കൂടിയാണ് ഭോപ്പാൽ ദുരന്തം.
ജീവിതം അനാഥമായവർ തെരുവിൽ നീതിക്ക് പോരാട്ടം നടത്തുമ്പോൾ കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശ് പറഞ്ഞത്, 110 കോടി രൂപ മുടക്കി ദുരന്ത സ്മാരകം നിർമ്മിക്കും എന്നാണ്.
ജീവിച്ചിരിക്കുന്ന മനുഷ്യർ തന്നെയാണ് ദുരന്ത സ്മാരകങ്ങൾ എന്ന് രാഷ്ട്രീയ ജീവികൾക്ക് 36 വർഷത്തിനിപ്പുറവും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അവർക്ക് വേണ്ടത് പൂർണ പുനരധിവാസമാണ്.
കാരണം, ഗ്രീൻപീസ് റിപ്പോർട്ട് പ്രകാരം 200 ടൺ വിഷമാലിന്യമാണ് കമ്പനിയിൽ കുഴിച്ചുമൂടിയത്. മണ്ണിലേക്കിറങ്ങിയ വിഷമാലിന്യങ്ങൾ ശുദ്ധജലത്തിലാകെ കലർന്നിട്ടുണ്ട്. ഇപ്പോഴും പാതിജീവനുമായി ജനിക്കുന്ന കുട്ടികൾ അത് അടിവരയിടുന്നു.
ഇരകളെ ഇത്രമേൽ വിൽക്കാൻ ഭരണകൂടങ്ങൾ ധൈര്യം കാണിച്ചതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്- ദുരന്തത്തിനിരയായവരിൽ 58% മുസ്‌ലിംകളും 30% ദലിതുകളുമാണ്.
ഫാക്ടറിക്കുമുകളിൽ ഇരുട്ട് കനത്തുവരികയാണ്. തിരിച്ചുപോകാൻ ഓട്ടോയിൽ കയറുമ്പോൾ കാലം പോലും നിശ്ചലമായ ആ ദിവസം മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു. ഇരകൾ എന്ന പ്രയോഗം പോലും പ്രഹസനമാണ്, കണ്ടുതീർത്ത ജീവിതങ്ങൾക്കുമുന്നിൽ. ഓരോ മനുഷ്യരുടെയും കണ്ണുകളിലെ ദൈന്യത ഉറക്കെ പറയുന്നുണ്ട്, അനീതിയുടെ മഹാചരിത്രം.