ചാണക്യന്റെ ഭരണഭാഷ

ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 10

ശാസനങ്ങൾ പുറപ്പെടുവിക്കുന്നത് രാജാക്കൻമാരുടെ സവിശേഷാധികാരമാണ്. പൊതുവിൽ ഇതിനെ ശാസനാധികാരം എന്നു പറയും. രാജകീയ കല്പന, ശിക്ഷ, താക്കീത്, ഉടമ്പടി തുടങ്ങി നിരവധി രാജതീരുമാനങ്ങൾ ശാസനങ്ങളായി കാണാം. രാജാവിന്റെ ഉത്തരവുകൾ എഴുതി മുദ്രവെച്ച രേഖയാണ് ശാസനമെന്നു സാമാന്യമായി പറയാം. യുദ്ധത്തിനും സമാധാനത്തിനും- അതായത് സന്ധിക്കും വിഗ്രഹത്തിനും- മൂലമാകുന്നത് ശാസനങ്ങളാണ്. വാചികം, പത്രകം എന്നിങ്ങനെ രാജശാസനങ്ങൾ രണ്ടുതരമുണ്ടെങ്കിലും പത്രകം മാത്രമേ സവിശേഷമായി ശാസനമായി പരിഗണിക്കാറുള്ളൂ. ശിലാലിഖിതങ്ങളാണ് ശിലാശാസനനം. വസ്​തു ദാനം ചെയ്ത വിവരവും മറ്റും കുറിച്ചിട്ടുള്ള ചെപ്പേടിനെ താമ്രശാസനമെന്നും പറയാറുണ്ട്. രാജാവിന്റെ ശാസനാധികാരത്തെക്കുറിച്ചും അവയുടെ സ്വഭാവം, ശൈലി, ധർമം എന്നിവയെക്കുറിച്ചും ശാസനാധികാരം എന്ന ഭാഗത്ത് ചാണക്യൻ വിസ്​തരിച്ചു വിവരിക്കുന്നുണ്ട്.

ശാസനം എഴുതുന്നയാൾക്ക് അമാത്യഗുണങ്ങളുണ്ടാകണമെന്നാണ് ചാണക്യപക്ഷം. രാജ്യത്തെ എല്ലാ പ്രദേശത്തെയും ജനവിഭാഗങ്ങളുടെയിടയിൽ പ്രചാരത്തിലുള്ള സർവ്വ ആചാരങ്ങളെക്കുറിച്ചും ശാസനമെഴുത്തുകാരന് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അയാൾ സമ്പുഷ്​ടമായ ഭാഷാജ്ഞാനത്തിനുടമയായിരിക്കണം. ആശയങ്ങൾ ഗ്രഹിക്കാനും സ്​പഷ്​ടമായ വാക്യനിർമ്മിതിയിലൂടെ അവ പ്രകാശിപ്പിക്കാനും നിപുണനായിരിക്കണം. രാജശാസനം കേട്ടെഴുതുമ്പോൾ അവ്യക്തതയോ അർത്ഥ ശോഷണമോ അർത്ഥ സന്ദിഗ്ധതയോ സംഭവിക്കാൻ പാടില്ല. ക്ലിഷ്​ടത ഉണ്ടാകാതെ അർത്ഥ സൂക്ഷ്മതയോടെ, സുതാര്യമായി രാജശാസനം കേട്ടെഴുതുന്നത് വൈദഗ്ധ്യം ആവശ്യമുള്ള കലയാണ്. രാജാവ് പറഞ്ഞത് വിട്ടുപോവുകയോ, പറഞ്ഞ അർത്ഥത്തിലല്ലാതെയോ അധികമായി തനിക്ക് തോന്നിയത് കൂട്ടിച്ചേർത്തോ ഒന്നും എഴുതാൻ പാടില്ല. അർഥവ്യക്തതയോടെയും വാക്യസ്​പഷ്​ടതയോടെയുമാകണം ശാസനമെഴുതേണ്ടതെന്ന് ചാണക്യൻ അടിവരയിട്ടുറപ്പിക്കുന്നു.

ശാസനം എഴുതുന്നയാൾക്ക് അമാത്യഗുണങ്ങളുണ്ടാകണമെന്നാണ് ചാണക്യപക്ഷം. രാജ്യത്തെ എല്ലാ പ്രദേശത്തെയും ജനവിഭാഗങ്ങളുടെയിടയിൽ പ്രചാരത്തിലുള്ള സർവ്വ ആചാരങ്ങളെക്കുറിച്ചും ശാസനമെഴുത്തുകാരന് വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ശാസനം എഴുതുന്നയാൾക്ക് അമാത്യഗുണങ്ങളുണ്ടാകണമെന്നാണ് ചാണക്യപക്ഷം. രാജ്യത്തെ എല്ലാ പ്രദേശത്തെയും ജനവിഭാഗങ്ങളുടെയിടയിൽ പ്രചാരത്തിലുള്ള സർവ്വ ആചാരങ്ങളെക്കുറിച്ചും ശാസനമെഴുത്തുകാരന് വ്യക്തമായ ധാരണയുണ്ടായിരിക്കണം.

ചാണക്യന്റെ ശാസനഭാഷ

സമൂഹത്തിലെ ബഹുമാന്യരായ പ്രഭുക്കളുടെ കാര്യത്തിൽ അവരുടെ ദേശം, ഐശ്വര്യം, വംശം, നാമധേയം എല്ലാം വ്യക്തമായി പ്രതിനിധാനം ചെയ്യപ്പെടണം. മറ്റുള്ളവരുടെ കാര്യത്തിൽ ഇത്രയും വിശദവിവരണം ആവശ്യമില്ല. ജാതി, കുലം, സ്​ഥാനം, വയസ്സ്, ശ്രുതം, കർമ്മം, സമ്പത്ത്, ശീലം, ദേശം, കാലം, ചാർച്ച എന്നിവ ഓരോന്നും ഓരോരുത്തരുടെ സ്​ഥിതിയനുസരിച്ച് വേണം എഴുതാൻ. ഓരോരുത്തരുടേയും സ്​ഥാനമാനങ്ങൾക്ക് ഉചിതമായ ഭാഷാശൈലി സ്വീകരിക്കണം. ശാസനവിഷയമാകുന്ന കാര്യങ്ങൾ പ്രാധാന്യക്രമമനുസരിച്ച് രേഖപ്പെടുത്തണം. മുൻപ് എഴുതിയവയുമായി ബന്ധപ്പെട്ടതായിരിക്കണം തൊട്ടെഴുതാൻ. ഇവ തമ്മിലുള്ള സംബന്ധം നിർബന്ധമായും പാലിക്കേണ്ടതുണ്ട്. അക്ഷരമോ പദമോ അർത്ഥമോ കൂടുകയും കുറയുകയുമരുത്. ആദിമധ്യാന്ത കാര്യകാരണപ്പൊരുത്തം വേണം. അർഥം കൂടുതൽ സ്​പഷ്​ടമാക്കുന്നതിന് ഉദാഹരണങ്ങൾ ചേർക്കാം. ഭാഷാശൈലി അഴകുള്ളതാകണം. അർഥം ഒറ്റ വായനയിൽ ഗ്രഹിക്കാൻ കഴിയണം.

ശാസനങ്ങളിൽ ഗ്രാമ്യപദങ്ങൾ വിനിമയപ്രശ്നം സൃഷ്​ടിക്കുമെന്നതുകൊണ്ട് ഒഴിവാക്കണം. ഇന്നും ഉത്തരവുകളിൽ ഈ നിഷ്​ട പാലിക്കണമെന്നാണ് ഭരണഭാഷാനിലപാട്. പക്ഷേ പലപ്പോഴും അർഥ ഗ്രഹണത്തിലും വാക്യഘടനയിലും മുന്തിയ പ്രശ്നങ്ങൾ ഭരണമലയാളത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഭരണഭാഷയിൽ ഇന്നും ചർച്ചചെയ്യുന്ന ഭാഷാശൈലി, ഘടന, അർഥ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ചാണക്യൻ ബോധവാനായിരുന്നുവെന്നാണിവിടെ വ്യക്തമാകുന്നത്. അർഥക്രമം, പരസ്​പര സംബന്ധം, പരിപൂർണ്ണത, മാധുര്യം, സ്​പഷ്​ടത എന്നിവയാണ് ചാണക്യൻ പ്രസ്​താവിച്ച ശാസനമെഴുത്തിെൻ്റ ഗുണങ്ങൾ. പ്രധാനമായ അർത്ഥം മുന്നേ എഴുതുകയാണ് ക്രമം. പ്രസ്​തുത അർത്ഥത്തിന് കോട്ടം വരാതെ തുടർകാര്യങ്ങൾ പ്രസ്​താവിക്കണം. അർഥഭംഗം ഇല്ലാതെ പൊരുത്തം നിലനിർത്തി എഴുതുന്നതിനെയാണ് സംബന്ധം എന്നുപറയുന്നത്. അർഥം, പദം, അക്ഷരങ്ങൾ അനസ്യൂതമായിരിക്കണം. ഉദാഹരണങ്ങളുടെ അകമ്പടിയോടെ അർഥസ്​പഷ്​ടത വരുത്തണം. വാക്യാർത്ഥം കേവലമൊരു പദം കൊണ്ട് സ്​പഷ്​ടമാകുമെങ്കിൽ അതായിരിക്കും കൂടുതൽ അഭികാമ്യം. അതാണ് പരിപൂർണ്ണത. സുന്ദരമായ ശബ്ദോപയോഗം വഴിയുണ്ടാകുന്ന ശൈലിയാണ് മാധുര്യം. ഭാഷാഭേദങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്. മാനകമായ ശബ്ദങ്ങളുടെ ഉപയോഗമാണ് സ്​പഷ്​ടതക്കാധാരം.

അർഥവ്യക്തതയോടെയും വാക്യസ്​പഷ്​ടതയോടെയുമാകണം ശാസനമെഴുതേണ്ടതെന്ന് ചാണക്യൻ അടിവരയിട്ടുറപ്പിക്കുന്നു.
അർഥവ്യക്തതയോടെയും വാക്യസ്​പഷ്​ടതയോടെയുമാകണം ശാസനമെഴുതേണ്ടതെന്ന് ചാണക്യൻ അടിവരയിട്ടുറപ്പിക്കുന്നു.

ഭാഷയിലെ വർണക്രമത്തെക്കുറിച്ചും വ്യാകരണസ്വഭാവത്തെക്കുറിച്ചും ചാണക്യൻ നിരീക്ഷിക്കുന്നുണ്ട്. അകാരാദിക്രമത്തിൽ 63 വർണങ്ങൾ ഭാഷയിലുണ്ടെന്നുറപ്പിക്കുന്നു. വർണങ്ങളുടെ സംഘാതത്തിലൂടെയാണ് പദങ്ങൾ ജനിക്കുന്നത്. പദങ്ങൾ നാലുവിധമുണ്ട്. അവ നാമം, ആഖ്യാതം, ഉപസർഗം, നിപാതം എന്നിങ്ങനെയാണ്. നാമം ജാതിഗുണദ്രവ്യസത്വത്തെ സൂചിപ്പിക്കുന്നു. ലിംഗവിശേഷം കൂടാതെ ക്രിയയെ പറയുന്നതാണ് ആഖ്യാനം. ക്രിയയിലുള്ള വിശേഷങ്ങൾ ദ്യോതിപ്പിക്കുന്ന ഉപസർഗങ്ങൾ, അവ്യയങ്ങൾ ചേർന്നത് നിപാതം. അർഥത്തെ പരിപൂർണ്ണമാക്കുന്ന പദസമൂഹം വാക്യം. പരപദത്തിന്റെ അർഥമനുസരിച്ച് സമാസം ചെയ്യണം. ശാസനത്തിന്റെ ഉപസംഹാരം കാണിക്കാൻ ഇതിശബ്ദമോ, വാചകമസ്യ എന്നോ അവസാനത്തിൽ ചേർക്കണം.

ശാസനാർഥം

നിന്ദ, പ്രശംസ, പുച്ഛ ആഖ്യാനം, അർഥന, പ്രത്യാഖ്യാനം, ഉപാലംഭം, പ്രതിഷേധം, ചോദന സാന്ത്വനം, അഭ്യവപത്തി, ഭർത്സനം, അനുനയം എന്നിങ്ങനെ 13 തരത്തിലാണ് ശാസനാർഥം പ്രവർത്തിന്നുന്നത്.

അഭിജനത്തെയും ശരീരത്തെയും കർമത്തെയും കുറിച്ചുള്ള ദോഷവചനമാണ് നിന്ദ. നിന്ദയ്ക്ക് വിപരീതമായ ഗുണവചനമാണ് പ്രശംസ. നിന്ദയും പ്രശംസയും എങ്ങനെയാണെന്ന ചോദ്യമാണ് പുച്ഛ. അവ ഇന്ന പ്രകാരമാണെന്ന വിവരണമാണ് ആഖ്യാനം. തരണേ എന്ന അഭ്യർത്ഥനയാണ് അർഥന. തരില്ല എന്നതാണ് പ്രത്യാഖ്യാനം. ഇതങ്ങേയ്ക്ക് ഉചിതമല്ല എന്ന ഓർമ്മപ്പെടുത്തലാണ് ഉപാലംഭം. അരുത് കല്പിക്കലാണ് പ്രതിഷേധം. ഇന്നത് ചെയ്യണമെന്ന നിർദേശമാണ് ചോദന. നമ്മൾ ഒന്നാണ്, ​എന്റേത് അങ്ങയുടേതുമാണ് എന്ന പ്രസ്​താവനയാണ് സാന്ത്വനം. വ്യസനത്തിൽ സഹായം ചെയ്യുമെന്ന് ഉറപ്പുപറയലാണ് അഭ്യവപത്തി. ദോഷകരമായ ഭവിഷ്യത്തിനെ കാണിക്കുന്നതാണ് ഭർത്സനം. അർഥകരണത്തിലുള്ളത്, അർഥ അതിക്രമത്തിലുള്ളത് പുരുഷാഭിവ്യസനത്തിലുള്ളത് എന്നിങ്ങനെ മൂന്നുവിധം അനുനയമുണ്ട്. സഹായം അഭ്യർത്ഥിച്ച് നിരസിച്ചതിനെ പറ്റിയുള്ളതാണ് അർഥകരണത്തിലുള്ള അനുനയം. സഹായിക്കാമെന്നേറ്റിട്ട് ചെയ്യാത്തതാണ് അർഥഅതിക്രമത്തിലുള്ള അനുനയം. മരിച്ചവരോടുള്ള കടമ നിറവേറ്റാത്തതിനെപ്പറ്റിയാണ് പുരുഷാഭിവ്യസന അനുനയം.

രാജശാസനങ്ങൾ

ലേഖം എന്നത് ശാസനത്തെ സൂചിപ്പിക്കുന്ന പദമാണ്. ചാണക്യൻ പലതരം ലേഖങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒപ്പം അവയുടെ സ്വഭാവവും വിവരിക്കുന്നുണ്ട്.

പ്രാപനാലേഖം: വിവരമറിയിക്കുന്ന ശാസനങ്ങളാണിവ. ശത്രുവിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമുള്ള അറിയിപ്പുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം.

ആലേഖം: രാജഭൃത്യൻമാർക്കായി രാജാവ് ചെയ്യുന്ന നിഗ്രഹത്തെയോ അനുഗ്രഹത്തെയോ വിശദമായി പ്രതിപാദിച്ച് മറ്റൊരാൾക്കെഴുതുന്ന ശാസനം.

ശാസനങ്ങളിൽ ഗ്രാമ്യപദങ്ങൾ വിനിമയപ്രശ്നം സൃഷ്​ടിക്കുമെന്നതുകൊണ്ട് ഒഴിവാക്കണം. ഇന്നും ഉത്തരവുകളിൽ ഈ നിഷ്​ട പാലിക്കണമെന്നാണ് ഭരണഭാഷാനിലപാട്.
ശാസനങ്ങളിൽ ഗ്രാമ്യപദങ്ങൾ വിനിമയപ്രശ്നം സൃഷ്​ടിക്കുമെന്നതുകൊണ്ട് ഒഴിവാക്കണം. ഇന്നും ഉത്തരവുകളിൽ ഈ നിഷ്​ട പാലിക്കണമെന്നാണ് ഭരണഭാഷാനിലപാട്.

പരിദാനലേഖം: ആധി സംഭവിക്കുമ്പോഴും പ്രീതിയുണ്ടാകുമ്പോഴും അർഹമായ ഗുണങ്ങളെടുത്തു പറഞ്ഞ് ആദരം കാണിച്ചുകൊണ്ടെഴുതിക്കൊടുക്കുന്ന ദാനശാസനം.

പരിഹാരലേഖം: രാജനിർദേശമനുസരിച്ച് വല്ല ജാതിക്കാർക്കോ നഗരങ്ങൾക്കോ ഗ്രാമങ്ങൾക്കോ ചെയ്യുന്ന അനുഗ്രഹത്തെ പ്രതിപാദിക്കുന്ന ശാസനം. സഹായദാനവും കരമൊഴിവാക്കലും വെവ്വേറെയും ഇവ രണ്ടും ഒരുമിച്ചു ചേർത്തതുമായ മൂന്നുതരം പരിഹാര ലേഖങ്ങളുണ്ട്.

നിസൃഷ്​ടിലേഖം: മറ്റൊരുവനിൽ തന്റെ പ്രാതിനിധ്യത്തെ സ്​ഥാപിച്ചുറപ്പിച്ച് ഒരു കാര്യം ചെയ്യുന്നതോ പറയുന്നതോ ആയി എഴുതുന്ന ശാസനം. വായനാധികാരം, കരണാധികാരം എന്നിങ്ങനെ രണ്ടുതരമാണിവ.

പ്രാവൃത്തികലേഖം: ദൈവികവും മാനുഷികവുമായ പ്രവൃത്തികളെ പരാമർത്തികമായി എഴുതുന്നതാണ് പ്രാവൃത്തിക ലേഖം. ശുഭാശുഭ രൂപത്തിൽ രണ്ടുതരമുണ്ടിവ.

പ്രതിലേഖം: രാജവചനമെങ്ങനെയോ അങ്ങനെ മറുപടിയായി എഴുതുന്ന ലേഖമാണ് പ്രതിലേഖം.

സർവത്രഗലേഖം: പുല്ല്, വിറക് തുടങ്ങിയ ഉപകാരങ്ങൾ കൊടുക്കാൻ രാജാവ് ശാസിച്ചുകൊണ്ട് പ്രഭുക്കൻമാർക്കും അധികൃതർക്കും എഴുതുന്നവയാണിവ.

ഇത്തരത്തിൽ ഭിന്നശാസനങ്ങളെ വിവരിച്ചതിനുശേഷം ശാസന ദോഷങ്ങളെക്കുറിച്ചും ചാണക്യൻ വിശദമാക്കുന്നുണ്ട്.

അകാന്തി: ശാസനഭാഷയുടെ ഭംഗി കുറവിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. വായനയ്ക്ക് സുഖം തോന്നാത്ത രീതിയിലുള്ള ഭാഷാ പ്രയോഗങ്ങളുടെ തിരഞ്ഞെടുപ്പുവഴി വായനാസുഖം നഷ്​ടപ്പെടുത്തുന്ന ദോഷത്തെയാണ് പരാമർശിക്കുന്നത്. പദത്തിന്റെ പാതിയിൽ മുറിക്കുന്നത് അകാന്തിക്ക് കാരണമാകും.

വ്യാഘാതം: ശാസനഭാഷ യുക്തിഭദ്രമല്ലാതിരിക്കുന്ന അവസ്​ഥയാണിത്. മുൻപിൻ ബന്ധമില്ലാത്ത എഴുത്തുരീതിയാണ് വ്യാഘാതദേഷമായി തിരിച്ചറിഞ്ഞത്.

പുനരുകതി: പറഞ്ഞതിന്റെ ആവർത്തനം നിറഞ്ഞ ശാസനഭാഷാ ദോഷമാണിത്. പറഞ്ഞതുതന്നെ വീണ്ടും പറയുന്നുവെന്ന ദോഷമാണ് പുനരുകതി.

സംപ്ലവം: വിഭാഗമുള്ള സന്ദർഭങ്ങൾ വിസ്​മരിക്കുകയും എന്നാൽ വിഭജിക്കാതിരിക്കേണ്ട സന്ദർഭത്തിൽ വിഭജിച്ചു പറയുകയും ചെയ്യുന്ന ശാസനദോഷത്തെയാണ് ചാണക്യൻ സംപ്ലവദോഷമായി കാണുന്നത്.

ശാസനാധികാരത്തിൽ ചാണക്യൻ ശാസന ഭാഷയെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും വിഭാഗങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും വിശദമായ പര്യാലോചന നടത്തിയിരുന്നുവെന്നു കാണാം
ശാസനാധികാരത്തിൽ ചാണക്യൻ ശാസന ഭാഷയെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും വിഭാഗങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും വിശദമായ പര്യാലോചന നടത്തിയിരുന്നുവെന്നു കാണാം

കാളപത്രം: മായ്ച്ച് വീണ്ടും എഴുതുക, വടിവില്ലാതെ അക്ഷരങ്ങൾ നിരപ്പില്ലാതെ എഴുതുക, എഴുതിയ അക്ഷരങ്ങൾ തെളിയാതിരിക്കുക എന്നീ ദോഷമാണിത്.

ശാസനാധികാരത്തിൽ ചാണക്യൻ ശാസന ഭാഷയെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും വിഭാഗങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും വിശദമായ പര്യാലോചന നടത്തിയിരുന്നുവെന്നു കാണാം. ശാസന ഭാഷയെകുറിച്ചുള്ള ചാണക്യ നിരീക്ഷണങ്ങൾ ഇന്നും പ്രസകതമാണ്. ഭരണമലയാളത്തിെൻ്റ പ്രശ്നങ്ങൾ പരിശോധിച്ചാൽ ഭരണ മലയാളത്തിന്റെ പുനരെഴുത്ത് ആവശ്യപ്പെടുന്നുവെന്ന് നിസ്സംശയം നമുക്ക് ബോധ്യപ്പെടാൻ ചാണക്യന്റെ ശാസനഭാഷാ വീക്ഷണം സഹായകമാണ്. മറിച്ച് രാജഭരണം അസ്​തമിച്ച സ്​ഥിതിക്ക് ശാസനങ്ങൾക്ക് പ്രസക്തി നഷ്​ടപ്പെട്ടുവെന്നാണ് കരുതുന്നുവെങ്കിൽ വ്യത്യസ്​ത ഭരണകൂട സംസ്​കാരങ്ങളിലും ഉത്തരവുകൾ നിലനിൽക്കുന്നുവെന്നും അവയുടെ ഭാഷാ സംബന്ധമായ ചർച്ചയിൽ ചാണക്യദർശനം പ്രസക്തമാണെന്നും വാദിക്കുന്നത് തെറ്റാവില്ലെന്ന് സമ്മതിക്കാതിരിക്കാനാവില്ല.


Summary: M. Sreenathan's series of studies based on Chanakya's Bhasakautalyam continues.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments