ഭണ്ഡാരത്തിൽ സ്വീകരിക്കുന്ന വസ്തുക്കളിൽ രത്നങ്ങൾ കഴിഞ്ഞാൽ പ്രാധാന്യം ചന്ദനം, തോൽ, നൂൽ വസ്ത്രങ്ങൾ എന്നിവയ്ക്കായിരുന്നു. ചന്ദനം എവിടെ ഉണ്ടായതാണ്, അവയുടെ നിറം, മണം, കനം എന്നിവ ആധാരമാക്കിയാണ് ഗുണമേന്മ പരിശോധിച്ചറിഞ്ഞിരുന്നത്. ചന്ദനത്തിന്റെ ഉല്പത്തി ഭൂമികളായി പതിനാറിടങ്ങളും ഒൻപതുതരം വർണങ്ങളും ആറു തരം ഗന്ധങ്ങളും ലഘുത്വം തുടങ്ങിയ 11 ഗുണങ്ങളും ചാണക്യൻ വിവരിക്കുന്നുണ്ട്. പൗരസ്ത്യ ജനതയുടെ നാട്ടറിവാണിത്. ദീർഘകാലത്തെ പ്രകൃതി സമ്പർക്കത്തിൽനിന്ന് ഏതൊക്കെ മരങ്ങളും അവയുടെ തടിയും എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന വസ്തുജ്ഞാനം പൗരസ്ത്യർ ആർജിച്ചിരുന്നു. ഇക്കൂട്ടത്തിൽ വിലയിലും ഉപയോഗത്തിലും ഏറ്റവും പ്രാധാന്യം കല്പിച്ചിരുന്നത് ചന്ദനത്തിനാണ്. ഇന്നും മൂല്യമേറിയ ഒരു വസ്തുവാണ് ചന്ദനം. അതിന് പണ്ടുകാലം മുതലേ പ്രാധാന്യം കൈവന്നിരുന്നുവെന്നാണ് ചാണക്യവിവരണത്തിൽ നിന്ന് മനസിലാക്കാനാവുന്നത്.
ചന്ദനത്തിന്റെ ഉല്പത്തിയിടങ്ങൾ
സാതനദേശം, ഗോശീർഷദേശം, ഹരിദേശം താർണസം (തൃണസ- ആറ്റിൻകരയിലുള്ളത്) ഗ്രാമേരുദേശം, ദേവസഭാദേശം, ജാവകദേശം, ജോംഗകദേശം, തൗരൂപദേശം, മാലേയദേശം, അഗരുകാളം കാല പർവതദേശം, കോശകാര പർവതം, ശീതോദകദേശം, നാഗപർവതം, ശാകുലദേശം എന്നീ പ്രദേശങ്ങളിലുണ്ടാകുന്ന ചന്ദനത്തിനും കുചന്ദനത്തിനും സവിശേഷതയുണ്ടെന്നാണ് പൗരസ്ത്യരുടെ അനുഭവലോകം. ഭിന്നദേശങ്ങളിൽ വികസിച്ച ചന്ദനജ്ഞാനത്തിന്റെ മാനകരൂപമാണ് ചാണക്യവിവരണം.

വർണത്തിന്റെയും ഗന്ധത്തിന്റെയും അടിസ്ഥാനത്തിലും ചന്ദനത്തെ ഉല്പത്തിയിടവുമായി ബന്ധിപ്പിച്ചും വിവരിക്കുന്നുണ്ട്. ചന്ദനത്തോടൊപ്പം കുചന്ദനത്തെയും കുറിച്ചും വിവരിക്കുന്നുണ്ട്. കുചന്ദനത്തിന് രക്തചന്ദനമെന്നാണ് നിഘണ്ടു അർഥം. ഇവയെ ഗന്ധമില്ലാത്തതെന്നും വിശേഷിപ്പിക്കുന്നു. എന്നാൽ ചാണക്യൻ വിവരിക്കുന്ന കുചന്ദനത്തിന് കൃഷ്ണവർണവും ഗോമൂത്രത്തിന്റെ ഗന്ധവുമുണ്ട്. അഗരുകാളത്തിന് രക്തവർണമോ രക്തകാള വർണമോ കാണും. കാല പർവതദേശത്തുണ്ടാകുന്നത് കുങ്കുമവർണമുള്ളതാണ്. കോശകാര പർവതത്തിലുണ്ടാകുന്നവയ്ക്ക് കാളവർണമോ കാളചിത്രവർണമോ രക്തവർണമോ രക്തകാള വർണമോ ഉണ്ടായിരിക്കും. ശീതോദക ദേശത്തുള്ളതിന് താമരവർണവും കറുത്തു സ്നിഗ്ധവുമായിരിക്കും. നാഗപർവത ദേശത്തുണ്ടാകുന്നതിന് കപിലവർണമായിരിക്കും. ഒരു വൃക്ഷത്തിന്റെ തടിയുടെ വ്യത്യസ്ത സ്വഭാവങ്ങൾ മനസിലാക്കാനും അവയൊക്കെ അതിന്റെ സവിശേഷഗുണങ്ങളാണെന്നുറപ്പിക്കാനുമുള്ള വസ്തുജ്ഞാനം പൗരസ്ത്യർ ആർജിച്ചിരുന്നുവെന്നു ചാണക്യൻ സാക്ഷ്യപ്പെടുത്തുന്നു.
ചന്ദനത്തെയും കുചന്ദനത്തെയും മാത്രമല്ല തടിയ്ക്കു മണമുള്ള അഗരു (അകില് ) എന്ന മറ്റൊരു വൃക്ഷത്തെയും അക്കാലത്ത് തിരിച്ചറിഞ്ഞിരുന്നു. ഇവ ജോംഗകം, ദോംഗകം, പാരസമുദ്രകം എന്നിങ്ങനെ മൂന്നുവിധമുണ്ട്. ജോംഗകം കാളവർണമോ വെളുത്തു കറുത്തുവരകളുള്ളതോ വെളുത്തു കറുത്തു പുള്ളികളുള്ളതോ ആയിരിക്കും. ദോംഗകത്തിനു ശ്യാമവർണമായിരിക്കും. കുഴനാട്ടിലുള്ള പാരസമുദ്രകം പുള്ളികളുള്ളതും ഉശീരത്തിന്റെയോ മുല്ലപ്പൂവിന്റെയോ ഗന്ധമുള്ളതുമായിരിക്കും. ഇവയുടെ ഗുണങ്ങളും ചാണക്യൻ വിവരിക്കുന്നുണ്ട്. അഗരുവിന്റെ ഈ ഗുണങ്ങൾ കാരണം ചന്ദനത്തിനൊപ്പം പ്രാധാന്യം ഇവയ്ക്കും ലഭിക്കാനിടയായി.
വെഞ്ചന്ദനത്തിന്റെ എണ്ണയുടെ നിറം നോക്കി ഉത്ഭവസ്ഥാനം, നിറം, മണം, ഗുണം എന്നിവ തിരിച്ചറിഞ്ഞിരുന്നു.

തോലുപയോഗം
ഫൽഗുക്കളിൽ പ്രധാനമായ തോലുകളെ കുറിച്ചു വിശദമായി വിവരിക്കുന്നു. 15 തരം ചർമജാതികൾ ഉപയോഗത്തിലുണ്ടായിരുന്നു. അവയിൽ ഹിമവാൻ പർവതത്തിലെ രണ്ടു തരം ചർമങ്ങളാണ് കാന്തനാവകം, പ്രൈയകം (പ്രിയക ദേശത്തുള്ളത് ) എന്നിവ. കാന്തനാവകത്തിന് മയിൽ കഴുത്തിന്റെ നിറമായിരിക്കും. പ്രൈയകം നീല- പീത ശ്വേത രേഖകളോടുകൂടിയതായിരിക്കും. ചിലപ്പോൾ പുള്ളികളുള്ളതുമായിരിക്കും. ഇവ രണ്ടിനും എട്ടങ്കുലം നീളം കാണും.
ഹിമാലയത്തിൽ തന്നെ ആദിമർ വസിക്കുന്ന 12 ഗ്രാമങ്ങൾ ഉൾപ്പെടുന്ന ദ്വാദശ ഗ്രാമങ്ങളിലുള്ളതാണ് ബിസി, മഹാബിസി എന്നറിയപ്പെടുന്നവ. കൃത്യമായ നിറമില്ലാത്തതും രോമങ്ങൾ നിറഞ്ഞതും പുള്ളിയുള്ളതുമാണ് ബിസി. പരുപരുത്തതും വെളുത്തനിറവുമുള്ളതാണ് മഹാബിസി. ഇവയ്ക്കു 12 അംഗുലം നീളമുണ്ട്. ശ്യാമിക, കാളിക, കദളി, ചന്ദ്രോത്തര, ശാകുല എന്നീ ഇനങ്ങൾ ഹിമാലയത്തിലെ ആരോടം എന്ന പ്രദേശത്തുള്ളതാണ്. ഇവയിൽ കപിലമോ പുള്ളികളുള്ളതോ ആയിട്ടുള്ളത് ശ്യാമിക. കപില വർണത്തോടുകൂടിയതോ കപോതവർണമുള്ളതോ ആണ് കാളിക. ഇവയ്ക്കു രണ്ടിനും എട്ട് അംഗുലം നീളമുണ്ടാകും. പരുഷവും ഒരു ഹസ്തം നീളവുമുള്ളതുമാണ് കദളി. അവയിൽ ചന്ദ്രനെ പോലെ വട്ടപുള്ളിയുള്ളതായാൽ ചന്ദ്രോത്തരം. കദളിയേക്കാൾ നീളം കുറഞ്ഞ വട്ടപുള്ളിയോടുകൂടിയതും ചർമ ഗ്രന്ഥികളുള്ളതുമാണ് ശാകുല.
സാമുരം, ചീനസി, സാമൂലി എന്നിവ ഹിമാലയത്തിലെ ബാൽഹവം ദേശത്തുള്ളതാണ്. 36 അംഗുലം അഞ്ജന വർണവുമായിട്ടുള്ളത് സാമൂരം. ചുവപ്പും കറുപ്പുമായവ ചീനസി. ഗോതമ്പിന്റെ വർണത്തോടുകൂടിയത് സാമൂലി. ഇവ മൂന്നും എലിത്തോലുകളാണ് .
കരജീവികളുടെ തോലുകൾ ഉപയോഗിച്ചിരുന്നതുപോലെ ജലജീവികളുടെയും തോലുകൾ ഉപയോഗത്തിലുണ്ടായിരുന്നു. സാതിന, ഉദ്ര സാതിന എന്നിവയാണ് ജലജീവികളുടെ ചർമങ്ങളായ ഔദ്രങ്ങൾ. സാതിന വേഴുംപൂ നിറമുള്ളതാണ്. വാൽ വട്ടത്തിലായിരിക്കും ഉദ്ര സാതിന. മേല്പറഞ്ഞ തോലുകളിൽ മൃദുവും സ്നിഗ്ധവും രോമാവൃതവുമായിരിക്കുന്നവയാണ് ശ്രേഷ്ഠം.
രോമത്തുണി
രോമത്തുണിയെ ആവികം എന്നു പറയും. പ്രധാനമായും ആട്ടുരോമത്തുണികളായിരുന്നു. അവ വെള്ളയോ ചുവപ്പോ താമരനിറമോ ആയിരിക്കും. നിർമാണം കൊണ്ട് രോമവസ്ത്രങ്ങൾ പലതരമുണ്ട്. തുന്നിയവ, ചിത്രാകൃതിയിൽ നെയ്തവ, ചെറിയ തുണ്ടുകൾ ചേർത്തു മെടഞ്ഞവ, വലപോലെ നൂലുകൾ ചേർത്തുണ്ടാക്കിയവ. രൂപവും ഉപയോഗവുമനുസരിച്ചാണ് വർഗീകരണം. കംബളം, കൗചപകം എന്നിവ ഇടയരുടെ വസ്ത്രമാണ്. കപില ശിരോവസ്ത്രമാണ്. കുലമിതിക ഗജാവരണമാണ്.

പട്ടുനൂലും പരുത്തിനൂലും ചിലന്തിനൂലും ഉപയോഗിച്ചുള്ള നെയ്ത്ത് പൗരസ്ത്യദേശങ്ങളിൽ പണ്ടേ വികസിച്ചിരുന്നുവെന്നു ചാണക്യവിവരണത്തിൽനിന്ന് വ്യക്തമാകുന്നു.
ഭണ്ഡാരത്തിൽ സ്വീകരിക്കേണ്ട വസ്തുക്കളുടെ ഗുണപരിശോധനയെ കുറിച്ചുള്ള ചാണക്യവിവരണത്തിൽ നിന്ന് സമകാലികമായി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രകൃതിവിഭവങ്ങളുടെ ഉപഭോഗ സംസ്കൃതി പൗരസ്ത്യർക്കിടയിൽ പണ്ടേ വികസിച്ചിരുന്നോ ഇല്ലയോ എന്നും വികസിച്ചിരുന്നെങ്കിൽ അവ എപ്രകാരമായിരുന്നുവെന്നും അവയുടെ സാമൂഹ്യനിലയെന്തായിരുന്നുവെന്നും അറിയാനുള്ള ഒരു സ്രോതസ്സാണ് പ്രാചീനകൃതിയായ അർത്ഥശാസ്ത്രം. വിലപിടിപ്പുള്ള ഭണ്ഡാരവസ്തുക്കളുടെ ഗുണപരിശോധനാ വിവരണത്തിൽ നിന്ന് പൗരസ്ത്യ വാസ്തുജ്ഞാനത്തിന്റെ പഴമയും തെളിമയും വ്യക്തമാകുന്നുണ്ട്. തദ്ദേശീയ ജ്ഞാനോല്പത്തിയെ വിശ്വാസങ്ങളാണെന്നു വരുത്തിത്തീർത്ത കൊളോണിയൽ ആധുനികതാ വീക്ഷണത്തെ പുനരവലോകനം ചെയ്യാൻ പൗരസ്ത്യ വസ്‌തുജ്ഞാനത്തിന്റെ അടരുകൾക്കാവുമെന്നു അംഗീകരിക്കേണ്ടതുണ്ട്.
രത്നശാസ്ത്ര വിചാരങ്ങൾക്കപ്പുറമായി വൃക്ഷജ്ഞാനവും നെയ്ത്തു സാങ്കേതികതയും വികസിച്ചിരുന്ന പൗരസ്ത്യസമൂഹത്തിന്റെ നേർചിത്രമാണ് ചാണക്യവിവരണത്തിൽ അനാവരണം ചെയ്യുന്നത്. ഭൗതിക ഉപഭോഗത്തിലുള്ള വസ്തുജ്ഞാനമാണ് ചാണക്യൻ ഈ അധ്യായത്തിൽ പങ്കുവയ്ക്കുന്നത്. കൊളോണിയൽ ആധുനികത പരക്കെ ധരിപ്പിച്ചിരിക്കുന്നതുപോലെ പൗരസ്ത്യചിന്ത അന്ധവിശ്വാസങ്ങളും മതാന്ധതയും നിറഞ്ഞതാണെന്നും ഭൗതികമായ ഉപഭോഗസംസ്കൃതിയിൽ അപരിഷ്കൃതരാണെന്നുമുള്ള വ്യവഹാരത്തെ അപനിർമിക്കാനും ചെറുക്കാനും വിഭവോപഭോഗ ജ്ഞാനശൂന്യത ഉള്ളവരല്ല പൗരസ്ത്യസമൂഹമെന്നു മനസിലാക്കി ജ്ഞാനചരിത്രത്തിലെ പൗരസ്ത്യ ധൈഷണികതയുടെ സ്ഥാനമെന്തെന്നറിയാനും അധിനിവേശാനന്തരകാലത്ത് സ്വയം വിശ്വസിക്കാനും പ്രകൃതിവിഭവങ്ങളുടെ ഉപഭോഗസംസ്കൃതി ഉള്ളടങ്ങുന്ന ചാണക്യവിവരണം സഹായകമാണ്.

സമ്പന്നമായ വൃക്ഷജ്ഞാനമുള്ള പൗരസ്ത്യജനത ചന്ദനത്തിന്റെ സവിശേഷപ്രാധാന്യം പണ്ടേ മനസിലാക്കിയിരുന്നുവെന്നും ഉപഭോഗ സംസ്കൃതിയുടെ ഭാഗമാക്കിയിരുന്നെവെന്നും വ്യക്തമാകുന്നതോടെ പൗരസ്ത്യരുടെ പാരിസ്ഥിതികജ്ഞാനം ഉറപ്പിക്കപ്പെടുന്നു.
തുകൽ വ്യവസായവും അനുബന്ധ സാമൂഹിക പ്രശ്നങ്ങളും അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സമകാല ഇന്ത്യൻ സന്ദർഭത്തിൽ തുകൽ ഉപഭോഗം പണ്ടേ നിലനിന്നിരുന്നുവെന്നു മനസിലാക്കാൻ ചാണക്യന്റെ വസ്തുവിവരണം സഹായിക്കുന്നു. ബ്രിട്ടീഷുകാർ കാൺപൂർ കേന്ദ്രമാക്കി തുകൽ ഫാക്ടറി ആരംഭിക്കുന്നതിനു വളരെ മുമ്പേ തോലിന്റെ ഉപഭോഗം പൗരസ്ത്യർക്കിടയിൽ വികസിച്ചിരുന്നുവെന്നു ചാണക്യൻ സാക്ഷ്യപ്പെടുത്തുന്നു. മാംസ ഉപഭോഗത്തിന്റെ ഒരു ഉപോൽപ്പന്നമാണ് തോൽ. അതുകൊണ്ടുതന്നെ മാംസ ഉപഭോഗം അക്കാലത്തു നിലനിന്നിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ചർമം കൊണ്ടുള്ള ഉൽപ്പന്നങ്ങളെ കുറിച്ച് ചാണക്യൻ വിവരിക്കുന്നുണ്ടെങ്കിലും ഒരിക്കലും ടാനിംഗ് പരാമർശിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ ഈ പ്രക്രിയ അടിസ്ഥാനപരമായി തോൽ ഉണക്കുന്ന ഒന്നായിരുന്നുവെന്ന് അനുമാനിക്കാം. അക്കാലത്തു ആനകൾക്കുള്ള ആവരണത്തിനുൾപ്പടെ തുകൽ ഉപയോഗിച്ചിരുന്നുവെന്നു തെളിയുന്നു. കുടുതലും തണുപ്പുള്ള ഹിമാലയ ദേശത്താണ് അധികമായ നിർമാണവും ഉപയോഗവും കാണുന്നത്. ആട്, എലി, ജലജീവികൾ എന്നിവയുടെ ചർമങ്ങളുടെ ഉപയോഗം പറയുന്നുണ്ടെങ്കിലും മറ്റുള്ള ഏതൊക്കെ മൃഗങ്ങളുടെ തൊലികളാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ചർമ ഉൽപന്നങ്ങൾക്ക് അക്കാലത്തു വിലയുണ്ടായിരുന്നുവെന്നു വ്യക്തമാകുന്നു.
പൗരസ്ത്യർക്കിടയിലെ നെയ്ത്തു സംസ്കാരത്തിനു ദീർഘമായ ചരിത്രപിന്തുണയുണ്ട്. നെയ്ത്ത് വ്യാപകമായി ഉണ്ടായിരുന്നുവെന്നും നെയ്ത്തിനായി പരുത്തിനൂലും പട്ടുനൂലും ചിലന്തിനൂലും പ്രയോജനപ്പെടുത്തിയിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്. നെയ്ത്തിന്റെ സാങ്കേതികത വികസിച്ചിരുന്നതായിരുന്നു അക്കാലത്തെ പൗരസ്ത്യസമൂഹമെന്നും വ്യക്തമാകുന്നുണ്ട്.

ചുരുക്കത്തിൽ സംസ്‌കൃത ഭാഷയുടെ പേരിലോ കൊളോണിയൽ ആധുനികത പ്രചരിപ്പിച്ച അപരിഷ്കൃതമാണെന്ന മുൻധാരണയോടെയോ അല്ല പ്രാചീനകൃതികളെ സമീപിക്കേണ്ടത്. പ്രാചീനകൃതികളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാവുന്ന പൗരസ്ത്യ ചിന്തയുടെ ആരൂഢമെന്തെന്നറിയേണ്ടത് പൗരസ്ത്യ ജനസഞ്ചയം കാലങ്ങളായി ആർജിച്ച സമാഹൃതജ്ഞാനത്തിന്റെ പൊരുളറിയാൻ സഹായകമാണ്. ഈ സാധ്യതയാണ് കൗടലീയം തുറന്നുതരുന്നത്.