വിവേചനത്തിന്റെ
അർഥശാസ്ത്രം- 9
വരുമാനത്തിന്റെ സ്ഥിതിയറിയാനും അതനുസരിച്ചുള്ള ഭരണാസൂത്രണത്തിനുമായി സൂക്ഷ്മമായ സംവിധാനം ചാണക്യചിന്തയിലുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് എങ്ങനെയൊക്കെയുണ്ടാകാമെന്നും അവയ്ക്കുള്ള ശിക്ഷകളും വിശദമായി ചിന്തിച്ചുറപ്പിച്ചിരുന്നു. സമകാലത്തും വരുമാന ശേഖരണ സംവിധാനത്തിൽ ദോഷങ്ങളായി തിടം വെച്ചിരിക്കുന്ന പലതിന്റെയും മൂലരൂപങ്ങൾ രാജഭരണകാലത്തേ അരങ്ങേറിയിരുന്നുവെന്നു നിസ്സംശയം അർത്ഥശാസ്ത്രം വെളിപ്പെടുത്തുന്നു. അതായത്, ഇന്നത്തെ ഇന്ത്യ ഒരു കൊളോണിയൽ സൃഷ്ടി മാത്രമാണെന്നും ഇന്നത്തെ എല്ലാ അപാകങ്ങൾക്കും മൂലകാരണം കൊളോണിയൽ ആധുനികത മാത്രമാണെന്നും വിശ്വസിക്കാനാഗ്രഹിക്കുന്നവർക്കും അങ്ങനെ വാദിക്കുന്നവർക്കും കാലത്തിന്റെ വികൃതികളെ ഏകപക്ഷീയമായല്ലാതെ വിലയിരുത്തേണ്ടതുണ്ടെന്ന ആവശ്യകതയിലേക്കാണ് ചാണക്യൻ വഴിനടത്തുന്നത്.
ചരക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ, വരവു- ചെലവു കണക്കുകൾ എഴുതിസൂക്ഷിക്കേണ്ട രീതി, കണക്കിലെ കൃത്രിമങ്ങൾക്കുള്ള പിഴ തുടങ്ങിയവ വിവരിക്കുന്നുണ്ട്. കണക്കെഴുത്ത് നിർബന്ധവും അതിലേറെ ശാസ്ത്രീയവുമായിരിക്കണമെന്ന് ചാണക്യൻ ചിന്തിച്ചിരുന്നു. അവയ്ക്ക് വിശ്വാസ്യതയുണ്ടാകണം, വിശദാംശങ്ങളോടുകൂടിയതുമായിരിക്കണം.

അധ്യക്ഷന്മാരും കണക്കെഴുത്തുകാരും കൂടി കണക്കു സൂക്ഷിപ്പും പരിശോധനയും നടത്തുന്ന ഇടമാണ് അക്ഷപടലം, ഇന്നത്തെ അക്കൗണ്ട്സ് ഓഫീസ്. അക്കാലത്ത് വാസ്തുവിദ്യക്കുണ്ടായിരുന്ന പ്രാധാന്യം കൗടലീയത്തിൽ വിവരിക്കുന്ന ഓരോ നിർമിതികളിലും പ്രകടമാണ്. വാസ്തുപ്രകാരം വാതിൽ കിഴക്കോട്ടോ വടക്കോട്ടോ ആയി വേണം അക്ഷപടലാധ്യക്ഷൻ അക്ഷപടലം പണിയിക്കേണ്ടത്. ഉദ്യോഗസ്ഥന്മാരുടെ തസ്തികയനുസരിച്ച് ഇരിക്കാൻ പ്രത്യേകം മുറികളും കണക്കുപുസ്തകങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും വേണം. പിരിയേണ്ട ദേശങ്ങൾ, ധനവിവരം, ദ്രവ്യോല്പത്തിയുടെ വളർച്ച, ക്ഷയം, ചെലവ്, കൂട്ടിച്ചേർക്കൽ, വിഭവങ്ങളുടെ ഉപയോഗം, കൂലിയിലും മറ്റു ചെലവുകളിലും ഉത്പന്ന വിലയിലും വന്ന മാറ്റം തുടങ്ങിയവ എഴുതി സൂക്ഷിക്കണം. രത്നങ്ങളുടെയും മറ്റു ലോഹങ്ങളുടെയും അളവും തൂക്കവും വർണഗുണവും പ്രത്യേകം രേഖപ്പെടുത്തണം.
റവന്യു വരുമാനം ഉണ്ടാക്കുന്ന തുറകളിൽ സത്യസന്ധന്മാരെ വേണം തിരഞ്ഞെടുക്കാൻ. ഏതെങ്കിലും സാഹചര്യത്തിൽ ശിക്ഷിക്കേണ്ടിവന്നാലും രാജാവിന് ദുഃഖം തോന്നാത്ത ഉദ്യോഗസ്ഥന്മാരെ വേണം നിയമിക്കാൻ.
ദേശം, ഗ്രാമം, ജാതി, കുലം, സംഘാതം എന്നിവയുടെ കാര്യത്തിൽ ഓരോന്നിന്റെയും ധർമം, വ്യവഹാരം, ചരിത്രം എന്നിവയുടെ സ്ഥിതി രേഖപ്പെടുത്തണം. രാജാവിന്റെ ആശ്രിതരുടെ കാര്യത്തിൽ ഉപചാരം, പ്രദേശം, ഭോഗം, കരമൊഴിവ്, ചെലവിന് നൽകുന്ന അരി, വേതനം എന്നിവയ്ക്കും കൃത്യമായ കണക്കുണ്ടാകണം. രാജാവ്, റാണി, പുത്രന്മാർ എന്നിവരുടെ പക്കലുള്ള രത്നങ്ങൾ, ഭൂമി, വിശേഷാൽ ചെലവിനുള്ളത്, ആപൽഘട്ടങ്ങളിൽ കൊടുക്കുന്നത്, ചികിത്സാചെലവ് എന്നിവയെല്ലാം വെവ്വേറെ രേഖപ്പെടുത്തണം. മിത്രരാജാവിന് സന്ധിയനുസരിച്ച് കൊടുക്കേണ്ടുന്ന ദ്രവ്യത്തിന്റെ കണക്ക് കണിശതയോടെ എഴുതി സൂക്ഷിക്കണം.
ഉത്തമം, മാധ്യമം, അധമം എന്നീ കർമങ്ങളിൽ സമാന ജാതിക്കാരെ അധ്യക്ഷനാക്കണമെന്നും അതാതു സമുദായത്തിൽ നിന്ന് യോഗ്യരായവരെ രാജാവ് നിയമിക്കണമെന്നുമുള്ള ചാണക്യ നിർദ്ദേശത്തിൽ നിന്ന്, തൊഴിലും അനുബന്ധജാതികളും എന്ന സാമൂഹ്യവിവേചനം നിലനിന്നിരുന്നുവെന്ന് മനസിലാക്കാം. ഖജനാവിലേക്കു സ്വരൂപിക്കേണ്ട പ്രവർത്തനങ്ങളിൽ ഏതെങ്കിലും വകുപ്പധ്യക്ഷന്റെ പ്രവർത്തനമാന്ദ്യം നിമിത്തം നഷ്ടം വന്നാൽ, അവന്റെ ലാഭത്തിൽ പങ്കു പറ്റിയവർ, ജാമ്യക്കാർ, കർമോപജീവികൾ, കുടുംബക്കാർ തുടങ്ങിയവർ വഹിക്കേണ്ടതാണ്. ഇക്കാര്യത്തിൽ രാജാവ് വിട്ടുവീഴ്ച ചെയ്യണ്ടതില്ല. റവന്യു വരുമാനം ഉണ്ടാക്കുന്ന തുറകളിൽ സത്യസന്ധന്മാരെ വേണം തിരഞ്ഞെടുക്കാൻ. ഏതെങ്കിലും സാഹചര്യത്തിൽ ശിക്ഷിക്കേണ്ടിവന്നാലും രാജാവിന് ദുഃഖം തോന്നാത്ത ഉദ്യോഗസ്ഥന്മാരെ വേണം നിയമിക്കാൻ.

ഉദ്യോഗസ്ഥൻ ധനാപഹരണം നടത്തിയാൽ അപഹർത്താവിൽ നിന്നോ അയാളുടെ ബന്ധുക്കളിൽ നിന്നോ മുഴുവൻ തുകയും ഈടാക്കണം. 354 ദിവസങ്ങൾ ചേർന്നതാണ് ഒരു കർമ സംവത്സരം. ഇക്കാലയളവിൽ പൂർണമായോ ഭാഗികമായോ ആണോ ജോലി ചെയ്തതെന്നു നോക്കി വേണം വേതനം നല്കാൻ. അധിമാസം വേറെ കണക്കാക്കണം.
വരുമാന ക്ഷയത്തിന്റെ കാരണങ്ങൾ
ദേശാചാരത്തെക്കുറിച്ചും പൂർവസ്ഥിതിയും അറിയാതെ ചില അധ്യക്ഷൻ അജ്ഞാനം കൊണ്ട് വരുമാനക്ഷീണമുണ്ടാക്കും. മടിയന്മാർ അലസത കൊണ്ടും ഇന്ദ്രിയാർത്ഥങ്ങളിൽ താല്പര്യമുള്ളവർ പ്രമാദം കൊണ്ടും ധർമത്തെയും ലോകാപവാദത്തെയും കുറിച്ച് ഭീരുവായവൻ ഭയം കൊണ്ടും കാമതല്പരൻ കാമം കൊണ്ടും ഹിംസബുദ്ധിയുള്ളവൻ കോപം കൊണ്ടും ദ്രവ്യത്തെയോ രാജസേവകന്മാരെയോ ആശ്രയിക്കുന്നവർ അഹങ്കാരം കൊണ്ടും അളവ് തൂക്ക കണക്കിൽ കൈകടത്തുന്നവൻ ലോപം കൊണ്ടും വരുമാനഹാനി വരുത്തും. ധനനാശം വരുത്തുന്ന അധ്യക്ഷന്മാർക്ക് തക്ക ശിക്ഷ നൽകണം.
ഓരോ വകുപ്പുകളിൽ നിന്നും ആഷാഢത്തിലെ വെളുത്ത വാവിൻ നാൾ കണക്ക് എത്തിക്കണം. കണക്കുപുസ്തകവും മിച്ചം വെച്ച പെട്ടിയും മുദ്ര വെച്ചു കൊണ്ടുവരികയും ഉദ്യോഗസ്ഥർ പരസ്പരം സംസാരിക്കാതെ മുറ കാത്തിരിക്കുകയും വേണം.
ഓഡിറ്റിങ് വ്യവസ്ഥ
ഓരോ വകുപ്പുകളിൽ നിന്നും ആഷാഢത്തിലെ വെളുത്ത വാവിൻ നാൾ കണക്ക് എത്തിക്കണം. കണക്കുപുസ്തകവും മിച്ചം വെച്ച പെട്ടിയും മുദ്ര വെച്ചു കൊണ്ടുവരികയും ഉദ്യോഗസ്ഥർ പരസ്പരം സംസാരിക്കാതെ മുറ കാത്തിരിക്കുകയും വേണം. മുദ്രവച്ച കണക്കുപുസ്തകവും നീക്കിയിരിപ്പു വിവരങ്ങളുമായി എത്തുന്ന അവർ കണക്കുപരിശോധിക്കുന്ന സ്ഥലത്തുനിന്ന് പുറത്തുപോകാൻ പാടില്ല. പുസ്തകത്തിൽ കേട്ടറിഞ്ഞതിൽ നിന്ന് നീക്കിയിരിപ്പു വ്യതിയാനമുണ്ടെങ്കിൽ അതിന്റെ എട്ടിരട്ടി അധ്യക്ഷനെ കൊണ്ട് അടപ്പിക്കണം. കൂടുതലാണെങ്കിൽ അത് അധ്യക്ഷന് നൽകണം. കണക്കുപരിശോധിച്ച ശേഷം അധ്യക്ഷൻ നീക്കിയിരുപ്പു തുക ഖജനാവിലേക്കയക്കണം. പരിശോധനയിൽ വരവ് കൂടുകയോ ചെലവ് കുറയുകയോ ചെയ്താൽ വ്യത്യാസത്തിന്റെ എട്ടിരട്ടി ഈടാക്കണം. മറിച്ചായാൽ ഉദ്യോഗസ്ഥൻ സഹിക്കണം. കണക്കിൽ കൃത്രിമം കാണിക്കുക, യഥാസമയം കണക്കു പരിശോധനയ്ക്കു ഹാജാരാക്കാതിരിക്കുക പരിശോധനാ ഉദ്യോഗസ്ഥൻ കൃത്രിമം കാണിക്കുക, കൃത്രിമത്തിനു കൂട്ടുനിൽക്കുക തുടങ്ങിയ തെറ്റുകൾക്ക് കടുത്തശിക്ഷ വിധിക്കുന്നു. അധ്യക്ഷന്മാരോ ഉദ്യോഗസ്ഥന്മാരോ പൊതുമുതൽ അപഹരിക്കാനുള്ള സാധ്യതകൾ വെവ്വേറെ തിരിച്ചറിഞ്ഞ് അപഹരണതിന് നൽകേണ്ട ശിക്ഷാവിധികൾ പറഞ്ഞുറപ്പിക്കുന്നുമുണ്ട്.

വിളവും ചരക്കും വർധിപ്പിക്കുക, പരിഹാരമായി നൽകുന്നത് കുറയ്ക്കുക എന്നിവയിലൂടെ കോശസ്ഥിതി മെച്ചപ്പെടുത്തണം. രാജാവ് കോശസ്ഥിതി വർധിപ്പിക്കാൻ ശ്രമിക്കുമെങ്കിലും പലപ്പോഴും കോശക്ഷയം സംഭവിക്കാനിടയുണ്ട്. എട്ടുകാരണങ്ങളാണ് ചാണക്യൻ കണ്ടെത്തിയുള്ളത്.
ആദ്യത്തേത് പ്രതിബന്ധം. നികുതി / കരം യഥാകാലം ഇടക്കാതിരിക്കുക, ഈടാക്കി അടക്കാതിരിക്കുക എന്നിവ മൂലമുള്ള കോശക്ഷയമാണ് പ്രതിബന്ധം. അത്തരം സാഹചര്യങ്ങളിൽ ഈ സംഖ്യയുടെ പത്തിരട്ടി അധ്യക്ഷന് പിഴ നിശ്ചയിച്ചിട്ടുണ്ട്.
രണ്ടാമത്തെ കാരണം പ്രയോഗം. കോശത്തിലടക്കാതെ പലിശയ്ക്ക് മറിച്ചു കൊടുക്കുന്നതുമൂലമുണ്ടാകുന്ന കോശക്ഷയമാണിത്. പ്രയോഗത്തിലും വ്യവഹാരത്തിലും ഉണ്ടാക്കുന്ന പണത്തിന്റെ ഇരട്ടി പണം പിഴയായി ഈടാക്കണം.
കാലമാകും മുമ്പ് തുക പിരിക്കുന്നതോ കാലമായിട്ടും തുക പിരിക്കാതിരിക്കുന്നതോ ആണ് അവസ്സരം. പിരിക്കുന്നതുകയുടെ അഞ്ചിരട്ടി പിഴയാണിക്കൂട്ടർക്കു നിശ്ചയിച്ചിട്ടുള്ളത്.
വരവ് നിശ്ചയിച്ചതിലും ചുരുക്കിയും ചെലവ് പെരുക്കിയും കാണിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടമാണ് പരിഹാപണം. ഈ നഷ്ടത്തിന്റെ നാലുമടങ്ങു പിഴയാണ് ശിക്ഷ. രാജദ്രവ്യങ്ങളെ സ്വയമോ അന്യർക്ക് കൊടുത്തോ ഉപഭുജിക്കുന്നതാണ് ഉപഭോഗം. ഒരു ജീവനക്കാരനോ ബന്ധുക്കളോ ഉപഭോഗിക്കുന്നതാണിത്. ഉപഭോഗിക്കുന്നത് രത്നാദികളാണെങ്കിൽ മരണശിക്ഷ, ചന്ദനാദിസാര ദ്രവ്യങ്ങളാണെങ്കിൽ മാധ്യമസഹസം ശിക്ഷ, ഫൽഗാദി വസ്തുക്കളാണെങ്കിൽ ഉപഭോഗം ചെയ്ത ദ്രവ്യത്തിന്റെ ഇരട്ടി വസൂലാക്കണം. ഏഴാമത്തെ കാരണം അപഹാരം. കിട്ടിയ വരവ് കണക്കിൽ കാണിക്കാതിരിക്കുക, നീക്കിയിരിപ്പു നിഷേധിക്കുക ഇതൊക്കെയാണ് അപഹാരം. ഇവയ്ക്കു പന്ത്രണ്ടു മടങ്ങു പിഴ. വിലകൂടിയവയ്ക്കു വില കുറഞ്ഞവ പകരം വെക്കുകയാണ് പരിവർത്തനം. ഇവയ്ക്കും ഉപഭോഗത്തിനു പറഞ്ഞ ശിക്ഷകളാണ് വിധിച്ചിട്ടുള്ളത്.
മനുഷ്യസഹജമായ അഴിമതിത്വര ഉദ്യോഗസ്ഥരിൽ ഏതുകാലത്തും കടന്നുവരാമെന്നതുകൊണ്ടു ഇക്കൂട്ടരെ കണ്ണുംപൂട്ടി വിശ്വസിക്കേണ്ടതില്ലെന്ന് ചാണക്യൻ പറയുന്നു. ഇവരെ രാജാവ് നിരീക്ഷിക്കണം.
പൊതുമുതൽ അപഹരണം
അധ്യക്ഷന്മാർക്ക് പൊതുമുതൽ അപഹരിക്കുന്നതിനു 40 വഴികൾ ഉണ്ടെന്നാണ് ചാണക്യപക്ഷം. അധ്യക്ഷന്മാർ ധനാപഹരണം ചെയ്താൽ അധ്യക്ഷന്റെ സെക്രട്ടറി, ഭണ്ഡാരം സൂക്ഷിപ്പുകാരൻ, കണക്കെഴുത്തുകാരൻ, നികുതി വാങ്ങിയവരും കൊടുത്തവരും, രാജപുരുഷൻ, മന്ത്രി, മന്ത്രിയുടെ ജോലിക്കാരൻ എന്നിവരിൽ ഓരോരുത്തരുടെയും മൊഴിയെടുക്കണം. അവരിലാരെങ്കിലും കള്ളം പറഞ്ഞാൽ അധ്യക്ഷനുമുള്ള ശിക്ഷ അവർക്കും കൊടുക്കണം. അധ്യക്ഷൻ കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ ജനപദത്തിൽനിന്നും അധ്യക്ഷനിൽനിന്നും വഞ്ചിതരായ പ്രജകളുടെ പരാതി സ്വീകരിച്ച് അവർക്കു നഷ്‌ടമായ ദ്രവ്യത്തിന് സമയമായത് കൊടുപ്പിക്കണം. ഒരാൾ വ്യത്യസ്ത ആരോപണങ്ങൾക്കു വിധേയനാവുകയും എന്നാൽ ഒരു കാര്യത്തിൽ കുറ്റക്കാരനാണെങ്കിൽ വിചാരണയില്ലാതെതന്നെ, മരിച്ചാലും ഉത്തരവാദിയാകും. വ്യത്യസ്ത ആരോപണനമാണെങ്കിൽ വെവ്വേറെ തെളിവുകൾ ഹാജരാക്കണം. ഒരു നിർണായക കുറ്റം ഭാഗികമായി തെളിഞ്ഞാലും മുഴുവന്റെയും ഉത്തരവാദി അധ്യക്ഷനാകും .
പൊതുമുതലപഹരിക്കുന്ന ഉദ്യോഗസ്ഥരെ പരിശോധിച്ച് നിജസ്ഥിതി അറിയാനുള്ള മാർഗങ്ങളാണ് ഉപയുക്തപരീക്ഷ എന്ന ഭാഗത്ത് വിവരിക്കുന്നത്. കർമശേഷിയുള്ളവരും സത്യസന്ധരും രാജ്യസ്നേഹികളും ധനാർത്തിയില്ലാത്തവരുമായവരെയാണ് അധ്യക്ഷസ്ഥാനങ്ങളിലും മറ്റു ഉദ്യോഗസ്ഥന്മാരായും നിയമിക്കേണ്ടത് എന്ന ചാണക്യനിർദ്ദേശം ഉള്ളപ്പോഴും മനുഷ്യസഹജമായ അഴിമതിത്വര ഉദ്യോഗസ്ഥരിൽ ഏതുകാലത്തും കടന്നുവരാമെന്നതുകൊണ്ടു ഇക്കൂട്ടരെ കണ്ണുംപൂട്ടി വിശ്വസിക്കേണ്ടതില്ലെന്ന് ചാണക്യൻ പറയുന്നു. ഇവരെ രാജാവ് നിരീക്ഷിക്കണം.

അഗ്നിബാധ, വെള്ളപ്പൊക്കം തുടങ്ങിയ അപകട സന്ദർഭത്തിലല്ലാതെ രാജാവിന്റെ അനുവാദമില്ലാതെ സ്വന്തം ഇച്ചയ്ക്കനുസരിച്ചു ഒന്നും ചെയ്യാൻ അധ്യക്ഷന്മാരെ അനുവദിക്കരുത്. അധ്യക്ഷന്മാർ പരസ്പരം സഹകരിച്ചു പ്രവർത്തിക്കണമെങ്കിലും അവർ തമ്മിൽ അമിതമായ ചങ്ങാത്തം ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. അവർ ഒത്തുകൂടി പക്ഷം ചേർന്ന് വരുമാനം അപഹരിക്കരുത്. എന്നാൽ അവരുമായി പിണങ്ങിയാൽ കരം പിരിവ് കുറയുമെന്നതുകൊണ്ടു അതുണ്ടാകാതെ ശ്രദ്ധിക്കണം. അധ്യക്ഷൻമാർ കർമവീഴ്ച്ച വരുത്തിയാൽ ഇരട്ടി പണം പിഴ വിധിക്കുന്നതിനൊപ്പം നന്നായി പണി ചെയ്യുന്ന ആളിന് ജോലിക്കയറ്റം നല്കുകയും വേണം. രാജാവ് അധ്യക്ഷന്മാരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എല്ലായ്‌പ്പോഴും നിരീക്ഷിക്കുകയും വേണ്ട സന്ദർഭങ്ങളിൽ ഇടപെട്ട് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്നാണ് ചാണക്യന്റെ നിലപാട്.
ചെറിയ വരുമാനക്കാരൻ വലിയ ചെലവ് നടത്തുന്നുണ്ടെങ്കിൽ അവൻ പൊതുമുതൽ അപഹരിക്കുന്നുണ്ടെന്നു വ്യക്തമാണ്.
അധ്യക്ഷന്മാരുടെ പെരുമാറ്റദൂക്ഷ്യം എങ്ങനെ നിരീക്ഷിച്ചറിയാമെന്നതും വിശദമാക്കുന്നുണ്ട്. വരുമാനം കുറവുള്ള അധ്യക്ഷന്റെ ചെലവ് അധികമാണെങ്കിൽ, അത്തരക്കാരെ അപസർപ്പനെ കൊണ്ട് അന്വേഷിച്ചറിയണം. ചെറിയ വരുമാനക്കാരൻ വലിയ ചെലവ് നടത്തുന്നുണ്ടെങ്കിൽ അവൻ പൊതുമുതൽ അപഹരിക്കുന്നുണ്ടെന്നു വ്യക്തമാണ്. അറിവില്ലായ്മകൊണ്ടാണെങ്കിലും അല്ലെങ്കിലും പൊതുമുതൽ കക്കുന്നവനെ അപരാധത്തിനനുസരിച്ചു രണ്ടോ മൂന്നോ മടങ്ങ് പിഴ ഈടാക്കണം. രാജപ്രീതിക്കായി നിശ്ചയിച്ചതിന്റെ ഇരട്ടിവരുമാനം ഈടാക്കുന്ന അധ്യക്ഷനെയും വിലക്കണം. കൂടാതെ പിഴയും വിധിക്കണം. ജോലിക്കാർക്ക് കൊടുക്കാതെ വരവ് കാണിക്കുന്നവരെയും ശിക്ഷിക്കണം.

കുടുംബസ്വത്ത് എടുത്തു ചെലവാക്കുന്നവനായ മൂലഹരൻ, ഉള്ളത് അപ്പപ്പോൾ ചെലവാക്കുന്നവനായ താദാത്വികൻ, തന്നെയും വേലക്കാരെയും കഷ്ടത്തിലാക്കി ധനം സമ്പാദിക്കുന്ന കദര്യൻ എന്നിങ്ങനെയുള്ള അധ്യക്ഷന്മാരെ രാജാവ് പ്രോത്സാഹിപ്പിക്കരുത്. ഇവർ ബന്ധുപക്ഷമുള്ളവരാണെങ്കിൽ പിരിച്ചുവിടണം. മറ്റുള്ളവരിൽനിന്ന് ധനം കണ്ടുകെട്ടണം. ഇക്കൂട്ടർ ധനസമ്പാദനം നടത്തിയിട്ടുണ്ടെങ്കിൽ ചാരനെകൊണ്ട് അന്വേഷിച്ചറിഞ്ഞു ശിക്ഷിക്കണം. ഇവരിലാർക്കെങ്കിലും പരരാജ്യത്തിൽ ധനശേഖരമുണ്ടെങ്കിൽ അവനെ വധിക്കണം. ഉദ്യോഗസ്ഥതലത്തിലെ സാമ്പത്തികതിരിമറികളെ കുറിച്ചുള്ള ധാരണകൾ ചാണക്യകാലത്തുതന്നെ നിലനിന്നിരുന്നുവെന്നും അഴിമതിക്ക് അർഹമായ പിഴ നിശ്ചയിച്ചിരുന്നുവെന്നും വ്യക്തമാകുന്നു.