ലിംഗായതർ / Photo: Twitter, Lingayatas

ബസവണ്ണയും ലിംഗായതരും;
​പ്രതിരോധത്തിന്റെ പാഠങ്ങൾ

ബ്രാഹ്മണ്യത്തെ തിരസ്‌ക്കരിച്ച്, ഒരു ബദൽ ആത്മീയ- ദാർശനിക - ജീവിതപദ്ധതി രൂപപ്പെടുത്തിയ ബസവണ്ണയേയും, ബസവാനുകൂലികളായ ലിംഗായതരേയും ഹിന്ദു വിശ്വാസ പദ്ധതിയ്ക്കുള്ളിലേക്കാനയിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി കന്നഡയിൽ നടക്കുന്നത്. സ്വതന്ത്രമായ സ്വത്വബോധത്തിനായി വർത്തമാനകാലം വരെയെത്തി നിൽക്കുന്ന ലിംഗായതരുടെ പോരാട്ടത്തെക്കുറിച്ച്.

വൈദിക ബ്രാഹ്മണ്യത്തിനുനേരെ നിരന്തരം ചോദ്യങ്ങളുന്നയിച്ച ജൈന- ബുദ്ധ ദർശനങ്ങളെയും ലോകായതരും, അജീവികൻമാരുമുൾപ്പെട്ട ശ്രമണ ധാരകളെയും ഏകശിലാ കേന്ദ്രീകൃത ചട്ടക്കൂടിനുള്ളിലാക്കിയാണ് രാഷ്ട്രീയ ഹിന്ദുത്വം അതിന്റെ ആഗിരണതന്ത്രം മെനയുന്നത്. ജാതിവ്യവസ്ഥയ്ക്കും, വർണാശ്രമ ധർമ വ്യവസ്ഥയ്ക്കുമെതിരെ പോരാടിയ ബുദ്ധൻ, മഹാവീരൻ, ബസവണ്ണ എന്നിവരെയെല്ലാം വിഗ്രഹവത്ക്കരിച്ചും നിഗൂഢവത്ക്കരിച്ചും ഹിന്ദുത്വവത്ക്കരിച്ചുമാണ് പുതിയ ചരിത്രപാഠങ്ങളും പാഠാന്തരങ്ങളും രചിക്കപ്പെടുന്നത്. ബ്രാഹ്മണനായി ജനിച്ച്, ബ്രാഹ്മണ്യത്തെ തിരസ്‌ക്കരിച്ച്, ഒരു ബദൽ ആത്മീയ- ദാർശനിക - ജീവിതപദ്ധതി രൂപപ്പെടുത്തിയ ബസവണ്ണയേയും, ബസവാനുകൂലികളായ ലിംഗായതരേയും ഹിന്ദു വിശ്വാസ പദ്ധതിയ്ക്കുള്ളിലേക്കാനയിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി കന്നഡയിൽ നടക്കുന്നത്. ബസവണ്ണയുടെ ചോദ്യങ്ങളേയും അന്വേഷണ വഴികളെയും പിൻപറ്റാൻ ശ്രമിക്കുന്നവരെ നിശ്ശബ്ദരാക്കുകയെന്നതാണ് അതിനുള്ള മാർഗ്ഗം.

ബസവണ്ണയ്ക്കു ശേഷം - ലിംഗായതത്തിനു സംഭവിച്ചതെന്ത്?

കല്യാണയിലെ സംഘർഷങ്ങൾക്കു ശേഷം ചിതറിപ്പോയ ലിംഗായതർ പതിനാല്, പതിനഞ്ച് നൂറ്റാണ്ടുകളിൽ വിജയനഗര ഭരണാധികാരികളുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. ലിംഗായതത്തിന്റെ പ്രധാന ഗ്രന്ഥമായ ബസവപുരാണം ബുക്കരായ ഒന്നാമന്റെ കാലത്താണ് പൂർത്തിയാവുന്നത്. വിവിധ പ്രദേശങ്ങളിലായി ചിതറിപോയ വചനകൃതികൾ ശൂന്യ സമ്പാദനെയെന്ന പേരിൽ ക്രോഡീകരിക്കപ്പെടുന്നതും ഇക്കാലത്താണ്. ലിംഗായത്തുകൾ കന്നഡയിലും സമീപ സംസ്ഥാനങ്ങളിലും നിർണായക സാമൂഹിക- രാഷ്ട്രീയ ശക്തിയായി മാറുന്നതിന്റെ സൂചനകൾ അക്കാലത്തെ കൃതികളിൽ നിന്നു വായിക്കാം.

ഭരണഘടനാ നിർമ്മാണ സമിതിയിൽ പ്രത്യേക മതപദവിയ്ക്കായി ലിംഗായതർ ആവശ്യമുന്നയിച്ചിരുന്നു. ബോംബെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന നിജലിംഗപ്പ, മൈസൂരിലെ സിദ്ദവീരപ്പ, രാം ദുർഗിലെ മാനവല്ലി, മഹാരാഷ്ട്രയിലെ രത്‌നപ്പ കമ്പാർ എന്നിവർ ഈ ആവശ്യമുന്നയിച്ചവരിൽ പ്രധാനികളാണ്. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന് അക്കാലത്തെ സെൻസസ് കമീഷണറോട് ലിംഗായത് സംഘടനകൾ ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. ഹിന്ദുത്വത്തിനെതിരായി രൂപം കൊണ്ട ബുദ്ധ-ജൈന-സിഖ് ദാർശനിക ധാരകളെ പ്രത്യേകമതമായി പരിഗണിക്കാമെങ്കിൽ ലിംഗായത്തുകൾക്കും അതാകാവുന്നതാണെന്ന വാദഗതിയാണ് അവർ ഉയർത്തിയത്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം 1940ലും 1979 ലുമെല്ലാം ലിംഗായതത്തെ പ്രത്യേക മതവിഭാഗമെന്ന നിലയിൽ പരിഗണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ പ്രത്യേക മതപദവി ലഭിക്കുന്നതോടെ ലിംഗായത്തുകൾ ഹിന്ദുമത വിശ്വാസവഴികളിൽ നിന്നും ഘടനയിൽ നിന്നും പുറത്താകുമെന്നും ഭാവിയിൽ അതപകടമാവുമെന്നുമുള്ള തിരിച്ചറിവ് ഭൂരിപക്ഷ വിഭാഗങ്ങൾക്കുണ്ടായി.

മഹാവീരൻ, ബസവണ്ണ, ബുദ്ധൻ / Photo: Wikimedia Commons

അതിനാൽ ലിംഗായതമതവാദം അന് അംഗീകരിക്കപ്പെട്ടില്ല. ഗൗരി ലങ്കേഷ് തന്റെ അവസാന ലേഖനത്തിൽ വീരശൈവ എന്ന പേരിനു താഴെ മറ്റൊരു പ്രത്യേക മതം എന്ന ആവശ്യം ഉന്നയിക്കാനിടയായതാണ് ലിംഗായത്തുകൾക്ക് പറ്റിയ അബദ്ധമെന്നു നിരീക്ഷിക്കുന്നുണ്ട്. ശൈവിസം തന്നെ ഹിന്ദുമതത്തിന്റെ ഭാഗമാണെന്നിരിക്കെ അതിന്റെ കീഴിൽ മറ്റൊരു മതമെന്ന ആശയം പാടെ നിരാകരിക്കപ്പെടാനിടയായി. എന്നാൽ ലിംഗായത് മഠാധിപതിമാരും, എഴുത്തുകാരും തുടർന്നും ഇതേ വാദം ഉന്നയിച്ചു കൊണ്ടിരുന്നു. എസ്.എം ജമാദാർ പറയുന്നു: ‘ഞങ്ങൾ ഒരിക്കലും ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നില്ല. ഞങ്ങൾ ബഹുമാനിക്കാത്ത, വിശ്വസിക്കാത്ത, അംഗീകരിക്കാത്ത വേദങ്ങളാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനങ്ങൾ. തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള കർമ്മ സിദ്ധാന്തത്തെയും വർണാശ്രമങ്ങളെയും ഞങ്ങൾ നിരാകരിക്കുന്നു. ഞങ്ങൾക്ക് ഒരു ജോലിയും ഉയർന്നതല്ല, ഒന്നും താഴ്ന്നതുമല്ല'

ഹിന്ദുമതവുമായുള്ള ലിംഗായതരുടെ പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങൾ ബസവണ്ണയ്ക്കു ശേഷവും നിരവധി ചിന്തകരും എഴുത്തുകാരും വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രകാരൻ മനു ദേവദേവൻ എഴുതുന്നു' സാമൂഹ്യ ശാസ്ത്ര പരമായും, ചരിത്രപരമായും ലിംഗായത് അനുയായികൾ ഹിന്ദുമതവുമായി പങ്കിടുന്ന ബന്ധം അതിനെ ഹിന്ദു ആക്കുകയോ, അല്ലാതാക്കുകയോ ചെയ്യുന്നു.' വീരശൈവരും ലിംഗായതരും തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും സൂക്ഷ്മവായനയും, പഠനവുമർഹിക്കുന്ന വിഷയമാണ്.

ബസവാനന്തരകാലത്തെ പെൺപെരുമ

ബുദ്ധനും, ബുദ്ധസംഘങ്ങൾക്കും ശേഷം സ്ത്രീപക്ഷത്തു നിന്നുകൊണ്ട് മൗലികമായ ചിന്തകൾ അവതരിപ്പിക്കുകയാണ് ബസവണ്ണ ചെയ്തത്. അത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സാമൂഹിക-സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിലെ സ്ത്രീസമത്വമുന്നേറ്റമായി മാറി.

ലിംഗായതരുടെ സ്ത്രീവിമോചനാശയങ്ങളും തുല്യനീതി കാഴ്ചപ്പാടുകളും ബസവാനന്തര കാലഘട്ടത്തിലും കന്നഡിഗരുടെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ തുടർചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തിയ കിട്ടൂർ ചിന്നമ്മ, ശിവജിയുടെ ദക്ഷിണേന്ത്യൻ പടയോട്ടങ്ങളെ പ്രതിരോധിക്കാൻ വനിതാസൈന്യം രൂപീകരിച്ചു പോരാടിയ ബെലവാടി മല്ലമ്മ, കാകതീയരാജവംശത്തിലെ വനിതാ ഭരണാധികാരി രുദ്രമാദേവി എന്നിങ്ങനെ നിരവധി പേർ ബസവണ്ണയുടെ വചനങ്ങളെ പ്രായോഗവൽക്കരിച്ചവരാണ്. ലിംഗായതത്തെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന് നിരന്തരമായി വാദിച്ച ബസവ ധർമ്മപഠത്തിന്റെ ആദ്യ വനിതാ മഠാധിപതിയും എഴുത്തുകാരിയുമായ 2019 ൽ അന്തരിച്ച മാതെ മഹാദേവി ലിംഗായതത്തിന്റെ സാമൂഹികതുല്യതാ സിദ്ധാന്തത്തിന്റെ സമകാലിക ഉദാഹരണമാണ്.

മഠങ്ങൾ - വിരക്തരും ആരാധ്യരും

കന്നഡയിലെമ്പാടും മഠങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് വീരശൈവർ അവരുടെ ശക്തി സ്ഥാപിച്ചതും ആശയപ്രചരണം നടത്തിയതും. രണ്ടുതരം മഠങ്ങളാണ് സ്ഥാപിക്കപ്പെട്ടത്. വിരക്തമഠങ്ങളും, ആരാധ്യമഠങ്ങളും. വിരക്തർ ബസവണ്ണയെ ലിംഗായതമത സ്ഥാപകനായി വിലയിരുത്തുന്നു. ബസവണ്ണ, അല്ലമ പ്രഭു, അക്കമഹാദേവി, ചെന്നബസവ എന്നിവരുടെ വചനങ്ങളെ ആദരിക്കുന്നു. അവർ മതഗ്രന്ഥങ്ങളുടെ രചനയ്ക്കും ആശയ പ്രചാരണത്തിനും പ്രാധാന്യം നൽകുന്നു. എന്നാൽ ആരാധ്യമഠങ്ങൾ ബസവണ്ണയ്ക്കു പകരം വീരശൈവരുടെ ആദ്യകാല പഞ്ചാചാര്യമഠങ്ങളെ പിൻപറ്റുന്നു. ( കൊല്ലിപാകി, രംഭാപുരി, ഉജ്ജയിനി, കേദാരം, കാശി) ഗുരുസ്ഥലമഠങ്ങൾ എന്നുകൂടി അറിയപ്പെടുന്ന ആരാധ്യമഠങ്ങൾ ബന്ധുക്കളുടെ തുടർച്ച ഉറപ്പാക്കുന്ന പുത്രവർഗ്ഗമഠമെന്നും ശിഷ്യൻമാരിൽ നിന്ന് പിൻഗാമികളെ കണ്ടെത്തുന്ന ശിഷ്യവർഗ്ഗമഠമെന്നും രണ്ടു വിഭാഗങ്ങളുണ്ട്. ലിംഗായത്തുകളും വീരശൈവരും ഒന്നാണെന്ന വാദം പ്രധാനമായും ഉയർത്തുന്നത് പഞ്ചാചാര്യമഠങ്ങളാണ്. ഹിന്ദു മത ഗ്രന്ഥങ്ങളുമായി ലിംഗായതത്തെ കൂട്ടിക്കെട്ടാനുള്ള ശ്രമവും അവരുടേതാണ്.ശ്രദ്ധേയമായ സാമൂഹിക മുന്നറ്റമായും, ജാതിരഹിത പ്രസ്ഥാനമായും, ഏകദൈവവിശ്വാസ ധാരയായും ആരംഭിച്ച വീരശൈവിസം പിൽക്കാലത്ത് മതാനുഷ്ഠാനങ്ങളും, ജാതി - ഉപജാതികളും,
സാമ്പത്തിക താൽപര്യങ്ങളും, പരസ്പര വിരുദ്ധമായ ആശയ സംഘട്ടനങ്ങളുമെല്ലാമുള്ള ഒരു കുത്തഴിഞ്ഞ വ്യവസ്ഥയായി മാറിയതിനു പിന്നിൽ ബ്രാഹ്മണിസത്തിന്റെ സമീകരണരാഷ്ട്രീയ തന്ത്രങ്ങൾ തെളിഞ്ഞു കാണാം. പഞ്ചാചാര്യ മഠങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രാഹ്മണിക്കൽ വൈദികാചാരങ്ങളുടെ അനുകരണത്തിലൂടെ ബസവണ്ണയെന്ന രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ചിന്തകനെ വിഗ്രഹവത്ക്കരിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടന്നു വരുന്നുണ്ട്.

കന്നഡ രാഷ്ട്രീയവും ലിംഗായത്തുകളും

ഇന്ന് ലിംഗായത്തുകൾ സാമൂഹികമായും, രാഷ്ട്രീയമായും, സാമ്പത്തികമായും കർണ്ണാടയിലെ പ്രബല വിഭാഗങ്ങളിലൊന്നാണ്. കർണ്ണാടകയിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അവർക്ക് സ്വാധീന മേഖലകളുണ്ട്. ജനസംഖ്യയുടെ 17% ത്തോളം ലിംഗായത്തുകൾ വടക്കൻ കർണാടകയിലെ നൂറോളം നിയമസഭാസീറ്റുകളുടെ വിധി നിർണയിക്കുന്നവരാണ്. കർണാടക രൂപീകരണാനന്തരം ഒമ്പതു മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തത് ലിംഗായത്തുകളാണ്. 2017 ൽ സ്വതന്ത്ര മതപദവിയെന്ന ലിംഗായത്തുകളുടെ വാദം ശക്തമായി. വീരശൈവ - ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന അഖില ഭാരതീയ വീരശൈവ സഭയുടെ ആവശ്യം നിരാകരിച്ചുകൊണ്ട് ലിംഗായത്തുകൾ ബലേഗാവ്, ബിദാർ, കലബുർഗ്ഗി എന്നിവിടങ്ങളിൽ വൻ റാലികൾ സംഘടിപ്പിച്ചു. തങ്ങൾ ഹിന്ദുക്കളല്ലെന്നും പ്രത്യേക മതമായി പരിഗണിക്കണമെന്നും അവർ ആവശ്യമുന്നയിച്ചു. വീരശൈവരുടെ പഞ്ചപീഠങ്ങളുടെ ആചാര്യൻമാരെ റാലിയിൽ നിന്നുമാറ്റി നിർത്തിയിരുന്നു. നാഗമോഹൻദാസിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷകമ്മീഷൻ റിപ്പാർട്ടിന്റെ അടിസ്ഥാനത്തിൽ സിദ്ധരാമയ്യ ഗവൺമെൻറ്​ ലിംഗായത്തുകൾക്ക് മതപദവി നൽകണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രഗവൺമെന്റിനോടാവശ്യപ്പെട്ടു. ലിംഗായത്തുകൾ നിർദ്ദേശത്തെ അംഗീകരിച്ചപ്പോൾ വീരശൈവർ എതിർത്തു.

എസ്. നിജലിംഗപ്പ

ഹിന്ദുമതത്തിൽ നിന്ന് വേറിട്ട് മതപദവി നേടണമെന്നതിൽ ലിംഗായത്തുകൾ ഉറച്ചുനിൽക്കുമ്പോൾ വീരശൈവവരുടെ പഞ്ചപീഠമഠങ്ങളും, ആരാധ്യമഠങ്ങളും അഖില ഭാരതീയ വീരശൈവസഭയും എതിർത്തുനിൽക്കുന്നു.1990 ൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ലിംഗായത് നേതാവ് വീരേന്ദ്ര പാട്ടീലിനെ നീക്കിയതോടെ അകന്നു പോയ ലിംഗായത്തുകളെ മതപദവിയോടെ മടക്കിക്കൊണ്ടുവരാൻ കഴിയുമെന്ന സിദ്ധരാമയ്യയുടെ തന്ത്രം പക്ഷേ, തിരഞ്ഞെടുപ്പിൽ ഫലിച്ചില്ല. കോൺഗ്രസിനുള്ളിലെ വീരശൈവ - ലിംഗായത്തു വിഭാഗങ്ങൾ തന്നെ രണ്ടായി തിരിഞ്ഞ് തീരുമാനത്തെ എതിർക്കുകയാണുണ്ടായത്. സങ്കീർണവും, ആഴത്തിലുള്ള പഠനാന്വേഷണങ്ങളാവശ്യവുമായ മതപദവിയെന്ന വിഷയം തിരഞ്ഞെടുപ്പിനു മുന്നോടിയായി ലിംഗായത് വോട്ടുബാങ്ക് മുന്നിൽക്കണ്ടു കൊണ്ട് കൃത്യമായ മുന്നൊരുക്കങ്ങളോ, ആസൂത്രണമോ ഇല്ലാതെ അവതരിപ്പിച്ചു വെന്നതാണ് പരാജയകാരണം. ലിംഗായത്തുകളുടെ പ്രത്യേക മതപദവി സംബന്ധിച്ച കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര ഗവൺമെന്റാണ്. ബസവണ്ണയേയും, ലിംഗായതരേയും, വൈവിധ്യ പൂർണമായ മറ്റ് ബദൽധാരകളെയുമെല്ലാം ഏകസാംസ്‌കാരികവ്യവസ്ഥയുടെ ഭാഗമാക്കാൻ വ്യഗ്രതപ്പെടുന്നവരിൽ നിന്ന് മറിച്ചൊരു തീരുമാനമുണ്ടാകാനിടയില്ല.

ബസവണ്ണ - വിലയിരുത്തൽ

ബസവണ്ണയെക്കുറിച്ചുള്ള ഐതിഹ്യങ്ങളെന്തായാലും ഇന്ത്യയിലെ സ്വതന്ത്ര ചിന്തകരിൽ പുരോഗാമിയായിരുന്നു അദ്ദേഹം. ജാതിയേയും, പൗരോഹിത്യത്തെയും യുക്തികൊണ്ടും സ്വതന്ത്രചിന്തകൊണ്ടും മറികടന്നു അദ്ദേഹം. ബുദ്ധാനന്തര കാലഘട്ടത്തിൽ ജനാധിപത്യത്തെയും, സാമൂഹ്യനീതിയേയും കുറിക്കുന്ന ഉറച്ച നിലപാടുകൾ നാം കേൾക്കുന്നത് ബസവണ്ണയിൽ നിന്നാണ്. നവോത്ഥാനകാലചിന്തകർ മുന്നോട്ടു വെച്ച മാനവികതാദർശനത്തിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ വിത്തുപാകിയതിൽ ബസവണ്ണയുമുണ്ട്. ജനനവും, ജാതിയുമല്ല പ്രവൃത്തിയും പെരുമാറ്റവുമാണ് മനുഷ്യന്റെ സ്വത്വത്തെ നിശ്ചയിക്കുന്നതെന്ന ചിന്തയും മനുഷ്യനാണ് അവന്റെ / അവളുടെ വിധാതാവെന്ന കാഴ്ചപ്പാടും ബസവ ദർശനങ്ങളെ കാലാതീതമാക്കുന്നു. വർണ്ണാശ്രമധർമ്മങ്ങളേയും, അതിനെ ആധാരമാക്കിയ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയേയും മാത്രമല്ല, പാപപുണ്യങ്ങളുടെ സാങ്കല്പിക ലോകത്തിൽ പടുത്തുയർത്തിയ സ്വർഗ്ഗനരകങ്ങളേയും, മരണാനന്തര ജീവിതവ്യാമോഹങ്ങളേയും, പുരുഷകേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയേയും ഉലച്ചുകളഞ്ഞു ബസവണ്ണയുടെ ചോദ്യങ്ങൾ. ഏറ്റവും അടിത്തട്ടിൽ നിന്നുള്ളവരുടേയും, അരികുവത്ക്കരിക്കപ്പെട്ടവരുടേയും ശബ്ദത്തെയാണ് ബസവണ്ണ പ്രതീകവത്ക്കരിച്ചത്. പോയിൻറ്​ ബ്ലാങ്കിലേക്കുള്ള വെടിയുണ്ടകളിലൂടെ ബസവണ്ണയുടെ ചോദ്യങ്ങളെ തമസ്‌ക്കരിക്കാൻ കഴിയില്ല.ദേവലാകം, അതു വേറെയെന്നോ മാനവരുടെ ലോകത്തിൽ നിന്നും? ഈ ലോകത്തിന്നകത്തുണ്ട്. വേറെ വേറേ ലോകങ്ങളെത്ര, അനന്തം! എത്രയുണ്ട് ശിവന്നു ഗുണങ്ങൾ അത്രയുണ്ട് ശിവന്റെ ലോകങ്ങൾ. ഈ ശരീരമാം കൈലാസമല്ലോ നേരായുള്ളത്. കൂടലസംഗമേദവാ!

-ബസവവചനം - വിവർത്തനം - കെ. സച്ചിദാനന്ദൻ. ▮

(അവസാനിച്ചു)

സഹായകഗ്രന്ഥങ്ങൾ

Vachana-Editor - M.M. KalburgiThe Lingayat Movement- S. M. HunsalSunyasampadane- Karnataka UniversityA Handbook of Virasaivism- SC NandimathBasava and his Times- P. B. DesaiHistory and Philosophy of Lingayat Religion- M. R. SakhareVaishnavism,Shaivism,and Minor Religious Systems- BhandarkarA History of South India - K. A. Neelakanda SastriSpeaking of Siva- A. K. RamanujanA History of Ancient and Early Medieval India- Upinder SinghSivas Warriors- Palkurki Somanatha

വചന സാഹിത്യം - എഡി : ഡി.വിനയചന്ദ്രൻ, ഡോ: എം.രാമ.
വചനം - വിവർത്തനം - കെ.സച്ചിദാനന്ദൻ.
ഭാരതീയ ചിന്ത - കെ.ദാമോദരൻ.
കർത്താരനകമ്മട - തിപ്പെരുദ്രസ്വാമി.
ക്രാന്തികല്യാണ - ബി. പുട്ടസ്വാമി.
ഹരിഹരണ ബസവരാജേ ദേവര രഗളെ - എഡി - എച്ച് ദേവിരപ്പ.
ഭീമകവീയ ബസവ പുരാണ- എഡി - എച്ച് ദേവിരപ്പ.
അമല ബസവരാജ ചരിത - എഡി - എച്ച് ദേവിരപ്പ.
തോക്കാണ് ആയുധം ഗോഡ്‌സെയാണ് ഗുരു - എഡി : വി.മുസഫർ അഹമ്മദ്.
ബസവപഥം - ത്രൈമാസിക.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments