സംസ്കാരം എന്നത് നമ്മെ സംസ്ക്കരിച്ചെടുക്കുന്ന, പരിവർത്തിപ്പിച്ചെടുക്കുന്ന ഒന്നിനെ കുറിക്കുന്നതാണ്. സംസ്കാരം അതിന്റെ ഉറവിടത്തിൽ (in the source), "അനുസരിക്കാനുള്ള നമ്മുടെ ശീലത്തെയാണ്" (to obey) കുറിക്കുന്നത്. ഏതെങ്കിലും ആചാരങ്ങളോടോ ശീലങ്ങളോടോ പെരുമാറ്റങ്ങളോടോ വിശ്വാസങ്ങളോടോ പ്രത്യേക ബന്ധനത്തിൽ (bondage) കഴിയുക എന്നതാണ് സംസ്കാരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഒരു പ്രത്യേക രൂപത്തിൽ നമ്മെ പരുവപ്പെടുത്തുന്നതാണ് സംസ്കാരം. അത് നാം ഒരു നിയമത്തെ അനുസരിക്കലാണ്. ഒരു ജീവിതരീതിയെ പിന്തുടരാണ്. ചില മൂല്യങ്ങളെ മുറുകെപ്പിടിക്കലാണ്. അതിലൂടെ സംസ്കരിക്കപ്പെട്ട, സവിശേഷമായ അഭിരുചിയാൽ (sensibility) നിർണ്ണയിക്കപ്പെട്ട, ഒരാളായിത്തീരലാണ്.
ഈ ആയിത്തീരലിൽ, "ബലപ്രയോഗത്തിന്റെ" അംശമുണ്ട്. ഈ ബലാൽക്കാരം ഒരാളുടെ ഉള്ളിലുള്ള "അപചയശക്തികളെ" (reactive forces) "ഉപചയശക്തിയാക്കി" (active forces) മാറ്റാനുള്ളതാണ്. മനുഷ്യനെ അനുശീലിപ്പിക്കുകയും (train) തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാക്കുകയുമാണ് (selection) സംസ്കാരം ചെയ്യുന്നത്. സാംസ്കാരിക ചലനത്തെ "ആചാരാനുഷ്ഠാനങ്ങളുടെ ധാർമികത" (morality of customes) എന്നാണ് നീത്ഷേ വിളിക്കുന്നത്. അവിടെ, ഇരുമ്പുസെല്ലുകളും ഹിംസയും മനുഷ്യനെ പരിശീലിപ്പിക്കാനുള്ള മറ്റു പീഡനമുറകളും കടന്നു വരുന്നു.
ഈ ഹിംസാത്മകമായ പരിശീലനത്തിൽ, ജീനിയോളജിസ്റ്റ് രണ്ടു ഘടകങ്ങളെ വേർതിരിച്ചു കാണുന്നു:
ഒന്ന്, അനുസരിക്കപ്പെടുന്നത്, കീഴടങ്ങുന്നത് (obeyed).
ഒരു ജനതയിൽ, ഒരു വംശത്തിൽ, ഒരു വർഗ്ഗത്തിൽ. അത് എപ്പോഴും "ചരിത്രപരമാണ്" (historical), ഏകപക്ഷീയമാണ്, വിചിത്രമാണ്, അസംബന്ധമാണ്, പരിമിതമാണ്. ഏറ്റവും പ്രതിലോമകരമായ, അപചയകരമായ ശക്തികളെയാണ് അത് പ്രതിനിധീകരിക്കുന്നത്.
രണ്ട്, ‘‘എന്തായിരുന്നാലും", അനുസരിക്കപ്പെടുന്ന ആ ചിലത്, ഒരു തത്വമായി, മൂല്യമായി (principle) പ്രത്യക്ഷപ്പെടുന്നു. ജനതയെയും വംശങ്ങളെയും വർഗ്ഗങ്ങളെയും അത് കടന്നുപോകുന്നു.
നിയമത്തെ അനുസരിക്കുക, കാരണം അത് നിയമമാണ്. നിയമത്തിന്റെ രൂപം ചില പ്രവൃത്തികളെയാണ് അർത്ഥമാക്കുന്നത്. ചില നിശ്ചിത ഉപചയശക്തികളെ (active forces) അത് മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നു. നിയമത്തിന് മനുഷ്യനെ പരിശീലിപ്പിച്ചെടുക്കാനുള്ള ദൗത്യം നൽകിയിരിക്കുന്നു."1.
സംസ്കാരത്തിന്റെ ‘ജൈവികതലങ്ങളുടെ’ മേൽ, ഭരണകൂടങ്ങളും മതാധികാരവും പിടിമുറക്കുമ്പോഴാണ്, "ചരിത്രം" ആരംഭിക്കുന്നത്. ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും "ചരിത്രം".
"ഈ രണ്ടു വശവും പരസ്പരം ചരിത്രപരമായി അവിഭാജ്യമാണെങ്കിലും, ഇവ രണ്ടും തമ്മിൽ ആശയക്കുഴപ്പത്തിലാകരുത്. ഒരു ഭാഗത്ത്, ഒരു ഭരണകൂടത്തിന്റെ, ഒരു മതമേധാവിത്വത്തിന്റെ, വ്യക്തികൾക്കുമേലുള്ള ചരിത്രപരമായ സാന്നിധ്യം. അതാകട്ടെ അവരെ സ്വാംശീകരിക്കാൻ, കീഴടക്കാൻ, ലക്ഷ്യം വെച്ചതാണ്. മറുഭാഗത്ത്, സംസ്കാരത്തിന്റെ പ്രവൃത്തി ഒരു ‘ജനറിക് ബീയിംഗ്’ എന്ന നിലയിലാണ്. മനുഷ്യ സ്പീഷ്യസിന്റെ പ്രവൃത്തി. അതുകൊണ്ടാണ് നീത്ഷേ അതിനെ ആദിമം (primitive), ചരിത്രപൂർവ്വം (pre-historic) എന്നെല്ലാം വിളിച്ചത്. ഇത് ‘സാർവ്വലൗകിക മനുഷ്യചരിത്രം’ (universal history) നിലവിൽ വരുന്നതിന് മുമ്പേ വരുന്നതാണ്"2. (പുരാവസ്തു ശാസ്ത്രത്തിലെ പ്രീ- ഹിസ്റ്റോറിക് എന്ന പ്രയോഗം സ്ക്രിപ്റ്റ്, രേഖകൾ, ചരിത്രം, രൂപം കൊള്ളുന്നതിനു മുമ്പുള്ള ഒരു കാലഘട്ടത്തെയാണ് കുറിക്കുന്നത്).
"ഇവിടെ സംസ്കാരം ഒരു ജനറിക് ആക്ടിവിറ്റി എന്ന നിലയിലാണ്. മനുഷ്യവംശത്തിന്റെ നിലനിൽപ്പിന്റെ വലിയൊരു ഭാഗത്തിൽ, (ചരിത്രകാലത്തിനു മുമ്പ്), മനുഷ്യൻ, തന്റെ മേൽ തന്നെ പ്രയോഗിച്ച അധ്വാനത്തിന്റെ, അവന്റെ / അവളുടെ ചരിത്രപൂര്‍വ്വമായ അധ്വാനം മുഴുവൻ അടങ്ങിയതാണ്, കഠിനതയും ഭീകരതയും അസംബന്ധവും വിഡ്ഢിത്തവും അതിൽ ഉൽച്ചേർന്നിരിക്കുന്നുവെങ്കിൽകൂടി. എല്ലാ ‘ചരിത്രപരമായ നിയമങ്ങളും’ ഏകപക്ഷീയമാണ്. എന്നാൽ ‘നിയമത്തെ അനുസരിക്കുക’ എന്നത് ഏകപക്ഷീയമല്ല. അത് ചരിത്രപൂർവ്വവും ജനറിക്കുമാണ് (generic)"3.
"സംസ്കാരം മൊത്തത്തിൽ, പല ദിശയിൽ പ്രയോഗിച്ചിട്ടുണ്ട്. അബോധത്തിന്റെ അപചയശക്തികളെ പോലും അതാക്രമിച്ചിട്ടുണ്ട്. ഏറ്റവും അന്തഃസ്ഥിതമായ (subterranean) ദഹനേന്ദ്രിയത്തെയും ആമാശയ, കുടൽ വ്യവസ്ഥയെ പോലും"4.
"എന്നാൽ അതിന്റെ മുഖ്യ ഉദ്ദേശ്യം ‘(അവ)ബോധത്തെ’ ശക്തിപ്പെടുത്തലാണ്. (നമ്മെ ഒരു ബോധമുള്ള ജീവിയാക്കലാണ്). ഈ ബോധം, വൈകാരികതയുടെ പലായന സ്വഭാവത്തെ (fugitive character of excitation) നിർവചിക്കുന്നു. ഈ ബോധം തന്നെ മറവിയുടെ കേന്ദ്രത്തിൽ (faculty of forgetting) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. സംസ്കാരത്തിന് സ്വന്തം നിലയിൽ ഇല്ലാത്ത ധൈര്യവും ഉറപ്പും, മറവിയുടെ (forgetting) ഈ കേന്ദ്രമാണ് അതിനു നൽകുന്നത്. മറവിയുടെ കേന്ദ്രത്തിന് പ്രത്യക്ഷമായിത്തന്നെ, എതിർ നിൽക്കുന്ന ‘ഓർമ’ (memory) എന്ന പുതിയ ഒരു കേന്ദ്രത്തെ, സംസ്കാരം ബോധത്തിനുമേൽ ‘ചുമതലപ്പെടുത്തുന്നു’. ഇവിടെ ‘ഓർമ’ എന്നത് അടയാളപ്പെടുത്തലിന്റെ ഓർമ്മയല്ല. ഈ ശരിയായ ഓർമ, ഭൂതകാലത്തിന്റെ ഒരു പ്രവൃത്തിയേ അല്ല. മറിച്ച് ഭാവിയുടെ പ്രവൃത്തിയാണ്. അത് അഭിരുചികളുടെ (sensibility) ഒരു ഓർമയല്ല. അത് ഇച്ഛയുടെ (will) ഓർമയാണ്. അത് അടയാളങ്ങളെക്കുറിച്ചുള്ള ഓർമയല്ല. വാക്കുകളെക്കുറിച്ചുള്ള (words, words of love, promises) ഓർമയാണ്. അത് ഭാവിയെക്കുറിച്ചുള്ള ഒരു ഓർമ തന്നെയാണ്. ആ ഓർമ, നാം വാഗ്ദാനം (promise) നൽകുന്ന ഒരു ഫാക്കൽറ്റിയാണ്. ഭാവിയോട് പ്രതിബദ്ധമായിരിക്കലാണ്. ഭാവിയെക്കുറിച്ചുള്ള ഓർമ തന്നെയാണ്. നാം വാഗ്ദാനങ്ങളെ (promises) ഓർമ്മിക്കുന്നത്, ഒരു പ്രത്യേക ഭൂതകാലനിമിഷത്തിൽ ഉണ്ടാക്കിയ ഒന്നിനെ, തിരിച്ചു വിളിക്കാനല്ല. ഭാവിയുടെ ഒരു നിമിഷത്തിലേക്ക്, കൈവശം വെയ്ക്കാനുള്ള (to hold memory for the future) ഓർമ്മയാണത്. വാഗ്ദാനം നൽകാൻ ഒരാളെ പ്രാപ്തമാക്കൽ. അങ്ങനെ അവരെ ഭാവിയിലേക്ക് ഉപയുക്തമാക്കുകയാണ്. ഒരു ശക്തവും സ്വതന്ത്രവുമായ മനുഷ്യനാക്കുകയാണ്"5. "Promises we make from the cradle to the grave. "6

‘‘‘ചരിത്രത്തിൽ’, (culture from historical point of view), സംസ്‌കാരം അതിന്റെ സത്തയ്ക്ക് തന്നെ വിരുദ്ധമായ ഒരു തിരിവെടുക്കുകയാണ് (turn). തികച്ചും വ്യത്യസ്ത പ്രകൃതമുള്ള, അപരിചിത ശക്തികൾ, സംസ്കാരത്തിനെ, പൂർണ്ണമായി പിടികൂടുകയാണ്. ചരിത്രത്തിലെ മനുഷ്യന്റെ സ്പീഷീസ് പ്രവർത്തനം, അതിനെയും അതിന്റെ ഉൽപ്പന്നങ്ങളെയും, അതിനെ ‘വികൃതപ്പെടുത്തുന്ന’ (distort) ചലനത്തിൽനിന്ന് (movement) വേർപ്പെടുത്താൻ കഴിയാത്ത ഒന്നാണ്. അതിലുപരി ചരിത്രം തന്നെ ഈ വൈകൃതമാണ് (perversion)."7. (സിവിലിലൈസേഷൻ ഒരു ന്യൂറോസിസ് ആണെന്ന് ഫ്രോയിഡ് പറഞ്ഞത് ഇവിടെ ഓർക്കാം).
"സ്പീഷ്യസ് പ്രവർത്തനത്തിനു പകരം, സംസ്കാരത്തിന്റെ ജീർണ്ണതയ്ക്ക് സമാനമാണത്. ചരിത്രം നമുക്ക് വംശങ്ങളെയും ജനതതികളെയും വർഗ്ഗങ്ങളെയും മതാധികാരകേന്ദ്രങ്ങളെയും സമ്മാനിക്കുന്നു. സ്പീഷ്യസ് പ്രവൃത്തിക്കുമേൽ, അപചയ സ്വഭാവമുള്ള സംഘടനകളെയും, അസോസിയേഷനുകളുടെയും, സമുദായങ്ങളെയും, കൊണ്ടുകെട്ടുന്നു. സംസ്കാരത്തെ മറയ്ക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്ന പരാ ന്നഭോജികൾ, മനുഷ്യന്റെ സ്പീഷിസ് പ്രവർത്തനത്തിന്റെ ചലനത്തെയാകെ ‘നുണവൽക്കരിക്കുന്ന’ (falsify) കൂട്ടായ്മകളുടെ പ്രതിലോമ ശക്തികൾ, അവയെ ‘പറ്റങ്ങൾ’ (herds) എന്ന്, നീത്ഷേ വിളിക്കുന്നു’’8.
സംസ്കാരത്തിന്റെ ഇത്തരം പറ്റാവബോധത്തിൽ (herd conciousness) നിന്നാണ് ആൾക്കൂട്ടക്കൊലകൾ ഉണ്ടാകുന്നത്.
"നീതിക്ക് പകരമായും, അത് സ്വയം നശിച്ചുപോകുന്ന പ്രക്രിയക്ക് പകരമായും, ഒരിക്കലും നാശം ആഗ്രഹിക്കാത്ത സമൂഹങ്ങളെ, ‘ചരിത്രം’ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. അവർക്ക് അവരുടെ നിയമങ്ങൾക്കപ്പുറമായി ഒന്നും ഭാവന ചെയ്യാൻ കഴിയില്ല. പരമാധികാരമുള്ള ഒരു വ്യക്തിയായി, നമ്മെ, സംസ്കാരത്തിന്റെ ഒരു ഉൽപ്പന്നമായി മാറ്റുന്നതിന് പകരം, ചരിത്രം അതിന്റെ ഒരു ‘ഉൽപ്പന്നം’ അവതരിപ്പിക്കുന്നു. ചരിത്രം അതിന്റെ ‘പ്രസിദ്ധമായ അർത്ഥം’, അത് ഡൊമസ്റ്റികേറ്റ് ചെയ്ത മനുഷ്യരിൽ കണ്ടെത്തുന്നു"9.
കൊളോണിയൽശക്തികൾ, ഇത്തരത്തിൽ, "തദ്ദേശീയമായ" ഒരു ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളുടെ പ്രത്യാഘാതമായാണ്, ഇന്ത്യയിൽ "സാംസ്കാരികതയുടെ പരിപ്രേക്ഷ്യങ്ങൾ" വികസിച്ചുവന്നത് എന്ന്, കെ. എൻ പണിക്കർ നിരീക്ഷിക്കുന്നു.
സംസ്കാരത്തിന്റെ ‘ജൈവികതലങ്ങളുടെ’ മേൽ, ഭരണകൂടങ്ങളും മതാധികാരവും പിടിമുറക്കുമ്പോഴാണ്, "ചരിത്രം" ആരംഭിക്കുന്നത്. ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും "ചരിത്രം". സംസ്കാരത്തിന്റെ ജൈവികത്തുടർച്ചകളിൽ നിന്ന് "ചരിത്രം" അവരെ പറിച്ചുമാറ്റുകയും, പരുവപ്പെടുത്തലിന്റെയും അടിമത്തത്തിന്റെയും സമ്മതിനിർമ്മാണത്തിന്റെയും, കെട്ടിയേൽപ്പിക്കപ്പെട്ട, മറ്റൊരു സംസ്കാരത്തിനും നിയമസംഹിതയ്ക്കും വിധേയമാക്കുകയും ചെയ്യുന്നു. ഇവിടെയാണ് സംസ്കാരത്തെ ചരിത്രവും രാഷ്ട്രീയവും കയ്യാളുന്ന പ്രക്രിയ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരം എന്ന സംവർഗ്ഗം (category) ഒരു സാമ്പത്തിക ഘടനയുടെ പ്രതിഫലനമോ, കണ്ണാടിയോ, പ്രത്യാഘാതമോ അല്ല. ഒരു ഉപരിഘടനയോ (super structure), സാമ്പത്തികാടിത്തറയുടെ മേൽപ്പുരയോ അല്ല. സാംസ്കാരിക ജീവിതത്തിന്റെ പ്രവർത്തനത്തെ ഭാവിയിലേക്കുള്ള നീക്കിവെയ്പ്പായി കാണുമ്പോൾ, മനുഷ്യൻ എന്ന ജീവിയ്ക്ക് അവന്റെ രൂപപ്പെടലിന്റെ ആവശ്യമായ ഒരു "ധർമ്മവ്യവസ്ഥയായി" (ബുദ്ധന്റെ "ധമ്മ" ഇവിടെ ഓർക്കാം), സംസ്കാരത്തെ മനസ്സിലാക്കുമ്പോൾ; അതിനെ, പതുക്കെ, ഭരണകൂടവും മതാധികാരശക്തികളും മൂലധനവും കൈയാളുകയാണ് ചെയ്യുന്നത്. സംസ്കാരത്തെയും മതത്തെയും ധർമ്മത്തെയും അധികാരവും മൂലധനവും കയ്യാളുന്നു.

രണ്ട്
കൊളോണിയൽ ശക്തികൾ, ഇത്തരത്തിൽ, "തദ്ദേശീയമായ" ഒരു ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളുടെ പ്രത്യാഘാതമായാണ്, ഇന്ത്യയിൽ "സാംസ്കാരികതയുടെ പരിപ്രേക്ഷ്യങ്ങൾ" (perspective on culture) വികസിച്ചുവന്നത് എന്ന്, കെ. എൻ പണിക്കർ തന്റെ പഠനങ്ങളിൽ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ, ചരിത്രപഠനത്തിലും രീതിശാസ്ത്രത്തിലും, സംസ്കാരത്തിന്റെ സംവർഗ്ഗം (category), സാമ്പത്തികഘടനയ്ക്ക് ഒപ്പത്തിനൊപ്പമോ, അനുബന്ധമോ, മേൽക്കീഴായോ നിൽക്കുന്ന ഒന്നായല്ല, മറിച്ച് കീഴടക്കലിന്റെ പ്രത്യയശാസ്ത്രങ്ങളുടെ മേച്ചിൽപ്പുറമാണത്. "സംസ്കാരത്തെ" ഇപ്രകാരം പ്രധാനമായി കരുതി, കയ്യിലെടുക്കുകയായിരുന്നു കെ. എൻ. പണിക്കർ ചെയ്തത്.
ഇതിന് അദ്ദേഹം, ഗ്രാംഷിയുടെ ബുദ്ധിജീവിതത്തെക്കുറിച്ചും വിപ്ലവ ഘട്ടങ്ങളെകുറിച്ചും ചരിത്ര ബ്ലോക്കുകളെക്കുറിച്ചുള്ള (historical bloc) നിരീക്ഷണങ്ങളാണ് ആശ്രയിച്ചത് എന്ന കാര്യം സുവിദിതമാണല്ലോ. മാർക്സിസത്തിന്റെ "ഘടനാവാദപരമായ വായനയുടെ" രീതിശാസ്ത്രങ്ങൾ മേൽക്കൈ നേടിയിരുന്ന, ചരിത്ര ഗവേഷണ മേഖലകളുടെ സ്വാധീനത്തിൽനിന്ന് പുറത്തുകടക്കാനാണ്, "അക്കാദമികേതരം" എന്നുകൂടി വിശേഷിപ്പിക്കാവുന്ന, ഒരു ചിന്തകനിൽ നിന്ന്, കെ. എൻ പണിക്കർ സഹായം തേടിയത് എന്ന കാര്യവും പ്രധാനമാണ്. സംസ്കാരത്തെ അതിന്റെ സാമ്പത്തികഘടനാവാദത്തിൽ നിന്ന് പുറത്തെടുത്ത്, സ്വതന്ത്രമായി സമീപിക്കാനാവുമോ എന്നന്വേഷണത്തിൽ കെ. എൻ. പണിക്കർ വിജയിക്കുകയാണുണ്ടായത്.
കാരണം, സാംസ്കാരികപഠനം ഉൾകൊള്ളാത്ത ചരിത്രരചന പൂർണ്ണമാവില്ല എന്ന നിലയിൽ, അക്കാദമിക ഗവേഷണരംഗം പിൽക്കാലത്ത് വഴിമാറുന്നുണ്ട്. പുരാവസ്തുശാസ്ത്രം, "വസ്തു -സംസ്കാര പഠനത്തിന്റെ" (material culture study) പുതിയ രീതിശാസ്ത്രം കൂടി കൊണ്ടുവരികയും ചെയ്തു. അന്റോണിയോ ഗ്രാംഷി, ജോർജ് ലൂക്കാച്ച്, റായ്മണ്ട് വില്യംസ്, ഇ പി തോംസൺ, ലൂസിയൻ ഗോൾഡ്മാൻ തുടങ്ങിയ ചിന്തകരിൽ നിന്നും ചരിത്രകാരന്മാരിൽ നിന്നും പണിക്കർ സ്വീകരിച്ച മാതൃകകളും ആശയപരികൽപനകളും, സംസ്കാരവും പ്രത്യയശാസ്ത്രവും, ചരിത്രത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ പ്രാധാന്യത്തെ അറിയുന്നതിലേക്ക്, അദ്ദേഹത്തിന് സൈദ്ധാന്തിക പിന്തുണ നൽകി.

പ്രത്യേകിച്ച് കോളനി അനുഭവത്തിലൂടെ കടന്നുപോയ ഒരു ജനതയ്ക്ക്, സംസ്കാരം എങ്ങനെ "സമരത്തിന്റെ ഒരു സ്ഥലിയായി"ത്തീരുന്നു (site of struggle) എന്ന കാര്യത്തിൽ ആഴത്തിൽ പതിഞ്ഞ അനുഭവമുണ്ടാകും. അധിനിവേശിതരായ ഒരു ജനത, സ്വന്തം അഭിമാനം സമാർജ്ജിക്കാൻ തുടങ്ങുന്നത്, സംസ്കാരത്തിലൂടെയാണ് എന്ന, ആദ്യകാല കൊളോണിയൽ വിരുദ്ധ സമരനായകരിൽ ഒരാളും ആഫ്രിക്കൻ ചിന്തകനുമായ അമിൽകർ കബ്രാളിന്റെ ചിന്തകൾ, സംസ്കാരത്തിന്റെ രാഷ്ട്രീയ വിവക്ഷകളെ പറ്റിയുള്ള ആലോചനകൾ, കെ. എൻ. പണിക്കർക്ക് നൽകുന്നുണ്ട്. "ഉറവിടങ്ങളിലേക്കുള്ള മടക്കം" ഒരു ജനതയുടെ ഉയർപ്പിന്റെ ആദ്യഭാഗത്തെ കുറിക്കുന്നു എന്ന കബ്രാളിന്റെ നിരീക്ഷണം.
കബ്രാളിനെ പണിക്കർ ഉദ്ധരിക്കുന്നു: "വിമോചനങ്ങളുടെ ചരിത്രം പഠിക്കുകയാണെങ്കിൽ കാണാനാവുന്നത്, ‘സാംസ്കാരിക അവതീർണങ്ങളുടെ’ (cultural manifestation) ഒരു ഉയിർപ്പ് ആണ്. അത് സമരങ്ങളുടെ ആദ്യകാലത്ത് വലിയതോതിൽ സംഭവിക്കുന്നു. ഇവിടെ, മർദ്ദകന്റെ സംസ്കാരത്തെ,
അധിനിവേശിത ജനത നിഷേധിക്കുന്ന, സാംസ്കാരിക വ്യക്തിത്വത്തിന് ഊന്നൽ വരുന്നു. അത് വിജയിച്ചാലും ഇല്ലെങ്കിലും, ഒരു പ്രയത്നമായി, പുരോഗമനപരമായ നിലയിൽ ദൃഢീകരിക്കുന്നു. വൈദേശിക മേധാവിത്വത്തിനു കീഴടങ്ങിയ സാഹചര്യങ്ങൾ എന്തായാലും,, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ ഘടകങ്ങൾ മേധാവിത്വം നടപ്പാക്കാൻ പ്രയോഗിച്ചിട്ടുണ്ടെന്നിരിക്കിലും, വെല്ലുവിളിയുടെ ബീജം നാം കാണുന്നത്, പൊതുവേ സാംസ്കാരിക ഘടകങ്ങൾക്കുള്ളിൽ നിന്നാണ്. അത് വിമോചന പ്രസ്ഥാനത്തിന്റെ ഘടന നിർമിക്കുകയും വികാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു"10.
കൊളോണിയൽ മേധാവിത്വം അനുഭവിച്ച രാജ്യങ്ങളിൽ സാംസ്കാരിക പ്രവർത്തനത്തിന് രാഷ്ട്രീയ പ്രതിരോധപരമായ സാധ്യതകളാണുള്ളത്. നിയോകൊളോണിയലിസത്തിന്റെ സമകാലിക ചരിത്രത്തിൽ, അതിന് വിപുലമായ കടമകളാണ് ഏറ്റെടുക്കാനുള്ളത് എന്നും വരുന്നു.
"സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ, ജനതയുടെ അവബോധത്തിൽ നടക്കുന്ന ദീർഘവും സങ്കീർണവും തന്മാത്ര തലത്തിലുമുള്ള പരിവർത്തനങ്ങളുടെ ഉൽപ്പന്നമാണ്. മുതലാളിത്ത ശക്തികളുടെ രാഷ്ട്രീയ-സാംസ്കാരിക മേൽക്കോയ്മയിൽ നിന്ന്, സാധാരണ ജനങ്ങളെ സാംസ്കാരിക വിമോചനം നടത്തേണ്ടത്, ദീർഘമായ പ്രക്രിയയാണ്."11.
‘‘മറ്റു വാക്കുകളിൽ പറഞ്ഞാൽ, അധികാരത്തിനു മുമ്പ് ഈ മേൽക്കോയ്മ (hegemony) ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്."12.
ഇത്തരമൊരു "മേൽക്കോയ്മ" (hegemony) സ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങളിൽ മുഴുകേണ്ടതിന്റെ അടിയന്തര സാഹചര്യങ്ങളെയാണ്, പണിക്കർ തന്റെ ആക്ടിവിസത്തെക്കുറിച്ചുള്ള ചിന്തകളിലൂടെ മുന്നോട്ടുവെയ്ക്കുന്നത്. പണിക്കരെ സംബന്ധിച്ച് "സാംസ്കാരിക പ്രവർത്തനം" (cultural activity) എന്നത്, കൊളോണിയൽ മേധാവിത്വത്തിന്റെ കാലത്തെ ജനങ്ങളുടെ പ്രതിരോധത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ഉൾക്കാഴ്ചകളെക്കൂടി ഉൾക്കൊണ്ടതാണ്. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ, കൊളോണിയൽ അധിനിവേശത്തെ അനുഭവിച്ച ഒരു ജനതയ്ക്ക്, സാംസ്കാരിക പ്രവർത്തനം എന്നത്, കൊളോണിയൽ സാംസ്കാരത്തോടുള്ള പ്രതിരോധവും, അധിനിവേശങ്ങളോടുള്ള പ്രതികരണവുമാണ്. കൊളോണിയൽ മേധാവിത്വം അനുഭവിച്ച രാജ്യങ്ങളിൽ സാംസ്കാരിക പ്രവർത്തനത്തിന് രാഷ്ട്രീയ പ്രതിരോധപരമായ സാധ്യതകളാണുള്ളത് എന്നിതർത്ഥമാക്കുന്നു. നിയോകൊളോണിയലിസത്തിന്റെ സമകാലിക ചരിത്രത്തിൽ, അതിന് വിപുലമായ കടമകളാണ് ഏറ്റെടുക്കാനുള്ളത് എന്നും വരുന്നു.

"ഭൂതത്തിലുള്ള ഊന്നൽ, ‘ഉറവിടങ്ങളിലുള്ള ഒരു മടക്കം’, അമില്‍ക്കര്‍ കബ്രാൾ വിളിച്ച പോലെ, ‘അത് പുരോഗതിയുടെ സമകാലീന ശക്തികളോട് എതിരിട്ടുകൊണ്ട്, ഭൂതകാലത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് അനിവാര്യമായും അർത്ഥമാക്കേണ്ടതില്ല’. ആധുനികത എന്നത്, ഭൂതകാലത്തിന്റെ അവഗണന ഉൾകൊള്ളുന്ന ഒന്നല്ല. കാരണം ആധുനികതയെ തിരിച്ചറിയാൻ പാരമ്പര്യം നല്ലൊരു ഉപകരണമായി വർത്തിക്കുകയാണുണ്ടായത്. അധിനിവേശിതരായ ഒരു ജനതയ്ക്ക്, വാസ്തവത്തിൽ, ഭൂതവും വർത്തമാനവും തമ്മിൽ വ്യക്തമായ വ്യവച്ഛേദം നടത്താൻ, ചരിത്രം ഒരു സാധ്യത മുന്നോട്ടു വെയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ ഭൂതത്തെയും ഭാവിയെയും സംബന്ധിച്ച സങ്കൽപ്പനങ്ങൾ, പരസ്പരം അതിക്രമിച്ചു കടക്കുന്നതാണ്. ഈ ഇടകലരൽ തീർക്കുന്ന അവ്യക്തതയും അനിശ്ചിതത്വവും, സാംസ്കാരിക പ്രത്യയശാസ്ത്ര സമരങ്ങളുടെ ഗതിയെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. ഈ സമരങ്ങളിൽ നിന്ന് ഉണ്ടാകുന്ന ധൈഷണിക പരിവർത്തനവും ഈ നിലയിലാണ്."13
"മതപരമായ പ്രതികരണത്തിലെ സാംസ്കാരിക പ്രതിരോധം പത്തൊമ്പതാം നൂറ്റാണ്ടിൽ സംസ്കാരത്തിന്റെ എല്ലാ മണ്ഡലങ്ങളെയും പുണർന്നു. പ്രത്യേകിച്ചും നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ. അപ്പോഴാണ് കൊളോണിയൽ സാംസ്കാരിക കടന്നുകയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ശക്തമായി അനുഭവപ്പെട്ടത്. അത് രണ്ടു നിലയിൽ പ്രകടിതരൂപം കൈകൊണ്ടു. ആദ്യത്തേത്, കൊളോണിയൽ സാംസ്കാരിക അനുശീലനങ്ങൾക്ക് ഒരു ബദൽ കണ്ടെത്തുക എന്ന നിലയിൽ. രണ്ടാമത്തേത്, പരമ്പരാഗത സ്ഥാപനങ്ങളുടെ പുനരുജ്ജീവനം എന്ന അർത്ഥത്തിൽ. ആദ്യത്തേത്, വിദ്യാഭ്യാസത്തേയും ഭാഷയെയും സംബന്ധിച്ച താൽപര്യങ്ങളെ അടിവരയിട്ടു. രണ്ടാമത്തേത്, പരമ്പരാഗത അറിവിലുള്ള അന്വേഷണവും സമകാലീന അനുശീലനങ്ങളിലേക്ക് അതിനെ വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങളും"14.
‘‘ഇന്ത്യയിലും ഭരണകൂടത്തിന്റെ ബാഹ്യ ഗർത്തത്തിനു മുകളിൽ കോട്ട കൊത്തളങ്ങൾ ഉയർത്തപ്പെട്ടിട്ടുണ്ട്. (സംസ്കാരത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും കോട്ടകൊത്തളങ്ങൾ)’’.
"പ്രാദേശികവാദവുമായി വളരെയേറെ സ്വാധീനത്തിൽപ്പെട്ട ‘സാംസ്കാരിക പ്രതിരോധം’ സങ്കീർണ്ണമായ ഒന്നാണ്. മതപരമായ പുനരുദ്ധാനത്തിനും മഹത്വവൽക്കരണത്തിനുമുള്ള ശ്രമങ്ങൾ മാത്രമല്ല അത്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ സംരംഭങ്ങളുടെ എല്ലാ മേഖലയെയും പുണരുന്ന തരത്തിൽ, ഭൂതകാലത്തിലേക്കുള്ള ഒരു ‘ധൈഷണിക അന്വേഷണ’മാണത്. ഇന്ത്യൻ ഔഷധ പാരമ്പര്യം, കൊളോണിയൽ പൂർവ്വ സാങ്കേതികവിദ്യയുടെ സാധ്യതകൾ, ഇന്ത്യൻ സംഗീതം, നാടകം, രാഷ്ട്രീയ വ്യവസ്ഥ, സ്ത്രീകളുടെ പരിതോവസ്ഥ എന്നു തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേക്കും. ഈ മേഖലകളിലുള്ള ഇന്ത്യയുടെ ഉന്നതസ്ഥാനം തെളിയിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. ഇന്ത്യക്കാർക്ക് എന്തു കഴിയും എന്നതിന്, വർത്തമാനം ഒരു മാനദണ്ഡമല്ല എന്നതു വിശ്വസിച്ചു. നിലനിൽക്കുന്ന സാംസ്കാരിക സംഘാതങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യേണ്ടത്, ഈ സാധ്യതയെ തിരിച്ചറിയുന്നതിനുള്ള അനിവാര്യമായ മുന്നുപാധിയാണെന്ന് ധാരണ ഇതിൽ ഉൾച്ചേർന്നിരുന്നു. അങ്ങിനെ ഇന്ത്യൻ മനസ്സ് കൂടുതൽ കൂടുതലായി അന്തർമുഖമായി"15.
ഈ പരിതസ്ഥിതിയെ, ഗ്രാംഷിയുടെ വൈരുദ്ധ്യാവബോധം (contradictory conciousness) എന്ന പരികല്പനയുമായി നമുക്ക് കൂട്ടിവായിക്കാൻ ശ്രമിക്കാം.
ഗ്രാംഷി പറയുന്നു: ".... രണ്ട് സൈദ്ധാന്തിക അവബോധങ്ങളുണ്ട്. അല്ലെങ്കിൽ ഒരു വൈരുദ്ധ്യാവബോധം (contradictory consciousness). ഒന്ന് അയാളുടെ പ്രവർത്തനത്തിൽ അന്തർഹിതമാണ്. യഥാർത്ഥത്തിൽ, അത് അയാളെ തന്റെ സഹപ്രവർത്തകരുമായി ഐക്യപ്പെടുത്തുന്നു, യഥാർത്ഥ ലോകത്തിന്റെ പരിവർത്തനത്തിന്റെ പ്രായോഗിക പ്രവർത്തനത്തിൽ പങ്കെടുപ്പിക്കുന്നു. മറ്റൊന്ന്, ഉപരിപ്ലവമായ നിലയിൽ തുറന്നതാണ്. അല്ലെങ്കിൽ അത് വാചികമായുള്ളതാണ്. അതയാൾ ഭൂതത്തിൽ നിന്ന് സ്വായത്തമാക്കിയതാണ്. വിമർശനരഹിതമായി ഉൾക്കൊണ്ടതാണ്. എന്നാൽ വാചികമായ സങ്കൽപീകരണം പ്രത്യാഘാതങ്ങൾ ഇല്ലാത്തതല്ല. അതൊരു പ്രത്യേക സാമൂഹ്യ വിഭാഗത്തെ ഒരുമിച്ച് നിർത്തുന്നു. അത് സാമൂഹ്യ ശീലങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നു. അത് മനുഷ്യന്റെ ഇച്ഛയുടെ ദിശയെ സ്വാധീനിക്കുന്നു. വിവിധ തലത്തിലുള്ള ഫലപ്രദത്വത്തിൽ (efficacy) ആണെങ്കിലും, പലപ്പോഴും അത്, "വൈരുദ്ധ്യാവബോധത്തിനെ" (contradictory consciousness), ഒരു നീക്കത്തിനും അനുവദിക്കാത്ത നിലയിൽ, ഒരവസ്ഥയെ സൃഷ്ടിക്കാൻ പോന്നതാണ്. ഒരു തീരുമാനവും ഒരു ചോയിസും ഇല്ലാത്ത സ്ഥിതി. അത് ധാർമികവും രാഷ്ട്രീയവുമായ ഒരു നിർജീവാവസ്ഥ സൃഷ്ടിക്കുന്നു." 16
"വൈരുദ്ധ്യബോധത്തെ പറ്റിയുള്ള ഗ്രാംഷിയുടെ സങ്കല്പനം, സാംസ്കാരിക മേൽക്കോയ്മയുടെയും (cultural hegomony) അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും മനസ്സിലാക്കുന്നതിൽ പ്രത്യേകം പ്രസക്തമാണ്."17

"മേധാവിത്വം പുലർത്തുന്ന പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ വ്യവസ്ഥയെ നേരിടാൻ, തന്ത്രങ്ങളും രീതികളും രൂപീകരിക്കാനും വിപുലീകരിക്കാനും വികസിപ്പിക്കാനും ഒരു ധൈഷണിക സമൂഹത്തെ ഒരുമിച്ചു കൊണ്ടുവരേണ്ടതും സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്. മാനസിക ജോലി ചെയ്യുന്നവരുടെ ഒരു സമൂഹമല്ല, ആകെയുള്ള ധൈഷണിക സമൂഹത്തെയുമല്ല, ഭൗതികവും സാമൂഹികവുമായ ലോകത്തിനുള്ളിൽ, പുതിയ സന്തുലിതാവസ്ഥയും, നിരന്തരമായ നവീകരണവും സൃഷ്ടിക്കാൻ പ്രതിബദ്ധമായ, വിമർശനാത്മകമായ വ്യക്തികളെ. അത്തരത്തിൽ ബുദ്ധിജീവികളുടെ ഒരു സമൂഹം ഇന്ന് ഇന്ത്യയിലില്ല. ദേശീയ പ്രസ്ഥാനകാലത്ത് രൂപംകൊണ്ട ഒരു ബുദ്ധിജീവി സമൂഹം സ്വാതന്ത്ര്യത്തിനുശേഷം ശിഥിലമായി. ആ സമൂഹത്തിന്റെ ഏറെ അംഗങ്ങളും സ്വാഭാവികമായി ഭരണകേന്ദ്രത്തിന്റെ ഭാഗമായി. ഇടതുപക്ഷത്തിനുള്ളിൽനിന്ന് ഗണ്യമായ, ഒരു ശക്തമായ ബുദ്ധിജീവി സമൂഹം ഉയർന്നുവന്നിരുന്നു. പ്രത്യേകിച്ചും കേരളത്തിലും പശ്ചിമബംഗാളിലും ആന്ധ്രപ്രദേശിലും. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് ചുരുങ്ങിവരുന്ന ഒരു സമൂഹമായി തീർന്നു. ഇറ്റലിയിൽ ഈ പരിതസ്ഥിതിയെ ഗ്രാംഷി ‘ട്രാൻസ്ഫോമിസം’ (transformism) എന്നാണ് വിളിച്ചത്. കീഴാള വർഗ്ഗങ്ങളിൽ നിന്നുള്ള ബുദ്ധിജീവികളെ മേലാളവർഗ്ഗം സ്വാംശീകരിക്കുന്ന പ്രക്രിയ. അവരുടെ ജൈവബുദ്ധിജീവികളെ അവർക്ക് നഷ്ടമാക്കുന്ന രീതി. ഇന്ത്യയിലും വ്യവസ്ഥയുടെ വലി (pull) ശക്തമാണ്. അതിന്റെ രീതികൾ, പ്രകടമായും സൂക്ഷ്മമാണ്. ഇതിന്റെ ഫലമായി ബുദ്ധിജീവികളുടെ ഒരു വലിയ വിഭാഗം ഭരണകൂടയന്ത്രത്തിൽ ചേർക്കപ്പെട്ടു. ‘ട്രാൻസ്ഫോർമേഷനെ’ പ്രതിരോധിക്കാൻ വലിയ തോതിലുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധത ആവശ്യമായുണ്ട്. സംഘടനാ ശേഷി ആവശ്യമുണ്ട്. അതിലൂടെ ബുദ്ധിജീവികളെ ഒരു സമൂഹമായി രൂപപ്പെടുത്തിയെടുക്കാൻ കഴിയും. അവർ സജീവമായ സാംസ്കാരിക പ്രത്യയശാസ്ത്രസമരങ്ങളിൽ പങ്കാളിയാകുമ്പോഴാണ് ഇതു സംഭവിക്കുക"18.
‘‘ബുദ്ധിജീവികളുടെ ഒരു സമൂഹം ഇന്ന് ഇന്ത്യയിലില്ല. ദേശീയ പ്രസ്ഥാനകാലത്ത് രൂപംകൊണ്ട ഒരു ബുദ്ധിജീവി സമൂഹം സ്വാതന്ത്ര്യത്തിനുശേഷം ശിഥിലമായി. ആ സമൂഹത്തിന്റെ ഏറെ അംഗങ്ങളും സ്വാഭാവികമായി ഭരണകേന്ദ്രത്തിന്റെ ഭാഗമായി’’.
"നമ്മുടെ ചരിത്രപരമായ അനുഭവം കാണിക്കുന്നത്, സംസ്കാരം രാഷ്ട്രീയ സമരങ്ങളുമായി ഉഗ്രഥിക്കാതിരിക്കുമ്പോൾ, സാംസ്കാരിക അവബോധം ഒരു ഗുണപരമായ പരിവർത്തനത്തിന് വിധേയമാകുന്നില്ല എന്നതാണ്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ വേണം, സാംസ്കാരിക പ്രശ്നത്തെ കാണേണ്ടത്. സാംസ്കാരിക സമരം ശക്തിപ്പെടുത്താത്തതിന്റെ അഭാവത്തിൽ, സമൂഹത്തിന്റെ അടിസ്ഥാനപരമായ മാറ്റം അപൂർണമായിരിക്കും. കാരണം മാർക്സ് പറയുന്നു, ‘മൺമറഞ്ഞ എല്ലാ തലമുറകളുടെയും പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ തലച്ചോറിനെ ഒരു പ്രേതബാധ പോലെ വേട്ടയാടുന്നു’. പ്രതിസന്ധിയുടെ ഘട്ടത്തിൽ മാത്രമല്ല മരിച്ച തലമുറകളുടെ പാരമ്പര്യം ഒരുമിച്ചു കൂട്ടപ്പെടുന്നത്. അത് ‘വിപ്ലവത്തെ’ തന്നെ തടസ്സപ്പെടുത്താൻ ഉപയോഗിക്കപ്പെടും. നമ്മുടെ സമൂഹത്തിലെ സമകാലീന സാംസ്കാരിക അവബോധത്തെ തന്മാത്രാതലത്തിൽ (molucular level) പരിവർത്തിപ്പിക്കേണ്ട ആവശ്യം അതുകൊണ്ടാണ് ആവശ്യമായിത്തീരുന്നത്"19.
"ഇന്ത്യയിലും ഭരണകൂടത്തിന്റെ ബാഹ്യ ഗർത്തത്തിനു മുകളിൽ കോട്ട കൊത്തളങ്ങൾ ഉയർത്തപ്പെട്ടിട്ടുണ്ട്. (സംസ്കാരത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും കോട്ടകൊത്തളങ്ങൾ). മനുഷ്യരുടെ മനസ്സിന്റെ യുദ്ധഭൂമി എന്ന നിലയിൽ, സംസ്കാരത്തിന്റെ മണ്ഡലം, അതുകൊണ്ടുതന്നെ, കൂടുതൽ പ്രാധാന്യം കൈവരിക്കുന്നു"20.

▮
(അന്തരിച്ച ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കരെ അനുസ്മരിച്ച്, കേരള കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച് (KCHR), തിരുവനന്തപുരത്ത് മാർച്ച് 25, 26 തീയതികളിൽ നടത്തിയ ദേശീയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം).
▮
റഫറൻസ്:
1, 2,3,4,5,7,8,9: Gilles Deleuze, From Ressentiment to the Bad Concience, Nietzsche and Philosophy, Continuum, London, New York, First Indian edition, 2007.
6: ഗ്രാമി അവാർഡ് നേടിയ U2 എന്ന ഐറിഷ് റോക്ക് ബാൻഡിന്റെ ഗാനത്തിൽ നിന്ന്.
10: Amilcar Cabral, Quoted by K N Panikkar, Formation of Cultural Conciousness, Colonialism, Culture, and Resistance, Oxford University Press, New Delhi, 2007.
11: Antonio Gramsci: Quoted by K N Panikkar, Formation of Cultural Conciousness, Colonialism, Culture, and Resistance, Oxford University Press, New Delhi, 2007.
12: K N Panikkar, Formation of Cultural Conciousness, Colonialism, Culture, and Resistance, Oxford University Press, New Delhi, 2007.
13,14,15: K. N Panikkar, Culture as Ideology, Colonialism, Culture, and Resistance, Oxford University Press, New Delhi, 2007.
16: Antonio Gramsci, Quoted by K N Panikkar, Formation of Cultural Conciousness, Colonialism, Culture, and Resistance, Oxford University Press, New Delhi, 2007.
17,18,19,20: K N Panikkar, Formation of Cultural Conciousness, Colonialism, Culture, and Resistance, Oxford University Press, New Delhi, 2007.
