രത്നശാസ്ത്രം
പ്രകൃതിവിഭവങ്ങളുടെ അനുഭവലോകം

ചാണക്യകാലത്ത് രത്നങ്ങൾ വിലയുള്ള ആഭരണ നിർമാണ വസ്തുക്കളായിരുന്നു, അവയുടെ ഗുണപരിശോധനാവ്യവസ്ഥ തദ്ദേശീയമായി വികസിച്ചിരുന്നു. ചാണക്യന്റെ ഭാഷാകൗടലീയത്തെ അടിസ്ഥാനമാക്കി എം. ശ്രീനാഥൻ എഴുതുന്ന പഠനപരമ്പര തുടരുന്നു.

വിവേചനത്തിന്റെ
അർഥശാസ്ത്രം- 11

ണ്ഡാരനിധിയായി സ്വീകരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധന സംബന്ധിച്ച വിവരങ്ങളാണ് കോശപ്രാവേശ്യ രത്നപരീക്ഷ എന്ന അധ്യായത്തിൽ ചാണക്യൻ വിസ്തരിച്ചിട്ടുള്ളത്. ഭണ്ഡാരത്തിൽ സ്വീകരിക്കുന്നവയിൽ പ്രധാനമാണ് രത്നങ്ങൾ. കൂടാതെ ചന്ദനം, മുള, മരത്തൊലി, പട്ട് തുടങ്ങിയ വസ്തുക്കളും. ഇവയൊക്കെ അതാതു മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച് കോശാധ്യക്ഷൻ സ്വീകരിക്കണം. ഓരോന്നിന്റെയും പിറവിയിടം, ആകൃതി, വലിപ്പം, വർണം എന്നിങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചു വിലയിരുത്തി കൃത്യമായ വർഗീകരണവും ഉത്തമ അധമ ഭേദങ്ങളും നിർണയിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പൗരസ്ത്യമായ വസ്തുജ്ഞാനം രൂപപ്പെട്ടിരുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാം. അതാകട്ടെ ഓരോ ജനതയും അവരുൽപ്പാദിപ്പിച്ച പരിസ്ഥിതിസൗഹൃദ തനത് ജ്ഞാനാടിത്തറ എന്തെന്നു വ്യക്തമാക്കുന്നുണ്ട്. അധിവാസകേന്ദ്രിതമായ നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഒരു ഭാഷാജനത ആർജിച്ചെടുത്ത ജ്ഞാനവ്യവസ്ഥ ഏതൊരു സമൂഹത്തിന്റെയും ധൈഷണിക മൂലധനത്തിൽ പ്രാഥമികമാണ്. എല്ലാ ഭാഷാസമൂഹങ്ങളിലും അടിസ്ഥാനപരമായ അറിവിന്റെ വ്യവസ്ഥ രൂപംകൊള്ളുന്നത് മനുഷ്യരും പ്രകൃതിയും, മനുഷ്യരും മനുഷ്യരും, മനുഷ്യരും ഇന്ദ്രിയബാഹ്യമായ അമൂർത്തലോകവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. പൗരസ്ത്യ സമൂഹങ്ങളിൽ നിലനിന്ന പാരിസ്ഥിതികാടിത്തറയുള്ള തദ്ദേശീയ വസ്തുജ്ഞാനങ്ങളുടെ മാനകമുഖമാണ് ചാണക്യൻ അടയാളപ്പെടുത്തിയിരിക്കുന്നതെന്നു മനസിലാക്കേണ്ടതുണ്ട്. മറിച്ച് ഇതെല്ലാം ചാണക്യൻ സൃഷ്ടിച്ച ഭാവനാത്മകമായ അറിവിടങ്ങളാണെന്നു വിശ്വസിക്കുകവഴി ഒരു ജനത ആർജിച്ച നൂറ്റാണ്ടുകളുടെ വേരുള്ള അനുഭവ നിരീക്ഷണ മൂലധനം എഴുത്തിലൂടെ ക്രോഡീകൃതമാവുന്നതോടെ എഴുത്തുടമ അറിവുടമയായി മാറുകയും സാമൂഹികമായ അറിവ് വ്യക്തിയിലേക്ക് ചുരുങ്ങുകയും ചെയ്യുകയാണ് പതിവ്.

എഴുത്തു സാങ്കേതികതയുടെയും സാക്ഷരതയുടെയും രാഷ്ട്രീയമാണ് വ്യക്തികേന്ദ്രിത അറിവിടങ്ങളെ സൃഷ്ടിക്കുന്നതും വിശ്വസിപ്പിക്കുന്നതും. അറിവുടമസ്ഥത ലിപിനിഷ്ഠ സമൂഹങ്ങളുടെ സാക്ഷരതയുടെയും എഴുതപ്പെട്ട ഭാഷയുടെയും ആണെന്നാണ് പരക്കെ വിശ്വസിച്ചുപോരുന്നത്. സംസ്‌കൃതം പണ്ടേ എഴുത്തുഭാഷയായി ഉപയോഗിച്ചു തുടങ്ങിയതുകൊണ്ട് പല അറിവുകളും ഈ ഭാഷയിൽ സമാഹൃതമായിയെന്നല്ലാതെ എല്ലാ അറിവിന്റെയും ഉല്പാദനക്ഷമതയും സാമൂഹിക ഉടമസ്ഥതയും സംസ്കൃതത്തിന് അവകാശപ്പെട്ടതാണെന്ന മിഥ്യാധാരണ പ്രോത്സാഹിപ്പിക്കേണ്ടതില്ല.

എഴുത്തു സാങ്കേതികതയുടെയും സാക്ഷരതയുടെയും രാഷ്ട്രീയമാണ് വ്യക്തികേന്ദ്രിത അറിവിടങ്ങളെ സൃഷ്ടിക്കുന്നതും വിശ്വസിപ്പിക്കുന്നതും.
എഴുത്തു സാങ്കേതികതയുടെയും സാക്ഷരതയുടെയും രാഷ്ട്രീയമാണ് വ്യക്തികേന്ദ്രിത അറിവിടങ്ങളെ സൃഷ്ടിക്കുന്നതും വിശ്വസിപ്പിക്കുന്നതും.

എല്ലാത്തരം ജ്ഞാനപദ്ധതികളും സംസ്‌കൃതത്തിൽ പിറവിയെടുത്തതാണെന്നു വിശ്വസിക്കുന്നവരും വാദിക്കുന്നവരുമുണ്ട്. സംസ്കൃതം വരേണ്യഭാഷയാണെന്നും അതിലുള്ളതെല്ലാം ഹൈന്ദവികമാണെന്നും വരേണ്യമാണെന്നും വിശ്വസിക്കുന്നവരും വാദിക്കുന്നവരുമുണ്ട്. ജ്ഞാനപദ്ധതികൾ കൊളോണിയൽ ആധുനികത കൈമാറിയതാണെന്നു വിശ്വസിക്കുന്നവരും വാദിക്കുന്നവരുമുണ്ട്. ജ്ഞാനവിശ്വാസികൾ ഇങ്ങനെ പലതരമുണ്ട്. കാലങ്ങളായി ഇക്കൂട്ടർക്കാകെ മനസിലാകാതിരിക്കുന്നതായി ഒന്നേയുള്ളൂ. എല്ലാ അറിവിന്റെയും മൂല സൃഷ്ടാക്കൾ സമൂഹമാണെന്ന വസ്തുത. എഴുത്തിലൂടെയുള്ള ക്രോഡീകരണങ്ങളേയും എഴുത്തുഭാഷയെയും അറിവിടവും അറിവുമായി ധരിക്കുന്നു. ആശയങ്ങളുടെ പിറവിയും വ്യാപനവും കുടിയേറ്റവും കടംകൊള്ളലും ആവിഷ്കരണവും പുനരാവിഷ്കരണവുമൊക്കെ മാനവസമൂഹത്തിന്റെ ധൈഷണിക ചരിത്രത്തിന്റെ ഭാഗമാണെന്നോ അവയ്ക്കു പാരിസ്ഥിതികമായ അടിത്തറയുണ്ടെന്നോ കാലക്രമികമായ വികാസമുണ്ടെന്നോ ഒന്നും ആലോചിക്കുന്നേയില്ല. അതുകൊണ്ട് ചാണക്യൻ വിവരിച്ച രത്നപരീക്ഷയുടെ സമകാലിക പ്രാധാന്യം രത്നങ്ങൾ ഭണ്ഡാരവസ്തുവെന്ന നിലയ്ക്കപ്പുറം ജ്ഞാനചരിത്രത്തിൽ പ്രസക്തമാണോ എന്നതാണ്. പാശ്ചാത്യ വിജ്ഞാനചരിത്രത്തിൽ 19-ാം നൂറ്റാണ്ടിൽ മാത്രം ശാസ്ത്രീയമായി വികസിച്ച Gemmology- യുടെ (രത്നശാസ്ത്രം) പ്രാഥമികമായ നിരീക്ഷണപ്രഭാവം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന യാഥാർഥ്യമാണ് ചാണക്യൻ സ്ഥാപിച്ചുറപ്പിച്ചിരിക്കുന്നവെന്നതുകൊണ്ടാണ് ചാണക്യന്റെ രത്നപരീക്ഷ ലോക ജ്ഞാനചരിത്രത്തിന്റെ ഭാഗമാണെന്നത് പറയാതിരിക്കാനാവാത്തത്.

സംസ്കൃതത്തിൽ എഴുതിയിരിക്കുന്നതുകൊണ്ടോ എഴുതിയത് ചാണക്യനാണെന്നതു കൊണ്ടോ പൗരസ്ത്യ വസ്തുജ്ഞാനത്തെ തള്ളിക്കളയേണ്ടതില്ല എന്ന പാഠം ഉൾക്കൊള്ളേണ്ടതുണ്ട്.

ജ്ഞാനോല്പാദക സമൂഹങ്ങളല്ല ജ്ഞാനോപഭോക്തക്കളാണ് തങ്ങളെന്ന ബോധം അധിനിവേശ സമൂഹങ്ങളിൽ നിർമ്മിച്ചെടുക്കാൻ പാശ്ചാത്യ ആധുനികതക്ക് കഴിഞ്ഞതാണ് കൊളോണിയൽ ആധുനികതയുടെ പ്രകടമായ മൂലധനം. അച്ചടികേന്ദ്രിതമായ അറിവിന്റെ ഉടമസ്ഥാവകാശം, വസ്തുനിഷ്ഠത, ശാസ്ത്രീയത, പരീക്ഷണവിധേയം എന്നിവയുടെ പേരിൽ കൈയ്യടക്കിയിരിക്കുന്ന പാശ്ചാത്യ ജ്ഞാനം വൈജ്ഞാനിക ഭാഷയായ ഇംഗ്ലീഷിൽ നിക്ഷിപ്തമാണെന്നാണ് അധിനിവേശിത സമൂഹങ്ങളെല്ലാം അധിനിവേശാനന്തര കാലത്തും കാത്തുപോരുന്ന വിശ്വാസം. ഇതിനു വ്യത്യസ്തമായ പൗരസ്ത്യ ജ്ഞാനപ്രക്രിയ നിലനിന്നിരുന്നുവെന്നു അടിവരയിട്ടുറപ്പിക്കുന്നതാണ് ചാണക്യന്റെ വസ്തുജ്ഞാനവിവരണം.

ആശയങ്ങളുടെ പിറവിയും വ്യാപനവും കുടിയേറ്റവും കടംകൊള്ളലും ആവിഷ്കരണവും പുനരാവിഷ്കരണവുമൊക്കെ മാനവസമൂഹത്തിന്റെ ധൈഷണിക ചരിത്രത്തിന്റെ ഭാഗമാണെന്നോ അവയ്ക്കു പാരിസ്ഥിതികമായ അടിത്തറയുണ്ടെന്നോ  കാലക്രമികമായ വികാസമുണ്ടെന്നോ ഒന്നും ആലോചിക്കുന്നേയില്ല.
ആശയങ്ങളുടെ പിറവിയും വ്യാപനവും കുടിയേറ്റവും കടംകൊള്ളലും ആവിഷ്കരണവും പുനരാവിഷ്കരണവുമൊക്കെ മാനവസമൂഹത്തിന്റെ ധൈഷണിക ചരിത്രത്തിന്റെ ഭാഗമാണെന്നോ അവയ്ക്കു പാരിസ്ഥിതികമായ അടിത്തറയുണ്ടെന്നോ കാലക്രമികമായ വികാസമുണ്ടെന്നോ ഒന്നും ആലോചിക്കുന്നേയില്ല.

സംസ്കൃതത്തിൽ എഴുതിയിരിക്കുന്നതുകൊണ്ടോ എഴുതിയത് ചാണക്യനാണെന്നതു കൊണ്ടോ പൗരസ്ത്യ വസ്തുജ്ഞാനത്തെ തള്ളിക്കളയേണ്ടതില്ല എന്ന പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. തദ്ദേശീയ നാട്ടറിവിന്റെ മാനകരൂപമായേ ഈ വിവരണത്തെ ഉൾക്കൊള്ളേണ്ടതുള്ളൂ. ഇത് ഭാവനാസൃഷ്ടിയായ ജ്ഞാനോല്പാദനമല്ലെന്നും ഇതെല്ലം നാട്ടറിവിന്റെ ക്രോഡീകരണമാണെന്നും നിസ്സംശയം തെളിയിക്കാമെന്നിരിക്കേ പൂർണമായി തള്ളിക്കളയേണ്ടതില്ല. പ്രകൃതിവിഭവങ്ങളെ കുറിച്ചുള്ള തദ്ദേശീയമായ ജ്ഞാനപദ്ധതിയായി അംഗീകരിക്കണമെന്നത് സംസ്കൃത മൂലധനത്തോടുള്ള ആരാധന കൊണ്ടല്ല, മറിച്ച്, അവയിലടങ്ങിയിരിക്കുന്ന ജനകീയമായ ജ്ഞാനോല്പാദന അടരുകളെ വീണ്ടെടുക്കാനാകുമെന്നതുകൊണ്ടാണ്.

പണ്ടുമുതലേ രത്നം ശ്രേഷ്ഠമായ വസ്തുവായാണ് പൗരസ്ത്യർ പരിഗണിച്ചിരുന്നത്. വിലയുള്ള കല്ല് എന്നാണ് സാമാന്യജ്ഞാനം

വിവിധ പ്രദേശങ്ങളിൽ ലഭ്യമായ പ്രകൃതിവിഭവങ്ങളെ കുറിച്ച് ഭിന്ന തൊഴിൽ- ഭാഷാ സമൂഹങ്ങൾ ആർജിച്ച അനുഭവലോകത്തെ സമാഹരിച്ച് അവതരിപ്പിച്ചതോടെ വസ്തുജ്ഞാനത്തിന്റെ പൗരസ്ത്യ ധാര നിർണയിച്ചുറപ്പിക്കാൻ ചാണക്യന് കഴിഞ്ഞു. തന്നെയുമല്ല വിഭവജ്ഞാനത്തിന്റെ പാരിസ്ഥിതികമായ സദൃശ്യമാനത്തോടെയുള്ള വർഗീകരണഭേദങ്ങളും പിറവിയിടം, ആകൃതി, വലിപ്പം, വർണം തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നാമകരണപദ്ധതിയും ഇന്ത്യൻ ഭാഷകളിലെ തദ്ദേശീയ ജ്ഞാനക്രമം സമാനഘടനയുള്ളതാണെന്നു വെളിപ്പെടുത്തുന്നു. അതായത്, ചാണക്യന്റെ വസ്തുജ്ഞാന വിവരണം ജ്ഞാനനിർമിതിയുടെ പൗരസ്ത്യ ഭൂമികയെ ലോക വൈജ്ഞാനിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നുവെന്നു പറഞ്ഞേ മതിയാവൂ. എന്നാലിതിനർഥം സംസ്കൃതവും ചാണക്യനും ഹൈന്ദവികതയും ലോകജ്ഞാനത്തിന്റെ ഉറവിടമാണെന്ന വാദത്തെ അംഗീകരിക്കുന്നുവെന്നല്ല. മറിച്ച്, പാശ്ചാത്യ ജ്ഞാനാധിപത്യത്തെ അഥവാ ജ്ഞാനപദ്ധതികളുടെ കുടിയേറ്റപ്പെരുമയെ ആഗോളിയമായി തദ്ദേശീയവും തനതുമായ ജ്ഞാനടിത്തറയെ വീണ്ടെടുത്തുകൊണ്ടു സംവാദാത്മകമാക്കാവുന്ന സാധ്യത തിരിച്ചറിയുന്നുവെന്നേയുള്ളൂ. അല്ലാതെ മൗലികവാദികളുടെ ധൈഷണിക മതിഭ്രമത്തെ സാധുകരിക്കലല്ല ഉദ്ദേശ്യം.

പണ്ടുമുതലേ രത്നം ശ്രേഷ്ഠമായ വസ്തുവായാണ് പൗരസ്ത്യർ പരിഗണിച്ചിരുന്നത്. വിലയുള്ള കല്ല് എന്നാണ് സാമാന്യജ്ഞാനം. മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമോദകം, വജ്രം, പവിഴം, പത്മരാഗം, മരതകം, ഇന്ദ്രനീലം എന്നിങ്ങനെയുള്ള നവരത്നങ്ങളെ ചാണക്യകാലത്തിനുമുമ്പുതന്നെ മൂല്യവസ്തുക്കളായി പൗരസ്ത്യജനത തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം മറ്റനവധി ഭംഗിയുള്ള കല്ലുകളെയും മുല്യം കുറഞ്ഞവയായും തിരിച്ചറിഞ്ഞിരുന്നു പ്രകൃതിയിൽനിന്നുമുള്ള വിഭവസമാഹരണത്തിന്റെ അനുഭവജ്ഞാനമാണ് ഇത് പങ്കുവയ്ക്കുന്നതെന്നു പറയാം.

പണ്ടുമുതലേ രത്നം ശ്രേഷ്ഠമായ വസ്തുവായാണ് പൗരസ്ത്യർ പരിഗണിച്ചിരുന്നത്. വിലയുള്ള കല്ല് എന്നാണ് സാമാന്യജ്ഞാനം.
പണ്ടുമുതലേ രത്നം ശ്രേഷ്ഠമായ വസ്തുവായാണ് പൗരസ്ത്യർ പരിഗണിച്ചിരുന്നത്. വിലയുള്ള കല്ല് എന്നാണ് സാമാന്യജ്ഞാനം.

ശംഖ്, ചിപ്പി, പ്രകീർണകം എന്നിവയിൽ നിന്നും പിറവി കൊള്ളുന്നവയാണ് മുത്തുകളെന്ന അറിവാണ് പ്രാഥമികമായി പൗരസ്ത്യസമൂഹം നേടിയിരുന്നത്. പ്രകീർണകത്തിന് പലതും ചേർന്നതെന്നാണ് പദാർഥം. ആനയുടെ മസ്തകം, സർപ്പശിരസ് എന്നിങ്ങനെയുള്ള സ്രോതസ്സുകളിൽനിന്നുള്ള മുത്തുകളെയാണ് പരാമർശിക്കുന്നത്. നാഗമാണിക്യം വളരെയധികം കേൾക്കുന്നുണ്ടെങ്കിലും ആനയുടെ മസ്തകത്തിലുണ്ടാകുന്ന മുത്തിനെ കുറിച്ച് വലിയ ധാരണകളുള്ളതായി പറയാനാവില്ലെങ്കിലും പണ്ടു കാലത്തുണ്ടായിരുന്നോ എന്നു വ്യക്തമല്ല. നല്ലവിലയുള്ള ആനക്കൊമ്പിനെയാണോ ഇവിടെ ചാണക്യൻ ഉദ്ദേശിച്ചതെന്ന് അറിയില്ല.

മുത്തുകളിൽ നല്ലയിനവും അധമയിനവും ഉണ്ടെന്നു അന്നേ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ മാനദണ്ഡം വ്യക്തമല്ലെങ്കിലും പ്രാദേശികമായ ഗുണമേന്മ അംഗീകരിച്ചിരുന്നു. ഓരോയിടങ്ങളിൽനിന്നും ശേഖരിക്കുന്ന മുത്തുകൾക്കു പ്രാദേശികമോ പരിസ്ഥിതികമോ ആയ അടിസ്ഥാനത്തിലായിരുന്നു അവയുടെ നാമധേയം എന്ന് മനസിലാക്കാം.

നരവംശീയമായിതന്നെ ലോക ജനവിഭാഗങ്ങളിൽ വികസിച്ച പ്രാഥമിക സംസ്കൃതികളിൽ പ്രധാനമാണ് ആഭരണ സംസ്കൃതി. പ്രകൃതിവിഭവങ്ങളും സസ്യജന്തുലോകവും ആഭരണ സംസ്കൃതിയുടെ മൂലസ്രോതസ്സുകളാണ്.

മുത്തുകളിൽ പത്തുയിനങ്ങൾ ശ്രേഷ്ഠമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. പാണ്ഡ്യാദേശത്തെ താമ്രപർണി നദിയിലുണ്ടാകുന്നവയാണ് താമ്രപർണികം. പാണ്ഡ്യരാജ്യത്ത് മലയാകോടി പർവതത്തിലുണ്ടാകുന്നവ പാണ്ഡ്യകവാടകം. പാടലീപുത്രത്തിനടുത്തുള്ള പാശികനദിയിലുണ്ടാകുന്നവ പാശിക്യം. സിലോണിൽ മയൂരഗ്രാമത്തിലെ കൂല നദിയിലുള്ളതവയാണ് കൗലേയം. കേരളത്തിലെ ചൂർണി അഥവാ പെരിയാറിലുള്ളവയാണ് ചൗർണെയം. മഹേന്ദ്ര പർവതത്തിനടുത്തുള്ള കടലിലുണ്ടാകുന്നവയാണ് മാഹേന്ദ്രം. കാർദമികം പാരസീക ദേശത്തുള്ള (പേർസ്യ) കർദമാ നദിയിലുണ്ടാകുന്നവയാണ്. ബർബരാ ദേശത്തുള്ള സ്രോതസീ നദിയിലുള്ളവ സ്രൗതസീയം. ബർബരാ ദേശത്തുള്ള കടലിലുണ്ടാകുന്നവ ഹ്രാദീയം. ഹിമവാനിലെ ആറ്റിലുണ്ടാകുന്നവ ഹൈമവതം- എന്നിങ്ങനെ പത്തുതരം മുത്തുകൾ ശേഷ്ഠമായി കരുതിയിരുന്നു.

എല്ലാ രത്നങ്ങളിലും മുത്ത് പ്രധാനമാണ്. മുത്തുകളുടെ ഗുണപരിശോധനയിൽ മുത്തുകൾക്ക് നീചത്വം കല്പിച്ചിരുന്നത് ആകൃതി, നിറം, അസ്ഥാനത്തുള്ള തുള, പരുപരുപ്പ്, എന്നിവയുടെ അടിസ്ഥാനത്തിലാണ്.

മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമോദകം, വജ്രം, പവിഴം, പത്മരാഗം, മരതകം, ഇന്ദ്രനീലം എന്നിങ്ങനെയുള്ള  നവരത്നങ്ങളെ ചാണക്യകാലത്തിനുമുമ്പുതന്നെ മൂല്യവസ്തുക്കളായി പൗരസ്ത്യജനത തിരിച്ചറിഞ്ഞിരുന്നു.
മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമോദകം, വജ്രം, പവിഴം, പത്മരാഗം, മരതകം, ഇന്ദ്രനീലം എന്നിങ്ങനെയുള്ള നവരത്നങ്ങളെ ചാണക്യകാലത്തിനുമുമ്പുതന്നെ മൂല്യവസ്തുക്കളായി പൗരസ്ത്യജനത തിരിച്ചറിഞ്ഞിരുന്നു.

ആഭരണ സംസ്കൃതി

നരവംശീയമായിതന്നെ ലോക ജനവിഭാഗങ്ങളിൽ വികസിച്ച പ്രാഥമിക സംസ്കൃതികളിൽ പ്രധാനമാണ് ആഭരണ സംസ്കൃതി. പ്രകൃതിവിഭവങ്ങളും സസ്യജന്തുലോകവും ആഭരണ സംസ്കൃതിയുടെ മൂലസ്രോതസ്സുകളാണ്. ചാണക്യൻ പൗരസ്ത്യ ആഭരണ സംസ്കൃതിയുടെ രത്നലോകത്തെ അനാവരണം ചെയ്യുന്നു. മുത്തുകളുപയോഗിച്ചുള്ള ആഭരണ നിർമാണം പണ്ടുമുതലേ നിലനിന്നിരുന്നു. ശിരസ്സ്, ഹസ്തം, പാദം, കടി എന്നിവയിലേക്കാണ് മുത്താഭരണങ്ങൾ നിർമിച്ചിരുന്നത്. ഒറ്റയിഴയായോ അനേകം ഇഴയായോ അവ നിർമിച്ചിരുന്നു. മുത്തുമാലയുടെ ഇഴയാണ് യഷ്ടി. വലുതും ചെറുതുമായ മുത്തുകൾ പലതരത്തിൽ കോർക്കുന്നതനുസരിച്ച് പലതരം മുത്തുമാലകളുണ്ടായിരുന്നു.

പിറവിയിടത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ കൗടം, മൗലേയകം, പാരസമുദ്രകം എന്നിങ്ങനെ മൂന്നുതരം മാണിക്യ ഇനങ്ങളെ തിരിച്ചറിഞ്ഞിരുന്നു. മലയാദ്രിയുടെയും ദക്ഷിണ സമുദ്രത്തിന്റെയും മധ്യത്തിലുള്ള കോടി പ്രദേശത്തുണ്ടാകുന്നതവയാണ് കൗടം. മലയാദ്രിയുടെ ഭാഗമായ കർണീവനത്തിലെ മൂല എന്ന പ്രദേശത്തുള്ളവയാണ് മൗലേയകം. സിഹള ദ്വീപിലെ രോഹണ പർവതത്തിലുണ്ടാകുന്നവയാണ് പാരസമുദ്രകം. നിറഭേദമനുസരിച്ച് വീണ്ടും വർഗീകരിച്ചിരിക്കുന്നു. സൗഗന്ധിക പുഷ്പത്തിന്റെ നിറമുള്ളത് സൗഗന്ധികം, താമരപ്പൂവിന്റെ നിറമുള്ളത് പത്മരാഗം, കുങ്കുമപ്പൂനിറമുള്ളതു അനവദ്യരാഗം, പാരിജാതപ്പൂവിന്റെ നിറമുള്ളത് പാരിജാതപുഷ്പകം, ബാലസൂര്യന്റെ നിറമുള്ളതു ബാലസൂര്യകം.

പിൽക്കാലത്തു ഭാരതീയ രത്നശാസ്ത്രത്തിനു കൈവന്ന ജ്യോതിഷ പ്രാധാന്യവും മാനസികാരോഗ്യ പരിപാലനവും ഗ്രഹദോഷ നിവാരണ ധർമവുമൊന്നും ചാണക്യൻ പ്രസ്താവിക്കുന്നില്ല.

വൈഡൂര്യവിവരണവും നിറഭേദമനുസരിച്ചാണ്. കമ്പളപ്പൂവിന്റെ നിറമുള്ളത് (ഉത്പലവർണം), ഗിരീഷ പൂവിന്റെ നിറമുള്ളത് (ഗിരീഷ പുഷ്പകം), തെളിഞ്ഞ നിറമുള്ളത് (ഉദകവർണം), മുളയിലയുടെ നിറമുള്ളത് (വംശരാഗം), തത്തത്തൂവലിന്റെ നിറമുള്ളത് (ശുകപത്രവർണം) എന്നിങ്ങനെയാണ് വൈഡൂര്യ തരങ്ങൾ.

ചെമപ്പുകല്ലായ പുഷ്യരാഗം രണ്ടുതരമുണ്ട്. ഗോമൂത്രത്തിന്റെ നിറമുള്ള ഗോമൂത്രകവും ഗോരോചനനിറമുള്ള ഗോമോദകവും.
ഇന്ദ്രനീലം അഞ്ചു തരം: കടലപ്പൂവിന്റെ നിറമുള്ളവ (കളായപുഷ്പകം), തനിക്കറുപ്പായ മഹാനീലം, ഞാവൽ പഴത്തിന്റെ നിറമുള്ള ജാംബവാഭം, മേഘവർണമുള്ള ജീമൂതപ്രഭം.

മാണിക്യത്തിന്റെ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ആകൃതിക്കും ശോഭക്കുമാണ് പ്രാധാന്യം.

നവരത്നങ്ങളിലൊന്നായ വജ്രത്തെ പിറവിദേശത്തിന്റെ അടിസ്ഥാനത്തിലും നിറത്തിന്റെ അടിസ്ഥാനത്തിലുമാണ് തരം തിരിച്ചിരിക്കുന്നത്. വിദർഭയിലെ സഭാരാഷ്ട്രമെന്ന പ്രദേശത്തുമുണ്ടാകുന്നവ സഭാരാഷ്ട്രകം, കോസല രാജ്യത്തെ മധ്യമരാഷ്ട്രമെന്ന പ്രദേശത്തുള്ളവ മധ്യമ രാഷ്ട്രകം ( മഹാരാഷ്ട്രകം), വരണാസിക്ക് ചുറ്റുമുള്ള പ്രദേശത്തുള്ളവ കസ്തീര രാഷ്ട്രകം, ശ്രീകടന പർവതത്തിലുണ്ടാകുന്നവ ശ്രീകടനകം, ഉത്തരേന്ത്യയിലെ മണിമന്ത പർവതത്തിലുണ്ടാകുന്ന മണിമന്തകം, കലിംഗ ദേശത്തെ ഇന്ദ്രവനത്തിൽ കാണുന്ന ഇന്ദ്രവാനകം എന്നിവയാണ് വജ്രങ്ങൾ. വജ്രത്തിന്റെ മേന്മ നിശ്ചയിക്കുന്നത് ആകൃതിയും ഗുണവുമനുസരിച്ചാണ്.

ചാണക്യകാലത്ത്  പ്രകൃതിവിഭവമായി ലഭിക്കുന്ന രത്നങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നാണ് ചാണക്യന്റെ രത്നവിവരണം  ബോധ്യപ്പെടുത്തുന്നത്.
ചാണക്യകാലത്ത് പ്രകൃതിവിഭവമായി ലഭിക്കുന്ന രത്നങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നാണ് ചാണക്യന്റെ രത്നവിവരണം ബോധ്യപ്പെടുത്തുന്നത്.

ചാണക്യകാലത്ത് പ്രകൃതിവിഭവമായി ലഭിക്കുന്ന രത്നങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നാണ് ചാണക്യന്റെ രത്നവിവരണം ബോധ്യപ്പെടുത്തുന്നത്. അതോടൊപ്പം, ഇന്ത്യയുടെ വിവിധ ഇടങ്ങളും സമീപ പ്രദേശങ്ങളുമായുള്ള വസ്തുവിനിമയം അക്കാലത്തു നിലനിന്നിരുന്നു. രത്നവ്യാപാരം അക്കാലത്തും പ്രശസ്തമായിരുന്നെങ്കിലും കൃത്രിമ രത്നനിർമാണം വികസിച്ചിരുന്നില്ല. ഗുണമേന്മ തിരിച്ചറിയാനുള്ള സംവിധാനവും വർഗ്ഗീകരണവും നിലവിലുണ്ടായിരുന്നുവെന്നു ചാണക്യന്റെ രത്നശാസ്ത്രം പങ്കുവയ്ക്കുമ്പോഴും പിൽക്കാലത്തു ഭാരതീയ രത്നശാസ്ത്രത്തിനു കൈവന്ന ജ്യോതിഷ പ്രാധാന്യവും മാനസികാരോഗ്യ പരിപാലനവും ഗ്രഹദോഷ നിവാരണ ധർമവുമൊന്നും ചാണക്യൻ പ്രസ്താവിക്കുന്നില്ല. അതായത്, ചാണക്യകാലത്തു രത്നങ്ങൾ വിലയുള്ള ആഭരണ നിർമാണ വസ്തുക്കളായിരുന്നുവെന്നും അവയുടെ ഗുണപരിശോധനാവ്യവസ്ഥ തദ്ദേശീയമായി വികസിച്ചിരുന്നുവെന്നും അംഗീകരിക്കുന്നതോടെ രത്നശാസ്ത്രത്തിന്റെ ആരൂഢ നിരീക്ഷണങ്ങളായി ചാണക്യവിവരണത്തെ തിരിച്ചറിയാം. പാശ്ചാത്യരുടെ ഇടയിൽ രത്നശാസ്ത്രം പഠനമേഖലയായി വികസിച്ചത് 19-ാം നൂറ്റാണ്ടിലാണ്. എന്നാൽ എല്ലാ പുരാതന സംസ്കാരങ്ങളിലും രത്ന ഉപയോഗം നിലനിന്നിരുന്നുവെന്നതിന് തെളിവുണ്ട്.


Summary: A series of studies written by M. Sreenathan based on Chanakya's Bhasakautalyam Part 11


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments