പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ വിപ്ലവങ്ങളുടെ പ്രാരംഭമെന്ന് മാർക്സ് വിശേഷിപ്പിച്ച, തൊഴിലാളികൾ അധികാരം പിടിച്ചെടുത്ത ആദ്യത്തെ വിപ്ലവ ശ്രമമായ പാരീസ് കമ്മ്യൂണിന്റെ വാർഷികദിനമാണിത്. അതുവരെയുണ്ടായിരുന്ന ബൂർഷ്വാസിയുടെ അധികാര രൂപങ്ങളെയെല്ലാം അടിയോടെ തകർക്കണമെന്നും പൂർണമായ അർത്ഥത്തിൽ അധികാരം പിടിച്ചെടുക്കണമെന്നും, എങ്കിൽ മാത്രമേ തൊഴിലാളിവർഗത്തിന് ഒരു വർഗ്ഗരഹിത സമൂഹത്തിലേക്കുള്ള പരിവർത്തന കാലഘട്ടത്തിൽ അധികാരം നിലനിർത്താൻ കഴിയൂ എന്നും തൊഴിലാളിവർഗ മുന്നേറ്റങ്ങളെ ബോധ്യപ്പെടുത്തുക കൂടി ചെയ്ത ഒന്നായിരുന്നു 72 ദിവസത്തിനു ശേഷം അടിച്ചമർത്തപ്പെട്ട (1871 മാർച്ച് 18 -മെയ് 21) പാരീസ് കമ്യൂൺ.
മാർക്സ് പിന്നീട് പറഞ്ഞ Bureaucratic - Military Machine-നെ പൂർണമായും തകർക്കുക എന്ന ഉടനടി സാധ്യത പാരീസ് കമ്മ്യൂണിലെ സഖാക്കൾ ചെയ്തില്ല. ജനാധിപത്യപരമായ ഒരു സാമൂഹ്യകാഴ്ചപ്പാടിൽ നിരവധി വിപ്ലവകരമായ നടപടികൾ കമ്യൂൺ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ശമ്പളം തൊഴിലാളികളുടേതിന് തുല്യമാക്കുക തുടങ്ങിയവ മുതൽ പ്രതിനിധികളെയും ന്യായാധിപന്മാരെയും തിരിച്ചുവിളിക്കാനുള്ള ജനങ്ങളുടെ അവകാശമടക്കം അതിലുണ്ടായിരുന്നു. സൈന്യത്തെ മാറ്റി ജനങ്ങളുടെ സേനയെ ചുമതലയേൽപ്പിക്കലായിരുന്നു കമ്യൂണിന്റെ ആദ്യ നടപടികളിലൊന്ന്. കമ്മ്യൂണിന്റെ മുൻനിരപ്പോരാളികളായി നിരവധി സ്ത്രീകളാണ് ഉയർന്നുവന്നത്.
തൊഴിലാളി വർഗം ഭൂരിപക്ഷമല്ലെങ്കിൽക്കൂടി എങ്ങനെയാണ് വിപ്ലവത്തിന് നേതൃത്വം നൽകുന്ന മുന്നണിപ്പോരാളികളാകുന്നത് എന്ന് കമ്മ്യൂൺ തെളിയിച്ചു. വിപ്ലവ മുന്നണി എന്ന സങ്കല്പനത്തിന്റെ പരീക്ഷണം കൂടിയായിരുന്നു കമ്മ്യൂൺ.
ധനിക ബൂർഷ്വാസി ഒഴികെയുള്ള ജനവിഭാഗങ്ങളുടെയെല്ലാം പിന്തുണ ഒരു പരിധിയോളം ആർജ്ജിച്ചെടുക്കാൻ കമ്മ്യൂണിന് കഴിഞ്ഞു. എങ്കിൽപ്പോലും ആസൂത്രിതമായ പോരാട്ടത്തിന് വഴിയൊരുക്കുകയും ഭരണാധികാരം പൂർണമായും പിടിച്ചെടുക്കുകയും ചെയ്യുന്ന തരത്തിൽ നയിക്കുന്നതിന് ഒരു പാർടി ഇല്ലാതിരുന്നു എന്നതുകൂടിയാണ് കമ്മ്യൂണിന്റെ അടിച്ചമർത്തലിലേക്ക് നയിച്ച ഒരു ഘടകം. അതുകൊണ്ടുതന്നെ 1875-ൽ Critique of the Gotha Programme-ൽ മാർക്സ് ഈ ചരിത്രപാഠത്തെ കൃത്യമായി വിശദീകരിക്കുന്നുണ്ട്.
പാരീസ് കമ്മ്യൂൺ തൊഴിലാളി വർഗത്തിന്റെ വിപ്ലവ ശേഷിയുടെ പ്രകടനമായിരുന്നു എന്ന് വിലയിരുത്തുമ്പോഴും തൊഴിലാളി വർഗ്ഗരാഷ്ട്രീയ ബോധത്തിന്റെ വികാസം വേണ്ടത്ര സംഭവിച്ചിട്ടുണ്ടായിരുന്നില്ല എന്ന വസ്തുതയും പിൽക്കാലം തിരിച്ചറിയുന്നുണ്ട്. 1890-ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒരു പുതിയ പതിപ്പിനുള്ള ആമുഖത്തിൽ ഏംഗൽസ് ഇതിനെക്കുറിച്ച് പറയുന്നുണ്ട്, ‘മാനിഫെസ്റ്റോയിലെ ആശയങ്ങളുടെ പൂർണമായ വിജയത്തിന് മാർക്സ് പൂർണമായും ആശ്രയിച്ചത് തൊഴിലാളി വർഗ്ഗത്തിന്റെ ബൗദ്ധിക വികാസത്തിലാണ്, അതാകട്ടെ കൂട്ടായ പ്രവർത്തനങ്ങളുടെയും ചർച്ചകളുടെയും ഭാഗമായി ഉരുത്തിരിയേണ്ടതുമാണ്.’
പാരീസ് കമ്മ്യൂണിന്റെ ഏറ്റവും വലിയ പാഠങ്ങളിലൊന്നായി മാർക്സും ഏംഗൽസും കണ്ടതും പിന്നീട് ആവർത്തിച്ചു പറഞ്ഞതുമായ കാര്യം,’...the working class cannot simply lay hold of the ready-made state machinery, and wield it for its own purposes,’ എന്നതാണ്. പാരീസ് കമ്മ്യൂണിനെ വിലയിരുത്തിക്കൊണ്ടുള്ള Civil War in France -ൽ മാർക്സ് തന്റെ തൊഴിലാളിവർഗ നിരീക്ഷണങ്ങളെ ഒന്നുകൂടി കർക്കശമാക്കുന്നുണ്ട്.
ലിംഗനീതിയുടെയും രാഷ്ട്രീയാധികാരത്തിന്റ ജനാധിപത്യ സ്വാഭാവത്തിന്റെയും ഉന്നതമായ മാതൃകകളായിരുന്നു 72 ദിവസം മാത്രമേ നീണ്ടുനിന്നുള്ളു എങ്കിലും പാരീസ് കമ്മ്യൂൺ ഉയർത്തിപ്പിടിച്ചത്. ഒരു പക്ഷെ ജനാധിപത്യ സ്വഭാവത്തെ ഊട്ടിയുറപ്പിക്കാനായ് കേന്ദ്രീകൃതമായ രീതിയിൽ അധികാരം പൂർണമായും പിടിച്ചെടുക്കാതെ തെരഞ്ഞെടുപ്പ് നടത്തിയത് (തെരഞ്ഞെടുപ്പിൽ തൊഴിലാളികൾക്ക് മഹാഭൂരിപക്ഷം ലഭിച്ചെങ്കിലും) വർഗ്ഗശത്രുക്കൾക്ക് അതിവേഗം സംഘടിക്കാനും സൈനികാക്രമണം നടത്താനുമുള്ള സമയം നൽകുക എന്ന പിഴവിലേക്കു പോലും നയിച്ചു. യൂറോപ്പിലാകെ നിലനിന്നിരുന്ന, പല രൂപത്തിലുമായി ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന Elitist state power-നെതിരായ ഏറ്റവും മൂർത്തമായ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു പാരീസ് കമ്മ്യൂൺ.
എത്ര ഭീകരമായാണ് ബൂർഷ്വാസി, തൊഴിലാളികളേയും ദരിദ്ര കർഷകരേയും അവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങളേയും അടിച്ചമർത്തുക എന്നതിന്റെ ചരിത്രം കൂടിയാണ് പാരീസ് കമ്മ്യൂൺ. തങ്ങളുടെ സ്വത്തുടമാ അധികാരത്തിനും ചൂഷണത്തിനും അതിനെ സുഗമമായി കൊണ്ടുനടക്കാൻ സഹായിക്കുന്ന 'bureaucratic -military machine '-ഉം നേരെ ഉയരുന്ന ഒരു വെല്ലുവിളിയേയും ബൂർഷ്വാ ഭരണകൂടം അനുവദിക്കില്ല എന്നുകൂടിയാണ് കമ്മ്യൂണിന്റെ ചരിത്രം. അതുകൊണ്ടുതന്നെ നിരന്തരമായ സമരങ്ങളിലൂടെ ഈ യന്ത്രത്തെ ദുർബലമാക്കിക്കൊണ്ടേയിരിക്കണം. അപ്പോൾ മാത്രമാണ് സംഘടിത വിപ്ലവ മുന്നേറ്റത്തിന്റെ ഒരു ഘട്ടത്തിൽ ജനങ്ങൾക്കതിനെ താഴെ വീഴ്ത്താനാവുക.
1871-ലെ പാരീസ് കമ്മ്യൂൺ പരാജയപ്പെട്ടതിനു ശേഷം 1917-ലാണ് റഷ്യൻ വിപ്ലവം നടക്കുന്നത്. ചൈനീസ് വിപ്ലവത്തിലേക്ക് ഏതാണ്ട് മുക്കാൽ നൂറ്റാണ്ടെടുത്തു. പാരീസ് കമ്മ്യൂണിന്റെ, 150 കൊല്ലം മുമ്പുള്ള ലോകമേയല്ല ഇന്നുള്ളത്. ലോകത്തെ നിയാമകമായി മാറ്റിമറിച്ച ആ 72 ദിവസങ്ങൾ പോരാട്ടത്തിന്റെയും വിജയത്തിന്റെയും പല രൂപങ്ങളിൽ നാഗരികതകളുടെ മുന്നോട്ടുപോക്കിൽ ഉണ്ടാവുക തന്നെ ചെയ്യും.
ബോൾഷെവിക് വിപ്ലവത്തിന് ശേഷം 73-ആം ദിവസം ‘നമ്മൾ പാരീസ് കമ്മ്യൂണിന്റെ പരാജയത്തെ മറികടന്നിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ലെനിൻ തുള്ളിച്ചാടിക്കൊണ്ട് കൈകൾ വീശി. നൂറ്റാണ്ടിനിപ്പുറത്ത് ആ വിജയം തകർന്നൊരു എടുപ്പുകെട്ടായി കിടക്കുന്നു. പക്ഷെ മഹാഭൂരിപക്ഷം മനുഷ്യരും ദരിദ്രരും ഒരു ചെറുന്യൂനപക്ഷം അവരെ ചൂഷണം ചെയ്തു കൊഴുക്കുന്ന അതിധനികരുമായുള്ള ഒരു ലോകക്രമത്തിന്റെ കാലത്തോളം പാരീസ് കമ്മ്യൂണിന് വെറും ഓർമ്മയായി മാറാൻ കഴിയില്ല.
പത്തൊമ്പതാം നൂറ്റാണ്ടിലെ അധികാരരൂപങ്ങളെക്കാൾ എത്രയോ സങ്കീർണ്ണമാണ് ഇന്നത്തെ ചൂഷണക്രമത്തിലെ രാഷ്ട്രീയ-സമ്പദ് അധികാരക്രമം. ഒരു പത്തി ചവിട്ടിയൊതുക്കിയാൽ മറ്റൊരു പത്തി വിടർത്തുന്ന ആയിരം ഫണങ്ങളുള്ളൊരു കാളിയനെപ്പോലെയാണത്. അനിവാര്യമായ വിധിഹിതത്തിനായി കാത്തിരുന്നവരല്ല പാരീസ് കമ്മ്യൂണിലെ തൊഴിലാളികൾ. ഇക്കാലത്തിന്റെ പാരീസ് കമ്മ്യൂണുകൾ ഏത് രൂപത്തിൽ വേണമെന്നത് ഈ കാലമുണ്ടാക്കുന്ന സമസ്യയാകാമെങ്കിലും അതല്ലാതെ മറ്റെന്തെങ്കിലും വഴിയുള്ളതായി ചൂഷകർ പറയുന്നില്ല.