വിവേചനത്തിന്റെ
അർഥശാസ്ത്രം- 6
ചാണക്യന്റെ അർത്ഥശാസ്ത്രത്തിലെ രണ്ടാം അധ്യായമാണ് അധ്യക്ഷപ്രചാരം. ഓരോ ഭരണവിഭാഗത്തിന്റെയും നേതൃത്വം വഹിക്കുന്ന മേധാവിയാണ് അധ്യക്ഷൻ. ഭരണവ്യവസ്ഥയുടെ വകുപ്പുകളെക്കുറിച്ചുള്ള അധ്യായമാണിത്. തന്റെ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താനും ശത്രുക്കളിൽ നിന്നുള്ള രക്ഷ ഉറപ്പുവരുത്താനും രാജാവ് അനുവർത്തിക്കേണ്ട ആസൂത്രണതന്ത്രങ്ങളാണ് പ്രതിപാദ്യം.
ചാണക്യനിർദേശങ്ങൾ അറിഞ്ഞുപ്രവർത്തിച്ചാൽ ശത്രുരാജ്യം പോലും അധീനതയിലാകുമെന്നാണ് വിശ്വാസം. ജനപദാസൂത്രണവും കാർഷികേതര ഭൂമിയുടെ വിനിയോഗവുമാണ് ഇവിടെ വിവരിക്കുന്നത്. ആധുനിക ഭരണകൂട വ്യവസ്ഥയിൽ ആസൂത്രണമെന്നത് സാമ്പത്തികകേന്ദ്രമാകുന്നുവെന്നാണ് പൊതുവായ നിഗമനം. എന്നാൽ സാമൂഹികാസൂത്രണത്തിനാണ് ചാണക്യൻ മുൻഗണന നൽകുന്നത്. ആസൂത്രണത്തിന്റെ പൗരസ്ത്യമുഖം വ്യക്തമാക്കുന്ന ചാണക്യചിന്തയ്ക്കുള്ള പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു.

ജനപദങ്ങൾ
ജനങ്ങൾ പാർക്കുന്ന ഇടത്തിന്റെ ആസൂത്രണമടങ്ങുന്നതാണ് ജനപദനിവേശം എന്ന ഒന്നാം അധ്യായം. ജനപാർപ്പ് എങ്ങനെ സംവിധാനം ചെയ്യണമെന്ന് ഇവിടെ പറയുന്നു. ജനപദത്തെ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതാണെന്നും അതിന് രാജാവ് മുൻകൈയെടുക്കണമെന്നും മാർഗനിർദേശം നൽകുകയാണ് ചാണക്യൻ. ശൂദ്രരുടെയും കർഷകരുടെയും സാന്നിധ്യം ഉറപ്പുവരുത്തുന്ന ജനപദമാണ് വേണ്ടതെന്ന നിർദ്ദേശം വ്യക്തമായുണ്ട്. അധികവും ശൂദ്ര കർഷകരായിരിക്കണമെന്നും നൂറിൽ കുറയാത്തതും 500-ൽ കവിയാത്തതുമായ കുടുംബങ്ങൾ ഒരു മാതൃകാ ജനപദത്തിലുണ്ടായിരിക്കണമെന്നാണ് ചാണക്യനിർദേശം. മുമ്പുണ്ടായിരുന്ന ജനപദമാണെങ്കിലും അല്ലെങ്കിലും ഈ കണക്ക് പാലിക്കണം. എണ്ണത്തിൽ കുറവുണ്ടെങ്കിൽ പരദേശത്തുനിന്ന് ഇറക്കുമതിചെയ്യാം.
ഗ്രാമാസൂത്രണത്തിലൊതുങ്ങുന്നില്ല ചാണക്യന്റെ ജനപദാസൂത്രണം. ത്രിതല പഞ്ചായത്തുകൾ പോലെ ജനവാസകേന്ദ്രങ്ങളെ വർഗീകരിക്കാനും അതനുസരിച്ച് കരംപിരിവുകഴകങ്ങൾ സ്ഥാപിക്കാനും ചാണക്യൻ ശ്രമിച്ചിരുന്നു
ഒരു ജനപദത്തിന്റെ വിന്യാസം ഒന്നു മുതൽ രണ്ടു ക്രോശം വരെയാകാം. ഒരു ക്രോശം എന്നാൽ കാൽ യോജന അഥവാ കൂവീട്. രണ്ടു ക്രോശം അരക്കാതം. പരസ്പരം രക്ഷിക്കത്തക്ക തരത്തിലുള്ള അതിരകലം ജനപദങ്ങൾ തമ്മിലുണ്ടാകണം. ഗ്രാമങ്ങൾ തമ്മിൽ വേർതിരിക്കുന്നത് നദി, കുന്ന്, കാട്, മല, കുഴി, ചിറ എന്നിവ കൊണ്ടോ ഇലവ് വൃക്ഷം, വഹ്നി വൃക്ഷം, പാൽ വൃക്ഷങ്ങൾ എന്നിവ കൊണ്ടോ വേണം. ആദിവാസികളുടെ ജീവിതക്രമം പരിശോധിച്ചാൽ ഇന്നും ഒരുപരിധിവരെ ജനസംഖ്യാടിസ്ഥാനത്തിലുള്ള ജനപാർപ്പ് സംവിധാനം കാണാം. ജനസംഖ്യാവർദ്ധനവ് ഈ പാർപ്പിട സംവിധാനത്തെ തകിടംമറിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. അതോടൊപ്പം വർധിച്ചുവരുന്ന നഗരവൽക്കരണവും ചാണക്യകാലത്തുനിന്ന് വ്യത്യസ്തമായ ഗ്രാമ-നഗര ആസൂത്രണം ഇന്ന് നിർബന്ധമാക്കിയിട്ടുണ്ട്. ജനപാർപ്പു സംവിധാനത്തിൽ ശാസ്ത്രീയ ആസൂത്രണം വേണ്ടതാണെന്നും അത് ഭരണകൂടം നടപ്പാക്കേണ്ടതാണെന്നുമുള്ള ആശയമാണ് അർത്ഥശാസ്ത്രം പങ്കിടുന്നത്.
ഗ്രാമാസൂത്രണത്തിലൊതുങ്ങുന്നില്ല ചാണക്യന്റെ ജനപദാസൂത്രണം. ത്രിതല പഞ്ചായത്തുകൾ പോലെ ജനവാസകേന്ദ്രങ്ങളെ വർഗീകരിക്കാനും അതനുസരിച്ച് കരംപിരിവുകഴകങ്ങൾ സ്ഥാപിക്കാനും ചാണക്യൻ ശ്രമിച്ചിരുന്നു. 800 ജനപദങ്ങൾ അഥവാ ഗ്രാമങ്ങൾക്ക് മധ്യത്തിലായിരിക്കണം തലസ്ഥാനനഗരം അഥവാ സ്ഥാനീയം ഉറപ്പിക്കേണ്ടത്. 400 ഗ്രാമങ്ങൾക്ക് നടുവിലായി ദ്രോണാമുഖം, 200 ഗ്രാമങ്ങൾക്ക് നടുവിലായി ഖാർവടികം, 10 ഗ്രാമ ങ്ങൾക്കു നടുവിലൊരു സംഗ്രഹണം എന്നീ ക്രമത്തിലാണ് ഗ്രാമ- നഗര ആസൂത്രണമാതൃക. ഒപ്പം, രാജ്യസംരക്ഷണത്തിനും ഊന്നൽ നൽകി. അതിർത്തിയിൽ കാവൽക്കാരോടുകൂടിയ കാവൽകോട്ടകൾ സ്ഥാപിക്കണം. ഇടസ്ഥലങ്ങൾ പ്രത്യേകിച്ച്, വനമേഖല സംരക്ഷിക്കാൻ വലവെച്ചു മൃഗാദികളെ പിടിക്കുന്ന വാഗുരികൻ, വേടൻ, ശബരൻ കാട്ടാളൻ തുടങ്ങിയ വനവാസിഗോത്രങ്ങളെ ഏർപ്പാടാക്കാനുള്ള നിർദേശം ചാണക്യൻ നൽകുന്നുണ്ട്.
ഇന്നത്തെ സ്ഥിതിയതല്ല. വനത്തിലുള്ളവരെ പുറത്താക്കിക്കൊണ്ടുള്ള വനസംരക്ഷണമാണ് കേന്ദ്രവനനയത്തിൽ കൂടുതൽ പ്രകടമാകുന്നത്. വനവാസികളുടെ സഹകരണത്തോടുകൂടി മാത്രമേ വനമേഖലയുടെ സംരക്ഷണം സാധ്യമാകൂവെന്ന സത്യം ചാണക്യൻ ഉൾക്കൊണ്ടിരുന്നുവെന്നത് ഏറെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതാണ്.

ഭൂവിതരണം
ഭൂമിയുടെ വിതരണത്തിൽ രാജാവ് ശ്രദ്ധ പതിപ്പിക്കണമെന്നും ചാണക്യൻ ഉപദേശിക്കുന്നു. കൃഷിക്ക് മുൻതൂക്കം നൽകുന്ന ഭൂവിതരണാസൂത്രണത്തിനാണ് പ്രമുഖ സ്ഥാനമെങ്കിലും മറ്റു കാര്യങ്ങൾക്കും ഭൂഅവകാശം നൽകേണ്ടിവരും. അത് ആർക്കൊക്കെയാണെന്നും എന്തുപയോഗത്തിനാണെന്നും അവർക്ക് അതിന്മേൽ ജന്മാവകാശമല്ലയുള്ളതെന്നും പിന്നെ എന്തവകാശത്തിന്മേലാണ് ഭൂമി നൽകുന്നതെന്നും വ്യക്തമാക്കുകയാണ് ചാണക്യൻ.
യാഗത്തിൽ ക്രിയ ചെയ്യുന്ന ആചാര്യന്മാരായ ഋത്വിക്കുകൾ, പുരോഹിതന്മാർ, വേദത്തിൽ വിജ്ഞരായ ശ്രോത്രിയന്മാർ എന്നിവർക്ക് കൈമാറ്റാധികാരമില്ലാതെ കരമൊഴിവാക്കി രാജാവ് ഭൂമി കൊടുക്കണം. അധ്യക്ഷന്മാർ, കണക്കെഴുത്തുകാർ, അഞ്ചു പത്തു തറവാടുകൾക്കോ അഞ്ചു ഗ്രാമങ്ങൾക്കോ നായകനായ ഗോപൻ, നഗരത്തിന്റെ നാലിലൊന്നിനു നായകനായ സ്ഥാനികൻ, ഗജശിക്ഷകനായ അനീകസ്ഥൻ, ചികിത്സകൻ, അശ്വശിക്ഷകനായ അശ്വദമകൻ, ജംഘാകരികൻ (ഓട്ടക്കാരൻ) എന്നിവർക്കും വിക്രയത്തിനും പണയപ്പെടുത്തലിനും അധികാരമില്ലാത്ത നിലയിൽ ഭൂമി നൽകണം. താൽകാലികമായി ഭൂമി നല്കുന്നുവെന്നല്ലാതെ ഭൂമിക്കുമേൽ ഇത്തരക്കാർക്ക് സ്ഥിരാവകാശം ഇല്ല.
കൃഷിഅടിസ്ഥാനമാക്കിയുള്ള സാമ്പത്തികാസൂത്രണത്തിനു ചാണക്യൻ മുൻഗണന കൊടുക്കുന്നുണ്ടെങ്കിലും ഇതരമേഖലകളെ ഒഴിവാക്കുന്നില്ല.
കരം കൊടുക്കുന്നവർക്ക് മുമ്പുണ്ടാക്കിയ വിളഭൂമികൾ ഓരോ പുരുഷായുസ്സുകാലത്തെക്കായി നല്കണം. പുതുതായി തെളിച്ചെടുത്തു വിളഭൂമിയാക്കിയാൽ അങ്ങനെ ചെയ്തവരുടെ കയ്യിൽ നിന്നും അതൊഴിപ്പിക്കരുത്. കൃഷിചെയ്യാത്തവരുടെ കയ്യിൽ നിന്നും ഭൂമി പിടിച്ചെടുത്ത് മറ്റുള്ളവർക്ക് കൊടുക്കണം. ഗ്രാമഭൃത്യന്മാർക്കോ വാണിക്കുകൾക്കോ അത്തരം ഭൂമിയിൽ കൃഷി ചെയ്യാം. ഭൂമി വാങ്ങിയവർ കൃഷി ചെയ്യാതിരുന്നാൽ രാജകോശത്തിനുവരുന്ന നഷ്ടം അവരിൽനിന്ന് ഈടാക്കണം. കൃഷിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഭൂവിതരണപദ്ധതിക്കു മാത്രമല്ല കൃഷി മെച്ചപ്പെടുത്താനുള്ള സഹായപദ്ധതികളെ കുറിച്ചും ചാണക്യൻ ബോധവാനായിരുന്നു.

കാർഷിക സഹായ പദ്ധതികൾ
ധാന്യം, പശുക്കൾ, ഹിരണ്യം എന്നിവ കടമായി കൊടുത്ത്, അവർ അത് തിരിച്ചു കൊടുക്കണമെന്ന വ്യവസ്ഥയിൽ രാജാവ് കർഷകരെ സഹായിക്കണം. രണ്ടു തരത്തിലുള്ള സഹായപദ്ധതിയാണ് ചാണക്യൻ വിധിച്ചത്. അനുഗ്രഹവും പരിഹാരവുമാണ് ഈ പദ്ധതികൾ. ഭണ്ഡാരത്തിന്റെ അഭിവൃദ്ധിക്ക് ഭൂമിയെ കൂടുതൽ ഫലഭുയിഷ്ടമാക്കാൻ സഹായം നൽകുന്നതാണ് അനുഗ്രഹം. കേടു തീർക്കാനുള്ള സഹായമാണ് പരിഹാരം. ജനപദ നിവേശാവേളയിലോ ജനാഗമനം അനുസരിച്ചോ പരിഹാരം നൽകണം.
പരിഹാരമായി കൊടുത്ത ധനം കൃത്യമായി തിരിച്ചേൽപ്പിക്കുന്നവരെ അനുഗ്രഹം നൽകി പിതാക്കളെപോലെ സംരക്ഷിക്കേണ്ടതാണ്. സഹായം നല്കണമെന്നുപദേശിക്കുമ്പോൾ തന്നെ കൃത്യമായ നിബന്ധനയും ചാണക്യൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏതു സാഹചര്യമായാലും ഖജനാവിന് കോട്ടം വരുന്ന സഹായം അരുത് എന്ന് രാജാവിനോട് ചാണക്യൻ അടിവരയിട്ടു പറഞ്ഞുറപ്പിക്കുന്നുമുണ്ട്.
എല്ലാപേരെയും കൊണ്ട് പണിയെടുപ്പിച്ചു രാജാവ് സുസ്ഥിരഭരണം ഉറപ്പാക്കണമെന്നല്ല ചാണക്യപക്ഷം. അശരണരെ സംരക്ഷിക്കേണ്ട ചുമതലയും രാജാവിനുണ്ട്.
കൃഷിഅടിസ്ഥാനമാക്കിയുള്ള സാമ്പത്തികാസൂത്രണത്തിനു ചാണക്യൻ മുൻഗണന കൊടുക്കുന്നുണ്ടെങ്കിലും ഇതരമേഖലകളെ ഒഴിവാക്കുന്നില്ല. ഖനികൾ, ഫാക്ടറികൾ (കർമാന്തങ്ങൾ) വനവിഭവങ്ങൾ ശേഖരിക്കാനുള്ള ദ്രവ്യവനങ്ങൾ, ഹസ്തിവനങ്ങൾ, ഇടയ കുടികൾ, (കാലിവളർത്തൽ- വ്രജപ്രചാരങ്ങൾ, കാലിച്ചന്ത വാണിക് പ്രചാരങ്ങൾ) പണിയണമെന്നു നിർദേശിക്കുന്നുണ്ട്. വ്യാപാരസാധ്യതകൾ മുൻനിറുത്തി കരപാതയും ജലപാതയും തുറമുഖവും കച്ചവടസ്ഥലങ്ങളും നിർമിക്കണം. കൃഷി മുൻനിറുത്തി സ്വതേ വെള്ളമുള്ളതോ വെള്ളം ശേഖരിക്കേണ്ടതോ ആയിട്ടുള്ള ചിറ കെട്ടി ജലസേചന സൗകര്യമൊരുക്കണം എന്നും രാജാവിനോട് ഉപദേശിക്കുന്നുണ്ട്.
മറ്റുള്ളവർ ചിറ കെട്ടുമ്പോഴും പുണ്യസ്ഥാനങ്ങളോ ആരാമങ്ങളോ പണിയിക്കുന്നവർക്കും ഭൂമിയും മാർഗവും മരവും ഉപകരണങ്ങളും നൽകി രാജാവ് സഹായിക്കണം. സ്വകാര്യസംരംഭങ്ങളെ സഹായം ചെയ്ത് പ്രോത്സാഹിപ്പിക്കണമെന്ന നിലപാടായിരുന്നു ചാണക്യനുണ്ടായിരുന്നത്. ചിറകെട്ടൽ ഒരു സംഘവൃത്തിയായി ചെയ്യുമ്പോൾ ഒരുവൻ പിന്മാറിയാൽ അവന്റെ കാളകളും തൊഴിലാളികളും അവന്റെ പണി നടത്തണം. മൊത്തം ചെലവിൽ ഒരുഭാഗം അവൻ വഹിക്കുകയും വേണം. സ്വകാര്യ ചിറകളിലുള്ള മത്സ്യങ്ങളും പുഷ്പങ്ങളും മറ്റും രാജാവിന് അവകാശപ്പെട്ടതാണെന്നും ദാസന്മാർ, പണയപെട്ടവർ, ബന്ധുക്കൾ എന്നിവർ യജമാനനെ അനുസരിക്കാതിരുന്നാൽ അവരെ രാജാവ് അനുസരിപ്പിക്കണമെന്നും ചാണക്യൻ നിർദേശിക്കുന്നു.

എല്ലാപേരെയും കൊണ്ട് പണിയെടുപ്പിച്ചു രാജാവ് സുസ്ഥിരഭരണം ഉറപ്പാക്കണമെന്നല്ല ചാണക്യപക്ഷം. അശരണരെ സംരക്ഷിക്കേണ്ട ചുമതലയും രാജാവിനുണ്ട്. നിസ്സഹായരും ജോലിചെയ്യാനാകാത്തവരുമായ ബാലന്മാർ, വൃദ്ധന്മാർ, രോഗികൾ, വ്യസനികൾ, അനാഥന്മാർ തുടങ്ങിയ ആശ്രിതരെ രാജാവ് പരിരക്ഷിക്കണം. മക്കളെയും ഭാര്യയെയും മാതാപിതാക്കളെയും വ്യവഹാരപ്രാപ്തി വരാത്ത സോദരന്മാരെയും കന്യകമാരോ വിധവകളോ ആയ സോദരിമാരെയും പരിരക്ഷിക്കണം. കെൽപ്പുണ്ടായിട്ടും നോക്കാതിരിക്കുന്നവരിൽനിന്ന്, പ്രത്യേകിച്ച് സ്ത്രീകളെ വേണ്ടുംവിധം പരിചരിക്കാത്തവരിൽ നിന്ന്, 12 പണം പിഴ ഈടാക്കണം. പ്രസവിക്കാത്ത സ്ത്രീയും പ്രസവിച്ചവളുടെ പുത്രന്മാരും അനാഥരാകുന്ന പക്ഷം അവരെയും രാജാവ് നോക്കണം.
അതോടൊപ്പം അനാഥനായ ബാലന്റെ ദ്രവ്യത്തെ അവന് വ്യവഹാര പ്രാപ്തി വരുന്നതുവരെ ഗ്രാമവൃദ്ധന്മാർ ദേവദ്രവ്യത്തെപ്പോലെ വർധിപ്പിക്കണം. ഭാര്യാപുത്രന്മാരെയും സ്ത്രീയെയും ഉപേക്ഷിക്കുന്നവർക്ക് പൂർവ്വസാഹസദണ്ഡം നൽകണം. ലൈംഗികശക്തി നശിച്ചവന് ധർമസ്ഥന്മാരോട് അനുവാദം വാങ്ങി സ്ത്രീയെ ഉപേക്ഷിക്കാം. അല്ലാത്തപക്ഷം ദണ്ഡം ബാധകമാണ്.
ജനാധിപത്യ വിരുദ്ധത
അശരണരുടെ ഉത്തരവാദിത്തം ചാണക്യൻ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും സംഘംചേരലും വിനോദവും നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഏറ്റെടുക്കാവുന്നതല്ല. സംഘംചേരൽ അനുവദിക്കാവുന്ന സന്ദർഭങ്ങളും അനുവദിക്കരുതാത്ത സന്ദർഭങ്ങളും വേർതിരിച്ചു ചാണക്യൻ കാണുന്നു. ഇതിൽ അദ്ദേഹത്തിന്റെ നിലപാട് ശരിയാകുന്നത്, ആ നിലപാട് രാജാവിനും രാജ്യതാല്പര്യത്തിനും പോഷകമാണ് എന്ന അടിസ്ഥാനത്തിലാണ്.
വാനപ്രസ്ഥനൊഴികെയുള്ള പരിവ്രാജകർ, അവിടെത്തന്നെ രൂപീകരിച്ചതല്ലാത്ത സംഘങ്ങൾ, ജനപദക്ഷേമത്തിനായി കൂട്ടായി ചിറ മുതലായവ നിർമിക്കാനുള്ള കൂട്ടം എന്നിവയല്ലാതെ മറ്റു സംഘങ്ങൾ ഉണ്ടാകരുത് എന്നാണ് ചാണക്യനീതി. അതോടൊപ്പം, വിനോദത്തിനു വേണ്ടിയുള്ള ആശ്രമങ്ങളും ശാലകളും ജനപദത്തിൽ ഉണ്ടായിരിക്കരുത്. നടന്മാർ, നർത്തകർ, ഗായകർ, വിനോദക്കാർ ഒന്നും ജനങ്ങൾക്ക് കർമവിഘ്നം വരുത്തരുത്. വിനോദം ഒഴിവാക്കി കൃഷിതാല്പര്യത്തിന് മുന്തിയ പരിഗണന കൊടുത്താലേ വൃദ്ധിയുണ്ടാകൂവെന്ന നിലപാടാണിതിനുപുറകിൽ. ജനങ്ങൾക്കുമേലുള്ള അധികാരത്തിന്റെ ദുർനടപടിയായേ ഇതിനെ ജനാധിപത്യത്തിന് കാണാനാവൂ. വിനോദവും സംഘംചേരലും ഉപേക്ഷിച്ച് സദാ രാജ്യസേവനമായി പണിയെടുക്കണം, അത് കൃഷിയിലേർപ്പെടണമെന്നുതന്നെയായാലും ജനാധിപത്യത്തിൽ അംഗീകരിക്കപ്പെടില്ല. ആ നിലപാടിനെ ഫ്യൂഡൽ മനഃശ്ശാസ്ത്രമായേ വിലയിരുത്താനാകൂ.
അശരണരുടെ ഉത്തരവാദിത്തം ചാണക്യൻ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും സംഘംചേരലും വിനോദവും നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഏറ്റെടുക്കാവുന്നതല്ല.
ഭൂമിയുടെ വിനിയോഗം
കൃഷിയോഗ്യമല്ലാത്ത ഭൂമി മറ്റെന്തൊക്കെ കാര്യങ്ങൾക്കു വിനിയോഗിക്കാമെന്ന നിർദേശമുള്ള അധ്യായമുണ്ട്. ഇത്തരം ഭൂമി കൃഷിയല്ലാത്ത പല കാര്യങ്ങൾക്കും പ്രയോജനപ്പെടുത്താം. കാലികൾക്കുള്ള മേച്ചിൽ സ്ഥലങ്ങൾ രാജാവ് വിട്ടുനൽകണം. അതോടൊപ്പം ബ്രാഹ്മണർക്ക് വേദാധ്യയനത്തിനും സോമയാഗത്തിനുമുള്ള സ്ഥലം നൽകണം. തപസ്വികൾക്കു തപോവനങ്ങളും നൽകാം. ഇതിനായി എത്ര സ്ഥലം വീതം നല്കണമെന്നും കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഒരു ഗോരുതം അതായത് അര നാഴിക വിസ്താരത്തിൽ, അല്ലെങ്കിൽ കാള അമറിയാൽ കേൾക്കുന്ന സ്ഥലത്ത്, അവയിലെ സ്ഥാവര ജംഗമങ്ങൾക്ക് അഭയം നൽകികൊണ്ട് മേൽചൊന്ന ആവശ്യങ്ങൾക്കായി നൽകാം. ഇതുകൂടാതെ രാജാവിന് വേട്ടയ്ക്കായി ഇടം ഒരുക്കാം.
ഏകദ്വാരമായും ചുറ്റും ഗുപ്തമായ കിടങ്ങുള്ളതും മധുരഫലങ്ങൾ നിറഞ്ഞ മരങ്ങളും വള്ളിച്ചെടികളും കുണ്ടില്ലാത്ത ജലാശയങ്ങളും അടങ്ങുന്ന സമുച്ചയമാണിത്. ശാന്തരും ഇണങ്ങിയതുമായ മൃഗങ്ങളെയും തേറ്റയും നഖങ്ങളും പറിച്ച ഹിംസ്രമൃഗങ്ങളെയും ഇവിടെ അനുവദിക്കാം. ആനകളുമാകാം. ഇത്തരത്തിൽ ഒരു മൃഗാവനം രാജാവിന് വേട്ടക്കായി ഉണ്ടാക്കണം. കൂടാതെ, അതിർത്തിമേഖലയിൽ എല്ലാ മൃഗങ്ങൾക്കുമായി മറ്റൊരു വന്യജീവി സങ്കേതവുമൊരുക്കാം. ഓരോ വനവിഭവത്തിനും പ്രത്യേകം വനങ്ങളുണ്ടാക്കി സംരക്ഷിക്കാം. ദ്രവ്യവനത്തോടനുബന്ധമായി കർമശാലകൾ സ്ഥാപിക്കണം. അവയ്ക്കു കാവൽ ഏർപ്പെടുത്തണം. രക്ഷ വനപാലകർക്കു നൽകാം. അതിർത്തിയിൽ ആനസങ്കേതം ഒരുക്കാം. അതിർത്തിസംരക്ഷകരും വേണം. സമീപപ്രദേശത്തുനിന്നുള്ള ആനയുടെ വഴിത്താരകൾ കാവൽക്കാർ അറിയണം. ആനകളുടെ സുരക്ഷക്ക് പ്രത്യേകം വനപാലകരെ ഏർപ്പാടാക്കണം. ആനവേട്ടക്കാരെ കൊല്ലണം. ചരിഞ്ഞ ആനയുടെ ദന്തങ്ങൾ കൊണ്ടുവന്നു നൽകുന്നവന് രാജാവ് നാലേകാൽ പണം നൽകണം. വിപുലമായ ആന സംരക്ഷണം രാജാവിന്റെ ചുമതലയായി ചാണക്യൻ പ്രസ്താവിക്കുന്നു.

ആന സെൻസസ്
ആനകളുടെ സെൻസസ് വിവരങ്ങൾ ശേഖരിക്കേണ്ടതിന്റെ പ്രാധാന്യവും മുറയും കൗടല്യൻ ചർച്ചചെയ്യുന്നുണ്ട്. വനപാലകർ, ആനപാലകർ, ആനയ്ക്ക് കാൽചങ്ങല വെയ്ക്കുന്ന പാദപാശികന്മാർ, സീമാധികൃതർ, സഹായികൾ എന്നിവരെ തുണകൂട്ടി, ആനയെ പിടിക്കുന്ന പിടിയാനകളെയും കൂട്ടി, ഹസ്തിമൂത്രപുരീഷങ്ങൾ തങ്ങളുടെ ദേഹത്ത് പുരട്ടി, സ്വന്തം ഗന്ധം മറച്ച്, ചേരിൻ കൊമ്പുകൾ കൊണ്ട് മറച്ച്, ആനയുടെ ശയ്യാസ്ഥനങ്ങൾ, കാലടയാളം, പിണ്ടി, കൊമ്പുകുത്തിയുള്ള കളിയടയാളം എന്നിവ നോക്കി ആനകളുടെ എണ്ണം അറിയണം.
ഒറ്റയാന്മാരെയും കൂട്ടം തെറ്റിയവൻ, ക്രൂരൻ, മത്തൻ തുടങ്ങിയവയെയും ലക്ഷണം കൊണ്ടറിയണം. ലക്ഷണമൊത്തവയെ ഗജശിക്ഷകൻ പിടിച്ചു പരിപാലിക്കണം. ഇത്രയും പ്രാധാന്യത്തോടുകൂടി ആനക്കാര്യം അവതരിപ്പിച്ചത് ആനകൾക്ക് സൈനികവൃത്തിയിലുള്ള പ്രാധാന്യം കണക്കിലെടുത്താണ്. രാജാക്കന്മാരുടെ സൈനിക വിജയത്തിൽ പ്രധാന പങ്ക് ആനപ്പടക്കായിരുന്നു കല്പിക്കപ്പെട്ടിരുന്നത്.
ആനകളുടെ ദേശപ്രകൃതമനുസരിച്ച് കലിംഗ വംഗദേശത്തെ ഗജങ്ങളെയാണ് ഉത്തമമായി കരുതിയിരുന്നത്. നന്നായി പണിയെടുപ്പിച്ചാൽ ആനകളുടെ വീര്യവും തേജസ്സും കൂടും എന്ന വിശ്വാസവും അക്കാലത്തുണ്ടായിരുന്നുവെന്നു ചാണക്യശാസ്ത്രം വെളിപ്പെടുത്തുന്നുണ്ട്.