യു.കെ. പാർലിമെന്റിന് അഭിമുഖമായി 2015-ൽ ലണ്ടനിൽ സ്ഥാപിച്ച ബസവണ്ണയുടെ അർദ്ധകായക പ്രതിമ / Photo: Wikimedia Commons

വചനം, എഴുത്തിലെ വിപ്ലവകാലം

ബസവണ്ണയുടെ ചോദ്യങ്ങളും ​പോയിൻറ്​ ബ്ലാങ്കിലേക്കുള്ള വെടിയുണ്ടകളും- 3

രാജാപദാനങ്ങൾക്കും പുരാണേതിഹാസ കഥാപാത്രങ്ങൾക്കും അത്ഭുതകൃത്യങ്ങൾക്കും പകരം വചനകവികൾ എഴുത്തിനെ ജനസഞ്ചയജീവിതത്തിന്റെ ഭാഗമാക്കി. ജീവിതത്തിന്റെ നാനാതുറകളിലെ മനുഷ്യർ പാട്ടു കാവ്യങ്ങൾ പാടി കന്നഡമെങ്ങും അലഞ്ഞു നടന്നു.

സവണ്ണക്കുമുമ്പും വചനമുണ്ട്. പക്ഷേ, സാമൂഹിക ജീവിതത്തിലേക്ക് വചനത്തിന്റെ മുന തിരിച്ചുവച്ചത് ബസവണ്ണയാണ്. കന്നഡ ഭാഷയിലും സാഹിത്യത്തിലും വചനം നടപ്പുരീതികളെ തിരുത്തിയെഴുതി. രാജാപദാനങ്ങൾക്കും പുരാണേതിഹാസ കഥാപാത്രങ്ങൾക്കും അത്ഭുതകൃത്യങ്ങൾക്കും പകരം വചനകവികൾ എഴുത്തിനെ ജനസഞ്ചയ ജീവിതത്തിന്റെ ഭാഗമാക്കി. വിശ്വാസത്തെയും ഭക്തിയേയും സമത്വത്തിന്റേയും, സ്വാതന്ത്ര്യത്തിന്റേയും, സാമൂഹിക നീതിയുടേയും അറിവടയാളമാക്കി മാറ്റി. ജീവിതത്തിന്റെ നാനാതുറകളിലെ മനുഷ്യർ, സ്ത്രീകളും പുരുഷൻമാരും ഹാഡുഗബ്ബകൾ (പാട്ടു കാവ്യങ്ങൾ) പാടി കന്നഡമെങ്ങും അലഞ്ഞു നടന്നു.

ക്ലാസിസിസത്തിന്റെ പറഞ്ഞു പഴകിയ ഇതിവൃത്തവഴികളിൽ നിന്ന് ജനകീയതയുടെ പാരമ്പര്യേതര വഴികളിലേക്കുള്ള കന്നഡഭാഷയുടെ പ്രയാണത്തിന്റെ തുടക്കം വചനത്തോടെയാണ്.

വചന സാഹിത്യത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന ചെരുപ്പുകുത്തിയായിരുന്ന ശരണകവി മാദര ചെന്നയ്യയും, അസ്പൃശ്യനായ ദോഹര കക്കയ്യയും, നെയ്ത്തുകാരനായ ദേവരദാസിമയ്യയും ബസവണ്ണക്കുമുമ്പ് വചനത്തെ തീവ്രമായി അനുഭവിപ്പിച്ചവരാണ്. ജാതിയേയും, ജാതിവിഭജനങ്ങളെയും സംബന്ധിക്കുന്ന സമസ്യകളെയാണ് ആദ്യകാല വചനം അഭിമുഖീകരിക്കാൻ ശ്രമിച്ചത്. ദൈവത്തെ സംബന്ധിക്കുന്ന ചോദ്യങ്ങളെക്കാളേറെ മനുഷ്യ ജീവിതത്തിന്റെ പ്രതിജനഭിന്നമായ സങ്കീർണതകളെയാണ് അവർ ആവിഷ്‌ക്കരിച്ചത്. ഗദ്യവും പദ്യവും ഇടകലർത്തിപ്പറഞ്ഞതും പാടിയതുമായ വചനങ്ങൾ ഭാഷയിലും സാഹിത്യത്തിലും പുതുചലനങ്ങൾ സൃഷ്ടിച്ചു. ഇതിനുമുമ്പ് സംഘകാല സാഹിത്യത്തിലാണ് വചനത്തിനു സമാനമായ പൊട്ടിത്തെറിക്കലുകളും വെട്ടിത്തുറക്കലുകളും നാം കാണുന്നത്.

വചനം: സാമൂഹിക- രാഷ്ട്രീയ- സാഹിത്യ പശ്ചാത്തലം

ശ്രീവിജയനെഴുതിയ കന്നഡ സാഹിത്യത്തിലെ ആദികാവ്യമായ 'കവിരാജമാർഗത്തിൻറെ' ഇംഗ്ലീഷ് പരിഭാഷ.

സി.ഇ. ഏഴാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കന്നഡയുടെ ചരിത്രം സങ്കീർണവും സംഭവബഹുലവുമാണ്. ചാലൂക്യൻമാരുടേയും, കലച്ചൂരികളുടേയും, ഹൊയ്‌സാലരാജാക്കൻമാരുടേയും ഉയർച്ചതാഴ്ചകളുടെ കാലമാണത്. കന്നഡ ഭാഷയുടേയും, സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് വിജയനഗര സാമ്രാജ്യവും, കലച്ചൂരി രാജവംശവും കാതലായ സംഭാവനകൾ നൽകി. അക്കാലത്തെ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ മധ്യകാല കന്നഡ സാഹിത്യത്തിന്റെ ഉള്ളടക്കത്തിലും, ഘടനയിലും, ആവിഷ്‌ക്കാരത്തിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കി.

കന്നഡ സാഹിത്യത്തെ പ്രാരംഭികകാലം, ചമ്പുകാലം, വീരശൈവകാലം, കുമാരവ്യാസകാലം, ആധുനികകാലം എന്നിങ്ങനെ അഞ്ചു കാലങ്ങളായി നിരൂപകർ വിഭജിക്കുന്നുണ്ട്. ലഭ്യമായ തെളിവുകൾ പ്രകാരം ശ്രീവിജയന്റെ കവിരാജമാർഗമാണ് കന്നഡ സാഹിത്യത്തിലെ ആദികാവ്യം. ദുർവിനീതിയും ഗുണനന്ദിയും അക്കാലഘട്ടത്തിലെ പ്രശസ്ത കവികളാണ്. ഗദ്യപദ്യസമ്മിശ്ര രീതിയിൽ കാവ്യങ്ങൾ രചിക്കപ്പെട്ട കാലമാണ് ചമ്പുയുഗം. രാമായണവും, മഹാഭാരതവും, പുരാണങ്ങളും കന്നഡ ഭാഷയിലേയ്‌ക്കെത്തിയ കാലമാണത്. പമ്പ, പൊന്ന, രണ്ണ എന്നിവർ കന്നഡ സാഹിത്യത്തിൽ ആഴത്തിലുള്ള അടയാളപ്പെടുത്തലുകൾ നടത്തിയ കാലഘട്ടം കൂടിയാണത്. ആന്ധ്രയിൽ നിന്നെത്തിയ പമ്പ ചാലൂക്യരാജാക്കൻമാരുടെ ആസ്ഥാന കവിയായിരുന്നു. സമൂഹത്തിന്റെ ഉയർന്ന തലങ്ങളുടെ വിനോദോപാധിയായിരുന്നു സാഹിത്യം. എഴുത്തും ഉള്ളടക്കവും പാരമ്പര്യസ്വഭാവമുള്ളതും ജാതി - മത കേന്ദ്രിതവുമായിരുന്നു. ചമ്പുകാലത്തിനുശേഷമാണ് വീരശൈവകാലം. ബസവണ്ണയുടെ വചനവിപ്ലവത്തിന്റെ കാലമാണത്. വചനമെന്ന പേരിൽ ബസവണ്ണയും ശിവശരണരും ശൈവഭക്തിയുടേയും, ഏക ദൈവ വിശ്വാസത്തിന്റെയും, ആരാധനാ സ്വാതന്ത്ര്യത്തിന്റേയും ദൃഢ പ്രഖ്യാപനങ്ങളും പ്രായോഗ സാധ്യതകളും അന്വേഷിച്ചത് വീരശൈവകാലത്താണ്. വീരശൈവ കാലത്തിനു ശേഷമുള്ള കാലം വൈഷ്ണവഭക്തിയുഗമെന്നോ, കുമാരവ്യാസയുഗമെന്നോ വിളിക്കപ്പെടുന്ന വൈഷ്ണവാശയ പ്രചാരണത്തിന്റെ കാലമാണ്. വൈഷ്ണവ ദ്വൈതമതത്തിന്റെ വക്താവായ മാധ്വാചാര്യന്റെ നേതൃത്വത്തിൽ ഹരിദാസസാഹിത്യവും, പുരന്ദരദാസന്റേയും, കുമാരവ്യാസന്റേയും, തിമ്മണ്ണയുടേയും, ചാടു വിട്ടലനാഥന്റേയും, ലക്ഷ്മീശകവിയുടെയും കൃതികളും കന്നഡഭാഷയെ നവീകരിച്ച ഘട്ടമായിരുന്നു അത്. യക്ഷഗാനത്തെ ജനകീയമാക്കിയ മുട്ടണനും സർവജ്ഞ വചനമെന്ന നീതികവിതകളെഴുതിയ സർവജ്ഞനും പാരമ്പര്യവഴികളിൽ നിന്ന്​ മാറിനടന്നവരാണ്. കന്നഡയിലെ ആധുനിക സാഹിത്യം പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ്. കഥകൾ, നോവലുകൾ, നിരൂപണം, ജീവചരിത്രം, ആത്മകഥ എന്നിങ്ങനെയുള്ള ആധുനിക സാഹിത്യരൂപങ്ങൾ വികസിച്ചത് ആധുനിക കാലഘട്ടത്തിലാണ്. കെ.വി പുട്ടണ്ണ, സീതരാമയ്യ, രാജരത്‌നം എന്നിവർ ഇക്കാലത്തെ പ്രധാന കവികളാണ്.

സീതരാമയ്യ/Photo : Wikimedia Commons

ക്ലാസിസിസത്തിന്റെ പറഞ്ഞു പഴകിയ ഇതിവൃത്തവഴികളിൽ നിന്ന് ജനകീയതയുടെ പാരമ്പര്യേതര വഴികളിലേക്കുള്ള കന്നഡഭാഷയുടെ പ്രയാണത്തിന്റെ തുടക്കം വചനത്തോടെയാണ്. സമാനതകളില്ലാത്ത സാഹിത്യ വിപ്ലവമായിരുന്നു വചനം. ഭാഷാപരമായും, വിഷയപരമായും, ആഖ്യാനപരമായും അത് കന്നഡ ഭാഷയിൽ പുതുവഴികൾ തുറന്നിട്ടു. ശിവശരണരുടെ കല്യാണയിലെ ചർച്ചാവേദിയായ അനുഭവമണ്ഡപമായിരുന്നു വചനത്തിന്റെ ആവിഷ്‌ക്കാരവേദി. അവിടെ അവർ ഒന്നിച്ചു കൂടി ആശയങ്ങളും, ചിന്തകളും നിലപാടുകളും, പങ്കുവെച്ചു. വൃത്തനിയമങ്ങൾ ബാധകമല്ലാത്ത, എന്നാൽ ചില താളങ്ങളും പ്രാസങ്ങളും നിലനിർത്തുന്ന, ചൊല്ലുകയും പാടുകയും ചെയ്യാവുന്ന കാവ്യരൂപമാണ് വചനം. അവ മിക്കവാറും സംവാദാത്മകമായിരുന്നു. കൂടലസംഗമ ദേവനോട്, ചെന്ന മല്ലികാർജ്ജുനനോട്, ഗുഹേശ്വരനോട്, രാമനാഥനോട്, സുഹൃത് രൂപത്തിൽ നടത്തുന്ന വർത്തമാനം. സങ്കീർണവും ഗഹനവുമായ ആശയങ്ങൾ പോലും ലളിതമായും . സുതാര്യമായും അവതരിപ്പിക്കുന്നതിന്റെ ചന്തം.

ബസവണ്ണ - വചനകവിതകളുടെ ശക്തിയും സൗന്ദര്യവും

അടുപ്പു കത്തുമ്പോൾ അടുത്തു നിന്നിടാം, ഉലകം കത്തുമ്പോൾ എവിടെപ്പോവും നാം? പുഴ മുഴുവനും കര കുടിക്കുമ്പോൾ വിളവുകൾ വേലി വിഴുങ്ങിത്തീർക്കുമ്പോൾ കളവു വീട്ടിന്റെയുടമ ചെയ്യുമ്പോൾ മുലപ്പാലിൻ വിഷം ശിശുവെക്കൊല്ലുമ്പോൾ പരാതിയാരോടു പറയുവാനയ്യാ?-ബസവവചനം; വിവർത്തനം - സച്ചിദാനന്ദൻ.

സൂക്ഷ്മമായ സംവേദനത്വവും വൈകാരികതയും സൂക്ഷിക്കുന്നവയാണ് ബസവണ്ണയുടെ വചനങ്ങൾ. ബുദ്ധൻ ആശയ പ്രകാശനത്തിന് നാട്ടുഭാഷയായ പാലി തെരഞ്ഞെടുത്തതു പോലെ ബസവണ്ണ സംസ്‌കൃതത്തിനു പകരം കന്നഡയെ വചനം പറയാൻ ഉപയോഗിച്ചു. വ്യാകരണത്തിന്റെ കെട്ടുപാടുകളിൽ നിന്നു ഭാഷയെ മോചിപ്പിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് അദ്ദഹം തിരിച്ചറിഞ്ഞു.

അക്ഷരങ്ങളുടെ, വായനയുടെ, എഴുത്തിന്റെ ലോകത്തുനിന്ന് ഏറെ അകലെയായിരുന്ന ജനസഞ്ചയം ഫ്യൂഡൽ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് വിശ്വാസത്തെ തെരുവുകളിലേക്കും, പൊതുവിടങ്ങളിലേക്കും പ്രസരിപ്പിച്ചു. ‘കേവലം കവിതയെഴുതുക മാത്രം ചെയ്യുന്ന കവിയല്ല ബസവണ്ണ. പ്രകൃതി സൗന്ദര്യം വർണിക്കുന്നതിൽ തല്പരനുമല്ല. അദ്ദേഹത്തിന്റെ കവിത ജീവിതത്തിന്റെ കവിതയാണ്. ജീവിതസൗന്ദര്യംതന്നെ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കവിതയായി രചിക്കപ്പെട്ടു. അദ്ദേഹം രചിച്ചത് അന്തരാത്മാവിന്റെ സൗന്ദര്യമാണ്'.
(ബസവണ്ണ - ജീവചരിത്രം - തിപ്പെരുദ്രസ്വാമി).

സഹജീവി സ്‌നേഹത്തിന്റേയും, വിനയത്തിന്റേയും, വാത്സല്യത്തിന്റേയും അഭയമുദ്രകളാണ് ബസവവചനങ്ങൾ.
ഒരു വചനത്തിൽ ബസവണ്ണ പറയുന്നു:

മൊഴിഞ്ഞാൽ മുത്തുഹാരം പോലെ വേണം മൊഴിഞ്ഞാൽ മാണിക്യദീപ്തി പോലെ വേണം മൊഴിഞ്ഞാൽ സ്ഥടികശലാക പോലെ വേണം മൊഴിഞ്ഞാൽ ലിംഗം വാഴ്ത്തി അതെയതെ -യെന്നു മൊഴിയണം പറച്ചിലും പെരുമാറ്റവും ഒന്നല്ലെങ്കിൽ കൂടലസംഗമദേവൻ എങ്ങനെ കനിയും അയ്യാ-ബസവ വചനം; വിവർത്തനം - ഡി.വിനയചന്ദ്രൻ.

​ഹിന്ദുമതത്തിൽ നിന്ന്​ തീർത്തും ഭിന്നമായ അസ്തിത്വമുള്ള, മറ്റൊരു മതമായി പരിഗണിക്കേണ്ട ജീവിതപദ്ധതിയെയാണ് ഹിന്ദുയിസവുമായി സമീകരിച്ച് ആഗിരണം ചെയ്യാൻ പൊളിറ്റിക്കൽ ഹിന്ദുത്വം നിരന്തരമായി ശ്രമിക്കുന്നത്.

ഉപമകളും, പഴഞ്ചൊല്ലുകളും, നാട്ടുവഴക്കങ്ങളും, ബിംബകല്പനകളും ബസവണ്ണയുടെ വചനങ്ങളെ സാമാന്യ ജനവിഭാഗങ്ങളോട് അടുപ്പിക്കുന്നു. ശിവ ശരണരുടെ യോഗാത്മക ദർശനങ്ങളായ ഷഡ്സ്ഥലയും, പഞ്ചാചാരവും അഷ്ടാവരണവും വചനങ്ങളിൽ ലളിതമായി ആവിഷ്‌ക്കരിക്കപ്പെടുന്നു. കവിതയും ജീവിതവും ദർശനവും ഇഴപിരിയാതെ കിടക്കുന്ന സാകല്യം .

വചനകാരുടെ അടയാളമുദ്രകൾ സമർപ്പിതമായി ഉൾച്ചേർക്കപ്പെട്ടതാണ് ഓരോ വചനവും. ബസവണ്ണയ്ക്ക് കൂടലസംഗമദേവൻ, അക്കമഹാദേവിയ്ക്ക് ചെന്നമല്ലികാർജ്ജുനൻ, അല്ലമപ്രഭുവിന് ഗുഹേശ്വരൻ, ചെന്നബസവയ്ക്ക് കൂടലചെന്നസംഗമദേവൻ, അങ്ങനെ ശൈവഭക്തിയുടെ പ്രാദേശിക രൂപങ്ങൾ അങ്കിതനാമമായി വചനങ്ങളിൽ നിറയുന്നു. വിവിധ പേരുകളിൽ വിളിച്ച് ആരാധിച്ചിരുന്ന തദ്ദേശീയ ഗോത്രദൈവങ്ങളാണ് പിൽക്കാലത്ത് ആര്യവത്ക്കരണത്തിലൂടെ ഹിന്ദുമതത്തിന്റെ ഭാഗമായിത്തീർന്നത്. ഭക്തി പ്രസ്ഥാനകാലഘട്ടത്തിൽ, ശൈവാരാധനയുടെ പ്രഭവകാലത്ത് ഇത്തരം പ്രാദേശിക ദൈവങ്ങളെല്ലാം ഒരൊറ്റ ദൈവത്തിലേക്ക്, ശിവനിലേക്ക് ആഗിരണം ചെയ്യപ്പെട്ടു. ബസവണ്ണയ്ക്കൊപ്പം അക്കമഹാദേവിയും, പ്രഹേളികാപരമായ വചനങ്ങളിലൂടെ അല്ലമപ്രഭുവും, ബസവണ്ണയുടെ സഹോദരി അക്കനാഗമ്മയുടെ മകൻ ചെന്നബസവയും, ജാതിയിൽ ഉയർന്നവരും താഴ്ന്നവരുമായ മൂന്നൂറിലധികം വചനകവികളും ചേർന്ന് വചനത്തെ ലിംഗായത്തുകളുടെ/ ബസവ മതത്തിന്റെ മൗലിക സാഹിത്യ പ്രസ്ഥാനമായി മാറ്റുകയുണ്ടായി. അതാകട്ടെ ഹിന്ദുമതം മുന്നോട്ടുവയ്ക്കുന്ന ദർശനപദ്ധതികളിൽ നിന്നുള്ള പ്രകടമായ വ്യതിയാനവുമായിരുന്നു.

സൂക്ഷ്മമായ സംവേദനത്വവും വൈകാരികതയും സൂക്ഷിക്കുന്നവയാണ് ബസവണ്ണയുടെ വചനങ്ങൾ./Photo : Wikimedia Commons

വചനം പറയുന്നത് വൈദിക വിരുദ്ധ രാഷ്ട്രീയം

വചനം വേദ ശാസ്ത്ര ഉപനിഷത് സ്മൃതി ദർശനങ്ങളെയാകെ നിരാകരിക്കുന്നു. വർണാശ്രമധർമ്മങ്ങളിലൂന്നിയ ജാതിവ്യവസ്ഥയെ തിരസ്‌ക്കരിക്കുന്നു. പുണ്യ പാപസങ്കല്പങ്ങളെയും സ്വർഗനരകങ്ങളെയും നിഷേധിക്കുന്നു. ക്ഷേത്രകേന്ദ്രീകൃത ആരാധനയ്ക്കു പകരം ആരാധനയുടെ വ്യക്തിഗതസ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുന്നു. വരേണ്യ ന്യൂനപക്ഷത്തിന്റെ ഭാഷയ്ക്കു പകരം കന്നഡയിൽ സംസാരിക്കുന്നു. ആണെന്നോ, പെണ്ണെന്നോ, അന്തണനെന്നോ, അനാര്യനെന്നോ ഭേദമില്ലാതെ സഹജീവിസ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ദർശനമായി മാറുന്നു.
ബസവണ്ണയും ലിംഗായതരും ഹിന്ദുമതത്തെ സമ്പൂർണമായി തള്ളിക്കളയുകയും എതിർക്കുകയും ചെയ്തു. ഹിന്ദുമതത്തിൽ നിന്ന്​ തീർത്തും ഭിന്നമായ അസ്തിത്വമുള്ള, മറ്റൊരു മതമായി പരിഗണിക്കേണ്ട ജീവിതപദ്ധതിയെയാണ് ഹിന്ദുയിസവുമായി സമീകരിച്ച് ആഗിരണം ചെയ്യാൻ പൊളിറ്റിക്കൽ ഹിന്ദുത്വം നിരന്തരമായി ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്ന ഘട്ടത്തിൽത്തന്നെ പ്രത്യേക മതപദവിയ്ക്കായി അവർ ആവശ്യമുന്നയിച്ചിരുന്നു. ഹിന്ദുആശയഗതികൾക്കെതിരായി ഉയർന്നുവന്ന ബുദ്ധ,ജൈന, സിഖ് മതങ്ങളെ പ്രത്യേക മതങ്ങളായി പരിഗണിക്കാമെങ്കിൽ ലിംഗായതത്തിന്/ ബസവമതത്തിന് പ്രത്യേക മതപദവി കിട്ടേണ്ടതുണ്ട് എന്നാണ് ലിംഗായതരുടെ ഉറച്ച വാദം. അതിനവർ വചനം ഉദാഹരിക്കുന്നു. നിങ്ങൾക്കതിനെ വെടിയുണ്ടകൾ കൊണ്ട് നേരിടാനാവുമോ? ഭരണഘടന ഉറപ്പുനൽകുന്ന ചിന്തയുടെ, ആവിഷ്‌ക്കാരത്തിന്റെ, വിശ്വാസത്തിന്റെ, ആരാധനയുടെ സ്വാതന്ത്ര്യത്തെയാകെ ഏകീകരിക്കാനും കേന്ദ്രീകരിക്കാനും ഏകശിലാ സമാനമാക്കാനും കഴിയുമോ?

സ്‌നേഹകാരുണ്യങ്ങളില്ലാതാകുമോ വിശ്വാസിയാകാൻ ഏതു മനുഷ്യനും വേണം പ്രേമം കരുണയും തോഴാ സ്‌നേഹം കലർന്ന ദയയാണേതു വിശ്വാസത്തിൻ വേരും സോദരാ, നീയറിഞ്ഞാലും കൂടലസംഗമദേവാ. -ബസവവചനം; വിവർത്തനം - സച്ചിദാനന്ദൻ. ▮​

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments