പുരുഷൻമാർക്ക് തുല്യം സ്ത്രീകൾക്കും ബസവണ്ണ ലിംഗദീക്ഷ നൽകിയിരുന്നു. ആർത്തവത്തെ ശരീരശാസ്ത്രപരമായ പ്രത്യേകതയായി അദ്ദേഹം നിരീക്ഷിച്ചു. രക്തം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ത്രീകൾക്ക് ആരാധന നടത്താവുന്നതാണെന്നു പ്രഖ്യാപിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സങ്കീർണമായ സാമൂഹിക ജീവിത സാഹചര്യങ്ങളിൽ ബസവണ്ണയും ലിംഗായതരും അവതരിപ്പിച്ച ആശയങ്ങൾ സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉറച്ച പ്രഖ്യാപനങ്ങളായിരുന്നു. തൊഴിലിന്റെ മഹത്വവും സമ്പത്തിന്റെ തുല്യമായ വിതരണവും ഉറപ്പാക്കുന്ന കായക - ദാസോഹവും, വിവേചന രഹിതമായ സമൂഹ നിർമ്മിതിയുടെ ചർച്ചകൾ നടന്നിരുന്ന അനുഭവമണ്ഡപവും, അവിടുത്തെ തുറന്ന സംവാദങ്ങളും, മൗലികമായ ദാർശനിക വ്യവസ്ഥയും ബസവമതത്തെ ശക്തമായ സാമൂഹിക നവോത്ഥാന മുന്നേറ്റമായി അടയാളപ്പെടുത്തി. പിൽക്കാലത്ത് കബീറും, റായിദാസും, നാമദേവും തുക്കാറാമും, ഗുരുനാനാക്കുമുൾപ്പെട്ട ഭക്തി പ്രസ്ഥാന നായകരായ അടിത്തട്ടിലെ മനുഷ്യരെ പ്രചോദിപ്പിച്ച വിശ്വാസ ധാരയായി ലിംഗായതം മാറി. ഭക്തിപ്രസ്ഥാനത്തിന്റെ അഞ്ച് പ്രധാന പ്രത്യേകതകൾ - മത പരിഗണനങ്ങളില്ലാത്ത ജനകീയ ഐക്യം, ദൈവത്തിനു മുന്നിലെ സമത്വം, ജാതി വിവേചനമില്ലായ്മ, ജനനത്തിനും , ജാതിക്കും, സമ്പത്തിനുമുപരി വ്യക്തിയുടെ ധാർമ്മികയ്ക്കും, നൈതികതയ്ക്കുമുള്ള പരിഗണന, നിസ്വാർത്ഥമായ മനുഷ്യ സ്‌നേഹവും അർപ്പണ മനോഭാവവും - ലിംഗായതത്തെ ശൈവവിശ്വാസധാരയിലെ കരുത്തുറ്റ പ്രായോഗിക ജീവിത സമീപനപദ്ധതിയാക്കി മാറ്റുന്നു.
കായകയും ദാസോഹവും
കായകയെന്നാൽ പ്രവൃത്തി. ബസവ ദർശനത്തിൽ കായകത്തിന് കേവലമായ ഉപജീവന വൃത്തി എന്നതിലുപരിയുള്ള അർത്ഥതലങ്ങളുണ്ട്. കായകയിലൂടെ നേടുന്നത് മറ്റുള്ളവർക്കായി വിനയത്തോടെ സമർപ്പിക്കുന്നതാണ് ദാസോഹം. പ്രവൃത്തിയുടെ പ്രതിഫലം ഒരു വ്യക്തിയുടേയോ, കുടുംബത്തിന്റേയോ സ്വകാര്യതയല്ലെന്നും അത് സമൂഹത്തിനു വേണ്ടിയുള്ളതാണെന്നുമുള്ള സാമ്പത്തിക ദർശനമാണ് കായക ദാസോഹം. ദാസോഹത്തിന് ഉപയോഗിക്കുന്ന ധനം സത്യസന്ധമായ കായകയിലൂടെ ആർജ്ജിച്ചതാവണം. മാർഗ്ഗവും ലക്ഷ്യവും ഒന്നായിത്തീരുന്ന സമന്വയാവസ്ഥയാണിത്. ഭക്തനോ, ഗുരുവോ, ജംഗമനോ (സന്യാസി) ആരുതന്നെയായാലും മറ്റുള്ളവരുടെ അധ്വാനഫലം ചൂഷണം ചെയ്തു ജീവിക്കരുത്. ദാസോഹം കരുതലിന്റെയും പങ്കുവയ്ക്കലിന്റേയും, സ്വാർത്ഥരാഹിത്യത്തിന്റേയും സമഭാവദർശനമാണ്. എല്ലാ പ്രവൃത്തിയും മഹത്തരമാണെന്നും, എല്ലാവരും പ്രവൃത്തിയിലൂടെ ജീവിക്കണമെന്നും, ആരും മറ്റുള്ളവരുടെ അധ്വാനഫലത്തിനു കാത്തു നിൽക്കരുതെന്നും ബസവണ്ണ വചനങ്ങളിലൂടെ ആവശ്യപ്പെട്ടു. കായകദാസോഹത്തിന്റെ ഉയർന്ന തലമാണ് ‘കായകവേ കൈലാസം'. പ്രവൃത്തിതന്നെ ദൈവമാവുന്ന അവസ്ഥ. പിൽക്കാലത്ത് Work is worship എന്ന ആശയത്തിലൂടെ ഗാന്ധി ബസവചിന്തയെ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഞാൻ സിരിയാളനെ വ്യാപാരിയെന്നും മച്ചയ്യനെ അലക്കുകാരനെന്നും കക്കയ്യനെ തോൽപ്പണിക്കാരനെന്നും ചെന്നയ്യനെ ചെരുപ്പുകുത്തിയെന്നും വിളിച്ചിട്ട് , ഞാൻ സ്വയം ബ്രാഹ്മണനെന്നു വിശേഷിപ്പിച്ചാൽ കൂടല സംഗമൻ പരിഹസിക്കയില്ലേ(വിവർത്തനം - തിപ്പെരുദ്രസ്വാമി )
ജാതി, മത, വർഗ , വർണ , സ്ത്രീ -പുരുഷ വിഭജനങ്ങളെ നിരസിക്കുന്ന സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക നീതിയുടെ സന്ദേശം പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യയിൽ വചനങ്ങളിലൂടെ അവതരിപ്പിച്ചു ലിംഗായതം
ബസവണ്ണയുടെ കായക സിദ്ധാന്തത്തിന്റെ പ്രത്യേകത സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യ പ്രഖ്യാപനമാണ്. വൈദിക കാലഘട്ടത്തിലെ, തൊഴിലിനെ അടിസ്ഥാനമാക്കി മനുഷ്യന്റെ വ്യക്തിത്വവും സാമൂഹ്യപദവിയും നിശ്ചയിക്കുന്ന രീതി കായക സിദ്ധാന്തം തിരുത്തിയെഴുതി. ബുദ്ധകാലഘട്ടത്തിനും , ബുദ്ധസംഘങ്ങൾക്കും ശേഷം ആദിമ ജനായത്താശയങ്ങളിലേക്കുള്ള വഴി തുറക്കലായിരുന്നു കായക - ദാസോഹം. ജനനം, ജാതി, സ്ത്രീ - പുരുഷ വ്യത്യാസം, കർമ്മം, പുനർജന്മം പോലുള്ള വൈദികാശയങ്ങളെ യുക്തിപൂർവ്വം നിരാകരിച്ചു ബസവണ്ണയും ലിംഗായതരും. കായകമാണ് ഈശ്വരാരാധനയെന്ന കാഴ്ചപ്പാട് പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യങ്ങളിൽ വിപ്ലവാത്മകമായ ചിന്തയാണ്. മനുഷ്യന്റെയും തൊഴിലിന്റെയും അന്തസ്, സാമൂഹിക നീതി, സമത്വം എന്നിവയുടെ പ്രഖ്യാപനമാണ് കായക - ദാസോഹം. മധ്യകാലഘട്ടങ്ങളിലെ വ്യക്തി കേന്ദ്രിതമായ ആത്മീയാന്വേഷണങ്ങളെ സമൂഹികതയുടെ നിലപാടുതറയിൽ നിന്ന് വിലയിരുത്താനും, വിശകലനം ചെയ്യാനും ബസവണ്ണ ശ്രമിക്കുന്നുണ്ട്. ജാതി, മത, വർഗ , വർണ , സ്ത്രീ -പുരുഷ വിഭജനങ്ങളെ നിരസിക്കുന്ന സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക നീതിയുടെ സന്ദേശം പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യയിൽ വചനങ്ങളിലൂടെ അവതരിപ്പിച്ചു ലിംഗായതം.ചില ഘട്ടങ്ങളിൽ ബുദ്ധ-ജൈന- ചർവാക ദർശനങ്ങളുടെ അരികു ചേർന്നു സഞ്ചരിക്കുന്നുണ്ട് ബസവമതം. മറ്റു ചിലപ്പോൾ അവയ്ക്കതീതമായ പുതുചിന്തകളുടെ വെട്ടം പ്രസരിപ്പിക്കുന്നുമുണ്ട്.
‘അനുഭവ മണ്ഡപം’
പന്ത്രണ്ടാം നൂറ്റാണ്ടിൽ ചാലൂക്യ കേന്ദ്രമായിരുന്ന കല്യാണയിൽ ബസവണ്ണയുടെ നേതൃത്വത്തിൽ ലിംഗായതർ സ്ഥാപിച്ച ചർച്ചാ വേദിയാണ് ‘അനുഭവ മണ്ഡപം’. കന്നഡയിലെ നാനാഭാഗങ്ങളിൽ നിന്നുള്ള ശിവശരണർ കല്യാണയിൽ ഒത്തുകൂടി സാമൂഹികവും, ധാർമികവും, മതപരവുമായ അനുഭവങ്ങളും ചിന്തകളും ഭാവനകളും പങ്കുവെച്ചു. ശിവശരണരുടെ സംഗമ വേദി എന്ന നിലയിൽ ‘ശിവാനുഭവ മണ്ഡപം’ എന്നും അതിനു പേരുണ്ട്. ജംഗമനായി അലഞ്ഞുനടന്ന വചനകവി അല്ലമ പ്രഭുവായിരുന്നു ‘അനുഭവ മണ്ഡപ’ത്തിന്റെ അധ്യക്ഷൻ. സാമൂഹിക ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്നുള്ള നിരവധി മനുഷ്യരെ ബസവണ്ണ ‘അനുഭവ മണ്ഡപ’ വേദിയിലേക്കു കൊണ്ടുവന്നു. അങ്ങനെ പ്രാതിനിധ്യസ്വഭാവമുള്ള സംവാദവേദിയായി ‘അനുഭവ മണ്ഡപം’ മാറി.ബുദ്ധ സംഘങ്ങൾക്കു ശേഷം ഒട്ടൊക്കെ ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ട ആദിജനാധിപത്യ രൂപങ്ങളിലൊന്നായി ‘അനുഭവ മണ്ഡപ’ത്തെ വിലയിരുത്താം.
വ്യത്യസ്ത കായകങ്ങളിലേർപ്പെട്ടവരുടെ സംഗമ വേദിയായിരുന്നു ‘അനുഭവ മണ്ഡപം’. ശൈവാരാധനയും, കായക ദാസോഹവും, ശരണ സിദ്ധാന്തത്തിന്റെ വിപുലീകരണവും ‘അനുഭവ മണ്ഡപ’ വേദിയെ സംവാദാത്മകമാക്കിയിരുന്നതായി വചനങ്ങളിൽ നിന്നു വായിക്കാം. ഒരു സാമൂഹിക മതസ്ഥാപനം എന്ന നിലയിൽ ‘അനുഭവ മണ്ഡപം’ ഉയർത്തിപ്പിടിച്ചത് സമഭാവനയുടെ സന്ദേശമായിരുന്നു. ബി ജ്ജലന്റെ മന്ത്രിയായിരിക്കുമ്പോഴാണ് ബസവണ്ണയും കൂട്ടരും സാമൂഹിക ജനാധിപത്യാശയങ്ങൾ വചനമായി അവതരിപ്പിക്കുന്നത്. ബസവണ്ണയും രാജാവായ ബിജ്ജലനും തമ്മിലുണ്ടായ ആശയസംഘർഷങ്ങൾ മറ്റൊരു തരത്തിൽ രാജവാഴ്ചയും , ജനാധിപത്യ രൂപങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങളായി വിലയിരുത്താവുന്നതാണ്. ‘അനുഭവ മണ്ഡപ’ത്തിനു സമാനമായ ഒരു ജനാധിപത്യ പരീക്ഷണം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലോ , മറ്റേതെങ്കിലും പ്രദേശങ്ങളിലോ ഉണ്ടായിട്ടില്ല. പ്രാതിനിധ്യവും, പങ്കാളിത്തവും, പുരോഗമന സ്വഭാവവും പരിഗണിക്കുമ്പോൾ ഏതൊരു ആധുനിക പാർലമെന്റിനോടും കിടപിടിയ്ക്കാവുന്ന സമത്വാധിഷ്ഠിത - സാമൂഹികനീതി പരീക്ഷണവും സമഗ്രജീവിതാനുഭവ കേന്ദ്രവുമായിരുന്നു ലിംഗായതരുടെ ‘അനുഭവ മണ്ഡപ’വേദി.
സംഘകാലത്തിനു ശേഷം സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യവും പ്രസക്തിയും ഉറക്കെ വിളിച്ചു പറഞ്ഞുവെന്നതാണ് ലിംഗായതത്തെ ലിംഗനീതിയുടെ ചിന്താപദ്ധതിയാക്കിമാറ്റുന്നത്.
‘അനുഭവ മണ്ഡപ’ത്തിലെ സ്ത്രീകൾ
‘അനുഭവ മണ്ഡപ’ ചർച്ചകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകളും പങ്കെടുത്തിരുന്നുവെന്നതിനു വചനം സാക്ഷ്യമാവുന്നു. പുരുഷൻമാർക്ക് തുല്യം സ്ത്രീകൾക്കും ബസവണ്ണ ലിംഗദീക്ഷ നൽകിയിരുന്നു. സ്ത്രീ - പുരുഷ തുല്യതയെ സംബന്ധിക്കുന്ന ഉറച്ച നിലപാടുകൾ ബസവ വചനങ്ങളിലുണ്ട്. ആർത്തവത്തെ ശരീരശാസ്ത്രപരമായ പ്രത്യേകതയായി അദ്ദേഹം നിരീക്ഷിച്ചു. രക്തം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ത്രീകൾക്ക് ആരാധന നടത്താവുന്നതാണെന്നു പ്രഖ്യാപിച്ചു. പുരുഷന്റെ വസ്ത്രങ്ങൾ ഞാൻ ധരിക്കുന്നത് നിനക്കുവേണ്ടി മാത്രമാണ്. ചിലപ്പോൾ ഞാൻ പുരുഷനാണ്. മറ്റു ചിലപ്പോൾ സ്ത്രീയും. ലിംഗായതരുടെ ‘അനുഭവ മണ്ഡപം’ സ്ത്രീകളാൽ സജീവമായിരുന്നു. ഉയർന്ന ജാതിക്കാരുടെ കാപട്യത്തിനു നേരെ രോഷത്തോടെ പ്രതികരിച്ച കാളവ്വെ , ബസവണ്ണക്കൊപ്പം സുഹൃത്തും വഴികാട്ടിയുമായി എപ്പോഴുമുണ്ടായിരുന്ന സഹോദരി അക്കനാഗമ്മ, അയ്ദക്കി മാരയ്യയെ കായകദാസോഹത്തിന്റെ യുക്തിബോധ്യപ്പെടുത്തിയ ലക്കമ്മ, സത്യക്ക, ഗോഗവ്വെ , അക്കമഹാദേവി. അങ്ങനെ മുപ്പത്തിമൂന്നു സ്ത്രീവചനകാർ ചേർന്ന് ‘അനുഭവ മണ്ഡപ’ വേദിയെ സാമൂഹിക തുല്യതയുടെ സംവാദകേന്ദ്രമാക്കി മാറ്റി. സംഘകാലത്തിനു ശേഷം സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യവും പ്രസക്തിയും ഉറക്കെ വിളിച്ചു പറഞ്ഞുവെന്നതാണ് ലിംഗായതത്തെ ലിംഗനീതിയുടെ ചിന്താപദ്ധതിയാക്കിമാറ്റുന്നത്.
ലിംഗായത ദർശനം
ദളിതന്റെ തെരുവിനും ശിവമന്ദിരത്തിനും ഈ ഭൂമിയൊരു പോലെ ശൗചത്തിനും സ്‌നാനപുണ്യകർമത്തിനും ഈ ജലമൊരുപോലെ സ്വയമറിയുവോനേതു ജാതിയും ഒരുപോലെ ഷഡ്ദർശനത്തിനും മോക്ഷഫലമൊരു പോലെ നിന്നെയറിയുന്നവനു സത്യം ഒരുപോലെ, കൂടലസംഗമദേവ(ബസവവചനം - വിവർത്തനം - സച്ചിദാനന്ദൻ)
ലിംഗായതം എന്ന പദം വീരശൈവർ എന്നതിനു സമാനമായി ചിലർ ഉപയോഗിക്കുന്നുവെങ്കിലും ലിംഗധാരണം നടത്തുന്നവർ മാത്രമേ ലിംഗായത്തുകളാവുന്നുള്ളൂ. ഇഷ്ടലിംഗം ധരിക്കുന്നവർ എന്ന അർത്ഥത്തിലുള്ള കന്നഡപദമായ ‘ലിംഗവന്ത' യിൽ നിന്നാണ് ലിംഗായത് എന്ന വാക്കിന്റെ അർത്ഥം. ‘അനുഭവ മണ്ഡപ’ വേദിയിലെ ചർച്ചകളിലൂടെ, കൂടിച്ചേരലുകളിലൂടെ സംവാദാത്മകമായി രൂപപ്പെട്ടതാണ് ലിംഗായത ദർശനം. അത് ഹിന്ദുമത ദർശനവുമായോ, മറ്റ് ശൈവമതദർശനങ്ങളുമായിപ്പോലുമോ യോജിപ്പിലെത്തുന്നില്ല. ഷഡ്സ്ഥല, പഞ്ചാചാരം, അഷ്ടാവരണം എന്നിവയാണ് ലിംഗായത്തുകളുടെ ദർശന പദ്ധതിയുടെ അടിത്തറ. ഭക്തിസ്ഥലം, മാഹേശ്വരസ്ഥലം , പ്രാസാദിസ്ഥലം, പ്രാണ ലിംഗസ്ഥലം, ശരണസ്ഥലം, ഐക്യസ്ഥലം എന്നിവയാണ് ലിംഗായത വിശ്വാസത്തിന്റെ ആറു തലങ്ങൾ. ശിവശരണർ കടന്നുപോകേണ്ട വഴിഞ്ഞാരകളാണിത്. ഷഡ്സ്ഥല ലക്ഷ്യവും മാർഗ്ഗവുമാണ്. ഏതിൽ നിന്നാണോ എല്ലാം ആരംഭിക്കുന്നത് , ഏതിലാണോ എല്ലാം ലയിച്ചുചേരുന്നത് അതാണ് സ്ഥല. അഗാധമായ ശൂന്യതയുടെ ഇടമാണത്. അധ്വാനം, സമർപ്പണം, അറിവ് എന്നിവയുടെ സമന്വയരൂപമാണ് ഷഡ്സ്ഥല മാർഗം. വ്യക്തിയുടെ സമഗ്രവികാസവും വ്യക്തിത്വത്തിന്റെ നവീകരണവുമാണ് ഷഡ്സ്ഥല സിദ്ധാന്തം. ഷഡ്സ്ഥലയിലൂടെ കടന്നുപോകുന്ന ഓരോ ലിംഗായതരും എത്തിച്ചേരുന്നത് ശൂന്യസ്ഥലയിലാണ്. ലിംഗായതം നിർദ്ദേശിക്കുന്ന ആത്യന്തിക ലക്ഷ്യസ്ഥാനമാണത്. ശൂന്യസ്ഥലയെന്നത് ഒന്നുമില്ലായ്മയല്ല, മറിച്ച് ശിവശരണർ ശിവനിൽ നിന്ന് വേറിട്ട് ഒന്നുമില്ലെന്നു തിരിച്ചറിയുകയും ശൈവമായിത്തീരുകയും ചെയ്യുന്ന സവിശേഷാവസ്ഥയാണത്. ഗുരു, ലിംഗം, ജംഗമൻ , പാദോദകം, പ്രാസാദം, വിഭൂതി, രുദ്രാക്ഷം, മന്ത്രം എന്നിവയാണ് ലിംഗായതത്തിന്റെ അഷ്ടാവരണങ്ങൾ. മറ്റൊന്ന് പഞ്ചാചാരങ്ങളാണ്. ഒരു ശിവശരണന് ബാധകമായ അഞ്ച് ആചാരങ്ങളാണിത്. ലിംഗാചാരം, ശിവാചാരം, സദാചാരം, ഭൃത്യാചാരം, ഗണാചാരം എന്നിവയാണ് പഞ്ചാചാരങ്ങൾ. ഏകദൈവത്തെ മാത്രം ആരാധിക്കുകയെന്നത് ലിംഗാചാരം. ലിംഗ ധാരണം നടത്തിയവർ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ ജീവിക്കുന്നത് ശിവാചാരം. ശിവശരണർ കായകയിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ദാസോഹം നിർവഹിക്കുന്നത് സദാചാരം. എളിമയോടെ മറ്റുള്ളവർക്ക് മാതൃകയാവുന്ന രീതിയിൽ പെരുമാറുന്നത് ഭൃത്യാചാരം. തന്നേക്കാൾ ചെറിയതായി ആരുമില്ല എന്ന തിരിച്ചറിവാണത്. മറ്റുള്ളവരുടെ ആക്രമണത്തിൽ നിന്ന് സമൂഹത്തേയും വിശ്വാസത്തേയും രക്ഷിക്കുന്നതാണ് ഗണാചാരം. അഷ്ടാവരണങ്ങൾ ശരീരത്തിനും , പഞ്ചാചാരങ്ങൾ ജീവിതത്തിനും , ഷഡ്സ്ഥല മനസിനുമാണ് ലിംഗായത്തുകൾ നിർദ്ദേശിക്കുന്നത്.
വൈദികാനുഷ്ഠാനങ്ങളുടെ സങ്കീർണതകളിൽ നിന്നും, വർണാശ്രമ ധർമങ്ങളുടെ ശ്രേണീ വ്യവസ്ഥയിൽ നിന്നും ലിംഗായതം കൃത്യമായ അകലം പാലിക്കുന്നുണ്ട്. ഏക ദൈവ ആരാധനയെ സ്വീകരിക്കുന്നുവെങ്കിലും ചില സന്ദർഭങ്ങളിൽ വിശ്വാസത്തിനുപരി അത് കായകയെ ഉറപ്പിക്കുന്നുണ്ട്.
മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നില നിന്ന മറ്റ് ശൈവമതങ്ങളിൽ നിന്ന് വിശ്വാസ പരമായും, ദാർശനികമായും, പ്രവർത്തന പദ്ധതിയിലും വ്യത്യസ്തമാണ് ലിംഗായതം. വൈദികാനുഷ്ഠാനങ്ങളുടെ സങ്കീർണതകളിൽ നിന്നും, വർണാശ്രമ ധർമങ്ങളുടെ ശ്രേണീ വ്യവസ്ഥയിൽ നിന്നും ലിംഗായതം കൃത്യമായ അകലം പാലിക്കുന്നുണ്ട്. ഏക ദൈവ ആരാധനയെ സ്വീകരിക്കുന്നുവെങ്കിലും ചില സന്ദർഭങ്ങളിൽ വിശ്വാസത്തിനുപരി അത് കായകയെ ഉറപ്പിക്കുന്നുണ്ട്. ലിംഗ സമത്വത്തെ ആഘോഷിക്കുന്നുണ്ട്. ജാതിവ്യവസ്ഥയെ പ്രതിരോധിക്കുന്നുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുന്നുണ്ട്. സൂക്ഷ്മവിശകലനത്തിൽ ഒരു മതദർശനം എന്നതിനേക്കാൾ സാമൂഹ്യ നവോത്ഥാന ചിന്താപദ്ധതിയായി ബസവ മതത്തെ / ലിംഗായതത്തെ വിലയിരുത്തുന്നതാവും ചരിത്രപരമായ ശരി.
1924 ലെ ബൽഗാം കോൺഗ്രസ് സമ്മേളനത്തിൽ ബസവണ്ണയെക്കുറിച്ച് ഗാന്ധി പറഞ്ഞു: ‘‘എണ്ണൂറു വർഷങ്ങൾക്കു മുമ്പ് ബസവേശ്വരൻ പറഞ്ഞതും നടപ്പിലാക്കിയതുമായ കാര്യങ്ങൾ ഇന്ന് എനിക്കിവിടെ ചെയ്തു തീർക്കുവാൻ കഴിയുന്നില്ല. അതിൽ ചിലതു മാത്രം പ്രാവർത്തികമാക്കാൻ ഞാനാഗ്രഹിക്കുന്നു. എന്നാൽ ബസവേശ്വരൻ താൻ പറഞ്ഞ ആശയങ്ങളെല്ലാം പ്രാവർത്തികമാക്കിയിരിക്കുന്നു. ബസവേശ്വരൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജാതിവ്യവസ്ഥ പൂർണമായും തുടച്ചുനീക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കിയാൽ ലോക ജനതയുടെ ഒന്നാകെയുള്ള ഉന്നമനത്തിന് അത് സഹായകമാവും.’’▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.