1991-ൽ കേരള സർവകലാശാല ചരിത്ര വിഭാഗത്തിൽ എം.ഫിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ് കൊച്ചിയുടെ വനതീവണ്ടിയെക്കുറിച്ച് ഗവേഷണം തുടങ്ങിയത്. ട്രാംവേ എന്നു വിളിച്ചിരുന്ന ഈ വനതീവണ്ടിയെ (മലവണ്ടിയെന്നാണ് അന്നറിയപ്പെട്ടിരുന്നത്) ലോക പ്രശസ്ത ഫോറസ്റ്ററായിരുന്ന ചാമ്പ്യൻ ലോകത്തിലെ റെയിൽ അത്ഭുതമെന്ന് വിശേഷിപ്പിച്ചിരുന്നു. പറമ്പിക്കുളത്തുണ്ടായിരുന്ന തേക്ക് (സ്വർണ്ണ തേക്ക് എന്നു വിശേഷിപ്പിച്ചിരുന്ന അന്നു ലോകത്തിൽ ലഭ്യമായിരുന്ന ഏറ്റവും മുന്തിയ തേക്ക്) വെട്ടി ചാലക്കുടിയിലേക്ക് കൊണ്ടുവരുവാനാണ് ഈ ട്രാംവേ നിർമ്മിച്ചത്. ഇതിന്റെ ഉദ്ഘാടനം 1905 ഒക്ടോബർ മൂന്നാം തീയതി മദ്രാസ് ഗവർണറായിരുന്ന സർ ആർതർ ഒലിവർ വില്ലിയേഴ്സ് റസ്സൽ (ആംപ്തിൽ പ്രഭു രണ്ടാമൻ) ആണ് നിർവഹിച്ചത്. അന്ന് കൊച്ചി രാജാവായിരുന്ന രാമവർമ്മ പതിനഞ്ചാമന്റെ (രാജർഷി, ഒഴിഞ്ഞ വലിയ തമ്പുരാൻ) സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ റെയിൽ സംരംഭം.
മലവണ്ടിയുടെ സവിശേഷതകൾ
ഏകദേശം 80 കിലോമീറ്റർ നിബിഡ വനത്തിലൂടെ യാത്ര ചെയ്ത് പറമ്പിക്കുളത്തെത്തി, തിരിച്ച് ചാലക്കുടിയിലേക്കു തിരിച്ചു വന്നിരുന്ന ട്രാംവേയുടെ സവിശേഷതകൾ ചുരുക്കി പറയാം. 1899-ൽ പണി തുടങ്ങി വെറും ആറുവർഷത്തിനുള്ളിലാണ് ഈ നാരോ ഗേജ് റെയിൽ പൂർത്തിയാക്കപ്പെട്ടതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ആവിയന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഈ ട്രാംവേയിൽ ഓറൻസ്റ്റൈൻ ആൻഡ് കോപ്പൽ (Orenstein & Koppel) എന്ന ജർമ്മൻ കമ്പനിയുടെ ലോക്കോമോട്ടീവുകളും തടി കയറ്റുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകളും ഉപയോഗിച്ചിരുന്നു. കുത്തനെയുള്ള മലഞ്ചെരിവുകളും താഴ്‌വരകളും മറികടക്കാൻ മടക്കു വഴികൾ (സിഗ്സാഗ് ) റെയിയിൽപ്പാതകളും ഇൻക്ലൈൻ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ട്രാംവേയുടെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക സവിശേഷത ഇൻക്ലൈൻ ക്ലസ്റ്ററുകളായിരുന്നു. സാധാരണ ആവിയന്ത്രങ്ങൾക്ക് കയറാൻ പ്രയാസമുള്ള മലഞ്ചെരിവുകളിൽ ഉരുക്കുവടങ്ങളും ബ്രേക്ക് സംവിധാനങ്ങളും ഉപയോഗിച്ച് വാഗണുകളെ നിയന്ത്രിച്ചിരുന്നു. മുകളിൽനിന്ന് തടികൾ നിറച്ച വാഗണുകൾ താഴേക്കിറങ്ങുമ്പോൾ അവയുടെ ഭാരവും ഗുരുത്വാകർഷണബലവും പ്രയോജനപ്പെടുത്തി ശൂന്യമായ വാഗണുകളെ മുകളിലേക്ക് വലിച്ചുകയറ്റുന്ന കൗണ്ടർബാലൻസ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നത്. ബ്രേക്കുകൾ ഉപയോഗിച്ച് ഇറക്കത്തിന്റെ വേഗം നിയന്ത്രിക്കുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്തു. വനത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച് യന്ത്രസാങ്കേതികവിദ്യയെ ക്രമീകരിച്ചതിന്റെ ചരിത്രപരമായ ഉദാഹരണമായിരുന്നു ഈ സംവിധാനം. 121 വർഷം പുറകിലേക്കു സഞ്ചരിച്ചാൽ മെട്രോ റെയിലുകളെ വെല്ലുന്ന കൊച്ചിൻ ട്രാംവേ നിങ്ങളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുകയായിരിക്കും; ചരിത്രത്തിന്റെ പുഞ്ചിരി!
1907-ലെ കൊച്ചിൻ ഫോറസ്റ്റ് സ്റ്റീം ട്രാംവേ നിയമവും ചട്ടങ്ങളും ട്രെയിനുകളുടെ പ്രവർത്തനം, വാഗണുകളിലെ ഭാരപരിധി, ബ്രേക്കുകളുടെ ഉപയോഗം, യാത്രാസുരക്ഷ തുടങ്ങിയവ നിയന്ത്രിച്ചു. ട്രാംവേ പോകുന്ന സ്ഥലങ്ങൾ പ്രത്യേക ഭൂപ്രദേങ്ങൾ തന്നെയായി എന്നു പറയേണ്ടിവരും. ഭരണകൂടത്തിന്റെ ചൂഴ്ന്നിറങ്ങുന്ന നോട്ടത്തിന് (Governmental gaze) വിധേയപ്പെട്ട പ്രദേശം. ഈ സാങ്കേതിക മുന്നേറ്റത്തിന് മറ്റൊരു പാരിസ്ഥിതിക പരിപ്രേക്ഷ്യം കൂടിയുണ്ട്. പ്രതിവർഷം ഏകദേശം 10,000 ഘനമീറ്റർ തടി ട്രാംവേയിലൂടെ കൊണ്ടുപോയിരുന്നു. ഏകദേശം 32,000 ഹെക്ടർ വനമേഖലയിലെ തടിസമ്പത്ത് ചൂഷണം ചെയ്യാൻ ഈ സംവിധാനം അവസരമൊരുക്കി. തേക്ക്, ഈട്ടി തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ കൊച്ചിയുടെ വ്യാപാരവളർച്ചയ്ക്ക് സംഭാവന നൽകിയപ്പോൾ പശ്ചിമഘട്ടത്തിലെ വനങ്ങൾ വലിയ വിഭവ ചൂഷണത്തിന് വിധേയപ്പെട്ടു. അതുകൊണ്ട് കൊച്ചി ഫോറസ്റ്റ് ട്രാംവേയുടെ ചരിത്രം കേവലം ഒരു ആവിയന്ത്രത്തിന്റെയോ റെയിൽപ്പാതയുടെയോ ചരിത്രമല്ല; സാങ്കേതികവിദ്യയും ഭരണകൂടവും മൂലധനവും പ്രകൃതിയും തമ്മിൽ കൂടിപിണഞ്ഞു കിടക്കുന്ന ബന്ധത്തിന്റെ ചരിത്രം കൂടിയാണ്.
കൊച്ചിയുടെ ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച, ഈ മലവണ്ടിയെക്കുറിച്ച് അറിവില്ലാത്തവരാണ് മലയാളികളിൽ അധികം പേരും. എറണാകുളം സിറ്റിയിലൂടെ സഞ്ചരിക്കുമ്പോൾ പലരോടും ഞാൻ വെറുതെ ചോദിക്കും എന്താണീ കൊച്ചിൻ ട്രാംവേയെന്ന്. ആരിൽ നിന്നും ഉത്തരം കിട്ടിയിട്ടില്ല. ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി, ജൂത തെരുവ്, കൊച്ചിൻ ഹാർബർ, ചീനവല എന്നീ കൊച്ചി ചരിത്രത്തിലെ ബിംബങ്ങൾക്കിടയിൽ ട്രാംവേ മുങ്ങിപ്പോയിരിക്കുന്നു. അത്, ആരുടെയും കുറ്റമല്ല. അത്തരത്തിലുള്ള ഒരു റെയിൽ സംരഭത്തെക്കുറിച്ച് ചരിത്ര വിജ്ഞാനീയം വളരെക്കുറച്ചേ ലഭ്യമായുള്ളു എന്നതുതന്നെയാകാം അതിനു കാരണം.

ചാലക്കുടി എക്സ്പ്രസ്
ചാലക്കുടിക്കാർക്ക് ട്രാംവേ ഒരു പ്രാദേശിക വികാരമാണ്. യൂറോപ്യരും, പ്രൊട്ടസ്റ്റന്റ്, ലത്തീൻ ക്രിസ്ത്യാനികളും, പട്ടാണികളും, റാവുത്തരും ചാലക്കുടിയിലേക്ക് കുടിയേറി പാർത്തതിന് നിമിത്തമായത് ട്രാംവേയാണ്. ഇന്നും അവർ ട്രാംവേയെ തങ്ങളുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു കാലത്ത് അവർ കണ്ട, കയറിയ, തൊട്ടറിഞ്ഞ റെയിൽ അത്ഭുതത്തിന്റെ ഓർമ്മകൾ അവരുടെ സിരകളിൽ ഇന്നും തീപിടിച്ചു നിൽക്കുന്നു. തങ്ങളുടെ പറമ്പിലൂടെ കൂകിവിളിച്ചതും അതിൽ നിന്നു ചില വനവിഭവങ്ങൾ ലഭിച്ചതും അതിൽ കയറാൻ അനുഭവം കിട്ടിയതും ജർമ്മൻ നിർമ്മിത എഞ്ചിനുകളിൽ നിന്നു പുകയുയർന്നതുമെല്ലാം അവരുടെ സാമൂഹിക ഓർമ്മയിൽ നിൽക്കുന്നു. ട്രാംവേ റോഡും ട്രാംവേ റെസ്റ്റോറന്റും ട്രാംവേ കൂൾ ബാറുമൊക്കെ ഓർമ്മകളുടെ ട്രാംവേ ചിത്രത്തെ ഇന്നും ഒരു ചലച്ചിത്രം പോലെ ചാലക്കുടിക്കാർ ആസ്വദിക്കുന്നു. 1963-ൽ ഡീ കമ്മീഷൻ ചെയ്ത ട്രാംവേ (മലവണ്ടി) ഇന്ന് ചാലക്കുടിക്കാരുടെ മനസ്സിൽ എക്സ്പ്രസായി ഓർമയുടെ പാളങ്ങളിൽ ഓടിക്കൊണ്ടേ ഇരിക്കുന്നു. ഈ ഓട്ടം അത്രയൊന്നും വേഗതയിലല്ലായിരുന്നെങ്കിലും, അതിനു വേഗത കൂട്ടിയത് എഞ്ചിനീയറായ ദേവൻ വർമ്മയുടെ ട്രാം ചരിത്രം അന്വേഷിച്ചുള്ള 2004 ൽ തുടങ്ങിയ യാത്രയിലൂടെയായിരുന്നു. അന്നുവരെ ആരും കാണാത്ത ട്രാംവേ ഫോട്ടോഗ്രാഫുകൾ അദ്ദേഹം കണ്ടെത്തുകയും റെയിൽ ഫാൻസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2020-ന് ശേഷം സോഷ്യൽ മീഡിയയിലും യുട്യൂബിലും ട്രാംവേയുടെ ദൃശ്യ ആവിഷ്ക്കാരങ്ങളുടെ ഒരു മിന്നലാട്ടം തന്നെ കണ്ടു തുടങ്ങി. ചാലക്കുടി എക്സ്പ്രസ്സിന്റെ വേഗതയും മിന്നൽ വേഗത്തിലായി എന്നു പറയാം.
മാരിയപ്പൻസ് പാസ് ടു ചാലക്കുടി എക്സ്പ്രസ്
മാരിയപ്പൻ ജന്മം കൊണ്ടു തമിഴനാണെങ്കിലും, ഇന്ന് ചാലക്കുടിക്കാരുടെ ട്രാംവേ ഗുരുവാണ്. 2004-ൽ തന്റെ ഭൂരേഖകളുടെ സ്ഥിരീകരണത്തിനായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ 1922-ൽ ട്രാംവേയിൽ കൂലിയായി ജോലിക്കു പോയ അദ്ദേഹത്തിന്റെ ഭാര്യയുടെ വല്യച്ചനായ കിട്ടുണ്ണിയുടെ ട്രാംവേ പാസ് ലഭിച്ചു. ട്രാംവേയിൽ കിട്ടുണ്ണിക്കു യാത്ര ചെയ്യാനായി ലഭിച്ച പാസ്. ഇത് മാരിയപ്പന് ട്രാംവേ ചരിത്രത്തിലേക്കുള്ള പാസായി മാറുകയായിരുന്നു. പിന്നീടങ്ങോട്ട് നടത്തിയ ട്രാംവേ ചരിത്രാന്വേഷണങ്ങളിൽ വി.ആർ പുരം കോളനി ചരിത്രം, ട്രാംവേയിൽ ജോലി ചെയ്തവരുടെ ചരിത്രം എന്നിങ്ങനെ വിപുലപ്പെടുകയായിരുന്നു മാരിയപ്പന്റെ അന്വേഷണങ്ങൾ. ട്രാംവേ ചരിത്രാനേഷികർക്ക് മാർഗ്ഗദർശിയായ മാറിയ മാരിയപ്പനെക്കുറിച്ച് സൺ ടി.വിയിലും മറ്റു ചാനലുകളിലും വാർത്തകൾ വന്നിരുന്നു. ഇന്നു മാരിയപ്പൻ ട്രാംവേ ചരിത്രം തന്റെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. കൗതുകരമെങ്കിലും ട്രാംവേ ചരിത്രത്തെ ഹൃദയത്തിൽ പേറുന്ന മാരിയപ്പൻ അദ്ദേഹത്തിന്റെ വീടിന്റെ പേര് പോലും ട്രാംവേ ഭവൻ എന്നാക്കി. ചാലക്കുടിക്കാർക്കെന്നല്ല, ആർക്കും അവിടേക്കു കടന്നുചെല്ലാം, ട്രാംവേ കഥകൾ മാരിയപ്പനിൽ നിന്നു കേൾക്കാം.

ട്രാംവേ വീണ്ടും ഓടുമോ?
ചാലക്കുടിക്കാരുടെ സ്വപ്നമാണ് ഈ ചരിത്ര ട്രാംവേ ടൂറിസത്തിന്റെ ഭാഗമാക്കി വീണ്ടും ഓടിത്തുടങ്ങണമെന്നത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉറപ്പായും ഉണ്ടാകുമെന്നതിനാൽ അങ്ങനെയൊരു പദ്ധതി നടപ്പാകില്ല. പക്ഷേ, ട്രാംവേയുടെ ചരിത്രം വിസ്മൃതിയിലാകേണ്ടതല്ല. അതിനെ വീണ്ടെടുക്കേണ്ടത് ചാലക്കുടിക്കാരുടെ മാത്രമല്ല, കേരള സമൂഹത്തിന്റെ കടമയാണ്. ന്യൂയോർക്കിലും മറ്റുമുള്ള പ്രസിദ്ധ റെയിൽ മ്യൂസിയങ്ങൾ പോലെ, ആധുനിക ഡിജിറ്റൽ/എ.ഐ സാങ്കേതിക സംവിധാനങ്ങളിലൂടെ നമുക്കതിനെ അനുഭവിച്ചറിയാൻ സാധിക്കും. ഭൂതകാലത്തിലേക്ക് ചെന്നിറങ്ങി, ആ റെയിൽ സംവിധാനത്തിൽ നമുക്ക് യാത്ര ചെയ്യാൻ പറ്റിയ ആഴത്തിലുള്ള അനുഭവങ്ങളുള്ള മ്യൂസിയത്തിനു മാത്രമേ ഈ റെയിൽ ചരിത്രത്തെ വീണ്ടെടുക്കുവാൻ സാധിക്കൂ. വനത്തെ നശിപ്പിക്കാതെ, വന്യമൃഗങ്ങളെ ഭയപ്പെടുത്താതെ, ആവാസ വ്യവസ്ഥകളെ തകർക്കാതെ, ഈ റെയിൽ ചരിത്രത്തെ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കണം. ചരിത്രബോധവും പാരിസ്ഥിതിക സുസ്ഥിരതയും ഒരേപോലെ സാധ്യമാക്കുവാൻ നവ സാങ്കേതിക സംവിധാനങ്ങളെ നാം ഉപയോഗിക്കുക തന്നെ ചെയ്യണം. ഇനിയുമുള്ള ട്രാംവേയുടെ ഓട്ടം അങ്ങനെയാകട്ടെ.



References:
Sebastian Joseph. Cochin Forests and the British : Technoecological Imperialism in India, 2016. Primus.
Personal Interview with Mariappan, Chalakudy.
