ജലമിറ്റുവീണതും മണലൂർന്നുവീണതും വെടിയൊച്ച കേട്ടതും
പിന്നെ മണിമുഴങ്ങിയതും ആർക്കുവേണ്ടി?

നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറുകയും യന്ത്രം നോക്കി മലയാളി സമയമറിയാൻ പഠിച്ചതും എന്നുമുതലാണ്? കൗതകുകരമായ ആ ചരിത്രത്തിന്റെ നാഴികമണികളിലേക്ക് ഒരു അന്വേഷണം. എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ തുടരുന്നു.

Mixed Bag- 18

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനാലാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പ് ജയദ്രഥനെ വധിക്കുമെന്നായിരുന്നു അർജ്ജുനന്റെ പ്രതിജ്ഞ. ദ്രോണർ ഒരുക്കിയ ശക്തമായ പത്മവ്യൂഹത്തിൽ ജയദ്രഥൻ സുരക്ഷിതനായിരുന്നു. അത് തകർത്ത് ജയദ്രഥനെ വധിക്കുക എന്നത് അർജ്ജുനനെ പോലൊരു പോരാളിക്കുപോലും അസാധ്യമാണെന്ന് ശ്രീകൃഷ്ണൻ മനസിലാക്കി. ജയദ്രഥനെ വധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മാഹുതി ചെയ്യുമെന്ന അർജ്ജുനന്റെ വാക്കുകൾ പാണ്ഡവപക്ഷത്ത് അസ്വസ്ഥത പടർത്തിയിരുന്നു.

പടിഞ്ഞാറ് സൂര്യൻ അസ്തമിക്കാറാകുന്നു. ഇനി അധികം സമയമില്ല.
“എന്നോടൊന്നും ചോദിക്കരുത്, ഞാൻ അസ്ത്രമെയ്യാൻ പറയുമ്പോൾ അസ്ത്രമെയ്യുക. മറ്റൊന്നും ചിന്തിക്കരുത്” ശ്രീകൃഷ്ണൻ അർജ്ജുനനോടായി പറ‍ഞ്ഞു.

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനാലാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പ് ജയദ്രഥനെ വധിക്കുമെന്നായിരുന്നു അർജ്ജുനന്റെ പ്രതിജ്ഞ. ദ്രോണർ ഒരുക്കിയ ശക്തമായ പത്മവ്യൂഹത്തിൽ ജയദ്രഥൻ സുരക്ഷിതനായിരുന്നു. അത് തകർത്ത് ജയദ്രഥനെ വധിക്കുക എന്നത് അർജ്ജുനനെ പോലൊരു പോരാളിക്കുപോലും അസാധ്യമാണെന്ന് ശ്രീകൃഷ്ണൻ മനസിലാക്കി
കുരുക്ഷേത്രയുദ്ധത്തിന്റെ പതിനാലാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പ് ജയദ്രഥനെ വധിക്കുമെന്നായിരുന്നു അർജ്ജുനന്റെ പ്രതിജ്ഞ. ദ്രോണർ ഒരുക്കിയ ശക്തമായ പത്മവ്യൂഹത്തിൽ ജയദ്രഥൻ സുരക്ഷിതനായിരുന്നു. അത് തകർത്ത് ജയദ്രഥനെ വധിക്കുക എന്നത് അർജ്ജുനനെ പോലൊരു പോരാളിക്കുപോലും അസാധ്യമാണെന്ന് ശ്രീകൃഷ്ണൻ മനസിലാക്കി

പടിഞ്ഞാറ് ചുവന്നു.
അതാ സൂര്യൻ അസ്തമിക്കുന്നു.
ഇരുട്ടു വീണു കഴിഞ്ഞു. കൗരവപ്പട ആഹ്ലാദാരവമുയർത്തി. അഹങ്കാരത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അട്ടഹാസത്തോടെ ജയദ്രഥൻ പത്മവ്യൂഹത്തിൽ നിന്നും പുറത്തു കടന്നു. അർജ്ജുനനെ പോലൊരു കരുത്തനായ യോദ്ധാവിന്റെ മരണത്തിന് പരോക്ഷമായെങ്കിലും കാരണക്കാരനാവാൻ കഴിയുമല്ലോ എന്നോർത്ത ജയദ്രഥന്റെ മേഘഗർജ്ജനം പാണ്ഡവസേനയെ പിടിച്ചുകുലുക്കി. യുദ്ധത്തിന്റെ വരാനിരിക്കുന്ന ദിവസങ്ങളിൽ തനിക്ക് ലഭിക്കാൻ പോകുന്ന വീരപരിവേഷം ഓർത്ത് ഉന്മാദനൃത്തം ചവിട്ടിയ അയാളുടെ കാലടിച്ചുവട്ടിൽ നിന്നും യുദ്ധഭുമിയിലെ ചുവന്ന പൊടിമണ്ണ് ഇളകിപ്പറന്നു.

പെട്ടെന്ന് ശ്രീകൃഷ്ണന്റെ ശബ്ദം മുഴങ്ങി, ‘‘അസ്ത്രം തൊടുക്കുക’’.
അർജ്ജുനന്റെ അമ്പ് തൊടുത്തു. അത് ജയദ്രഥന്റെ അവസാനമായിരുന്നു.

അസ്തമിച്ച സൂര്യൻ തിരിച്ചു വന്നതുപോലെ പെട്ടെന്ന് പടിഞ്ഞാറ് വെളിച്ചം പരന്നു. അസ്തമയത്തിന് ഇനിയും നാഴികകൾ ബാക്കി. ശ്രീകൃഷ്ണൻ തന്റെ യോഗവിദ്യ കൊണ്ട് അസ്തമയം നടന്നതുപോലെ തോന്നിച്ചു എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. ഇത് മഹാഭാരത യുദ്ധത്തിലെ പല തന്ത്രങ്ങളിൽ ഒന്ന് മാത്രമായിരുന്നു.

ഇതുപോലെ യുദ്ധസമയത്ത് സൂര്യഗ്രഹണം നടന്നത് പോക്കറ്റ് വാച്ച് നോക്കി മനസിലാക്കിയ മാർത്താണ്ഡവർമ്മയുടെ വീരചരിതം ശ്രീമാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ടിൽ പറയുന്നുണ്ട്. കൊല്ലവുമായുള്ള യുദ്ധത്തിലാണ് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിന് ഡച്ചുകാർ നൽകിയ ഘടികാരയന്ത്രം സഹായകമായത്. യുദ്ധസമയത്ത് അപ്രതീക്ഷിതമായി സൂര്യഗ്രഹണമുണ്ടായപ്പോൾ സൂര്യൻ അസ്തമിച്ചതാണെന്ന് കൊല്ലം സൈന്യം തെറ്റിദ്ധരിക്കുകയും അവർ യുദ്ധം മതിയാക്കുകയും ചെയ്തു. സൂര്യൻ അസ്തമിച്ചാൽ യുദ്ധം പാടില്ല എന്നത് അടിസ്ഥാന യുദ്ധനിയമങ്ങളിലൊന്നാണ്. കൊല്ലം യുദ്ധത്തിൽ തൃപ്പാപ്പൂർ (അന്ന് തിരുവിതാംകൂർ ആയിട്ടില്ല) സൈന്യത്തെ നയിച്ചിരുന്ന ഡച്ച് പടത്തലവനും ജർമൻ വംശജനുമായ കാൾ അഗസ്റ്റസ് ദ്യുവൻഷോട്ട് ഘടികാരയന്ത്രം നോക്കിയപ്പോൾ അസ്തമയത്തിനുള്ള സമയമായിട്ടില്ലെന്ന് മനസിലാക്കുകയും യുദ്ധം മതിയാക്കി വിശ്രമിച്ചിരുന്ന കൊല്ലം രാജാവിനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. പടക്കളത്തിൽ വച്ച് തന്നെ മാർത്താണ്ഡവർമ്മയുടെ സൈന്യം കൊല്ലം രാജാവിനെ വധിച്ചു. കൊല്ലം കൊട്ടാരത്തിന് തൃപ്പാപ്പൂർ സൈന്യം തീവച്ചു. 1742-ലാണ് ഇത് നടക്കുന്നത്.

“യോദ്ധാ ഘടീമാനഘണ്ടയെ നോക്കീട്ടു
ക്രുദ്ധനായഗ്നിശസ്ത്രത്തെ പ്രയോഗിച്ചു”
എന്നാണ് ഇതിനെ കുറിച്ച് ശ്രീമാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ടിൽ പറയുന്നത്. സൂര്യഗ്രഹണവും ഗ്രഹങ്ങളുടെ സഞ്ചാരവുമൊക്കെ കൃത്യമായി ഗണിച്ച് പറയാൻ കഴിവുള്ള ജ്യോതിശാസ്ത്രജ്ഞൻമാരും ജ്യോതിഷികളും ദേശിങ്ങനാട്ടിലും കായംകുളത്തും അന്ന് ഉണ്ടാകാതെയിരിക്കാൻ വഴിയില്ല. അതുകൊണ്ട് മാർത്താണ്ഡ‍വർമ്മയുടെ പടത്തലവൻ മാത്രം വാച്ച് നോക്കി അസ്തമയസമയം കണക്കാക്കി എന്ന് പറയുന്നത് കിളിപ്പാട്ടിലെ രാജസ്തുതി ആവാനേ തരമുള്ളൂ. എന്തായാലും യുദ്ധത്തിലും നിത്യജീവിതത്തിലും സമയം സൂചിപ്പിക്കുന്ന യന്ത്രത്തിന്റെ പ്രാധാന്യം രാജാക്കന്മാർ തിരിച്ചറിഞ്ഞിരുന്നുവെന്ന് വേണം മനസിലാക്കാൻ.

മാർത്താണ്ഡ‍വർമ്മ
മാർത്താണ്ഡ‍വർമ്മ

ആടുകൾ കൂട്ടിയിടിക്കുന്ന ശബ്ദം

വ്യാപാരത്തിനും മറ്റുമായി കേരളത്തിലെത്തിയ ഡച്ചുകാർ ഇവിടെ കൊണ്ടുവന്ന ക്ലോക്കുകൾ ആയിരിക്കണം നിഴൽ നോക്കി സമയം കണക്കാക്കിയിരുന്ന മലയാളിയെ യന്ത്രം നോക്കി സമയമറിയാൻ പഠിപ്പിച്ചത്. അതോടെ നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറി.

ഇന്ന് പേരെടുത്ത സ്വിസ് ഘടികാരങ്ങൾക്കും മുമ്പ് ഘടികാര നിർമിതിയിൽ പേരെടുത്തത് ഡച്ചുകാരായിരുന്നു. ഡച്ച് ശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഹയ്ഗൻസ് ആണ് പെൻഡുലം ക്ലോക്കുകളുടെ ഉപജ്ഞാതാവ് എന്ന് പറയാം. കോസ്റ്റർ എന്ന ശാസ്ത്രജ്ഞനുമായി ചേർന്നാണത്രെ 1658-ൽ ഹയ്ഗൻസ് ഇത് വികസിപ്പിച്ചത്. ഡച്ചുകാർക്ക് പുറമെ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമെല്ലാം ഘടികാര നിർമിതിയിലും രൂപകൽപ്പനയിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

കൊട്ടാരം ജീവനക്കാർക്ക് ആധുനിക രീതിയിലുള്ള സമയക്രമം പരിശീലിപ്പിക്കാനാണ് പത്മനാഭപുരം കൊട്ടാരത്തിൽ മാർത്താണ്ഡവർമ്മ ഒരു മണിമേട സ്ഥാപിച്ചത്. ഡച്ചുകാരിൽ നിന്ന് ഘടികാര നിർമ്മാണ സാങ്കേതിക വിദ്യ പഠിച്ച അരുളാനന്ദൻ മെയ്യപ്പൻ എന്ന ആശാരിയാണ് ഇത് നിർമ്മിച്ചതെന്ന് മതിലകം രേഖകളിൽ കാണുന്നു. കൊല്ലം യുദ്ധത്തിൽ വാച്ചിനും ഒരു സുപ്രധാന സ്ഥാനമുണ്ടെന്ന തിരിച്ചറിവും മാർത്താണ്ഡവർമ്മയെ ഇതിന് പ്രേരിപ്പിച്ചിരിക്കാം. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ തോൽപ്പിക്കുകയും യൂസ്റ്റേഷ്യസ് ഡിലനോയിയെ പോലെയുള്ള ഡച്ചുകാരെ തന്റെ സൈന്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത മാർത്താണ്ഡവർമ്മയ്ക്ക് ഡച്ച് സാങ്കേതിക വിദ്യയിൽ നിർമിച്ച ഘടികാരങ്ങൾ തിരുവിതാംകൂറിലുണ്ടാവണമെന്ന ആഗ്രഹുമുണ്ടായത് സ്വാഭാവികം.

അക്കാലത്ത് ഒരു പക്ഷേ മണിമേടകളെ നമ്മുടെ രാജാക്കൻമാർ സാമ്രാജിത്വത്തിന്റെയും അധിനിവേശത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമായി കണ്ടിരിക്കാം. മണിമേട സ്ഥപിക്കുന്നതിൽ പിൽക്കാലത്ത് മാർത്താണ്ഡവർമ്മയുടെ രീതി പിന്തുടർന്നത് കാർത്തിക തിരുനാൾ രാമവർമ്മ രാജാവാണ്. അദ്ദേഹം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്ഥാപിച്ച മണി അദ്ദേഹത്തെക്കാളും പ്രശസ്തമായി എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

താടിവച്ച ഒരു രൂപത്തിന്റെ ഇരുവശത്തു നിന്നും രണ്ട് ആടുകൾ വന്ന് ഇടിക്കുമ്പോൾ മണി മുഴങ്ങുന്ന തരത്തിലാണ് മേത്തൻമണി എന്ന പേരിൽ പ്രസിദ്ധമായ കൗതുകമണിയുടെ രൂപകൽപ്പന. ആടുകൾ ഇടിക്കുമ്പോൾ ഈ മനുഷ്യമുഖത്തിന്റെ വാ തുറക്കുകയും ചെയ്യും. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പദ്മതീർത്ഥ കുളത്തിന് അഭിമുഖമായുള്ള പുത്തൻമാളികയുടെ ഭാഗമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്നവർ ഈ ആധുനിക കാലത്തും ഇതിനുമുന്നിൽ വിസ്മയത്തോടെ നോക്കിനിൽക്കുന്നു. കൊല്ലവർഷം 945-ൽ കൊച്ചീകോട്ടയിലെ ഡച്ചുകാരിൽ നിന്നും വാങ്ങിയ യന്ത്രസാമഗ്രികൾ തക്കല സ്വദേശിയായ പേച്ചിമുത്തു ആചാരിയെ ഏൽപ്പിച്ചുവെന്ന് മതിലകം രേഖകളിൽ കാണുന്നു. 1780-ലോ മറ്റോ ആവണം പേച്ചി മുത്തു ആചാരി ഇതിന്റെ പണി പൂർത്തിയാക്കിയത്.

പിൽക്കാലത്ത് മാടു മേസ്തിരി എന്ന കൊല്ലപ്പണിക്കാരന്റെ പിൻമുറക്കാരാണ് ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിപ്പോന്നത്. അവരുടെ പിൻതലമുറ ഇന്നും തിരുവനന്തപുരത്ത് താമസമുണ്ട്. അവരിൽ പലരും എഞ്ചിനിയറിംഗ് രംഗത്ത് കഴിവ് തെളിയിച്ചവരുമാണ്. ഘടികാര നിർമാണത്തിന്റെ വിദ്യ യൂറോപ്യൻമാരിൽ നിന്ന് മനസിലാക്കാൻ, അന്ധനാണെന്ന് അഭിനയിച്ച് തിരുവിതാംകൂറുകാരനായ ഒരു കൊല്ലപ്പണിക്കാരൻ അവരുടെ ഒപ്പം കൂടിയെന്നും അയാൾ അന്ധനാണോ എന്ന് പരീക്ഷിക്കാൻ വിദേശികൾ അയാൾക്കുമുന്നിൽ അമേധ്യം വിളമ്പിയെന്നും മടിയേതുമില്ലാതെ അയാൾ അത് ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ വിദേശികൾക്ക് അയാളെ വിശ്വാസമായി എന്നും കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എന്റെ മൃഗയാസ്മരണകൾ എന്ന ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഇതിൽ പക്ഷേ പേച്ചിമുത്തു ആചാരി എന്ന പേരെടുത്തു പറയുന്നില്ല. നായാട്ടിനുവേണ്ടി തനിക്ക് തോക്ക് നിർമ്മിച്ചുനൽകിയ കുഞ്ഞൻ എന്ന കൊല്ലപ്പണിക്കാരനെ കുറിച്ച് പറയുമ്പോഴാണ് വലിയ കോയിത്തമ്പുരാൻ ഇത് പറയുന്നത്.

എന്തായാലും വിദേശികൾ ഘടികാരനിർമ്മാണ വിദ്യ തദ്ദേശീയരെ പഠിപ്പിക്കാൻ വിമുഖത കാട്ടിയെന്ന കഥ വലിയ കോയിത്തമ്പുരാന് പറ്റിയ പിഴവാകാനേ തരമുള്ളൂ. അല്ലെങ്കിൽ പദ്മനാഭപുരം കൊട്ടാരത്തിൽ അതിനും വളരെ മുമ്പ് മണിമേട ഉയരാൻ സാധ്യതയില്ലല്ലോ.

ഒരിക്കൽ മേത്തൻ മണി നിശ്ചലമായപ്പോൾ ഒരു രാഘവനാചാരിയാണ് മേത്തൻ മണിയുടെ അറ്റകുറ്റപ്പണി ഏറ്റെടുത്തത് എന്ന് ചരിത്രകാരനായ ശരത് സുന്ദർ രാജീവ് നിരീക്ഷിക്കുന്നു. ഇദ്ദേഹം തന്റെ സ്വന്തം വീട്ടിലും മേത്തൻ മണിയുടെ ഒരു പകർപ്പ് പണിയിച്ചുവത്രെ. ശിവാനന്ദയോഗികളുടെ ഭക്തനായിരുന്ന രാഘവനാചാരി യോഗിയുടെ തടിയിൽ തീർത്ത ശിൽപ്പവും മറ്റ് ചില കരവിരുതുകളും ചേർത്താണ് ഘടികാരം ഉണ്ടാക്കിയത്. പിന്നീട് ആത്മീയവഴിയിലേക്ക് പോയ അദ്ദേഹം കുലത്തൊഴിൽ പൂർണമായും വിട്ടിരിക്കണം. അദ്ദേഹം നിർമിച്ച മണിസൂത്രവും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

ഡച്ച് ശാസ്ത്രജ്ഞൻ ക്രിസ്ത്യൻ ഹയ്ഗൻസ്
ഡച്ച് ശാസ്ത്രജ്ഞൻ ക്രിസ്ത്യൻ ഹയ്ഗൻസ്

1700- കൾ തിരുവിതാംകൂറിൽ മണിസൂത്രം എന്നറിയപ്പെടുന്ന ഘടികാരങ്ങൾ വ്യാപകമായ കാലമായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ മണിസൂത്രങ്ങൾ കൊട്ടാരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റും ഉപയോഗിച്ചു തുടങ്ങിയിരിക്കണം. പിൽക്കാലത്ത് സ്വാതി തിരുനാളും മണിമേസ്തിരിമാർക്കുവേണ്ട സഹായങ്ങൾ നൽകിയതായി രേഖകളുണ്ട്. യൂറോപ്യൻ വംശജനായ മണിമേസ്തിരി ആന്റണി ക്രിസ്റ്റ്യനാണ് സ്വാതി തിരുനാളിനുവേണ്ടി മണിസൂത്രങ്ങൾ പണിതുനൽകിയത്. ഇദ്ദേഹത്തിന്റെ മകനായ ജോൺ ക്രിസ്റ്റ്യൻ ഇന്നത്തെ കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ അമരവിളക്കുസമീപം ക്ലോക്ക് നിർമാണശാല തുടങ്ങി. ഈ സ്ഥലം ഇന്ന് മണിവിള എന്നാണ് അറിയപ്പെടുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ ഔദ്യോഗിക ഫോട്ടാഗ്രാഫർ ആയിരുന്ന സഖറിയാ ഡിക്രൂസിന്റെ തസ്തികയുടെ യഥാർത്ഥ പേര് Photographer and clock repairer എന്നായിരുന്നു.

എങ്ങനെയാവും ഇതിന് മേത്തൻ മണി എന്ന പേര് ലഭിച്ചത്?
ആടുകൾ വന്നിടിക്കുന്ന രൂപത്തെ അടിസ്ഥാനമാക്കിയാവാം അങ്ങനെ പേരുണ്ടായതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. മേഷം എന്നാൽ ആട്, അതു കൊണ്ട് മേഷമണിയെന്നായിരുന്നു പേരെന്നും അത് പറഞ്ഞു പറഞ്ഞ് മേത്തമണിയായി എന്നുമുള്ള വാദത്തിൽ കഴമ്പില്ലെന്നാണ് ചരിത്രകാരനായ എം.ജി. ശശിഭൂഷൺ പറയുന്നത്. വെറും കൗതുകമണിയായി നിർമിക്കപ്പെട്ട ഇതിന് ഈ പേര് വന്നതിന്റെ ചരിത്രപശ്ചാത്തലം 'ആലേഖനങ്ങളിലെ കേരളചരിത്രം' എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

ഹൈദരാലിയുടെ നേതൃത്വത്തിൽ മൈസൂർ സൈന്യം ഉത്തരകേരളം ആക്രമിച്ചതിന്റെ ആറാം വാർഷികത്തിലാണ് ഈ കൗതുകമണി സ്ഥാപിക്കപ്പെടുന്നത്. ഹൈദറിന്റെ ആക്രമണത്തിൽപരാജയം ഉറപ്പായ സാമൂതിരി കുടുംബാംഗങ്ങളെ നാടുകടത്തിയശേഷം കൊട്ടാരത്തിന് തീവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 1773-ൽ സയിദ് സാഹിബിന്റെ നേതൃത്വത്തിലും മൈസൂർ മലബാറിനെ ആക്രമിച്ചു. ഹൈദറിന്റെയും ടിപ്പുവിന്റെയും ആക്രമണങ്ങളെ തുടർന്ന് 1761-നും 1777-നും ഇടയ്ക്ക് മലബാറിൽനിന്ന് തിരുവനന്തപുരത്തേക്ക് പലായനം ചെയ്തവരാകാം മേത്തൻ മണിയെന്ന പേര് നൽകിയതെന്ന് എം.ജി. ശശിഭൂഷൻ നിരീക്ഷിക്കുന്നു. കച്ചവടത്തിൽ മേൽത്തരമായവർ അഥവാ സമ്പന്നരായവർ എന്ന അർത്ഥമാണ് മേത്തൻ എന്ന വാക്കിനുപിന്നിലെന്നും അക്കാലത്ത് അത് മോശമായ ഒരു വിവക്ഷ അല്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

എം.ജി. ശശിഭൂഷൺ
എം.ജി. ശശിഭൂഷൺ

നഗരങ്ങളിൽ
നാഴികമണികൾ ഉയർന്ന കാലം

തിരുവിതാംകൂറിന്റെ ആദ്യ കാല തലസ്ഥാനമായ പത്മനാഭപുരത്ത് മാർത്താണ്ഡവർമ്മ സ്ഥാപിച്ചത് ഇന്ത്യയിലെ തന്നെ ആദ്യത്തെ മണിമേട ആയിരിക്കണം. 1741-ലെ പ്രസിദ്ധമായ കുളച്ചൽ യുദ്ധവിജയത്തിനുശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ മാർത്താണ്ഡവർമ്മ പത്മനാഭപുരം കൊട്ടാരം പുതുക്കിപ്പണിതത്. അതേ സമയത്താണ് ഈ മണിമേടയും നിർമിക്കുന്നത്. 1760-ൽ എസെക്കിയൽ റഹാബി എന്ന ജൂത വ്യാപാരിയാണ് കൊച്ചിയിലെ പരദേശി സിനഗോഗിനോട് ചേർന്ന് ഒരു മണിമേട നിർമിക്കുന്നത്. മൂന്ന് മുഖങ്ങളുണ്ടായിരുന്ന ഇതിൽ ഓരോന്നിലും ഹീബ്രു, റോമൻ, മലയാളം അക്കങ്ങളിൽ സമയം സൂചിപ്പിച്ചിരുന്നു. കൊച്ചി രാജകൊട്ടാരത്തിൽനിന്ന് കാണുന്ന മുഖത്തിനായിരുന്നു മലയാളം അക്കങ്ങൾ. സിനഗോഗിനെ നോക്കിനിൽക്കുന്ന മുഖത്തിന് ഹീബ്രുവും. പക്ഷേ 1930-കളിൽ ഇതിലെ ഘടികാരം നിലച്ചു.

1780-ൽ കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് മേത്തൻമണി എന്നറിയപ്പെടുന്ന കൗതുകമണി സ്ഥാപിച്ചു. അതിനുശേഷം 1868-ൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ നാഴികമണി സ്ഥാപിച്ചു. ഡൽഹി ഷാജഹാനബാദ് ആയിരുന്നപ്പോൾ 1870-കളിൽ മാത്രമാണ് അവിടെ ബ്രിട്ടീഷുകാർ ഒരു മണിമേട നിർമ്മിക്കുന്നത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മണിമേടയായി പല ചരിത്രപുസ്തകളിലും പരാമർശിക്കപ്പെടുന്നത് ഇതാണ്. ചാന്ദ്നി ചൗക്കിലെ ഈ മണിമാളികയുടെ സുപ്രധാന ഭാഗം 1950-ൽ തകർന്നുവീണു. പത്മനാഭപുരം കൊട്ടാരത്തിലെ മണിമേടയിലെ ഘടികാരം നിലച്ചുവെങ്കിലും മേത്തൻമണിയും സെക്രട്ടറിയേറ്റിലെ ഘടികാരവും ഇന്നും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പ്രവർത്തിക്കുന്ന മണിമേടകൾ ഉള്ളത് കേരളത്തിലാണെന്ന് അനുമാനിക്കാം.

അപ്പോൾ ലോകത്തിലെ ഏറ്റവും പഴക്കമേറിയ മണിമേട ഏതായിരിക്കും?

പുരാതന റോമിലും ഗ്രീസിലും ഇന്ത്യയിലും ചൈനയിലും സൂര്യന്റെ നിഴൽവീഴുന്ന ഡയലുകളിൽ നോക്കി സമയം മനസിലാക്കിയിരുന്നു. മണൽ ക്ലോക്കുകളും ജലം ഇറ്റു വീഴുന്ന സമയം കണക്കാക്കി സമയം കണ്ടെത്തിയിരുന്ന ജലഘടികാരങ്ങളും ഉപയോഗിച്ചിരുന്നു. പക്ഷേ തൂക്കക്കട്ടികളുടെ ചലനത്താൽ പെൻഡുലം പ്രവർത്തിപ്പിച്ച് ഒരു മണിഗോപുരത്തിനുമുകളിൽ നഗരത്തിലുള്ളവർക്കെല്ലാം കാണുന്ന തരത്തിൽ ഡയൽ സ്ഥാപിച്ച് ആദ്യമായി ഒരു മണിമേട നിർമ്മിച്ചത് എവിടെയാണ് എന്നത് സംബന്ധിച്ച് ഇന്നും ചില തർക്കങ്ങളുണ്ട്. 1344-ൽ ഇറ്റലിയിലെ പാദുവയിൽ ഒരു മണിമേടയും അസ്ട്രോണമിക്കൽ ക്ലോക്കും ആ നഗരത്തിലെ പേര് കേട്ട ഘടികാര നിർമ്മാതാവായ ജിവനി ഡി ദോണ്ടിയും മകനും ചേർന്ന് സ്ഥാപിച്ചിരുന്നു. അത് കഴിഞ്ഞ് 1386-ൽ ഇറ്റലിയിലെ തന്നെ ഷിയോഗിയാ പട്ടണത്തിൽ മണിമേടയും ഘടികാരവും സ്ഥാപിക്കപ്പെട്ടു. എന്നാൽ 1386-ൽ തന്നെ ബ്രിട്ടീഷ് പട്ടണമായ സാലിസ്ബറിയിലെ പള്ളിയിൽ മണിമേടയും ഘടികാരവും സ്ഥാപിക്കപ്പെട്ടുവെന്ന് ബ്രിട്ടീഷുകാരും അവകാശപ്പെടുന്നു. ഘടികാര നിർമാണത്തിൽ സമ്പന്നമായ പാരമ്പര്യമുള്ളവരായിരുന്നു ഷിയാഗിയോ വാസികളെന്ന് About Time: A history of civilisation in 12 clocks എന്ന പുസ്തകത്തിൽ ഡേവിഡ് റൂണി എഴുതുന്നു.

കുളച്ചൽ യുദ്ധം Photo: wikimedia commons
കുളച്ചൽ യുദ്ധം Photo: wikimedia commons

19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയുടെ പല ഭാഗത്തും മണിമേടകൾ ഉയർന്നുതുടങ്ങി. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം ലഹളയുടെ കേന്ദ്രങ്ങളായിരുന്ന നഗരങ്ങളിലാണ് ബ്രിട്ടീഷ് ഭരണകൂടം മണിമേടകൾ ആദ്യമായി സ്ഥാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ലഹളയിൽ സുപ്രധാനപങ്ക് വഹിച്ച അവസാന മുഗൾ രാജാവ് ബഹദൂർ ഷായുടെ തലസ്ഥാനമായിരുന്ന ദില്ലിയിലാണ് ലഹളക്കുശേഷം ബ്രിട്ടീഷുകാർ ആദ്യത്തെ മണിമേട സ്ഥാപിക്കുന്നത്. 1870-ൽ സ്ഥാപിച്ച ഈ മണിമേടയ്ക്ക് 110 അടി ഉയരമുണ്ടായിരുന്നു. ചരിത്രത്തിന്റെ തിരിച്ചടിയെന്നോണം സ്വാതന്ത്ര്യാനന്തരം, അതായത്, 1950-ൽ ഈ മണിമേടയുടെ പ്രധാന ഭാഗം തകർന്നു വീഴുകയും ചെയ്തു.

ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാമത്തെ കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ലക്നൗ നഗരത്തിൽ 1880-കളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഒരു മണിമേട സ്ഥാപിച്ചു. ഓരോ പതിനഞ്ച് മിനിറ്റു കൂടുമ്പോഴും ഈ ഘടികാരത്തിലെ മണി മുഴങ്ങി. അതിന്റെ ശബ്ദം ലക്നൗ നഗരത്തിലെങ്ങും അലയടിക്കുമായിരുന്നു. ഞങ്ങൾ ഇവിടെ തന്നെ തുടരുമെന്ന സന്ദേശം ലക്നൗ വാസികൾക്ക് ബ്രിട്ടീഷുകാർ ഈ മണിയൊച്ചയിലൂടെ നൽകുകയായിരുന്നു എന്നാണ് ഡേവിഡ് റൂണി എഴുതുന്നത്.

1859-ലാണ് ലണ്ടൻ നഗരത്തിന്റെ തന്നെ മുഖമുദ്രയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ബിഗ് ബെൻ സ്ഥാപിക്കപ്പെടുന്നത്. അതിന്റെ തുടർച്ചയെന്നോണമാവണം, ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയടക്കമുള്ള തങ്ങളുടെ കോളനികളിൽ മണിമേടകൾ സ്ഥാപിച്ചത്. വാച്ചുകൾ വിരളമായിരുന്ന ആ കാലത്ത് പൊതുജനങ്ങളെ സമയം അറിയിക്കുന്നതിനൊപ്പം അധികാരചിഹ്നങ്ങൾ കൂടിയായി ഇവ മാറുകയായിരുന്നു.

ബ്രിട്ടീഷ് ശൈലിയിലുള്ള ഉന്നത വിദ്യാഭ്യാസം ഇവിടെയുള്ള സമ്പന്നർക്ക് നൽകാനുദ്ദേശിച്ച് സ്ഥാപിച്ച അജ്മീറിലെ മേയോ കോളേജിൽ 1877-ൽ 30 മീറ്റർ ഉയരമുള്ള മണിമേട ബ്രിട്ടീഷുകാർ സ്ഥാപിച്ചു.

1857-ലെ ലഹളക്കുശേഷം അജ്മീറിൽ ഒരു സൈനികതാവളം സ്ഥാപിച്ചതിലൂടെ ആ മേഖലയുടെ രാഷ്ട്രീയ നിയന്ത്രണം തങ്ങളുടെ കൈയിലാക്കിയ ബ്രിട്ടീഷുകാർ തികച്ചും ബ്രിട്ടീഷ് ശൈലിയിൽ രൂപകൽപ്പന ചെയ്ത ഈ മണിമേട സ്ഥാപിച്ചതിലൂടെ, അതിനുചുറ്റുമുള്ള തദ്ദേശീയ വാസ്തുശൈലിയെ നിയന്ത്രിക്കുകയും ഞങ്ങളുടെ സംസ്ക്കാരം നിങ്ങളെ പിടിമുറുക്കുന്നു എന്ന സന്ദേശം കൂടി അജ്മീർ വാസികൾക്ക് നൽകുകയായിരുന്നു എന്ന് Constructing Post- Colonial India: National Character and the Doon School എന്ന പുസ്തകത്തിൽ സഞ്ജയ് ശ്രീവാസ്തവ എഴുതുന്നു. ഈ മണിമേടയുടെ മുകളിൽ ബ്രിട്ടീഷ് രാജ്ഞിയുടെ കീരീടത്തെ അനുസ്മരിപ്പിക്കുന്ന ഒരു നിർമിതി ഇരുമ്പിൽ തീർത്തിട്ടുണ്ട്. 1837-ൽ വിക്ടോറിയ രാജ്ഞി അധികാരമേറ്റതിന്റെ സുവർണ്ണ ജൂബിലി സ്മാരകമായി മറ്റൊരു മണിമേട 1887-ൽ അജ്മീർ നഗരത്തിലും സ്ഥാപിച്ചിട്ടുണ്ട്.

മുഗൾ രാജാവ് ബഹദൂർ ഷാ
മുഗൾ രാജാവ് ബഹദൂർ ഷാ

1860-നുശേഷം രാജ്യത്തെങ്ങും നിരവധി മണിമേടകൾ ബ്രിട്ടീഷുകാർ സ്ഥാപിച്ചു. ഇവയുടെ ചെലവ് പലതും വഹിക്കേണ്ടിവന്നത് നാട്ടുരാജ്യങ്ങളോ നാട്ടുകാരായ വ്യവസായികളോ ആണെന്നതാണ് രസകരം. ഉദാഹരണത്തിന് ദില്ലിയിൽ സ്ഥാപിച്ച മണിമേടയുടെ ചെലവ് വഹിച്ചത് ദില്ലി മുനിസിപ്പാലിറ്റിയായിരുന്നുവെന്ന് An imperial Vision: Indian Architecture and Britain’s Raj എന്ന പുസ്തകത്തിൽ തോമസ് ആർ മെറ്റ്കാഫ് എഴുതുന്നു. ഔധ് ഭരണാധികാരികൾ ധനസഹായം നൽകി സ്ഥാപിച്ച ഷിയാ ട്രസ്റ്റിന്റെ കാശെടുത്താണ് ലക്നൗവിലെ മണിമേട നിർമ്മിച്ചത്. ഇന്തോ സാരസെനിക് ശൈലിയിൽ നിർമ്മിച്ച അലഹബാദിലെ മുയിർ കോളേജിലെ 200 അടിയുള്ള ഗോപുരം പണിയാൻ വിജയനഗര രാജാവിൽ നിന്നാണത്രെ ശിൽപ്പിയായ വില്യം എമേഴ്സൺ പതിനായിരം പൗണ്ട് വാങ്ങിയത്.

ആടു മേച്ചും കൃഷി ചെയ്തും നടന്ന കർഷകസമൂഹത്തിന് സമയത്തിന്റെ മണിയൊച്ചകൾ ബാധകമായിരുന്നില്ല. അവരുടെ സമയം അവർ തന്നെ നിശ്ചയിച്ചു. എന്നാൽ വ്യവസായ വിപ്ലവത്തിന് ശേഷം ഫാക്ടറി തൊഴിലാളിയായി മാറിയ കർഷകനെ സമയത്തിന്റെ ചട്ടം പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. നഗരചത്വരങ്ങളിലും ടൗൺ ഹാളുകളിലും കൃത്യമായ ഇടവേളകളിൽ മണിമുഴക്കിയ മണിമേടകൾ നഗരത്തിന്റെ പുറംമോടി കണ്ട് സ്വയംമറന്നുനിന്ന ഗ്രാമവാസിയെ ഫാക്ടറിയിൽ പോകാൻ സമയമായി എന്ന് ഓർമ്മിപ്പിച്ചു. കൃത്യനിഷ്ഠ ഇല്ലാത്ത കോളനിവാസികളെ സമയത്തിന്റെ നിർദാക്ഷിണ്യമായ ചിട്ട പഠിപ്പിക്കാൻ കൂടിയാവണം സാമ്രാജിത്വം അതിന്റെ കോളനികളിൽ മണിമേട സ്ഥാപിച്ചത്.

ലണ്ടനിലെ ബിഗ് ബെന്നും തിരുവനന്തപുരവും തമ്മിലെന്ത്?

ഇന്ത്യൻ നഗരങ്ങളിലെ മണിമേടകളെ കുറിച്ച് മാത്രമെഴുതിയാൽ പോലും ഒരു പുസ്തകം തന്നെ എഴുതാനുള്ള വകുപ്പുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തും കോഴിക്കോട്ടുമെല്ലാം മണിമേടകളുണ്ട്. നിങ്ങളുടെ നഗരത്തിലെ മണിമേടയുടെ ചരിത്രമൊന്ന് ചികഞ്ഞു നോക്കൂ. രസകരമായിരിക്കും.

ഘടികാരങ്ങൾ വ്യാപകമാവുന്നതിന് മുമ്പ് നഗരങ്ങളിൽ സമയം അറിയിക്കുന്നതിന് പല രീതികളുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ പീരങ്കിയിൽ നിന്നും വെടിയുതിർക്കുന്നതായിരുന്നു ഒരു രീതി. ഇങ്ങനെ ഗുണ്ട് വയ്ക്കുന്ന ഇടങ്ങൾ പല നഗരങ്ങളിലുമുണ്ടായിരുന്നിരിക്കണം. തിരുവനന്തപുരം നഗരത്തിൽ അങ്ങനെ ഗുണ്ട് വച്ചിരുന്ന സ്ഥലം ഗുണ്ടുകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് തിരുവിതാംകൂറിലെ ആദ്യത്തെ ചീഫ് എഞ്ചിനിയർ ആയിരുന്ന വാൽതു ക്ലാരൻസ് ബാർട്ടൺന്റെ ഔദ്യോഗിക വസതിയായ ബാർട്ടൺ ബംഗ്ലാവ് നിർമ്മിച്ചത് ഇവിടെയാണ്. അങ്ങനെ ഗുണ്ടുകാട് ബാർട്ടൺ ഹിൽ ആയി. സമയം അറിയിച്ചിരുന്ന ഗുണ്ടുകാടിനും ബാർട്ടൺ സായിപ്പിനും ഇപ്പോഴും പ്രവർത്തിക്കുന്ന രാജ്യത്തെ പഴക്കം ചെന്ന നാഴിക മണികളിലൊന്നായ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഘടികാരത്തിനും തമ്മിൽ ബന്ധമുണ്ട്. 1865-ലാണ് ആയില്യം തിരുനാൾ സെക്രട്ടറിയേറ്റ് മന്ദിരത്തിന് തറക്കല്ലിടുന്നത്. ഈ മന്ദിരത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും ബാർട്ടണന്റെ മേൽനോട്ടത്തിലായിരുന്നു. ബ്രിട്ടീഷ് ശൈലിയിലെ കത്രീഡലുകളിൽ കാണുന്ന മണിമേട തീർക്കാനുള്ള തീരുമാനം ബാർട്ടൺ സായിപ്പിന്റേതായിരുന്നു.

സെക്രട്ടറിയേറ്റിലെ മണിമേടയിൽ മൂന്ന് മണികളുണ്ട്. ഒന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് മണി മുഴങ്ങും. ഈ മണി നിർമിച്ചിരിക്കുന്നത് ലണ്ടനിലെ ജോൺ വാണർ ആൻഡ് സൺസ് എന്ന ഓട്ടുമണി നിർമാണകമ്പനിയാണ്. ഇതേ കമ്പനിയാണ് ലണ്ടനിലെ വിഖ്യാതമായ ബിഗ് ബെൻ മണിമേടയിലെ മണിയും നിർമിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മണിമേടയിലെ മണികളിൽ കമ്പനിയുടെ പേരും നിർമിച്ച വർഷമായ 1867 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 1739- ൽ തുടങ്ങിയ ഈ കമ്പനിയാണ് ലോകത്തിന്റെ പല ഭാഗത്തുമുള്ള മണിമേടകളിലെ മണികൾ നിർമിച്ചിരിക്കുന്നത്. ലണ്ടനിൽ മുഴങ്ങുന്ന മണിയുടെ ഒച്ച തിരുവനന്തപുരം അടക്കമുള്ള പല നഗരങ്ങളിലും ഇപ്പോഴും ആവർത്തിക്കുന്നു എന്ന് ചുരുക്കം. രാജ്യം വിട്ടു പോയിട്ടും സാമ്രാജ്യത്വം അതിന്റെ സാന്നിധ്യം മണിയൊച്ചയിലൂടെ ഓർമിപ്പിക്കുന്നതുപോലെ.

Comments