Good Evening Friday - 12
"എന്റെ അച്ഛൻ ഇതൊരിക്കലും അംഗീകരിക്കില്ല, എന്നാലും എനിക്ക് നിന്നെ കാണാതിരിക്കാനാവില്ല"
അങ്ങനെയാണ് 1947-ലെ വേനൽ സായംകാലത്ത് ഒരു ഇംഗ്ലീഷ്കാരി പെൺകുട്ടി ആഫ്രിക്കയിൽ നിന്ന് പഠിക്കാനെത്തിയ യുവാവിനോട് ലണ്ടൻ നഗരവീഥിയിൽ വെച്ച് പ്രണയം പറഞ്ഞത്.
"എന്റേത് വളരെ പാവപ്പെട്ട ഒരു രാജ്യമാണ്"
"അതിനെന്താണ്?"
പ്രണയവും പരിഭ്രമവും നിറഞ്ഞു നിന്ന അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ പുഞ്ചിരിച്ചു,
"നാളെ ഞാൻ വീണ്ടും വരും"
"നോക്കൂ" എങ്ങനെ പറയണമെന്നറിയാതെ അയാൾ വിഷമിച്ചു.
"എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും? ആം ഐ ടൂ ഫാസ്റ്റ്?"
"നോട്ട് അറ്റ് ഓൾ, ഇറ്റ് ഈസ് ഫ്രം മൈ സൈഡ്........."
"ദെൻ?"
"രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു എന്റെ ഗ്രാൻഡ്ഫാദർ. അച്ഛനും അമ്മയും മരിച്ചതിനുശേഷം എന്നെ വളർത്തിയത് അമ്മാവനായിരുന്നു. എന്നെ രാജാവായി വാഴിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് അവിടത്തെ ജനങ്ങൾ. അതിന് വേണ്ടിയാണ് അമ്മാവൻ ഇക്കാലമത്രയും കെയർടേക്കർ ആയി രാജ്യം കൈവിടാതെ കാത്തുസൂക്ഷിച്ചത്"
അങ്ങനെയൊരു മറുപടി അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ദുഖവും, നിരാശയും അവളുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നു,
"തുറന്ന് പറഞ്ഞത് നിന്റെ നല്ല മനസ്സ്, ഒന്നും പറയാതെ ഒരു ദിവസം അപ്രത്യക്ഷനാകാതിരുന്നതും"
അവളുടെ വാക്കുകൾ അയാളെ വല്ലാതെ ദുഖിതനാക്കി.
തിരിഞ്ഞു നടന്ന അവളുടെ കൈ പിടിച്ച് കൊണ്ടയാൾ പറഞ്ഞു,
"ഞാൻ പറഞ്ഞതിന്റെയർത്ഥം നമ്മൾ പിരിയുന്നുവെന്നല്ല"
എല്ലാ എതിർപ്പുകളെയും അവഗണിച്ച് അവർ വിവാഹിതരായി.
ഇംഗ്ലീഷുകാരി ഭാര്യയുമായി തിരിച്ചെത്തിയ അയാൾക്ക് ഭരണം കൈമാറാൻ അമ്മാവൻ സമ്മതിച്ചില്ല. തങ്ങളെ മനുഷ്യരായി കാണാത്ത ബ്രിട്ടിഷുകാരിൽ ഒരാൾ രാജാവിന്റെ പത്നിയാകുക എന്നത് ഒരു വിഭാഗം ജനങ്ങളിൽ വലിയ എതിർപ്പുണ്ടാക്കി. രാജ്യത്ത് അന്തഃഛിദ്രം ഉണ്ടാക്കാതെ തിരിച്ചുപോകൂ എന്ന് അയാളുടെ ബന്ധുക്കൾ അവളോട് ആവശ്യപ്പെട്ടു.

ഭാര്യയെ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും അയാൾ തയ്യാറല്ലായിരുന്നു. കോളനിയല്ലെങ്കിലും അയാളുടെ രാജ്യം ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കർശന നിയന്ത്രണത്തിലായിരുന്നു.
പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അയാൾ ജനങ്ങളിലേക്കിറങ്ങി ചെന്നു. വിശദീകരണയോഗങ്ങൾ നടത്തി. താൻ ഭരണമേൽക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ആത്യന്തികമായി ജനങ്ങൾക്കാണെന്ന് അവരെ അയാൾ ബോധ്യപ്പെടുത്തി. എന്നാൽ ഭരണകൈമാറ്റം സംഘർഷത്തിലാണെന്ന് വരുത്തി രാജ്യത്തെ ഭരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമമാണ് ബ്രിട്ടീഷ് പ്രതിനിധികൾ നടത്തിയത്.
സ്വന്തം ഗോത്രത്തിലുള്ള ഒരാളെ വിവാഹം ചെയ്യാതെ രാജാധികാരം അയാൾക്ക് കൊടുക്കില്ലെന്ന അമ്മാവന്റെ നിലപാട് ബ്രിട്ടീഷുകാരെ സഹായിച്ചു.
ഒരു ബ്രിട്ടീഷ് വനിത ആഫ്രിക്കക്കാരന്റെ ഭാര്യയാകുന്നത് തങ്ങളുടെ വംശീയനയങ്ങളോടുള്ള വെല്ലുവിളിയായി പരിണമിക്കുമെന്ന് വർണ്ണവിവേചനം നിലനിന്നിരുന്ന സൗത്ത് ആഫ്രിക്കയിലെ ഇംഗ്ലീഷ് ഭരണകൂടം ഭയന്നു. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ഗോൾഡും യുറേനിയവും അന്ന് ബ്രിട്ടന് അത്യാവശ്യമായിരുന്നത് കൊണ്ട് അവിടത്തെ ഭരണാധികാരികൾക്ക് അലോസരമുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്ന നിർബന്ധമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലിക്ക്.
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും അയാളെയും, പത്നിയെയും സ്വീകരിക്കാൻ തയ്യാറായി. രാജ്യത്ത് രൂപം കൊള്ളുന്ന ഐക്യത്തിന് മുന്നിൽ തങ്ങൾ അപ്രസക്തമാകുമെന്ന് ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. ഭിന്നിപ്പിച്ചാൽ മാത്രമേ അപ്രമാദിത്വം നിലനിർത്താൻ പറ്റൂ എന്നതുകൊണ്ട് അവർ അമ്മാവനെ പ്രലോഭിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കി.
അമ്മാവനുമായി കാര്യങ്ങൾ പറഞ്ഞ് ഒരു ധാരണയിലെത്തുമെന്ന സൂചന കിട്ടിയപ്പോൾ അയാളോടും ഭാര്യയോടും ലണ്ടനിലേക്കെത്താൻ ബ്രിട്ടീഷ് ഭരണകൂടം ആവശ്യപ്പെട്ടു. അതൊരു ചതിയായിരുന്നു. സ്വന്തം രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് അയാൾക്ക് വിലക്കേർപ്പെടുത്തി.
സൗത്ത് ആഫ്രിക്കൻ അപ്പാർത്തിഡ് ഭരണകൂടത്തെ സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. രണ്ടാം ലോകയുദ്ധാനന്തരസമയം. ബ്രിട്ടീഷ് കൊളോണിയൽ പവറിന് ബലക്ഷയം വന്ന് തുടങ്ങിയിരുന്നു.

ഒരു മാര്യേജിനെ പൊളിറ്റിക്കൽ നേട്ടത്തിന് ഉപയോഗപ്പെടുത്തതിനെതിരെ കടുത്ത പ്രതിഷേധം ബ്രിട്ടണകത്ത് നിന്ന് തന്നെ ഉയർന്നു. രാജ്യം ഭരിക്കാൻ അയാൾ പ്രാപ്തനാണോ എന്നറിയാൻ ഒരു ജുഡീഷ്യൽ എൻക്വയറി പ്രഖ്യാപിച്ച് അത് വഴി മുഖം രക്ഷിക്കാനുള്ള തന്ത്രമാണ് ബ്രിട്ടീഷ് സർക്കാർ നടത്തിയത്. പക്ഷെ എൻക്വയറിയുടെ കണ്ടെത്തൽ അയാൾക്ക് അനുകൂലമായിരുന്നു.
ആ റിപ്പോർട്ട് വെളിയിൽ വന്നില്ല. ഭരണം തിരിച്ചു പിടിച്ച വിൻസ്റ്റൺ ചർച്ചിൽ നടപടികൾ കർക്കശമാക്കി.
ബ്രിട്ടന്റെ വംശീയമായ നിലപാടിനെതിരെ രാജ്യാന്തരതലത്തിൽ പ്രതിഷേധമുയർന്നു.
എന്നിട്ടും 1956 വരെ രാജ്യത്തേക്ക് കടക്കാൻ അയാളെ അനുവദിച്ചില്ല. ഭരണാധികാരിയാകാനുള്ള അവകാശം ഉപേക്ഷിക്കാമെന്ന വ്യവസ്ഥയിലാണ് അയാളും ഭാര്യയും രാജ്യത്ത് തിരികെയെത്തിയത്. അതൊരു കീഴടങ്ങലായി വ്യാഖ്യാനിക്കാം, പക്ഷേ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്ന് തന്നെയായിരുന്നു അപ്പോഴും അയാളുടെ നിലപാട്.
അയാൾ ഒരു കർഷകനായി ജീവിതം പുനരാരംഭിച്ചു. തന്റെ ഗ്രാമത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമങ്ങളിലാണ് അയാൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ക്രമേണ അയാൾ ഒരു രാഷ്ട്രീയ പാർട്ടി രൂപികരിച്ചു.
1965-ൽ രാജ്യത്തെ പ്രസിഡൻറായി അയാൾ തെരഞ്ഞെടുക്കപ്പെട്ടു. ഒരു കൊല്ലത്തിനുള്ളിൽ ബ്രിട്ടിഷുകാരുടെ ആധിപത്യത്തിൽ നിന്ന് രാജ്യം പൂർണ്ണസ്വാതന്ത്ര്യം നേടി. ഒരു പുതിയ രാജ്യം പിറന്നു.
അയാൾ ബോട്സ്വാന എന്ന ആ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. ഏറ്റവും ദരിദ്രമായ അവസ്ഥയിൽ നിന്ന് 1980-കളാവുമ്പോഴേക്കും സാമൂഹികമായി മുന്നോക്കം നിൽക്കുന്ന രാജ്യമായി ബോട്സ്വാന മാറി. ഇന്ന് ആഫിക്കയിലെ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം, ലോകത്ത് തന്നെ മുപ്പത്തഞ്ചാം സ്ഥാനം, സൗത്ത് കൊറിയക്ക് തൊട്ട് പുറകെ. അതിന് അടിസ്ഥാനമിട്ടത് അയാളാണ്.
ചരിത്രത്തിൽ അയാൾ സെരട്സെ ഖാമാ (Seretse Khama) എന്നറിയപ്പെട്ടു. രാജ്യം ഖാമാ എന്ന ഓമനപ്പേരിട്ടു.

രാജ്യഭ്രഷ്ടനാക്കപ്പെട്ടപ്പോഴും, ജനങ്ങൾ മൂന്ന് പ്രാവശ്യം തങ്ങളെ ഭരിക്കാൻ തെരഞ്ഞെടുത്തപ്പോഴും അയാൾക്കൊപ്പം നിലകൊണ്ട അവൾ Ruth Williams. Lady Khama എന്നാണ് അവർ അവളെ വിളിച്ചത്. 1980-ൽ Seretse മരിച്ചു. റൂത്ത് 2002-ലും.
2016-ൽ ‘A United Kingdom’ എന്ന സിനിമയിൽ അവർ രണ്ട് പേരും പുനർജനിച്ചു, David Oyelowo യുടെയും, Rosamund Pike-ൻ്റേയും രൂപത്തിൽ. അവരിലൂടെ ഒരു ജനതയുടെ അതിജീവനം ആവിഷ്കരിക്കപ്പെടുകയായിരുന്നു.
ട്രംപിസത്തിൻ്റെ കയ്പ് നിറയുന്ന കാലത്ത് ഇത് ചരിത്രത്തിലെ ഒരു തേൻകണം.
Cheers!