നൂറു വർഷം മുമ്പ് ഫ്രഞ്ചു മാഗസിൻ Science et Voyages ന്റെ 1992 August പത്തിന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘മാപ്പിള ലഹള അടിച്ചമർത്തിയതെങ്ങിനെ’ എന്ന ലേഖനം പുതിയ സാഹചര്യത്തിൽ പുനർവായന നടത്തുന്നത് ഒരേ സമയം കൗതുകകരവും മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമര ചരിത്രത്തിലെ പല അടരുകളെയും സൂക്ഷമമായി മനസ്സിലാക്കാനും സഹായിക്കും. ഈ അടുത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരിൽ പ്രചാരം നേടിയ ചിത്രം ലഭിച്ചത് ഈ മാഗസിനിലെ ഇതേ ലേഖനത്തിൽ നിന്നായിരുന്നു. നൂറു വർഷം മുമ്പ് മലബാറിൽ നടന്ന ചെറുത്തു നിൽപ്പുകളെ ബ്രിട്ടീഷുകാർ എങ്ങനെയൊക്കെയാണ് തങ്ങൾക്കനുകൂലമായി വിലയിരുത്തിയതും യൂറോപ്പിനകത്തെയും പുറത്തെയും ജനവിഭാഗങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കാൻ ശ്രമിച്ചതെന്നും മനസ്സിലാക്കാൻ ഈ ലേഖനം സഹായകമാവും. കൂടാതെ സമരസമയത്തും സമരത്തിനു ശേഷവും ബ്രിട്ടിഷുകാർക്കു മലബാറിലെ ജനങ്ങളോടുള്ള സമീപനങ്ങളും വിപ്ലവത്തിനും പോരാളികൾക്കും പാശ്ചാത്യർ നൽകിയ കൊളോണിയൽ ആഖ്യാനങ്ങളും ഇതിൽനിന്നുവായിച്ചെടുക്കാം.
മലബാറിലെ ‘ആഭ്യന്തര യുദ്ധത്തിന്റെ’ പ്രധാന കാരണം ‘ഇസ്‌ലാമിക മിസ്റ്റിസിസം’ ആണെന്ന ഇതുവരെയും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത കണ്ടെത്തൽ പുറത്തുവിടുകയാണെന്ന മുഖവുരയോടെയാണ് ലേഖനം ആരംഭിക്കുന്നത്. ഇന്ത്യ സ്വന്തം രാജ്യമാണെന്ന നിലയിലാണ്വൈദേശികാധിപത്യത്തിനെതിരെയുള്ള മലബാറിലെ ചെറുത്തുനിൽപ്പുകളെ ആഭ്യന്തരയുദ്ധമായി ബ്രിട്ടീഷുകാർ വിശേഷിപ്പിക്കുന്നത്. മലബാറിലെ പ്രതിരോധ പ്രവർത്തങ്ങൾ ബ്രിട്ടീഷ് പട്ടാളക്കാരെ വളരെയധികം പ്രയാസപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് അജണ്ടകളെ ചോദ്യം ചെയ്തവരെയും അതിനെ എതിർത്തു നിന്നവരെയും മൃഗീയമായി കൊന്നൊടുക്കുകയും ആ കൊലപാതകങ്ങൾക്ക് പിന്നീട് ന്യായീകരണങ്ങളും പുതിയ വ്യാഖ്യാനങ്ങളും രചിക്കുകയും ചെയ്യുന്ന രീതിയുടെ തുടർച്ച ഈ ലേഖനത്തിലും കാണാം.
പസഫിക്കിന്റെ രണ്ടറ്റവും മുട്ടുന്നതരത്തിൽ അമേരിക്ക മുതൽ ഫിജിവരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധികാരത്തിനു കീഴിൽ സാധാരണ മനുഷ്യരെ കൊന്നൊടുക്കിയതിനുള്ള സാധൂകരണമായി ‘കാനിബാലിസവും’ ‘മൃഗീയതയും’ അവതരിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് പട്ടാളം മലബാറിൽ ചെറിയ കുട്ടികളെയും സ്ത്രീകളെയും അടക്കം അതിക്രൂരമായി അക്രമിച്ചതും സമരാനുകൂലികളെയും അവരുടെ ഉറ്റവരെയും നിഷ്കരുണം വെടിവെച്ചിട്ടതും അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വാർത്തകളെയും വിവരണങ്ങളെയും അന്താരാഷ്ട്ര തലത്തിൽ മറികടക്കാൻവേണ്ടിയുള്ള ഒരു പ്രൊപ്പഗാണ്ടയുടെ ഭാഗമായി വേണം ക്യാപ്റ്റൻ ഹാരിയുടെ പേരിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തെ കാണാൻ. ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നതു പോലെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഏതെങ്കിലും ഫ്രഞ്ചു കോളനികളിൽ ആയിരുന്നു അരങ്ങേറിയതെങ്കിൽ ഫ്രഞ്ചുകാരും സമാനമായി പ്രതികരിക്കുമായിരുന്നുവെന്ന ഓർമപ്പെടുത്തലോടെയാണ് മലബാറിലെ പ്രശ്നങ്ങളെ ഫ്രഞ്ചു വായനക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. കോംഗോയിലെ (Congo) നീഗ്രോ വിഭാഗങ്ങളെ കൊന്നൊടുക്കിയതിൻറെ പേരിൽ ബെൽജിയത്തിനെതിരെ നടന്ന ശക്തമായ മാധ്യമ അക്രമണങ്ങളെയും ക്യാപ്റ്റൻ ഹാരി തന്റെ ലേഖനത്തിന്റെ
തുടക്കത്തിൽ തന്നെ ഓർമിപ്പിക്കുന്നുണ്ട്. ഈ നരഹത്യ മധ്യാഫ്രിക്കയിലെ ‘മനുഷ്യതീനികളെ’ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നാണ് ലേഖനത്തിൽ ന്യായീകരിക്കുന്നത്. അങ്ങിനെ ഒരന്താരാഷ്ട്ര പശ്ചാത്തലം അവതരിപ്പിച്ചുകൊണ്ട് ഫ്രാൻസും ബെൽജിയവും തുടങ്ങി മറ്റു യൂറോപ്യൻ രാഷ്ട്രങ്ങൾ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ചെയ്യുന്നതു തന്നെയാണു ബ്രിട്ടനും മലബാറിൽ ചെയ്തത് എന്നു വിശദീകരിക്കാനുള്ള ശ്രമമാണു ഈ ലേഖനത്തിലുടനീളം നടക്കുന്നത്. യുറോപ്യൻ രാജ്യങ്ങൾ ബെൽജിയത്തിനെതിരെ ഉന്നയിക്കുന്ന കോംഗോയിലെ ക്രൂരമായ നരഹത്യ ആരോപണം പോലെയാണു മലബാറിലെ അതിക്രമങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ സമീപിച്ചതെന്നു വിശദീകരിക്കുന്നിടത്തു ടൈംസ് ഒഴികെയുള്ള മാധ്യമങ്ങൾ ‘മാപ്പിള ലഹളയെ’ ബ്രിട്ടൻ എങ്ങിനെയാണ് അടിച്ചമർത്തിയതെന്നതിനു പിന്നിലെ വസ്തുതകളെ കണ്ടില്ല എന്ന വിമർശനവും ഹാരി ഉന്നയിക്കുന്നുണ്ട്.
ശേഷം നമുക്കു പക്ഷം ചേരാതെ ന്യായമായി കാര്യങ്ങളെ മനസ്സിലാക്കാം എന്ന ഉണർത്തലോടെയാണ് ലേഖനം മലബാറിൽ നടന്ന സംഭവ വികാസങ്ങളിലേക്ക് കടന്നുവരുന്നത്. മാപ്പിളമാരാണ് മലബാറിൽ അദ്യം രക്തം വീഴ്ത്തിയതെന്ന ആരോപണമാണ്ലേഖനം പിന്നീടുന്നയിക്കുന്നത്. യൂറോപ്യൻ ജനത നീതിമാന്മാരും പക്ഷപാതം കാണിക്കാതെ പെരുമാറുന്നവരും ആണെന്ന് സ്വയം പുകഴ്ത്തിയ ശേഷം മറ്റുള്ളവരിലേക്കു കൂടി പ്രശ്നങ്ങൾ എത്തുന്ന തരത്തിൽ അതിരുകടന്ന കാര്യങ്ങളാണ് മാപ്പിളമാർ ചെയ്തതെന്ന വിശദീകരണവും ലേഖനത്തിൽ കാണാം. മലബാറിലെ ജനങ്ങളെ അപരവത്കരിക്കാനും മാപ്പിള ബ്രിട്ടീഷ് ദ്വന്ദത്തിനപ്പുറത്തേക്ക് മാപ്പിളമാർ കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുകയായിരുന്നുവെന്ന പറച്ചിലിലൂടെ സാമുദായികതയുടെ നിറം മലബാർ സമരങ്ങൾക്ക് എങ്ങിനെയാണ് നൽകിയതെന്നും ഈ യുദ്ധാനന്തര പ്രൊപ്പഗാണ്ട നരേറ്റിവ് ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
മാപ്പിളമാരിൽ അപരിഷ്കൃതത്വവും വംശീയതയും മതഭ്രാന്തും ആരോപിച്ചാണ് ബ്രിട്ടീഷുകാർ ചെയ്ത കൊടും ക്രൂരതകളെ ലേഖനത്തിൽ ന്യായീകരിക്കുന്നത്. വഴി തെറ്റിനിൽക്കുന്ന ഒരു പ്രാകൃത വംശത്തോട് എപ്പോഴും മനുഷ്യത്വവും കരുണയും കാണിക്കാൻ കഴിയുമോ എന്നാണ് മാപ്പിളമാരുടെ സ്വഭാവത്തെ വിശദീകരിച്ച് ലേഖനം ചോദിക്കുന്നത്. മാപ്പിള (MOPLAH) എന്ന പദത്തെ യൂറോപ്യൻ വായനക്കാർക്കു വേണ്ടി ലേഖനം പ്രത്യേകമായി വിശദീകരിക്കുന്നുമുണ്ട്. “ഈ പദം (MOPLAH) ഒരു വംശത്തെ സൂചിപ്പിക്കുന്നില്ല. മറിച്ച് ഇസ്‌ലാമിലേക്ക് വൈകി പരിവർത്തനം ചെയ്ത, മലബാർതീരത്ത് അതായത് ഉപദ്വീപിന്റെ തെക്ക്-പടിഞ്ഞാറൻ തീരത്ത് താമസിക്കുന്ന ഇന്ത്യക്കാരിലെ ഒരു വിഭാഗമാണ്” എന്നാണ് ആ വിശദീകരണം. വംശീയമായി മാപ്പിളമാർ ദക്ഷിണേന്ത്യയിലെ പൊതു ജനങ്ങളിൽ നിന്ന് വ്യത്യസ്തരല്ലെന്നും എന്നാൽ അവരുടെ പൂർവ്വികർ സ്വീകരിച്ച ഇസ്‌ലാം മത ആചാരങ്ങൾ അവരെ ഹിന്ദുക്കളേക്കാളും , ക്രിസ്ത്യാനികളേക്കാളും ശാരീരികമായും ധാർമികമായും കൂടുതൽ ഊർജ്ജസ്വലരാക്കിയെന്നും ലേഖനം തുടരുന്നു. ബ്രിട്ടീഷുകാരുടെ വംശീയമായ അതിക്രമം എന്ന ആരോപണത്തെ പ്രതിരോധിക്കാൻ വേണ്ടിയായിരിക്കണം ഇത്തരമൊരു നിർവചനം നൽകിയിരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിൽ നടന്ന ചെറുത്തു നിൽപ്പുകളെ പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ നടന്ന ഡച്ച് പോർച്ചുഗൽ വിരുദ്ധ സമരങ്ങളോട് ബന്ധപ്പെടുത്തിയാണ് ലേഖനം അവതരിപ്പിക്കുന്നത്. ഈ ലേഖനം എഴുതുന്നതിനു വേണ്ടി ഹാരി പരിശോധിച്ച ഇന്ത്യയുടെ സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച പുസ്തകങ്ങളിൽ മാപ്പിള സമൂഹത്തിൻറെ ജനസംഖ്യാപരമായ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല എന്നു വ്യക്തമാക്കുന്ന ലേഖനം പ്രദേശത്തെ മാപ്പിളമാരുടെ എണ്ണം ഏതാണ്ട് 75,000 മുതൽ 1,00,000 വരെയാണെന്നാണ് കണക്കാക്കുന്നത്. മലബാർ ജില്ലയുടെ കേന്ദ്രമായ കോഴിക്കോട് നഗരത്തെയും ലേഖനം വായനക്കാർക്കു വേണ്ടി പരിചയപ്പെടുത്തുന്നുണ്ട്. കോഴിക്കോട് പട്ടണം നാഗരികതയുടെയും വാണിജ്യത്തിന്റെയും മേഖലകളിൽ വളരെയധികം പ്രസിദ്ധമാണ് എന്ന ആമുഖത്തോടെ നഗരത്തിൻറെ പേരിന്റെ ഉത്ഭവത്തെകുറിച്ചു പരാമർശിക്കുന്നു. ‘കാലിക്കറ്റ്’ അവിടെ നിർമ്മിച്ചിരുന്നതും ഇപ്പോഴും നിർമ്മിക്കുന്നതുമായ കോട്ടൺ തുണിയുടെ രൂപത്തിൽ ഭാഷയിലേക്ക് കടന്നുവന്നു. വ്യാപാര കേന്ദ്രം എന്ന നിലയിൽ കോഴിക്കോട് നഗരത്തിനും അനുബന്ധ തുറമുഖങ്ങൾക്കുമുണ്ടായിരുന്ന ഖ്യാതി ഇരുപതാം നൂറ്റണ്ടിന്റെ ആരംഭത്തിലും യൂറോപ്യൻ മേഖലകളിൽ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് ഈ കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു.
യൂറോപ്യൻ അധിനിവേശത്തെ ആധികാരികമായി ന്യായീകരിക്കുന്ന ലേഖകൻ പഴയപടയോട്ടത്തെ ഓർത്തെടുക്കുന്നുമുണ്ട്. ഒപ്പം കോഴിക്കോടുമായുള്ള കൊളോണിയൽ വാണിജ്യബന്ധങ്ങളുടെ തുടക്കത്തിന്റെ ചരിത്രവും സൂചിപ്പിക്കുന്നു.അലക്സാണ്ടറുടെ കാലത്തു -ബിസി 327- ഏഷ്യയുടെ ഈ ഭാഗം ഗ്രീക്കുകാർ ക്ഷണികമായി കീഴടക്കിയതിനുശേഷം പതിനെട്ട് നൂറ്റാണ്ടുകൾക്കിപ്പുറവും പാശ്ചാത്യരുമായി സമ്പർക്കം പുലർത്തുന്ന ഇൻഡീസിലെ (ഉപഭൂണ്ഡത്തിലെ) ആദ്യത്തെ നഗരമാണിതെന്നു പരിചയപ്പെടുത്തിയാണു കോഴിക്കോടിനു മേലുള്ള നൂറ്റാണ്ടുകളുടെ പടിഞ്ഞാറൻ താല്പര്യത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം വിശദീകരിക്കുന്നത്. 1487-ൽ കോവിൽഹാം (Pedro de Covilham-1460-1526) എന്ന പോർച്ചുഗീസ് ദൂതൻ കരമാർഗ്ഗം കോഴിക്കോട് എത്തിയതിനെകുറിച്ചും ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട് . പോർച്ചുഗീസ് വ്യാപാര മേഖല കൂടുതൽ വിപുലമാക്കാൻ വേണ്ടി കൊവിൽഹാം നേരത്തേ ഇന്ത്യ സന്ദർശിച്ചിരുന്നു. അറബ്- ഇന്ത്യൻ വ്യാപാര ലോകവുമായി പോർച്ചുഗീസ് വാണിജ്യ രംഗത്തെ പരിചയപ്പെടുത്തുകയായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. അറബി അറിയാവുന്ന കൊവിൽഹാം എത്യോപ്യയിലെത്തി. പിന്നീടു ആ ബന്ധമുപയോഗിച്ചു ഈജിപ്തു വഴി കണ്ണൂരും കോഴിക്കോടും ഗോവയും സന്ദർശിക്കുകയായിരുന്നു. വെനീസിൽ ജീവിച്ചിരുന്ന ഫ്ര മൊറോ (Fra Mauro-1400-1464) തയ്യാറാക്കിയ ഇന്ത്യൻ മഹാസമുദ്രത്തിന്റെയും മധ്യേഷ്യയുടെയും ഭൂപടവുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കോഴിക്കോട് യാത്ര. അലക്സാണ്ടറിനു ശേഷമുള്ള ഒരു വലിയ യൂറോപ്യൻ മുന്നേറ്റമായാണ് ഈ യാത്രയെ ലേഖകൻ വിശേഷിപ്പിക്കുന്നത്. കൊളോണിയൽ അധിനിവേശചരിത്രത്തെ നാടിന്റെ പൊതു ചരിത്രമായി അവതരിപ്പിക്കാനുള്ള ശ്രമം ഇതിൽ വ്യക്തമാണ്. മലബാറിലെ ബ്രിട്ടീഷ് അതിക്രമങ്ങളെ ന്യായീകരിക്കുന്ന ലേഖനം പോർച്ചുഗീസ് അധിനിവേശത്തെയും മഹത്വവത്കരിക്കുന്നുണ്ട്.
തുല്യതയില്ലാത്ത ക്രൂരതയാലും സമുദ്രവ്യാപാര മേഖലയിൽ നടത്തിയ ആക്രമണങ്ങൾ കാരണവും കുപ്രസിദ്ധനായിത്തീർന്ന വാസ്കോഡ ഗാമയെ നല്ല വ്യക്തിയായിട്ടാണ് ലേഖനം പരിചയപ്പെടുത്തുന്നത്. ‘പ്രശസ്തനായ’ വാസ്‌കോഡ ഗാമ, ലിസ്ബണിനും മലബാർ തീരത്തിനും ഇടയിലുള്ള പതിനൊന്ന് മാസത്തെ സാഹസിക യാത്രയ്ക്ക് ശേഷം, 1498 മെയ് 20-ന് ഈ തുറമുഖത്ത് നങ്കൂരമിട്ട്, താമസിയാതെ കോഴിക്കോട് സാമൂതിരിയുമായി സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. യൂറോപ്പ് ഇന്ത്യ കീഴടക്കുന്നതിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു. മറ്റനേകം ചരിത്രസ്മരണകൾ കോഴിക്കോട് നഗരത്തോടും പരിസരത്തോടും ബന്ധപ്പെട്ടിരിക്കുന്നുവെന്നകാര്യവും ലേഖകൻ സ്മരിക്കുന്നുണ്ട്.
നൂറു വർഷം മുമ്പ് യൂറോപ്പിൽ നിലനിന്നിരുന്ന എകശിലാത്മകമായ മതബോധത്തിന്റെ അടയാളങ്ങളും ഈ ലേഖനത്തിൽ നിന്നു വായിച്ചെടുക്കം. സെയ്ന്റ് തോമസിന്റെ വരവുമായി ബന്ധപ്പെട്ട തീരത്തിൻറെ ചരിത്രം ക്യാപ്റ്റൻ ഹാരി ഇങ്ങിനെയാണ് ഓർമ്മപ്പെടുത്തുന്നത്. ‘ശക്തമായി സ്ഥാപിക്കപ്പെട്ട ഒരു പാരമ്പര്യമനുസരിച്ച്, ആധുനിക എഴുത്തുകാർക്ക് സംശയമുണ്ടെങ്കിലും, മലബാർ തീരം പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ സെയ്ന്റ് തോമസ് സുവിശേഷവൽക്കരിച്ചു’. വാസ്കോഡ ഗാമ മലബാറിന്റെ തീരത്ത് 300000-ത്തിലധികം അംഗങ്ങളുള്ള ശക്തമായ ഒരു ക്രിസ്ത്യൻ സമൂഹത്തെ കണ്ടെത്തി എന്നത് ഒരു വസ്തുതയാണ് എന്നുപറയുന്ന ലേഖനം സമൂഹത്തിന്റെ
മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കുകളെക്കുറിച്ചുള്ള സൂചനകളും നൽകുന്നു. മനുഷ്യരെ മതമനുസരിച്ചു ശക്തരും അക്രമാസക്തരുമായി വേർതിരിക്കുന്ന കൊളോണിയൽ അജണ്ട ഈ വിവരണങ്ങളിൽ വ്യക്തവുമാണ്. “മൃദുലരായ ഹിന്ദുക്കൾക്കിടയിൽ മോപ്ലകൾ വളരെക്കാലമായി ഊർജ്ജസ്വലരായ മനുഷ്യരായി കണക്കാക്കപ്പെട്ടിരുന്ന കാര്യം ഞങ്ങൾ ശ്രദ്ധിച്ചു” എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ടത്തിലെ മലബാർ പ്രദേശത്ത് നടന്ന ‘രക്തരൂക്ഷിതമായ ദുരന്തത്തിന്റെ’ നേരിട്ടുള്ള കാരണങ്ങൾ പരിശോധിക്കുകയെന്ന വ്യാജേന ബ്രിട്ടീഷ് ക്രൂരതകളെ ന്യായീകരിക്കുകയാണ് ലേഖകൻ ഫലത്തിൽ ചെയ്യുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ, ഇന്ത്യയിലെ 70 ദശലക്ഷം മുസ്‌ലിംകൾ ഇംഗ്ലീഷ് നയങ്ങളെ പിന്തുണച്ചു. ഹിന്ദു ഭൂരിപക്ഷവും അതിനു അനുകൂലമായിരുന്നുവെന്നുമാണ് ലേഖകന്റെ വിലയിരുത്തൽ. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലോയ്ഡ് ജോർജ്ജ് (David Lloyd George-1863-1945) തുർക്കിയുടെ ശിഥിലീകരണം സാധ്യമാക്കിയതോടെയാണ് സ്ഥിതി മാറിയതെന്നു ലേഖകൻ അഭിപ്രായപ്പെടുന്നു: “ തീരുമാനത്തിൽ ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളും പ്രതിഷേധിച്ചു. വടക്കും പടിഞ്ഞാറും ഉള്ള തങ്ങളുടെ സഹ-മതവിശ്വാസികളേക്കാൾ മതഭ്രാന്തരായ മോപ്ലകൾ അവരുടെ പ്രതിഷേധങ്ങൾക്കു കൂടുതൽ അക്രമാസക്തമായ മാനങ്ങൾ നൽകി. 1919 ൽ തന്നെ, തങ്ങൾ അനുസരിക്കേണ്ടത് ദൈവത്തെയും, ഖലീഫയെയും, തുർക്കി സുൽത്താനെയും മാത്രമാണ് എന്ന് അവർ പ്രഖ്യാപിച്ചു”. എന്നാൽ മലബാർ അടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് തന്നെ നടന്ന ചെറുത്തു നിൽപ്പുകളെ വിസ്മരിച്ചുകൊണ്ടാണ് ഹാരിയുടെ ഈ പരാമർശം എന്നോർക്കണം. തുർക്കിയും ഖിലാഫത്തുമായുള്ള പ്രശ്നങ്ങളാണ് മലബാറിലെ ദുരന്തത്തിന്റെ കാതൽ എന്നു വരുത്തി തീർക്കാനുള്ള ശ്രമമായി വേണം ഇതിനെ കാണാൻ.
ഈ മാപ്പിളമാർ പ്രധാനമായും കർഷകരാണെന്നും. അവരിൽ പലരും ബ്രിട്ടീഷുകാരുടെയോ ബ്രാഹ്മണരുടെയോ ഉടമസ്ഥതയിലുള്ള വലിയ തോട്ടങ്ങളിൽ ജോലി ചെയ്തു വരികയാണെന്നും ലേഖനം വിശദീകരിക്കുന്നു. 1921 ഒക്ടോബറിൽ, കോഴിക്കോട് മേഖലയിൽ കാർഷിക പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടുവെന്നും തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകയും കൂടാതെ, ഇംഗ്ലീഷുകാരും ഹിന്ദുക്കളുമായ ജന്മിമാർ ക്രൂരമായി പെരുമാറിയതായി പരാതിപ്പെടുകയും ചെയ്തു. ഇക്കൂട്ടത്തിൽ മലബാറിലുണ്ടായിരുന്ന മുസ്‌ലിം ജന്മിമാരെ ഹാരി ഒഴിവാക്കിയത് പ്രത്യേകം ശ്രദ്ധിക്കണം. മാപ്പിളമാരെ ഭയന്ന് വീടുവിട്ട് ഓടേണ്ടിവന്ന ഒരു മുസ്‌ലിം ജന്മി സ്ത്രീയുടെ ഡയറിക്കുറിപ്പുകൾ എനിക്കു ലഭിച്ചിരുന്നു. മഹാകവി ചാക്കീരി മൊയ്‌ദീൻ കുട്ടിയുടെ മകൾ കുടുംബത്തോടൊപ്പം പരപ്പനങ്ങാടിയിലേക്കു പാലായനം ചെയ്തതിന്റെ വിവരണങ്ങൾ അവർതന്നെ കുറിച്ചു വെച്ചിട്ടുണ്ട്. ജന്മിമാരുടെ മതവും ഭാഷയും നോക്കിയായിരുന്നില്ല മലബാറിൽ അവർക്കെതിരെ ഉയർന്നുവന്ന പ്രതിരോധം എന്നതിന് ഉപോൽബലകമായി ധാരാളം പ്രൈമറി സോഴ്സുകൾ മലബാറിൽ നിന്നു തന്നെ ലഭ്യമാണു താനും. കൊളോണിയൽ ഹിസ്റ്റോറിയോഗ്രഫിയിലെ തനതു രീതിശാസ്ത്രമനുസരിച്ചുള്ള പ്രാദേശികമായ മതം ചികയലും വൈദേശികതയുടെ മതം മറച്ചുവെച്ചു ഭാഷയുടെ പേരിൽ മാത്രം യൂറോപ്യൻമാര അടയളപ്പെടുത്തുന്ന സ്വഭാവവും ഈ ലേഖനത്തിലുടനീളം കാണാം.
മലബാർ സമരം ബ്രിട്ടിഷുകാരെ ശരിക്കും അലോസരപ്പെടുത്തിയെന്നും അവർക്കു അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ വലിയ ഭീഷണി ഉയർത്തിയിരുന്നെന്നും ലേഖനത്തിലെ വരികൾക്കിടയിൽ വായിച്ചെടുക്കാം. സോവിയേറ്റ് പിന്തുണയും മലബാർ സമരത്തിനുണ്ടായിരുന്നു എന്ന അഭിപ്രായവും ലേഖകൻ പങ്കുവക്കുന്നു. “പെട്ടെന്ന് സമരം കലാപമായി മാറിയെന്നും സോവിയറ്റുകളുടെ ദൂതന്മാർ പറഞ്ഞതുപോലെ ഈ പ്രസ്ഥാനം അവർ തയ്യാറാക്കിയതാണോ? മോസ്കോയിൽ "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊപ്പഗാണ്ട ഇൻ ഏഷ്യ’ ഉണ്ടെന്ന് അറിയാം, അവിടെ എല്ലാ ഏഷ്യൻ ദേശീയതകളുടെയും പ്രതിനിധികൾക്ക് വിപ്ലവകരമായ നടപടിക്രമങ്ങളിൽ പരിശീലനം നൽകുന്നുമുണ്ട് ”.
ബ്രിട്ടിഷ് ഇന്റലിജൻസ് ഏജൻസികൾക്ക് ആദ്യ ഘട്ടത്തിൽ സമരത്തിൻറെ തീവ്രത ശരിക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല എന്നു വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ. ഒരേ സമയം ഇസ്‌ലാമിക് മിസ്റ്റിസിസത്തെയും സോവിയേറ്റ് യൂണിയനെയും മലബാർ കലാപത്തിന്റെ കാരണമായി ഉയർത്തിക്കാട്ടുന്ന ലേഖകൻ ഇതെങ്ങിനെ എന്നു വിശദമാക്കുന്നുമില്ല.
മലബാറിലുള്ള സർവരേയും സമരക്കാർ വകവരുത്തിയെന്ന പൊതു പ്രസ്താവനയാണു ലേഖകൻ നടത്തുന്നത്: “കോഴിക്കോട്ടേക്ക് പലായനം ചെയ്യാൻ സമയം കിട്ടാതിരുന്ന എല്ലാ തോട്ടം ഉടമകളെയും അവരുടെ കുടുംബങ്ങളുടെയും കഴുത്തറുത്ത് സമരക്കാർ ആലി മുസ്‌ലിയാർ എന്ന പ്രമുഖ മോപ്ലയുടെ നേതൃത്വത്തിൽ സൈനികമായി സംഘടിക്കുകയാണെന്ന് പെട്ടെന്ന് മനസ്സിലായി”.
കലാപകാരികളുമായി സമ്പർക്കം പുലർത്തിയ മുസ്‌ലിംകൾ അടങ്ങുന്ന നേറ്റീവ് പോലീസിന്റെ ആദ്യ ഡിറ്റാച്ച്മെന്റുകൾ ആയുധങ്ങളും ലഗേജുകളുമായി അവരുടെ നിരയിലൂടെ കടന്നുപോയി. അന്നത്തെ വൈസ്രോയി ലോർഡ് റീഡിംഗ് (1860-1935) ഈ കലാപത്തെ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നാണ് ആദ്യം വിശ്വസിച്ചതെന്നും അതിനാൽ അദ്ദേഹം മോപ്ല നേതാക്കളുടെ അടുത്തേക്ക് ദൂതന്മാരെ അയച്ചുവെന്നും ഈ ലേഖനത്തിൽ പറയുന്നു. എന്നാൽ ആദ്യ വിജയങ്ങൾ മാപ്പിളമാരെ ആഹ്ലാദിപ്പിച്ചു. ശേഷം ‘ഗോത്രത്തിലെ’ എല്ലാ പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ പണ്ഡിതന്മാരോട് "വിശുദ്ധ യുദ്ധം" പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുവെന്ന ആരോപണവും ഈ ലേഖനത്തിൽ കാണാം. മാപ്പിളമാരെ ‘മത ഭ്രാന്തർ' എന്നു ഈ ലേഖനത്തിലുടനീളം അധിക്ഷേപിക്കുന്നുണ്ട്.
ഒരു താൽക്കാലിക ഗവൺമെന്റിനുകീഴിൽ മാപ്പിളമാർ ഒത്തുകൂടി. ഈ ഭരണത്തിന്റെ നേതൃത്വം ആലി മുസ്‌ലിയാർക്കായിരുന്നു. മലബാറിലെ ജനങ്ങൾ മുസ്‌ലിയാർ രാജാവിനെ തിരഞ്ഞെടുത്തുവെന്നും ആദ്യ പ്രവർത്തനമെന്ന നിലയിൽ തുർക്കി സുൽത്താന്റെ ആധിപത്യത്തിൻ കീഴിൽ മാപ്പിളമാരുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. കർഷക വിരുദ്ധമായ ക്രൂര നിലപാടുകൾ സ്വീകരിച്ചിരുന്ന ജന്മിമാർക്കു നേരെ അവരുടെ നിറവും മതവും നോക്കാതെ മലബാറിൽ നടന്ന ആക്രമണങ്ങളെ യൂറോപ്യന്മാരെയും ഹിന്ദുക്കളെയും കൂട്ടക്കൊല ചെയ്യാൻ തന്റെ പ്രജകളോട് പ്രേരിപ്പിക്കുന്ന പ്രവർത്തിയായി ക്യപ്റ്റൻ ഹാരി ചിത്രീകരിക്കുന്നു. ആക്രമത്തിനിരയായ മുസ്‌ലിം ജന്മിമാരെയും സർക്കാർ പോലീസ് ഉദ്യോഗസ്ഥരെയുംക്കുറിച്ച് മൗനം അവലംബിച്ചുകൊണ്ടാണ് ഹാരിയുടെ ഈ പ്രചാരണം.
ബ്രിട്ടീഷ് പട്ടാളം എത്തിയപ്പോഴേക്കും മലബാറിൽ രക്തം ധാരാളമായി ഒഴുകിയിരുന്നുവെന്നും നൂറുകണക്കിന് ഇംഗ്ലീഷുകാരും യൂറേഷ്യക്കാരും (യൂറോപ്യന്മാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തിൽ നിന്നുള്ള ആളുകൾ) മരിച്ചു കഴിഞ്ഞിരുന്നുവെന്നും ലേഖനത്തിൽ വിവരിക്കുന്നു. ഏകദേശം ഡിസംബർ 15 വരെ മാപ്പിളമാർ ചോരപ്പുഴ ഒഴുക്കിയെന്നും ഗ്രാമങ്ങളിൽ കൊള്ള നടത്തിയെന്നുമുള്ള ബ്രിട്ടീഷ് റിപ്പോർട്ടുകൾ അതുപോലെ പകർത്തുകയാണിവിടെ ലേഖകൻ ചെയ്യുന്നത്. സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ഹാരി അങ്ങിനെ ചെയ്യുന്നതിൽ അത്ഭുതം ഇല്ല താനും. ഗ്രാമങ്ങൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. പലായനം ചെയ്യുകയല്ലാതെ മറ്റൊരു പ്രതിരോധ മാർഗവുമില്ലായിരുന്നു. എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് അഭയാർത്ഥികൾ കോഴിക്കോട്ടേക്കും തീരദേശത്തേക്കും ഒഴുകിയെത്തിയെന്ന വിവരണവും ലേഖകൻ നൽകുന്നുണ്ട്. സർവ വിധ ആരോപണങ്ങളും മാപ്പിളമാരുടെമേൽ ചുമത്തുന്ന ലേഖനത്തിൽ ബ്രിട്ടീഷുകാരുടെ പ്രവർത്തനങ്ങളെയും സമീപനങ്ങളെയും പൂർണാർഥത്തിൽ വെള്ളപൂശൂകയാണു ചെയ്യുന്നത്തത്.
സാധാരണ ബ്രിട്ടിഷ്സൈനികരുടെ നിരവധി ഡിറ്റാച്ച്മെന്റുകൾക്ക് മാപ്പിളമാർ പരാജയം ഏൽപ്പിച്ചു. കോഴിക്കോടൂള്ള ബ്രിട്ടീഷുകാർ വരെ ആക്രമണത്തിൽ ഒരു നിമിഷം ഭയപ്പെട്ടു. എന്നാൽ ആ സമയം ഗൂർഖകൾ രംഗത്തെത്തിയിരുന്നില്ല. ഹാരി തുടരുന്നു. തുടർന്ന് ഗൂർഖകളെ കുറിച്ചുള്ള വിവരണവും നൽകുന്നുണ്ട്. ഉത്തരേന്ത്യൻ സ്വദേശികളായ ഈ ഗൂർഖകൾ ആര്യവംശത്തിൽ പെടാത്തവരും വലിപ്പത്തിൽ ചെറിയവരുമാണ്. എന്നാൽ ധൈര്യത്തിലും യുദ്ധസമാനമായ ഗുണങ്ങളിലും ഭീമാകാരമായ ഒരു വർഗ്ഗമാണെന്നും വിശേഷിപ്പിക്കുന്നു. ബ്രിട്ടിഷുകാർ ഭയപ്പെട്ടു പിന്തിരിഞ്ഞിടത്ത് നിന്നാണു കിരാതമായ നരനായാട്ടിലൂടെ ഗൂർഖകൾ മുന്നേറിയത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാർ തെക്കുനിന്ന് ഇന്ത്യ കീഴടക്കാൻ തുടങ്ങിയപ്പോൾ, ഈ ഗൂർഖകൾ വടക്ക് നിന്ന് കീഴടക്കുകയായിരുന്നു. അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തിൽ, രണ്ട് സേനകളും സമ്പർക്കത്തിലേർപ്പെട്ടു, ഗൂർഖകൾ ബ്രിട്ടീഷുകാർക്ക് രക്തരൂക്ഷിതമായ തോൽവികൾ ഏൽപ്പിച്ചു. എന്നാൽ 1815-ൽ ഒരു ഉടമ്പടിയുണ്ടാക്കി. ഗൂർഖകളുടെ രാജ്യമായ നേപ്പാളിന്റെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചു, അന്നുമുതൽ, അതിന്റെ വിശ്വസ്ത സഖ്യകക്ഷികളായി തുടരുകയും ‘സിപായികളുടെ വലിയ കലാപത്തിന്മേൽ’ വിജയിക്കാൻ ബ്രിട്ടീഷുകാരെ ഗൂർഖകൾ സഹായിക്കുകയും ചെയ്തു. പിന്നീട് ദീർഘമായ ഗൂർഖാ വാഴ്ത്തലുകളാണ് ലേഖനത്തിൽ കാണുന്നത്. ഇന്ത്യയിൽ ഒരു യഥാർത്ഥ വിപ്ലവം പൊട്ടിപ്പുറപ്പെടുന്ന ദിവസത്തിനായി ഇംഗ്ലണ്ട് വളരെക്കാലമായി ഈ ഗൂർഖകളെ കരുതിവച്ചിരിക്കുകയാണെന്നത് രഹസ്യമല്ല എന്നദ്ദേഹം വെളിപ്പെടുത്തുന്നു. രാജ്യം മുഴുവൻ തീയിലും ചോരയിലും തളച്ചിടാൻ ഭയങ്കരരായ ഈ കൊച്ചു യോദ്ധാക്കൾ ഒരു നിമിഷം പോലും മടിക്കില്ലെന്ന് ഇന്ത്യക്കാർക്ക് നന്നായി അറിയാം. മാപ്പിളമാരോട് മാത്രമല്ല മുഴുവൻ ഇന്ത്യക്കാരോടും പൊതുവെ ബ്രിട്ടീഷുകാർക്കുണ്ടായിരുന്ന മനോഭാവവും ഇതിൽ നിന്നു മനസ്സിലാക്കം.
ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിന് ആശ്രയിക്കാൻ കഴിയുമെന്ന് ഗൂർഖകൾ വീണ്ടും തെളിയിച്ചുവെന്നു ലേഖകൻ കുറിച്ചിടുന്നു. ബ്രിട്ടീഷുകാരെ പരാജപ്പെടുത്തിയതിന്റെ പ്രയാസവും പ്രശ്നവും ഉയർത്തി, ഈ പുതിയ പരീക്ഷണത്തിന്റെ വില മോപ്ലമാർ ഇനിയും നൽകേണ്ടി വരും എന്ന മുന്നറിയിപ്പും ക്യാപ്റ്റൻ ഹാരി നൽകുന്നുണ്ട്. ഗൂർഖകളുടെ ഡിറ്റാച്ച്‌മെന്റുകൾ വന്ന് എട്ട് ദിവസത്തിനു ശേഷം, അതായത് ഡിസംബർ 8 ന്, 1826 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികമായി സമ്മതിക്കുന്നത്. നിരപരാധികളായ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം വെടിവെച്ചു മുന്നോട്ടുപോയ സൈന്യത്തിന് ബ്രിട്ടന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. താമസിയാതെ, കീഴടങ്ങാൻ തയ്യറായവർക്കു നേരെ പോലും ഉന്മൂലന ഭീഷണിമുഴക്കി വെടിയുതിർത്തു. വീടുകളിൽ കഴിഞ്ഞിരുന്ന നിരായുധരായ മനുഷ്യരെ പോലും കൊന്നൊടുക്കിയ ഗൂർഖകളുടെ അതിക്രമങ്ങളെ ഈ ലേഖനം ആഘോഷിക്കുന്നു. കീഴടങ്ങിയവർക്കു നേരെ പോലും ‘ഉന്മൂലന യുദ്ധം’ തുടർന്നുവെന്ന കാര്യം ലേഖകൻ തന്നെ സമ്മതിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ "നിരായുധ' ചെറുത്തുനിൽപ്പ് ഇന്ത്യയിലുടനീളം പ്രസംഗിച്ച പ്രശസ്ത ‘ഹിന്ദു പ്രക്ഷോഭകൻ’ എന്നാണു മഹാത്മാ ഗാന്ധിയെ ലേഖകൻ വിശേഷിപ്പിക്കുന്നത്. അദ്ദേഹം മലബാറിലെ തന്റെ മുസ്‌ലിം സഹോദരങ്ങൾക്ക് അനുകൂലമായി അധികാരികളുമായി ഇടപെട്ടു, "തങ്ങളുടെ മതത്തിനുവേണ്ടി വളരെ ധീരമായി പോരാടിയ ഈ ധീരന്മാർ ദയ അർഹിക്കുന്നു" എന്ന് പ്രഖ്യാപിച്ചുവെന്നും ക്യാപ്റ്റൻ ഹാരി എഴുതുന്നു. പക്ഷെ ഒരു ശബ്ദവും ബ്രിട്ടീഷുകാർ കേട്ടില്ല. പ്രദേശം മുഴുവൻ തീയിലും രക്തത്തിലും മുക്കിയതിനു ശേഷം മാത്രമാണ് ശത്രുത നിലച്ചത്. നിലവിൽ പ്രധാന നേതാക്കളെ പിടികൂടി വധിച്ചിരിക്കുകയാണ്. എന്നാൽ, എത്തിച്ചേരാനാകാത്ത നീലഗിരി പർവതനിരകളിൽ അഭയം പ്രാപിച്ച ഏതാനും സംഘങ്ങൾ, അപ്രതീക്ഷിതമായി പോലീസ് സേനയെ ആക്രമിക്കുന്നതിനും ഹിന്ദു തോട്ടങ്ങൾക്കും ഗ്രാമങ്ങൾക്കും തീയിടുന്നതിനും വേണ്ടി ഈ ഗുഹയിൽ നിന്ന് പതിവായി പുറപ്പെടുന്നുവെന്ന ആരോപണവും ഈ ലേഖനത്തിൽ കാണാം. രക്തരൂക്ഷിതമായ ഈ കലാപത്തിൽ എത്ര മനുഷ്യജീവനുകൾ നഷ്ട്ടപ്പെട്ടുവെന്ന് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ലെന്നാണു ക്യാപറ്റ്ൻ ഹാരി പറയുന്നത്. അതു ഒരുപക്ഷേ 12,000 എന്ന കണക്കിലും കവിയും. ഗൂർഖകൾ പിടികൂടിയ എത്ര തടവുകാരെ വധിച്ചുവെന്ന് നമുക്കറിയില്ല. മലബാറിലെ അതിക്രമങ്ങളെ യൂറോപ്യൻ സമൂഹത്തിന് മുന്നിൽ ന്യായീകരിക്കാൻ എഴുതിയ ലേഖനത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ മറച്ചുവെക്കാനുള്ള ശ്രമം വ്യക്തമാണ്.
വാഗൺ കൂട്ടക്കൊലയെ മലബാറിലെ സമരത്തെ അടിച്ചമർത്താൻ വേണ്ടി നടത്തിയ ഒരു രീതിയായിട്ടാണു ക്യപ്റ്റ്ൻ ഹാരി വിലയിരുത്തുന്നത്; 100 മാപ്പിളമാരെ മൂന്ന് വാഗണുകളിലായി (അടച്ച വണ്ടികൾ) കൂട്ടിക്കെട്ടി ഒരു ട്രെയിൻ ബെല്ലാരിയിലേക്കു പുറപ്പെട്ടു. ചൂട് അതിശക്തമായിരുന്നു, നിർഭാഗ്യവാന്മാരായ ആളുകൾ വെള്ളവും വായുവും ആവശ്യപ്പെട്ടു. സ്വദേശി സൈനികരുടെ സഹായത്തോടെ ഈ ട്രെയിനിനെ നയിച്ചിരുന്ന സർജന്റ് വാതിൽ തുറക്കാൻ വിസമ്മതിച്ചു. എന്നാൽ വണ്ടികൾ തുറന്നപ്പോൾ 100 തടവുകാർ ദാഹംകൊണ്ടും ശ്വാസംമുട്ടൽകൊണ്ടും മരിച്ചിരുന്നു. മദ്രാസ് മജിസ്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചുവെന്നും തുടർന്ന്, മേൽക്കൂരയിൽ വണ്ടികളുടെ വായുസഞ്ചാരം ഉറപ്പാക്കേണ്ട മെഷുകൾ തടഞ്ഞുനിർത്തുന്ന തരത്തിൽ ഒരു ബ്രഷ് ഉപയോഗിച്ച് വീണ്ടും പെയിന്റ് ചെയ്തതായി കണ്ടെത്തിയെന്നും അതാണു മരണ കാരണമെന്നും ക്യാപ്റ്റൻ ഹാരി വിശദീകരിക്കുന്നു.
ഒരു സൈനിക പ്രൊപ്പഗാണ്ടയുടെ ഭാഗമായിട്ടല്ലാതെ ഈ ലേഖനത്തെ വായിക്കാൻ കഴിയില്ല. ഒരു സൈനിക റിപ്പോർട്ടറുടെ വൈദഗ്ദ്യം നിറഞ്ഞ വിവരങ്ങൾ ലേഖനത്തിലുടനീളം കാണാം. ഈ ലേഖനത്തിൽ നിരവധി ഫോട്ടോകളും പ്രസിധീകരിച്ചിട്ടുണ്ട്. യുദ്ധത്തിന്റെയും തടവുകാരുടെയും, പരിക്കു പറ്റിയവരുടെയും ചിത്രങ്ങളെല്ലം ബ്രിട്ടന്റെ ഔദ്യോഗിക ശേഖരണത്തിൽ നിന്നുള്ളവയാകാനാണ് സാധ്യത. കസ്റ്റഡിയിലുള്ളപ്പോൾ എടുത്ത തടവുകാരുടെ പടങ്ങളും ഈ ഫ്രഞ്ച് മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലെ ഒരു പടമാണ് വാരിയൻ കുന്നന്റേതായി ഇപ്പോൾ പുതുതായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ലേഖനത്തിലോ ചിത്രങ്ങളുടെ അടിക്കുറിപ്പിലോ വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ പേരു പരാമർശിക്കുന്നേയില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റൻ ഹാരിയുടെ ഈ ലേഖനത്തോടൊപ്പം ചേർത്ത ആ ചിത്രം വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടേത് ആണെന്ന് തീർച്ചപ്പെടുത്തിപ്പറയാൻ ഉപോൽബലകമായി ഒന്നും തന്നെ നിലവിൽ ലഭ്യമല്ല.
ഈ ലേഖനത്തിന്റെ കൂടെ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മൂന്നുപേരുടെ ചിത്രത്തിന്റെ അടിക്കുറിപ്പു ഇപ്രകാരം വായിക്കം: “മലബാർ കലാപത്തിൻറെ പ്രധാന സൂത്രധാരകനായ മുഹമ്മദ് അലി. അദ്ദേഹത്തെ പിടിക്കുകയും വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തതോടെ അനുയായികൾ നിരാശരാവുകയും കീഴടങ്ങുകയും ചെയ്തു. ഇംഗ്ലീഷുകാരെ വകവരുത്തി കലാപത്തിനു സിഗ്നൽ നൽകിയ രണ്ടു മാപ്പിളമാരാണു ഇരു വശത്തും”.
ഇതിലും വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ പേരു പരാമർശിക്കുന്നില്ല. ഈ ഫോട്ടോ വാരിയൻ കുന്നന്റേതായി പ്രസിദ്ധീകരിച്ച സുൽത്താൻ വാരിയൻകുന്നൻ എന്ന മലയാള പുസ്തകത്തിൽ ആലി മുസ്‌ലിയാർക്ക് മുഹമ്മദ് അലി എന്ന പേരില്ലെന്നും, മുഹമ്മദ് അലിയിലെ മുഹമ്മദ്, കുഞ്ഞഹമ്മദ് ഹാജിയെ സൂചിപ്പിക്കുന്നു എന്നുമാണ് എഴുതിയിരിക്കുന്നത്. അങ്ങനെയെങ്കിൽ ചിത്രത്തിന്റെ അടിക്കുറിപ്പിലെ പേരിനെ വിഭജിച്ച് ഒരു ഭാഗമായ മുഹമ്മദ് വാരിയൻ കുന്നൻ കുഞ്ഞഹമ്മദ്ഹാജിയെ സൂചിപ്പിക്കുന്നുവെന്നു പറയുമ്പോൾ മറ്റുവശത്തുള്ളയാൾക്ക് അതിൻറെ ബാക്കിയായ എതു പേരുനൽകും?
എന്നാൽ ഈ ചിത്രത്തിന്റെ അടിക്കുറിപ്പിൽ സൂചിപ്പിക്കുന്ന ‘മുഹമ്മദ് അലി’യെന്ന പേര് ആലി മുസ്‌ലിയാരുടെ പേരിന്റെ പൂർണ രൂപമാണ്. അദ്ദേഹത്തിന്റെ പേരമകനായിരുന്ന മുഹമ്മദ് അലി മുസ്‌ലിയാർ ഉപ്പാപ്പയുടെ പേരെന്ന നിലക്കാണ് പിതാവ് തനിക്ക് പ്രസ്തുത പേര് നൽകിയത് എന്ന് ചരിത്ര അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ അഭിമുഖം ചെയ്ത അവസരത്തിൽ എന്നോട് തന്നെ നേരിട്ടു പറഞ്ഞിട്ടുമുണ്ട്. പേരമക്കൾക്ക് ഉപ്പാപ്പാമാരുടെ പേരിടുന്ന പതിവ് മാപ്പിളമാർക്കിടയിൽ വ്യാപകമായി ഉണ്ടായിരുന്നു താനും. ആലി മുസ്ലിയാരുടെ പേരുമാത്രമാണു ക്യാപ്റ്റൻ ഹാരി ലേഖനത്തിലും പരാമർശിക്കുന്നുള്ളൂ. അടിക്കുറിപ്പിലെ ആലി മുസ്‌ലിയാരുടെ പേരിനെ രണ്ടായി വിഭജിച്ചു ഒരുഭാഗത്തെ ചിത്രം വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയെടേതാണ് എന്നു തീർച്ചപ്പെടുത്തി പറയുന്നത് ശരിയല്ല, ക്യാപ്റ്റൻ ഹാരിയുടെ ലേഖനത്തിൽ വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയിലേക്ക് സൂചന നൽകുന്ന ഒരു പരാമർശവും ഇല്ല എന്ന നിലക്ക് പ്രത്യേകിച്ചും.
അജ്ഞാതമായ ഫോട്ടോയുടെ പേരിലല്ല ക്യാപ്റ്റൻ ഹാരിയുടെ ലേഖനം ശ്രദ്ധേയമാകുന്നതും ഇപ്പോഴും ശ്രദ്ധിക്കപ്പെടേണ്ടതും. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ പ്രതിയുള്ള പ്രൊപഗാൻറകളെ ബ്രിട്ടീഷുകാരും അവരുടെ കൊളോണിയൽ സഹകാരികളും എങ്ങനെയാണ് നിർമ്മിച്ചെടുത്തത് എന്നതിന്റെ പേരിലാണ്. കൊളോണിയലിസത്തിന്റെ അത്തരം സൂക്ഷ്മ ചരിത്രത്തിന്റെ പല അടരുകൾ ക്യാപ്റ്റൻ ഹാരിയുടെ ഈ ലേഖനത്തിൽ ധാരാളമായി ഉണ്ടുതാനും.