വിവേചനത്തിന്റെ
അർഥശാസ്ത്രം- 8
രാജ്യത്തെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും നികുതിവരുമാനം ഉയർത്താനും വേണ്ട ഉൾക്കാഴ്ച ചാണക്യനിലുണ്ടായിരുന്നു. ഭണ്ഡാര നിർമിതി എപ്രകാരമായിരിക്കണം എന്നതിൽ തുടങ്ങി സാമ്പത്തിക സ്രോതസ്സുകൾ സാങ്കേതികമായി അടയാളപ്പെടുത്തി, ഓരോന്നിനെയും സൂക്ഷ്മമായി വിശദീകരിച്ച്, രാജ്യത്തിന്റെ ആയ- വ്യയ ഘടന നിർണയിച്ചുറപ്പിക്കുകയാണ് ചാണക്യൻ. ഓരോ വകുപ്പിന്റെ ഘടനയും പ്രവർത്തനങ്ങളുടെ സൂക്ഷ്മതയും വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും അഴിമതിയെ കുറിച്ചും അഴിമതിക്കുള്ള ശിക്ഷാനടപടികളെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്.
ചാണക്യൻ വിഭാവനം ചെയ്‌ത വരവ്- ചെലവ്- നീക്കിയിരിപ്പ് ആശയങ്ങൾക്ക് സമകാലപ്രസക്തിയില്ലെന്ന് പൂർണമായും പറയാനാകില്ല. ഇന്നത്തെ കാലത്ത് അസാധ്യമായി തീർന്നിരിക്കുന്ന കരുതൽ ധനമായ നീക്കിയിരിപ്പ് എന്ന ആശയം ചാണക്യചിന്തയിൽ ഇടം കണ്ടിരുന്നുവെന്നത് അംഗീകരിക്കേണ്ടതുതന്നെ. കൂടാതെ, ചാണക്യകാലത്ത് രാജ്യത്തിന്റെ സാമ്പത്തികാസൂത്രണത്തിൽ ഭരണകൂട താല്പര്യമായ ജനപ്രിയത എന്ന ഘടകം ഉണ്ടായിരുന്നില്ല എന്നതും രാജ്യത്തിന്റെ ആരോഗ്യത്തിന് വേണ്ടത് മിച്ചബജറ്റാണെന്ന ചാണക്യനയവും സവിശേഷമായി തിരിച്ചറിയേണ്ടതാണ്.
ഭണ്ഡാരസംബന്ധമായ ആലോചനയാണ് സന്നിധാതൃ നിചയകർമം എന്ന അധ്യായം. ഭണ്ഡാരത്തിന്റെ ചുമതല വഹിക്കുന്ന അധികാരിയാണ് സന്നിധാതാവ്. ഭണ്ഡാരം എന്ന ചാണക്യ സ്ഥാപനം ഖജനാവ് എന്നാണ് ഇന്ന് കൂടുതൽ അറിയപ്പെടുന്നത്. നല്ല ആഴത്തിൽ ചതുരാകൃതിയിൽ കുളം കുഴിപ്പിച്ച് അടിത്തട്ടിൽ കല്ലു പാകിയും വശങ്ങൾ കല്ലു കെട്ടിയും ഉറപ്പിച്ചുവേണം ഭണ്ഡാരനിർമതി. കാതലുള്ള മരമുപയോഗിച്ച് ബഹു മുറികളുള്ള മൂന്നുനില കെട്ടിടം പണിയിക്കണം. മുകൾനില ദേശം, മധ്യനില സ്ഥാനം, താഴത്തെ നില തല. ഓരോ നിലയിലും അറകൾ, മുകളിലത്തെ തട്ടിലേക്ക് അടച്ചുപൂട്ടാവുന്ന പ്രവേശന ദ്വാരം, താഴേക്കിറങ്ങാൻ ഗൂഢമാർഗം എന്നിവ ഭൂമി ഗൃഹത്തിലുണ്ടാക്കണം.

ഭൂമി ഗൃഹത്തിന്റെ മുകളിൽ ഇരുഭാഗത്ത് മുഖപ്പുരയോടു കൂടിയ കലവറ മുറികൾ (ഭാണ്ഡവാഹിനി) ചുറ്റിലും ഉണ്ടാക്കണം. ഇഷ്ടികകൊണ്ട് കെട്ടുന്ന കോശഗൃഹത്തിൽ ഒരു വാതിലും യന്ത്രഘടിതമായ സോപാനവും ദേവതാപ്രതിമ കൊത്തിയ കതകും നിർബന്ധം. ഭൂമിഗൃഹം ഉയർത്തി പ്രാസാദമായി നിർമിക്കുന്നവയുമുണ്ട്. ഇവയ്ക്കുപുറമേ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെകൊണ്ട് രാജ്യാതിർത്തിയിൽ ഗൂഢമായി ധ്രുവനിധി കോശഗൃഹം പണിയിച്ചു ആപത്തിൽ കരുതലായി അവിടെ ദ്രവ്യം സൂക്ഷിക്കണമെന്നും ചാണക്യൻ നിർദേശിക്കുന്നു. ഭണ്ഡാരത്തിന്റെ സുരക്ഷയ്ക്ക് ഊന്നൽ നൽകിയാണ് കോശഗൃഹ മാതൃക ചാണക്യൻ വിശദീകരിക്കുന്നത്. കരുതൽ ധനവും നിത്യോപയോഗത്തിനാവശ്യമായതും എന്ന് ഭണ്ഡാരനിധിയെ വേറിട്ട് സമീപിക്കാൻ അന്നേ ചാണക്യന് കഴിഞ്ഞിരുന്നു.
ചരക്കുകൾ, ആയുധങ്ങൾ, പടച്ചട്ടകൾ, വനവിഭവങ്ങൾ മുതലായവ ശേഖരിച്ചു സൂക്ഷിക്കാൻ വിവിധ കോശാഗൃഹങ്ങളുണ്ട്. നടുമുറ്റത്തേക്കു തുറക്കാവുന്ന ഒരു വാതിലുള്ള നാലു ശാലകളോടും പൊള്ളയായ തൂണുകളിലൂടെ പുറത്തുകടക്കാൻ ഗൂഢമാർഗമുള്ളതും ഭൂമിക്കടിയിലേക്കും മുകളിലേക്കും പല നിലകളുള്ളതുമായ നാലുകെട്ട് പണിയണം. അതിന്റെ ഇരുപുറവും തുറന്ന സ്തംഭങ്ങൾ ഉയർത്തി പൂമുഖത്തോടുകൂടിയ പണ്യഗൃഹം പണിയണം. പണ്യഗൃഹം പോലെ ഘടനയുള്ളതായി കോഷ്ഠാഗാരവും പണിയണം. നീണ്ട ശാലകളോടും അകത്തു ഭിത്തികളെ മറച്ചുകൊണ്ട് അനേകം കഷ്യകളോടും കുടിയാണ് കുപ്യഗൃഹം പണിയേണ്ടത്. അതുതന്നെ ഭൂമിഗൃഹത്തോടുകൂടി പണിചെയ്താണ് ആയുധാഗാരം നിർമിക്കുന്നത്.
നിലവിലെ ചെലവുകൾക്കായി പണം നൽകിയശേഷം അധിക പണം അവശേഷിക്കുന്നതാണ് നീക്കിയിരിപ്പായി ചാണക്യൻ അവതരിപ്പിച്ചത്. രാജ്യത്തിന്റെ അതിജീവനത്തിന് കരുതൽധനം നിർബന്ധമാണെന്ന സാമ്പത്തിക വാദമായിരുന്നു ചാണക്യനുണ്ടായിരുന്നത്
ധർമസ്ഥീയം, മഹാമാത്രീയം എന്നിങ്ങനെ രണ്ടുതരം കാരാഗൃഹങ്ങളാണ് ചാണക്യൻ പരാമർശിക്കുന്നത്. ജില്ലാ ജയിൽ, സബ് ജയിൽ, വനിതാ ജയിൽ, തുറന്ന ജയിൽ എന്നിങ്ങനെ വിവിധ തടവറ സംവിധാനങ്ങൾ ഇന്നു നടപ്പുണ്ട്. ന്യായാധിപന്മാരാൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവർക്കായി ധർമസ്ഥീയം, വകുപ്പധ്യക്ഷന്മാരാൽ തടവിലാക്കപ്പെട്ടവർക്കായി മഹാമാത്രീയം എന്നീ കാരാഗൃഹങ്ങൾ വെവ്വേറെയായി പണിയിക്കണം. സ്ത്രീപുരുഷന്മാർക്കുള്ള സ്ഥലം വേർതിരിച്ചും പുറത്തേക്കു കടക്കാൻ പാടില്ലാത്തവിധം രഹസ്യമായ ഉള്ളറകളോടും കൂടി വേണം നിർമിക്കാൻ. കൊളോണിയൽ ജയിൽ സംവിധാനം നിലവിൽ വരുന്നതിനും നുറ്റാണ്ടുകൾക്കുമുമ്പേ തടവറ സംവിധാനം ഇന്ത്യയിൽ നിലനിന്നിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
കോശനിർമിതികളിൽ ഒതുങ്ങുന്നില്ല കോശാധ്യക്ഷനായ സന്നിധാതാവിന്റെ ഉത്തരവാദിത്തങ്ങൾ. ശേഖരിക്കേണ്ട ദ്രവ്യങ്ങളെ അടിസ്ഥാനമാക്കി അതാതു മേഖലകളിലെ വിദഗ്‌ധരുടെ അഭിപ്രായം മാനിച്ച്, ഓരോ ദ്രവ്യത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തിവേണം കോശത്തിലേക്കു സ്വീകരിക്കാൻ. സന്നിധാതാവ് വിദഗ്ദ്ധരുടെ സഹായത്താൽ മാത്രമേ പഴയതും പുതിയതുമായ രത്നം, ചന്ദനം, വസ്ത്രം, തോൽ തുടങ്ങിയവ ശേഖരിക്കേണ്ടതെന്നാണ് ചാണക്യപക്ഷം. ഏതൊരു ദ്രവ്യത്തിന്റെയും ഗുണനിലവാരത്തിൽ കപടത കാണിക്കുന്നവർക്കെതിരെ ശക്തമായ പിഴ ഈടാക്കണം. രത്നത്തിൽ വ്യാജം ചെയ്താൽ ചെയ്തവനും ചെയ്യിച്ചവനും ഉത്തമസാഹസം ദണ്ഡം വിധിക്കണം. ചന്ദനത്തിലാണെങ്കിൽ മധ്യമസാഹസം. മറ്റുള്ളവയിൽ കൊണ്ടുവന്നതും അതിന്റെ ഇരട്ടിയും പിഴയായി ഈടാക്കണം.
ശുദ്ധമെന്ന് വിദഗ്ധന്മാർ സമ്മതിക്കുന്ന ഹിരണ്യമേ സ്വീകരിക്കാവൂ. അശുദ്ധ ഹിരണ്യം കൊണ്ടുവന്നവന് പൂർവ്വസാഹസം ദണ്ഡമാണ് ശിക്ഷ. ധാന്യവും ശുദ്ധമായിരിക്കണം. അല്ലാത്തതാണെങ്കിൽ കൊണ്ടുവന്നതിന്റെ ഇരട്ടി പിഴ. ഇതിലൊതുങ്ങുന്നില്ല ഭണ്ഡാരവുമായി ബന്ധപ്പെട്ട ചാണക്യന്റെ അഴിമതിയെക്കുറിച്ചുള്ള ധാരണകൾ. ഓരോ തരം കോശത്തിന്റെയും പ്രധാനാധികാരി (യുക്തൻ), ഉപയുക്തൻ, സഹകാരികളായ കീഴ്ജീവനക്കാർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, നാല് പണം മോഷ്ടിച്ചാൽ പൂർവ്വസാഹസം, മാധ്യമസാഹസം, ഉത്തമ സാഹസം എന്നിങ്ങനെ പിഴ നിശ്ചയിച്ചിട്ടുണ്ട്. കോശത്തിന്റെ ഉദ്യോഗസ്ഥർ ഭണ്ഡാരം കട്ടാൽ മരണശിക്ഷയാണ് വിധി. അവന്റെ കീഴ്ജീവനക്കാർക്ക് പകുതി ശിക്ഷ നൽകണം. അവർ ഇതറിഞ്ഞിട്ടില്ലെങ്കിൽ താക്കീതിൽ ഒതുക്കണം ശിക്ഷ.

മോഷ്ടാക്കൾ ഭണ്ഡാരക്കവർച്ച നടത്തിയാൽ അവർക്ക് ക്ലേശിപ്പിച്ചു കൊല്ലുന്ന ചിത്രാഘാതം ശിക്ഷയാണ് വിധിക്കേണ്ടത്. ഇത്തരം അഴിമതി സന്ദർഭങ്ങൾ ഒഴിവാക്കാനായി സന്നിധാതാവ് മുൻകരുതലുകൾ എടുക്കണം. വിദഗ്‌ധരുടെ സഹായം ഉറപ്പുവരുത്തുവഴി സന്നിധാതാവിനു ഭണ്ഡാരസംബന്ധമായ അഴിമതി നിയന്ത്രിക്കാനാവുമെന്നും ചാണക്യൻ ഓർമിപ്പിക്കുന്നുണ്ട്. സ്വജനപക്ഷക്കാരെയും നീതിബോധമില്ലാത്തവരെയും ഭണ്ഡാരച്ചുമതലയിൽ നിന്നും അകറ്റിനിർത്തണമെന്ന ചാണക്യബോധ്യം പൂർണമായും അസ്ഥാനത്തല്ലെന്ന്, പുതിയ കാലത്തെ സാമ്പത്തിക അഴിമതികളുടെ ചിത്രം അടിവരയിട്ടു കാട്ടിത്തരുന്നു.
കോശത്തിലേക്കുള്ള വരുമാനമാർഗങ്ങളെ കുറിച്ചും സമാഹർത്താവിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വരവ് ചെലവ് ഇനങ്ങളെകുറിച്ചും സൂക്ഷ്മമായി വിശദീകരിക്കുകയാണ് ചാണക്യൻ സമാഹൃത സമുദായ പ്രസ്ഥാപനം എന്ന അധ്യായത്തിൽ.
രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സുകളായി ചാണക്യൻ വിവിധ മേഖലകൾ നിർണയിച്ചുറപ്പിച്ചു. സമാഹർത്താവ് കരം, നികുതി എന്നിവ പിരിച്ചും പിഴ ഈടാക്കിയും അളവ് തൂക്ക കൃത്യത ഉറപ്പുവരുത്തിയും വരുമാനം കോശത്തിലെത്തിക്കണം. ദുർഗം, രാഷ്ട്രം, ഖനി, സേതു, വനം, വാണിക്പഥം തുടങ്ങിയ വരുമാനമാർഗങ്ങൾ നിശ്ചയിച്ചു. നഗര -കമ്മട്ട അധ്യക്ഷന്മാർ, ഓരോ തുറയുടെയും മേനോക്കിമാർ, സ്വർണപ്പണിക്കാർ, വേശ്യാവൃത്തി ചെയ്യുന്നവർ, ചൂതുകളിക്കുന്നവർ, ഗൃഹനിർമാതാക്കൾ, ലോഹപ്പണിക്കാർ, ശിൽപികൾ, ദേവതാധ്യക്ഷന്മാർ എന്നിവരിൽനിന്നും വ്യാപാരികൾ, ധനികർ തുടങ്ങിയവരിൽ നിന്നും പിരിക്കുന്നതാണ് ദുർഗം. ദുർഗം കരം അഥവാ ചുങ്കമാണ്.
വരവ്, ചെലവ്, നീക്കിയിരിപ്പ് എന്നിവയുടെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തണമെന്ന നിർദ്ദേശം ചാണക്യൻ മുന്നോട്ടുവെച്ചിരുന്നു. കാലസൂചനക്കനുസൃതമായി വേണം ആയ- വ്യയ കണക്കുകൾ രേഖപ്പെടുത്തേണ്ടത്.
രാഷ്ട്രമെന്നത് കൃഷി, വിളനികുതി, ഭാഗം, കരം, കടത്തുകൂലി, കപ്പൽകൂലി, വഴിക്കരം, മേച്ചിൽസ്ഥല നികുതി, ഭൂമി കാവൽക്കാരുടെ കൂലി, കള്ളന്മാരെ ബന്ധിക്കുന്നതിന് ഗ്രാമക്കാർ അടയ്ക്കുന്ന നികുതി എന്നിവയിൽ നിന്നുള്ള വരുമാനമാണ്. മുത്ത്, പവിഴം, ശംഖം, ലോഹങ്ങൾ, ഉപ്പുകൾ എന്നിവയും ഭൂമിയിൽനിന്നും പാറയിൽനിന്നും എടുക്കുന്ന ധാതുക്കളും രസധാതുക്കളും ചേർന്നതാണ് ഖനി. പൂന്തോട്ടങ്ങൾ, പഴത്തോട്ടങ്ങൾ, കരിമ്പിൻ തോട്ടം, വാഴത്തോട്ടം, കമുകിൻതോട്ടം, കിഴങ്ങിൻ തോട്ടം എന്നിവയാണ് സേതു. പശു, മാൻ കേഴ, ആന എന്നിവയ്ക്കുള്ള പ്രത്യേക വനങ്ങളും വനവിഭവങ്ങളും കൂടിയതാണ് വനം. എരുമ, ആട്, ചെമ്മരിയാട്, കഴുത, കുതിര, കോവർകഴുത എന്നിവ ചേർന്നതാണ് വജ്രം. വാണിക് പഥം എന്നത് വ്യാപാരമാർഗങ്ങളാണ്. ഇവ കൂടാതെ വസ്ത്രം, കാർഷിക വിഭവങ്ങൾ വിറ്റുകിട്ടുന്ന മൂല്യം, സ്ഥിരനികുതി, വർധിപ്പിച്ച നികുതി, പിഴ എന്നിവയെല്ലാമടങ്ങുന്നതാണ് വരവിൽ പ്രധാനം.
വ്യയശരീരം എന്നത് ചെലവുകളെ സൂചിപ്പിക്കുന്നു. ദേവപൂജ, പിതൃപൂജ, ദാനം, പുരോഹിതപങ്ക്, അന്തഃപുരം, അടുക്കള -മടപ്പള്ളി, അരയ്ക്കാനും കുത്താനും അളക്കാനുമുള്ള ചെലവ്, കൃഷി ചെലവ്, അടിമപ്പണി, സൈനികവിഭാഗം തുടങ്ങിയവ ചേർന്നതാണ് വ്യയശരീരം.
വരവ്, ചെലവ്, നീക്കിയിരിപ്പ് എന്നിവയുടെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തണമെന്ന നിർദ്ദേശം ചാണക്യൻ മുന്നോട്ടുവെച്ചിരുന്നു. കാലസൂചനക്കനുസൃതമായി വേണം ആയ- വ്യയ കണക്കുകൾ രേഖപ്പെടുത്തേണ്ടത്.
ഇക്കാലത്ത് നമുക്ക് ഏറെ പരിചിതമായ പദം കമ്മി ബജറ്റാണ്. മൊത്തം വരുമാനത്തേക്കാൾ ചെലവ് കൂടുതലാകുന്ന സാഹചര്യത്തിലാണ് കമ്മി ബജറ്റ് എന്ന പദം ഭരണകൂടം അവതരിപ്പിക്കുന്നത്. സാധാരണ സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുമ്പോൾ ബജറ്റ് കമ്മി സംഭവിക്കുന്നു. കമ്മി കുറയ്ക്കുന്നതിന് ചെലവ് വെട്ടിക്കുറയ്ക്കുകയോ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ രണ്ടും ചെയ്യുകയോ ചെയ്യാം. എന്നാലിതൊന്നും പ്രയോഗികമാകുന്നില്ല എന്ന യാഥാർഥ്യവും നമ്മെനോക്കി പല്ലിളിക്കുന്നുണ്ട്. ബജറ്റ് കമ്മിയുടെ വിപരീതമാണ് ബജറ്റ് മിച്ചം. നിലവിലെ ചെലവുകൾക്കായി പണം നൽകിയശേഷം അധിക പണം അവശേഷിക്കുന്നതാണ് നീക്കിയിരിപ്പായി ചാണക്യൻ അവതരിപ്പിച്ചത്. രാജ്യത്തിന്റെ അതിജീവനത്തിന് കരുതൽധനം നിർബന്ധമാണെന്ന സാമ്പത്തിക വാദമായിരുന്നു ചാണക്യനുണ്ടായിരുന്നത് എന്ന് അക്കാലത്തെ ആയവ്യയാസൂത്രണം നമ്മെ ബോധ്യപ്പെടുത്തുന്നു. അസാധ്യമാണെങ്കിലും സമകാല ഭരണകർത്താക്കൾ ചാണക്യനിൽനിന്ന് സ്വീകരിക്കേണ്ട പാഠവും ബജറ്റ് മിച്ചം തന്നെ.